KSEBOA - KSEB Officers' Association

Friday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളി- വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടണം

അതിരപ്പിള്ളി- വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Athirappilliഅതിരപ്പിള്ളി ജലവൈദ്യുതി നിലയം സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നുവരുകയാണല്ലോ. എന്നാല്‍ ഈ ചര്‍ച്ചകളില്‍ വസ്തുതകളെക്കാള്‍ വികാരപരതക്കാണ് പലപ്പോഴും പ്രാധാന്യം കിട്ടിക്കാണുന്നത്. ഈ സാഹചര്യത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിലവാദങ്ങളും അതുമായി ബന്ധപ്പെട്ട വസ്തുതകളും പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്.


പദ്ധതിയുടെ ചരിത്രം


പരിസ്ഥിതി പ്രവര്‍ത്തകരുടേയോ മറ്റു വിദഗ്ദ്ധരുടേയോ അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെയാണ് കെ.എസ്.ഇ.ബി. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന സംശയം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഈ പദ്ധതിയുടെ പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കാണാന്‍ കഴിയും.
1989ലാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 1998ല്‍ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ അനുമതി കിട്ടി. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സങ്കേതിക സാമ്പത്തിക അനുമതിയും ലഭിച്ചു. പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി തുടങ്ങാനിരിക്കേയാണ് 2001ല്‍ പദ്ധതിക്കെതിരെ ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിക്കെതിരായി ബഹു ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുതെളിവെടുപ്പില്‍ അവതരിപ്പിച്ച ഡിസൈന്‍ മാറ്റിയിരിക്കുന്നു എന്നും അതിനാല്‍ വീണ്ടും പൊതുതെളിവെടുപ്പ് വേണം എന്നുമായിരുന്നു പരാതിയുടെ പ്രധാന ആവശ്യം. പൊതുതെളിവെടുപ്പില്‍ ഉയര്‍ന്നുവന്ന ഒരു പരാതി, പദ്ധതിമൂലം അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന പ്രശ്നം പരിഹരിക്കാന്‍ ഡാമിനു ചുവട്ടില്‍ ഒരു ഡാംടോ പവര്‍ഹൗസ് കൂടി ഉള്‍പ്പെടുത്തി വെള്ളച്ചാട്ടത്തിന് ആവശ്യമായ വെള്ളം ഉറപ്പുവരുത്താനായിരുന്നു ഡിസൈനില്‍ മാറ്റം വരുത്തിയത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെടുത്ത മാറ്റമായതിനാല്‍ വീണ്ടും തെളിവെടുപ്പ് ആവശ്യമില്ല എന്ന് കെ.എസ്.ഇ.ബി. വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അങ്ങിനെ വീണ്ടും പൊതുതെളിവെടുപ്പു നടത്തി 2005ല്‍ പദ്ധതിക്ക് വീണ്ടും അനുമതി കിട്ടി.
അനുമതി കിട്ടിയതിനെത്തുടര്‍ന്ന് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടക്കുന്നതിനിടെ 2006ല്‍ പദ്ധതിക്കെതിരെ ബഹു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു പരാതി ലഭിച്ചു. ബഹു പ്രധാനമന്ത്രി ഈ പരാതി വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തി. സമിതി അതിരപ്പിള്ളി പ്രദേശത്ത് സന്ദര്‍ശനം നടത്തി. ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വനം, ജലവിഭവ വകുപ്പ് എന്നിവയടക്കമുള്ള വിവിധ വകുപ്പുകള്‍ എന്നിവയുടെയൊക്കെ അഭിപ്രായങ്ങള്‍ കേട്ടു. ജൈവ വൈവിദ്ധ്യം മുതല്‍ ഹൈഡ്രോളജി വരെ വിവിധ മേഖലകളില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പതിമുന്നു പ്രഗത്ഭര്‍ അടങ്ങിയ ഈ കമ്മിറ്റി ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ വിലയിരുത്തുകയും പദ്ധതി പരിസ്ഥിതി അനുമതിക്ക് യോഗ്യമാണ് എന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. 1998ല്‍ ടെണ്ടര്‍ ചെയ്ത പദ്ധതി അതേ തുകക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലല്ലോ. അന്ന് കരാര്‍ ലഭിച്ച ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കരാര്‍ തുക വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇത് സര്‍ക്കാരിന് അനുവദിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഒടുക്കം പദ്ധതി റീടെണ്ടര്‍ ചെയ്തു.
പദ്ധതി റീടെണ്ടര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ബഹു ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ പദ്ധതിക്കെതിരെ രണ്ടു പരിസ്ഥിതിപ്രവര്‍ത്തകര്‍ പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചു. ഇങ്ങിനെ കോടതി നടപടികള്‍ നടന്നു വരുമ്പോഴാണ് 2010ല്‍ അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്, തനിക്ക് ജല്‍ബറാതി എന്ന ഒരു സംഘടന നല്‍കിയ ഒരു പരാതിയില്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി പിന്‍വലിക്കാന്‍ വനം പരിസ്ഥിതി വകുപ്പിന് നിര്‍ദ്ദേശം നല്‍കുന്നത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഏകപക്ഷീയമായി അനുമതി പിന്‍വലിക്കാന്‍ കഴിയില്ല എന്നതിനാല്‍ വനം പരിസ്ഥിതി വകുപ്പ് കെ.എസ്.ഇ.ബി.ക്ക് അനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണമുണ്ടോ എന്ന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കെ.എസ്.ഇ.ബി. ഇതിന് നല്‍കിയ മറുപടി പരിശോധിച്ച് ഉചിതമായ നടപടി നിര്‍ദ്ദേശിക്കാന്‍ വീണ്ടും പദ്ധതി വനം പരിസ്ഥിതി വകുപ്പിന്റെ വിദഗ്ദ്ധ സമിതിക്ക് വിട്ടു.
മുന്‍പ് പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്ത വിദഗ്ദ്ധ സമിതിയെ പിരിച്ചുവിട്ട് പുതിയ സമിതിയെ നിശ്ചയിച്ചുകൊണ്ടാണ് പരിശോധന ആരംഭിച്ചത്. ഈ സമിതി പ്രദേശത്തെ ജൈവ വൈവിദ്ധ്യത്തെ സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടാനും ജലലഭ്യത സംബന്ധിച്ച് കേന്ദ്ര വാട്ടര്‍ക്കമ്മീഷന്റെ അഭിപ്രായം തേടാനും തീരുമാനിച്ചു. ഈ രണ്ടു കാര്യത്തിലൊഴിച്ച് മറ്റെല്ലാ കാര്യത്തിലും കെ.എസ്.ഇ.ബി.യുടെ വിശദീകരണം തൃപ്തികരമാണെന്നു തന്നെയാണ് പുതിയ കമ്മിറ്റിയും കണ്ടെത്തിയത്. തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍മാരടങ്ങുന്ന സമിതിയാണ് ജൈവ വൈവിദ്ധ്യം സംബന്ധിച്ച കാര്യത്തില്‍ കമ്മിറ്റിക്ക് വിശദീകരണം നല്‍കിയത്. കേന്ദ്ര ജലക്കമ്മീഷന്‍ ജല ലഭ്യത സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ടും നല്‍കി. പദ്ധതിക്കെതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരടിസ്ഥാനവുമില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ അനുമതി പുന:സ്ഥാപിക്കപ്പെടും എന്നത് ഏറെക്കുറെ ഉറപ്പായി. പക്ഷേ സമിതി നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പുതന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ജയറാം രമേശിന്റെ നിര്‍ദ്ദേശപ്രകാരം പദ്ധതി സംബന്ധിച്ച പരിശോധന പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റിക്ക് വിട്ടു.


ഗാഡ്ഗില്‍ ക്കമ്മിറ്റിയില്‍


ഗാഡ്ഗില്‍ കമ്മിറ്റി തികച്ചും ഏകപക്ഷീയമായാണ് പദ്ധതിയെ സമീപിച്ചത്. പദ്ധതിയെ നിരന്തരമായി വിമര്‍ശിക്കുകയും ഹൈക്കോടതിയിലടക്കം പദ്ധതിക്കെതിരായി സത്യവാഗ്മൂലങ്ങള്‍ സമര്‍പ്പിക്കുകയുമൊക്കെ ചെയ്തുവന്നിരുന്ന, കൃത്യമായും പദ്ധതിക്കെതിരായ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഡോ. വി.എസ്. വിജയന്‍ ഗാഡ്ഗില്‍കമ്മിറ്റിയില്‍ അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ സ്വാധീനത്തിലാകണം അതിരപ്പിള്ളിയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി ചുമതലപ്പെടുത്തിയത് പദ്ധതിക്കെതിരെ പ്രക്ഷോഭത്തിലുള്ള ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകയായ ഡോ. ലതയെ ആയിരുന്നു. ഇങ്ങിനെ പരാതിക്കാര്‍ ജഡ്ജിയുടെ വേഷത്തില്‍ അവതരിച്ച അവസ്ഥയാണ് ഗാഡ്ഗില്‍ക്കമ്മിറ്റിയില്‍ ഉണ്ടായത്. ഈ സമിതി നടത്തിയ തെളിവെടുപ്പില്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും ഔദ്യോഗികമായി പങ്കെടുത്തവരെയല്ലാതെ സ്ഥാപനത്തിലെ വ്യത്യസ്ഥ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. ഇങ്ങിനെ ഏകപക്ഷീയമായി നടത്തിയ തെളിവെടുപ്പിന് ശേഷം ഗാഡ്ഗില്‍ കമ്മിറ്റി പദ്ധതിക്കെതിരായ റിപ്പോര്‍ട്ട് അംഗീകരിക്കുകയും പദ്ധതി നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. നേരത്തെ ഡോ. വി.എസ്. വിജയനും ഡോ. ലതയുമൊക്കെ പദ്ധതിക്കെതിരായി തയ്യാറാക്കിയ കുറിപ്പുകളും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാഗ്മൂലവുമൊക്കെ അങ്ങിനെതന്നെ ഉള്‍പ്പെടുത്തിയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വാദങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ്ധ സമിതിയും ഹൈക്കോടതിയുമൊന്നും അംഗീകരിച്ചിട്ടില്ലാത്തതും ആധികാരികത ഇല്ലാത്തതുമാണെങ്കിലും അതൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തപ്പെടുകയായിരുന്നു. എന്നാല്‍ ഈ വാദങ്ങളിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് നല്‍കിയ വിശദീകരണങ്ങളോ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ നല്‍കിയ മറു സത്യവാഗ്മൂലങ്ങളോ ഗാഡ്ഗില്‍ക്കമ്മിറ്റി കണ്ടതായിപ്പോലും ഭാവിച്ചില്ല.


കസ്തൂരിരംഗന്‍ സമിതി


ഗാഡ്ഗില്‍ക്കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതെങ്ങിനെയെന്ന് നിശ്ചയിക്കാനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിശോധിക്കാനും നിയോഗിക്കപ്പെട്ട കസ്തൂരി രംഗന്‍ കമ്മിറ്റി ആതിരപ്പിള്ളിയെപ്പറ്റിയുള്ള ഗാഡ്ഗില്‍ക്കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചില്ല. ജല ലഭ്യത സംബന്ധിച്ച് ചിലപരാതികള്‍ ഉയര്‍ന്നുവന്നത് പരിശോധിച്ച് നടപടി എടുക്കണമെന്നും പുഴയില്‍ നിശ്ചിത നീരൊഴുക്ക് നിലനിര്‍ത്തിക്കൊണ്ട് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നുമാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കുകയും പദ്ധതിയുടെ അനുമതി റദ്ദുചെയ്യേണ്ടതില്ല എന്ന് മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. അങ്ങിനെയാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് വീണ്ടും പരിസ്ഥിതി അനുമതി കിട്ടിയിരിക്കുന്നത്.


പദ്ധതി നടപ്പാക്കുന്നത് ഏകപക്ഷീയമായല്ല


യാതൊരു പരിശോധനയും കൂടാതെ കെ.എസ്.ഇ.ബി. സ്വന്തം നിലയില്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന ഒന്നല്ല അതിരപ്പിള്ളി. അങ്ങിനെ ഒരു പദ്ധതിയും നടപ്പാക്കാന്‍ കഴിയുകയുമില്ല. ഇങ്ങിനെ നിയമാനുസൃതവേദികളില്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായതിന് ശേഷവും തങ്ങളുന്നയിച്ച വാദമുഖങ്ങളൊന്നും നിയമപരമായി നില്‍ക്കുന്നതല്ല എന്ന് പലവട്ടം തെളിയിക്കപ്പെട്ടതിനു ശേഷവും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് ശഠിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കേണ്ട ഒരു സംഗതിയുണ്ട്. ഇനി എങ്ങിനെയാണ് ഈ പദ്ധതി പരിശോധിപ്പിക്കപ്പെടേണ്ടത്? അതല്ല, പരിസ്ഥിതി പ്രവര്‍ത്തകരെന്നും ബുദ്ധിജീവികളെന്നും പറഞ്ഞ് ചാനലുകളിലും മറ്റും ചര്‍ച്ച ചെയ്യുന്നവരുടെ അനുമതി വാങ്ങിയാല്‍ മാത്രമേ പദ്ധതികള്‍ നടപ്പാക്കാനാകൂ എന്നൊരു നിയമം രാജ്യത്തുണ്ടോ?

പദ്ധതിപ്രദേശത്തെ ജൈവവൈവിദ്ധ്യത്തെപ്പറ്റി


ഇനി പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ സംബന്ധിച്ച് പരിശോധിക്കാം. അതിരപ്പിള്ളി പദ്ധതിക്ക് ആവശ്യമുള്ള ആകെ ഭൂമി ഏകദേശം 140 ഹെക്ടറോളമാണ്. ഇത് കണ്ണങ്കുഴിയില്‍ പവര്‍ഹൗസ് നിര്‍മ്മാണം, ടണല്‍ നിര്‍മ്മാണത്തിനുള്ള ആഡിറ്റ് എന്നിവയൊക്കെ ഉള്‍പ്പെട്ട കണക്കാണ്. റിസര്‍വോയറിന്റെ ഭാഗമായ ആകെ സ്ഥലം 104 ഹെക്ടറോളമേ വരൂ. ഇതില്‍ത്തന്നെ 36.8 ഹെക്ടര്‍ വനം വകുപ്പിന്റെ കീഴിലുള്ള തേക്കുതോട്ടമാണ്. 39.2 ഹെക്ടര്‍ ഇപ്പോള്‍ വെള്ളമൊഴുകുന്ന നദീതടവും. ബാക്കി 28ഹെക്ടറാണ് വനത്തിന്റെ ഗണത്തില്‍ വരുന്നത്. ഈ പ്രദേശമാകട്ടെ പുതുതായി മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഒന്നല്ല. ഈ പ്രദേശത്തെ മുഴുവന്‍ മരങ്ങളും 1942കാലത്ത് ക്ലിയര്‍ഫെല്‍ നടത്തി മുറിച്ചുമാറ്റിയതാണ്. ആ മരക്കുറ്റികളില്‍ നിന്ന് മുളച്ചുവന്ന കാട് അവിടെയുണ്ട്. പക്ഷേ വലിയ തോതിലുള്ള ജല സംഭരണം ഉദ്ദേശിക്കുന്നില്ല എന്നതിനാല്‍ ഈ ഭൂമിതന്നെ പൂര്‍ണ്ണമായി മുങ്ങിപ്പോകുന്ന പ്രശ്നമില്ലതാനും.
പൊരിങ്ങല്‍ ജലവൈദ്യുതി പദ്ധതിയുടെ പവര്‍ഹൗസിനോട് ചേര്‍ന്ന് പൊരിങ്ങളില്‍ നിന്ന് ചാലക്കുടിക്കുള്ള 110കെ.വി ലൈനിനും ചാലക്കുടി നിന്ന് ഷോളയാര്‍ക്കുള്ള സ്റ്റേറ്റ് ഹൈവേക്ക് ഇടയിലുമാണ് അതിരപ്പിള്ളി പദ്ധതിപ്രദേശം. അതായത് അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയുടെ ഭാഗമെങ്കിലും തികച്ചും വേറിട്ടുനില്‍ക്കുന്ന സ്ഥലം. പദ്ധതികളെപ്പറ്റി പൊതുവേ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്ന ഒരു കാര്യം പദ്ധതിക്ക് ഔദ്യോഗികമായി വേണ്ട ഭൂമിയെപ്പറ്റിയല്ല. ഒരു വനമേഖലയില്‍ പദ്ധതി വന്നാല്‍ പദ്ധതിക്ക് നിര്‍ദ്ദേശിക്കപ്പെട്ടതിനേക്കാള്‍ വലിയ തോതിലുള്ള വനനാശം അവിടെ ഉണ്ടാകും എന്നാണ്. പലപ്പോഴും ഈ ആരോപണം ശരിയാണുതാനും. പക്ഷേ നിലവില്‍ പൊരിങ്ങല്‍ പദ്ധതി പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് പുതിയ പദ്ധതി വരുന്നത്. പൊരിങ്ങലില്‍ പദ്ധതി ഉണ്ടായിട്ടും നശിപ്പിക്കപ്പെടാതെ കിടക്കുന്ന പ്രദേശമാണ് വാഴച്ചാല്‍ അതിരപ്പിള്ളി വനമേഖല. ഇതുതന്നെ ഈ പദ്ധതിക്കെതിരായ വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
വനമേഖലയുടെ ഭാഗമെങ്കിലും പാരിസ്ഥിതികമായി ഏറെ പ്രാധാന്യമൊന്നും അതിരപ്പിള്ളി പദ്ധതിക്ക് നിര്‍ദ്ദേശിക്കപ്പെട്ട പ്രദേശത്തിനില്ല. മാത്രമല്ല 26000ഹെക്ടര്‍ വരുന്ന ഈ വനഭൂമിയുടെ 28ഹെക്ടര്‍ എന്നുപറയുന്നത് ആയിരത്തിലൊന്ന് ഭാഗം മാത്രമാണ്.


ചോലവനം


പൊരിങ്ങല്‍ പദ്ധതിയാണ് ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ആവശ്യമായ വെള്ളം പ്രധാനം ചെയ്യുന്നത്. അപ്പര്‍ ഷോളയാര്‍, ലോവര്‍ഷോലയാര്‍, പൊരിങ്ങല്‍ക്കൂത്ത് റിസര്‍വോയറുകളില്‍ സംഭരിക്കപ്പെടുന്ന വെള്ളമല്ലാതെ ചാലക്കുടിപ്പുഴയില്‍ വേനലില്‍ വെള്ളം കിട്ടുന്ന ഒരു സ്രോതസ്സുമില്ല. 1957ല്‍ പൊരിങ്ങല്‍ പദ്ധതി വന്നതിനുശേഷം വേനല്‍ക്കാലത്ത് തുടര്‍ച്ചയായി ജലമൊഴുകിയതിനാല്‍ ഈ പുഴയുടെ അതിരുകളില്‍ ചോലവനം രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ഇവിടെ മാത്രമുള്ള പ്രത്യേകതയല്ല. പമ്പ, പെരിയാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങി വേനലില്‍ വെള്ളം കിട്ടുന്ന എല്ലാ നദികളുടെ അതിരുകളിലും ഇത്തരം കാടുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ നദികളിലൊക്കെ വേനലില്‍ വെള്ളമൊഴുകുന്നത് അതിന്റെ മുകള്‍ ഭാഗങ്ങളില്‍ ജലസംഭരണികളും വൈദ്യുതി നിലയങ്ങളുമുണ്ട് എന്നതിനാലാണെന്നത് ഇതോടൊപ്പം തന്നെ ഓര്‍ക്കേണ്ടതുണ്ട്. അതിരപ്പിള്ളി പദ്ധതിയില്‍ നദിയിലെ നീരൊഴുക്ക് നിലനിര്‍ത്തിക്കൊണ്ടാണ് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്നത് എന്നതിനാല്‍ത്തന്നെ ഈ കാടുകള്‍ക്ക് യാതൊരു നാശവും ഉണ്ടാകുന്നുമില്ല. റിസര്‍വോയറിനുള്ളിലെ കാടുപോലും പൂര്‍ണ്ണതോതില്‍ വെട്ടിമാറ്റേണ്ടി വരുകയില്ല. ഭാവിയില്‍ റിസര്‍വോയറിന്റെ അതിരുകളില്‍ പുതിയ കാട് രൂപപ്പെടുകയും ചെയ്യും. ഇനി രൂപപ്പെടുന്നത് നൂറ്റണ്ടുകള്‍ പഴക്കമുള്ള ജൈവ വൈവിദ്ധ്യമുള്ള നിലവിലുള്ള പുഴയോരക്കാടിന് ബദലാകില്ലെന്ന വാദം സ്വാഭാവികമായും ഉയര്‍ന്നുവരും. എന്നാല്‍ പൊരിങ്ങല്‍ പദ്ധതി വന്നതിന് ശേഷം വേനല്‍ക്കാലത്തും നല്ല വെള്ളമൊഴുക്ക് ഉണ്ടായതിന് ശേഷം രൂപംകൊണ്ട ഈ കാടുകള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതല്ല എന്നത് വാദങ്ങള്‍ക്കിടയില്‍ മറന്നുപോകരുത്.


ഇക്കോസിസ്റ്റവും മാറിക്കൊണ്ടിരിക്കുകയാണ്


ഇക്കോസിസ്റ്റം യാതൊരു മാറ്റവുമില്ലാതെ സ്ഥിരമായി നില്‍ക്കുന്നതാണ് എന്നൊരു സങ്കല്‍പ്പം പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനുമുണ്ട്. ഇക്കോസിസ്റ്റവും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പദ്ധതികള്‍ വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ഇക്കോസിസ്റ്റം സ്വയം നവീകരിക്കുകയും പുതിയ ഒരു സിസ്റ്റത്തിന് രൂപം കൊടുക്കുകയും ചെയ്യും. ജലവൈദ്യുതി പദ്ധതികള്‍ ഈ അര്‍ത്ഥത്തില്‍ പ്രകൃതിക്കുണ്ടാക്കുന്ന ആഘാതം വളരെ കുറവാണ്. പദ്ധതി നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കഴിഞ്ഞാല്‍ അത് പുതിയൊരു വ്യവസ്ഥയായി സംതുലനം നെടുകയും ചെയ്യും. അതിരപ്പിള്ളി പോലുള്ള പദ്ധതിയിലാകട്ടെ വലിയ ജലസംഭരണമൊന്നും ഉദ്ദേശിക്കാത്തതിനാല്‍ പ്രകൃതിയില്‍ വലിയ ആഘാതമൊന്നും ഏല്‍പ്പിക്കുന്നുമില്ല.


ജലജീവികള്‍


അതിരപ്പിള്ളി പ്രദേശം അപൂര്‍വ്വ മല്‍സ്യജാതികള്‍ കൊണ്ട് സമ്പന്നമാണെന്നും വംശനാശ ഭീഷണിയുള്ള നിരവധി ജലജീവികള്‍ ഇവിടെയുണ്ടെന്നുമുള്ള വാദങ്ങളും പലപ്പോഴും ഉയര്‍ന്നുകേല്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിരപ്പിള്ളി പ്രദേശത്ത് മാത്രമായുള്ളതോ വംശനാശ ഭീഷണി ഉള്ളതോ ആയ ഒരു ജല ജീവിയെപ്പോലും ചൂണ്ടിക്കാണിക്കാന്‍ ഈ പഠനങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഈ രംഗത്ത് ആധികാരിക പഠനങ്ങള്‍ നടത്തിയിട്ടുള്ള ഐ.യു.സി.എന്‍. പോലുള്ള സംഘടനകള്‍ ഈ പ്രദേശത്ത് കേരളത്തിലെ മറ്റു നദികളില്‍ നിന്ന് വ്യത്യസ്ഥമായ ജലജീവികളൊന്നും ഇല്ല എന്ന് നിരീക്ഷിച്ചിട്ടുമുണ്ട്. ഈ പദ്ധതി സംബന്ധിച്ച് രണ്ടു പതിറ്റാണ്ടുകളോളമായി വാദപ്രതിവാദങ്ങള്‍ നടക്കുന്നു. തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്ന അന്നുമുതല്‍ ജലജീവികളുണ്ട് എന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതു സമര്‍ത്ഥിക്കാന്‍ ഒരു സ്വതന്ത്ര പഠനം പോലും ചൂണ്ടിക്കാണിക്കാന്‍ പദ്ധതിക്കെതിരായി വാദമുഖങ്ങള്‍ ഉയര്‍ത്തുന്നവര്‍ തയ്യാറായിട്ടില്ല.
ഡോ. വിജയനേയും ഡോ. ലതയേയും പോലെ ചാലക്കുടി പുഴസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായിട്ടുള്ള ചിലര്‍ ആധികാരിക പഠനരേഖകളുടെയൊന്നും പിന്തുണ ഇല്ലാതെ പദ്ധതിക്കെതിരായി എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെ ഭാഗങ്ങളാണ് ചര്‍ച്ചകളിലും മറ്റും ഗവേഷണപ്രബന്ധങ്ങള്‍ എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ചിലരാകട്ടെ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല എന്നത് ശരിയാണെങ്കിലും ഭാവിയില്‍ കണ്ടെത്തിക്കൂടെന്നില്ലല്ലോ എന്നും പദ്ധതി വന്നാല്‍ ഇതിന്റെ സാദ്ധ്യത തന്നെ അടഞ്ഞു പോകില്ലേ എന്നും വാദമുയര്‍ത്തുന്നുണ്ട്. അതിരപ്പിള്ളി പോലെ 165 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടത്തെ അതിജീവിക്കാന്‍ കഴിഞ്ഞ ജലജീവികള്‍ക്ക് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി നിര്‍മ്മിക്കുന്ന തടയണ വലിയ ഭീഷണിയാകുമോ എന്നത് ചിന്തിച്ചാല്‍ തന്നെ ഈ ഭയം അസ്ഥാനത്താകും.


വെള്ളച്ചാട്ടത്തെപ്പറ്റി ഇപ്പോള്‍ വിവാദമില്ല


അതിരപ്പിള്ളി പദ്ധതിമൂലം അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകും എന്നതായിരുന്നു ആദ്യകാലത്ത് ഈ പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ആ വദം അധികമാരും ഉന്നയിക്കുന്നില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വാഭാവിക വെള്ളച്ചാട്ടം അല്ലെന്നും അത് വൈദ്യുതി ബോര്‍ഡിന്റെ പൊരിങ്ങല്‍ ജല വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് പുറത്തു വിടുന്ന വെള്ളമാണെന്നും ഏറെക്കുറെ എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതിനാലാണ് ഈ വാദം അധികം ഉയരാത്തത്. പൊരിങ്ങല്‍ നിലയത്തില്‍ ഉദ്ദേശം 8മെഗാവട്ട് വൈദ്യുതി പകല്‍ മുഴുവന്‍ ഉല്‍പാദിപ്പിച്ചുകൊണ്ടാണ് വെള്ളച്ചാട്ടത്തിന്റെ മൂന്നിതളുള്ള മനോഹാരിത നിലനിര്‍ത്തുന്നത്. ഇവിടെ ഉല്‍പാദനം കൂട്ടിയാല്‍ വെള്ളം കൂടുതല്‍ വന്ന് വെള്ളച്ചാട്ടം ഒരു കുത്തൊഴുക്കായി മാറും. ഉല്‍പാദനം കുറച്ചാല്‍ വെള്ളച്ചാട്ടത്തിന് വേണ്ട വെള്ളം കിട്ടില്ല. അതുകൊണ്ട് വെള്ളച്ചാട്ടം അതിന്റെ പൂര്‍ണ്ണ ഭംഗിയില്‍ നിര്‍ത്താന്‍ പൊരിങ്ങളില്‍ ഉല്‍പാദനം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെ പകല്‍സമയത്ത് പൊരിങ്ങളില്‍ നിന്ന് പുറത്തു വിടുന്ന വെള്ളം അതിരപ്പിള്ളി പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഡാമിന്റെ അടിയില്‍ത്തന്നെ ഉദ്ദേശിച്ചിട്ടുള്ള ഒന്നരമെഗാവാട്ടിന്റെ രണ്ട് മഷീന്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഡാം ടോ പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിച്ച് അങ്ങിനെതന്നെ പുഴയിലേക്ക് തുറന്നുവിടും. അതുകൊണ്ട് വെള്ളച്ചാട്ടം ഇന്നത്തെ നിലയില്‍തന്നെ തുടരും.
പൊരിങ്ങല്‍ പദ്ധതിയില്‍ വൈകുന്നേരങ്ങളിലാണ് മുഴുവന്‍ മഷീനും പ്രവര്‍ത്തിപ്പിക്കുന്നത്. ആ സമയത്ത് പുഴയിലെത്തുന്ന വെള്ളവും വര്‍ദ്ധിക്കും. രാത്രിയോടെ വെള്ളച്ചാട്ടം അതിന്റെ മൂന്നിതള്‍ സൗന്ദര്യം ഇല്ലാതായി വെള്ളത്തിന്റെ കുത്തൊഴുക്കായി മാറുകയും ചെയ്യും. അതിരപ്പിള്ളി പദ്ധതി വരുമ്പോള്‍ ഇങ്ങിനെ വരുന്ന അധിക വെള്ളം ടണിലിലൂടെ വഴിതിരിച്ചു വിട്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ കണ്ണങ്കുഴിയില്‍ നിര്‍മ്മിക്കുന്ന 160 മെഗാവാട്ടിന്റെ മെയിന്‍ പവര്‍ഹൗസിലേക്ക് പോകും. അവിടെ നിന്ന് വൈദ്യുതി ഉല്‍പാദനം കഴിഞ്ഞ് ഈ വെള്ളം വീണ്ടും ചാലക്കുടി പുഴയില്‍ തന്നെ എത്തും. അങ്ങിനെ വെള്ളച്ചാട്ടത്തേയോ ചാലക്കുടി പുഴയിലെ ജല ലഭ്യതയേയോ ഒരു വിധത്തിലും ബാധിക്കാത്ത രൂപകല്‍പ്പനയാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുള്ളത്.


ആദിവാസികള്‍ക്ക് ഭീഷണിയോ?


അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി ഒട്ടേറെ ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നതാണ് പദ്ധതിക്കെതിരായ മറ്റൊരു ആരോപണം. ഈ പദ്ധതിക്ക് വേണ്ടി ഒരൊറ്റ ആദിവാസി കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കേണ്ടതില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പദ്ധതി വിഭാവനം ചെയ്തതിനും താഴെയായി ചില ആദിവാസി കുടുംബങ്ങളുണ്ട്. നിര്‍മ്മാണ സമയത്ത് ഇവരുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് ഭംഗം വരുമോ എന്ന് ന്യായമായും സംശയിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ നിര്‍മ്മാണ സ്ഥലത്ത് തൊഴിലാളികള്‍ താമസിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും ജാഗ്രത പുലര്‍ത്തിയും വേണം പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എന്ന് പരിസ്ഥിതി അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അവലോകനക്കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊക്കെ പാലിച്ചുകൊണ്ടാണ് നിര്‍മ്മാണം എന്നുറപ്പുവരുത്തിയാല്‍ മേല്‍പറഞ്ഞ ആശങ്കക്കും അടിസ്ഥാനമില്ല.


ജലലഭ്യത


പദ്ധതിയിലെ ജല ലഭ്യത സംബന്ധിച്ചാണ് നടക്കുന്ന ചര്‍ച്ചകളിലൊക്കെ വലിയ തര്‍ക്കം വരുന്നത്. 163 മെഗാവാട്ടിനുള്ള വെള്ളം കിട്ടില്ല എന്നതാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വാദം. ഗാഡ്ഗില്‍ കമ്മിറ്റി അംഗമായിരുന്ന ഡോ. വിജയന്‍ പല ചര്‍ച്ചകളിലും കമ്മിറ്റി നടത്തിയ ഒരു തെളിവെടുപ്പില്‍ ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജല ലഭ്യത സംബന്ധിച്ച് ഒരു കണക്ക് ഹാജരാക്കിയെന്നും അതിനെ ഖണ്ഡിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞില്ലായെന്നും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഈ കണക്ക് ഏതാണെന്നു മാത്രം അദ്ദേഹം പറഞ്ഞുകേട്ടിട്ടുമില്ല. ചാലക്കുടി പുഴസംരക്ഷണ സമിതി അവരുടെ ലഘുലേഖകളിലും മറ്റും ചോദിക്കുന്നത് പൊരിങ്ങലിലെ 48മെഗാവാട്ട് പദ്ധതിയിലെ വെള്ളം കൊണ്ട് എങ്ങിനെ 163 മെഗാവാട്ട് വൈദ്യുതി കിട്ടും എന്നാണ്. ഈ പദ്ധതിയില്‍ 163 മെഗാവാട്ട് വൈദ്യുതി വര്‍ഷത്തില്‍ 365 ദിവസവും 24മണിക്കൂറും ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടല്ല. ഒരു ജലവൈദ്യുതി പദ്ധതിയും അങ്ങിനെ പ്രവര്‍ത്തിക്കുന്നതിന് ലക്ഷ്യമിടുന്നില്ല.
പദ്ധതിയുടെ ശേഷി നിശ്ചയിക്കുന്നത് ലഭ്യമായ വേള്ളത്തിന്റെ അളവ് ലഭ്യത എപ്പോഴൊക്കെ എന്നൊക്കെയുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ്. മഴക്കാലത്ത് കുത്തിയൊഴുകിവരുന്ന വെള്ളത്തെ പരമാവധി ഉപയോഗപ്പെടുത്തണമെങ്കില്‍ ശേഷി കൂടിയ മഷീന്‍ വേണ്ടി വരും. പക്ഷേ അത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ പറ്റിയ നിലയില്‍ ശേഷി കൂട്ടിയാല്‍ പദ്ധതിയുടെ ചെലവ് ഭീമമാകും. അപ്പോള്‍ ഒരു സമവായം വേണ്ടിവരും. ഈ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികളുടെ ശേഷി കണക്കാക്കുന്നത്. അതിരപ്പിള്ളി പദ്ധതിപ്രദേശത്ത് വര്‍ഷം 100-110 ദിവസം നല്ല മഴകിട്ടുന്നുണ്ട്. ഇക്കാലത്ത് അധികമായി ലഭിക്കുന്ന വെള്ളം ഫലപ്രദമായി ഉപയോഗിക്കാനാണ് പ്രധാന പവര്‍ ഹൗസില്‍ 160 മെഗാവാട്ട് മഷീന്‍ സ്ഥാപിക്കുന്നത്. എന്നാല്‍ വേനലില്‍ ഇത്രയും വെള്ളം ഉണ്ടാകില്ല. പകല്‍ സമയത്ത് പൊരിങ്ങലില്‍ നിന്നു വരുന്ന വെള്ളം മുഴുവനായും വെള്ളച്ചാട്ടത്തിലേക്ക് പോകും. വൈകീട്ട് പൊരിങ്ങലിലെ മുഴുവന്‍ മഷീനും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കിട്ടുന്ന അധിക ജലം മാത്രമേ അതിരപ്പിള്ളിയുടെ മെയിന്‍ പവര്‍ഹൗസിലേക്ക് തിരിച്ചുവിടാന്‍ ഉണ്ടാകൂ. ഇതുകൊണ്ട് 30-40 മെഗാവാട്ട് ഉല്‍പാദനമേ നടക്കൂ. അതായത് വര്‍ഷം മുഴുവന്‍ 163 മെഗാവാട്ടും ഉല്‍പാദിപ്പിക്കപ്പെടില്ല എന്നുതന്നെ. ഇത് പദ്ധതിയുടെ ഡി.പി.ആറില്‍ത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കണക്കെടുത്ത് പുതിയ എന്തോ കണ്ടുപിടുത്തം പോലെ അതിരപ്പിള്ളിയില്‍ 163 മെഗാവാട്ട് ഉല്‍പാദനം നടക്കില്ല എന്ന് പറഞ്ഞു നടക്കുകയാണ് ചില പരിസ്ഥിതി വാദികള്‍ ചെയ്യുന്നത്.
മഴക്കാലത്ത് ഏറെക്കുറെ പൂര്‍ണ്ണ ശേഷിയിലും വേനല്‍ക്കാലത്ത് ജലലഭ്യത അനുസരിച്ച് കുറഞ്ഞ ശേഷിയിലും പ്രവര്‍ത്തിച്ചുകൊണ്ട് അതിരപ്പിള്ളിയില്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് ശരാശരി 370 മില്യണ്‍യൂണിറ്റ് വരും. മഴക്കുറവുള്ള വര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത് 233മില്യന്‍ യൂണിറ്റ് വൈദ്യുതി കിട്ടുമെന്ന് മാത്രമേ ഡി.പി.ആറില്‍ വിഭാവനം ചെയ്തിട്ടുള്ളൂ എങ്കിലും കഴിഞ്ഞ 50 വര്‍ഷത്തെ മഴയുടേയും പൊരിങ്ങലിലെ ഉല്‍പാദനത്തിന്റേയും കണക്കുകള്‍ പ്രകാരമാണ് ശരാശരി ഉല്‍പാദനത്തിന്റെ കണക്കെടുത്തിരിക്കുന്നത്.


പദ്ധതി സാമ്പത്തിക നഷ്ടമാകുമോ


പദ്ധതി വിഭാവനം ചെയ്ത കാലത്തെ നിരക്കില്‍ ഇന്ന് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആകില്ല. 350കോടിയോളം രൂപക്ക് പണിതീരുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ നിര്‍മ്മാണച്ചെലവില്‍ ഈ കാലയളവില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധനസാമഗ്രികളുടെ വിലയിലും തൊഴിലാളികളുടെ കൂലിയിലും നല്ല വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ വിലനിലവാരം വെച്ചുകൊണ്ട് പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് 936 കോടിയോളം വരുമെന്നാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ ചെലവ് 10 വര്‍ഷം കൊണ്ട് പലിശ സഹിതം തിരിച്ചു കിട്ടണം എന്ന് കണക്കാക്കിയാല്‍ ഈ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയുടെ വില നാലുരൂപയിലധികം വരും. എന്നാല്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ ഇത് ഈ തുക കുറഞ്ഞ് ഒരു രൂപയില്‍ താഴെയാകും. ജലവൈദ്യുതി പദ്ധതികള്‍ മുപ്പതും നാല്‍പ്പതും വര്‍ഷം കുഴപ്പമൊന്നുമില്ലാതെ പ്രവര്‍ത്തിക്കാറുണ്ട് എന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക പ്രാധാന്യമുള്ള പദ്ധതികളിലൊന്നാണിത്. ഇപ്പോഴത്തെ നിരക്ക് നാലുരൂപയോളം വരുമെന്നത് കണക്കിലെടുത്താലും ഇന്ന് ലഭ്യമായ സ്രോതസ്സുകള്‍ വെച്ച് ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കാവുന്ന വൈദ്യുതിയാണ് അതിരപ്പിള്ളിയില്‍ നിന്നു കിട്ടുക.


കേരളത്തിന്റെ വൈദ്യുതി ആവശ്യകതയും അതിരപ്പിള്ളി പദ്ധതിയും


കേരളത്തിന്റെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യകത 23000-24000മില്യണ്‍ യൂണിറ്റാണ്. അപ്പോള്‍ അതിരപ്പിള്ളിയില്‍ നിന്നും കിട്ടുന്നത് ഒരു ശതമാനത്തില്‍ താഴെ മാത്രമല്ലേ. ഇത് ഒഴിവാക്കി മറ്റു പദ്ധതികള്‍ തേടിക്കൂടേ എന്നൊക്കെ പല ചര്‍ച്ചകളിലും ഉന്നയിക്കപ്പെടാറുണ്ട്. നൂറ് ഒരു ശതമാനം കൂടിയതാണ് നൂറു ശതമാനം എന്നതാണ് അതിന്റെ പ്രാഥമിക പ്രതികരണം. ഏത് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാലും അപ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു വാദമാണ് ഇത് നിസ്സാരമല്ലേ, മറ്റേതെങ്കിലും നോക്കിക്കൂടേ എന്നത്. സൈലന്റ് വാലിയിലും പൂയംകുട്ടിയിലും പാത്രക്കടവിലും ട്വിന്‍കല്ലാറിലുമൊക്കെ ഇതേ വാദം തന്നെയാണ് നാം കേട്ടത്. അതിരപ്പിള്ളി പോലെ പരിസ്ഥിതി നാശം കുറഞ്ഞ പദ്ധതിപോലും നടപ്പാക്കരുത് എന്ന് വാശിപിടിക്കുന്നവര്‍ മറ്റേത് പദ്ധതിയാണ് നടപ്പാക്കാന്‍ അനുവദിക്കുക. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയില്‍ മൂന്നില്‍ രണ്ടുഭാഗവും മറ്റു സംസ്ഥാനങ്ങളില്‍ വാങ്ങിയാണ് നിറവേറ്റപ്പെടുന്നത്. മാത്രമല്ല നമ്മുടെ ആവശ്യകത അനുദിനം വര്‍ദ്ധിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും പ്രധാനമാണ്. സംസ്ഥാനത്തിന്റെ ഊര്‍ജ്ജ സുരക്ഷക്ക് അഭ്യന്തരവൈദ്യുതി ഉല്‍പാദനം വര്‍ദ്ധിച്ചേ പറ്റൂ. അതുകൊണ്ടുതന്നെ ഒരു പദ്ധതിയും നിസ്സാരമല്ല.
അതിരപ്പിള്ളി പദ്ധതി പരിസ്ഥിതി സൗഹൃദ രൂപകല്‍പ്പനക്ക് മാതൃകയാണെന്നതും ഈ പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വെള്ളച്ചാട്ടം, ജൈവ വൈവിദ്ധ്യം എന്നിവയൊക്കെ സംരക്ഷിച്ചുകൊണ്ട് മാതൃകാപരമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയെന്ന നിലയില്‍ ഇത് നടക്കാതെ വരുന്നത് സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദല്‍ വികസന നയത്തിനുതന്നെ തിരിച്ചടിയാകും.


സോളാര്‍ പകരമാകില്ല, പൂരകമേ ആകൂ


സോളാര്‍ പദ്ധതികളില്‍ നിന്നും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉണ്ടാക്കാം. അതൊന്നും ശ്രദ്ധിക്കാതെ അതിരപ്പിള്ളിക്ക് വാശിപിടിക്കുന്നു എന്നാണ് ചിലര്‍ കെ.എസ്.ഇ.ബി.യെ കുറ്റപ്പെടുത്തുന്നത്. സോളാര്‍ വൈദ്യുതിക്ക് വലിയ പ്രാധാന്യമാണ് കെ.എസ്.ഇ.ബി. നല്‍കി വരുന്നത്. ഇപ്പോള്‍ത്തന്നെ കാസര്‍ക്കോട് അമ്പലത്തറയില്‍ 200മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം നടന്നുവരുകയാണ്. ഇതില്‍ 50 മെഗാവാട്ട് ഈ വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള 12 മെഗാവാട്ട് സോളാര്‍ പദ്ധതിയടക്കം വൈദ്യുതി ബോര്‍ഡ് നേരിട്ടല്ലാതെ വേറെയും സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ സോളാര്‍ പദ്ധതികള്‍ ഏറ്റെടുക്കുമ്പോഴും സോളാര്‍ കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരും എന്ന ധാരണ ശരിയല്ല. സോളാര്‍ വൈദ്യുതി പകല്‍ മാത്രമേ കിട്ടൂ. പകല്‍തന്നെ രാവിലെ എട്ടുമണിയോടെയേ കാര്യമായ ഉല്‍പാദനം നടക്കൂ. വൈകീട്ട് നാലര അഞ്ചോടെ ഉല്‍പാദനം നിലക്കും.
നമ്മുടെ വൈദ്യുതി ആവശ്യകതയില്‍ പ്രധാനപങ്കും വൈകുന്നേരം ആറുമുതല്‍ പത്തുമണിവരെയുള്ള പീക്ക് ലോഡ് സമയത്താണ്. പിന്നെ ഒരു പീക്ക് ഉള്ളത് രാവിലെ അഞ്ചരമുതല്‍ ഏഴുമണിവരെയാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സോളാര്‍ വൈദ്യുതി ലഭ്യമല്ല. സോളാര്‍ വൈദ്യുതി ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്ത് ഈ സമയങ്ങളില്‍ ഉപയോഗിക്കാമെങ്കിലും ബാറ്ററിയുടെ ചെലവുകൂടിയാകുമ്പോള്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനഞ്ചു രൂപക്ക് മുകളില്‍ പോകും. മാത്രമല്ല ശരാശരി അഞ്ചോ ആറോ വര്‍ഷമാണ് ബാറ്ററിയുടെ ആയുസ്സ്. ഇങ്ങിനെ കേടാകുന്ന ബാറ്ററി സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങള്‍ അടക്കം ഒട്ടേറെ കാര്യങ്ങള്‍ വേറെയുമുണ്ട്. ഇനി പകലിലെ അവാശ്യത്തിന് സോളാര്‍ ഉപയോഗിക്കാമെന്ന് തീരുമാനിച്ചാലും ഗുരുതരമായ ഒരു പ്രശ്നമുണ്ട്. സ്ഥിരമായി ഒരേ അളവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു സ്രോതസ്സല്ല സോളാര്‍. അതിന്റെ ഉല്‍പാദനം ഏറിയും കുറഞ്ഞുമിരിക്കും. ഒരു മേഘം കടന്നുപോയാലും വൈദ്യുതി ഉല്‍പാദനം കുറയും. ഈ നിലയങ്ങള്‍ നേരിട്ട് വൈദ്യുതി ശൃംഖലയില്‍ ഘടിപ്പിച്ചാല്‍ ശൃംഖലയുടെ വോള്‍ട്ടേജ് ഏറിയും കുറഞ്ഞുമിരിക്കും. ഇത് ശൃംഖലയുടെ തകര്‍ച്ചക്ക് കാരണമാകും. അതുകൊണ്ട് സോളാര്‍, കാറ്റാടി പോലുള്ള അസ്ഥിര വൈദ്യുതി സ്രോതസ്സുകള്‍ വൈദ്യുതി ശൃഖലയില്‍ ഘടിപ്പിക്കണമെങ്കില്‍ അതിന്റെ പത്തിരട്ടിയെങ്കിലും സ്ഥിര സ്വഭാവമുള്ള വൈദ്യുതി ശൃംഖലയില്‍ ഘടിപ്പിച്ചിട്ടുണ്ടാകണം. അതായത് 100 മെഗാവാട്ട് സോളാര്‍ വൈദ്യുതി ലൈനില്‍ ഘടിപ്പിക്കാന്‍ 1000മെഗാവാട്ട് മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ലൈനില്‍ ഉണ്ടായിരിക്കണം. സോളാര്‍ ഉപയോഗപ്പെടുത്താന്‍ തന്നെ മറ്റു സ്രോതസ്സുകള്‍ വേണം എന്ന ഈ സ്ഥിതി കണക്കിലെടുക്കാതെ സാധാരണ സ്രോതസ്സുകള്‍ക്ക് പകരമാണ് സോളാര്‍ എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ജര്‍മ്മനിയില്‍ 50% സോളാറാണ്. കാലിഫോര്‍ണ്ണിയ മറ്റെല്ലാ സ്രോതസ്സും ഒഴിവാക്കി സോളാര്‍ ആക്കുന്നു എന്നൊക്കെ വലിയ വായില്‍ തട്ടി വിടുന്നവര്‍ ഇതിലൊന്നും ഒരു വാസ്തവവുമില്ല എന്നത് മനസ്സിലാക്കാഞ്ഞിട്ടല്ല.
അതിരപ്പിള്ളിക്ക് പകരം സോളാര്‍ മതി എന്ന വാദം അര്‍ത്ഥ രഹിതമാകുന്നത് ഈ സാഹചര്യത്തിലാണ്. അതിരപ്പിള്ളി അടക്കമുള്ള സാദ്ധ്യമായ എല്ലാ പദ്ധതികളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയാലേ കേരളത്തിന്റെ സോളാര്‍ സാദ്ധ്യതകളും മെച്ചപ്പെടുകയുള്ളൂ. സോളാര്‍ ഒന്നിനും പകരമല്ല, പൂരകമാണ് എന്നത് ജനങ്ങളില്‍ എത്തേണ്ടതുണ്ട്.


ആഗോളതാപനവും ജലവൈദ്യുതിയും


ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ആഗോള താപനം. ഹരിത ഗൃഹ വാതക ഉല്‍പാദനം പരമാവധി കുറക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. വൈദ്യുതി ഉല്‍പാദനമടക്കമുള്ള എല്ലാ മേഖലകളിലും ഈ ലക്ഷ്യത്തോടെ വലിയ ഇടപെടലുകളാണ് നടന്നുവരുന്നത്. കല്‍ക്കരി നിലയങ്ങള്‍ സൂപ്പര്‍ ക്രിട്ടിക്കലും അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കലുമാക്കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതും പുതുക്കപ്പെടുന്ന സ്രോതസ്സെന്ന നിലയില്‍ ജലവൈദ്യുതിക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമായാണ്.
ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ജലവൈദ്യുതി പദ്ധതികള്‍ ഉപേക്ഷിക്കപ്പെടുകയല്ല ലോകത്തൊരിടത്തും നടക്കുന്നത്. പരമാവധി ജല നിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ്. നിര്‍മ്മാണ സമയത്തുണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുത്താല്‍പ്പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹരിത വൈദ്യുതി പ്രധാനം ചെയ്യുന്ന പദ്ധതികളായാണ് വികസിത രാജ്യങ്ങളെല്ലാം ജല നിലയങ്ങളെ കാണുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം കാണാനോ ശരിയായ നിലപാടെടുക്കാനോ തയ്യാറല്ല എന്ന സമീപനമാണ് കേരളത്തിലെ ചില പരിസ്ഥിതി പ്രവര്‍ത്തകരെങ്കിലും സ്വീകരിക്കുന്നത്.


സംവാദം നടക്കട്ടെ


അതിരപ്പിള്ളി അടക്കമുള്ള വൈദ്യുതി ഉല്‍പാദന സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടണമെങ്കില്‍ ഇക്കാര്യത്തില്‍ ജനകീയ സംവാദം ഉയര്‍ന്നുവരണം. വസ്തുതകള്‍ മനസ്സിലാക്കി തീരുമാനങ്ങളിലെത്താന്‍ ജനങ്ങള്‍ക്ക് കഴിയണം. കേവലം അതിരപ്പിള്ളിയില്‍ ഈ ചര്‍ച്ച ഒടുങ്ങരുത്. കേരളത്തിന്റെ പൊതു വികസനത്തിന്റെ എല്ലാ വശങ്ങളിലേക്കും ഈ ചര്‍ച്ച വികസിക്കണം.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4710
mod_vvisit_counterYesterday4897
mod_vvisit_counterThis Month123823
mod_vvisit_counterLast Month152890

Online Visitors: 81
IP: 54.196.107.247
,
Time: 22 : 20 : 40