KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഈ പാഠഭാഗം കൂടി കേജ്‌രിവാള്‍ വായിച്ചുപഠിക്കുമോ ?

ഈ പാഠഭാഗം കൂടി കേജ്‌രിവാള്‍ വായിച്ചുപഠിക്കുമോ ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kejriwalഡല്‍ഹിയില്‍ വൈദ്യുതിവിതരണം നടത്തുന്ന സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ സി.എ.ജി.യെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനുള്ള കേജരിവാള്‍ ഗവണ്മെന്റിന്റെ തീരുമാനം അപ്രതീക്ഷിത പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. മൂന്നു കമ്പനികളും ഈ തീരുമാനത്തിനെതിരെ കോടതിയില്‍ പോയി. അനില്‍ അംബാനി യുടെ രണ്ട് കമ്പനികള്‍, ഇതുകൂടാതെ ,ഡല്‍ഹിയില്‍ ഏഴുമണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയാണെങ്കില്‍, വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 19(d) പ്രകാരം ഈ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഡല്‍ഹി ഗവണ്മെന്റ് അവിടുത്തെ റഗുലേറ്ററി കമ്മീഷനോടും ആവശ്യപ്പെട്ടു.



അരവിന്ദ് കേജരിവാളിന് എല്ലാ പ്രശ്നങ്ങളുടേയും കാരണം അഴിമതിയാണ്. പരിഷ്കരണം എന്ന പേരില്‍ വൈദ്യുതി ബോര്‍ഡിനെ പിരിച്ചുവിട്ടതും, വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണവും ഡല്‍ഹിയിലെ പ്രശ്നങ്ങളുടെ കാരണമായി അദ്ദേഹത്തിന് തോന്നിതുടങ്ങിയിട്ടില്ല. യഥാര്‍ത്ഥ കാരണം മനസ്സിലാക്കാതെയാണ് അദ്ദേഹം ഡല്‍ഹിയിലെ വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നത്. അനില്‍ അംബാനിയുടെ വിതരണ കമ്പനിയുടെ മേഖലകള്‍ മറ്റൊരു സ്വകാര്യ കമ്പനിക്ക് നല്‍കും എന്ന ഭീഷണി കൊണ്ട് തീരുന്നതാണോ ഡല്‍ഹിയിലെ വൈദ്യുതി പ്രശ്നങ്ങള്‍ ? സ്വകാര്യ കമ്പനിയുടെ മേഖലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നെന്തേ പറയാത്തത്? പണ്ട് കല്‍ക്കട്ടയിലെ ട്രാം കമ്പനി, ടിക്കറ്റ് നിരക്കുകള്‍ ഏകപക്ഷീയമായി കൂട്ടിയപ്പോള്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റ് അന്ന് ചെയ്തത് അതായിരുന്നു.

ഡല്‍ഹിയിലെ വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണുന്ന ചില കാര്യങ്ങളുണ്ട്. 1992-93 ല്‍ ഡല്‍ഹി വൈദ്യുതി ബോര്‍ഡിന്റെ പ്രതിവര്‍ഷ നഷ്ടം 250 കോടിയും പ്രസരണ വിതരണ നഷ്ടം 25% വുമായിരുന്നു. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുവാന്‍ ഗവണ്മെന്റ് ആദ്യം ചെയ്തത് വൈദ്യുതി ബോര്‍ഡിനെ പരുവപ്പെടുത്തുകയായിരുന്നു. നഷ്ടം പ്രതിവര്‍ഷം 700 കോടിയായും പ്രസരണ വിതരണ നഷ്ടം 50% ആയും പെരുപ്പിച്ചു. സ്വകാര്യവല്‍ക്കരിക്കുന്നതോടെ വൈദ്യുതി മേഖല കാര്യക്ഷമമാകുമെന്നും, നടത്തിപ്പിലെ ചിലവ് കുറയുമെന്നും, പ്രസരണ വിതരണ നഷ്ടം കുറയുമെന്നും അങ്ങനെ ലാഭിക്കുന്ന പണത്തിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും ലഭിക്കും എന്നും പ്രചരിപ്പിച്ചു.

ഇപ്പോഴത്തെ അവസ്ഥയോ? മൂന്നു സ്വകാര്യ കമ്പനികളുടേയും ആകെ നഷ്ടം 7190 കോടി രൂപ. ഗവണ്മെന്റ് തുടക്കത്തില്‍ നല്‍കിയ 3500 കോടി രൂപയുടെ സബ്സിഡിയും, 200 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ വര്‍ഷം തോറും നല്‍കുന്ന സബ്സിഡിയും കഴിച്ചുള്ള നഷ്ടക്കണക്കാണിത്. സ്വകാര്യവല്‍ക്കരണത്തിനു ശേഷം വൈദ്യുതി നിരക്ക് 328% കൂട്ടിയിട്ടാണ് പിന്നേയും 7190 കോടി നഷ്ടം. നിരക്ക് 2002 ല്‍ 1.37 രൂപയായിരുന്നത് 2013 ല്‍ 5.87 രൂപയായി. പ്രസരണ-വിതരണ നഷ്ടവും മീറ്ററില്ലാതെ നല്‍കിയിരുന്നതും ചേര്‍ന്നുള്ള ആകെ വൈദ്യുതി നഷ്ടം 15%മായി കുറഞ്ഞു. അതായത് വൈദ്യുതി വിതരണ നഷ്ടം കാര്യമായി കുറഞ്ഞിട്ടും സ്വകാര്യ കമ്പനികളുടെ നഷ്ടം പതിന്മടങ്ങ് കൂടി. ഷീലാദീക്ഷിത് സര്‍ക്കാര്‍ നല്‍കിയ സബ്സിഡി കൂടി കണക്കിലെടുത്താല്‍ മൂന്നു വിതരണ കമ്പനികളുടേയും വാര്‍ഷിക നഷ്ടം 1500 കോടി കവിയും. ചുരുക്കത്തില്‍, സ്വകാര്യവല്‍ക്കരണത്തിലൂടെ സാമ്പത്തിക ഭദ്രത എന്ന വാദം പൊളിഞ്ഞു.

നഷ്ടം കാണിക്കാനുള്ള കളികള്‍


വിതരണ കമ്പനികളുടെ (ഡിസ്കോം) നഷ്ടത്തെകുറിച്ച് ഇപ്പോള്‍ റഗുലേറ്ററി കമ്മീഷന്‍ പറയാറില്ല. റഗുലേറ്ററി അസറ്റ് എന്ന ഓമനപേരിലാണ് അതിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.റഗുലേറ്ററി അസറ്റ് പെരുപ്പിച്ച് കാണിച്ച് വൈദ്യുതി നിരക്ക് കൂട്ടിവാങ്ങുന്ന സ്വകാര്യ കമ്പനികളുടെ കൊള്ളയ്ക്കു് ചൂട്ടുപിടിച്ച് കൊടുക്കുന്ന പണിയാണ് റഗുലേറ്ററി കമ്മീഷന്‍ ചെയ്യുന്നത്. നൂറുകണക്കിന് പേജുകള്‍ വരുന്ന കണക്കുകള്‍ സ്വകാര്യ കമ്പനികള്‍ റഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച് നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെടും. റഗുലേറ്ററി കമ്മീഷനംഗങ്ങള്‍ "ജഡ്ജി"മാരായി ഇരുന്ന് "പൊതുജനങ്ങളുടേയും" കമ്പനിയുടേയും വാദങ്ങള്‍ കേട്ട് "ഉത്തരവ്" പുറപ്പെടുവിക്കും. നിരക്ക് കൂട്ടും. ഈ പണിയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്.


ചെലവ് പെരുപ്പിച്ച് കാണിക്കാന്‍ ഡല്‍ഹിയിലെ കമ്പനികള്‍ കളിക്കുന്ന കളികള്‍ പലതാണ്. ഓഡിറ്റിങ്ങ് പൂര്‍ത്തിയാക്കാത്ത കണക്കുകള്‍ സമര്‍പ്പിക്കും. വിതരണ കമ്പനിയും അതിന്റെ ഉടമയുടെ മറ്റ് കമ്പനികളുമായുള്ള ഇടപാടുകളില്‍ വെള്ളം ചേര്‍ക്കും. ഉദാഹരണത്തിന് റിലയന്‍സിന്റെ ഒരു കമ്പനി ചൈനയില്‍ നിന്ന് മീറ്ററുകള്‍ വാങ്ങി. അതിന്റെ കണക്ക് 565 കോടി രൂപയായി അവരുടെ കണക്കില്‍ പെരുപ്പിച്ച് കാണിച്ചു. ഈ മീറ്ററുകള്‍ ഡല്‍ഹിയിലെ റിലയന്‍സ് വിതരണ കമ്പനിക്ക് വില്‍ക്കുന്നു. മറ്റൊന്നുള്ളത്, ഡിസ്കോം എപ്പോഴെങ്കിലും ട്രേഡര്‍മാര്‍ക്കോ മറ്റ് കമ്പനികള്‍ക്കോ വൈദ്യുതി വിറ്റാല്‍ അത് കുറഞ്ഞ വിലയ്ക്കായിരിക്കും. ട്രേഡര്‍മാരില്‍ നിന്നും വാങ്ങുന്നത് എപ്പോഴും ഉയര്‍ന്ന നിരക്കിലും. ഇതാണ് കണക്കു കൊണ്ടുള്ള മറ്റൊരു കളി. വിതരണ കമ്പനികളുടെ ഉടമസ്ഥര്‍, ട്രേഡിങ് കമ്പനികളോ ഉല്‍പ്പാദക കമ്പനികളോ നടത്തുവാന്‍ പാടില്ല എന്നൊന്നും നിര്‍ബന്ധിക്കുവാന്‍ റുഗലേറ്ററി സംവിധാനത്തിന് സാധിക്കുന്നുമില്ല. . കമ്പനികളുടെ ഓരോ കൊടുക്കല്‍ വാങ്ങലുകളും ചുഴിഞ്ഞ് പരിശോധിക്കുവാന്‍ റഗുലേറ്ററി കമ്മീഷന് സാധിക്കുകയുമില്ല.

യഥാര്‍ത്ഥ നഷ്ടം


വിതരണ കമ്പനികളുടെ യഥാര്‍ത്ഥ നഷ്ടം എത്രയാണ്? ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജേന്ദര്‍ സിങ്ങ് 2010-ല്‍ അഭിപ്രായപ്പെട്ടത്, പ്രസരണ വിതരണ നഷ്ടം കുറഞ്ഞതിനാല്‍ നിരക്ക് കുറയുകയാണ് വേണ്ടത് എന്നാണ്. അദ്ദേഹത്തിന്റെ കണക്ക് അനുസരിച്ച് വിതരണ കമ്പനികള്‍ മാസം 300 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുന്നത്.അദ്ദേഹത്തിന് പിന്നീട് ജോലി സുഖകരമായിരുന്നില്ല എന്നത് മറ്റൊരുകാര്യം.


വൈദ്യുതി നിരക്ക് ഉയര്‍ത്തിക്കിട്ടാന്‍ സ്വകാര്യ കമ്പനികള്‍ പെരുപ്പിച്ച മൂലധന ചെലവ് കാണിക്കും. ഉയര്‍ന്ന വിലക്ക് മീറ്ററുകളും ട്രാന്‍സ്ഫോര്‍മറുകളും കേബിളും സഹോദര കമ്പനിയില്‍ നിന്ന് വാങ്ങി ചെലവ് കൂട്ടിക്കാണിക്കും. മൂലധന നിക്ഷേപത്തിന് 16% -മാണ് റേറ്റ് ഓഫ് റിട്ടേണ്‍.


ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ ആവശ്യത്തിലേറെ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഡല്‍ഹിയിലെ ഉയര്‍ന്ന പീക്ക് ഉപഭോഗം കണക്കിലെടുത്താണ് അത് ചെയ്തത് എന്നാണ് കമ്പനികളുടെ ന്യായീകരണം. പക്ഷേ പലപ്പോഴും, ഇങ്ങനെ ഉയര്‍ന്ന വിലക്ക് വാങ്ങിയ അധിക വൈദ്യുതി, ഈ കമ്പനികളുടെ സഹോദര സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. 2009-ല്‍ അപ്രഖ്യാപിത പവര്‍കട്ട് 50%ത്തിനടുത്ത് ഉണ്ടായിരുന്നു എന്ന് റഗുലേറ്ററി കമ്മീഷന്‍ തന്നെ കണ്ടെത്തിയിരുന്നു. ഇങ്ങനെ ലാഭിച്ച വൈദ്യുതിയും തിരിമറി നടത്തി.


ഡല്‍ഹി വൈദ്യുതി ബോര്‍ഡിന്റെ ആസ്തികള്‍ ചുളുവിലക്കാണ് ടാറ്റാക്കും അംബാനിക്കും കൈമാറിയതെന്ന് സി.എ.ജി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു കൂടാതെ ഡല്‍ഹി ഗവണ്മെന്റ് 3500 കോടി രൂപയാണ് സബ്സിഡിയായി നല്‍കിയത്. ഈ കമ്പനികളില്‍ സര്‍ക്കാര്‍ ഓഹരി 49% ആണെങ്കിലും കാര്യങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. അനില്‍ അംബാനിയുടെ രണ്ട് കമ്പനികളും സര്‍ക്കാരിന് ഇതുവരെ ലാഭവിഹിതം ഒന്നും നല്‍കിയിട്ടുമില്ല.


വൈദ്യുതി വിതരണ രംഗം കാര്യക്ഷമമാക്കുവാന്‍ സ്വകാര്യവല്‍ക്കരണം സഹായിക്കും എന്ന സിദ്ധാന്തം ശരിയാണെങ്കില്‍, അത് ആദ്യം തെളിയേണ്ടത് ഡല്‍ഹിയിലാണ്. കാരണം, ഡല്‍ഹി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മെട്രോനഗരമാണ്. വിതരണ ശ്രംഖല കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഗ്രാമപ്രദേശങ്ങള്‍ അതിന്റെ ഭാഗമല്ല. താഴ്ന്ന ഉപഭോഗമുള്ള ഉപഭോക്താക്കളും കുറവ്.സ്വകാര്യവല്‍ക്കരണം നടത്തി 10 വര്‍ഷങ്ങള്‍ക്ക് ശേഷവും, ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും ഇത് വിജയിക്കുവാന്‍ പോകുന്നില്ല. ഒറീസയില്‍ നിന്നും അവര്‍ക്ക് ഓടിപോകേണ്ടി വന്നു. ഡല്‍ഹിയിലും അതു സംഭവിക്കുന്ന കാലം വിദൂരമല്ല.


സര്‍ക്കാര്‍ വലിയ തുക സബ്സിഡി നല്‍കിയിട്ടു പോലും ‍ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് താങ്ങാനാവുന്നില്ല. കാര്യക്ഷമമായ സ്വകാര്യമേഖല വന്ന് വൈദ്യുതി ചോര്‍ച്ചയും നഷ്ടവും ഇല്ലാതാക്കുന്നതോടെ എല്ലാവര്‍ക്കും സ്വര്‍ഗം കിട്ടും എന്നു വാദിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ നരകത്തിലാണ്.കേജരിവാള്‍ അഴിമതിക്കെതിരേ നടത്തുന്ന ധീരമായ പോരാട്ടം ആവേശമുണര്‍ത്തുന്നതു തന്നെ. പക്ഷേ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കൂടി മനസ്സിലാക്കണം. അഴിമതി തൂത്തുമാറ്റിയാല്‍ മാത്രം തീരുന്നതല്ല ഡല്‍ഹിയിലെ വൈദ്യുതി പ്രശ്നങ്ങള്‍. സ്വകാര്യവല്‍ക്കരണം തന്നെയാണ് യഥാര്‍ത്ഥ വില്ലന്‍.


ആവശ്യത്തിന് വൈദ്യുതി ന്യായമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കാനുള്ള ഉത്തരവാദിത്തം ഗവണ്മെന്റുകള്‍ക്കുണ്ട്. പക്ഷേ കമ്പോളം ആ കടമ നിര്‍വ്വഹിക്കും എന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതു പോലെയാണ്. അടിസ്ഥാന സേവനമേഖലയുമായി ബന്ധപ്പെട്ട, തന്റെ നയങ്ങള്‍ കേജരിവാള്‍ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.നവലിബറല്‍ ചട്ടക്കൂടിനുള്ളില്‍ ഒരു അഴിമതി കുറഞ്ഞ ഗവണ്മെന്റും കാര്യക്ഷമമായ കമ്പോളവും സൃഷ്ടിച്ചെടുത്ത് പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാം എന്നു കരുതി മാത്രം മുന്നോട്ടു പോകരുത്. ഡല്‍ഹിയിലെ വൈദ്യുതി മേഖലയില്‍ കമ്പോളം തോറ്റിരിക്കുന്നു. തോറ്റ് തൊപ്പിയിട്ടിരിക്കുന്നു. കാലിഫോര്‍ണിയയിലും ഒറീസയിലും തോറ്റോടിയതു പോലെ. കമ്പോളം തോറ്റോടിയതിന്റെ ചരിത്രപാഠങ്ങളും തോറ്റ് തൊപ്പിയിട്ട് നില്‍ക്കുന്ന സമകാലിക അനുഭവവും കൂടി ചേര്‍ത്ത്, പ്രിയപ്പെട്ട കേജരിവാള്‍, അങ്ങയുടെ സിലബസ് പരിഷ്കരിക്കുക.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1116
mod_vvisit_counterYesterday5953
mod_vvisit_counterThis Month121240
mod_vvisit_counterLast Month149108

Online Visitors: 89
IP: 54.145.122.109
,
Time: 04 : 11 : 33