KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നല്ല നാളുകള്‍

നല്ല നാളുകള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Ache din2014 മേയില്‍ അധികാരത്തിലേക്ക് വന്നപ്പോള്‍ ശ്രീ. നരേന്ദ്രമോദി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് "നല്ല നാളുകള്‍". ഒരു ദേശീയ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്താനും വാഗ്ദാനങ്ങള്‍ നിറവേറ്റിയോ എന്ന് പരിശോധിക്കാനും കഴിഞ്ഞ 6 മാസങ്ങള്‍ തീരെ പര്യാപ്തമല്ല. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ നയ പരിപാടികളും ദിശാബോധവും വ്യക്തമാക്കാന്‍ മതിയായ കാലയളവ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. നയ പരിപാടികള്‍ മുന്‍ യു.പി.എ ഗവണ്‍മെന്റിന്റേത് തന്നെ എന്ന് ഏറെക്കുറെ എല്ലാവര്‍ക്കും വ്യക്തമാണ്. പുതുമ അവകാശപ്പെടാവുന്ന ഒന്ന് ഭാരതം മാലിന്യ മുക്തമാക്കാനുള്ള പരിപാടി മാത്രമാണ്. എന്നാല്‍ ഇത് നയപരമെന്നതിനേക്കാള്‍ കര്‍മ്മ പരിപാടി എന്ന നിലയില്‍ കാണേണ്ട ഒന്നാണ്. പിന്നെ എന്താണ് ഈ ഗവണ്‍മെന്റിന് വ്യത്യസ്തമാക്കുന്നത്? പ്രത്യേകിച്ചും ഗവണ്‍മെന്റിനനുകൂലമായ പൊതുസമ്മതി നിലനില്ക്കുന്നുവെന്ന മാധ്യമ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തതയെന്തെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.


    ആദ്യം മനസ്സിലേക്ക് എത്തുന്നത് വിരമിച്ച ഒരു മുതിര്‍ന്ന ഉദ്യാഗസ്ഥന്‍ തന്റെ സര്‍വ്വീസ് കാലയളവിനെ കുറിച്ച് ഒരിക്കല്‍ പ്രകടിപ്പിച്ച അഭിപ്രായമാണ്. കാര്യക്ഷമത തെളിയിച്ച ഉദ്യാഗസ്ഥന്‍ എന്ന നിലയ്ക്ക് പ്രശസ്തനായിരുന്നു അദ്ദേഹം. തന്റെ സല്‍പ്പേരിന് ഏറ്റവും പ്രധാന കാരണം ഭാഗ്യവശാല്‍ പല ഓഫീസിലും തനിക്കുണ്ടായിരുന്ന മുന്‍ഗാമികളായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. താന്‍ ജോലി ചെയ്ത പ്രധാനപ്പെട്ട ചില ഉയര്‍ന്ന ഓഫീസുകളിലെ മുന്‍ഗാമികള്‍, ഒന്നുകില്‍ തീരെ ജോലിയില്‍ ശ്രദ്ധ ചെലുത്താത്തവര്‍ അല്ലെങ്കില്‍ മോശമായ മാനേജര്‍മാരോ ആയിരുന്നതിനാല്‍ ഗണ്യമായ മാറ്റം തന്റെ പ്രവര്‍ത്തന കാലയളവില്‍ അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നാണ് നിരീക്ഷണം. ഈ നിരീക്ഷണം ഇപ്പോഴത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ കാര്യത്തില്‍ വളരെ പ്രസക്തമാണ്. എണ്ണിയാലൊടുങ്ങാത്ത അഴിമതി കുംഭകോണങ്ങളും, കെടുകാര്യസ്ഥതയും, ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയില്ലായ്മയും, നയ രാഹിത്യവും (Policy Paralysis എന്നായിരുന്നല്ലോ യു. പി. എ ഗവണ്‍മെന്റിന്റെ അവസാന രണ്ട് വര്‍ഷത്തെ വിശേഷിപ്പിച്ചിരുന്നത്) ആയിരുന്നു കഴിഞ്ഞ യു. പി. എ ഗവണ്‍മെന്റിന്റെ ബാക്കി പത്രം. ഈയിടെ മുതിര്‍ന്ന ബി. ജെ. പി നേതാവ് ശ്രീ. എല്‍. കെ. അഡ്വാനി അഭിപ്രായപ്പെട്ടത്, തങ്ങളുടെ **തെരഞ്ഞെടുപ്പ് നേട്ടത്തിന്റെ മുഖ്യകാരണം കഴിഞ്ഞ യു. പി. എ ഗവണ്‍മെന്റിന്റെ അഴിമതി പരമ്പരയാണെന്നാണ്. കൂടുതല്‍ പ്രധാനപ്പെട്ട കാര്യം, തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറം പുതിയ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുസമ്മതിയെന്ന പ്രതീതിക്ക് കളമൊരുക്കുന്നതും യു. പി. എ ഗവണ്‍മെന്റിനെ കുറിച്ചുള്ള ഇനിയും വിസ്മൃതമാവാത്ത ജനങ്ങളുടെ അവമതിപ്പ് തന്നെയാണ്.


    ഒപ്പം ശ്രീ. നരേന്ദ്രമോദിയുടെ മേല്‍നോട്ടത്തിലുള്ള പ്രചാരണ സംവിധാനങ്ങള്‍ സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി ഇന്ത്യയിലെ ഇടത്തരക്കാരുമായി നേരിട്ട് സംവദിക്കുന്നതില്‍ കാണിക്കുന്ന മിടുക്കും കൂടുതല്‍ പ്രസക്തമാണ്. വിദേശ സന്ദര്‍ശനങ്ങളില്‍ മാധ്യമപ്പടയെ മോദി അവഗണിച്ച് ഒഴിവാക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ള തെരഞ്ഞെടുത്ത വിവരങ്ങള്‍ ഇന്ത്യക്കാരിലേക്ക് ഫലപ്രദാമായി എത്തിക്കാന്‍ ഈ സംവിധാനത്തിന് കഴിയുന്നുണ്ട്. തങ്ങള്‍ക്ക് അനുഗുണമല്ലാത്ത വസ്തുതകള്‍ മുഖ്യവാര്‍ത്തയാകാതിരിക്കുന്നതിനും ഈ സംവിധാനം ഫലപ്രദമാണെന്നാണ് കാണുന്നത്. ഉദാഹരണത്തിന് മോദിയുടെ യു. എസ് സന്ദര്‍ശന വേളയിലെ മാഡിസണ്‍ സ്ക്വയര്‍ പ്രസംഗം വലിയ വാര്‍ത്തയായപ്പോള്‍ ഇന്ത്യയുടെ പേറ്റന്റ് നയം (പ്രത്യേകിച്ചും ഔഷധ നിര്‍മ്മാണം സംബന്ധിച്ചുള്ളവ) അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായി തിരുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത് വാര്‍ത്തയേ ആയില്ല. വളരെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.     


    ഇന്ത്യന്‍ ജനതയ്ക്ക് ഈ രണ്ട് വാര്‍ത്തകളില്‍ ഏതാണ് മുഖ്യം ? മറ്റൊരു രാജ്യത്ത് പോയി, അവിടെയുള്ള ഇന്ത്യക്കാരുടെ മുന്നില്‍ നമ്മുടെ പ്രധാനമന്ത്രി നടത്തിയ വാചകമടിയോ ഇന്ത്യന്‍ ജനതയുടെ ആരോഗ്യ സുരക്ഷ അപകടപ്പെടുത്തുന്ന നയ വ്യതിയാനമോ? പലപ്പോഴും ഭരണാധിപന്‍ എന്ന നിലയ്ക്ക് കൈക്കൊള്ളുന്ന നടപടികളേക്കാള്‍ വാഗ്ധാടിയും അമിതമായ അവകാശവാദങ്ങളുള്ള പ്രചാരകന്റെ തലത്തിലുള്ള മോദിയുടെ പരിപാടികളാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
    ഈ പ്രചാരണ കോലാഹലങ്ങളുടെ മറ്റൊരു മുഖമാണ് 'ശുചിത്വ ഭാരത ക്യാമ്പയിന്‍'. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഒക്ടോബര്‍ 2 ന് ശുചിത്വ ഭാരത ക്യാമ്പയിന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടന്നത്. ഇതേ പ്രസംഗത്തിലാണ് പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുള്ളത്. നയപരമായി സുപ്രധാന ചുവടുമാറ്റമാണ് ഈ തീരുമാനം വ്യക്തമാക്കിയത്. സമ്പദ്ഘടനയുടേയും രാജ്യത്തിന്റെയും ആസൂത്രിതമായ വികസനത്തിന് പകരം കമ്പോളം എല്ലാറ്റിന്റെയും നിയന്ത്രണം നിര്‍വ്വഹിക്കുമെന്ന ചുവടുമാറ്റം. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഈ തീരുമാനം അധികമാരും അറിയാതെയും ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്യാതെ നടപ്പാക്കി വരുന്നു. എന്നാല്‍ ശുചിത്വ ഭാരത ക്യാമ്പയിന്‍ ആകട്ടെ വലിയ പ്രചാരണ കോലാഹലത്തിലൂടെ ഇന്ത്യക്കാരുടെയാകെ അടുത്തെത്തുന്നു.


    ഇന്ത്യയില്‍ നിര്‍മ്മിക്കൂ (Make in India) എന്നതാണ് പ്രചാരണ കോലാഹലത്തോടെ വരുന്ന മറ്റൊരു പരിപാടി. ഇവിടെ പിന്നിലേക്ക് പോകുന്നത് ഇന്ത്യയില്‍ നിര്‍മ്മിച്ചത് (Made in India) എന്ന ബ്രാന്‍ഡാണ്. ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവ ശേഷിയും ചുരുങ്ങിയ ചെലവില്‍ ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് താലത്തില്‍ വെച്ച് നല്‍കുന്നതിനുള്ള ഒരുക്കമാണ് നടക്കുന്നത്. മനുഷ്യവിഭവത്തിന്റെ വിലപേശല്‍ ശേഷി ശോഷിപ്പിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ ആകെ അഴിച്ചുപണിയുന്ന തീരുമാനം വന്നു കഴിഞ്ഞു. കല്‍ക്കരി വാണിജ്യാവശ്യത്തിന് ഖനനം ചെയ്യുന്നതിന് സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കിയുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയെ വികസിത ലോകത്തിന്റെ പിന്നാമ്പുറമാക്കാന്‍ പര്യാപ്തമായ നീക്കങ്ങളാണ് കാണുന്നത്. എന്നാല്‍ വലിയ കുതിച്ചു ചാട്ടം ഇന്ത്യക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പ്രചാരണ കോലാഹലങ്ങളുടെ പിന്‍ബലത്തിലാണ് ഇവ നടപ്പാക്കി വരുന്നത്.


    പുതിയ ഗവണ്‍മെന്റിന്റെ നയ പരിപാടി വ്യക്തമാക്കുന്നതായിരുന്നു ബജറ്റവതരണം. ബാങ്കിങ്ങ് മേഖലയിലെ സ്വകാര്യ പങ്കാളിത്തം, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം, പ്രതിരോധ രംഗത്തും വിദേശ നിക്ഷേപം, പ്രധാനപ്പെട്ട എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടേയും ത്വരിത ഗതിയിലുള്ള ഓഹരി വിറ്റഴിക്കല്‍ എന്നിവയെല്ലാം ഘട്ടം ഘട്ടമായി നടപ്പാക്കി വരുന്നു. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ഇപ്പോള്‍ വന്നിട്ടുണ്ട്. വൈദ്യുതി മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീര്‍ എഴുതാന്‍ ഇടയാക്കുന്ന നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നു.


    പക്ഷേ മന്‍മോഹന്‍ സിങ് കാട്ടിയ അബദ്ധം നരേന്ദ്രമോദി ആവര്‍ത്തിക്കുന്നില്ല. സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ സിങ് തന്റെ സാമ്പത്തിക നയങ്ങള്‍ പൂര്‍ണ്ണമായും ശരിയെന്ന് കരുതി നടപ്പാക്കാന്‍ ശ്രമിച്ചത് കൊണ്ട്, അവയെപ്പറ്റി ദീര്‍ഘമായി സംസാരിക്കാന്‍ കിട്ടുന്ന സന്ദര്‍ഭമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. തന്റെ നയങ്ങളുടെ യുക്തി ഇന്ത്യന്‍ ജനതയെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം ആയിരുന്നു അത്. അതിനാല്‍ അത് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ മോദിയാകട്ടെ ദുഷ്കരമായ ഒരു സാമ്പത്തിക നയത്തെകുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. നിശബ്ദമായി, എന്നാല്‍ കൂടുതല്‍ തീവ്രമായി അത് നടപ്പാക്കുന്നു. ഒപ്പം എളുപ്പം കൈയ്യടി നേടാവുന്ന പ്രചാരണ പരിപാടികളുടെ മുന്നില്‍ നിന്ന് അവയിലേക്ക് ജനശ്രദ്ധയാകെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സമര്‍ത്ഥമായ ഫാസിസ്റ്റ് ഭരണ രീതിയാണിത്. എല്ലാ ഫാസിസ്റ്റ് ഭരണാധികാരികളും ജനങ്ങളിലേക്ക് എത്തുന്ന പ്രചാരണ രീതികളുടെ പ്രാധാന്യവും കര്‍മ്മവും തിരിച്ചറിഞ്ഞവരാണ്. ഒപ്പം മുതലാളിത്ത നയങ്ങള്‍ തീവ്രമായി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരും.


    ദേശീയ തലത്തില്‍ ഉരുത്തിരിയുന്ന ഭരണക്രമം വാഗ്ദാനം ചെയ്യുന്ന നല്ല നാളുകള്‍ ആര്‍ക്കുള്ളതാണെന്ന ആശങ്ക ഉയരുന്നത് ഈ സാഹചര്യത്തിലാണ്. ബാങ്കിങ്ങ് - കല്‍ക്കരി മേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിലേക്ക് പോകുന്നത് നാം കണ്ടു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദേശീയ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വൈദ്യുതി തൊഴിലാളികളും ദേശീയ പ്രക്ഷോഭത്തിന് നിര്‍ബന്ധിതമാണ്. നാടനും വിദേശിയുമായ കോര്‍പ്പറേറ്റുകളുടെ 'നല്ല കാലം' തൊഴിലെടുക്കുന്നവര്‍ക്ക് ആശ്വാസകരമാവില്ല എന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങള്‍ക്ക് കളം ഒരുക്കുന്നത്.


    പുതിയ കാലം പുതിയ പ്രക്ഷോഭ രീതികളും ആവശ്യപ്പെടുന്നുണ്ട്. ഏകപക്ഷീയവും കാതടപ്പിക്കുന്നതുമായ ഭരണകൂട പ്രചാരണങ്ങളെ നേരിടാന്‍ പര്യാപ്തമായ പ്രചാരണ പ്രക്ഷോഭ രീതികള്‍ കാലം മുന്നോട്ട് വെയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1204
mod_vvisit_counterYesterday4115
mod_vvisit_counterThis Month85694
mod_vvisit_counterLast Month141147

Online Visitors: 50
IP: 54.158.15.97
,
Time: 07 : 28 : 45