KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സമ്മതിദാനാവാകാശം ഫലപ്രദമായി ഉപയോഗിക്കുക

സമ്മതിദാനാവാകാശം ഫലപ്രദമായി ഉപയോഗിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Election 2014

പതിനാറാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ 2014 ഏപ്രില്‍, മെയ്‌ മാസങ്ങളിലായി നടക്കുകയാണ്‌. ഏപ്രില്‍ 10നാണ്‌ കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഇത്‌ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്‌. വിലക്കയറ്റം, തൊഴിലില്ലായ്‌മ, കാര്‍ഷിക വ്യവസായമേഖലകളുടെ തകര്‍ച്ച തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്‌. യഥാര്‍ത്ഥ വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള വേദിയായി തെരെഞ്ഞെടുപ്പിനെ മാറ്റിത്തീര്‍ക്കാന്‍ നമുക്കാകണം.

വികസനം എന്നാല്‍ സാമ്പത്തിക വളര്‍ച്ച എന്ന സമവാക്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്‌. വളര്‍ച്ചയുടെ യഥാര്‍ത്ഥ ഗുണഭോക്താവ്‌ ആരാണെന്ന്‌ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഗ്രാമീണജനതയില്‍ 80ശതമാനവും നഗരജനതയില്‍ 64ശതമാനവും ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാത്തവാരാണെന്ന യാഥാര്‍ത്ഥ്യം പ്രസക്തമാകുന്നത്‌. വികസനത്തിന്റെ പാത നിശ്ചയിക്കാനുള്ള ജനകീയ ഉപകരണമാകേണ്ട സര്‍ക്കാരിനെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നിരീക്ഷകനോ സൂത്രധാരനോ മാത്രമാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ നടക്കുന്നത്‌. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം കമ്പോള മല്‍സരങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുമെന്നും അതിനാല്‍ കമ്പോളത്തെ സര്‍വതന്ത്ര സ്വതന്ത്രമാക്കുന്നതിലാണ്‌ സര്‍ക്കാര്‍ ശ്രദ്ധയൂന്നേണ്ടതെന്നുമുള്ള നവ ഉദാരവല്‍ക്കരണ സിദ്ധാന്തം രാജ്യത്ത്‌ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്‌. ക്ഷേമരാഷ്ട്ര ഭരണക്രമത്തില്‍ നിന്നും കമ്പോള കേന്ദ്രീകൃത സമൂഹത്തിലേക്കുള്ള കെട്ടഴിക്കലുകളാണ്‌ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നാം നടപ്പാക്കിവരുന്നത്‌.

അധ്വാനം മാത്രം കൈമുതലായുള്ള തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാരെയാണ്‌ ഈ നയങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്‌. ഉല്‍പാദനപ്രവര്‍ത്തനത്തില്‍ കൂലിയുടെ ഓഹരി അനുദിനം കുറഞ്ഞുവരുന്നു. സംഘടിത വ്യവസായ മേഖല ഇതിന്‌ നല്ലൊരുദാഹരണമാണ്‌. എണ്‍പതുകളില്‍ ഈ രംഗത്തുനടന്ന ഉല്‍പാദനപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക മൂല്യത്തില്‍ മൂന്നിലൊന്ന്‌ വേതനമായിരുന്നുവെങ്കില്‍ ഇന്ന്‌ അത്‌ പത്തിലൊന്നായി കുറഞ്ഞിരിക്കുന്നു. പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ അടിസ്ഥാനവേതനത്തില്‍ മുപ്പതു ശതമാനത്തിലേറെ കുറവാണ്‌ ഇക്കാലയലവില്‍ രാജ്യത്തുണ്ടായത്‌. കരാര്‍വല്‍ക്കരണം വ്യാപകമാക്കി തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്‌. മാതൃകാ തൊഴിലുടമയായ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍പോലും കടുത്ത കരാര്‍വല്‍ക്കരണവും തൊഴിലവകാശനിഷേധവും നടക്കുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളിലെ സ്ഥിതി രൂക്ഷമാകുന്നുവെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതുണ്ടോ?

വിലക്കയറ്റം കൂലിവെട്ടിക്കുറക്കലിന്റെ മറ്റൊരു രീതിയാണ്‌. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റനിരക്ക്‌ കഴിഞ്ഞ അഞ്ചുവര്‍ഷമെടുത്താല്‍ ഒരിക്കല്‍പ്പോലും രണ്ടക്കത്തിന്‌ താഴേക്ക്‌ പോയിട്ടില്ല. ഭക്ഷ്യധാന്യവിലയില്‍ ഈ അഞ്ച്‌ വര്‍ഷത്തിനിടയിലുണ്ടായ വിലവര്‍ദ്ധനവ്‌ ഇരട്ടിയോളമാണ്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും ഭക്ഷ്യ മേഖലയില്‍പ്പോലും അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിച്ചതും പൊതുവിതരണ സംവിധാനം തകര്‍ത്തതുമൊക്കെ വിലക്കയറ്റം രൂക്ഷമാക്കുന്നതിന്‌ കാരണമായി. രാജ്യത്തെ കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട്‌ 36ലക്ഷം കോടി രൂപയുടെ സഹായമാണ്‌ നികുതിയിളവും പ്രത്യേക ആനുകൂല്യങ്ങളുമായി അനുവദിക്കപ്പെട്ടത്‌. ഇത്‌ ഓരോ വര്‍ഷവും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ സാധാരണക്കാര്‍ക്ക്‌ നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡി യടക്കമുള്ള ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറക്കുകയാണ്‌. വളം, ഇന്ധനം, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവക്കെല്ലാം ചേര്‍ന്ന്‌ കഴിഞ്ഞ പത്തുവര്‍ഷക്കാലത്ത്‌ നല്‍കിയ ആകെ സബ്‌സിഡി 13ലക്ഷം കോടി രൂപ മാത്രമാണ്‌. അത്‌ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുകയുമാണ്‌.

പൊതുമേഖലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും പ്രകൃതി വിഭവങ്ങള്‍ സ്വകാര്യവല്‍ക്കരി ക്കുന്നതുമൊക്കെ നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായിത്തന്നെയാണ്‌. ആഗോള സാമ്പത്തിക മാന്ദ്യകാലഘട്ടത്തില്‍ കുറേയൊക്കെ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തിന്‌ കഴിഞ്ഞത്‌ നമ്മുടെ ബാങ്കിങ്ങ്‌ മേഖലയുടെ പൊതുമേഖലാ പങ്കാളിത്തതിന്റെ ശക്തിയായിരുന്നെങ്കില്‍ ഇപ്പോള്‍ ആരംഗത്തും സ്വകാര്യവല്‍ക്കരണവും വിദേശമൂലധന സ്വാധീനവും വര്‍ദ്ധിക്കുകയാണ്‌. ഇതിന്റെയൊകെ ഫലം പ്രത്യക്ഷത്തില്‍ വെളിവാക്കിയ ഒന്നായിരുന്നു 2013 ഒടുക്കം രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തില്‍ പെട്ടന്നുണ്ടായ തകര്‍ച്ചയും അതിന്റെ ഭാഗമായി രൂപയുടെ മൂല്യം അപ്രതീക്ഷിതമായി ഇടിഞ്ഞതും.

1.76ലക്ഷംകോടി രൂപയുടെ ടുജി സ്‌പെക്ട്രം അഴിമതി, 1.86ലക്ഷം കോടി രൂപയുടെ കല്‍ക്കരി കുംഭകോണം, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി എന്നിങ്ങനെ എന്തെല്ലാം ഇടപാടുകളാണ്‌ ഇക്കാലത്ത്‌ പുറത്തുവന്നത്‌? ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീകരമുഖമാണ്‌ ഇത്‌ തുറന്നുകാട്ടിയത്‌. കൃഷ്‌ണ ഗോദാവരി നദീതടത്തിലെ പ്രകൃതിവാതക ഖനനം പൂര്‍ണ്ണമായും റിലയന്‍സിന്‌ അടിയറവെക്കുകയും യാതൊരു കാരണവുമില്ലാതെ വാതകവില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്‌ ഇന്ന്‌ വലിയ ചര്‍ച്ചയായിട്ടുണ്ട്‌. 2005ല്‍ 25വര്‍ഷത്തേക്ക്‌ യൂണിറ്റിന്‌ 2.38ഡോളര്‍ നിരക്കില്‍ വാതകം നല്‍കിക്കൊള്ളാം എന്ന്‌ സമ്മതിച്ച്‌ ഖനന അനുമതി നേടിയ റിലയന്‍സിന്‌ ഖനനം തുടങ്ങുന്നതിന്‌ മുമ്പേതന്നെ വില യൂണിറ്റിന്‌ 4.20ഡോളര്‍ ആയി വിലവര്‍ദ്ധിപ്പിച്ചു നല്‍കി. ഇപ്പോഴിതാ 2014 ഏപ്രില്‍ ഒന്നു മുതല്‍ യൂണിറ്റിന്‌ 8.40 ഡോളറായി വില കൂട്ടിക്കൊടുക്കാന്‍ വീണ്ടും ധാരണയായിരിക്കുന്നു. രണ്ടുകക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടമാണ്‌ ഇതുമൂലം റിലയന്‍സിന്‌ ഉണ്ടാകുകയെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

വൈദ്യുതി മേഖലയിലും നവഉദാരവല്‍ക്കരണപരിഷ്‌കാരങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കിവരുകയാണ്‌. 2003ലെ വൈദ്യുതി നിയമം ഈ നയങ്ങളുടെ ഒരു ക്രോഡീകൃത രൂപമാണ്‌. എന്നാല്‍ നടപ്പാക്കിവന്ന പരിഷ്‌കാരങ്ങളെല്ലാം വൈദ്യുതി മേഖലയെ കൂടുതല്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ്‌ നയിച്ചതെന്ന്‌ ഈ മേഖലയില്‍ നേരിട്ട്‌ അനുഭവമുള്ള നമുക്ക്‌ ബോധ്യമുണ്ട്‌. രാജ്യത്തെ ഊര്‍ജ്ജ ദാരിദ്ര്യം അവസാനിപ്പിക്കാനായില്ല എന്നുമാത്രമല്ല അത്‌ അനുദിനം രൂക്ഷമാകുകയാണ്‌. ഇന്നും 40കോടിയിലധികം ജനങ്ങള്‍ക്ക്‌ വൈദ്യുതി കിട്ടിയിട്ടില്ല എന്നതുതന്നെ ഇതിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നുണ്ട്‌.

വൈദ്യുതി യൂട്ടിലിറ്റികളെല്ലാം കടുത്ത നഷ്ടത്തിലേക്കും കടക്കെണിയിലേക്കും നീങ്ങുന്നു. രാജ്യത്തെ വൈദ്യുതി വിതരണസ്ഥാപനങ്ങളുടെ മൊത്തം കടം രണ്ടര ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഒറീസ്സയിലും ഡല്‍ഹിയിലും നടപ്പാക്കിയ വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണം മറ്റിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കാന്‍ ജീവനക്കാരുടേയും ജനങ്ങളുടേയും കടുത്ത എതിര്‍പ്പുമൂലം കഴിഞ്ഞില്ല. എന്നാല്‍ ഫ്രാഞ്ചൈസികളും പി.പി.പി.കളും മുഖാന്തിരം വളഞ്ഞവഴിയില്‍ സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനാണ്‌ അധികാരികളുടെ ശ്രമം. വൈദ്യുതി വിതരണത്തെ വീണ്ടും വിഭജിച്ച്‌, വിതരണ ശൃംഖലയുടെ പരിപാലനം മാത്രം വിതരണമേഖലയില്‍ നിലനിര്‍ത്തി, വൈദ്യുതി കൊണ്ടുവന്ന്‌ ഉപഭോക്താക്കള്‍ക്ക്‌ വില്‍പ്പനനടത്തുന്ന ജോലി സപ്ലൈ എന്ന പുതിയൊരു ഉത്തരവാദിത്തമാക്കിമാറ്റാനും ഒരേസ്ഥലത്ത്‌ ഒട്ടേറെ സപ്ലൈ ലൈസന്‍സികള്‍ക്ക്‌ അനുമതികൊടുക്കാനുമുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുകയാണ്‌. മൊത്തത്തില്‍ വൈദ്യുതി മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌.

മറ്റു മേഖലകളിലെന്നപോലെ വൈദ്യുതി മേഖലയിലും ബദല്‍ നയങ്ങളുയര്‍ത്തി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു സംസ്ഥാനമാണ്‌ കേരളം. ഉല്‍പാദന പ്രസരണ വിതരണ മേഖലകളിലെല്ലാം അഭൂതപൂര്‍വ്വമായ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക്‌ കഴിഞ്ഞിരുന്നു. സമ്പൂര്‍ണ്ണവൈദ്യുതീകരണം, വോള്‍ട്ടേജ്‌ അദാലത്ത്‌, ഒന്നരക്കോടി സി.എഫ്‌.എല്‍.വിതരണം, ജനകീയ വൈദ്യുതി അദാലത്ത്‌ എന്നിങ്ങനെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്‌ നാമേറ്റെടുത്തുനടത്തിയ നിരവധിപ്രവര്‍ത്തനങ്ങള്‍ വലിയ ജനകീയാംഗീകാരം നേടിയവയാണ്‌. വൈദ്യുതി മേഖലയെ ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ നിര്‍ത്തി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്ന്‌ തെളിയിക്കാനും കേന്ദ്ര നയങ്ങള്‍ക്ക്‌ ബദലുണ്ട്‌ എന്ന്‌ പ്രഖ്യാപിക്കാനും നമുക്ക്‌ കരുത്ത്‌ നല്‍കിയത്‌ ഈ ജനകീയസഹകരണം കൊണ്ടുകൂടിയാണ്‌. എന്നാല്‍ ഈ സ്ഥിതിയെല്ലാം മാറിയിരിക്കുന്നു. ബദല്‍ നയങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ്‌ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ നടന്നുവരുന്നത്‌. ഉല്‍പ്പാദന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം സ്‌തംഭനത്തിലാണ്‌. പ്രസരണ വിതരണ മേഖലകളിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കിയതും സമ്പൂര്‍ണ്ണവൈദ്യുതീകരണം ഒഴിവാക്കിയതും അറ്റകുറ്റപ്പണികള്‍പോലും മുടങ്ങുന്നതുമൊക്കെ വലിയ ജനകീയപ്രതിഷേധങ്ങള്‍ക്ക്‌ കാരണമാകുന്നു. നമ്മുടെ സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌.

ഇത്തരം നയങ്ങളുടെ ഹിതപരിശോധനാവേദിയാണ്‌ തെരെഞ്ഞെടുപ്പ്‌. കേന്ദ്ര സര്‍ക്കാരും മുഖ്യപ്രതിപക്ഷവും തമ്മില്‍ ഈ നയങ്ങളില്‍ വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ല. ഇന്നത്തെ പ്രതിപക്ഷം ഭരണത്തിലിരുന്ന കാലത്താണ്‌ 2003ലെ വൈദ്യുതി നിയമം പാസ്സാക്കിയത്‌. അന്ന്‌ അവര്‍ക്ക്‌ പ്രതിപക്ഷത്തുണ്ടായിരുന്ന ഇന്നത്തെ ഭരണകക്ഷിയുടെ പിന്തുണകിട്ടുകയും ചെയ്‌തു. ഇപ്പോഴാകട്ടെ പെന്‍ഷന്‍ അവകാശം നിഷേധിക്കുന്ന പി.എഫ്‌.ആര്‍.ഡി.എ.ബില്ല്‌ പാസ്സാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ സഹായകമായത്‌ മുഖ്യപ്രതിപക്ഷത്തിന്റെ പിന്തുണയാണ്‌. കെ.ജി.ബേസിനിലെ വാതകവില കൂട്ടിക്കൊടുക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളിലെല്ലാം ഭരണപ്രതിപക്ഷകക്ഷികള്‍ തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. ഇത്തരം നയങ്ങളെ ചെറുക്കുന്നതിന്‌ പകരം ജനങ്ങളില്‍ വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിച്ച്‌ അധികാരത്തിലെത്താമോ എന്നാണ്‌ മുഖ്യപ്രതിപക്ഷ കക്ഷി പരിശോധിക്കുന്നത്‌. ഇവിടെ നമ്മുടെ ഉത്തരവാദിത്തം ഏറെ വലുതാണ്‌.

ഒരുവശത്ത്‌ ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങളെ ചെറുക്കുക, മറുവശത്ത്‌ മതേതരത്വവും ജനാധിപത്യവുമൊക്കെ തകര്‍ക്കുന്ന വര്‍ക്ഷീയ ഫാസിസ്റ്റ്‌ സമീപനത്തെ പ്രതിരോധിക്കുക, ഇതുരണ്ടും ഒരേ സമയത്ത്‌ നിര്‍വഹിക്കാന്‍ കഴിഞ്ഞാലേ നമ്മുടെ ദൗത്യം അര്‍ത്ഥപൂര്‍ണ്ണമാ കുകയുള്ളൂ. ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു പുതിയ കൂട്ടുകെട്ടിന്‌ സാഹചര്യമൊരുക്കുകയാണ്‌ നമ്മുടെ കടമ. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, കാര്‍ഷിക വ്യാവസായിക ഉല്‍പ്പാദനം ജനങ്ങളുടെ ഉപജീവനത്തിന്‌ മുതല്‍ക്കൂട്ടാകുന്ന വികസനനയം മുന്നോട്ടുവെക്കുന്ന ബദല്‍ സമീപനത്തിന്‌ അംഗീകാരം കിട്ടണം. ഇത്തരമൊരു നയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ അനുഭവം നമുക്ക്‌ കേരളീയര്‍ക്കുണ്ട്‌. കഴിഞ്ഞ മൂന്നുവര്‍ഷത്തെ തകര്‍ച്ചയുടെ ചിത്രവും നമുക്ക്‌ മുന്നിലുണ്ട്‌. സ്വാഭാവികമായും നമ്മുടെ ഓരോരുത്തരുടേയും ബോധപൂര്‍വ്വമായ ഇടപെടല്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രധാനമാണ്‌.

കേരളം ഒരു ചെറിയ സംസ്ഥാനമാണ്‌. ഇവിടെ ആകെ ഇരുപത്‌ ലോകസഭാമണ്ഡലങ്ങ ളാണുള്ളത്‌. എങ്കിലും രാജ്യത്ത്‌ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഇരുപത്‌ എംപി.മാര്‍ നിസ്സാരമാകും എന്ന്‌ കരുതാനാവില്ല. നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക്‌ കഴിയണമെങ്കില്‍ ഇവര്‍ കൃത്യമായും ജനകീയ നയങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവ രാകണം. നവ ഉദാരവല്‍ക്കരണ നയത്തെ ചെറുക്കുന്നവരാകണം. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥികളുടെ സൗന്ദര്യമല്‍സരമായി തെരഞ്ഞെടുപ്പിനെ നോക്കിക്കാണാന്‍ നമുക്കാകില്ല. ശരിയായ നയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ ഉജ്വലമായ വിജയം ഉറപ്പാക്കാന്‍ നമ്മുടെ സമ്മതിധാനാവകാശം ഉപയോഗിക്കപ്പെടണം. താങ്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളു മൊക്കെ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.


സ്‌നേഹപൂര്‍വ്വം
ജനറല്‍ സെക്രട്ടറി,
കെ.എസ്‌.ഇ.ബി. ഓഫീസേര്‍സ്‌ അസോസിയേഷന്‍

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3644
mod_vvisit_counterYesterday4324
mod_vvisit_counterThis Month91433
mod_vvisit_counterLast Month132633

Online Visitors: 50
IP: 54.167.216.239
,
Time: 23 : 29 : 43