സംസ്ഥാനത്തിനുളള കേന്ദ്ര വൈദ്യുതിവിഹിതം വെട്ടിക്കുറച്ചു. 10-05-2009 മുതല്‍ 15 ദിവസത്തേക്കാണിത്. പ്രതിദിനം 75 മെഗാവാട്ട് കുറയും. തമിഴ്നാടിന് കൂടുതല്‍ വൈദ്യുതി നല്കേണ്ടിേവന്നതുമൂലമാണ് വെട്ടിക്കുറവെന്ന് കേന്ദ്രം അറിയിച്ചു. ലോക്സഭാതെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണത്തിനായി തമിഴ്നാടിന് കൂടുതല്‍ വൈദ്യുതി ആവശ്യമാണെന്നാണ് വിശദീകരണം. താല്‍ച്ചര്‍ നിലയത്തില്‍നിന്നുള്ള വൈദ്യുതിയാണ് വെട്ടിക്കുറച്ചത്. കര്‍ണാടകത്തിനുള്ള വിഹിതത്തില്‍ 25 മെഗാവാട്ട് കുറച്ചിട്ടുണ്ട്. അവിടെ 7000 മെഗാവാട്ടാണ് ശരാശരി ഉപയോഗം.
കേരളത്തില്‍ 2800 മെഗാവാട്ടും. കൂടുതല്‍ ഉപയോഗമുള്ള സംസ്ഥാനത്തിന്റെ വിഹിതത്തില്‍ ചെറിയ കുറവേ വരുത്തിയിട്ടുള്ളൂ. 1080 മെഗാവാട്ടാണ് സംസ്ഥാനത്തിന്റെ കേന്ദ്രവിഹിതം. 900 മെഗാവാട്ട് കിട്ടിയിരുന്നു. ഞായറാഴ്ച മുതല്‍ ഇത് 825 ആയി കുറയും. കേന്ദ്രവിഹിതം കുറയുന്നത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. സംഭരണികളില്‍ വെള്ളം കുറയുകയും ലോഡ് ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രനടപടി തിരിച്ചടിയാകും. വൈദ്യുതി ഉപയോഗം കുതിച്ചുയര്ന്നിരിക്കയുമാണ്.
എങ്കിലും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താതെ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും. ഉപയോക്താക്കളുടെ സഹകരണത്തോടെ പരമാവധി ഉപയോഗം നിയന്ത്രിച്ച് പ്രതിസന്ധി അതിജീവിക്കാനാണ് ലക്ഷ്യമിടുന്നത്.
ആറു മണിക്കൂര്‍ ലോഡ്ഷെഡിങ്ങുള്ള തമിഴ്നാട്ടില്‍ ഡിഎംകെ ഭരണത്തിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. ഇത് മറികടക്കാനാണ് അസാധാരണ നടപടിയിലുടെ കേരളത്തിനുള്ള വിഹിതം കുത്തനെ കുറച്ചത്. തമിഴ്നാടിന് കൂടുതല്‍ വൈദ്യുതി നല്‍കാനാണ് വെട്ടിക്കുറവെന്ന് കേന്ദ്രം സമ്മതിച്ചിട്ടുമുണ്ട്. കേരളത്തിന് അനുവദിച്ച പ്രത്യേക അലോക്കേഷനില്നിന്നാണ് 75 മെഗാവാട്ട് വെട്ടിക്കുറച്ചത്.
ദക്ഷിണേന്ത്യന്‍ നിലയങ്ങളില്‍നിന്നുള്ള അ അലോക്കേറ്റഡ് വിഹിതം ഏറെക്കുറെ പൂര്‍ണമായി വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. 2007 ജനുവരിയില്‍ 148 മെഗാവാട്ടായിരുന്നു അ അലോക്കേറ്റഡ് വിഹിതമെങ്കില്‍ ഇപ്പോള്‍ വെറും 11 മെഗാവാട്ടാണ്്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രയ്ക്ക് 387, കര്‍ണാടകത്തിന് 242, തമിഴ്നാടിന് 397, പോണ്ടിച്ചേരിക്ക് 61 മെഗാവാട്ട് എന്നീ കണക്കില്‍ ഇപ്പോഴും വിഹിതം ലഭിക്കുന്നു.
ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അസാധാരണ ഇച്ഛാശക്തി കാരണമാണ് ഉപയോഗം കുത്തനെ ഉയരുന്നതിനിടയിലും ലോഡ്ഷെഡിങ് പിന്‍വലിക്കാന്‍ സാധിച്ചത്. പീക്ക് സമയത്തെ ആവശ്യകത 2,852 മെഗാവാട്ട് വരെയും ഉപഭോഗം 509.4 ലക്ഷം യൂണിറ്റ് വരെയും ഉയര്‍ന്നിരുന്നു. എങ്കിലും ജൂ പകുതി വരെ കുഴപ്പമില്ലാതെ പോകാന്‍ കഴിയുമായിരുന്നു. എന്നാല്‍, കേന്ദ്രനടപടി കേരളത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ കേന്ദ്രനടപടി കാരണം പ്രതിദിനം 20 ലക്ഷം യൂണിറ്റാണ് വൈദ്യുതിവിഹിതം കുറയുക. ഇത് പരിഹരിക്കുന്നതിനായി ജലവൈദ്യുതി ഉല്‍പ്പാദനം കൂട്ടുന്നത് അപകടമാവും.
170 ലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വേനല്‍മഴയില്‍ ഇത്തവണ വന്‍ കുറവാണ് ഉണ്ടായത്. പ്രതിദിനം 60 മുതല്‍ 70 വരെ ലക്ഷം യൂണിറ്റിനുള്ള നീരൊഴുക്ക് കിട്ടേണ്ട ഈ സമയത്ത് ലഭിക്കുന്നത് 20 മുതല്‍ 30 ലക്ഷം യൂണിറ്റ് മാത്രമാണ്. ഈ സ്ഥിതിയില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്തിയാല്‍ ജൂ പകുതിവരെ ഉല്‍പ്പാദനത്തിനുള്ള വെള്ളം നിലനിര്‍ത്താനാവില്ല.