
അടുത്ത അഞ്ചുവര്‍ഷം കൊണ്ടു സംസ്ഥാനത്തെ ഊര്ജോല്പാദനം ഇരട്ടിയാക്കാനുള്ള പദ്ധതികളില്‍ അതിരപ്പിള്ളി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി.
പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രായോഗിക, പരിസ്ഥിതി പ്രശ്നങ്ങള്‍ സംസ്ഥാനത്തിനു ബോധ്യമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി മന്ത്രാലയം അയച്ച കത്തു തനിക്കു ലഭിച്ചിട്ടില്ല. മന്ത്രി ജയറാം രമേശ് സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളിലും പദ്ധതിക്കുള്ള തടസ്സങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. പദ്ധതി ഉപേക്ഷിക്കേണ്ടി വരുന്നതു ത്യാഗമാണെന്നും അതിന്റെ പേരില്‍ സംസ്ഥാനത്തിനു ഗ്രീന്‍ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതു നേടിയെടുക്കാന്‍ ശ്രമമുണ്ടാവും.
പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നേരത്തേ കേന്ദ്രം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതിരപ്പിള്ളിക്ക് അനുമതി നല്‍കരുതെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്ട്ടിന്മേല് കേരളത്തിന്‍െറ പ്രതികരണം തേടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതായി കേന്ദ്രം വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കേരളത്തില്‍ മടങ്ങിയെത്തിയാല്‍ മാത്രമേ ഓഫിസില്‍ കത്ത് ലഭിച്ചോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കൂ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തുടര്‍ന്നാണ് അതിരപ്പിള്ളി പദ്ധതിയുടെ പ്രായോഗിക തടസ്സങ്ങളെ കുറിച്ച് സര്‍ക്കാറിന് വ്യക്തമായ ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
മൂവായിരം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കല്‍ക്കരി സംസ്ഥാനത്തിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് ഉപയോഗിച്ചു കേരളത്തില്‍ വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാന്‍ എളുപ്പമല്ല. അല്ലാതെ കല്‍ക്കരി വിഹിതം എങ്ങനെ ഉപയോഗിക്കാനാവുമെന്നാണ് അടുത്തയാഴ്ച ചേരുന്ന യോഗം ചര്‍ച്ചചെയ്യുക.
മൂവായിരം മെഗാവാട്ടിന്റെ താപവൈദ്യുതപദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്ന പേരില്‍ പദ്ധതിക്കെതിരെ ജനങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നെങ്കിലും താപവൈദ്യുതപദ്ധതികള് നടപ്പാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
Source- Manorama, Madhyamam