KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇത് നമ്മുടെ പ്രക്ഷോഭം-ആഗസ്ത് 21ന്റെ പണിമുടക്കില്‍ അണിചേരുക.

ഇത് നമ്മുടെ പ്രക്ഷോഭം-ആഗസ്ത് 21ന്റെ പണിമുടക്കില്‍ അണിചേരുക.

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Strike2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ കയറുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന് പകരം പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനാ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ആഗസ്റ്റ് 21ന് പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.

നിയമാനുസൃതം നിശ്ചിത ആനുകൂല്യം ഉറപ്പുവരുത്തുന്ന പദ്ധതിയില്‍ നിന്നും ( Defined benefit system) നിശ്ചിത വിഹിതം ഈടാക്കുന്ന പദ്ധതിയിലേക്കുള്ള (Defined contribution system) ഈ മാറ്റം തികച്ചും പ്രതിലോമകരമാണ്. സേവനത്തിന്റെ ആദ്യഘട്ടം മുതല്‍ ഇങ്ങിനെ നിശ്ചിത വിഹിതം പിരിച്ചെടുത്ത് സ്വരൂപിക്കുന്ന ഫണ്ടില്‍ നിന്നും പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പൂര്‍ണ്ണമായും ഓഹരിക്കമ്പോളത്തെ ആശ്രയിക്കുന്നതും സാമൂഹ്യ സുരക്ഷ ഇല്ലാതാക്കുന്നതുമാണ്. ഐ.എം. എഫ് തയ്യാറാക്കിയ ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങൾ എന്ന രേഖയുടെ അടിസ്ഥാനത്തില്‍ 2001 സെപ്തംബറിലാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 2004 ജനുവരിക്കുശേഷം ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ നടപ്പാക്കാന്‍ 2003 ആഗസ്ത് 23നാണ് എന്‍.ഡി.എ. നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2004 ഡിസംബര്‍ 29ന് ഒന്നാം യു.പി.എ. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു. 2005 മാര്‍ച്ച് 21ന് പെന്‍ഷന്‍ പരിഷ്കരണങ്ങല്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പി.എഫ്.ആര്‍.ഡി.എ ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ അന്ന് ആ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന ഇടതു പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലം ബില്ല് അംഗീകരിപ്പിക്കാന്‍ കഴിയാതെ വന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി കേരളം, തൃപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതിനകം പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിക്കഴിഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് കേരളത്തിലാണ്. 2002 ജനുവരി 16ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് രാജ്യത്ത് ആദ്യമായി ഇങ്ങിനെയൊരു തീരുമാനമുണ്ടാകുന്നത്. 2004 മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ആയിരിക്കുമെന്ന് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിനേപ്പോലും വകവെക്കാതെ നടപടികളുമായി മുന്നോട്ടുപോകാനും അന്നവര്‍ തയ്യാറായി. അന്ന് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ 32 ദിവസം നീണ്ടുനിന്ന ഐതിഹാസികസമരത്തോടുപോലും ക്രിയാത്മകമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ 2007ല്‍ ഈ ഉത്തരവ് റദ്ദാക്കിയാണ് ജീവനക്കാരുടെ പെന്‍ഷന്‍ അവകാശം പുന:സ്ഥാപിച്ചത്.

പി.എഫ്.ആര്‍.ഡി.എ. ബില്ല് 2011 മാര്‍ച്ച് 24ന് വീണ്ടും ലോകസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതിപക്ഷമായ എന്‍.ഡി.എ.ക്കും ഇക്കാര്യത്തില്‍ സമ്മതമുണ്ടെന്നത് നിയമം പാസ്സാക്കുന്നതിന് തടസ്സമുണ്ടാവില്ലെന്ന ധാരണ സര്‍ക്കാരിനുണ്ട്. എന്നാല്‍ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന പ്രതിഷേധവും തൊഴിലാളി സംഘടനകളുടെ കക്ഷിരാഷ്ട്രീയം മറന്നുള്ള യോജിപ്പും ഇക്കാര്യത്തില്‍ ത്വരിതനടപടികളുണ്ടാകുന്നതിന് തടസ്സമായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വീണ്ടും പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടുള്ളത്. തല്‍ക്കാലം ചെലവുകള്‍ കുറയില്ലെന്നും പെന്‍ഷന്‍ ഫണ്ടിലേക്കുള്ള നിക്ഷേപമെന്ന നിലയില്‍ അധികച്ചെലവാണുണ്ടാകുകയെന്നും ഭാവിയില്‍ വരാനിരിക്കുന്ന ബാധ്യത കുറക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നിന്നുതന്നെ നിലവിലെ സാമ്പത്തികപ്രയാസങ്ങളല്ല ഇത്തരമൊരു തീരുമാനത്തിന്റെ പിന്നിലെന്നത് വ്യക്തമാണ്. തൊഴില്‍, നിലവിലെ ജീവിതാവശ്യം നിറവേറ്റുന്നതിനുള്ള മാര്‍ഗ്ഗം മാത്രമല്ലെന്നും തൊഴിലെടുക്കാന്‍ കഴിയാതെ വരുന്ന കാലത്തുള്ള ജീവിതസുരക്ഷക്കുള്ള ഉപാധികൂടിയാണെന്നുമുള്ള ബോധ്യമാണ് പെന്‍ഷന്‍ ജീവനക്കരന്റെ അവകാശമാക്കുന്നത്. തൊഴിലെടുക്കുന്നതിന്റെ ഭാഗമായി ഓരോ തൊഴിലാളിയും സൃഷ്ടിക്കുന്ന സാമൂഹ്യ ആസ്തിയില്‍ അവന്റെ ഭാവിജീവിതത്തിന്റെ സുരക്ഷക്കുള്ള വിഹിതം കൂടി അടങ്ങിയിട്ടുണ്ട്. ശമ്പളമെന്ന നിലയില്‍ കൈപ്പറ്റുന്ന വേതനത്തിനപ്പുറമുള്ള ഈ ഭാഗമാണ്, മാറ്റിവെക്കപ്പെടുന്ന വേതനമാണ് പെന്‍ഷന്‍ എന്ന നിലയില്‍ അവന് തൊഴിലില്‍ നിന്നും പിരിഞ്ഞതിനുശേഷവും പെന്‍ഷന്‍ എന്ന നിലയില്‍ ലഭിക്കുന്നത്.

കാലാകലങ്ങളില്‍ ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ദ്ധനക്കനുസരിച്ചുള്ള പരിഷ്കരണമടക്കം ഒട്ടേറെ അവകാശങ്ങള്‍ നിലവിലെ പെന്‍ഷന്‍ സമ്പ്രദായം ഉറപ്പുതരുന്നുണ്ട്. പണപ്പെരുപ്പം, ജീവിതനിലവാര വളര്‍ച്ച എന്നിവക്കെല്ലാമൊപ്പം ജീവനക്കാരന്‍ സ്ര്ഷ്ടിച്ച് സാമൂഹ്യ ആസ്തിയുടെ മൂല്യവും വര്‍ദ്ധിക്കുന്നുണ്ട് എന്നതിനാല്‍ ഇത് സര്‍ക്കാരിന്റെ അനാവശ്യ ബാദ്ധ്യതയാണ് എന്ന വാദം നിലനില്‍ക്കുന്നതല്ല. ജീവനക്കാരില്‍ നിന്നും തൊഴിലുടമയില്‍ നിന്നും ശേഖരിക്കുന്ന ഒരു നിശ്ചിത തുകയില്‍ നിന്ന് ഇത്തരമൊരു ജീവിത സുരക്ഷ പ്രതീക്ഷിക്കാനാവില്ല. മാത്രമല്ല ഇങ്ങിനെ ശേഖരിക്കുന്ന ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടങ്ങള്‍ക്ക് വിട്ടുകൊടുത്താലോ?

സര്‍ക്കാര്‍ കേവലം ഒരു ഫെസിലിറ്റേറ്ററുടെ റോളിലേക്ക് ചുരുങ്ങണമെന്ന നവ ലിബറല്‍ സങ്കല്‍പ്പത്തിന് സര്‍ക്കാര്‍ ഇത്തരത്തില്‍ ബാദ്ധ്യതകള്‍ നിര്‍വഹിക്കുന്നത് അംഗീകരിക്കാനാകില്ല. തങ്ങളുടെ വിലക്കെടുക്കുക, വലിച്ചെറിയുക എന്നനിലയിലെ തൊഴില്‍ നയത്തിന് അനുഗുണമായി സര്‍ക്കാരും മാറേണ്ടതുണ്ട് എന്നാണ് മൂലധനശക്തികള്‍ ആഗ്രഹിക്കുന്നത്. അതോടൊപ്പം പെന്‍ഷന്‍ വിഹിതമായി ശേഖരിക്കപ്പെടുന്ന വലിയൊരു സംഖ്യ കമ്പോളത്തിലെത്തുന്നത് തങ്ങളുടെ മൂലധനാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. സ്വാഭാവികമായും പങ്കാളിത്തപെന്‍ഷന്‍ സമ്പ്രദായത്തിനെതിരായ സമരത്തിന് ഒട്ടേറെ സാമൂഹ്യ മാനങ്ങളുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പ്രധാനപ്പെട്ട നമ്മുടെ പെന്‍ഷന്റെ തുടര്‍ച്ച തന്നെയാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടര്‍ന്നും നിലനില്‍ക്കുന്നനിലയില്‍ ആവശ്യമായ സംവിധാനമുണ്ടാകണമെന്നതാണ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ആവശ്യം. ഇതിനായി രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് അപര്യാപ്തമാണെന്നതും ഇതിനാവശ്യമായ സ്രോതസ്സുപോലും കണ്ടെത്തിയിട്ടില്ലെന്നതുമാണ് നമ്മുടെ പ്രധാന ആശങ്ക. പെന്‍ഷന് സര്‍ക്കാര്‍ഗ്യാരണ്ടി വേണമെന്നതാണ് പ്രധാനമായും ഉയര്‍ത്തപ്പെടുന്ന ആവശ്യങ്ങളിലൊന്ന്. ഇതൊക്കെയുണ്ടായാലും നമ്മുടെ പെന്‍ഷന്‍ സംരക്ഷിക്കപ്പെടുമെന്നതിന് അതതുകാലഘട്ടങ്ങളിലെ ജീവനക്കാരുടെ സംഘടിത ശേഷിതന്നെയാണ് നമുക്ക് ഉറപ്പായുണ്ടാകുക. അതുകൊണ്ടുതന്നെ നിലവിലുള്ള ജീവനക്കാരന്റെ പെന്‍ഷന്‍ ഉറപ്പുവരുത്തുക എന്നതിനപ്പുറം സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കുമായി തുടരുക എന്നത് നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷനുറപ്പിന്റെ ഭാഗം കൂടിയാകുന്നത് അങ്ങിനെയാണ്.

കമ്പനിവല്‍ക്കരണത്തിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തുമ്പോഴും തുടര്‍ന്നുവരുന്ന ജീവനക്കാര്‍ക്ക് ഇന്നത്തെ അവകാശങ്ങളെല്ലാം ഉണ്ടാകുമെന്ന് ഉറപ്പുപറയാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല അവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ആയിരിക്കുമെന്ന സൂചന നല്‍കിയിട്ടുമുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടാണ് വൈദ്യുതി മന്ത്രി വിളിച്ച യോഗങ്ങളിലും ഒടുവില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും നമ്മള്‍ ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന ജീവനക്കാരുടെ കാര്യത്തില്‍ ഇപ്പോള്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്നത് അംഗീകരിക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷനടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനങ്ങളെ അംഗീകരിച്ചുപോകാനും നമുക്ക് കഴിയില്ല. സാമൂഹ്യ സുരക്ഷാബാദ്ധ്യതകളില്‍ നിന്ന് ഒഴിയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയെന്ന വലിയൊരു സാമൂഹ്യ ഉത്തരവാദിത്തമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്.

പങ്കാളിത്ത പെന്‍ഷന്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പ്രക്ഷോഭം നമ്മുടേതുകൂടിയാണ്. 2012 ആഗസ്ത് 21ന്റെ പണിമുടക്കില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും ഓഫീസര്‍മാരും അണിചേരാന്‍ തീരുമാനിച്ചിട്ടുള്ളത് ഈ സാഹചര്യത്തിലാണ്. പണിമുടക്കും മറ്റു പ്രചാരണ പ്രക്ഷോഭപ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കാന്‍ വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരോടും ഓഫീസര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ
ജനറല്‍ സെക്രട്ടറി
കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3588
mod_vvisit_counterYesterday4794
mod_vvisit_counterThis Month109908
mod_vvisit_counterLast Month132633

Online Visitors: 58
IP: 54.81.78.135
,
Time: 19 : 21 : 47