KSEBOA - KSEB Officers' Association

Saturday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഏഷ്യാനെറ്റ് വാര്‍ത്തയും വൈദ്യുതി ബോര്‍ഡ് ഉത്തരവും - വസ്തുതയെന്ത്?

ഏഷ്യാനെറ്റ് വാര്‍ത്തയും വൈദ്യുതി ബോര്‍ഡ് ഉത്തരവും - വസ്തുതയെന്ത്?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Asianet Newsവൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു എന്ന പേരില്‍ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത പൊതുവേ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. വാര്‍ത്ത അവാസ്തവമാണെന്ന് വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും 28-06-2011 ന് ഇറങ്ങിയ ബി.ഒ.(എഫ്.ബി.)നമ്പര്‍ 1621/2011 ബോര്‍ഡ് ഉത്തരവ് വായിക്കുന്നവര്‍ക്ക് വാര്‍ത്തയില്‍ എന്തോ കഴമ്പുണ്ടെന്നു തോന്നുകയും ചെയ്യും. ബോര്‍ഡ് ഉത്തരവിന്റെ അനുബന്ധമായി ലൈസന്‍സികള്‍ക്ക് വൈദ്യുതി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നയം വിശദമാക്കുന്നുണ്ട്. എന്നാല്‍ ഈ അനുബന്ധം പലരും ശ്രദ്ധിച്ച മട്ടില്ല.

വൈദ്യുതി ബോര്‍ഡിനുപുറമേ കൊച്ചി തുറമുഖം, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല, മൂന്നാറിലെ കണ്ണന്‍ ദേവന്‍ ചായ, കിന്‍ഫ്രയും എന്‍ടിപിസിയും ചേര്‍ന്ന് ആരംഭിച്ച വ്യവസായപാര്‍ക്കുകള്‍ക്കുവേണ്ടിയുള്ള കിനെസ്ക്കോ എന്ന കമ്പനി, റബര്‍ പാര്‍ക്ക്, ടെക്നോപാര്‍ക്ക്, തൃശൂര്‍ മുന്‍സിപ്പാലിറ്റി എന്നിങ്ങനെ ഏഴ് ലൈസന്‍സികള്‍ കേരളത്തിള്‍ വൈദ്യുതി വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെല്ലാം വൈദ്യുതി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.

ഇതില്‍ തൃശൂര്‍ മുന്‍സിപ്പാലിറ്റിയും കണ്ണന്‍ദേവനുമൊഴികെയുള്ള സ്ഥാപനങ്ങളൊന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നില്ല. വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ മാത്രമാണ് ഇവര്‍ക്കെല്ലാമുള്ളത്. തൃശൂര്‍ മുന്‍സിപ്പാലിറ്റിക്കുപോലും നല്ലൊരു പങ്ക് വാണിജ്യ ഉപഭോക്താക്കളാണ്. പൊതുവേ നല്ല താരീഫുള്ള ഉപഭോക്താക്കള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഈ കമ്പനികളുടെയെല്ലാം ശരാശരി വൈദ്യുതി വില്‍പ്പന വില കെ.എസ്.ഇ.ബിയുടേതിനേക്കാള്‍ വളരെ വലുതാണ്. എന്നാല്‍ കെ.എസ്.ഇ.ബിയുടെ ശരാശരി ചെലവിനേക്കാള്‍ വളരെ കുറഞ്ഞതാണ് ഇവര്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ബള്‍ക്ക് പവര്‍ താരീഫ്. മൊത്തത്തില്‍ ഇത്തരം കമ്പനികള്‍ക്ക് വൈദ്യുതി നല്‍കുന്നതിലൂടെ വൈദ്യുതി ബോര്‍ഡിന് നല്ല നഷ്ടമുണ്ടാകുന്നു. ഈ കമ്പനികളാകട്ടെ വലിയ ലാഭവുമുണ്ടാക്കുന്നു.
ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇവിടെ കാണാം



ലൈസന്‍സികള്‍ക്ക് ഇക്വിറ്റിയുടെ 14.5% ലാഭമുണ്ടാക്കാമെന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ ഈ കമ്പനികള്‍ ഇങ്ങിനെ നിയമാനുസൃതം കിട്ടാവുന്നതിനേക്കാള്‍ വലിയ തുകയുടെ ലാഭമാണ് ഓരോ വര്‍ഷവും ഉണ്ടാക്കുന്നത്. നിയമാനുസൃതമായ 14.5%ത്തിനും പുറമെ 40.46കോടി രൂപയാണ് ഈ കമ്പനികള്‍ ഉണ്ടാക്കുന്ന പ്രതിവര്‍ഷ ലാഭമെന്നാണ് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേഷന്‍ തന്നെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതി വാങ്ങല്‍ച്ചെലവ് കൂടിവരുന്നത് പരിഗണിച്ച് ഇത്തരം ചെലവുകളുടെ എന്തെങ്കിലും ബാദ്ധ്യത ഏറ്റെടുക്കാന്‍ ഈ കമ്പനികളൊന്നും തയ്യാറാകുന്നുമില്ല.

നിലവില്‍ വൈദ്യുതി വിതരണം നടത്തിക്കൊണ്ടിരിക്കുന്നതിനു പുറമെ പുതിയ പ്രദേശങ്ങളിലേക്കുകൂടി ഈ സ്ഥാപനങ്ങളില്‍ ചിലത് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഉദാഹരണത്തിന് കിന്‍ഫ്രയും എന്‍ടിപിസിയും ചേര്‍ന്ന് ആരംഭിച്ച കിനെസ്ക്കോ പല സ്ഥലത്തേക്കും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നേരത്തെ കിന്‍ഫ്രയുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാറനുസരിച്ച് ബള്‍ക്ക് താരീഫില്‍ വൈദ്യുതി നല്‍കണം എന്നാണ് കിനെസ്ക്കോ ആവശ്യപ്പെടുന്നത്. നിലവിലുള്ള കരാറിലെ അളവില്‍ നിലവിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി നല്‍കാനല്ലാതെ പുതിയ സ്ഥലങ്ങളില്‍ വൈദ്യുതി നല്‍കാന്‍ തങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്നതാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.

ആവശ്യം കൂടുന്നതിനനുസരിച്ച് വൈദ്യുതി നല്‍കണമെങ്കില്‍ അതനുസരിച്ച് പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഇതിന് കെ.എസ്.ഇ.ബിക്ക് ചെലവാകുന്ന തുക ഈ ലൈസന്‍സികള്‍ നല്‍കാന്‍ തയ്യാറായാല്‍ പ്രശ്നമില്ല. എന്നാല്‍ അതിന് ഈ കമ്പനികള്‍ തയ്യാറല്ല. ബള്‍ക്ക് സപ്ലൈയുടെ കുറഞ്ഞ താരീഫ് തന്നെയേ തങ്ങള്‍ക്ക് ബാധകമാകൂ എന്നതില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

ഇലക്ട്രിസിറ്റി ആക്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിതരണ ലൈസന്‍സികളില്‍ ഒന്നു മാത്രമായ കെ.എസ്.ഇ.ബി അതേപോലെത്തന്നെ വിതരണ ലൈസന്‍സികളായ മറ്റു കമ്പനികള്‍ക്ക് വിലകുറഞ്ഞ വൈദ്യുതി കൊടുക്കാന്‍ ബാദ്ധ്യസ്ഥരാണോ? അല്ല എന്ന ധാരണയില്‍ നിന്നാണ് പരാമര്‍ശവിധേയമായ ബോര്‍ഡ് ഉത്തരവ് ഉണ്ടായത്. ഇക്കാര്യം ബോര്‍ഡ് ഉത്തരവിന്റെ അനുബന്ധത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്.

ലൈസന്‍സികള്‍ ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി ലാഭമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ലൈസന്‍സികള്‍ക്ക് ആവശ്യമുള്ള വൈദ്യുതി അവര്‍ തന്നെ എവിടെ നിന്നെങ്കിലും കണ്ടെത്തി കൊണ്ടുവന്നുകൊള്ളണം, അല്ലാതെ ബോര്‍ഡ് നല്‍കുന്നതല്ല എന്നാണ് നയത്തില്‍ വ്യക്തമാക്കുന്നത്. (നിലവില്‍ വൈദ്യുതി ബോര്‍ഡ് വെച്ചിട്ടുള്ള കരാറുകള്‍ അനുസരിച്ച് വിവിധ ലൈസന്‍സികള്‍ക്ക് നല്‍കാമെന്ന് ഏറ്റിട്ടുള്ള വൈദ്യുതി കൃത്യമായി നല്‍കുമെന്നും നയം വ്യക്തമാക്കുന്നുണ്ട്.)

കമ്പനികള്‍ വൈദ്യുതി ടെണ്ടര്‍ വിളിച്ച് വാങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡും വൈദ്യുതിക്ക് കിട്ടേണ്ട നിരക്ക് വ്യക്തമാക്കി ടെണ്ടറില്‍ പങ്കെടുത്തുകൊള്ളാമെന്നും ബോര്‍ഡിന്റെ കയ്യില്‍ വില്‍ക്കാനായി അധിക വൈദ്യുതി ഉണ്ടാകുമ്പോള്‍ ബോര്‍ഡ് അത് വില്‍ക്കുന്നതിന് ടെണ്ടര്‍ വിളിക്കുമെന്നും അപ്പോള്‍ ലൈസന്‍സികള്‍ക്ക് വൈദ്യുതി വേണമെങ്കില്‍ ടെണ്ടറില്‍ പങ്കെടുക്കാമെന്നും ന്യായമായ വിലകിട്ടിയാല്‍ വൈദ്യുതി നല്‍കാമെന്നുമാണ് ഇതിലെ പ്രധാന ഭാഗം.

ഇങ്ങിനെ വൈദ്യുതി വാങ്ങി കാര്യങ്ങള്‍ നടത്താന്‍ പ്രയാസമുള്ള ലൈസന്‍സികള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഫ്രാഞ്ചൈസി എന്നനിലയില്‍ വൈദ്യുതി വിതരണം നടത്താമെന്നും അങ്ങിനെ തയ്യാറാണെങ്കില്‍ കിട്ടുന്ന റവന്യൂവില്‍ നിശ്ചിത മാര്‍ജിന്‍ (കമ്മീഷന്‍) ഈ കമ്പനികള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് നല്‍കാമെന്നും നയം വ്യക്തമാക്കുന്നു. ഈ രണ്ടു രീതിയും അംഗീകരിക്കാന്‍ ലൈസന്‍സികള്‍ തയ്യാറല്ലെങ്കില്‍ അവര്‍ക്ക് ബോര്‍ഡ് വൈദ്യുതി (നിലവില്‍ കരാര്‍ ഉള്ളതിനപ്പുറം) നല്‍കില്ല. അവരുടെ ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ വൈദ്യുതി ബോര്‍ഡിന്റെ ഉപഭോക്താക്കളായി രജിസ്റ്റര്‍ ചെയ്താല്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും വൈദ്യുതി ലഭ്യമാക്കും.

വിതരണ ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് യാതൊരു അധികാരവും വൈദ്യുതി ബോര്‍ഡിനില്ല. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ക്കാണ്. സ്വകാര്യ ലൈസന്‍സികളെ പ്രോല്‍സാഹിപ്പിക്കുന്ന ദേശീയ നയങ്ങളുടെ സാഹചര്യത്തില്‍ നിയമപരമായി പുതിയ ലൈസന്‍സികള്‍ രംഗത്തുവരുന്നത് തടയാനുമാകില്ല. സ്വാഭാവികമായും ഇത്തരം ലൈസന്‍സികള്‍ക്ക് വൈദ്യുതി നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന് ബാദ്ധ്യതയില്ലെന്ന നിലപാടെടുക്കുന്നത് സ്വകാര്യ ലൈസന്‍സികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിന് സഹായകമാകും.

അതുകൊണ്ടു തന്നെ വൈദ്യുതി ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ശരിയായ ഒരു സമീപനമാണ് ഇതെന്നതില്‍ സംശയമില്ല. എന്നാല്‍ ബോര്‍ഡ് ഉത്തരവിന്റെ അനുബന്ധത്തിനുള്ള കൃത്യത ഉത്തരവ് മാത്രം വായിക്കുന്നവര്‍ക്ക് കിട്ടുകയില്ല. മാത്രമല്ല പുതുതായി ലൈസന്‍സികള്‍ ഉണ്ടാകുന്നതിനും പലയിടത്തും ഫ്രാഞ്ചൈസികളെ ഏര്‍പ്പെടുത്തുന്നതിനുമൊക്കെ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു എന്ന ധാരണ ഉണ്ടാകുകയും ചെയ്യും.

2003ലെ വൈദ്യുതി നിയമം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതനുസരിച്ച് ലൈസന്‍സികളും ഫ്രാഞ്ചൈസികളുമൊക്കെ കേരളത്തിലും വന്നുതുടങ്ങിയിട്ടുണ്ടെന്നതും പലര്‍ക്കും ബോദ്ധ്യപ്പെട്ടിട്ടില്ല. ആക്ടിലെ ഒരു ഭാഗം മാത്രമായ ബോര്‍ഡ് വിഭജനവും കമ്പനി വല്‍ക്കരണവും നടന്നിട്ടില്ല എന്നതിനെ കേരളത്തില്‍ ആക്ട് ബാധകമായിട്ടേ ഇല്ല എന്ന നിലയില്‍ മനസ്സിലാക്കുന്ന ചിലരും ഉണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ ലൈസന്‍സികള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കുമൊക്കെ ബോര്‍ഡ് അംഗീകരം കൊടുക്കുന്നു എന്ന തോന്നലുളവാക്കുന്ന വാചകങ്ങളോടെ ഒരു ബോര്‍ഡ് ഉത്തരവ് വന്നാലോ...?

ആര്‍.ജി.ജി.വി.വൈ പദ്ധതിപ്രകാരമുണ്ടാക്കിയ ആസ്തി നടത്തിപ്പ് ഫ്രാഞ്ചൈസി സംവിധാനത്തിലൂടെ ആകണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കടുംപിടുത്തത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ഇത്തരം ആശങ്കകള്‍ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അത്തരത്തില്‍ ഒളിപ്പിച്ചുവെച്ച താല്‍പ്പര്യങ്ങളൊന്നും ഈ ബോര്‍ഡ് ഉത്തരവില്‍ ഇല്ലെന്ന് വ്യക്തമാക്കേണ്ട ബാദ്ധ്യത ബോര്‍ഡ് അധികാരികള്‍ക്ക് ഉണ്ട്. വാര്‍ത്ത വാസ്തവ വിരുദ്ധമാണ് എന്ന ഒറ്റ വരി നിഷേധക്കുറിപ്പുകൊണ്ട് ഈ ധര്‍മ്മം നിറവേറ്റപ്പെടുന്നില്ല.
ഏഷ്യാനെറ്റ് വാര്‍ത്തയിലും മറ്റ് പ്രചരണങ്ങളിലും വന്നതുപോലെയുള്ള 'വിതരണ മേഖലയുടെ സ്വകാര്യവല്‍ക്കരണ' തീരുമാനമൊന്നും ബോര്‍ഡ് എടുത്തിട്ടില്ല എന്ന് മേല്‍ വിവരിച്ച പശ്ചാത്തലത്തില്‍ നീന്നുകൊണ്ട് ബോര്‍ഡ് ഉത്തരവ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുമെങ്കിലും ഇത്തരം വിശദാംശങ്ങളൊന്നും അറിയാതെ ആശങ്കാകുലരാകുന്നര്‍ക്കു വേണ്ടിയെങ്കിലും കുറേക്കൂടി വ്യക്തമായൊരു വിശദീകരണം നല്‍കാന്‍ ബോര്‍ഡ് തയ്യാറാകണം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4098
mod_vvisit_counterYesterday5398
mod_vvisit_counterThis Month115017
mod_vvisit_counterLast Month108586

Online Visitors: 66
IP: 54.205.210.125
,
Time: 17 : 10 : 41