KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഊര്‍ജ്ജം മനുഷ്യന്റെ അവകാശം

ഊര്‍ജ്ജം മനുഷ്യന്റെ അവകാശം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power for allഊര്‍ജ്ജം മനുഷ്യന്റെ അവകാശമാണെന്ന ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇൻഡ്യ വിളിച്ചുചേര്‍ത്ത  പ്രത്യേക കൺവൻഷനിലെ പ്രഖ്യാപനം ശ്രദ്ധേയമാണ്. 2013 ഡിസംബര്‍ 11-ന് ഡൽഹിയിൽ  നടന്ന ഊര്‍ജ്ജ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധി സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.  ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും  ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിച്ചു വരികയാണ്. വൈദ്യുതി, പാചകവാതകം തുടങ്ങിയ ഊര്‍ജ്ജരൂപങ്ങൾ ആഡംബരങ്ങളാണെന്നതു മാറി മനുഷ്യന്റെ അവശ്യവസ്തുക്കളായിരിക്കുന്നു. എന്നാൽ ബഹു ഭൂരിപക്ഷത്തിനും ഇവ ഇപ്പോഴും കൈ എത്താവുന്ന ദൂരത്തിലല്ല. ഈ സാഹചര്യത്തിൽ, ഊര്‍ജ്ജം മനുഷ്യന്റെ അവകാശമാണ് എന്ന ഇലക്ടിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം ഒരു സുപ്രധാന ചുവടുവെയ്പ് തന്നെയാണ്.
     കഴിഞ്ഞ ആഗസ്റ്റ് മാസം കാഞ്ചീപുരത്തു വെച്ചു നടന്ന ഇ.ഇ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം വൈദ്യുതി മനുഷ്യന്റെ അവകാശമാണ് എന്നു പ്രഖ്യാപിച്ചിരുന്നു. അതിൽ നിന്നും ഒരു പടി കൂടെ മുന്നോട്ടു കടന്നാണ് ഊര്‍ജ്ജം മനുഷ്യന്റെ ജൻമാവകാശമെന്ന ഇപ്പോഴത്തെ  പ്രഖ്യാപനം. മനുഷ്യനു് നിത്യ ജീവിതത്തിൽ ആവശ്യമുള്ള വിവിധങ്ങളായ ഊര്‍ജ്ജരൂപങ്ങൾ എല്ലാവര്‍ക്കും ആവശ്യത്തിന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുമ്പോൾ മാത്രമേ ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിലെത്തുകയുള്ളൂ.


     ഇന്ത്യയിൽ ജനസംഖ്യയുടെ എഴുപത്തിരണ്ടു ശതമാനം വരുന്ന എൺപത്തിമൂന്നു കോടി ജനങ്ങൾ വിറകും ചാണകവറളിയുമൊക്കെയാണ് നിത്യ ജീവിതത്തിലെ ഊര്‍ജ്ജാവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുന്നത്. അവയുടെ ഊര്‍ജ്ജ ക്ഷമത തീരെ കുറവാണെന്നതു മാത്രമല്ല, അവ ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. നഗര പ്രദേശങ്ങളിലെ മനുഷ്യര്‍ ആധുനിക ഊര്‍ജ്ജരൂപമായ വൈദ്യുതി ഉപയോഗിച്ച് വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ ഇന്ത്യയിലെ നാൽപതു കോടിയിൽപരം ജനങ്ങൾക്ക് പ്രാധമിക ആവശ്യമായ വെളിച്ചത്തിനു പോലും വൈദ്യുതി ലഭ്യമല്ല .
     ഊര്‍ജ്ജ സ്വാതന്ത്ര്യം, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ വാക്കുകളൊക്കെ ഇൻഡ്യൻ ഭരണാധികാരികൾ ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നുണ്ടെങ്കിലും അവയൊന്നും യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥത അവര്‍ കാണിക്കുന്നില്ല. എന്നു മാത്രമല്ല സാധാരണക്കാരനിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജരൂപങ്ങളെ പോലും അവനിൽ നിന്ന്  അകറ്റാനുള്ള നടപടികളാണ്  സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പെട്രോൾ,ഡീസൽ, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയ്ക്ക് നൽകിക്കൊണ്ടിരുന്ന നാമമാത്രമായ സബ്സിഡികൾ പോലും ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നത് ഇതിന് ഉദാഹരണമാണ്. ഒരു വശത്ത്,  പ്രകൃതിവാതകത്തിനുള്ള വിൽപനവില അംബാനിയ്ക്ക് അയാൾ ചോദിച്ചതുപോലെതന്നെ ഉയര്‍ത്തി നൽകുമ്പോളാണ്  മറുവശത്ത് സാധാരണക്കാര്‍ക്കുള്ള  ഊര്‍ജ്ജവിഭവങ്ങളുടെ സബ്സിഡികൾ വെട്ടികുറയ്ക്കുന്നത്.
     വാതക പാടങ്ങളും കൽക്കരി ഖനികളും അടക്കമുള്ള ഊര്‍ജ്ജസ്രോതസ്സുകൾ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങൾ ഊര്‍ജ്ജം മനുഷ്യന്റെ അവകാശമാക്കുക എന്ന ലക്ഷ്യത്തിനു വിലങ്ങുതടിയാണ്. സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനായി  വൈദ്യുതി നിരക്കുകൾ  വര്‍ഷം തോറും ഉയര്‍ത്തി ആഗോള നിരക്കിലെത്തിക്കുകയാണത്രെ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാദേശിക നിലവാരത്തിലുള്ള വേതനം കിട്ടുന്ന ഒരു സാധാരണ ഇന്ത്യക്കാരനെങ്ങനെയാണ് ആഗോള നിലവാരത്തിലുള്ള വൈദ്യുതി നിരക്ക് അടയ്ക്കാനാവുക എന്ന ചോദ്യം പ്രസക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി നിയമം 2003-ൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ, കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ പുതിയ താരിഫ് ഭേദഗതി നിര്‍ദേശങ്ങൾ തുടങ്ങിയവയെല്ലാം വൈദ്യുതി ഉള്ളവനു പോലും അതില്ലാതാക്കുകയേ ഉള്ളൂ.
     കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജമേഖലയിൽ നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ പിന്തിരിപ്പൻ നയങ്ങൾക്കെതിരായുള്ള പ്രതിരോധസമരത്തിൽ ശക്തമായ ഒരു ആയുധം തന്നെയാണ് ഊര്‍ജ്ജം മനുഷ്യന്റെ അവകാശം എന്ന പ്രഖ്യാപനം. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനത്തെ കൺവൻഷനെ അഭിവാദ്യം ചെയ്യാനെത്തിയ നാഷണൽ കോര്‍ഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനീയേര്‍സ് (എന്‍.സി.സി.ഒ.ഇ.ഇ.ഇ) എന്ന കൂട്ടായ്മയിൽ അംഗങ്ങളായ ഐപെഫ്, എ.ഐ.എഫ്.പി.ഡി.ഇ എന്നിവയുടേയും ഇന്ത്യന്‍ നാഷണൽ എനര്‍ജി വര്‍ക്കേഴ്സ് ഫെഡറേഷൻ(ഐ.എൻ.ററി.യു.സി), ബി.എം.എസ്, എൽ.പി.എഫ്-ഡി.എം.കെ എന്നീ സംഘടനകളുടേയും നേതാക്കൾ പിന്തുണയ്ക്കുകയുണ്ടായി. വൈദ്യുതിനിയമം ഭേദഗതി ചെയ്ത് വിതരണമേഖല വീണ്ടും വിഭജിക്കുവാൻ തയ്യാറെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്, വൈദ്യുതി തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും അഖിലേന്ത്യാ തലത്തിലുള്ള ഈ യോജിപ്പ് ഭീഷണിയായിമാറുമെന്ന കാര്യം ഉറപ്പാണ്. രണ്ട് അഖിലേന്ത്യാ സംഘടനകളും ഒരു പ്രാദേശിക സംഘടനയും കൂടി ഐക്യനിരയിലേക്ക് വന്നത് ചെറിയ കാര്യമല്ല. എന്നാല്‍ എൻ.സി.സി.ഓ.ഇ.ഇ ൽ അംഗമായ ഓൾ ഇൻഡ്യ ഫെഡറേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് - എ.ഐ.റ്റി.യു.സി ഈ കൺവൻഷനിൽ നിന്നും വിട്ടുനില്‍ക്കാന്‍ എടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയി എന്നുകൂടി പറയാതെ വയ്യ.
     ഇ.ഇ. എഫ്. ഐ പ്രമേയത്തിലൂടെ ചൂണ്ടിക്കാണിക്കുന്നതു പോലെ ,കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജമേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരവൽകരണ നയങ്ങൾ തിരുത്തിച്ചും പൊതുമേഖലാ വൈദ്യുത സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടും മാത്രമേ ഊര്‍ജ്ജം മനുഷ്യന്റെ അവകാശമാക്കി മാറ്റുക എന്ന പ്രഖ്യാപനം സാക്ഷാത്കരിക്കാനാകൂ. അതിനായി ഊര്‍ജ്ജ മേഖലയിൽ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ഓഫീസര്‍മാരും വൈദ്യുതി ഉപഭോക്താക്കളും സാധാരണക്കാരും മറ്റു രാജ്യസ്നേഹികളും സംഘടനാ രാഷ്ട്രീയ ഭേദമില്ലാതെ കൈ കോര്‍ക്കണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday533
mod_vvisit_counterYesterday4312
mod_vvisit_counterThis Month111165
mod_vvisit_counterLast Month132633

Online Visitors: 50
IP: 54.162.253.34
,
Time: 03 : 16 : 21