
എല്ലാ അനുമതിയും ലഭിച്ച് പദ്ധതി തുടങ്ങാനിരിക്കെയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പരിസ്ഥിതി അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിന് കാരണം ചോദിച്ച് നോട്ടീസ് ലഭിക്കുന്നതെന്ന് ബോര്‍ഡിന്റെ കോര്‍പ്പറേറ്റ് പ്ലാനിങ് ചീഫ് എന്‍ജിനീയര്‍ പരിസ്ഥിതിമന്ത്രാലയത്തിലെ ഉപദേശക ഡോ. നളിനി ഭട്ടിനയച്ച കത്തില്‍ പറയുന്നു. അഞ്ച് വിദഗ്ധ സമിതികളും പരിസ്ഥിതിമന്ത്രാലയത്തിലെ വിദഗ്ധരും കേന്ദ്രസര്‍ക്കാരിലെ വിവിധ സമിതികളും കേരള ഹൈക്കോടതിയും ഉന്നയിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കഴിഞ്ഞതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലെ ബീചാപൂര് ആണവനിലയത്തിനെതിരേ ജനകീയപ്രക്ഷോഭവും വെടിവയ്പും ഉണ്ടായിട്ടും അനുമതി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഒരിക്കല്‍ നല്കിയ അനുമതി പുനപ്പരിശോധിക്കാനാവില്ലെന്ന നിലപാടാണു മന്ത്രാലയം സ്വീകരിച്ചത്. ആതിരപ്പിള്ളിയുടെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്നാണു കെ.എസ്.ഇ.ബിയുടെ ആവശ്യം.
കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ രൂപവത്കരിച്ച സമിതികളെല്ലാം പദ്ധതി പരിസ്ഥിതിസൗഹൃദവും സാമ്പത്തികമായി ലാഭകരവുമായിരിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ട്. ജലലഭ്യതയെക്കുറിച്ച് സമര്‍പ്പിച്ച കണക്കുകള്‍ ജലകമ്മീഷനും അംഗീകരിച്ചിട്ടുണ്ട്. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധപാനല് പദ്ധതിപ്രദേശം സന്ദര്‍ശിച്ചിട്ടുമുണ്ട്. കേരളത്തിന്റെ ജലസമ്പത്തിന്റെ 46 ശതമാനംമാത്രമാണ് ജലവൈദ്യുത പദ്ധതികള്‍ക്കായി വിനിയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ളവ പാഴായി പ്പോവുകയാണ്.
6000 മെഗാവാട്ട് വരെ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്നിടത്ത് 1952 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പ്പാദിപ്പിച്ചത്. പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടുതന്നെ കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ക്കുള്ള സാധ്യതയുണ്ട്. ജൈവവൈവിധ്യത്തിന്റെ പേരില്‍ കേരളത്തിന്റെ വൈദ്യുതി ഉല്‍പ്പാദനസാധ്യതകള്‍ തടസ്സപ്പെട്ടാല്‍ ചെലവുകുറഞ്ഞ ഊര്ജംനല്കാന് കേന്ദ്രം തയ്യാറാകണം. ജലവൈദ്യുതപദ്ധതികള്‍ക്ക് രൂപംനല്‍കുമ്പോള്‍ ത്തന്നെ പരിസ്ഥിതിയുടെ പേരില്‍ തടസ്സങ്ങള്‍ ഉന്നയിക്കപ്പെടുന്നു.
പദ്ധതി നടപ്പാക്കുന്നതുമൂലം ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കില്ലെന്നു വിവിധ പഠന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.