KSEBOA - KSEB Officers' Association

Tuesday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും തൊഴിലാളികളും

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും തൊഴിലാളികളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Budget 2015പതിനാറാം ലോകസഭാതെരെഞ്ഞെടുപ്പില്‍ രാജ്യത്ത് അധികാരത്തിലെത്തിയ എന്‍.ഡി.എ. സര്‍ക്കാര്‍ പത്തുമാസത്തെ ഭരണം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2014-15ലേക്കുള്ള പുതുക്കിയ ബജറ്റും 2015-16ലേക്കുമുള്ള സമ്പൂര്‍ണ്ണബജറ്റുമടക്കം രണ്ട് ബജറ്റുകളും രണ്ട് റെയില്‍വേ ബജറ്റുകളും ഈ സര്‍ക്കാര്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഈ ബജറ്റുകളില്‍ നിന്നും നടപ്പാക്കുന്ന മറ്റു നയങ്ങളില്‍ നിന്നും നരേന്ദ്ര മോഡിയുടെ മേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ പൊതുസ്വഭാവം - സാമ്പത്തിക രാഷ്ട്രീയ സ്വഭാവം കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.


ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും തമ്മില്‍ സാമ്പത്തിക നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ബി.ജെ.പി. കോണ്‍ഗ്രസ്സിനെപ്പോലെത്തന്നെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്നതിനോടൊപ്പം വര്‍ഗ്ഗിയ സമീപനം കൂടി മുന്നോട്ടുവെക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു കക്ഷികളെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും ലോകസഭാതെരെഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുപക്ഷകക്ഷികള്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളോടും അഴിമതികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം ബി.ജെ.പി. മുന്നണിയെ അധികാരത്തിലെത്തിക്കുന്നതിനാണ് വഴിവെച്ചത്.

അധികാരം കേന്ദ്രീകരിക്കുന്നു.


നിരവധി ഭാഷകള്‍ സംസാരിക്കുന്ന, തികച്ചും വ്യത്യസ്ഥമായ സംസ്കാരങ്ങള്‍ നിലനില്‍ക്കുന്ന, ഭക്ഷണശീലങ്ങളടക്കം ഒട്ടേറെ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന വലിയൊരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ അടക്കം തികച്ചും വികേന്ദ്രീകൃതമായ ഒരു ഭരണ വ്യവസ്ഥ നാം സ്വീകരിച്ചത്. ഈ അധികാര വികേന്ദ്രീകരണത്തെ കൂടുതല്‍ താഴേക്കു കൊണ്ടുപോകുന്നതിനും പഞ്ചായത്തുകള്‍ക്കും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമൊക്കെ കൂടുതല്‍ അധികാരവും വിഭവങ്ങളും പങ്കുവെക്കുന്നതിനുമുള്ള ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയുമാണ്.


രാജ്യം പാര്‍ലമെന്ററി സമ്പ്രദായം പിന്തുടരുന്നതും ലോകസഭാംഗങ്ങളില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കുന്നതുമൊക്കെ അധികാരവികേന്ദ്രീകരണമെന്ന തത്വവും കൂട്ടുത്തരവാദിത്തമുള്ള ഭരണവും ലക്ഷ്യം വെച്ചുകൊണ്ടാണ്. സ്ഥിതി ഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ ലോകസഭാതെരെഞ്ഞെടുപ്പിന്റെ കാമ്പയിന്‍ പോലും ഒരു വ്യത്യസ്ഥത മുന്നോട്ടുവെച്ചു. നരേന്ദ്രമോഡി എന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണമാണ് നടന്നത്. അധികാരത്തില്‍ വന്നതിനുശേഷവും ഈ കേന്ദീകരണം കൂടുതല്‍ ശക്തമാകുന്നതാണ് നാം കാണുന്നത്.


ഭരണനേതൃത്വം മാത്രമല്ല രാഷ്ട്രീയ നേതൃത്വവും കയ്യടിക്കൊണ്ട് ശക്തമായ അധികാരകേന്ദ്രീകരണമാണ് നടക്കുന്നത്. ഗുജറാത്ത് കലാപകാലത്ത് അഭ്യന്തരമന്ത്രിയെന്ന നിലയില്‍ കൂട്ടക്കൊലക്ക് നേതൃത്വംകൊടുക്കുകയും ഇതിന്റെ ഭാഗമായി കേസുകള്‍ വന്നപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുകയും അതേത്തുടര്‍ന്ന് അവിടുത്തെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനാകുകയും ചെയ്ത അമിത്ഷായെ കഴിഞ്ഞ ലോകസഭാതെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി യു.പി.യിലെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയോഗിക്കുന്നത് നരേന്ദ്രമോഡിയുടെ താല്‍പര്യപ്രകാരമാണ്. അമിത് ഷായുടെ നേതൃത്വത്തില്‍ മുസാഫര്‍നഗര്‍ അടക്കം ഒട്ടേറെ കലാപങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിലൂടെ സാദ്ധ്യമായ വര്‍ഗ്ഗീയ ധ്രുവീകരണം യു.പി.യില്‍ വലിയ നേട്ടം കൊയ്യാന്‍ ബി.ജെ.പി.യെ സഹായിച്ചു. ഇങ്ങിനെ മോഡിയുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പാക്കികൊണ്ടിരിക്കുന്ന അമിത് ഷായെ ബി.ജെ.പി. അദ്ധ്യക്ഷനാക്കിക്കൊണ്ട് ബി.ജെ.പി.യുടെ രാഷ്ട്രീയ നേതൃത്വവും മോഡി കയ്യടക്കി.


എന്‍.ഡി.എ. മുന്നണിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബി.ജെ.പിക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷമുണ്ടായിരുന്നത് ഘടകകക്ഷികളുടെ സ്വതന്ത്രമായ നിലപാടുകളെപ്പോലും അംഗീകരിക്കാതിരിക്കാന്‍ മോഡിക്ക് അധികാരം നല്‍കി. ഇതിന്റെ ഭാഗമായാണ് ശിവസേനയുടെ എം.പി.യായിരുന്ന സുരേഷ് പ്രഭുവിനെ ആ കക്ഷിയുടെ സമ്മതമില്ലാതെ തന്നെ മന്ത്രിയാക്കാനുള്ള ശ്രമം ഉണ്ടായത്. ഇത് ശിവസേന അംഗീകരിച്ചില്ല. പക്ഷേ സുരേഷ് പ്രഭു ശിവസേന വിടുകയും റയില്‍വേ മന്ത്രിയായി കാബിനറ്റില്‍ എത്തുകയും ചെയ്തു. തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അരുണ്‍ ജയ്റ്റ്­ലിയെ ധനകാര്യമന്ത്രിയാക്കിയതിലും മോഡിയുടെ സ്വന്തം താല്‍പര്യമാണ് നാം കണ്ടത്. മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതില്‍ മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പോലുമുണ്ടായില്ല. പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കാബിനറ്റ് സബ്ക്കമ്മിറ്റികള്‍ രൂപീകരിക്കുകയെന്ന പതിവ് ഒഴിവാക്കി മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുകയാണ് വേണ്ടതെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതിലും അധികാരകേന്ദ്രീകരണത്തിന്റെ സ്വഭാവമാണുള്ളത്.


പ്ലാനിങ്ങ് കമ്മീഷന്‍ പിരിച്ചുവിട്ട് നിതിഅയോഗ് രൂപീകരിച്ചതിലും ഈ കേന്ദ്രീകരണം കാണാന്‍ കഴിയും. പ്രധാനമന്ത്രി അദ്ധ്യക്ഷനാണെങ്കിലും പ്ലാനിങ്ങ് കമ്മീഷന് സ്വതന്ത്രമായ നിലനില്‍പ്പും വ്യവസ്ഥാപിതമായ ചില നടപടിക്രമങ്ങളുമുണ്ടായിരുന്നു. സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വിവിധ വികസനസമിതികളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് ഇതില്‍ തീരുമാനങ്ങള്‍ രൂപം കൊണ്ടിരുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ കാലത്തുതന്നെ പ്ലാനിങ്ങ് കമ്മീഷനുണ്ടായിരുന്ന ഈ ഫെഡറല്‍ ഘടന അവഗണിക്കുന്ന സമീപനം ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍പ്പോലും കമ്മീഷനെ ഇല്ലാതാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന നിതിഅയോഗ് (National Institution for Transforming India Aayog) ഇതില്‍നിന്നും തികച്ചും വ്യത്യസ്ഥമാണ്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ നിതിഅയോഗ് ഒരു പറ്റം വിദഗ്ദന്‍മാരുടെ ഒരു സമിതിയാണ്. പ്ലാനിങ്ങ് കമ്മീഷനുണ്ടായിരുന്നതുപോലെ വൈസ് ചെയര്‍മാന്‍ പോലുള്ള തസ്തികകളോ, വിവിധ വിഷയസമിതികളോ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികളൊ ഒന്നും ഇതിലില്ല. ഇവിടേയും നരേന്ദ്ര മോഡിയെന്ന നേതാവിന്റെ താല്‍പര്യവും തീരുമാനവുമാണ് നടപ്പാകുന്നത്.


എന്‍.ഡി.എ മുന്നണി എന്നത് മാറി ബി.ജെ.പി. സര്‍ക്കാര്‍ ആയും അതുതന്നെ മാറി മോഡി സര്‍ക്കാരായും മോഡി സര്‍വ്വാധിപതിയായും മാറുന്നതാണ് ഇത് കാണിക്കുന്നത്. ഈ ആധിപത്യസ്വഭാവമാണ് സ്വന്തം പേരെഴുതിയ കോട്ട് ധരിക്കുന്നതിലും പിന്നീട് അത് ലേലം ചെയ്ത് വില്‍ക്കുന്നതിലുമൊക്കെ പ്രകടമാകുന്നത്.


നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തമാക്കുന്നു


രാജ്യത്ത് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളാണ് യു.പി.എ. സര്‍ക്കാരിനെതിരായ ജനവികാരത്തിന് പ്രധാനമായും കാരണമായത്. ഇത് മുതലെടുത്തുകൊണ്ട് അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ പക്ഷേ അതേ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതാണ് കാണുന്നത്.


സ്വതന്ത്രമായ കമ്പോള മല്‍സരത്തിന് അവസരമൊരുക്കുന്നതിനപ്പുറം മറ്റൊരുത്തരവാദിത്തവും സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടതില്ല എന്നതാണ് ഉദാരവല്‍ക്കരണ നയം കൊണ്ടുദ്ദേശിക്കുന്നത്. മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ഇടപെടലിനും നിയന്ത്രണങ്ങളില്ലാതാക്കുക, അതിന് സകല വികസനത്തുറകളിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അധികാരം നല്‍കുക എന്നിവയൊക്കെയാണ് ഉദാരവല്‍ക്കരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പക്ഷേ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ ഇതിന് ചില പരിമിതികളുണ്ടായിരുന്നു. ഉദാഹരണത്തിന് റോഡ്, പാലം, വിമാനത്താവളം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍, പ്രകൃതിവിഭവങ്ങളുടെ ഖനനം, വൈദ്യുതി, കുടിവെള്ളം അടക്കമുള്ള സാമൂഹ്യ സേവന സംവിധാനങ്ങള്‍ എന്നിങ്ങനെ കുറേ മേഖലകള്‍ സര്‍ക്കാര്‍ ചുമതലയിലും നിയന്ത്രണത്തിലുമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ലൈസന്‍സുകള്‍യമായിരുന്നു. പലപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങളോടെ മാത്രമേ ലൈസന്‍സ് നല്‍കിയിരുന്നുള്ളൂ. വിദേശത്തുനിന്ന് മൂലധനവും ചരക്കും ഇറക്കുമതിചെയ്യുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നു. അഭ്യന്തര ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കുന്നതിന് വിദേശ ചരക്കുകള്‍ക്ക് 300-400 ശതമാനം വരെ കസ്റ്റംസ് തീരുവ ഉണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളൊക്കെ എടുത്തുകളഞ്ഞ് എല്ലാത്തിനും സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, അഥവാ നിയന്ത്രണങ്ങളില്ലാതെ സകലതും ഉദാരമാക്കുക എന്ന അര്‍ത്ഥത്തിലാണ് ഉദാരവല്‍ക്കരണം എന്ന സമീപനം ഉണ്ടാകുന്നത്. ഈ മാറ്റമാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടന്നുവരുന്നത്.


ഒറ്റയടിക്ക് സകലതും ഉദാരമാക്കാന്‍ കഴിയില്ലല്ലോ. അതിന് സമ്പദ്ഘടനയുടെ കെട്ടുപാടുകള്‍ ഒന്നൊന്നായി പൊട്ടിച്ച് ഘടന തന്നെ മാറ്റിക്കൊണ്ടുവരണം. അതാണ് ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അങ്ങിനെ നമ്മുടെ സമ്പദ് ഘടന തുറന്നെടുത്ത് ലോക കമ്പോളത്തിന്റെ ഭാഗമാക്കുന്ന നടപടി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഘട്ടം ഘട്ടമായി നടപ്പാക്കി വരുകയായിരുന്നു. പക്ഷേ ഈ കെട്ടഴിക്കല്‍ അഭ്യന്തര ഉല്‍പാദനത്തിലും തൊഴിലിലും കൂലിയിലുമെല്ലാം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ജനജീവിതം പ്രതിസന്ധിയിലായി. അതുകൊണ്ടുതന്നെ കടുത്ത എതിര്‍പ്പ് എല്ലാ ഘട്ടത്തിലുമുണ്ടായി. പരിമിതമെങ്കിലും പാര്‍ലിമെന്റിലും മറ്റും ഇടതുപക്ഷ കക്ഷികള്‍ക്ക് ഉണ്ടായിരുന്ന സ്വാധിനം ഈ നയങ്ങളെ മുന്നോട്ടുകൊണ്ടുപോകുനതിന് പലപ്പോഴും തടസ്സമാകുകയും ചെയ്തു.


ഒറ്റക്കക്ഷി എന്ന നിലയില്‍ ലഭിച്ച അധികാരം ഈ നയങ്ങളെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായാണ് മോഡി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം താരതമ്യേന ദുര്‍ബലമായതും കോണ്‍ഗ്രസ്സ് ഒളിഞ്ഞും തെളിഞ്ഞും ഈ നയങ്ങളെ പിന്തുണക്കുന്നതും സര്‍ക്കാരിന് സഹായകമാകുകയും ചെയ്യുന്നു.


ബജറ്റുകള്‍


നികുതി ഘടന, ആകെ നികുതി വരുമാനം, ചെലവുകളിലെ മുന്‍ഗണന തുടങ്ങിയ കാര്യങ്ങള്‍ വെച്ചുകൊണ്ടുവേണം സര്‍ക്കാര്‍ നയങ്ങളെ വിലയിരുത്താന്‍. രാജ്യത്തിന്റെ സമ്പത്ത് ഒരു ചെറുന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതുകൂടി ഈ വിലയിരുത്തലില്‍ കണക്കിലെടുക്കണം. ഈ കേന്ദ്രീകരണത്തിന്റെ സ്വഭാവവും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ആകെ സമ്പത്തിന്റെ എഴുപത്തിയാറു ശതമാനവും പണക്കാരായ പത്തുശതമാനത്തിന്റെ കൈവശമാണ്. 2000ത്തില്‍ ധനികരായ 10% ആളുകളുടെ കയ്യിലുണ്ടായിരുന്ന സമ്പത്ത് 64% ആയിരുന്നതാണ് ഇപ്പോള്‍ 76%ത്തിലേക്ക് വളര്‍ന്നത്. രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിധനികര്‍ ആകെ സമ്പത്തിന്റെ പകുതിയും കയ്യടക്കിവെച്ചിരിക്കുന്നു. രാജ്യത്തെ ശതകോടീശ്വന്‍മാരുടെ (നൂറുകോടി ഡോളര്‍ സ്വത്തുള്ളവര്‍) എണ്ണം നൂറായി ഉയര്‍ന്നിരിക്കുന്നുവെന്നതും സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ സൂചനയാണ്. ഈ കേന്ദ്രീകരണത്തിന് തടയിട്ടുകൊണ്ടുമാത്രമേ രാജ്യത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനാകുകയുള്ളൂ. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിന്റെയും കൈവശമുള്ള സമ്പത്തിന്റെ അളവിനനുസരിച്ചുള്ള നികുതി ചുമത്തുകയും സാധാരണക്കാരന്റെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ വരുമാനം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടെ ചുമതല.


സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെങ്കില്‍ മൊത്തത്തില്‍ നികുതി വരുമാനം വര്‍ദ്ധിക്കണം. അതായത് നികുതി കുറക്കലല്ല പകരം നികുതി വര്‍ദ്ധിപ്പിക്കലാണ് വികസനകാംക്ഷിയായ നല്ല സര്‍ക്കാരിന്റെ ലക്ഷണം. പക്ഷേ നികുതിഘടനയും സ്വഭാവവും കൂടി കണക്കിലെടുത്താലേ ഇക്കാര്യത്തില്‍ കൃത്യമായൊരു വ്യക്തത കൈവരുകയുള്ളൂ.


നികുതിയെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന് പ്രത്യക്ഷ നികുതിയാണ്. ഇത് വരുമാനം, സ്വത്ത് തുടങ്ങിയവയിലുള്ള നേരിട്ടുള്ള നികുതിയാണ്. സാധനങ്ങള്‍ വാങ്ങുമ്പോഴും, സേവനങ്ങള്‍ സ്വീകരിക്കുമ്പോഴും ഇടപാടുകള്‍ നടത്തുമ്പോഴുമൊക്കെ ഈടാക്കുന്ന നികുതിയാണ് പരോക്ഷ നികുതിയാണ് രണ്ടാമത്തെ വിഭാഗം. പ്രത്യക്ഷ നികുതി സാമ്പത്തികശേഷിക്കനുസരിച്ചാണ് ഈടാക്കപ്പെടുക. പരോക്ഷ നികുതിയാകട്ടെ സാമ്പത്തിക ശേഷിയുമായല്ല, നടത്തുന്ന ഇടപാടുമായാണ് ബന്ധപ്പെടുക. അതായത് പ്രത്യക്ഷ നികുതി ഓരോരുത്തരുടേയും ശേഷിക്കനുസരിച്ചും പരോക്ഷനികുതി ഓരോരുത്തരുടേയും ജീവിതാവശ്യത്തിനനുസരിച്ചുമാണ് ചുമത്തപ്പെടുക. സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയും ധനിക ദരിദ്ര അനുപാതം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് പ്രത്യക്ഷ നികുതി വര്‍ദ്ധിപ്പിക്കുകയും പരോക്ഷ നികുതികുറക്കുകയുമാണ് സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ ആവശ്യമുള്ളത്.


കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ലാഭവും സമ്പത്തും നികുതിപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടണമെന്ന താല്‍പര്യമാണുള്ളത്. അതുകൊണ്ടുതന്നെ പ്രത്യക്ഷനികുതി കുറച്ച് പരോക്ഷനികുതി വര്‍ദ്ധിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യം. സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന് അത്തരംകാര്യങ്ങളില്‍ മല്‍സരബുദ്ധിയോടെ ഇടപെടുന്ന സ്വകാര്യമൂലധനത്തിന് ആവശ്യമായ സാഹചര്യമൊരുക്കുകയും ചെയ്താല്‍ മതിയെന്നും കോര്‍പ്പറേറ്റുകള്‍ താല്‍പര്യപ്പെടുന്നു. അതുകൊണ്ടുതന്നെ നികുതി വരുമാനം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരണമെന്നും ഇവര്‍താല്‍പര്യപ്പെടുന്നു. പ്രത്യക്ഷനികുതിയില്‍ കേന്ദ്രീകരിക്കുകയും പൊതുവില്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയും അതുവഴി പൊതുനിക്ഷേപവും വികസനരംഗത്ത് സര്‍ക്കാര്‍ ഇടപെടലും വര്‍ദ്ധിപ്പിക്കുന്ന ആദ്യത്തെ നയമാണോ ഇതില്‍ നിന്ന് വ്യത്യസ്ഥമായ കോര്‍പ്പറേറ്റ് താല്‍പര്യമാണോ സര്‍ക്കാരിനുള്ളതെന്നാണ് യഥാര്‍ത്ഥത്തില്‍ പരിശോധിക്കപ്പെടേണ്ടത്.


മേല്‍ കാഴ്ച്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച രണ്ടു ബജറ്റുകളും റയില്‍വേ ബജറ്റുകളും നിയമഭേദഗതികളടക്കം നടപ്പാക്കി വരുന്ന മറ്റു നടപടികളും സാമൂഹ്യനീതി തകിടം മറിക്കുന്നതും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതുമാണെന്ന് വ്യക്തമാണ്. മോഡി സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ത്തന്നെ വരുമാനനികുതി, സ്വത്തുനികുതി, കോര്‍പ്പറേറ്റ് ലാഭത്തിന്‍മേലുള്ള നികുതി തുടങ്ങി വിവിധ പ്രത്യക്ഷ നികുതികളില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തി. 22200കോടിരൂപയുടെ വെട്ടിക്കുറവാണ് ഇങ്ങിനെ പ്രത്യക്ഷനികുതികളില്‍ ഉണ്ടായത്. എന്നാല്‍ പരോക്ഷ നികുതികളില്‍ 7052കോടിരൂപയുടെ വര്‍ദ്ധനവും 2014ലെ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇങ്ങിനെ മൊത്തം നികുതി വരുമാനം കുറഞ്ഞപ്പോള്‍ ദൈനംദിനച്ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ഓഹരിവില്‍പനയിലൂടെ പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എങ്കിലും പണപ്പെരുപ്പനിരക്ക് കൂടി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ മൊത്തം വരുമാനം വലിയ കുറവാണുണ്ടായത്. ഈ കുറവ് സബ്സിഡിയിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും വെട്ടിക്കുറവ് വരുത്തിക്കൊണ്ടാണ് പരിഹരിച്ചത്.


ഭക്ഷ്യസബ്സിഡി, വളം സബ്സിഡി, എന്നിവയിലെല്ലാം പണപ്പെരുപ്പനിരക്കുംകൂടി തട്ടിച്ചുനോക്കിയാല്‍ വലിയ കുറവുണ്ടായി. ( 2013-14ല്‍ ആകെ ചെലവഴിച്ച സബ്സിഡി 254632കോടി രൂപയാണ്. 11.4% പണപ്പെരുപ്പം (WPI) കൂടി പരിഗണിച്ചാല്‍ 2014-15ല്‍ വേണ്ടത് 283660കോടിരൂപയാണ്. എന്നാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് 260658കോടി രൂപമാത്രം.) സാമൂഹ്യ ക്ഷേമപദ്ധതികള്‍ ( വിദ്യാഭ്യാസം, ആരോഗ്യം, മാതൃശിശു സംരക്ഷണം..) എന്നിവയുടെ ചെലവിലും നല്ല വെട്ടിക്കുറവുണ്ടായി. ( 2013-14ല്‍ ആകെ ഈയിനത്തില്‍ ചെലവഴിച്ച തുക 25572കോടി രൂപയാണ്. പണപ്പെരുപ്പം കൂടി പരിഗണിച്ചാല്‍ 2014-15ല്‍ വേണ്ടത് 28488കോടിരൂപയാണ്. എന്നാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് 25324കോടി രൂപമാത്രം. അതായത് 2013-14ല്‍ ചെലവഴിച്ചതിനേക്കാളും കുറവ് ) തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള മറ്റു സാമൂഹ്യ ഇടപെടലുകളിലും ഇതേ നിലയിലുള്ള വെട്ടിക്കുറവുണ്ടായി. ഇതൊക്കെ സാധാരണ ജനങ്ങളേയും തൊഴിലാളികളെയും നേരിട്ട് ബാധിച്ചു.


പ്രത്യക്ഷ നികുതിയിലെ കുറവ് മാത്രമല്ല നികുതിഘടനയിലുണ്ടാക്കിയ മാറ്റങ്ങളിലൂടെയും കോര്‍പ്പറേറ്റുകള്‍ക്കും വിദേശക്കമ്പനികള്‍ക്കും സഹായം എത്തിക്കാനും ബജറ്റ് ഉപയോഗിക്കപ്പെട്ടു. വിവിധ കാര്‍ഷിക വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവയില്‍ വലിയ കുറവാണ് വരുത്തിയത്. ഫാറ്റി ആസിഡുകള്‍, എണ്ണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പല ഇനങ്ങള്‍ക്കും തീരുവ പൂര്‍ണ്ണമായും ഒഴിവാക്കി. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ ക്രമീകരണങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വലിയ ഇളവ് നല്‍കുന്നതായിരുന്നു. മൊത്തത്തില്‍ വിദേശക്കമ്പനികള്‍ക്കും വിദേശത്തുനിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വലിയ നേട്ടമാണുണ്ടായത്. ഇത് ഇന്ത്യന്‍ മാനുഫാക്ചറിങ്ങ് മേഖലക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുമെന്ന പ്രഖ്യാപനമുണ്ടായി. ഇന്‍ഷൂറന്‍സ് മേഖലയില്‍ 49% വിദേശ നിക്ഷേപം, റയില്‍വേയില്‍ 100% വിദേശനിക്ഷേപം എന്നിവയൊക്കെ പ്രഖ്യാപിക്കപ്പെട്ടതും ഇതേ ബജറ്റിലാണ്. ബജറ്റിന് മുമ്പുതന്നെ റയില്‍വേ യാത്രാനിരക്ക് 14.2%കൂട്ടിയിരുന്നു. ചരക്കുകൂലിയിലും ആറര ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. ഇങ്ങിനെ സ്വദേശവിദേശക്കുത്തകകള്‍ക്ക് വന്‍തോതില്‍ അനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുകയും സാമൂഹ്യക്ഷേമപദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുകയുമായിരുന്നു മോഡി സര്‍ക്കാരിന്റെ ഒന്നാംബജറ്റ് ചെയ്തത്.


ഇതിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷത്തെ ബജറ്റ്. കോര്‍പ്പറേറ്റ് ടാക്സ് 30%ത്തില്‍ നിന്ന് 25%ത്തിലേക്ക് കുറച്ചതാണ് ഇത്തവണത്തെ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം. അതേപോലെ സ്വത്തുനികുതി വേണ്ടെന്നുവെച്ചു. സ്വത്തുനികുതിക്ക് പകരം ഇന്‍കംടാക്സില്‍ 2% സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തി. കസ്റ്റംസ് തീരുവയില്‍ പണപ്പെരുപ്പ നിരക്കും വര്‍ദ്ധിച്ച ഇറക്കുമതിയും കണക്കിലെടുക്കുമ്പോള്‍ നല്ല വര്‍ദ്ധന വരേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. പകരം സേവനനികുതി പതിനാലര ശതമാനമായി വര്‍ദ്ധിപ്പിച്ചു. പൊതു നികുതി ചരക്കുസേവനനികുതിയിലേക്ക് മാറ്റുമെന്നാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പരോക്ഷനികുതിയില്‍ ഇത്തവണ നിര്‍ദ്ദേശിച്ചിട്ടുള്ള വര്‍ദ്ധന 23383കോടി രൂപയാണ്. പ്രത്യക്ഷനികുതിയില്‍ 8325കോടി രൂപയുടെ ഇളവും പ്രഖ്യാപിച്ചു. ഊഹക്കച്ചവടസ്ഥാപനങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന മിനിമം അള്‍ട്ടര്‍നേറ്റ് നികുതി വേണ്ടെന്നുവെച്ചതടക്കം കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഇളവുകളാണ് അനുവദിച്ചത്. വരവില്‍ ഉണ്ടായ കുറവും ധനക്കമ്മി കുറക്കാനെടുക്കുന്ന സമീപനവും അടക്കം മൊത്തം ചെലവിനത്തില്‍ 17145കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. സബ്സിഡികളില്‍ വലിയ വെട്ടിക്കുറവാണ് ഇത്തവണത്തെ ബജറ്റിലും വരുത്തിയിരിക്കുന്നത്. സബ്സിഡി നല്‍കാന്‍ 296028കോടി രൂപ വേണ്ടിടത്ത് ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളത് 243811കോടി രൂപമാത്രമാണ്. ഇത് സാമൂഹ്യക്ഷേമമേഖലയില്‍ 35143 കോടി രൂപ വേണ്ടിടത്ത് 29533 കോടി രൂപ മാത്രമാണ് വകകൊള്ളിച്ചിട്ടുള്ളത്.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ഗുണകരമായ നിലയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവ് വരുത്താന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍, വിമാന ഇന്ധനമായ ഏവിയേഷന്‍ ഓയിലിന്റെ വിലയില്‍ വലിയ വെട്ടിക്കുറവിന് അനുവാദം നല്‍കി. റിലയന്‍സ് അടക്കമുള്ള എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുത്തകകള്‍ക്ക് വലിയ ലാഭമുണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.


കഴിഞ്ഞ ഒരു വര്‍ഷം മാത്രം ബജറ്റിലൂടെയും മറ്റിളവുകളിലൂടെയും കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ അഞ്ചുലക്ഷം കോടിരൂപയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ നാല്‍പ്പതുലക്ഷം കോടി രൂപയോളം വരും. പരോക്ഷ നികുതി വര്‍ദ്ധനവിലൂടെയും സബ്സിഡികള്‍ വെട്ടിക്കുറച്ചതിലൂടെയും സാമൂഹ്യക്ഷേമപദ്ധതികളില്‍ നിന്ന് പിന്‍മാറിയതിലൂടെയും ഈ ബാദ്ധ്യതകളാകെ സാധാരണ ജനങ്ങളിലാണ് അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പതിനാലുശതമാനം സര്‍വീസ് നികുതിയാകട്ടെ സ്വയം തൊഴില്‍മേഖലകളെപ്പോലും ഗുരുതരമായി ബാധിക്കാന്‍ പോകുകയാണ്.


വിലക്കയറ്റം


യു.പി.എ. കാലഘട്ടത്തിലെ വിലക്കയറ്റം മോഡി സര്‍ക്കാരിനെ അധികാരത്തിലെത്തി ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിലക്കയറ്റം കൂടുതല്‍ രൂക്ഷമായതാണ് ഇക്കാലയളവിലുണ്ടായത്.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് വിദേശത്ത് ജോലിചെയ്യുന്നവരുടെ വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്. വിദേശത്തുനിന്നുള്ള റമിറ്റന്‍സിനെ ആശ്രയിച്ചു നില്‍ക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ നല്ല കുറവാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് ഇന്ധനവിലയിലോ വിലക്കയറ്റത്തിലോ കുറവൊന്നും വരുത്തത്തത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്.


ഭക്ഷ്യ സബ്സിഡിയില്‍ വന്ന വെട്ടിക്കുറവ് പൊതുമാര്‍ക്കറ്റില്‍ വലിയ വിലക്കയറ്റത്തിനാണ് കാരണമായത്. ഫുഡ്കോര്‍പ്പറേഷന്റെ ഗോഡൗണുകള്‍ കോര്‍പ്പറേറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തതും ഫുഡ്കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെട്ടതും ഭക്ഷ്യോല്‍പ്പന്ന വില വര്‍ദ്ധിക്കുന്നതിന് ഇടയാക്കി. ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ നടക്കുന്ന ഊഹക്കച്ചവടത്തെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്തതും പൊതു വിതരണ സംവിധാനം തകര്‍ക്കപ്പെട്ടതുമൊക്കെ വിലക്കയറ്റം രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്.


വിലക്കയറ്റം കേവലം ഒരു ധനകാര്യപ്രശ്നമായി ചുരുക്കിക്കാണുന്ന ഒരു സമീപനമുണ്ട്. ഇത് ശരിയല്ല. തൊഴിലാളിക്ക് കിട്ടുന്ന കൂലി കൊണ്ട് വാങ്ങാന്‍ കിട്ടുന്ന സാധനത്തിന്റെ അളവ് കുറയുന്നു എനതാണ് അതിന്റെ ഫലം. അതായത് കൂലി വെട്ടിക്കുറക്കുന്നതിന് തുല്യമാണ് വിലക്കയറ്റം. കൂലികുറയുന്നു എന്നതിന്റെ അര്‍ത്ഥം തൊഴിലാളി കൂടുതല്‍ ചൂഷണത്തിന് വിധേയമാകുന്നു അഥവാ മിച്ചമൂല്യത്തിന്റെ തോത് വര്‍ദ്ധിക്കുന്നു എന്നതാണ്. ഇത് വന്‍കിട കോര്‍പ്പറേറ്റുകളുടെ മൂലധനശേഖരവും ലാഭവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ധനികര്‍ കൂടുതല്‍ ധനികരാകുകയും ചെയ്യുന്നു.


പൊതുമേഖലാ വില്‍പ്പന തുടരുന്നു.


2014ലെ ബജറ്റില്‍ 58425കോടി രൂപയുടെ വരുമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സ്റ്റീല്‍ അതോറിറ്റി, ഒ.എന്‍.ജി.സി, ഹൈഡ്രോപ്പവര്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ അടിസ്ഥാന വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അതുകൂടാതെ നേരത്തെ തന്നെ ഓഹരി വില്‍പ്പന നടത്തിയ സ്ഥാപനങ്ങളിലെ അവശിഷ്ട ഓഹരികളും വില്‍ക്കാനാണ് തീരുമാനിച്ചത്.
ഒരു വശത്ത് സര്‍ക്കാരിന് കിട്ടേണ്ട കോര്‍പ്പറേറ്റ് നികുതികളില്‍ വലിയ ഇളവ് നല്‍കി സര്‍ക്കാരിന്റെ വരുമാനം കുറക്കുക. എന്നിട്ട് സര്‍ക്കാരിന്റെ ദൈനംദിന ഭരണച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സ്വന്തം സ്ഥാപനങ്ങളെ വിറ്റഴിക്കുക. ഇതാണ് ഇവിടെ സംഭവിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവിലൂടെ അനുവദിച്ച നേട്ടത്തിന്റെ ചെറിയൊരു പങ്കുകൊണ്ടുതന്നെ പൊതുമേഖലാ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്റ്റീല്‍ അതോറിറ്റി പോലുള്ള സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കുന്നത് മറ്റൊരു പ്രശ്നം കൂടി സൃഷ്ടിക്കുന്നുണ്ട്. സ്റ്റീല്‍ രാജ്യത്തിന്റെ പൊതുവികസനത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പക്ഷേ ഈ മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം കുറയുന്നത് കടുത്ത വികസനപ്രതിസന്ധികളിലേക്കാണ് രാജ്യത്തെ നയിക്കുക. പ്രകൃതി വാതകം, ജലവൈദ്യുതി നിലയങ്ങള്‍ തുടങ്ങിയ മേഖലകളിലെ സ്വകാര്യവല്‍ക്കരണവും രാജ്യത്ത് ഗുരുതരമായ പ്രതിസന്ധിയാണുണ്ടാക്കുക.


ഈ വര്‍ഷത്തെ ബജറ്റില്‍ 69500കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണ തന്ത്രപ്രധാന മേഖലകളിലെ ഓഹരികളും വിറ്റഴിക്കാനാണുദ്ദേശിക്കുന്നുവെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരി മേഖലയില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡ് വൈദ്യുതിമേഖലയില്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍, പെട്രോളിയം മേഖലയില്‍ ഐ.ഒ.സി., ബി.പി.സി.എല്‍, പശ്ചാത്തലമേഖലയില്‍ നാഷണല്‍ ഡ്രെഡ്ജിങ്ങ് കോര്‍പ്പറേഷന്‍, നാഷണല്‍ ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരികളാണ് വില്‍ക്കാന്‍ വെച്ചിട്ടുള്ളത്. സകല വികസനമേഖലകളില്‍ നിന്നും സര്‍ക്കാര്‍ കയ്യൊഴിയുന്നതിന്റെ സൂചനയാണിത്. എന്‍.എച്ച്.പി.സി., ഒ.എന്‍.ജി.സി., സ്റ്റീല്‍ അതോറിറ്റി, വിശാഖ് സ്റ്റീല്‍ എന്നിവകളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റൊഴിയുമത്രേ. ഗുരുതരമായ സാമൂഹ്യ വികസനപ്രശ്നങ്ങളാണ് ഇവയൊക്കെ സൃഷ്ടിക്കുക.


ഓഹരി വില്‍പ്പന സൃഷ്ടിക്കുന്ന മറ്റൊരു പ്രശ്നം ഇതൊക്കെ വാങ്ങിക്കൂട്ടുന്നത് ഏതാനും ചില കുത്തകകളാണെന്നതാണ്. ഉദാഹരണത്തിന് പ്രകൃതിവാതകമേഖലയില്‍ നിലവില്‍ത്തന്നെ റിലയന്‍സ് കുത്തക നിലനില്‍ക്കുന്നു. കൃഷ്ണ ഗോദാവരി നദീതടത്തിലെ പ്രകൃതിവാതകഖനനം പൂര്‍ണ്ണമായും റിലയന്‍സിന്റെ കയ്യിലാണ്. അവിടെ ഒരു എം.എം.ബി.ടി.യു. പ്രകൃതി വാതകം ഖനനം ചെയ്യുന്നതിന് കേവലം ഒരു ഡോളറാണ് ചെലവ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ തിട്ടപ്പെടുത്തിയ വില്‍പ്പന വില യൂണിറ്റിന് 4.20ഡോളറായിരുന്നു. വലിയ ലാഭമാണ് ഇതുമൂലം റിലയന്‍സിനുണ്ടായത്. പക്ഷേ ഇറക്കുമതിചെയ്യുന്ന പ്രകൃതിവാതകവിലക്ക് തുല്യമായതുക തങ്ങള്‍ക്കും ലഭിക്കണമെന്ന നിലപാടാണ് റിലയന്‍സ് സ്വീകരിച്ചത്. ഇതിന് സമ്മര്‍ദ്ദം ചെലുത്താന്‍ പ്രകൃതിവാതക ഉല്‍പ്പാദനം വന്‍തോതില്‍ കുറക്കുകയും ചെയ്തു. എം.എം.ബി.ടി.യു.വിന് 8.40 ഡോളര്‍ ലഭിക്കണമെന്നാണ് റിലയന്‍സ് ആവശ്യപ്പെട്ടത്. കെ.ജി.ബേസിന്‍ അഴിമതി എന്നപേരില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട ഒരു പ്രശ്നമായിരുന്നു ഇത്.


എന്നാല്‍ മോഡി സര്‍ക്കാരും റിലയന്‍സിന്റെ സഹായത്തിനെത്തുന്നതാണ് പിന്നീട് കണ്ടത്. പാടം തിരിച്ചെടുക്കാനൊന്നും സര്‍ക്കാര്‍ തയ്യാറായില്ലെന്നു മാത്രമല്ല കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ഇടപെട്ട് വില 5.39ഡോളറായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോഴും പ്രകൃതിവാതകത്തിന് ഒ.എന്‍.ജി.സി ഈടാക്കുന്ന വില യൂണിറ്റിന് 2.38ഡോളര്‍ മാത്രമാണെന്നതും കൂട്ടത്തില്‍ കാണണം. ഈ സ്ഥിതിയിലാണ് ഒ.എന്‍.ജി.സി.യുടെ ഷെയര്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഓഹരികള്‍ റിലയന്‍സ് തന്നെ വാങ്ങിക്കൂട്ടുന്നതിനാണ് സാദ്ധ്യത. പ്രകൃതിവാതകം രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുന്നതിന് പകരം റിലയന്‍സിന്റെ ലാഭതാല്‍പ്പര്യത്തിന് അടിപ്പെടുന്നതിനാണ് ഇത് വഴിവെക്കുക. ഇതുതന്നെയാണ് മറ്റുമേഖലകളിലും ഉണ്ടാകുക.


പശ്ചാത്തല മേഖലയില്‍ സ്വകാര്യ നിക്ഷേപം


റോഡ്, റെയില്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തുറമുഖം, വിമാനത്താവളങ്ങള്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വരെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്ര ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വ്യവസായ വികസനത്തിന് അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തിന്നതിനെന്ന പേരില്‍ ഈ വര്‍ഷത്തെ ബജറ്റില്‍ 70,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതും സര്‍ക്കാര്‍ നിക്ഷേപമായല്ല നിര്‍ദ്ദേശിച്ചിട്ടുള്ളത്. പൊതു സ്വകാര്യ പങ്കാളിത്തം എന്നനിലയില്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള റിസ്ക് കൂടുതലുള്ള കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുകയും നടത്തിപ്പും ലാഭവും വിദേശ സ്വദേശ മൂലധനശക്തികള്‍ക്ക് വിട്ടുകൊടുക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
യൂസര്‍ ഫീ സമ്പദായം വ്യാപകമാകലാണ് ഇതിന്റെ ഭാഗമായുണ്ടാകുക. പശ്ചാത്തല സൗകര്യങ്ങളില്‍ വ്യാപകമായ ടോള്‍ പിരിവ് ഏര്‍പ്പെടുത്തപ്പെടും. ഇത് ചെറുകിട ഉല്‍പാദന മേഖലകളേയും സാധാരണ ഉപഭോക്താക്കളെയും ഗുരുതരമായിത്തന്നെ ബാധിക്കും.


കാര്‍ഷിക വ്യാവസായിക മേഖലകള്‍ തകരുന്നു


ഇത്തവണത്തെ ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്ന ചില കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് കാര്‍ഷിക വ്യാവസായികമേഖലകളില്‍ കടുത്ത തകര്‍ച്ച ഉണ്ടായിട്ടുള്ളത് കാണാന്‍ കഴിയും.
സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ച 7.4% ആണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഒരു ശതമാനത്തോളവും വ്യാവസായികമേഖലയില്‍ രണ്ടു ശതമാനത്തോളവും മാത്രമാണ് വളര്‍ച്ച. രണ്ടുമേഖലകളിലും മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ വളര്‍ച്ചയാണ് രാജ്യത്തുണ്ടായത്. ഇത് കടുത്ത തൊഴില്‍നഷ്ടത്തിനാണ് വഴിവെച്ചിട്ടുള്ളത്. രാജ്യത്ത് 2014-15ല്‍ 9ലക്ഷം പേര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ തൊഴില്‍ നഷ്ടം 50ലക്ഷം വരും. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പൂട്ടിപ്പോയ വ്യവസായങ്ങള്‍ ആറര ലക്ഷത്തിലധികം വരുമെന്നും ഇതിനോടൊപ്പം കാണണം.


ഇങ്ങിനെയുണ്ടാകുന്ന തൊഴില്‍ നഷ്ടം പൊതു തൊഴിലില്ലായ്മയെ വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികളുടെ വിലപേശല്‍ ശേഷി കുറച്ച് കൂലിക്കുറവ് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. (പ്രത്യക്ഷത്തില്‍ കൂലി കുറയുന്നില്ല എന്ന് തോന്നുമെങ്കിലും വിലക്കയറ്റ നിരക്കിനോടൊപ്പം കൂലി കൂടുന്നില്ല എന്നതിനാല്‍ യഥാര്‍ത്ഥവേതനത്തില്‍ കുറവുണ്ടാകുന്നു. രാജ്യത്ത് യുവാക്കളിലെ തൊഴിലില്ലായ്മ 13% ആണെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. കരാര്‍, നാമമാത്ര തൊഴിലുകള്‍ കൂടി പരിഗണിച്ച കണക്കാണിത്. 2013ല്‍ രാജ്യത്തെ ശരാശരി വേതനം 1960ലെ രൂപയുടെ മൂല്യം അനുസരിച്ച് 5.03 രൂപയായിരുന്നത് 2014ല്‍ 4.83രൂപയും 2015 ജനുവരിയില്‍ 4.55 രൂപയായുമാണ് കുറഞ്ഞത്.)


സേവനമേഖലയാണ് രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 52.7%വും സംഭാവനചെയ്യുന്നത്. ഇതില്‍ ഉണ്ടായ 11% വലര്‍ച്ചയാണ് രാജ്യത്തിന്റെ പൊതു സാമ്പത്തിക വളര്‍ച്ചക്ക് നിധാനം. പക്ഷേ സ്റ്റോക്ക് എക്ചേഞ്ച്, ഊഹക്കച്ചവടം എന്നിവയെല്ലാം പെട്ട ഈ മേഖലയിലെ വളര്‍ച്ച സാധാരണ ജനങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ല. മാത്രമല്ല ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണം ജനസംഖ്യയില്‍ കേവലം 19% മാത്രമാണ്.


കൂടുതല്‍ മേഖലകളില്‍ വിദേശനിക്ഷേപം


ഇന്‍ഷൂറന്‍സ് മേഖലയടക്കം വിവിധ സെക്ടറുകളില്‍ വിദേശനിക്ഷേപപരിധി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഗുരുതരമായ സ്ഥിതി സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പത്ത് വിദേശധനകാര്യശക്തികള്‍ക്ക് കയ്യടക്കാനാകുന്നു എന്നതാണ് ഇതിന്റെ ഫലമായുണ്ടാകുന്നത്.


ഇന്‍ഷൂറന്‍സ് ഉദാഹരണമായെടുക്കാം. ഇന്‍ഷൂറന്‍സ് കമ്പനി പ്രവര്‍ത്തിക്കുന്നത് പ്രീമിയം പിരിച്ചെടുത്തുകൊണ്ടാണ്. ആകെ പിരിച്ചെടുക്കുന്ന പ്രീമിയത്തേക്കാള്‍ കുറവ് തുക മാത്രമേ ആകെ നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നുള്ളൂ എന്നതാണ് ഇന്‍ഷൂറന്‍സ് മേഖലയുടെ ലാഭത്തിന്റെ അര്‍ത്ഥം. അതായത് കമ്പനി തുടങ്ങുന്നതിന് വരുന്ന ഇനീഷ്യല്‍ ഇന്‍വെസ്റ്റ്മെന്റിനപ്പുറം നടത്തിന് വേണ്ടി കാര്യമായ മുതല്‍മുടക്കൊന്നും ഇന്‍ഷൂറന്‍സ് ബിസിനസ് ആവശ്യപ്പെടുന്നില്ല. അതായത് ഈ മേഖലയില്‍ 49% വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്നു എന്നതിന് ഏക അര്‍ത്ഥം ലാഭത്തിന്റെ 49% വിദേശത്തേക്ക് കടത്താന്‍ കഴിയും എന്നതാണ്.


സാധാരണക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് സേവനം നല്‍കുന്നതിനുള്ള ബാദ്ധ്യതയൊന്നും ഇത്തരം കമ്പനികള്‍ക്കില്ല. അതുകൊണ്ടുതന്നെ എല്‍.ഐ.സി, നാഷനല്‍ ഇന്‍ഷൂറന്‍സ് പോലുള്ള സ്ഥാപനങ്ങളെയൊക്കെ അപേക്ഷിച്ച് കുറഞ്ഞ പ്രീമിയം ഓഫര്‍ചെയ്യാനും ക്രീമി ഉപഭോക്താക്കളെ കൈവശപ്പെടുത്താനും സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിയും. 14-15% പലിശ നിരക്ക് നിലവിലുള്ള ഇന്ത്യയിലേക്ക് ശരാശരി നാലുശതമാനത്തില്‍ താഴെ പലിശനിരക്കുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന മൂലധനത്തിന് മല്‍സരശേഷി കൂടുതലായിരിക്കും. ഈ സാദ്ധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി ഇന്ന് പൊതുമേഖലയില്‍ നടക്കുന്ന ബിസിനസ്സിലെ വലിയൊരു ഭാഗം, അതും ലാഭകരമായ ഭാഗം കയ്യടക്കാന്‍ സ്വകാര്യ മേഖലക്ക്, പ്രത്യേകിച്ചും വിദേശ പങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക നിക്ഷേപത്തെ വിദേശക്കമ്പനികളുടെ മൂലധനമാക്കി പരിവര്‍ത്തിപ്പിക്കാനാണ് കാരണമാകുക. രാജ്യത്തിന്റെ സമ്പത്ത് വിദേശക്കമ്പനികളിലേക്ക് ഒഴുകുന്നതിനോടൊപ്പം സാധാരണക്കാരന്റെ ഇന്‍ഷൂറന്‍സ് സേവനത്തിന് പ്രീമിയം കൂടുക, സേവനം ലഭ്യമാകാതാകുക തുടങ്ങിയ പ്രത്യാഘാതങ്ങളും ഇതുമൂലമുണ്ടാകും. സമാന സ്ഥിതിയാണ് മറ്റുമേഖലകളിലും ഉണ്ടാകുക.

"മെയ്ക്ക് ഇന്‍ ഇന്ത്യ"യും തൊഴില്‍ നിയമ പരിഷ്കാരങ്ങളും


നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന നിലയിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ "ചീപ്പ് ലേബര്‍" വിദേശ നിര്‍മ്മാണക്കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശവും വിലപേശല്‍ ശേഷിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഫാക്ടറി നിയമം ബാധകമാകണമെങ്കില്‍ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനമാണെങ്കില്‍ 10 തൊഴിലാളിയെങ്കിലും വേണമെന്നത് 20 തൊഴിലാളിയെങ്കിലും വേണമെന്നും വൈദ്യുതി ഉപയോഗിക്കാത്ത സ്ഥാപനമാണെങ്കില്‍ 20 തൊഴിലാളിയെങ്കിലും വേണമെന്നത് 40തൊഴിലാളിയെങ്കിലും വേണമെന്നുമാക്കി മാറ്റുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതായത് ഇന്ന് ഫാക്ടറി നിയമം ബാധകമായ സ്ഥാപനങ്ങളില്‍ 73%വും ഫാക്ടറി നിയമത്തിന് പുറത്താകും.
ഇങ്ങിനെ ബഹഭൂരിപക്ഷം തൊഴിലാളികളേയും ഫാക്ടറി നിയമത്തിന് പുറത്താക്കുക മാത്രമല്ല തൊഴില്‍ നിയമഭേദഗതികളിലൂടെ ചെയ്യുന്നത്. ഫാക്ടറി നിയമത്തിനു പരിധിയില്‍പ്പെട്ട തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങളെ ഹനിക്കുന്ന നിലയില്‍ വ്യവസായ തര്‍ക്കനിയമത്തിലും അപ്രന്റീസ് ആക്ട് അടക്കമുള്ള നിയമങ്ങളിലും മാറ്റം വരുത്താനും ഭേദഗതികളിലൂടെ ഉദ്ദേശിക്കുന്നുണ്ട്.


100തൊഴിലാളികളെങ്കിലും ജോലിചെയ്യുന്ന വ്യവസായങ്ങള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിയിരുന്നത് മുന്നൂറു തൊഴിലാളികളെങ്കിലും ജോലിചെയ്യുന്ന സ്ഥാപനം എന്നാക്കി മാറ്റുന്നുവെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇതോടെ രാജ്യത്തെ വ്യവസായത്തൊഴിലാളികളില്‍ 90ശതാമാനവും തൊഴിലവകാശ സംരക്ഷണത്തിന് തൊഴിലുടമയുടെ ദയാദാക്ഷിണ്യത്തിന് വിധേയമാകുന്ന സ്ഥിതിയാണുണ്ടാകുന്നത്.
തൊഴിലുടമക്ക് പ്രധാന തൊഴില്‍മേഖലകളിലെല്ലാം അപ്രന്റീസ്, ട്രെയിനി എന്നൊക്കെ പേരുപറഞ്ഞ് കുറഞ്ഞ വേതനത്തിന് ആളെവെച്ച് പണിയെടുപ്പിക്കാനുള്ള അവകാശം നല്‍കുന്നതാണ് അപ്രന്റീസ് ആക്ടില്‍ വരുത്തുന്ന ഭേദഗതി. ഇതിലെ സര്‍ക്കാര്‍ നിയന്ത്രണവും മിനിമം സ്റ്റൈപ്പന്റും എടുത്തുകളയുകയാണ്.


കരാര്‍ത്തൊഴിലാളി നിയമം കുറഞ്ഞത് 100 കരാര്‍ത്തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ബാധകമാകൂ എന്ന ഭേദഗതി കരാര്‍തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നതാണ്.
തൊഴിലാളികളുടെ സംഘടിക്കാനും വിലപേശാനുമുള്ള അവകാശവും നിഷേധിക്കപ്പെടുകയാണ്. ആകെ തൊഴിലാളികളില്‍ 30% എങ്കിലും അംഗങ്ങളായാലേ തൊഴിലാളി സംഘടനക്ക് അംഗീകരാമുണ്ടാകൂ എന്ന ഭേദഗതിനിര്‍ദ്ദേശം ലക്ഷ്യം വെക്കുന്നത് ഇതാണ്.


ഇത്തരത്തില്‍ തൊഴിലവകാശങ്ങള്‍ ഹനിച്ച് അടിമവേല ചെയ്യുന്നവരായി തൊഴിലാളികളെ മാറ്റുന്നതുകൊണ്ട് നിക്ഷേപം കടന്നുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇത് അസ്ഥാനത്താണെന്നാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. തൊഴിലവകാശങ്ങള്‍ മരവിപ്പിക്കപ്പെട്ട ഫ്രീ എക്കോണോമിക്ക് സോണുകള്‍ വലിയ വിജയമായില്ല എന്നത് വെളിപ്പെടുത്തുന്നത് ഈ വസ്തുതയാണ്. മാത്രമല്ല നിലവിലുള്ള സ്ഥാപനങ്ങളുടെ ഓഹരി കയ്യടക്കുകയും മറ്റെവിടെയെങ്കിലും സാദ്ധ്യത വരുമ്പോള്‍ ഓഹരി വിറ്റഴിച്ച് തിരികെ പോകാനുമല്ലാതെ പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാനോ അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ വിദേശനിക്ഷേപകരൊന്നും തയ്യാറാകുന്നില്ല എന്നതും കൂട്ടത്തില്‍ കാണേണ്ടതുണ്ട്.


വിവിധ സെക്ടറുകളിലെ ഇടപെടലുകള്‍


രാജ്യത്തെ വികസനമേഖലകളിലാകെ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. സ്വകാര്യ മൂലധനശക്തികള്‍ക്ക് വലിയ ലാഭം ഉറപ്പുവരുത്തുന്ന നിലയില്‍ എല്ലാ രംഗത്തും കമ്പോള ആധിപത്യം ഉറപ്പുവരുത്തുകയാണ് വിവിധമേഖലകളില്‍ നടപ്പാക്കുന്ന പരിഷ്ക്രണങ്ങളില്‍ ലക്ഷ്യമിടുന്നത്.


ഉദാഹരണത്തിന് വൈദ്യുതി മേഖലയില്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2003ലെ വൈദ്യുതി നിയമത്തിലൂടെ നടപ്പാക്കി വരുന്ന പരിഷ്കരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
2003ലെ വൈദ്യുതി നിയമത്തിലൂടെ വൈദ്യുതിബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കാനും സ്വകാര്യവല്‍ക്കരിക്കാനുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കാന്‍ കഴിഞ്ഞെങ്കിലും ഒറീസ, ഡല്‍ഹി എന്നി സംസ്ഥാനങ്ങള്‍ക്ക് പുറത്ത് കാര്യമായ സ്വകര്യവല്‍ക്കരണം നടന്നില്ല. വൈദ്യുതി ഉല്‍പാദനരംഗത്ത് സ്വകാര്യമേഖലക്ക് വലിയ പ്രോത്സാഹനം നല്‍കിയെങ്കിലും ഇങ്ങിനെയുണ്ടാക്കിയ വൈദ്യുതി ഉദ്ദേശിച്ച നിലയില്‍ വില്‍ക്കാന്‍ കഴിയാതെ വന്നത് കോര്‍പ്പറേറ്റുകള്‍ക്ക് പ്രയാസമുണ്ടാക്കി. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് നിയമഭേദഗതി ഉദ്ദേശിക്കുന്നത്.


ഉല്‍പാദനച്ചെലവ് യൂണിറ്റിന് നാലുരൂപയില്‍ താഴെ മാത്രമുള്ളപ്പോഴും കടുത്ത വൈദ്യുതിക്കമ്മി മുതലെടുത്ത് യൂണിറ്റിന് ശരാശരി ആരര ഏഴുരൂപ നിരക്കിലാണ് ഉല്‍പാദന ക്കമ്പനികള്‍ വിതരണക്കമ്പനികള്‍ക്ക് വൈദ്യുതി വിറ്റത്. ഇങ്ങിനെ വലിയ വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നെങ്കിലും അതനുസരിച്ച് ഉപഭോക്താക്കളുടെ വൈദ്യുതിച്ചാര്‍ജ്ജ് കൂട്ടുവാന്‍ വിതരണക്കമ്പനികള്‍ക്ക് കഴിഞ്ഞില്ല. ഇത് വൈദ്യുതിവിതരണക്കമ്പനികളെ വലിയ നഷ്ടത്തിലാക്കി. ഇങ്ങിനെ 2003മുതല്‍ 2013 വരെ രാജ്യത്തെ വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ആകെയുണ്ടായ നഷ്ടം രണ്ടര ലക്ഷംകോടി രൂപയിലധികമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ 1.75ലക്ഷം കോടിയോളം രൂപയുടെ സബ്സിഡിക്ക് ശേഷമുള്ള നഷ്ടമാണിത്.
വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് വലിയ വിലകൊടുത്ത് വൈദ്യുതി വാങ്ങിവിറ്റ് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുണ്ടാക്കിയത്. അതുകൊണ്ട് ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കട്ടുമൊക്കെ നടപ്പാക്കി വൈദ്യുതി വാങ്ങുന്നത് കുറക്കുന്ന സമീപനമാണ് വൈദ്യുതിവിതരണക്കമ്പനികള്‍ സ്വീകരിച്ചിട്ടുള്ളത്. വൈദ്യുതി ഉല്‍പ്പാദനക്കമ്പനികള്‍ക്ക് തങ്ങളുടെ വൈദ്യുതി വില്‍ക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ് ഇതുമൂലം സംജാതമായത്. മൂന്നുലക്ഷംകോടിയിലധികം നിക്ഷേപം നടത്തിയ 50,000മെഗാവാട്ട് വൈദ്യുതി നിലയങ്ങളാണ് ഇങ്ങിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ പൂട്ടിക്കിടക്കുന്നത്. അതേസമയം നാട്ടിലാകട്ടെ വൈദ്യുതിക്കമ്മി മൂലം രൂക്ഷമായ ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കട്ടുമൊക്കെ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്.
വൈദ്യുതി ഉപഭോക്താക്കളില്‍ ധനശേഷിയുള്ള വലിയ ഉപഭോഗമുള്ള കുറച്ചുപേരുണ്ട്. ഉദാഹരണത്തിന് കേരളത്തില്‍ ആകെ ഒരുകോടി പത്തുലക്ഷം വൈദ്യുതി ഉപഭോക്താക്കളുള്ളതില്‍ കേവലം 4000ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതി, ആകെ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് വരും. വലിയ ഷോപ്പിങ്ങ് മാളുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളുമൊക്കെ ഉള്‍പ്പെടുന്ന ഈ എച്ച്.ടി./ഇ.എച്ച്.ടി ഉപഭോക്താക്കള്‍ വൈദ്യുതിബോര്‍ഡിന് നല്‍കുന്ന വൈദ്യുതിച്ചാര്‍ജ്ജ് ബോര്‍ഡിന്റെ ആകെ വരുമാനത്തിന്റെ 40%ത്തില്‍ അധികവുമാണ്. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് വൈദ്യുതി നല്‍കാന്‍ കഴിയുന്നത് ഈ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന അധികവരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ്.
രാജ്യത്തെ കുത്തക വൈദ്യുതിക്കമ്പനികള്‍ ഇങ്ങിനെ വലിയ ഉപഭോഗവും ശേഷിയുമുള്ള ഉപഭോക്താക്കളെ തങ്ങളുടെ വൈദ്യുതി വില്‍ക്കാനുള്ള നല്ലൊരു കമ്പോളമായാണ് കാണുന്നത്. കേരളത്തില്‍ നാംകണ്ട 4000 ഉപഭോക്താക്കളെപ്പോലെ എല്ലാസംസ്ഥാനത്തും വലിയ ഉപഭോഗമുള്ള ശേഷിയുള്ള കുറേ ഉപഭോക്താക്കളുണ്ട്. അവര്‍ക്ക് നേരിട്ട് വൈദ്യുതി കൊടുക്കാന്‍ വന്‍കിട വൈദ്യുതി ഉല്‍പാദകക്കമ്പനികള്‍ക്ക് കഴിഞ്ഞാല്‍ അവരുടെ പൂട്ടിക്കിടക്കുന്ന നിലയം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വൈദ്യുതി ബോര്‍ഡുകളുടേയോ വിതരണയൂട്ടിലിറ്റികളുടേയോ കൈവശമുള്ള ഇത്തരം ക്രീമിഉപഭോക്താക്കളെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദകരുടെ ആവശ്യം. ഇതിനുപറ്റുന്ന അന്തരീക്ഷമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് പിന്നിലുള്ളത്. വൈദ്യുതി ലൈന്‍ വലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പണിയും അതിലൂടെ കറന്റ് കൊണ്ടുപോയി വില്‍ക്കുന്ന പണിയും തമ്മില്‍ രണ്ടായി വേര്‍തിരിക്കുക എന്നതാണ് ഇതിന് കണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗം. വൈദ്യുതി ലൈന്‍ വലിച്ച് പരിപാലിക്കുന്ന പരിപാടിയെയാണ് ഇനിമുതല്‍ വിതരണം എന്നു പറയുക. കമ്പിയിലൂടെ കരണ്ട് കടത്തിക്കൊണ്ടുപോയി ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന പരിപാടിയെ സപ്ലൈ എന്നും വിളിക്കും. വൈദ്യുതി വിതരണത്തെ ഇങ്ങിനെ രണ്ടായി മുറിക്കാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വൈദ്യുതിനിയമഭേദഗതി നിര്‍ദ്ദേശിക്കുന്നു. ഇതനുസരിച്ച് സപ്ലൈ നടത്താന്‍ ഒരേ സ്ഥലത്തുതന്നെ ഒന്നിലേറെ കമ്പനികളെ അനുവദിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സപ്ലൈയറെ തെരെഞ്ഞെടുക്കാന്‍ ചോയിസ് ല്‍കുകയാണ് ഇതിന്റെ ഉദ്ദേശമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വിതരണം പൊതുമേഖലയിലായിരിക്കും. അഥവാ ലൈന്‍ വലിക്കുകയടക്കമുള്ള പണിയെല്ലാം പൊതുമേഖല ചെയ്തോളും. അതിലൂടെ കറന്റ് കടത്തിക്കൊണ്ടുപോയി വില്‍ക്കുന്നതിന് സ്വകാര്യക്കമ്പനികള്‍ക്ക് അവസരം ലഭിക്കും. കേട്ടാല്‍ ആകര്‍ഷകമായിത്തോന്നുമെങ്കിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.


നേരത്തെ ഇന്‍ഷൂറന്‍സ് സെക്ടറില്‍ കണ്ടതുപോലെ എല്ലാവര്‍ക്കും വൈദ്യുതി കൊടുക്കാനൊന്നും സ്വകാര്യക്കമ്പനികള്‍ മെനക്കെടില്ല. ലാഭമുള്ളത് മാത്രമല്ലേ അവര്‍ സ്വീകരിക്കുകയുള്ളൂ. സാധാരണക്കാരന്റെ ബാദ്ധ്യത ഇല്ലാത്തതിനാല്‍ത്തന്നെ ചില ആനുകൂല്യങ്ങളൊക്കെ പ്രഖ്യാപിച്ച് റവന്യൂ ശേഷിയുള്ള വന്‍കിട ഉപഭോക്താക്കളെ സ്വകാര്യ സപ്ലൈക്കമ്പനികള്‍ അടിച്ചുകൊണ്ടുപോകും. അതുവഴി ലാഭവും അവരുടെ കയ്യിലാകും. ശേഷിക്കുന്ന സാധാരണക്കാര്‍ക്ക് വൈദ്യുതി കൊടുക്കേണ്ട ചുമതലയും അതിന്റെ നഷ്ടവും പൊതുമേഖലക്ക് ബാക്കിയാകും. പൊതുമേഖലയുടെ ഗതി രക്തം വാര്‍ന്ന് മരിക്കുക മാത്രമായി മാറും. പൊതുമേഖല തകരുന്നതോടെ വൈദ്യുതിച്ചാര്‍ജ്ജ് വന്‍തോതില്‍ വര്‍ദ്ധിക്കുകയും സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യും. ചെറുകിട വ്യവസായങ്ങള്‍, കൃഷി തുടങ്ങി ഇന്ന് ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന മേഖലകളെല്ലാം തകരും. ഇത് പൊതുവായ തൊഴില്‍ത്തകര്‍ച്ചക്കും വഴിവെക്കും.


പാര്‍ലമെന്റിനു മുന്നിലുള്ള റോഡ് സേഫ്റ്റി ബില്ലും സമാനമായ കുഴപ്പങ്ങളാണ് സൃഷ്ടിക്കുക. വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസസന്‍സ് നല്‍കല്‍, നിയമങ്ങള്‍ നടപ്പാക്കല്‍, പിഴ ചുമത്തല്‍ തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വാഹനഗതാഗതം നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി റൂട്ടുകള്‍ മൊത്തമായി ലേലം ചെയ്തു നല്‍കുന്നതിനും നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് ചില റൂട്ടുകുത്തകകള്‍ ഉണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ പൊതുവികസനത്തെ ഗുരുതരമായി ബാധിക്കും. ടാക്സി ഡ്രൈവര്‍മാര്‍ അടക്കമുള്ള സാധാരണ തൊഴിലാളികളുടെ ജീവിതം ദുരിതമയമാകുകയും ചെയ്യും.


മല്‍സ്യബന്ധനമേഖലയില്‍ മീനാകുമാരിക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള നടപടി സാധാരണ മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമ്പോള്‍ വലിയ വിദേശ ട്രോളറുകള്‍ക്ക് മല്‍സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.


പ്രകാശ് ബക്ഷിക്കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സഹകരണസ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നതില്‍ സഹകരണനിക്ഷേപത്തെ ഓഹരിക്കമ്പോളത്തിലേക്ക് എത്തിക്കുന്നതിനും അതുവഴി കോര്‍പ്പറേറ്റ് മൂലധനമാക്കി മാറ്റുന്നതിനും ലക്ഷ്യമിടുകയാണ്.


ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിലും കോര്‍പ്പറേറ്റ് താല്‍പര്യം തന്നെയാണ് നിലവിലുള്ളത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായി ഭൂമിഏറ്റെടുക്കുന്നതിന്റെ പുതിയ ഭേദഗതികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പി.പി.പി. മുഖാന്തിരമാണ് സര്‍ക്കാര്‍ പദ്ധതികള്‍ പോലും നടപ്പാക്കുന്നതെന്നതിനാല്‍ ഇത് അവസാനം കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് തന്നെയാണ് സഹായകമായിത്തീരുക.


കല്‍ക്കരി കുംഭകോണത്തെത്തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാട അലോക്കെഷനുകള്‍ പുന:സ്ഥാപിക്കുകയും സ്വകാര്യമേഖലക്ക് നമ്മുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയുമാണ് കല്‍ക്കരി ഖനന ദേശസാല്‍ക്കരണ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.


ഇങ്ങിനെ സകല മേഖലകളിലും കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ്സ് ഒളിഞ്ഞും തെളിഞ്ഞും ഈ നീക്കങ്ങളെ സഹായിക്കുന്നത് ഇന്‍ഷൂറന്‍സ് ബില്ലിന്റെ കാര്യത്തില്‍ നാം കണ്ടു. കല്‍ക്കരി നിയമഭേദഗതിയില്‍ തൃണമൂല്‍കോണ്‍ഗ്രസ്സും സമാജ്‌വാദിപ്പാര്‍ട്ടിയുമൊക്കെയാണ് ഈ സഹായം ചെയത്. മൊത്തത്തില്‍ ഈ കക്ഷികളാകെ പ്രതിനിധാനം ചെയ്യുന്നത് ഏത് താല്‍പര്യമാണെന്ന് ഇതിലൂടെയൊക്കെ വ്യക്തമാകുന്നുന്നുണ്ട്. ഇടതുപക്ഷകക്ഷികളുടെ ശേഷിയില്‍ ഉണ്ടായ കുറവ് ഈ നയങ്ങളോടുള്ള എതിര്‍പ്പിന്റെ മൂര്‍ച്ച കുറക്കുന്നതും നമുക്ക് കാണാന്‍ കഴിയും.


ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയ അജണ്ട


കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടേയും തൊഴിലാളികളുടേയും ജീവിതം ദുസ്സഹമാക്കിയ സാഹചര്യമാണ് രാജ്യത്ത് യോജിച്ച പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ ഇത്തരം യോജിപ്പ് അസാദ്ധ്യമാക്കുന്ന നിരവധി ഇടപെടലുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോഡി സര്‍ക്കാരും അതിനു പിന്നിലുള്ള സംഘപരിവാര്‍ സ്വാധീനവും രാജ്യത്ത് വര്‍ഗ്ഗീയ വിഭജനം ശക്തിപ്പെടുത്തുകയാണ്. മതത്തിന്റേയും ജാതിയുടേയുമൊക്കെ അടിസ്ഥാനത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഈ ശ്രമത്തിനു പിന്നില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ യോജിച്ച പോരാട്ടങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യവുമുണ്ട്.
ഒരു വശത്ത് തീവ്രദേശീയവാദം ഉയര്‍ത്തുക, ഇത് ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കുക, ഇതോടൊപ്പം രാജ്യത്തിന്റെ സമ്പത്തുകളാകെ സ്വകാര്യ മൂലധനത്തിന് കീഴ്പ്പെടുത്തുക എന്നതാണ് ഇന്ന് നടപ്പാക്കപ്പെടുന്നത്. ഫാസിസത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ചില മുഹൂര്‍ത്തങ്ങള്‍ നമുക്ക് വേറെയും കാണാന്‍ കഴിയും. 1922ല്‍ ഇറ്റലിയില്‍ അധികാരത്തില്‍ വന്ന മുസ്സോളിനി നടപ്പാക്കിയ ചില തീവ്ര സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ ഇതിനുദാഹരണമാണ്.
സര്‍ക്കാര്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് 1923ഏപ്രില്‍ 19ന് മുസ്സോളിനി ഇറക്കിയ ഉത്തരവ് ഇതിലൊന്നാണ്. പിന്തുടര്‍ച്ചാസ്വത്തിനുള്ള നികുതി പിന്‍വലിച്ചതും പ്രത്യക്ഷനികുതികള്‍ വെട്ടിക്കുറച്ച് പരോക്ഷനികുതികള്‍ വര്‍ദ്ധിപ്പിച്ചതും മുസ്സോളിനി നികുതിരംഗത്തുവരുത്തിയ മാറ്റങ്ങളാണ്. 1925ല്‍ ടെലഫോണ്‍ മേഖലയിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിച്ചതാണ് മുസ്സോളിനിയുടെ മറ്റൊരു പരിഷ്കരണം. ഇന്ന് നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഇതില്‍ നിന്നെല്ലാം എന്ത് വ്യത്യാസമാണുള്ളത്. ഈ നടപടികളോടൊപ്പം റയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിനും മുസ്സോളിനി ശ്രമിച്ചിരുന്നു. പക്ഷേ നാസി പക്ഷത്തുള്ള തൊഴിലാളി സംഘടനകള്‍പോലും ആ നീക്കത്തെ എതിര്‍ത്തപ്പോള്‍ മുസ്സോളിനിക്ക് പിന്‍വാങ്ങേണ്ടി വന്നു. ഇന്ന് അത്തരം എതിര്‍പ്പുകളേപ്പോലും അവഗണിക്കാന്‍ സാമ്രാജ്യത്ത പിന്തുണയും കോര്‍പ്പറേറ്റ് സ്വാധീനവും കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള മാദ്ധ്യമ സഹായവും ഒക്കെ ഉപയോഗപ്പെടുത്താനാണ് നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം തീവ്ര ഹിന്ദുത്വ ദേശീയവാദ പ്രയോഗവും കൂടിയാകുമ്പോള്‍ ഫാസിസം അടുത്തെത്തുന്നോ എന്നല്ലാതെ എന്തു സംശയിക്കാന്‍.
ബജറ്റിലൂടെ ഗംഗാനദി ശുദ്ധീകരണത്തിന് പദ്ധതികൊണ്ടുവന്നതും പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതുമൊക്കെ തീവ്ര ദേശീയതയും ഹിന്ദുത്വവല്‍ക്കരണവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്റെ പിന്നിലും ഇതേ താല്‍പര്യം കാണാവുന്നതാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കുന്നതിനെന്ന പേരില്‍ കടന്നുവരുന്ന ന്യൂനപക്ഷ വര്‍ഗ്ഗിയതയാകട്ടെ ഈ ഫാസിസ്റ്റ് തന്ത്രത്തിന് പലപ്പോഴും സഹായമായിത്തീരുന്നു. ലോകത്ത് വളര്‍ന്നുവരുന്ന ഐസിസ് അടക്കമുള്ള മുസ്ലീം വര്‍ഗ്ഗിയ ഭീകരതയും സാമ്രാജ്യത്തവുമായുള്ള ബന്ധം എന്താണൊ അതിന് സമാനമായ ബന്ധമാണ് ഇവിടെ ഹിന്ദുത്വ ഭീകരതക്കും സാമ്രാജ്യത്ത മൂലധനശക്തികളുമായുള്ളത്. ഏറ്റവുമൊടുവില്‍ ബീഫ് നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണശീലത്തെ വെല്ലുവിളിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നു. ഘര്‍വാപ്പസിയെന്ന പേരില്‍ നടക്കുന്ന നിര്‍ബന്ധിത മത പരിവര്‍ത്തനമടക്കം സംഘപരിവാര്‍ സംഘടനകള്‍ നടപ്പാക്കുന്ന അജണ്ടകളാകെ രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്.


ജനജീവിതം ദുസ്സഹമാകുമ്പോള്‍ അതിന് കാരണമായ നയങ്ങളെ തിരുത്തുന്ന പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നതിന് പകരം മറ്റൊരു മതത്തിലെ സമാനമായ ജനങ്ങളില്‍ കുറ്റം കണ്ടെത്തുന്നതിനാണ് ഈ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. സ്വാഭാവികമായും രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ മുന്നുപാധിയായി മാറുന്നു.


തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുക


സംയുക്തപ്രക്ഷോഭങ്ങളെ കൂടുതല്‍ വിപുലമാക്കുകയും ഐക്യം പൂര്‍ണ്ണമാക്കുകയും ചെയ്യുകയെന്നതാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇന്നത്തെ പ്രധാനകടമ. പൊതുവായ മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും ഓരോ സംഘടനയും പ്രശ്നത്തെ കാണുന്ന രീതിയില്‍ വ്യത്യസ്ഥതയുണ്ടെന്നത് തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ പ്രക്ഷോഭങ്ങളെ മുന്നോട്ടുകൊണ്ടുപോകാനാകില്ല. നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളല്ല നയങ്ങള്‍ തന്നെയാണ് എതിര്‍ക്കപ്പെടേണ്ടതെന്ന ധാരണ തൊഴിലാളികളില്‍ വളര്‍ത്താന്‍ കഴിയണം.


തൊഴിലാളി സമരങ്ങള്‍കൊണ്ടുമാത്രം നയങ്ങള്‍ തിരുത്തിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ജനങ്ങളെയാകെ അണിനിരത്തി വലിയ ചെറുത്തുനില്‍പ്പ് വളര്‍ത്തിക്കൊണ്ടുവരാനും ഈ പോരാട്ടത്തെ ഒരു രാഷ്ട്രീയ ശക്തിയായി മാറ്റാനും നമുക്കു കഴിയണം. എല്ലാ തൊഴിലാളികളിലും ഈ വസ്തുതകള്‍ എത്തിക്കാനും ഓരോതൊഴിലാളിയേയും പ്രക്ഷോഭപ്രചാരകനാക്കാനും കഴിയണം. "Reaching the Unreached" എന്ന മുദ്രാവാക്യം ഈകാലഘട്ടത്തില്‍ ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3317
mod_vvisit_counterYesterday4244
mod_vvisit_counterThis Month87402
mod_vvisit_counterLast Month143934

Online Visitors: 49
IP: 34.229.126.29
,
Time: 18 : 30 : 00