KSEBOA - KSEB Officers' Association

Monday
Dec 11th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക

വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

NCCOEE (National Co-ordination Committee of Electricity Employees and Engineers)യുടെ ആഭിമുഖ്യത്തില്‍ 2014 സെപ്റ്റംബര്‍ 19ന് തിരുവനന്തപുരത്തെ ബി.ടി.ആര്‍ സ്മാരക ഹാളില്‍ നടന്ന വൈദ്യുതി ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം

NCCOEEEസാമൂഹ്യ വികസനത്തിന് അവശ്യം വേണ്ട പശ്ചാത്തല സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് വൈദ്യുതി. താങ്ങാവുന്ന നിരക്കില്‍ ഗുണമേന്‍മയുള്ള വൈദ്യുതി എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത് വൈദ്യുതി മേഖലയുടെ പ്രഥമ ലക്ഷ്യമാണ്. എന്നാല്‍ രാജ്യത്ത് വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന നയങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമല്ല. വൈദ്യുതിക്ഷാമം പരിഹരിക്കുക, കുറഞ്ഞ വിലക്ക് എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് 2003 ജൂണില്‍ ഇലക്ട്രിസിറ്റി ആക്ട് 2003 നടപ്പാക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കുക, വൈദ്യുതി ഉല്‍പാദനം ഡീലൈസന്‍സ് ചെയ്യുക, സ്വതന്ത്രമായ വൈദ്യുതി കമ്പോളം വികസിപ്പിക്കുക തുടങ്ങി വിവിധ പരിഷ്കരണങ്ങള്‍ രാജ്യമാകെ നടപ്പാക്കപ്പെട്ടു. എന്നാല്‍ കൂടുതല്‍ പ്രതിസന്ധിയിയിലേക്കാണ് ഇന്ത്യന്‍ വൈദ്യുതി മെഖല എത്തിപ്പെട്ടിരിക്കുന്നത്.


വൈദ്യുതി വില കുതിച്ചുയരുന്നു. വൈദ്യുതി ക്ഷാമം വര്‍ദ്ധിക്കുന്നു. സര്‍ക്കാരുകളുടെ സബ്സിഡിഭാരം വര്‍ദ്ധിക്കുമ്പോഴുംപൊതുമേഖലാ വൈദ്യുതി യൂട്ടിലിറ്റികളുടെ നഷ്ടം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. പൊതുമേഖലാ വിതരണ സ്ഥാപനങ്ങള്‍ കടുത്ത കടക്കെണിയിലേക്ക് വീഴുകയാണ്. കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം തന്നെ രാജ്യത്തെ വിതരണസ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം രണ്ടര ലക്ഷം കോടിയിലധികമാണ്. എല്ലാവര്‍ക്കും വൈദ്യുതി എന്നത് ഇപ്പോഴും വിദൂരസ്വപ്നമായി തുടരുകയാണ്. ഇന്ത്യയിലെ വൈദ്യുതി ലഭിച്ചിട്ടില്ലാത്തവരുടെ ആകെ എണ്ണം ഇപ്പോഴും 40 കോടിയിലധികമായി തുടരുകയാണ്. ഇന്ത്യന്‍ പ്രസരണ ശൃംഖലയുടെ പരിതാപകരമായ സ്ഥിതിയാണ് 2012 ജൂലൈ മാസത്തിലുണ്ടായ ഗ്രിഡ് തകര്‍ച്ച പുറത്തുകൊണ്ടുവന്നത്. വൈദ്യുതിക്കമ്മി മുതലെടുത്ത് വലിയ ലാഭം ഉണ്ടാക്കുന്ന സ്വകാര്യ വൈദ്യുതി ഉല്‍പാദകക്കമ്പനികള്‍മാത്രമാണ് നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്നത്. എന്നാല്‍ ഈ നയങ്ങള്‍ തിരുത്തുന്നതിന് പകരം ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടുതല്‍ ദ്രോഹകരമായ വ്യവസ്ഥകളോടെ വൈദ്യുതി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.


വൈദ്യുതി വിതരണ മേഖലയെ "കണ്ടന്റും കാര്യേജും" വേര്‍തിരിച്ച് വിതരണം, സപ്ലൈ എന്നിങ്ങനെ രണ്ടാക്കുകയാണ് ഈ ഭേദഗതിയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. വിതരണം എന്നതുകൊണ്ട് ലൈന്‍ നിര്‍മ്മാണം പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി നല്‍കുന്ന ജോലി സപ്ലൈയുടേതാണ്. ഇങ്ങിനെ ലൈന്‍ ബിസിനസ്സില്‍ നിന്ന് വ്യത്യസ്ഥമായി സപ്ലൈക്ക് പ്രത്യേകം ലൈസന്‍ന്‍സ് നല്‍കാനും ഒരേ സ്ഥലത്ത് ഒന്നിലേറെ സപ്ലൈ ലൈസന്‍സുകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുമേഖലാ വിതരണ സ്ഥാപനത്തിന്റെ ചുമതല വൈദ്യുതി ശൃംഖലയുടെ നിര്‍മ്മാണവും പരിപാലനവും മാത്രമായി ചുരുക്കാനും സ്വകാര്യമൂലധനശക്തികള്‍ക്ക് വൈദ്യുതി യഥേഷ്ടം കൊണ്ടുവന്ന് വിപണനം ചെയ്യുന്നതിന് അവസരമൊരുക്കാനുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ധനശേഷിയുള്ള ഉപഭോക്താക്കളെ ഇത്തരം സ്വകാര്യ ലൈസന്‍സികള്‍ കയ്യടക്കും. ബാക്കിവരുന്ന സാധാരണ ഉപഭോക്താക്കളുടെ ചുമതല നിര്‍വഹിക്കാന്‍ ബാദ്ധ്യതപ്പെടുന്ന പൊതുമേഖല കടുത്ത നഷ്ടത്തിലും തകര്‍ച്ചയിലും എത്തും. ഇതോടൊപ്പം സ്വകാര്യ ഫ്രാഞ്ചൈസി സംവിധാനം വ്യാപകമാക്കാനും നിര്‍ദ്ദേശമുണ്ട്.


റഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിലും കമ്മീഷനുകള്‍ക്ക് നയപരമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ടായിരുന്ന അധികാരം പരിമിതപ്പെടുത്തുന്നതടക്കം രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തെത്തന്നെ അപകടപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളും വൈദ്യുതി നിയമ ഭേദഗതിയിലൂടെ മുന്നോട്ടുവെക്കുന്നുണ്ട്. കേന്ദ്ര താരീഫ് നയം നിര്‍ബന്ധമാക്കി വൈദ്യുതി വില അന്തര്‍ദ്ദേശീയ നിലവാരത്തിലേക്കുയര്‍ത്താനും സ്വകാര്യകുത്തകള്‍ക്ക് വലിയ ലാഭമുറപ്പുവരുത്താനുമാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. മൊത്തത്തില്‍ മൂലധന ശക്തികള്‍ക്ക് വൈദ്യുതി മേഖലയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കാനും ആധിപത്യം ഉറപ്പിക്കാനുമുള്ള അവസരമൊരുക്കലാണ് നിയമഭേദഗതി ചെയ്യുന്നത്.

വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളുടെ മറ്റൊരു പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന കരാര്‍വല്‍ക്കരണം. ഈ രംഗത്തെ സ്ഥിരം തൊഴിലാളികളുടെ എണ്ണം നിരന്തരമായി കുറയുകയാണ്. മര്‍മ്മപ്രധാന മേഖലകളില്‍പ്പോലും താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. ഇത് വൈദ്യുതി സുരക്ഷയെപ്പോലും ഗുരുതരമായി ബാധിക്കുകയാണ്. യാതൊരു തൊഴില്‍സുരക്ഷയും ലഭിക്കാതെ വളരെ പരിതാപകരമായ സ്ഥിതിയാണ് കരാര്‍ത്തൊഴിലാളികള്‍ അനുഭവിക്കുന്നത്. മിനിമം കൂലിപോലും നിഷേധിച്ചുകൊണ്ടുള്ള കാരാര്‍വല്‍ക്കരണം വൈദ്യുതി മേഖലയെ അരക്ഷിതാവസ്ഥയിലേക്കു നയിക്കുകയാണ്.


വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന പരിഷ്കരണങ്ങള്‍ ജനങ്ങളുടെ ഊര്‍ജ്ജത്തിനുള്ള അവകാശം നിഷേധിക്കുകയാണ്. എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം ഉപേക്ഷിക്കപ്പെടുന്നു. ഇപ്പോള്‍ വൈദ്യുതി ഉപഭോക്താക്കളായിരിക്കുന്നവര്‍തന്നെ അത് ഉപയോഗിക്കാനാകാത്ത നിലയിലേക്ക് മാറുന്നു. സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാകുകയാണ്. വൈദ്യുതി നിരക്കിന്റെ അനിയന്ത്രിതമായ വര്‍ദ്ധനവ് കാര്‍ഷിക വ്യവസായ മേഖലകളെയാകെ തകര്‍ക്കുകയാണ്. ബഹുജനങ്ങളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ ഈ സാഹചര്യത്തെ നേരിടാന്‍ കഴിയൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കര്‍ഷകരേയും ചെറുകിട ഉല്‍പാദകരേയുമൊക്കെ ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.


ഈ സാഹചര്യത്തില്‍

 

  • വൈദ്യുതി നിയമം 2003 പുനഃപരിശോധിക്കുക
  • വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക
  • കരാര്‍ തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക.ള്‍ക്ക് തുല്യജോലിക്ക് തുല്യവേതനവും മറ്റ് സാമൂഹ്യ സംരക്ഷണ സംവിധാനവും നല്കുക
  • ആവശ്യത്തിന് വൈദ്യുതി താങ്ങാവുന്ന വിലയ്ക്ക് നിശ്ചിത വോള്‍‍‍ട്ടേജില്‍ തടസ്സമില്ലാതെ എല്ലാവര്‍ക്കും നല്കുക

എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ കണ്‍വെന്‍ഷന്‍ മുഴുവന്‍ വൈദ്യുതിജീവനക്കാരോടും അഭ്യര്‍ത്ഥിക്കുന്നു. NCCOEE നേതൃത്വത്തില്‍ നടക്കുന്ന ദേശീയപ്രക്ഷോഭത്തിന് ഈ കണ്‍വെന്‍ഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഈ പ്രക്ഷോഭങ്ങളില്‍ അണിചേരാന്‍ മുഴുവന്‍ ബഹുജനങ്ങളോടും ഈ കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3289
mod_vvisit_counterYesterday4499
mod_vvisit_counterThis Month50687
mod_vvisit_counterLast Month130619

Online Visitors: 53
IP: 54.196.201.241
,
Time: 18 : 42 : 19