KSEBOA - KSEB Officers' Association

Saturday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആഭ്യന്തര വൈദ്യുതിക്ക് പകരമാവില്ല കമ്പോള വൈദ്യുതി

ആഭ്യന്തര വൈദ്യുതിക്ക് പകരമാവില്ല കമ്പോള വൈദ്യുതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Monsoonജലസമൃദ്ധിയ്ക്ക് നടുവിലും മുടങ്ങാതെ വൈദ്യുതി തടസ്സം അനുഭവിക്കുന്ന കേരളീയര്‍. കെ.എസ്.ഇ.ബി.യ്ക്ക് നിരത്താന്‍ നിരവധി കാരണങ്ങളുണ്ട്. ആദ്യം സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്. പിന്നെ ഫൈലിന്‍ ചുഴലി. അതു കഴിയുമ്പോള്‍ എല്ലാ വര്‍ഷത്തേയും പോലെ നെയ് വേലിയിലെ നനഞ്ഞ ലിഗ്നൈറ്റ് എന്ന പ്രശ്നം വരും. മഴ മാറുമ്പോള്‍, മഴക്കാലത്ത് ചെയ്യേണ്ടിയിരുന്ന ഇടുക്കി, ശബരിഗിരി അറ്റകുറ്റപ്പണികള്‍ മാറ്റിവച്ച് വേനലില്‍ ചെയ്യേണ്ടി വരുന്നതുമൂലമുള്ള കമ്മിയാകും പ്രശ്നം. വേനല്‍ കടുക്കുന്നതോടെ വൈദ്യുതി കൊണ്ടുവരാന്‍ പ്രസരണ കോറിഡോറിലെ ഞെരുക്കം. തുടര്‍ന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സ്വാധീനം മൂലം കമ്പോളത്തില്‍ നിന്നുള്ള വൈദ്യുതിയുടെ തീവില. ഇതിനിടയില്‍ താല്‍ച്ചറില്‍ യന്ത്രത്തകരാറ്. ഒന്നിനു പിറകെ ഒന്നായി നിരന്തരം വരുന്ന ഈ പ്രശ്നങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക പരിഹാരമായി നാഫ്ത വൈദ്യുതിയെ ആശ്രയിക്കല്‍; തത്ഫലമായി സാമ്പത്തിക പ്രതിസന്ധി. ആവര്‍ത്തന വിരസമെങ്കിലും മാധ്യമങ്ങളുടെ കിടമത്സരം മൂലം ഉദ്വേഗജനകമെന്നോണം ഇവ നിരന്തരമായി കേരളീയര്‍ക്കു മുന്നില്‍ ആഘോഷപൂര്‍വ്വം അവതരിപ്പിക്കപ്പെടുകയാണ്. സ്ഥിരമായി കുറ്റം ചാരാന്‍ കെ.എസ്.ഇ.ബി.യെന്ന പൊതുമേഖലാ സ്ഥാപനമുള്ളതു കൊണ്ട് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ താല്പര്യമുള്ളവര്‍ ചുരുക്കം. യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടേണ്ട കെ.എസ്.ഇ.ബി.യാകട്ടെ പ്രശ്നങ്ങളുടെ കൂമ്പാരത്തിന് നടുവില്‍ ദിശാബോധം നഷ്ടപ്പെട്ട നിലയിലുമാണ്.

എന്താണ് യാഥാര്‍ത്ഥ്യം?

വസ്തുതകള്‍ മറച്ചുവച്ച് ഇവിടെ കാര്യങ്ങളെല്ലാം ഭംഗിയാണെന്ന് വരുത്താനുള്ള ഭരണാധികാരികളുടെ ശ്രമത്തില്‍ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. നല്ല മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇനി ലോഡ്ഷെഡ്ഡിങ്ങ് ഉണ്ടാവില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന തന്നെ ഏറ്റവും വലിയ ഉദാരണം. 3500 മെഗാവാട്ട് വരുന്ന പീക്ക് വൈദ്യുതി ആവശ്യകതയുടെ സ്ഥാനത്ത് എല്ലാ ജലനിലയങ്ങളുടെയും ആകെ സ്ഥാപിത ശേഷി ഏകദേശം 2000 മെഗാവാട്ട് മാത്രമാണെന്നതും 22,000 ദശലക്ഷം യൂണിറ്റ് വാര്‍ഷിക വൈദ്യുതി ആവശ്യകതയുടെ സ്ഥാനത്ത് എല്ലാ ജലസംഭരണികളിലുമായി പരമാവധി സംഭരിച്ചുവയ്ക്കാന്‍ കഴിയുക കേവലം 4,140 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം മാത്രമാണെന്നതും ഇവിടെ ഭംഗിയായി മറച്ചുവയ്ക്കപ്പെടുന്നു.
കേരളം കടുത്ത വൈദ്യുതി കമ്മി അനുഭവിക്കുന്നു എന്നതാണ് വസ്തുത. ഈ വര്‍ഷം കേരളത്തിന് വേണ്ട 21,819 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 4,482 ദശലക്ഷം യൂണിറ്റ് (20.5%) വൈദ്യുതിയും കമ്പോളത്തില്‍ നിന്നും കണ്ടെത്തുവാന്‍ കഴിയുന്ന പ്രതീക്ഷയിലാണ് റഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബി.യുടെ കണക്കുകള്‍ അംഗീകരിച്ചിരിക്കുന്നത്. അഥവാ കേരളീയന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഓരോ 5 യൂണിറ്റ് വൈദ്യുതിയില്‍ ഓരോ യൂണിറ്റ് വീതം കമ്പോളത്തില്‍ നിന്നും കണ്ടത്തണം. അധികമായി ലഭിച്ച മഴ മൂലം ഇക്കൊല്ലം ഇതില്‍ കുറവ് പ്രതീക്ഷിക്കുന്നവരുണ്ടെങ്കിലും കൂടംകുളം, നെയ് വേലി എക്സ്ടെന്‍ഷന്‍ പദ്ധതികള്‍ വൈകുന്ന സാഹചര്യത്തില്‍ കമ്പോള ആശ്രയത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വരും വര്‍ഷങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയേയൂള്ളൂ. ഓരോ വര്‍ഷവും ഏകദേശം 1,500 ദശലക്ഷം യൂണിറ്റ് വീതം നമ്മുടെ വൈദ്യുതാവശ്യകത വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഉല്പാദനശേഷിയില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകളൊന്നുമില്ല.

കണക്കില്‍ കമ്പോളത്തില്‍ നിന്നും വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിച്ചു കളയുമെന്ന് എഴിതിവെക്കാമെങ്കിലും പരിഹാരം അത്ര ലളിതമല്ല എന്നാണ് അനുഭവം. വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. കരാറുകളേറെ ഏര്‍പ്പെട്ടെങ്കിലും അവയില്‍ ഫലപ്രാപ്തിയിലെത്തുന്നത് അപൂര്‍വ്വമാണ്. രാജ്യമാകെ നിലനില്ക്കുന്ന വൈദ്യുതികമ്മി, പ്രസരണ കോറിഡോറുകളിലെ ഞെരുക്കം, ഇന്ധന ക്ഷാമം എന്നു തുടങ്ങി വീണ്ടും കാരണങ്ങളൊട്ടേറെ നിരത്തുന്നുണ്ടെങ്കിലും ഏതൊരു കമ്പോളത്തിന്റെയും അടിസ്ഥാന പ്രശ്നങ്ങള്‍ തന്നെയാണ് ഇവിടെയും പ്രതിസന്ധിയുടെ കാതല്‍. കമ്പോളത്തിലിടപെടുന്നവരുടെ ലക്ഷ്യം ലാഭം മാത്രമാണ്; രാജ്യത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റലല്ല.

2022 ഓടെ നമ്മുടെ പീക്ക് ആവശ്യകത 6093 മെഗാവാട്ട് ആയും വാര്‍ഷിക ഊര്‍ജ്ജാവശ്യകത 34,691 ദശലക്ഷം യൂണിറ്റായും വര്‍ദ്ധിക്കുമെന്നാണ് പതിനെട്ടാം പവര്‍ സര്‍വ്വേ കണക്കാക്കിയിരിക്കുന്നത്. ദേശീയ താരിഫ് നയം അനുസരിച്ച് ഇനിയങ്ങോട്ട് കേന്ദ്ര നിലയങ്ങളില്‍ നിന്ന് വൈദ്യുതി അനുവദിക്കലില്ല. പുതുതായി ആരംഭിക്കാനിരിക്കുന്ന കേന്ദ്ര നിലയങ്ങളിലെ (2011 ജനുവരിക്കു മുന്‍പ് വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഒപ്പുവച്ചിട്ടില്ലാത്ത പദ്ധതികളിലെ) വൈദ്യുതിയും കമ്പോളത്തില്‍ വില്ക്കണമെന്നാണ് താരിഫ് നയം നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നമുക്കാവശ്യമുള്ള വൈദ്യുതി പ്രധാനമായും നാം തന്നെ കണ്ടെത്തണം.

എന്നാല്‍ കേരളത്തില്‍ വൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നതിനെതിരെ ഒട്ടേറെ തടസ്സവാദങ്ങളാണ് ഉയരുന്നത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, അന്തരീക്ഷ മലിനീകരണം എന്ന് തുടങ്ങി കേരളത്തിന് ഇത്രയും വൈദ്യുതി ആവശ്യമില്ല എന്നുവരെ എത്തിനില്ക്കുന്നു തടസ്സവാദങ്ങള്‍. വൈദ്യുതി ഉപയോഗം ചുരുക്കി (വൈദ്യുതി സംരക്ഷണം) പ്രശ്നങ്ങളെല്ലാം പരിഹരിക്കണം എന്ന വാദം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇന്ന് ശക്തമായി ഉയര്‍ത്തുകയാണ്.

എന്താണ് നമ്മുടെ ന്യായയുക്തമായ വൈദ്യുതാവശ്യകത?

സുസ്ഥിരമായ വികസനത്തിന് പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം അഭിലഷണീയമല്ല എന്ന ശരിയായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമിതമായ വൈദ്യുതോപയോഗത്തിനെതിരായ വാദങ്ങള്‍ ഉയരുന്നത്. നിശ്ചയമായും വൈദ്യുതി കാര്യക്ഷമമായും മിതമായും മാത്രം ഉപയോഗപ്പെടുത്തുന്നതിന് ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്. എന്നാല്‍ അതുവഴി വൈദ്യുതി ഉപയോഗ വര്‍ദ്ധനവ് ഒഴിവാക്കാന്‍ കഴിയുമോ? നിലവിലുള്ള സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് പറയേണ്ടിവരും. ആധുനിക ജീവിത സാഹചര്യങ്ങളും ഉയര്‍ന്ന ജീവിതനിലവാരവും കേരളീയര്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. അതിനുള്ള മുന്നുപാധിയായാണ് ആവശ്യാനുസരണമുള്ള വൈദ്യുതി ലഭ്യതയെ കാണുന്നത്. എന്നാല്‍ സുസ്ഥിരമായ വികസനം എന്ന ലക്ഷ്യം മുന്നിലേക്ക് വരുമ്പോള്‍ ആവശ്യാനുസരണമുള്ള വൈദ്യുതി ലഭ്യത എന്നതിനേക്കാള്‍ ന്യായമായ തോതിലുള്ള വൈദ്യുതി ലഭ്യത എന്നതിന് മുന്‍തൂക്കം വരുന്നുണ്ട്.

എന്താണ് ഒരു ജനതയുടെ ന്യായയുക്തമായ വൈദ്യുതാവശ്യകത? അത് എങ്ങിനെ കണക്കാക്കും? ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അളവുകോല്‍ ജി.ഡി.പി.യില്‍ അളക്കുന്നതിനെതിരെ ശക്തമായ വാദമുഖങ്ങളുണ്ട്. അതിലുപരി ജനങ്ങളുടെ ജീവിതനിലവാരമാണ് വികസനത്തിന്റെ അളവുകോലായി സ്വീകരിക്കേണ്ടത് എന്ന മറുവാദം യുക്തിസഹവുമാണ്. ജീവിതനിലവാരവും വൈദ്യുതി ഉപയോഗവും തമ്മിലെന്താണ് ബന്ധം. ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതനുരിച്ച് ഇതര ഊര്‍ജ്ജരൂപങ്ങളില്‍ നിന്നും വൈദ്യുതിയിലേക്കുള്ള മാറ്റം പ്രകടമാണ്. വെളിച്ചത്തിനും, ചൂടിനും, തണുപ്പിനുമൊക്കെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഇന്ധനങ്ങള്‍ ഇന്ന് വലിയതോതില്‍ വൈദ്യുതിക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അത്യന്താപേക്ഷിതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ കുടിവെള്ള വിതരണം, ആധുനിക കൃഷിരീതികള്‍, വിവര വിനിമയ സൗകര്യങ്ങള്‍ എന്നിവയ്ക്കെല്ലാം വൈദ്യുതി ഒഴിച്ചുകൂടാനാവില്ല. ഇതിലുമെല്ലാം സുപ്രധാനമാണ് ജനങ്ങള്‍ക്കാകെ മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത്. സാമ്പ്രദായിക വ്യവസായ മേഖലയിലും വിവര വിജ്ഞാന സാങ്കേതിക വിദ്യാ മേഖലയിലും വാണിജ്യ മേഖലയിലുമെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇവിടങ്ങളിലെല്ലാം വൈദ്യുതി അത്യന്താപേക്ഷിതമാണ്. മെട്രോ റെയില്‍ അടക്കമുള്ള ആധുനിക പൊതു ഗതാഗത സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും വൈദ്യുതിയെന്ന ഊര്‍ജ്ജരൂപത്തിലേക്കുള്ള ക്രമാനുഗതമായ മാറ്റമാണ്. കാര്യക്ഷമത കുറഞ്ഞ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം വൈദ്യുതിയിലോടുന്ന സ്വകാര്യ വാഹനങ്ങളുടെ ഉപയോഗവും ക്രമേണ വര്‍ദ്ധിച്ചു തന്നെ വരും. ചുരുക്കത്തില്‍ ഒരു ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വൈദ്യുതിക്ക് അനിഷേധ്യമായൊരു പങ്കുണ്ട്.
ഈ പങ്ക് ശാസ്ത്രീയമായ വിശകലനങ്ങളിലൂടെയും തെളിയിക്കപ്പെട്ടതാണ്. ജീവിതനിലവാരത്തിന്റെ അളവുകോലായി നോബേല്‍ സമ്മാനജേതാവായ അമര്‍ത്യാസെന്‍ സംയുക്തമായി വികസിപ്പിക്കുകയും UNDP ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന HDI (Human Development Index) യും പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗവും തമ്മിലുള്ള ആശ്രയത്വം ഈ നിലയ്ക്ക് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളുടെ HDIയും പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗവും ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ഗ്രാഫില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിലെ x ആക്സിസ് പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗത്തെയും y ആക്സിസ് HDI യെയും സൂചിപ്പിക്കുന്നു. ഗ്രാഫിലെ ഓരോ പോയിന്റും ഓരോ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. പ്രതിശീര്‍ഷ വൈദ്യുതി ഉപയോഗം 5000 യൂണിറ്റില്‍ താഴെയുള്ള രാജ്യങ്ങളില്‍ HDIയ്ക്ക് വൈദ്യുതി ഉപയോഗവുമായുള്ള ബന്ധം വളരെ പ്രകടമാണ്. വൈദ്യുതി ഉപയോഗം കൂടുന്നതനുസരിച്ച് HDI യില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ പ്രതിശീര്‍ഷ ഉപയോഗം 5000 യൂണിറ്റിന് മുകളിലെത്തിയാല്‍ HDI വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്യമായ സ്വാധീനം കാണാനില്ല. പ്രതിശീര്‍ഷ ഉപഭോഗം 50,000 യൂണിറ്റില്‍ അധികമുള്ള ഐസ് ലാന്‍ഡും 9,399 യൂണിറ്റ് മാത്രമുള്ള ന്യൂസിലന്റും തമ്മില്‍ HDI ല്‍ വലിയ അന്തരമില്ല. ഏതാനും രാജ്യങ്ങളുടെ പ്രതിശീര്‍ഷ വൈദ്യുതി ഉപയോഗവും HDI യും പട്ടികയില്‍ നല്കിയിരിക്കുന്നു.

ഈ നിലയ്ക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗമായ 560 യൂണിറ്റ് (പ്രസരണ വിതരണ നഷ്ടം ഒഴിവാക്കിയ ശേഷമുള്ള ഉപഭോഗം) നമ്മുടെ ജീവിത നിലവാര സൂചിക താഴേക്ക് പിടിച്ചുനിര്‍ത്തുന്നതിന് ഇടയാക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് ആശാസ്യമായ തോതിലെങ്കിലും ഉയര്‍ത്തണമെങ്കില്‍ വലിയ തോതില്‍ ഉല്പാദന വര്‍ദ്ധനവ് ആവശ്യമാണ്.

എന്താണ് പോംവഴി?

2022-ഓടെ ഏകദേശം 35,000 ദശലക്ഷം യൂണിറ്റായി വര്‍ധിക്കുന്ന വൈദ്യുതാവശ്യകത നിറവേറ്റാന്‍ എന്താണ് വഴി. കേന്ദ്ര വൈദ്യുതി തുടര്‍ന്നങ്ങോട്ട് ആശ്രയിക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്ര നയങ്ങള്‍ വ്യക്തമാക്കുന്നത്. പുതുതായി ആരംഭിക്കുന്ന കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയും കമ്പോളത്തിലേക്ക് ഒഴുക്കാനാണ് കേന്ദ്ര നിര്‍ദേശം. മുമ്പെന്നപോലെ അതു സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കേണ്ടതില്ല എന്നാണ് നയപരമായ തീരുമാനം. അപ്പോള്‍ നമുക്കാവശ്യമുള്ള വൈദ്യുതി നാം തന്നെ കണ്ടെത്തണം. LNG അടിസ്ഥാനമാക്കിയുള്ള നിരവധി പദ്ധതികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും LNGയുടെ വിലയും ലഭ്യതയും പ്രതിബന്ധമായി തുടരുന്നു. ഇറക്കുമതി ഇന്ധനത്തെ ആശ്രയിക്കുന്നതിലുള്ള പരിമിതിയും ഇപ്പോള്‍ അനുഭവപ്പെടുന്ന രൂപയുടെ വിലയിടിവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

സൗരോര്‍ജം, കാറ്റ് തുടങ്ങിയ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി ആവശ്യമായത്ര വൈദ്യുതി കണ്ടെത്താം എന്ന വാദങ്ങളുണ്ട്. എന്നാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ വലിയ പരിമിതികളുള്ള ഊര്‍ജ രൂപമായ വൈദ്യുതി കേവലം സൗരോര്‍ജത്തെയും കാറ്റിനെയും ആശ്രയിച്ച് കണ്ടെത്താം എന്ന പ്രതീക്ഷ അസ്ഥാനത്താണ്. പകല്‍ സമയത്തും കാറ്റുള്ളപ്പോഴും മാത്രമല്ലല്ലോ നമുക്ക് വൈദ്യുതി ആവശ്യമുള്ളത്. കൂടാതെ വന്‍തോതിലുള്ള സ്ഥാപിത ശേഷി കൈവരിച്ചാല്‍ പോലും ഇവയില്‍ നിന്നും ലഭ്യമാകുന്ന വൈദ്യുതിയുടെ അളവ് തുലോം പരിമിതമാണ് എന്നതും മറ്റൊരു വസ്തുതയാണ്. ഉദാഹരണത്തിന് കേരളത്തില്‍ 2000 മെഗാവാട്ട് വരുന്ന സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാം എന്ന് അവകാശപ്പെടുന്നവരുണ്ട്. എന്നാല്‍ ഇവയില്‍ നിന്നും ഒരു വര്‍ഷം ആകെ പ്രതീക്ഷിക്കാന്‍ കഴിയുന്ന വൈദ്യുതി ഏകദേശം 3000 ദശലക്ഷം യൂണിറ്റ് മാത്രമാണ്. നമ്മുടെ നിലവിലുള്ള കമ്മിയായ 4000 ദശലക്ഷം യൂണിറ്റ് മറികടക്കാന്‍ പോലും ഇത് മതിയാകില്ല. ഏതാണ്ട് 400 മെഗാവാട്ട് വരുന്ന കല്‍ക്കരി നിലയം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയേ 2000 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതിക്ക് നല്കാന്‍ കഴിയൂ. മൂലധനച്ചെലവ് ഇതോടൊപ്പം കണക്കിലെടുക്കേണ്ടതുണ്ട്. 2000 മെഗാവാട്ട് വരുന്ന സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്നത്തെ നിലയ്ക്ക് 16,000 മുതല്‍ 20,000 കോടി രൂപയുടെ മുതല്‍മുടക്ക് വേണ്ടിവരും എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സമാനമായ വൈദ്യുതി ഉല്‍പ്പാദന ശേഷിയുള്ള കല്‍ക്കരി നിലയത്തിന് 2,000 കോടി രൂപയുടെ മുതല്‍മുടക്ക് മാത്രമാണ് വേണ്ടിവരിക.
ഈ നിലയ്ക്ക് കല്‍ക്കരി നിലയവും സൗരോര്‍ജ്ജ പദ്ധതികളും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല എന്നതാണ് വസ്തുത. നമ്മുടെ വൈദ്യുതാവശ്യകത തൃപ്തികരമായി നിറവേറ്റാന്‍ എല്ലാ ഊര്‍ജരൂപവും ആവശ്യമുണ്ട് എന്ന തിരിച്ചറിവാണ് പ്രധാനം. അതില്‍ തന്നെ മുന്‍ഗണന നല്കേണ്ടത് ആഭ്യന്തരമായി ലഭ്യമാകുന്നതും കമ്പോളത്തിന്റെ ഗതിവിഗതികളില്‍ ആടിയുലയാത്തതുമായ സ്രോതസ്സുകള്‍ക്കാണ്. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നീ സ്രോതസ്സുകള്‍ ഈ പരിഗണനവച്ച് പരിശോധിക്കുമ്പോള്‍ പിന്നിലേക്ക് പോകണം. വൈദ്യുതോല്‍പ്പാദനത്തിന് ഇന്ത്യയില്‍ സുലഭമായി ലഭ്യമായിട്ടുള്ള സ്രോതസ്സ് കല്‍ക്കരിയാണ്. ജലം, കാറ്റ്, സൗരോര്‍ജം എന്നിവയും പ്രാധാന്യത്തോടെ തന്നെ കാണേണ്ടതുണ്ട്. ഇറക്കുമതി ആണവ ഇന്ധനത്തെ ആശ്രയിക്കാതെ തോറിയം അടിസ്ഥാനമാക്കിയ മൂന്ന് ഘട്ട ആണവ പരിപാടിക്കും വലിയ പ്രാധാന്യമാണ് ഉള്ളത്.

കേരളത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളില്‍ ഉടനടിയുള്ള വൈദ്യുതാവശ്യകത (വരുന്ന 5 മുതല്‍ 30 വര്‍ഷത്തേക്ക്) നിറവേറ്റാന്‍ സ്വന്തമായി ഒരു കല്‍ക്കരിപ്പാടം നേടിയെടുത്ത് അതുപയോഗിച്ചുള്ള സ്വന്തം വൈദ്യുതി നിലയം അനിവാര്യമാണ്. വന്‍തോതിലുള്ള വൈദ്യുതി വില വര്‍ധനവ് ഒഴിവാക്കാനും നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കാനും അതാവശ്യമാണ്. പുനരുല്പാദന സ്രോതസ്സുകളായ ജലം, കാറ്റ്, സൗരോര്‍ജ്ജം എന്നിവ ഒപ്പം വികസിപ്പിക്കേണ്ടതാണ്. ഒന്നിന് പകരം വയ്ക്കേണ്ടതല്ല ഊര്‍ജ സ്രോതസ്സുകളോരോന്നും. ലഭ്യതയ്ക്കനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കേണ്ടവയാണവ. ഇവയില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ആശ്രയിച്ച് നമ്മുടെ വൈദ്യുതാവശ്യകതയാകെ നിറവേറ്റാന്‍ കഴിയുകയുമില്ല.
ഇന്ത്യന്‍ വൈദ്യുത പ്രസരണ ശൃംഖലയുടെ നിയന്ത്രണവും ഏറെക്കുറെ കമ്പോള ശക്തികള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വിട്ടുകൊടുത്തിരിക്കുകയാണ്. നമുക്കാവശ്യമുള്ള വൈദ്യുതി പുറം സംസ്ഥാനങ്ങളില്‍ നിന്നും യഥേഷ്ടം കൊണ്ടുവരുന്നതിനും നിരവധി തടസ്സങ്ങളാണ് ഇതുമൂലം അനുഭവപ്പെടുന്നത്. ആഭ്യന്തര വൈദ്യുതോല്പാദനം വര്‍ധിപ്പിച്ചുകൊണ്ടല്ലാതെ ഈ സാഹചര്യത്തെ ഫലപ്രദമായി നമുക്ക് നേരിടാനാവില്ല. സ്ഥിരമായ തോതില്‍ വൈദ്യുതോല്‍പ്പാദനം സാധ്യമാവുന്ന കല്‍ക്കരി പദ്ധതി കേരളത്തില്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

വൈദ്യുതി വാങ്ങല്‍ച്ചിലവില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് നിയന്ത്രിക്കാനും ആഭ്യന്തര കല്ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയം അനിവാര്യമാണ്. 2010-11ല്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ ഗാര്‍ഹിക-വ്യാവസായിക മേഖലയ്ക്ക് വൈദ്യുതി നല്കുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ കഴിഞ്ഞ രണ്ട് നിരക്ക് വര്‍ദ്ധനവിലൂടെ ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. റഗുലേറ്ററി കമ്മീഷന്‍ ഓപ്പണ്‍ അക്സസ് സംവിധാനം വ്യാപകമാക്കുന്നതോടെ വാണിജ്യ-വ്യാവസായിക ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനും ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി ഉല്പാദനം സാധ്യമാക്കേണ്ടതുണ്ട്.

കല്ക്കരി നിലയം ആഗോള താപനത്തിനിടയാക്കില്ലേ?

കേരളം കമ്പോളത്തില്‍ നിന്നും വാങ്ങുന്ന വൈദ്യുതി പൂര്‍ണ്ണമായും കല്ക്കരി നിലയങ്ങളില്‍ നിന്നാണ്. കൂടാതെ NTPC, NLL നിലയങ്ങളും കല്ക്കരി, ലിഗ്നൈറ്റ് ഉപയോഗിച്ചുള്ളവയാണ്. അഥവാ കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതാവശ്യകത ഇപ്പോള്‍ തന്നെ പൂര്‍ണ്ണമായും കല്ക്കരി വൈദ്യുതിയാണ് നിറവേറ്റുന്നത്. ഇത് സൂചിപ്പിക്കുന്നത് നമുക്ക് മുന്നില്‍ ലളിതമായ പോംവഴികളില്ലെന്നാണ്. ആഗോള താപനം ഒഴിവാക്കാന്‍ ജലവൈദ്യുതി ഉല്പാദനവും സൗരോര്‍ജ്ജവും കാറ്റാടി നിലയങ്ങളും പരമാവധി കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ന്യായയുക്തമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കല്ക്കരി വൈദ്യുതി കൂടിയേ കഴിയൂ. വിവിധ പരിസ്ഥിതി സംഘടനകള്‍ 2050 ഓടെ പൂര്‍ണ്ണമായും പുനരുല്പാദന സ്രോതസ്സുകള്‍ (Renewable energy sources – ജലമുള്‍പ്പെടെ) മാത്രമുപയോഗിക്കുന്ന ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ പോലും വ്യക്തമാക്കുന്ന വസ്തുത 2030 വരെ കല്ക്കരി അടക്കമുള്ളവയില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ചു കൊണ്ടു വരാതെ മാര്‍ഗ്ഗമില്ലെന്നാണ്.

കല്ക്കരി ഉപയോഗിച്ച് വൈദ്യുതിയുല്പാദിപ്പിക്കുന്ന പദ്ധതികള്‍ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതം പരമാവധി കുറച്ചു കൊണ്ടു വന്നിട്ടുണ്ടെന്നും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഇന്ത്യയില്‍ സ്ഥാപിക്കുന്ന സൂപ്പര്‍ ക്രിട്ടിക്കല്‍ ബോയിലര്‍ ഉപയോഗിച്ചുള്ള കല്ക്കരി നിലയങ്ങള്‍ UN അംഗീകരിച്ചിട്ടുള്ള CDM (Clean Development Mechanism) അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുകയും കാര്‍ബണ്‍ ക്രഡിറ്റിന് അര്‍ഹമാകുകയും ചെയ്തിട്ടുണ്ട്.

കാര്‍ബണ്‍ ബജറ്റിങ്ങ്

നമ്മുടെ വൈദ്യുതി ഉപയോഗം ന്യായയുക്തമായി നിയന്ത്രിക്കുന്നതിനൊപ്പം പ്രാധാന്യത്തോടെ കാണേണ്ടതാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ന്യായയുക്തമായി നടപ്പാക്കേണ്ട കാര്‍ബണ്‍ ബജറ്റിങ്ങ് എന്ന സങ്കല്‍പ്പം. ഹരിതഗ്രഹവാതകങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ മാനവരാശിയാകെ പേറുന്ന സാഹചര്യത്തില്‍ വികസിത-വികസ്വര രാഷ്ട്രങ്ങള്‍ പുറന്തള്ളുന്ന ഹരിത വാതകങ്ങളുടെ തോത് എപ്രകാരമെന്ന് പരിശോധിക്കേണ്ടതുണ്ട്. ആധുനിക ജീവിത സാഹചര്യങ്ങള്‍ വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ടും വികസിത രാജ്യങ്ങള്‍ തങ്ങളുടെ ആര്‍ഭാടങ്ങള്‍ തുടര്‍ന്നുകൊണ്ടുമുള്ള പരിഹാരമല്ല ഇക്കാര്യത്തില്‍ വേണ്ടത്. അന്തരീക്ഷത്തെ തുല്യതയോടെ പങ്കിടുന്ന സമീപനം ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നതിലൂടെയേ ആഗോള താപനത്തെ നിയന്ത്രിക്കുന്നതിനൊപ്പം വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ നിറവേറ്റാനാകൂ.

2050 ഓടെ കാര്‍ബണ്‍ വികിരണം 1990ലേതിന്റെ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യമാണ് ആഗോള താപനത്തെ നേരിടാനായി മുന്നോട്ട് വച്ചിട്ടുള്ളത്. ഈ നിലയ്ക്ക് നോക്കുമ്പോള്‍ ലോകജനതക്ക് 2050 വരെ പുറന്തള്ളാന്‍ ബജറ്റ് ചെയ്തിട്ടുള്ള കാര്‍ബണ്‍ വികിരണം 600 GTC (Giga tons of Carbon) എന്നാണ് കണക്കാക്കിയിട്ടുള്ളത്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഇതില്‍ അവകാശപ്പെട്ടത് 475 GTC ആണ്. എന്നാല്‍ 2050 വരെ വികസ്വര രാഷ്ട്രങ്ങളാകെ പുറന്തള്ളാനിടയുള്ള കാര്‍ബണ്‍ വികിരണം 275 GTC മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഥവാ വികസിത രാഷ്ട്രങ്ങള്‍ ഇതിനകം തന്നെ പുറന്തള്ളിയ 240 GTCയും (2050 വരെ ജനസംഖ്യാനുപാതികമായുള്ള അര്‍ഹത 125 GTC മാത്രമാണ്), ഇനിയങ്ങോട്ട് പുറന്തള്ളാനിരിക്കുന്നതുമായ ഹരിതഗ്രഹ വാതകങ്ങളാണ് മനുഷ്യരാശിക്ക് ഭീക്ഷണിയുയര്‍ത്തുന്നത്.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ കെടുത്തിയല്ല ആഗോള താപനത്തിന്റെ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള താപനത്തിന്റെ പ്രശ്നങ്ങളെ ഉത്തരവാദിത്തത്തോടെ നേരിടുമ്പോള്‍ തന്നെ സ്വന്തം ജനതയുടെ ജീവിതാഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്തവും ഈ രാഷ്ട്രങ്ങള്‍ക്കുണ്ട്.

വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി

കേരളത്തിന്റെ വൈദ്യുതി പ്രശ്നങ്ങള്‍ സത്യസന്ധതയോടെ അംഗീകരിച്ച് അവയെ ധൈര്യപൂര്‍വ്വം നേരിട്ട് ജനപിന്തുണയോടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇന്നാവശ്യം. നിര്‍ഭാഗ്യവശാല്‍ ഇന്നനുഭവപ്പെടാത്തതും അതുതന്നെ. പ്രശ്നങ്ങള്‍ നിസ്സാരവല്ക്കരിക്കുന്നതും മറച്ചുവയ്ക്കുന്നതും ഇതിന്റെ ഭാഗമാണ്. കമ്പോളത്തില്‍ നിന്നും വൈദ്യുതി വാങ്ങി പ്രശ്നമെല്ലാം പരിഹരിക്കാമെന്നു കണക്കുണ്ടാക്കുന്നതും ഇതേ ഒളിച്ചോട്ടത്തിന്റെ ഭാഗമാണ്. പ്രശ്നങ്ങള്‍ നമുക്കേവര്‍ക്കും അറിവുള്ളതാണ്. പരിഹാര നിര്‍ദ്ദേശങ്ങളും നിരവധിയുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ധൈര്യപൂര്‍വ്വം അവ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുകയാണ് വേണ്ടത്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3267
mod_vvisit_counterYesterday3868
mod_vvisit_counterThis Month117767
mod_vvisit_counterLast Month132633

Online Visitors: 58
IP: 54.159.85.193
,
Time: 18 : 51 : 38