അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പിന്‍വലിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. വിശദമായ പഠനങ്ങള്‍ക്കുശേഷം നല്‍കിയ അനുമതി ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പിന്‍വലിക്കുന്നത് കേരളത്തിന്റെ മൊത്തം വികസനത്തെ പ്രതികൂലമായി ബാധിക്കും. ഊര്‍ജസ്രോതസുകള്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര നിര്‍ദേശമെന്നിരിക്കെ ഇപ്പോഴത്തെ നീക്കം ഊര്‍ജപ്രതിസന്ധി രൂക്ഷമാക്കും.
163 മെഗാവാട്ട് ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണം ചോദിച്ച് കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് കെഎസ്ഇബിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. പദ്ധതി ആദിവാസികളെയും പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെയും ബാധിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
പദ്ധതിയെക്കുറിച്ച് രണ്ടുതവണ പാരിസ്ഥിതിക ആഘാത പഠനവും പൊതു തെളിവെടുപ്പും നടത്തിയതാണ്. മൂന്നുതവണ കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. പദ്ധതിക്കുവേണ്ടി ഒരു ആദിവാസി കുടുംബത്തെയും കുടിയൊഴിപ്പിക്കേണ്ടതില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഒട്ടും പ്രതികൂലമായി ബാധിക്കില്ല. പ്രധാനമായും നദീതടവും തോട്ടം ഭൂമിയും ഉപയോഗപ്പെടുത്തുന്ന പദ്ധതിമൂലം ജൈവവൈവിധ്യ നാശവും ഉണ്ടാകില്ല.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ടിബിജിആര്‍ഐ) കേന്ദ്ര ജല കമീഷന്റെ കീഴില്‍ ഇത്തരം പഠനങ്ങള്‍ നടത്താന്‍ അംഗീകാരം നല്‍കിയ വാപ്കോസും പദ്ധതി പ്രദേശത്തിന്റെ ജൈവവൈവിധ്യവും ആദിവാസി സമൂഹത്തിന്റെ ജീവിതവും സംബന്ധിച്ച് വിശദമായി പരിശോധിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ അവര്‍ ശുപാര്‍ശ നല്‍കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യത്യസ്ത മേഖലയില്‍ വിദഗ്ധരായ 13 അംഗങ്ങള്‍ അടങ്ങിയ എന്‍വയോമെന്റല്‍ അപ്രൈസല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കുന്നത്.
1998ലും 2005ലും 2007ലും വിവിധ കമ്മിറ്റികള്‍ പരിശോധിച്ചു നല്‍കിയ അനുമതി പുനഃപരിശോധിക്കുന്നതിന് ഒരു കാരണവുമില്ല. 1989ല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ നിയമാനുസരണം അനുമതി കിട്ടിയ പദ്ധതിക്ക് ആരുടെയോ ഒരു പരാതി കണക്കിലെടുത്ത് അനുമതി പിന്‍വലിക്കാന്‍ നോട്ടീസ് നല്‍കുന്നത് അങ്ങേയറ്റം മോശമായ കീഴവഴക്കമാണ് സൃഷ്ടിക്കുക. ഈ നീക്കത്തില്‍നിന്നു പിന്തിരിയണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














