KSEBOA - KSEB Officers' Association

Thursday
Aug 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പൊളിച്ചെഴുതപ്പെടുന്ന പെന്‍ഷന്‍ സംവിധാനം

പൊളിച്ചെഴുതപ്പെടുന്ന പെന്‍ഷന്‍ സംവിധാനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Pensionപെന്‍ഷന്‍ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനമെന്ന പരമ്പരാഗത സങ്കല്‍പത്തില്‍ നിന്നും ക്രമേണ മാറുകയാണ്. 2003ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അഥോറിറ്റി (PFRDA) പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ പരിഷ്കരണമാണ് ലക്ഷ്യമിട്ടത്. 2004 ജനുവരി മുതല്‍ എല്ലാ പുതിയ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും 2013 ഏപ്രില്‍ മുതല്‍ എല്ലാ പുതിയ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിഷ്കരിച്ച പെന്‍ഷന്‍ സമ്പ്രദായമാണ് ബാധകമായിട്ടുള്ളത്. കേന്ദ്ര ഗവണ്മെന്റ് 2013 സെപ്തംബര്‍ 19ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതിയ പെന്‍ഷന്‍ സമ്പ്രദായം രാജ്യത്തെ നിയമാനുസൃത (statutory) പെന്‍ഷനായി മാറിയിരിക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചശേഷം 2013 സെപ്തംബര്‍ 18ന് ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതിയും ലഭിച്ച ശേഷമാണ് പുതിയ നിയമം കേന്ദ്ര ഗവണ്മെന്റ് ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിട്ടുള്ളത്.

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍


കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കും നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായം 1959 നവംബര്‍ 7ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച കേരള സര്‍വ്വീസ് ചട്ടങ്ങള്‍ (KSR) പ്രകാരമുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 309ാം വകുപ്പ് നല്കുന്ന അധികാരം ഉപയോഗപ്പെടുത്തി പുറപ്പെടുവിച്ച ചട്ടം എന്ന നിലയില്‍ ഇവയ്ക്ക് സ്റ്റാറ്റ്യൂട്ടറി സ്വഭാവം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ പെന്‍ഷന്‍ സമ്പ്രദായം നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റ് അംഗീകരിച്ച നിയമം 2013ല്‍ നിലവില്‍ വന്നതോടെ ഇന്ത്യയ്ക്കാകെ ബാധകമായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുതിയ പെന്‍ഷന്‍ സമ്പ്രദായമാണെന്ന് വന്നിരിക്കുന്നു (ദേശീയ പെന്‍ഷന്‍ സംവിധാനം അഥവാ [National Pension System (NPS)].
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യത്യസ്ഥമായ പെന്‍ഷന്‍ സമ്പ്രദായം തുടരാന്‍ നിയമത്തിലെ 12(3)(e) വകുപ്പ് അനുമതി നല്കിയിരുന്നെങ്കിലും കേരള സര്‍ക്കാര്‍ 2013 ല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ ദേശീയ പെന്‍ഷന്‍ സംവിധാനം തന്നെ കേരളത്തില്‍ പുതുതായി സര്‍വ്വീസില്‍ വരുന്ന ജീവനക്കാര്‍ക്കും ബാധകമാക്കിയിരിക്കുകയാണ്. ഈ നിലയ്ക്ക് ഇന്ത്യയിലും കേരളത്തിലും ഇന്ന് നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം NPS ആണ് എന്ന് വന്നിരിക്കുന്നു.

എന്താണ് പെന്‍ഷന്‍ പരിഷ്കരണം


നിര്‍വ്വചിക്കപ്പെട്ടതും ഉറപ്പായതുമായ (Defined and Assured) പെന്‍ഷന്‍ ആനുകൂല്യം എന്നത് പഴങ്കഥയാക്കുന്നതാണ് നിര്‍ദ്ദിഷ്ട പെന്‍ഷന്‍ പരിഷ്കരണം. വാര്‍ദ്ധക്യത്തില്‍ ലഭിക്കുന്ന പെന്‍ഷന്‍ സംബന്ധിച്ച് സുവ്യക്തമായ ഒരു വ്യവസ്ഥയും ദേശീയ പെന്‍ഷന്‍ സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നില്ല. അതേസമയം വേതനത്തിന്റെ ഒരു ഭാഗം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അര്‍ഹത ഉറപ്പാക്കുന്നതിന് സര്‍വ്വീസ് കാലയളവില്‍ ജീവനക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവയ്ക്കുകയും വേണം. തൊഴിലുടമയും (ഗവണ്മെന്റോ പൊതു സ്വകാര്യ സ്ഥാപന ഉടമയോ) ജീവനക്കാരുടെ വേതനത്തിന്റെ നിശ്ചിത പങ്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കി വയ്ക്കാനും വ്യവസ്ഥയുണ്ട്.


നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായത്തില്‍ കാതലായ മാറ്റമാണ് ഈ പരിഷ്കരണത്തിലൂടെ നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ സമ്പ്രദായങ്ങളില്‍ മികച്ച ഒരു സംവിധാനമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. സര്‍വ്വീസിന്റെ അവസാന കാലയളവില്‍ ലഭിച്ച ശരാശരി വേതനത്തിന്റെ പകുതി പെന്‍ഷനായി നിശ്ചയിക്കുകയും, വിലക്കയറ്റം മൂലം കാലാകാലങ്ങളില്‍ പെന്‍ഷനുണ്ടാകുന്ന മൂല്യചോര്‍ച്ച ക്ഷാമാശ്വാസം (Dearness Relief) അനുവദിച്ച് പരിഹരിക്കുകയും ചെയ്യുന്നതാണ് പ്രസ്തുത സമ്പ്രദായം. കൂടാതെ നിശ്ചിത കാലയളവുകളില്‍ പെന്‍ഷന്‍ പരിഷ്കരണവും ലഭിച്ചിരുന്നു. ജീവനക്കാരന്റെ അല്ലെങ്കില്‍ പെന്‍ഷനറുടെ മരണശേഷം ഭാര്യയ്ക്ക്/ഭര്‍ത്താവിന് തുടര്‍ന്നും പെന്‍ഷന്‍ പങ്ക് ലഭിക്കുന്നതിനും വ്യവസ്ഥയുണ്ട്. തീര്‍ച്ചയായും സര്‍വ്വീസ് കാലയളവിലേതിന് സമാനമായ ജീവിതനിലവാരം തുടര്‍ന്നും സംരക്ഷിക്കുന്നതിനും സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതിനും മികച്ച ഒരു മാതൃകയായിരുന്നു കേരളത്തിലെ പെന്‍ഷന്‍ സമ്പ്രദായം. പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന സങ്കല്പം ഉണ്ടെങ്കില്‍ തന്നെ വേതനത്തിന്റെ പ്രത്യക്ഷമായ കുറവൊന്നും അനുഭവപ്പെടാതെ തന്നെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഈ സമ്പ്രദായം മാതൃകയായിരുന്നു.
എന്നാല്‍ പുതിയ ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തോടെ പ്രത്യക്ഷത്തില്‍ തന്നെ വേതനത്തില്‍ കുറവുണ്ടാകുകയാണ്. വേതനത്തില്‍ നിന്നും നിശ്ചിത പങ്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവയ്ക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നു. അതേസമയം തന്നെ പെന്‍ഷന്റെ തോതില്‍ എന്തെങ്കിലും വര്‍ദ്ധനവോ സുരക്ഷിതത്വമോ ഉറപ്പുനല്കുന്നതില്‍ പുതിയ സമ്പ്രദായം പരാജയപ്പെടുകയും ചെയ്യുന്നു. വിലക്കയറ്റം മൂലമുള്ള ചോര്‍ച്ച പരിഹരിക്കുന്നതിന് സംവിധാനവുമില്ല. നിര്‍വ്വചിക്കപ്പെട്ടതും ഉറപ്പായതുമായ പെന്‍ഷന്‍ എന്നതിന് പകരം നിര്‍വ്വചിക്കപ്പെട്ട വിഹിതം (Defined Contribution) എന്നായി പെന്‍ഷന്‍ സമ്പ്രദായത്തെ പരിഷ്കരിക്കയാണ് PFRDA ചെയ്തിട്ടുള്ളത്. ഇവിടെ നിര്‍വ്വചിക്കപ്പെട്ട വിഹിതമെന്നത് തൊഴിലുടമയുടെ വിഹിതമായാണ് വിവക്ഷിക്കപ്പെടുന്നത്. ജീവനക്കാരുടെ ചുരുങ്ങിയ വിഹിതവും സര്‍ക്കാര്‍ മേഖലയില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. അതിനുപരിയായ വിഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് നയിക്കുന്നതിന് തടസ്സവുമില്ല. നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം നല്കുക എന്നതില്‍ നിന്നും നിര്‍വ്വചിക്കപ്പെട്ട വിഹിതത്തിന്റെ അടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറുകയാണ് പെന്‍ഷന്‍ പരിഷ്കരണം വഴി ലക്ഷ്യമിട്ടിട്ടുള്ളത്. Defined Benefit എന്നതില്‍ നിന്നും Defined Contribution എന്നതിലേക്കുള്ള മാറ്റം.

എന്തുകൊണ്ട് മാറ്റുന്നു


സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം തുടര്‍ച്ചയായി നല്കേണ്ടിവരുന്നത് അനിയന്ത്രിതമായ റിസ്ക് തൊഴിലുടമയ്ക്കുണ്ടാക്കുന്നു എന്നതാണ് നിലവിലുള്ള പെന്‍ഷന്‍ സംവിധാനത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യമെന്നത് സര്‍വ്വീസ് കാലദൈര്‍ഘ്യത്തിനനുസരിച്ച് വര്‍ദ്ധിക്കുമെന്നതും ക്ഷാമാശ്വാസത്തിലൂടെയും പെന്‍ഷന്‍ പരിഷ്കരണത്തിലൂടെയും പ്രവചനാതീതമായി വീണ്ടും വര്‍ദ്ധിച്ചുവരുമെന്നതും തൊഴിലുടമയുടെ റിസ്കിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. രാജ്യവികസനത്തിനാവശ്യമായ മൂലധന നിക്ഷേപ അന്തരീക്ഷത്തിന് പ്രതികൂലമായ ഘടകമായാണ് ഈ റിസ്കിനെ ഗവണ്മെന്റ് വിലയിരുത്തിയിട്ടുള്ളത്. പ്രത്യേകിച്ചും ഇക്കാലമത്രയും ഗവണ്മെന്റ് മൂലധന നിക്ഷേപമിറക്കിയിരുന്ന മേഖലകളിലേക്ക് കൂടി സ്വകാര്യ മൂലധനം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍.


സ്വകാര്യ മൂലധനത്തിന്റെ റിസ്ക് പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും യോജിച്ച മാര്‍ഗ്ഗം തൊഴിലുടമയുടെ വിഹിതം കൃത്യമായി നിര്‍വ്വചിക്കുകയും പെന്‍ഷന്‍ ആനുകൂല്യം നിര്‍വ്വചിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. സമ്പദ്ഘടനയുടെ ഗതിവിഗതികള്‍ക്കനുസരിച്ചുള്ള വിലക്കയറ്റത്തിന്റെ ഏറ്റിറക്കങ്ങളും മറ്റും തൊഴിലുടമ വിതരണം ചെയ്യേണ്ട ആനുകൂല്യത്തില്‍ മാറ്റമൊന്നും ഉണ്ടാക്കില്ല. പകരം ഓഹരി കമ്പോളത്തിന്റെ ചലനനിയമങ്ങള്‍ക്കനുസരിച്ച് പെന്‍ഷന്‍ ആനുകൂല്യവും മാറിമറിഞ്ഞു വരും. എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന നവ ലിബറല്‍ പരിഷ്കരണങ്ങളുടെ മകുടോദാഹാരണം തന്നെയാണ് പെന്‍ഷന്‍ പരിഷ്കരണവും. ജീവനക്കാരുടെ വാര്‍ദ്ധക്യകാല സുരക്ഷിതത്വം കമ്പോളത്തിന് വിട്ടുകൊടുത്ത് ഗവണ്മെന്റും തൊഴിലുടമയും മൂലധനം സുരക്ഷിതമാക്കി അകലം പാലിച്ചുനില്ക്കണമെന്നാണ് പെന്‍ഷന്‍ പരിഷ്കരണത്തിലൂടെ കാണാന്‍ കഴിയുന്നത്.


നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യമെന്ന സമ്പ്രദായം ജീവനക്കാരുടെ വാര്‍ദ്ധക്യകാല സുരക്ഷിതത്വം ഉറപ്പുവരുത്തുമ്പോള്‍ നിര്‍വ്വചിക്കപ്പെട്ട വിഹിതമെന്ന പരിഷ്കരണം സ്വകാര്യ മൂലധനത്തിന്റെ സുരക്ഷിതത്വമാണ് ഉറപ്പുവരുത്തുന്നത്.

മൂലധനത്തെ മനുഷ്യനു മുകളില്‍ പ്രതിഷ്ഠിക്കുന്ന വികസനം


വികസനം സംബന്ധിച്ച സംവാദം സമൂഹത്തിലെമ്പാടും നടക്കുകയാണ്. അറിഞ്ഞോ അറിയാതെയോ ഈ സംവാദത്തില്‍ നാമോരോരുത്തരും ഏതെങ്കിലും പക്ഷത്തു നില്ക്കുന്നുമുണ്ട്. വികസനമെന്നത് GDP വളര്‍ച്ചാനിരക്കും രാജ്യത്തേക്ക് പ്രവഹിക്കുന്ന മൂലധന നിക്ഷേപവും ഓഹരി കമ്പോളത്തിന്റെ കുതിപ്പും ഒക്കെയാണെന്ന ധാരണ ശക്തമാണ്. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടാകുന്ന മാറ്റമാണ് യഥാര്‍ത്ഥ വികസന അളവുകോലെന്ന മറുവാദവും ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഇന്ത്യ വന്‍ വികസനം കൈവരിച്ചു എന്നവകാശവാദമുന്നയിക്കുമ്പോഴും ഇന്ത്യന്‍ ജനതയുടെ ജീവിതനിലവാര സൂചിക [Human Developemnt Index (HDI)] യില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. മാത്രമല്ല ലോക രാജ്യങ്ങളില്‍ കേവലം 134ാം സ്ഥാനത്താണ് ഇന്ത്യ ഇക്കാര്യത്തില്‍.


മൂലധനത്തിന് രാജവീഥിയൊരുക്കുന്ന ഈ വികസനപരിപാടിയിലെ പ്രധാനപ്പെട്ട ഒട്ടേറെ പരിഷ്കരണ പരിപാടികളില്‍ ഒന്നുമാത്രമാണ് പെന്‍ഷന്‍ പരിഷ്കരണം. ചെറിയ ഗവണ്മെന്റ് (നിര്‍ണ്ണായക മേഖലകളെല്ലാം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുക എന്നര്‍ത്ഥം) എന്നത് ഈ പരിഷ്കരണ പരിപാടിയിലെ മുഖ്യ ലക്ഷ്യമാണ്. ഗവണ്മെന്റ് നിയന്ത്രണം എന്നതിനേക്കാള്‍ കമ്പോളത്തിന്റെ നിയന്ത്രണമാണ് അഭികാമ്യം. കമ്പോളത്തിലെ മത്സരം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും എല്ലാ മേഖലയിലും അഭിവൃദ്ധി കൊണ്ടുവരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ മൂലധനത്തെയും കമ്പോളത്തെയും നിയന്ത്രിക്കുന്നതില്‍ നിന്നും ഗവണ്മെന്റ് പിന്‍മാറണം. വൈദ്യുതി, ഇന്‍ഷുറന്‍സ്, റോഡ് വികസനം, ചില്ലറ വ്യാപാരമേഖല, ബാങ്കിങ്, പൊതുഗതാഗതം, ടെലികോം, കല്ക്കരി, പ്രകൃതിവാതകം അടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ ചൂഷണം എന്നു തുടങ്ങി സകല മേഖലകള്‍ക്കും ഇത് ബാധകമാണ്. സമൂലമായ ഈ മാറ്റത്തിന്റെ ഭാഗം തന്നെയാണ് പെന്‍ഷന്‍ പരിഷ്കരണവും. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പരിഷ്കരണം മാത്രമായി തടഞ്ഞുനിര്‍ത്തല്‍ അപ്രായോഗികമാണ്. ഈ മാറ്റങ്ങള്‍ക്കാകെ ഇടയാക്കുന്ന നവ ലിബറല്‍ നയങ്ങളെ ചെറുക്കുന്നതിലൂടെയേ പെന്‍ഷന്‍ പരിഷ്കരണത്തേയും ചെറുക്കാന്‍ സാധിക്കുകയുള്ളൂ.

കെ.എസ്.ഇ.ബി.യുടെ പെന്‍ഷന്‍ ഫണ്ട്


വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയുടെ ഭാഗമായി പെന്‍ഷന്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പെന്‍ഷന്‍ ഫണ്ടിന് രൂപം കൊടുക്കുവാന്‍ നിര്‍ദ്ദേശമുണ്ടല്ലോ. നിലവിലുള്ള പെന്‍ഷന്‍ രീതി തുടരുന്നതിന്റെ ഫലമായി പുതിയ സ്ഥാപനമായ കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പെന്‍ഷന്‍ ബാധ്യത കണക്കാക്കി അതിന്റെ ബാലന്‍സ് ഷീറ്റില്‍ പെന്‍ഷന്‍ ബാധ്യത ഉള്‍പ്പെടുത്തുക എന്നതാണ് പെന്‍ഷന്‍ ഫണ്ട് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പുതിയ സ്ഥാപനത്തിന്റെ പെന്‍ഷന്‍ സംബന്ധിച്ച ബാധ്യത ഇതുകൊണ്ട് അവസാനിക്കുന്നില്ല എന്നും കൈമാറ്റ പദ്ധതി വ്യക്തമാക്കുന്നുണ്ട്. കാലാകാലങ്ങളില്‍ ക്ഷാമാശ്വസത്തിലെ വ്യതിയാനവും പെന്‍ഷന്‍ പരിഷ്കരണവും മറ്റും മൂലം ഈ ബാധ്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. ഈ സന്ദര്‍ഭങ്ങളിലെല്ലാം പെന്‍ഷന്‍ ഫണ്ടില്‍ ആവശ്യമായ വര്‍ദ്ധന വരുത്തുന്നതിനുള്ള ബാധ്യത പൂര്‍ണ്ണമായും സ്ഥാപനത്തിനാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ വരവുചിലവു കണക്കുകളില്‍ 101.12 കോടി രൂപ കൂടി പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവയ്ക്കാന്‍ (കൈമാറ്റ പദ്ധതിയില്‍ വ്യവസ്ഥചെയ്ത തുകയ്ക്ക് പുറമേ) കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്.


പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ നിര്‍വ്വചിക്കപ്പെട്ട വിഹിതമല്ല കെ.എസ്.ഇ.ബി.യുടെ ബാധ്യത. പകരം ക്ഷാമാശ്വാസവും പെന്‍ഷന്‍ പരിഷ്കരണവും മൂലമുള്ള അധിക ബാധ്യത പൂര്‍ണ്ണമായി കെ.എസ്.ഇ.ബി വര്‍ഷാവര്‍ഷം ഏറ്റെടുക്കണം അഥവാ കെ.എസ്.ഇ.ബി.യിലെ പെന്‍ഷന്‍ സംവിധാനം തുടര്‍ന്നും നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യ പദ്ധതിയായി തുടരും. അതാണ് കൈമാറ്റ പദ്ധതിയിലും ത്രികക്ഷി കരാറിലും വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ആശങ്കയ്ക്ക് വകയുണ്ടോ?


ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ (NPS) നിന്നും വ്യത്യസ്ഥമായി നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യ വിതരണം തുടര്‍ന്നും നിര്‍വ്വഹിക്കുന്ന സംവിധാനമാണ് പുനഃസംഘടനയ്ക്ക് ശേഷവും കെ.എസ്.ഇ.ബി.യില്‍ നിലനില്ക്കുന്നത്. എന്നാല്‍ രാജ്യത്തെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംവിധാനം NPS ആണെന്നും ഏത് പെന്‍ഷന്‍ പദ്ധതിയെയും കേന്ദ്രഗവണ്മെന്റ് നോട്ടിഫിക്കേഷനിലൂടെ NPSന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥ നിയമത്തില്‍ ഉണ്ടെന്നതും ആശങ്ക ഉയര്‍ത്തുന്നതാണ്. സ്വകാര്യ മൂലധനത്തിന് ആകര്‍ഷകമാകും വിധം വൈദ്യുതി മേഖലയെ പരുവപ്പെടുത്തുക എന്ന ലക്ഷ്യം നിലവിലുള്ള നയങ്ങളുടെ ഭാഗവുമാണ്. ഈ നിലയ്ക്കു് നോക്കുമ്പോള്‍ നിലവിലുള്ള പെന്‍ഷന്‍ സംരക്ഷിക്കുന്നതിന് വൈദ്യുതി മേഖലയിലും ഇതര മേഖലയിലും നടപ്പാക്കാന്‍ ശ്രമിക്കുന്ന പരിഷ്കരണങ്ങളെയാകെ ചെറുക്കേണ്ടതുണ്ടെന്നു കാണാന്‍ കഴിയും. അഥവാ ഈ പരിഷ്കരണങ്ങളെ ചെറുക്കുന്നതിനുള്ള നമ്മുടെ കരുത്തും തയ്യാറെടുപ്പുമാണ് പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുള്ള മുന്നുപാധി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4272
mod_vvisit_counterYesterday5486
mod_vvisit_counterThis Month89943
mod_vvisit_counterLast Month165538

Online Visitors: 72
IP: 23.20.35.9
,
Time: 21 : 04 : 40