KSEBOA - KSEB Officers' Association

Sunday
Oct 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സപ്ലൈകോഡ് 2014 പുറത്തിറങ്ങി

സപ്ലൈകോഡ് 2014 പുറത്തിറങ്ങി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

സപ്ലൈ മാനദണ്ഡങ്ങള്‍
Supply Code 2014വൈദ്യുതി വിതരണ ശൃംഖലയുടെ കാര്യക്ഷമമായ പരിപാലനത്തോടൊപ്പം ആവശ്യാനുസരണം ശൃംഖല വികസിപ്പിക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് ലൈസന്‍സികളില്‍ നിക്ഷിപ്തമായിരിക്കുന്നു. എല്‍.റ്റി, എച്ച്.റ്റി, ഇ.എച്ച്.റ്റി എന്നീ വോള്‍ട്ടേജ് തലങ്ങള്‍ നിലവിലുള്ളതില്‍ നിന്നും മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റി (CEA) 2010ല്‍ ഇറക്കിയിട്ടുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ തലങ്ങളിലും ബാധകമാക്കിയിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ളതില്‍ നിന്നും താഴ്ന്ന വോള്‍ട്ടേജില്‍ സപ്ലൈ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ലോ വോള്‍ട്ടേജ് സപ്ലൈ സര്‍ചാര്‍ജ് ഈടാക്കുവാനും ഉയര്‍ന്ന വോള്‍ട്ടേജ് ഉപയോഗിക്കുന്നവര്‍ക്ക് ഹൈവോള്‍ട്ടേജ് സപ്ലൈ റിബേറ്റ് നല്‍കുവാനും വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പവര്‍ ഇന്റന്‍സീവ് യൂണിറ്റുകള്‍ക്ക് അവരുടെ പൂര്‍ണ്ണ ചെലവില്‍ പ്രത്യേകം ഫീഡര്‍ നിര്‍മ്മിച്ചു മാത്രമേ പുതിയ കണക്ഷനുകള്‍ നല്‍കുകയുള്ളൂ. എല്ലാവിധ ഉപഭോക്താക്കള്‍ക്കും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി ശൃംഖലയുമായി കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. CEA, CERC, STU, SLDC, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങിയ ഏജന്‍സികുളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രമെ ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. വൈദ്യുതി കണക്ഷന്‍ നല്‍കുവാന്‍ സ്ഥാപിച്ചിട്ടുള്ള മീറ്ററും അനുബന്ധ ഉപകരണങ്ങളും യാതൊരു കേടുപാടുകളും കൂടാതെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഉപഭോക്താവില്‍ നിക്ഷിപ്തമായിരിക്കുന്നു. ലോഡ്ഷെഡിംഗും മറ്റു വൈദ്യുതി നിയന്ത്രണങ്ങളും റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതി കൂടാതെ നടത്തുവാന്‍ പാടില്ല. എന്നാല്‍ ചില അടിയന്തിര ഘട്ടങ്ങളില്‍ SLDC യുടെ നിര്‍ദ്ദേശാനുസരണം ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കമ്മീഷനു മുമ്പാകെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.

വൈദ്യുതി കണക്ഷന്‍ - പൊതു മാനദണ്ഡങ്ങള്‍


അപേക്ഷ കിട്ടുന്ന മുറക്ക് പുതിയ വൈദ്യുതി കണക്ഷനുകള്‍ സമയബന്ധിതമായി നല്‍കുവാന്‍ ലൈസന്‍സിക്ക് ബാധ്യതയുണ്ട്. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവും വൈദ്യുതി ഉപയോഗിക്കുന്നതിന്റെ ചാര്‍ജും റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച നിരക്കില്‍ ഉപഭോക്താവില്‍ നിന്നും വാങ്ങാവുന്നതാണ്. ഒരു മെഗാവാട്ടിനു മുകളില്‍ വൈദ്യുതി ആവശ്യകതയുള്ള ഉപഭോക്താക്കള്‍ ഇതിനായി നിലവിലെ വൈദ്യുതി ശൃംഖല വിപുലീകരിക്കുന്നതിനും ശേഷി കൂട്ടുന്നതിനുമുള്ള മുഴുവന്‍ ചെലവുകളും സ്വന്തമായി വഹിക്കേണ്ടതാണ്. ഗാര്‍ഹിക-വാണിജ്യ വ്യവസായ കെട്ടിടസമുച്ഛയങ്ങള്‍ക്കും മേല്‍ പറഞ്ഞ നിബന്ധന ബാധകമാണ്. നിലവിലുള്ള ഉപഭോക്താക്കളുടെ അധിക വൈദ്യുതി ആവശ്യകത പരിഗണിക്കുമ്പോഴും ഇതു് ബാധകമാണ്. ഒരു മെഗാവാട്ടില്‍ താഴെ മാത്രം വൈദ്യുതി ആവശ്യകതയുള്ളപ്പോള്‍ പ്രസ്തുത ചെലവുകള്‍ ലൈസന്‍സികള്‍ സ്വന്തമായി വഹിക്കുന്നതും ഓരോ ഉപഭോക്താവിനും മാത്രമായി വൈദ്യുതി നല്‍കുന്നതിനു വേണ്ട സര്‍വ്വീസ് ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന ചെലവ് ഉപഭോക്താവ് വഹിക്കേണ്ടതും ആകുന്നു. എന്നാല്‍ ഹൈറൈസ് കെട്ടിടങ്ങള്‍, പവര്‍ ഇന്റന്‍സീവ് യൂണിറ്റുകള്‍, പ്രത്യേക ഫീഡറിലൂടെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ എന്നീ വിഭാഗങ്ങള്‍, അവരുടെ ആവശ്യകത ഒരു മെഗാവാട്ടില്‍ താഴെ ആണെങ്കിലും ഇതിനു വേണ്ടിവരുന്ന മുഴുവന്‍ ചെലവുകളും വഹിക്കേണ്ടതാകുന്നു.
വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എല്ലാ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കേണ്ടതും ലൈസന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കേണ്ടതുമാകുന്നു.
വില്പന നടന്നുകഴിഞ്ഞ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ കുടിശിഖകള്‍ പഴയ ഉപഭോക്താവില്‍ നിന്നും മാത്രമെ ഈടാക്കാവൂ എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിനായി പഴയ വൈദ്യുതി കണക്ഷന്‍ അഴിച്ചെടുത്ത് കുടിശിഖ ഈടാക്കാനുള്ള നടപടി തുടങ്ങാവുന്നതാണ്. കെട്ടിടത്തിന്റെ പുതിയ ഉടമ വൈദ്യുതി ആവശ്യപ്പെടുന്നപക്ഷം വൈദ്യുതി കുടിശിഖയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റ് ആയി ലൈസന്‍സിയില്‍ കെട്ടിവെക്കേണ്ടതും പഴയ ഉടമസ്ഥനും ലൈസന്‍സിയും തമ്മില്‍ കുടിശിഖയില്‍ തീര്‍പ്പുണ്ടായതിനു ശേഷമോ മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനു ശേഷമോ പ്രസ്തുത ഡെപ്പോസിറ്റ് തുക പലിശസഹിതം പുതിയ ഉടമസ്ഥന് തിരികെ നല്‍കേണ്ടതും ആകുന്നു. കുടിശിഖയുള്ള വൈദ്യുതി കണക്ഷനുകള്‍ ഉഭയകക്ഷി സമ്മതപ്രകാരം കുടിശിഖ തീര്‍ത്ത് പുതിയ ഉടമസ്ഥന്റെ പേരിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്.


പഴയ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള വൈദ്യുതി കണക്ഷന്‍ അഴിച്ചെടുത്ത് കുടിശിഖ തീര്‍ക്കേണ്ടതാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണാവശ്യത്തിനായി പുതിയ കണക്ഷന്‍ എടുക്കാവുന്നതാണ്. എന്നാല്‍ BPL വിഭാഗത്തില്‍ പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ പഴയ വൈദ്യുതികണക്ഷന്‍ നിലനിറുത്തിക്കൊടുക്കുന്നതാണ്.


വൈദ്യുതി കണക്ഷനു് അപേക്ഷിച്ച വ്യക്തിക്ക് ഏതു സമയത്തും തന്റെ അപേക്ഷ പിന്‍വലിക്കാവുന്നതാണ്. വൈദ്യുതി എടുക്കുന്നതിനു് വിസമ്മതം പ്രകടിപ്പിച്ചാലോ അകാരണമായി വൈകിച്ചാലോ അപേക്ഷ റദ്ദാക്കാവുന്നതാണ്. അപേക്ഷകന്‍ അടച്ച തുകയില്‍ നിന്നും ലൈസന്‍സിക്ക് ചെലവായ ഭാഗം കിഴിച്ച് ബാക്കി തുക മടക്കി നല്‍കുന്നതാണ്.


വൈദ്യുതി കണക്ഷന്‍ ലഭ്യമായതിനു ശേഷം ഉപഭോക്താവിന്റെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് ലൈസന്‍സിയുടെ അനുമതി വാങ്ങണം. ലൈസന്‍സുള്ള വയറിംഗ് കോണ്‍ട്രാക്ടറെ കൊണ്ടു മാത്രം ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടതും ആവശ്യമായ ഫീസ് അടക്കേണ്ടതുമാണു്. ഉപഭോക്താവിന്റെ കെട്ടിടത്തിലുണ്ടാവുന്ന വൈദ്യുതി അപകടങ്ങള്‍ എത്രയും പെട്ടെന്ന് ലൈസന്‍സിയേയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേയും അറിയിക്കണം.
പുതിയ അപേക്ഷകരില്‍ നിന്നും, വൈദ്യുതി നല്‍കുന്നതിനും മീറ്റര്‍ സ്ഥാപിക്കുന്നതിനും റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച നിരക്കില്‍ സെക്യൂരിറ്റി തുക വാങ്ങാവുന്നതാണ്. സെക്യൂരിറ്റി തുക സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പുനപരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്താവുന്നതാണ്. സെക്യൂരിറ്റി തുകയ്ക്ക് ബാങ്ക് നിരക്കിലുള്ള പലിശ എല്ലാ വര്‍ഷവും ഉപഭോക്താവിനു് നല്‍കണം. പ്രതിമാസം 30 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന BPL ഗാര്‍ഹിക ഉപഭോക്താക്കള്‍ സെക്യൂരിറ്റി തുക നല്‍കേണ്ടതില്ല.

പ്രൊട്ടക്ടഡ് ലോഡ്


പ്രൊട്ടക്ടഡ് ലോഡ് പദവിയില്‍ വൈദ്യുതി ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് 11 KV ക്കോ അതിനു മുകളിലോ ഉള്ള പ്രത്യേക ഫീഡര്‍ നിര്‍മ്മിച്ച് മാത്രമേ കണക്ഷന്‍ നല്‍കുകയുള്ളൂ. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഈ വിഭാഗക്കാരെ ബാധിക്കില്ല. അറ്റകുറ്റപ്പണികള്‍ക്കായി ഫീഡര്‍ ഓഫ് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ഇവരെ മുന്‍കൂട്ടി വിവരം അറിയിക്കണം. പ്രൊട്ടക്ടഡ് ലോഡിനുമേല്‍ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന അധിക തുക ഇവരില്‍ നിന്നും ഈടാക്കുന്നതാണ്. വൈദ്യുതി കുടിശിഖയുള്ള സന്ദര്‍ഭങ്ങളില്‍ പ്രൊട്ടക്ടഡ് പദവി അനുവദിക്കുന്നതല്ല. അടിയന്തിര ഘട്ടങ്ങളില്‍ SLDC യുടെ വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം നോട്ടീസ് നല്‍കി പ്രൊട്ടക്ടഡ് ലോഡ് പദവി റദ്ദു ചെയ്യുന്നതാണ്.

 

സിംഗിള്‍ പോയിന്റ് സപ്ലൈ


ബഹുനില കെട്ടിടങ്ങള്‍, കോളനികള്‍, കെട്ടിട സമുച്ഛയങ്ങള്‍ എന്നിവിടങ്ങളില്‍ അനേകം വൈദ്യുതി ആവശ്യക്കാര്‍ ഉള്ളപ്പോള്‍ തന്നെ ലൈസന്‍സിയില്‍ നിന്നും സിംഗിള്‍ പോയിന്റ് സപ്ലൈ സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള താരിഫ് റഗുലേറ്ററി കമ്മീഷന്‍ പ്രത്യേകം നിശ്ചയിക്കേണ്ടതാണ്. ഓരോ വൈദ്യുതി ആവശ്യക്കാരനും പൊതു ആവശ്യത്തിനും പ്രത്യേകം സബ്മീറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കി ലാഭനഷ്ടം കൂടാതെ ഇവരില്‍ നിന്നും വൈദ്യുതിയുടെ ചെലവ് വാങ്ങാവുന്നതാണ്. ഇത്തരത്തില്‍ സിംഗിള്‍ പോയിന്റില്‍ വൈദ്യുതി വാങ്ങി ഓരോ ആവശ്യക്കാരനും വീതിച്ചു നല്കേണ്ടതും മൊത്തത്തിലുള്ള വൈദ്യുതിചാര്‍ജ് ലൈസന്‍സിയില്‍ അടക്കേണ്ടതും ഈ പ്രോജക്ടിന്റെ ഡവലപ്പറോ പ്രൊമോട്ടറോ ആയി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉത്തരവാദിത്തമാണ്. ഇത്തരം കെട്ടിട സമുച്ഛയങ്ങളിലെ ഏതെങ്കിലും ഒരു യൂണിറ്റില്‍ താമസിക്കുന്ന ഒരു ഉപഭോക്താവിന് അയാള്‍ ആഗ്രഹിക്കുന്ന പക്ഷം ലൈസന്‍സിയില്‍ നിന്നും നേരിട്ട് പ്രത്യേക കണക്ഷന്‍ എടുക്കാവുന്നതാണ്.

വൈദ്യുതി കണക്ഷന്‍ - നടപടിക്രമങ്ങള്‍


പുതിയ കണക്ഷനുള്‍പ്പെടെ വിവിധ വൈദ്യുതി ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളുടെ മാതൃക റഗുലേറ്ററി കമ്മീഷന്‍ ഇതോടൊപ്പം അനുബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അപേക്ഷാഫോമുകള്‍ ലഭിക്കുന്നതിനും പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ലൈസന്‍സിയുടെ ഓഫീസുകളില്‍ സൗകര്യമുണ്ടായിരിക്കണം. അപേക്ഷകള്‍ കിട്ടുന്ന മുറക്ക് തന്നെ പരിശോധിച്ച് പോരായ്മകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അപേക്ഷകനെ അപ്പോള്‍ തന്നെ രേഖാമൂലം അറിയിക്കേണ്ടതാകുന്നു. അപേക്ഷാ ഫീസ് സ്വീകരിക്കുന്ന സമയത്ത് അപേക്ഷകനുമായി കൂടിയാലോചിച്ച് അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലെ ഒരു തീയതി പരിശോധനക്കായി ഉറപ്പിക്കേണ്ടതും അപ്രകാരം അപേക്ഷകന്റെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ ടെസ്റ്റ്ചെയ്ത് കണക്ഷന്റെ ചെലവുകളും സെക്യൂരിറ്റി തുകയും മറ്റു ചെലവുകളും അടയ്ക്കുന്ന ക്രമത്തില്‍ തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കേണ്ടതാണ്. ഇതിനുള്ള സമയപരിധി ഒരു മാസമായി നിശ്ചയിച്ചിട്ടുണ്ട്.
എല്‍.റ്റി, എച്ച്.റ്റി എന്നീ വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ക്ക് താല്കാലിക കണക്ഷനുകള്‍ നല്‍കുന്നതാണ്. ഒരു വര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്കാണ് ഇങ്ങനെ നല്‍കുന്നത്. ഉപഭോക്താവ് ആവശ്യപ്പെടുന്ന പക്ഷം 2 വര്‍ഷം വരെ കാലാവധി നീട്ടി നല്‍കാവുന്നതാണ്. കാര്‍ഷികാവശ്യത്തിനുള്ള സീസണല്‍ ലോഡ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി കണക്ഷനും നല്‍കുന്നതാണ്. പുഞ്ച സ്പെഷ്യല്‍ ഓഫീസറുടെയോ മറ്റ് അംഗീകൃത ഉദ്യോഗസ്ഥന്റെയോ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത്തരം കണക്ഷനുകള്‍ നല്‍കുന്നത്.


തെരുവുവിളക്കിനുള്ള പുതിയ കണക്ഷനുകള്‍ നിര്‍ബന്ധമായും മീറ്റര്‍ മുഖാന്തിരം മാത്രമെ അനുവദിക്കുകയുള്ളൂ. നിലവില്‍ മീറ്റര്‍ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന മുഴുവന്‍ തെരുവുവിളക്കുകള്‍ക്കും 24 മാസത്തിനുള്ളില്‍ മീറ്റര്‍ സ്ഥാപിക്കേണ്ടതാണ്.


നിലവിലുള്ള കണക്ഷന്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനും, ലോഡ് വ്യത്യാസപ്പെടുത്തുന്നതിനും, വോള്‍ട്ടേജ് ലെവല്‍ മാറ്റുന്നതിനും കാറ്റഗറി മാറ്റുന്നതിനുമുള്ള നടപടി ക്രമങ്ങളും സമയപരിധികളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യപ്രകാരം വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ ലേബര്‍ചാര്‍ജ് ഉപഭോക്താവില്‍ നിന്നും തന്നെ ഈടാക്കാവുന്നതാണ്. ഒരു വര്‍ഷത്തിലധികം കാലം ഉപയോഗമില്ലാതെ കിടക്കുന്ന വൈദ്യുതിലൈനുകളും അനുബന്ധ ഉപകരണങ്ങളും 3 മാസത്തെ കാലയളവിനുള്ളില്‍ അഴിച്ചെടുക്കേണ്ടതാണ്. ഇതിനായി ലൈസന്‍സിയുടെ പ്രാദേശിക ഉദ്യോഗസ്ഥന്മാരെ പ്രത്യേകമായി അധികാരപ്പെടുത്തേണ്ടതാകുന്നു. കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്തുന്നതിന് ഉപഭോക്താവ് നല്‍കിയിട്ടുള്ള അപേക്ഷയില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലൈസന്‍സി തീര്‍പ്പ് കല്‍പ്പിക്കാത്ത പക്ഷം പ്രസ്തുത ലോഡ് വ്യത്യാസം അംഗീകരിക്കപ്പെട്ടതായി കണക്കാക്കുന്നതാണ്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday817
mod_vvisit_counterYesterday4639
mod_vvisit_counterThis Month101246
mod_vvisit_counterLast Month134230

Online Visitors: 59
IP: 54.81.79.128
,
Time: 04 : 02 : 37