KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒഡീഷയില്‍ സംഭവിക്കുന്നത്

ഒഡീഷയില്‍ സംഭവിക്കുന്നത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Odishaരാജ്യത്ത് വൈദ്യുതിബോര്‍ഡുകള്‍ വിഭജിച്ച് കമ്പനികളാക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുകയെന്ന നയം ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് ഒഡീഷ. 1996 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ഒറീസ്സ ഇലക്ട്രിസിറ്റി റിഫോം ആക്ട് - 1995 പ്രകാരമാണ് ഒഡീഷയിലെ വൈദ്യുതി പരിഷ്കരണനടപടികള്‍ തുടങ്ങുന്നത്. ലോകബാങ്കില്‍ നിന്നുള്ള ധനസഹായം സ്വീകരിക്കുന്നതിന്റെ ഭാഗമായി 1992 മുതല്‍ നടന്ന ചര്‍ച്ചകളിലൂടെയാണ് ഈ നിയമം രൂപം കൊള്ളുന്നത്. വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് ഒറ്റ സ്ഥാപനമായി നില്‍ക്കുന്നത് ഗുണകരമല്ല എന്നു പറഞ്ഞുകൊണ്ട് അതിനെ രണ്ടാക്കി വിഭജിച്ച് കമ്പനികളാക്കുകയാണ് ആദ്യം ചെയ്തത്. അങ്ങിനെ ഉല്‍പാദനമേഖലയില്‍ ഒറീസ്സ ഹൈഡല്‍ പവര്‍ കോര്‍പ്പറേഷനും പ്രസരണ-വിതരണ മേഖലകള്‍ക്കുവേണ്ടി ഗ്രിഡ്കോയും രൂപം കൊണ്ടു.
1997ല്‍ ഗ്രിഡ്കോയില്‍ നിന്ന് വിതരണമേഖല വേര്‍തിരിച്ച് വെസ്കോ, നെസ്കോ, സൗത്ത്കോ, സെസ്കോ എന്നിങ്ങനെ നാലു മേഖലാവിതരണക്കമ്പനികള്‍ രൂപീകരിച്ചു. ഇവയെല്ലാം ഗ്രിഡ്കോയുടെ സബ്സിഡയറിക്കമ്പനികളായാണ് രൂപീകരിച്ചത്. 1999 മാര്‍ച്ചില്‍ ഈ വിതരണക്കമ്പനികളുടെ 51% ഓഹരികള്‍ സ്വകാര്യസംരംഭകര്‍ക്ക് വിറ്റഴിക്കാനുള്ള ഗ്രിഡ്കോ തീരുമാനം സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കുകയും അതനുസരിച്ച് 1999 മാര്‍ച്ചില്‍ത്തന്നെ സെസ്കോ ഒഴികെയുള്ള മൂന്നു വിതരണക്കമ്പനികളും റിലയന്‍സിന്റെ നേതൃത്വത്തിലുള്ള ബി.എസ്.ഇ.എസ്. ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് 1999 സെപ്റ്റംബറില്‍ സെസ്കോയെ അമേരിക്കന്‍ ഇലക്ട്രിക്ക് സപ്ലൈ കമ്പനിക്കും വിറ്റു. അങ്ങിനെ വൈദ്യുതിബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുകയെന്ന പരിഷ്കരണപരിപാടി സ്വന്തം നിലയില്‍ ഏറ്റെടുത്തു നടപ്പാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി ഒഡീഷ മാറി.


വിതരണ നഷ്ടം കുറയ്ക്കുക, സംസ്ഥാനത്തിന്റെ സബ്സിഡി ഭാരം ലഘൂകരിക്കുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം എത്തിക്കുക തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ ഈ പരിഷ്കരണങ്ങളിലൂടെ പ്രതീക്ഷിക്കുന്നുവെന്നാണ് ഒഡീഷ സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ പരിഷ്കരണങ്ങളിലൂടെ ഒഡീഷയിലെ വൈദ്യുതി മേഖല കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്കാണ് നീങ്ങിയത്. 1999 ഒക്ടോബറില്‍ ഉണ്ടായ കൊടുങ്കാറ്റ് ഈ പരിഷ്കരണങ്ങളുടെ ആദ്യ പരീക്ഷണമായിരുന്നു. കാറ്റില്‍ തകര്‍ന്നുവീണ വൈദ്യുതി ലൈനുകള്‍ പുന:സ്ഥാപിക്കുന്നതിന് സ്വകാര്യക്കമ്പനികള്‍ വന്‍തോതിലുള്ള സര്‍ക്കാര്‍ സഹായമാണ് ആവശ്യപ്പെട്ടത്. നഗരപ്രദേശങ്ങള്‍ക്ക് പുറത്തുള്ള ലൈനുകളൊന്നും പുന:സ്ഥാപിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. അങ്ങിനെ ഗ്രാമീണമേഖലയില്‍ മാസങ്ങളോളം വൈദ്യുതിബന്ധം പുന:സ്ഥാപിക്കാതെ കിടന്നു. ഒടുക്കം സര്‍ക്കാര്‍ ചെലവിലും ഇടപെടലിലുമാണ് ഈ പ്രശ്നം ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെട്ടത്. ഇതിനിടയില്‍ സാധാരണക്കാരായ നിരവധിപ്പേര്‍ക്ക് വൈദ്യുതിബന്ധം ഉപേക്ഷിക്കേണ്ട സ്ഥിതിയും സംജാതമായി.


2001ജൂലൈയില്‍ എ.ഇ.എസ് കോര്‍പ്പറേഷന്‍ സെസ്കോയില്‍ നിന്നും പിന്‍മാറിയതോടെയാണ് ഒഡീഷയിലെ വൈദ്യുതിമേഖലാപരിഷ്കരണങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വീണ്ടും പൊതുശ്രദ്ധയിലേക്ക് വരുന്നത്. സ്വകാര്യവല്‍ക്കരണം കാര്യക്ഷമത കൊണ്ടുവരും എന്ന വാദം എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് ഇത് വെളിവാക്കി. ഗ്രിഡ്കോയുമായുള്ള വൈദ്യുതി ഇടപാടിലെ കുടിശ്ശിക സംബന്ധിച്ച തര്‍ക്കവും വൈദ്യുതി വ്യവസായം നടത്തിക്കൊണ്ടുപോകാനുള്ള പ്രയാസങ്ങളുമൊക്കെ ചൂണ്ടിക്കാണിച്ചാണ് എ.ഇ.എസ് ഓഹരി തിരികെ നല്‍കി ഒഴിഞ്ഞുപോകാന്‍ തയ്യാറായതെങ്കിലും കാര്യക്ഷമമായി വൈദ്യുതിമേഖല നടത്തിക്കൊണ്ടുപോകാന്‍ സ്വകാര്യസ്ഥാപനത്തിന്റെ ലാഭമോഹം മാത്രം മതിയാകില്ലെന്ന വസ്തുതയാണ് വെളിപ്പെട്ടത്. ഓഹരി മൂന്നാമതു കക്ഷികള്‍ക്ക് വിറ്റഴിക്കാന്‍ അനുവദിക്കാനോ തിരിച്ചെടുക്കാനോ ഗ്രിഡ്കോ തയ്യാറായില്ല. ഇത് കടുത്ത അനിശ്ചിതത്ത്വങ്ങള്‍ക്കും സെസ്കോ ലൈസന്‍സ് പ്രദേശത്തെ വൈദ്യുതി വിതരണരംഗത്ത് വലിയ കുഴപ്പങ്ങള്‍ക്കും കാരണമായി. അങ്ങിനെയാണ് 2004 ഏപ്രില്‍ ഒന്നിന് സെസ്കോയുടെ വിതരണലൈസന്‍സ് റദ്ദുചെയ്യാനും സ്ഥാപനം നടത്തുന്നതിന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും സംസ്ഥാന വൈദ്യുതി റഗുലേറ്ററിക്കമ്മീഷന് തീരുമാനിക്കേണ്ടി വന്നത്. പിന്നീട് ഈ ലൈസന്‍സ് വിറ്റഴിക്കുന്നതിനും എന്‍.ടി.പി.സി.യെ ഏല്‍പ്പിക്കുന്നതിനുമൊക്കെ കമ്മീഷന്‍ ശ്രമിക്കുകയുണ്ടായെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഒടുവില്‍ സെന്‍ട്രല്‍ സോണ്‍ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ ആന്റ് റീറ്റെയില്‍ സപ്ലൈ യൂറ്റിലിറ്റി അഥവാ സെസു എന്നൊരു സംവിധാനത്തിന് രൂപം കൊടുക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ നിര്‍ബന്ധിതമായി. സെന്‍ട്രല്‍ സോണിലെ വൈദ്യുതി വിതരണ പ്രവര്‍ത്തനത്തിന് 2006 സെപ്റ്റംബറില്‍ ഉണ്ടാക്കിയ സെസു സംവിധാനം ആ നിലയില്‍ ഇപ്പോഴും തുടരുകയാണ്.


ബി.എസ്.ഇ.എസ് ഏറ്റെടുത്ത മറ്റു മൂന്നു വിതരണക്കമ്പനികളിലേയും സ്ഥിതി വ്യത്യസ്ഥമൊന്നുമായിരുന്നില്ല. പ്രധാന ഓഹരി ഉടമയായ റിലയന്‍സിന്റെ ലാഭതാല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് സംസ്ഥാനത്തെ വൈദ്യുതിമേഖലയുടെ കാര്യക്ഷമമായ നടത്തിപ്പിനോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ ഉറപ്പുവരുത്താനോ യാതൊരു മുന്‍ഗണയും ഈ വിതരണക്കമ്പനികളില്‍ ഉണ്ടായില്ല. വൈദ്യുതി വിതരണ ലൈസന്‍സികളെന്ന നിലയില്‍ നിയമപരമായി ബാദ്ധ്യതപ്പെട്ട ചുമതലകള്‍പോലും നിറവേറ്റാന്‍ ഈ കമ്പനികള്‍ക്കായില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന റഗുലേറ്ററിക്കമ്മിഷന്‍ ഈ കമ്പനികള്‍ക്ക് താരീഫ് ഓര്‍ഡറുകളുടെ ഭാഗമായും അല്ലാതേയും നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. എന്നാല്‍ ഇവയൊന്നും പാലിയ്ക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ കമ്പനികള്‍ തയ്യാറായില്ല. മാത്രമല്ല റഗുലേറ്ററി കമ്മീഷന്‍ ഉത്തരവുകള്‍ക്കെതിരെ അപ്പലേറ്റ് ട്രിബ്യൂണലില്‍ നിന്നും കേന്ദ്രക്കമ്മിഷനില്‍ നിന്നുമൊക്കെ അനുകൂലവിധികള്‍ സമ്പാദിക്കാനും തങ്ങള്‍ക്ക് തോന്നിയ വിധത്തില്‍ കമ്പനികള്‍ നടത്തിക്കൊണ്ടുപോകാനുമാണ് റിലയന്‍സ് ശ്രമിച്ചത്. റിലയന്‍സിന് ഇതും ഇതിലപ്പുറവും സാധിക്കുമെന്നത് പ്രത്യേകിച്ച് പറയേണ്ടതുമില്ലല്ലോ.


ഈ തര്‍ക്കങ്ങള്‍ രൂക്ഷമായി വരുന്നതാണ് പിന്നീട് കണ്ടത്. ഒടുവില്‍ 2015 മാര്‍ച്ച് 4ന് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് വിതരണക്കമ്പനികളുടേയും ലൈസന്‍സുകള്‍ റദ്ദുചെയ്യാനും അവ നടത്തിക്കൊണ്ടുപോകാന്‍ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും റഗുലേറ്ററിക്കമ്മീഷന് തീരുമാനിക്കേണ്ടി വന്നു. ആക്ട് 2003ലെ 19(3) വകുപ്പുപ്രകാരമാണ് കമ്മീഷന്‍ ഈ നടപടി സ്വീകരിച്ചത്. ഒഡീഷയിലെ വൈദ്യുതി പരിഷ്കാരങ്ങളുടെ തകര്‍ച്ച പൂര്‍ണ്ണമാക്കുന്നതായിരുന്നു ഈ വിധി. ഇന്ത്യന്‍ വൈദ്യുതിമേഖലയിലെ പരിഷ്കരണചരിത്രത്തില്‍ സുപ്രധാനമായ ഒരദ്ധ്യായമാണ് ഇത് എഴുതിച്ചേര്‍ത്തിരിക്കുന്നത്.


എന്‍ര്‍ജി ഓഡിറ്റിങ്ങ് നടത്തുക, വിതരണ വ്യാപാര നഷ്ടം കുറക്കുക, ബില്ലിങ്ങ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി വാങ്ങുന്ന വൈദ്യുതിയുടെ വില കൃത്യമായി നല്‍കുക, എന്‍.ടി.പി.സിക്ക് നല്‍കാനുള്ള കുടിശ്ശിക ബോണ്ടാക്കി മാറ്റിയതിലേക്കുള്ള അടവുകള്‍ ഒടുക്കുക, ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കുക തുടങ്ങി പ്രധാനപ്പെട്ട ഒരു കാര്യങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനോ വൈദ്യുതി വിതരണക്കമ്പനികളായ നെസ്കോ, വെസ്കോ, സൗത്ത്കോ എന്നിവ തയ്യാറായിട്ടില്ലെന്നാണ് കമ്മീഷന്‍ ഇറക്കിയിട്ടുള്ള ഉത്തരവില്‍ പറയുന്നത്. ഇതുവഴി ജനവിശ്വാസത്തെ വഞ്ചിക്കുകയാണ് കമ്പനികള്‍ ചെയ്തിട്ടുള്ളതെന്നും വിധി ചൂണ്ടിക്കാണിക്കുന്നു. ഓഹരി പങ്കാളിത്ത ഉടമ്പടിയിലെ നിബന്ധനകള്‍ പാലിക്കാതെ നിശ്ചിത യോഗ്യതകളില്ലാത്തവര്‍ക്കിടയില്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ റിലയന്‍സ് ഇന്‍ഫ്രാ ശ്രമിച്ചുവെന്നും തെളിവുകള്‍ സഹിതം കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൊത്തത്തില്‍ തങ്ങള്‍ക്ക് ലാഭമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുക എന്ന സമീപനമാണ് റിലയന്‍സ് സ്വീകരിച്ചതെന്ന് ഈ ഉത്തരവ് പരിശോധിച്ചാല്‍ വ്യക്തമാകും.


വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ പരിഷ്കരണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഈ വിധി. പരിഷ്കരണങ്ങള്‍ക്ക് തുടക്കംകുറിച്ചിടത്തുതന്നെ അത് പരാജയപ്പെട്ടിരിക്കുന്നു. ഈ അനുഭവം നാം നടത്തിവരുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4762
mod_vvisit_counterYesterday4925
mod_vvisit_counterThis Month110283
mod_vvisit_counterLast Month108586

Online Visitors: 79
IP: 54.163.149.225
,
Time: 21 : 29 : 40