KSEBOA - KSEB Officers' Association

Friday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വിതരണമേഖല നേരിടുന്ന വിഭജനഭീഷണി

വിതരണമേഖല നേരിടുന്ന വിഭജനഭീഷണി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Distributionവൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ ചൂടുപിടിച്ചിരിക്കുന്നു. ഭേദഗതികളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരു കാര്യത്തില്‍ യോജിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ വൈദ്യുതി നിയമം പരാജയമായിരുന്നു എന്നു സമ്മതിക്കുന്നതിലാണ് ഇരുകൂട്ടര്‍ക്കും യോജിപ്പ്. ഇനി എങ്ങനെ മുന്നോട്ടു പോകണം എന്നതിലാണ് ഇരുകൂട്ടരും വിയോജിക്കുന്നത്. പരിഷ്കരണ നടപടികള്‍ മയപ്പെടുത്താതെ വേഗത്തില്‍ നടപ്പാക്കണം എന്നാണ് ഭേദഗതികളെ അനുകൂലിക്കുന്നവരുടെ വാദം. തെറ്റായ പരിഷ്കരണ നടപടികളുടെ പാതയില്‍ നിന്ന് മാറി സഞ്ചരിക്കണമെന്നാണ് രണ്ടാമത്തെ കൂട്ടരുടെ ആവശ്യം. വൈദ്യുതി നിയമം 2003 നെ പിന്തുണച്ചിരുന്ന ധാരാളംവിഭാഗങ്ങള്‍ പുതിയ ഭേഗതിയിലെ പല നിര്‍ദ്ദേശങ്ങള്‍ക്കുമെതിരെ രംഗത്തു വന്നിട്ടുണ്ട്. പ്രത്യയശാസ്ത്ര തെളിമയേക്കാള്‍, അനുഭവങ്ങളാണ് അവരെ മാറി ചിന്തിപ്പിച്ചത്.
വൈദ്യുതി മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, നഷ്ടം കുറയ്ക്കുക, എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക, മല്‍സരത്തിലൂടെ വൈദ്യുതി നിരക്ക് കുറയ്ക്കുക എന്നിവ വൈദ്യുതി നിയമം 2003ന്റെ ലക്ഷ്യങ്ങളായിരുന്നു. ഈ ലക്ഷ്യങ്ങളിലേക്ക് അടുക്കാന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണ് പൊതുവായ വിലയിരുത്തല്‍. മാത്രമല്ല പല കാര്യങ്ങളിലും സ്ഥിതി മോശമാവുകയും ചെയ്തു.

വിതരണമേഖല മൂന്നാകും


വൈദ്യുതി വിതരണ മേഖലയെ കണ്ടന്റും ക്യാരേജുമായി വേര്‍തിരിക്കുക എന്നതാണ് ഭേദഗതികളിലെ പ്രധാനപ്പെട്ട ഇനം [പുതിയ സെക്ഷന്‍ 51 എ (2)]. വൈദ്യുതി കടത്തിക്കൊണ്ടു വരാനുള്ള ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും മറ്റ് അനുബന്ധ സാമഗ്രികളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജോലി മാത്രമായിരിക്കും വിതരണ ലൈസന്‍സിയുടേത്. ഒരു സ്ഥലത്ത് സാധാരണഗതിയില്‍ ഒരു വിതരണ ലൈസന്‍സി മാത്രമാണ് ഉണ്ടായിരിക്കുക. വൈദ്യുതി വാങ്ങി ഉപഭോക്താക്കള്‍ക്ക് വില്‍ക്കുക സപ്ലൈ ലൈസന്‍സികളായിരിക്കും. ഒരു സ്ഥലത്ത് ഒന്നിലേറെ സപ്ലൈ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സപ്ലൈ ലൈസന്‍സിയില്‍ നിന്ന് വൈദ്യുതി വാങ്ങാനാകും എന്നും വിഭാവനം ചെയ്യപ്പെടുന്നു.

വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സികള്‍ എന്നിവക്കു പുറമേ ഇന്റര്‍മീഡിയറി കമ്പനി എന്ന മൂന്നാമതൊരു വിഭാഗം കൂടി രൂപീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കരട് നിര്‍ദ്ദേശങ്ങളില്‍ ഇതില്ലായിരുന്നു. പുതിയ സെക്ഷന്‍ 12(1) പ്രകാരം ഇന്റര്‍മീഡിയറി കമ്പനിക്ക് ലൈസന്‍സ് ആവശ്യമില്ല. വൈദ്യുതി വാങ്ങല്‍ കരാറുകള്‍ കൈകാര്യം ചെയ്യുന്നതിലാണ് ഇന്റര്‍മീഡിയറി കമ്പനിയുടെ പ്രധാന പങ്ക്. വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സി, ഇന്റര്‍മീഡിയറി കമ്പനി എന്നിങ്ങനെ വൈദ്യുതി വിതരണ മേഖല മൂന്നായി പിരിയും എന്ന് സാരം .

ഒരു ശൃംഖല, പല ലൈസന്‍സികള്‍


വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കുവാനും പരിപാലിക്കുവാനും ചുമതലയുള്ള ഒരു വിതരണ ലൈസന്‍സി മാത്രമേ- പ്രത്യേക സാഹചര്യങ്ങളിലൊഴിച്ച് - ഒരു പ്രദേശത്ത് ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് സെക്ഷന്‍ 12(2) ലുള്ളത്. ഈ വിതരണ ശൃംഖലയിലൂടെയായിരിക്കും വിവിധ സപ്ലൈ ലൈസന്‍സികള്‍ ആ പ്രദേശത്ത് വൈദ്യുതി എത്തിച്ച് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക.


ഉദാഹരണത്തിന് കാറ്റാടിപ്പാറ എന്ന സ്ഥലത്തേക്ക് കാറ്റാടിപ്പാറ 11 കെ.വി ഫീഡറും, അവിടെ ആശുപത്രി ട്രാന്‍സ്ഫോര്‍മര്‍ എന്ന പേരില്‍ ഒരു ട്രാന്‍സ്ഫോര്‍മറും ഉണ്ടെന്നിരിക്കട്ടെ. അവിടുത്തെ സപ്ലൈ ലൈസന്‍സികള്‍ കെ.എസ്.ഇ.ബി.യും റിലയന്‍സുമാണെങ്കില്‍, ഇരുകൂട്ടരും വൈദ്യുതി കൊണ്ടുവന്നു കൊടുക്കാന്‍ ഉപയോഗിക്കുന്നത് കാറ്റാടിപ്പാറ ഫീഡറും, ആശുപത്രി ട്രാന്‍സ്ഫോര്‍മറും അതില്‍ നിന്നുള്ള എല്‍.ടി. ലൈനുകളുമായിരിക്കും. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, വഴിവക്കിലുള്ള ഒരു വൈദ്യുതി പോസ്റ്റില്‍ നിന്ന് അടുത്തുള്ള രണ്ടു വീടുകളിലേക്ക് കെ.എസ്.ഇ.ബി കണക്ഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതേപോസ്റ്റില്‍ നിന്ന് വയര്‍ വലിച്ച് റിലയന്‍സ് തൊട്ടടുത്തുള്ള സാമ്പത്തികശേഷികൂടിയ വീട്ടിലേക്കും കണക്ഷന്‍ നല്‍കും. അതായത്, കെ.എസ്.ഇ.ബി.യുടെ വിതരണശൃംഖല റിലയന്‍സിനെപ്പോലുള്ളവര്‍ക്ക് മുതല്‍മുടക്കില്ലാതെ ഉപയോഗിച്ച് വൈദ്യുതിക്കച്ചവടം നടത്താനൊക്കുന്നതാണ് പുതിയ ഭേദഗതി.

സേവനം മെച്ചപ്പെടുമോ?
പണമല്‍പ്പം കൂടിയാലും സാരമില്ല, സ്വകാര്യ സംരംഭകര്‍ വന്നാല്‍ നല്ല സേവനം ലഭിക്കുമല്ലോ എന്ന് ചോദിക്കുന്ന ചിലരുണ്ട്. സ്വകാര്യ വൈദ്യുതിക്ക് നിരക്ക് കൂടുതലാണെന്നത് അവര്‍ ആദ്യം തന്നെ സമ്മതിക്കുന്നുണ്ട്. എന്താണ് പ്രതീക്ഷിക്കുന്ന സേവനം? ഒന്ന്, പുതിയ കണക്ഷന്‍ പെട്ടെന്ന് കിട്ടുക. അത് ഒരിക്കല്‍ മാത്രമുള്ള കാര്യമാണ്. തടസ്സമില്ലാതെ നല്ല വോള്‍ട്ടേജില്‍ വൈദ്യുതി കിട്ടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരേ വൈദ്യുതി വിതരണ ശൃംഖലയാണ് സര്‍ക്കാര്‍ സപ്ലൈ ലൈസന്‍സിയും മറ്റ് സ്വകാര്യ സപ്ലൈ ലൈസന്‍സിയും ഉപയോഗിക്കുന്നത് എന്നതിനാല്‍, 11 കെ.വി ഫീഡറിലോ ട്രാന്‍സ്ഫോര്‍മറിലോ എല്‍.ടി ലൈനിലോ ഉണ്ടാകുന്ന ഏതു തകരാറും എല്ലാ ഉപഭോക്താക്കളേയും ഒരുപോ
ലെയായിരിക്കും ബാധിക്കുക. പവര്‍കട്ട്, ലോഡ്ഷെഡിംങ്ങ്, വോള്‍ട്ടേജ് കുറവ് എന്നിവയുടെ കാര്യങ്ങളും അങ്ങനെയൊക്കെ തന്നെ.

ഉപഭോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനാവുമോ?
വൈദ്യുതി നല്‍കുവാന്‍ ഒന്നിലേറെ സപ്ലൈ ലൈസന്‍സികള്‍ വരുമ്പോള്‍ ഉപഭോക്താവിനു ഇഷ്ടമുള്ളവരില്‍ നിന്നും വൈദ്യുതി സ്വീകരിക്കുവാന്‍ അവസരം ലഭിക്കും എന്നതാണ് ഭേദഗതിയുടെ പ്രധാന ആകര്‍ഷണമായി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഭേദഗതികള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് ഒരു പ്രചാരണതന്ത്രം മാത്രമാണെന്ന് കാണാന്‍ കഴിയും. സപ്ലൈ ലൈസന്‍സിക്ക്, ഒരു ഉപഭോക്താവിന്റെ കണക്ഷനുവേണ്ടിയുള്ള അപേക്ഷ നിരസിക്കാനാവും എന്ന പഴുത്, കരട് ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് യാദൃശ്ചികമായിരുന്നില്ല. ധനശേഷി കുറഞ്ഞ ഉപഭോക്താക്കളുടെ അപേക്ഷകളാവും, സ്വാഭാവികമായും നിരസിക്കപ്പെടുക. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സപ്ലൈ ലൈസന്‍സികള്‍ എല്ലാ പുതിയ അപേക്ഷകളും സ്വീകരിക്കണം എന്ന് പാര്‍ലമെന്റില്‍ വെച്ച ഭേദഗതിയില്‍ തിരുത്തു വരുത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അപ്പോഴും, കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന ലോഡ്ഫാക്ടറിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ പുതിയ സപ്ലൈ ലൈസന്‍സികള്‍ വൈദ്യുതി നല്‍കേണ്ടതുള്ളു എന്ന് വൈദ്യുതി നിയമത്തില്‍ കൂട്ടിച്ചേര്‍ത്ത പാര്‍ട്ട് 6 എ-യിലെ സെക്ഷന്‍ 51 ബി (1) നിഷ്കര്‍ഷിക്കുന്നുണ്ട്. ഫലത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുവാനുള്ള ചുമതല പുതിയ സപ്ലൈ ലൈസന്‍സിക്ക് വരുന്നില്ല. ഇഷ്ടമുള്ള സപ്ലൈ ലൈസന്‍സിയെ തെരെഞ്ഞെടുക്കാനുള്ള അവസരമുള്ളത് ധനശേഷിയുള്ളവര്‍ക്ക് മാത്രമമെന്ന് ചുരുക്കം.

അവസാന ആശ്രയം ആരാണ്?


വൈദ്യുതി നിയമത്തിലെ നിര്‍വ്വചനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെക്ഷന്‍ 2ല്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ വന്നിട്ടുണ്ട്. അതിലെ അനുഛേദം 70 ബി പ്രകാരം കൂട്ടിച്ചേര്‍ത്തിരിക്കുന്ന പുതിയ നിര്‍വ്വചനമാണ് "പ്രൊവൈഡര്‍ ഓഫ് ലാസ്റ്റ് റിസോര്‍ട്ട്".


ഒരു സപ്ലൈ ലൈസന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയോ, സപ്ലൈ ലൈസന്‍സിയുടെ ലൈസന്‍സ് ഏതെങ്കിലും കാരണത്താല്‍ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ പ്രസ്തുത സപ്ലൈ ലൈസന്‍സിയുടെ പ്രദേശത്തുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുവാനുള്ള ബാധ്യത 'പ്രൊവൈഡര്‍ ഓഫ് ലാസ്റ്റ് റിസോര്‍ട്ട്' ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സപ്ലൈ ലൈസന്‍സിക്കായിരിക്കും എന്ന് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട പാര്‍ട്ട് 6 (സപ്ലൈ ഓഫ് ഇലക്ട്രിസിറ്റി) 51 ബി (2) നിഷ്കര്‍ഷിക്കുന്നു. ബന്ധപ്പെട്ട കമ്മീഷന്‍ ആയിരിക്കും 'അവസാന ആശ്രയം' ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്. ഈ ബാധ്യത പൊതുമേഖലയിലുള്ള സപ്ലൈ കമ്പനികളില്‍ എത്തിച്ചേരാനാണ് എല്ലാ സാധ്യതയും.

ചെറിപിക്കിങ്ങ്


കൂട്ടത്തില്‍ നിന്ന് നല്ലത് മാത്രം പെറുക്കി കീശയിലാക്കുന്നതിനെ കളിയാക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ചെറിപിക്കിങ്ങ്. നല്ല ചെറിപഴങ്ങള്‍ മാത്രം പെറുക്കിയെടുത്ത് ബാക്കി മറ്റുള്ളവര്‍ക്ക് വെക്കുന്നതിനെ കളിയാക്കാന്‍ ഇംഗ്ലീഷുകാരാണ് ഇതു പറഞ്ഞുതുടങ്ങിയത്. വൈദ്യുതി നിയമ ഭേദഗതിക്കെതിരേയുള്ള പ്രധാന വിമര്‍ശനവും, സ്വകാര്യ സപ്ലൈ ലൈസന്‍സികള്‍ക്ക് ചെറി പിക്കിങ്ങിന് അവസരമൊരുക്കുന്നു എന്നതാണ്.
‌ഉദാഹരണത്തിന് കെ.എസ്.ഇ.ബി.യുടെ ഒരു കോടി ഉപഭോക്താക്കളില്‍ 100 കിലോവാട്ടിനു മുകളില്‍ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കളുടെ എണ്ണം 4000 മാത്രമാണ്. പക്ഷേ ആകെ ഉപഭോഗത്തിന്റെ 30 ശതമാനവും ഇവരുടേതാണ്. അതനുസരിച്ചുള്ള വരുമാനവും ഇവരില്‍ നിന്നുമുണ്ട്. ഈ 4000 ഉപഭോക്താക്കള്‍ക്ക് മാത്രമായി വൈദ്യുതി സപ്ലൈ ചെയ്യുന്ന പ്രവൃത്തി എളുപ്പമാണല്ലോ? ലൈനുകളുടെ അറ്റകുറ്റപ്പണിക്കു പോലും ബുദ്ധിമുട്ടാതെ 4000 പേര്‍ക്ക് ബില്ല് നല്‍കി പണം വാങ്ങുന്ന ജോലി എത്ര എളുപ്പമാണ്, അതിലേറെ എത്ര ലാഭകരമാണ്. ഇതാണ് സ്വകാര്യ സപ്ലൈ ലൈസന്‍സികള്‍ നടത്തുവാന്‍ പോകുന്ന ചെറിപിക്കിങ്ങ്.

പാരമ്പര്യേതര ഊര്‍ജരംഗം സ്വകാര്യമേഖലക്ക്


ചെറുകിട ജലവൈദ്യുതി ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭേദഗതിയുടെ മികവായി ഇതിനെ എടുത്തുകാട്ടുകയും ചെയ്യുന്നു. നികുതി ഇളവുകള്‍, ഉല്‍പാദനത്തിനനുസരിച്ചുള്ള ഉത്തേജക പാക്കേജുകള്‍, നാഷണല്‍ റിന്യൂവബിള്‍ ഫണ്ട് തുടങ്ങിയവ പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കണമെന്ന് സെക്ഷന്‍ 3-ല്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലക്കാണ് ലഭിക്കുവാന്‍ പോകുന്നത്. വളരെയധികം സാദ്ധ്യതയുള്ള പാരമ്പര്യേതര ഊര്‍ജ ഉല്‍പ്പാദന രംഗത്ത് പൊതുമേഖലയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. പാരമ്പര്യേതര ഊര്‍ജത്തിന്റെ പേരില്‍ രാജ്യത്ത് വന്‍ തട്ടിപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍, കാര്യക്ഷമമായ പൊതുമേഖല ഈ രംഗത്ത് ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. എന്നാല്‍ വൈദ്യുതി നിയമത്തിന്റെ പൊതു സ്വഭാവം അതിനെതിരാണ്.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല
വൈദ്യുതി മേഖലയെ കാര്യക്ഷമമാക്കാനുള്ളതാണ് നിയമഭേദഗതികള്‍ എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ മേഖല അഭിമുഖീകരിക്കുന്ന ഗൗരവമായ പല പ്രശ്നങ്ങള്‍ക്കും ഈ ഭേദഗതികള്‍ എങ്ങനെ പരിഹാരമാകും എന്ന് വ്യക്തമല്ല. വൈദ്യുതിവിതരണ യൂട്ടിലിറ്റികളുടെ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന നഷ്ടം, കുതിച്ചുയരുന്ന വൈദ്യുതി നിരക്കുകള്‍,സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി ഭാരം, ഇന്ധന ലഭ്യതയുടെ കുറവ്, വൈദ്യുതി ലഭിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍, കനത്ത പ്രസരണവിതരണ നഷ്ടം തുടങ്ങിയവ ഇന്ത്യന്‍ വൈദ്യുതി രംഗത്തെ പ്രധാന പ്രശ്നങ്ങളാണ്.


പുതിയതായി വരുന്ന സപ്ലൈ ലൈസന്‍സികള്‍ക്ക് നോട്ടം സാമ്പത്തികശേഷി കൂടിയ ഉപഭോക്താക്കളെ മാത്രമായിരിക്കും. അവര്‍ 'ചെറി പിക്കിങ്ങ്'' നടത്തുന്നതോടെ വിതരണരംഗത്തുള്ള പൊതുമേഖല വൈദ്യുതി യൂട്ടിലിറ്റികള്‍ സാമ്പത്തികമായി കൂടുതല്‍ ക്ഷയിക്കും. നിരക്കുകള്‍ ഏകീകരിക്കുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി ചാര്‍ജ് കൂടും. അതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി ഭാരവും വര്‍ദ്ധിക്കാനാണ് സാദ്ധ്യത.


ഗ്രാമീണവൈദ്യുതീകരണത്തിന് പാരമ്പര്യേതര മാര്‍ഗങ്ങള്‍ മതിയാകും എന്ന കണക്കുകൂട്ടലും ശരിയാവണമെന്നില്ല. സര്‍ക്കാര്‍ കാര്യമായ സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍, പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഗ്രാമീണര്‍ക്ക് എത്തിക്കുവാന്‍ സ്വകാര്യ സംരംഭകര്‍ തയ്യാറാവില്ല. ഒരേ വിതരണശൃംഖല വൈദ്യുതി കടത്തിക്കൊണ്ടു വരാനായി പല ലൈസന്‍സികള്‍ ഉപയോഗിക്കുമ്പോള്‍, വിതരണശൃംഖലയിലെ അച്ചടക്കം പാലിക്കാനാവശ്യമായ സാങ്കേതിക സംവിധാനങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ - അതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളൊന്നും ഭേദഗതിയില്‍ കാര്യമായില്ല - പലതരത്തിലുള്ള കൃത്രിമങ്ങള്‍ നടക്കുവാന്‍ സാദ്ധ്യതയുണ്ട്. വൈദ്യുതി തടസവും വൈദ്യുതി നഷ്ടവും വര്‍ദ്ധിക്കുകയായിരിക്കും ഫലം.

പ്രചരണതന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദ്ദേശങ്ങളുമായി മോഡി സര്‍ക്കാര്‍ ധൃതഗതിയില്‍ മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഒരു ആത്മവിശ്വാസക്കുറവ് ചില കാര്യങ്ങളില്‍ കാണാം. 2013 ഒക്ടോബറില്‍ പുറത്തിറക്കിയ കരട് ഭേദഗതിയിലേയും പിന്നീട് 2014 സെപ്തംബറില്‍ പുതുക്കിയ ഭേദഗതിയിലേയും പല നിര്‍ദ്ദേശങ്ങളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായത് അതാണ് സൂചിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളും, വൈദ്യുതി മേഖലയിലെ സംഘടനകളും വിദഗ്ദ്ധരും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ക്യാരേജും കണ്ടന്റും ധൃതിപിടിച്ച് വേര്‍തിരിക്കുന്നത് ഗുണകരമല്ല എന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടിയതും അധികാരികളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ടാവണം.
ഭേദഗതി നടപ്പായി ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വിതരണം ചെയ്യുന്നതും സപ്ളൈ ചെയ്യുന്നതുമായ പ്രവൃത്തികള്‍ വിഭജിക്കണമെന്ന കരട് ഭേദഗതിയിലെ നിബന്ധന, പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മാറ്റങ്ങളോടെയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ആലോചിച്ച്, വിഭജനം നീട്ടിക്കൊണ്ടു പോകാനുള്ള തീരുമാനമെടുക്കാമെന്ന വ്യവസ്ഥ കൂടി ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട് [സെക്ഷന്‍ 51 എ (2)].


പുതുതായി രൂപീകരിക്കുന്ന സപ്ലൈ കമ്പനികളിലൊന്ന് സര്‍ക്കാര്‍ കമ്പനിയായിരിക്കണമെന്ന് സെക്ഷന്‍ 14-ല്‍ മാറ്റം വരുത്തിയത് സ്വകാര്യമേഖലയുടെ പുറത്തുള്ള വിശ്വാസക്കുറവ് കൊണ്ട് തന്നെ. മറ്റൊരു തന്ത്രം കൂടി അതിലൊളിഞ്ഞിരിപ്പുണ്ട്. വൈദ്യുതി സപ്ലൈ ചെയ്യാന്‍ ഒരു കമ്പനിയെങ്കിലും സര്‍ക്കാര്‍ ഉടമയിലുണ്ടല്ലോ എന്നു വാദിച്ച് എതിര്‍പ്പുകളെ നേരിടാനുള്ള പ്രചരണതന്ത്രം കൂടിയാണത്. പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഡല്‍ഹി,ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതനുസരിച്ച് സര്‍ക്കാര്‍ ഉടമയിലുള്ള കമ്പനികളെ പുതുതായി കൊണ്ടുവരുമോ എന്നതാണ് രസകരമായ ഒരു ചോദ്യം. സര്‍ക്കാര്‍ അതിനുതുനിയുമെന്നു തോന്നുന്നില്ല, ജനങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും. കാരണം, വൈദ്യുതി നിയമത്തിന്റെ പരാജയം സമ്മതിക്കുന്ന നടപടിയായിപ്പോകുമത്.


പ്രത്യേക സാഹചര്യങ്ങളില്‍ ഉല്‍പ്പാദന കമ്പനികളെ നിയന്ത്രിക്കുവാന്‍, സെക്ഷന്‍ 11 പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ എടുത്തുമാറ്റിയതും എതിര്‍പ്പുകളെ തുടര്‍ന്നു് ഇപ്പോള്‍ മയപ്പെടുത്തിയിട്ടുണ്ട്.
സപ്ലൈ ലൈസന്‍സികള്‍ ഇന്റര്‍മീഡിയറി കമ്പനിയില്‍ നിന്നു വാങ്ങുന്ന വൈദ്യുതിയുടെ നിരക്കു നിശ്ചയിക്കുന്ന കാര്യത്തിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായി ലൈസന്‍സിയുടെ കണ്‍സ്യൂമര്‍ മിക്സ് പരിഗണിക്കണമെന്ന് തിരുത്തല്‍ വരുത്തിയത് അതിന്റെ ഭാഗമാണ്. ഭേദഗതികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശരിയാണെന്ന് സമ്മതിക്കലും കൂടിയാണത്.
സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളിലേക്കുള്ള നിയമനങ്ങള്‍ സംസ്ഥാനങ്ങള്‍ വൈകിച്ചാല്‍ ആ സ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന് സ്ഥിരനിയമനം നടത്തുവാന്‍ അധികാരം നല്‍കുന്ന തരത്തില്‍ കരട് ഭേദഗതിയില്‍ നിര്‍ദ്ദേശം കൊണ്ടുവന്നിരുന്നു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള ഈ കടന്നുകയറ്റ നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. അങ്ങനെയുള്ള നിയമനങ്ങള്‍ താല്‍ക്കാലികമായിരിക്കും എന്ന് തിരുത്തുവാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
വിപണിയുടെ നിയമങ്ങള്‍ അനുസരിച്ച് തുള്ളുന്നതല്ല സാങ്കേതിക രംഗമായ വൈദ്യുതി മേഖല. ക്യാരേജും കണ്ടന്റും വേര്‍തിരിച്ച്, വിപണി നിയന്ത്രിതമായി വൈദ്യുതി വില്‍ക്കുന്നത് ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കും എന്ന ഈ മേഖലയിലെ വിദഗ്ദ്ധരുടേയും സംഘടനകളുടേയും അഭിപ്രായങ്ങളെ പ്രചരണ തന്ത്രങ്ങള്‍ കൊണ്ട് മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പലതിലും ഉറച്ചുനില്‍ക്കാനാകാതെ സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട് എന്നത് ശരിതന്നെ . പക്ഷേ, തങ്ങളെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ പിണക്കി ഒരു പിന്മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാവുകയില്ല. വിതരണമേഖലയെ വിഭജിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ അവരുടെ പ്രചരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4718
mod_vvisit_counterYesterday4897
mod_vvisit_counterThis Month123831
mod_vvisit_counterLast Month152890

Online Visitors: 87
IP: 54.196.107.247
,
Time: 22 : 21 : 05