KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വേണം കേരളത്തില്‍ ഒരു കല്‍ക്കരി നിലയം

വേണം കേരളത്തില്‍ ഒരു കല്‍ക്കരി നിലയം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കല്‍ക്കരി നിലയംകേരളത്തിന്റെ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതു പോലെ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള ഉല്പാദനം കൂടാത്ത സ്ഥിതിയാണുള്ളത്. ഇതിന്റെ ഫലമായി വൈദ്യുതി ഉപഭോഗത്തിന്റെ സിംഹഭാഗവും കേരളത്തിനു പുറത്തുനിന്നും കണ്ടെത്തേണ്ടിവരുന്നു. വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന വേനല്‍കാലത്ത് കേരളത്തിനു പുറത്തുനിന്നുമുള്ള വൈദ്യുതി ലഭ്യത കുറയുകയും ലഭിക്കുന്ന വൈദ്യുതിക്ക് അമിതവില നല്‍കേണ്ടതായും വരുന്നു. ചുരുക്കത്തില്‍ കേരളത്തിന്റെ വൈദ്യുതി ഉല്പാദന രംഗത്തിലെ മുരടിപ്പ് വൈദ്യുതി മേഖയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

വൈദ്യുതി ആവശ്യകത വര്‍ദ്ധിക്കുന്നു
18-ാം പവര്‍ സര്‍വേ പ്രകാരം 2013-2014 കാലയളവില്‍ കേരളത്തിന്റെ പീക്ക് ലോഡ് ആവശ്യകതയായി കണക്കാക്കിയിരുന്ന വൈദ്യുതി 3903 മെഗാവാട്ടാണ്. വൈദ്യുതിയാവശ്യകത കുറച്ചുകൊണ്ടു വരുന്നതിനായി ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള നിരവധി നടപടികള്‍ വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചെങ്കിലും 2014-ല്‍ പീക്ക് ലോഡ് ആവശ്യകത 3588 മെഗാവാട്ടു വരെ എത്തിനില്‍ക്കുകയാണ്. വരും നാളുകളില്‍ ഈ ആവശ്യകത വീണ്ടും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയാണുള്ളത്. വന്‍തോതില്‍ വൈദ്യുതി വേണ്ടിവരും എന്നു കരുതിയിരുന്ന വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികള്‍ ഇതുവരെയും പ്രാവര്‍ത്തികമായിട്ടില്ല എന്ന അവസ്ഥയിലും വൈദ്യുതി ആവശ്യകത ഉയര്‍ന്നു തന്നെ നില്ക്കുകയാണ്. സോളാര്‍ സാങ്കേതിക വിദ്യ വികസിച്ചുവന്നതോടു കൂടി വികേന്ദ്രീകൃത ഊര്‍ജ്ജ ഉല്പാദനത്തിന് നല്ല സാധ്യതകള്‍ തുറന്നുവരുന്നുണ്ടെങ്കിലും പീക്ക് ലോഡ് ആവശ്യകതയില്‍ കാര്യമായ മാറ്റം വരുത്തുവാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അതി കഠിനമായ ചൂട് എയര്‍കണ്ടീഷനറുകളിലേയ്ക്കും കുക്കിംഗ് ഗ്യാസിന്റെ വില വര്‍ധനവ് ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഗാര്‍ഹിക ഉപഭോക്താക്കളെ നയിക്കുന്നതും പീക്ക് ലോഡ് ആവശ്യകതയും വൈദ്യുതി ഉപഭോഗവും ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് വഴിതെളിക്കുന്നു. 18-ാം പവര്‍സര്‍വ്വേ പ്രകാരം വരും വര്‍ഷങ്ങളിലും കേരളത്തിന്റെ പീക്ക് ലോഡ് ആവശ്യകത (പട്ടിക-1) വന്‍തോതില്‍ വര്‍ദ്ധിക്കും എന്നാണ് കാണിക്കുന്നത്.

ഉല്പാദന രംഗം മുരടിക്കുന്നു
വൈദ്യുതി ഉല്പാദനത്തിന് ജലസ്രോതസിനെ മുഖ്യമായും ആശ്രയിക്കുന്ന കേരളത്തില്‍ സൈലന്റ് വാലി, പൂയംകുട്ടി, അതിരപ്പിള്ളി തുടങ്ങിയ ജലവൈദ്യുത പദ്ധതികള്‍ക്ക് തടസം നേരിട്ടത് വൈദ്യുതി ഉല്പാദനരംഗത്ത് പിന്നോട്ടടി ഉണ്ടാക്കി. ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉല്പാദനത്തിലൂടെ കുറഞ്ഞ നിരക്കില്‍ വൈദ്യുത വിതരണം നടത്താന്‍ കഴിയുന്ന സ്ഥിതിയാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ നാഫ്താ-ഡീസല്‍ അധിഷ്ഠിത നിലയങ്ങളായ കായംകുളം, കൊച്ചിന്‍-ബി.എസ്.ഇ.എസ്, ബ്രഹ്മപുരം, കോഴിക്കോട്, കാസര്‍കോഡ്-കെപി.സി.എല്‍ തുടങ്ങിയ നിലയങ്ങള്‍ കേരളത്തില്‍ സ്ഥാപിതമായതോടുകൂടി വൈദ്യുതി ഉല്പാദന നിരക്ക് വലിയതോതില്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുണ്ടായത്. വൈദ്യുതി ഉല്പാദന നിരക്ക് ഒരു പരിധിവരെയെങ്കിലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമായിരുന്ന പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ അടക്കമുള്ള ഇടത്തരം-ചെറുകിട ജലവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. എല്ലാ അനുമതികളും ലഭിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയിരുന്ന ഏകദേശം 500 മെഗാവാട്ട് ശേഷി വരുന്ന ഈ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ വൈദ്യുതി ഉല്പാദന നിരക്ക് നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ഏറെ സഹായകരമാകും.
കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ മൂന്നില്‍ രണ്ടുഭാഗവും സംസ്ഥാനത്തിനു പുറത്തുനിന്നും കൊണ്ടുവരേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. വൈദ്യുതി രംഗത്തെ പരിഷ്കരണങ്ങളിലൂടെ ഉല്പാദന നിലയങ്ങള്‍ അതിവേഗം സ്വകാര്യമേഖലയ്ക്ക് വഴിമാറുകയാണ്. വൈദ്യുതി കച്ചവടത്തിനായി പവര്‍ എക്സ്ചേഞ്ചുകളും സജീവമായി. വൈദ്യുതി ക്ഷാമം പൊതുവില്‍ അനുഭവപ്പെടുന്ന ഇന്ത്യന്‍ വിപണിയില്‍ സ്വകാര്യ മേഖലയ്ക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമായി വേനല്‍കാലങ്ങള്‍ മാറിയിരിക്കുന്നു. ഉല്പാദന നിരക്കുമായി യാതൊരു ബന്ധവുമില്ലാതെ കരിഞ്ചന്തയില്‍ നിന്നും ചരക്കു വാങ്ങുന്നതുപോലെ വൈദ്യുതി വാങ്ങുന്നതിന് വിതരണ യൂട്ടിലിറ്റികള്‍ നിര്‍ബന്ധിതമായിരിക്കുന്നു. കേരളത്തിന് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ മിതമായ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിയുന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കി ആഭ്യന്തര വൈദ്യുതി ഉല്പാദനം വര്‍ധിപ്പിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം.

കല്‍ക്കരി നിലയം അനിവാര്യം
ഇന്ത്യയില്‍ വൈദ്യുതി ഉല്പാദനത്തിന്റെ ഏറിയ ഭാഗവും നിര്‍വ്വഹിക്കപ്പെടുന്നത് കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ജലസ്രോതസുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിയുന്ന സ്രോതസാണ് കല്‍ക്കരി. വരുന്ന അരനൂറ്റാണ്ടു കാലത്തേയ്ക്ക് ഇന്ത്യന്‍ ആവശ്യകത നിറവേറ്റുന്നതിനുള്ള കല്‍ക്കരി നിക്ഷേപം ഇന്ത്യയില്‍ ലഭ്യമാണ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രകൃതിവാതകം അടിസ്ഥാനമാക്കി വന്‍തോതിലുള്ള വൈദ്യുതി ഉല്പാദനം സാധ്യമാണെങ്കിലും ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് മിതമായ നിരക്കില്‍ വൈദ്യുതി ഉല്പാദനം അസാധ്യമാക്കുന്നു. പ്രകൃതിവാതകത്തിന്റെ ആഭ്യന്തര ഉല്പാദന കേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയുടെ പിടിയിലമര്‍ന്നതോടു കൂടി ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിനും ഉല്പാദനചിലവുമായി ബന്ധമില്ലാതെ അന്തര്‍ദേശീയ വിലയുമായി ബന്ധപ്പെടുത്തി വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയും ഇന്ത്യന്‍ വൈദ്യുതി ആവശ്യകതയുടെ നാമമാത്രമായ അനുപാതമാണ് നിറവേറ്റുന്നത്.
കേരളത്തിന്റെ ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുക്കുമ്പോള്‍ ആണവ നിലയത്തിനുള്ള സാധ്യതയും കുറവാണ്. കാറ്റ്, സോളാര്‍ തുടങ്ങിയ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനത്തിനും പരിമിതിമായ സാഹചര്യമാണുള്ളത്. സംസ്ഥാനത്തിനു പുറത്തു നിന്നും വൈദ്യുതി വാങ്ങുക എന്നുള്ളത് പലപ്പോഴും വിലകൂടിയ വൈദ്യുതി വാങ്ങുന്നതിലേക്കാണ് എത്തിയ്ക്കുക. സംസ്ഥാനത്തിനകത്തു തന്നെ ഉല്പാദിപ്പിക്കുന്ന വിലകൂടിയ വൈദ്യുതി വാങ്ങി വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നാഫ്ത-ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനത്തിനകത്ത് വില കൂടിയ വൈദ്യുതി ഉല്പാദിപ്പിക്കുന്ന നിലയങ്ങളിലെ വൈദ്യുതിയുടെ ഉല്പാദന നിരക്ക് (പട്ടിക 2) ശ്രദ്ധിക്കുന്നത് മിതമായ നിരക്കിലുള്ളവൈദ്യുതി ഉല്പാദന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കും.
കേരളത്തിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായ വൈദ്യുതി ഉല്പാദന സ്രോതസ് ജലവൈദ്യുത പദ്ധതികളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കേരളത്തിന്റെ വൈദ്യുതി ആവശ്യകത പരിഗണിക്കുമ്പോള്‍ കേരളത്തില്‍ സാധ്യമായിട്ടുള്ള എല്ലാ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയായാലും ആവശ്യകത നിറവേറ്റാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ മറ്റു വന്‍കിട വൈദ്യുത ഉല്പാദന കേന്ദ്രങ്ങള്‍ അനിവാര്യമാണ്. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് അടിസ്ഥാന ഘടകങ്ങളിലൊന്നാണ് വൈദ്യുതി എന്ന നിലയില്‍ മിതമായ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള നിലയങ്ങളാണ് കേരളത്തില്‍ വരേണ്ടത്. ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന ഇന്ധനം എന്ന നിലയിലും മിതമായ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും എന്ന നിലയിലും ഒരു വന്‍കിട കല്‍ക്കരി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി കേരളത്തിനു സ്വീകരിക്കാന്‍ കഴിയുന്ന പ്രധാന മാര്‍ഗം.
പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നവയാണ് കല്‍ക്കരി നിലയങ്ങള്‍ എന്ന പ്രചാരണം പരിസ്ഥിതി സംഘടനകളും പദ്ധതികളെ എതിര്‍ക്കുന്നവരും ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരായുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്താന്‍ വൈദ്യുതി ബോര്‍ഡിനും ഗവണ്മെന്റിനും കഴിയണം. പരിസ്ഥിതി മലിനീകരണം ഇല്ലാത്ത പുതുതലമുറ കല്‍ക്കരി നിലയങ്ങള്‍ ഇന്ത്യയിലെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്, പുതിയവ ഉയര്‍ന്നുവരുന്നുമുണ്ട്. അത്തരം നിലയങ്ങള്‍ പൊതു ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് കല്‍ക്കരി നിലയങ്ങള്‍ക്കെതിരായി പരിസ്ഥിതി സംഘടനകളും പദ്ധതിവിരുദ്ധരും ഉയര്‍ത്തുന്ന കുപ്രചരണങ്ങള്‍ പൊളിച്ചുകാണിക്കുവാന്‍ കഴിയണം. കേരളത്തിന്റെ ദീര്‍ഘകാല വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മിതമായ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിയുന്ന സ്രോതസുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഒരു കല്‍ക്കരി നിലയം എന്നത് സാധ്യമാക്കാന്‍ കഴിയും.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1705
mod_vvisit_counterYesterday5105
mod_vvisit_counterThis Month106062
mod_vvisit_counterLast Month141147

Online Visitors: 79
IP: 54.158.15.97
,
Time: 08 : 33 : 35