KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജനവിധിയ്ക്ക് മുമ്പ്

ജനവിധിയ്ക്ക് മുമ്പ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kerala Electionകേരളം സുപ്രധാനമായൊരു ജനവിധിയ്ക്കൊരുങ്ങുകയാണ്. ഫെഡറല്‍ നയ-നിയമ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നില്ക്കുമ്പോഴും സംസ്ഥാന ഗവണ്‍മെന്റിന് പരിമിതമായ തോതില്‍ ലഭ്യമായ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനും ബദല്‍ വികസനപാത കരുപ്പിടിപ്പിക്കാനും കഴിയുമെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവം കേരളത്തെ പഠിപ്പിക്കുന്നുണ്ട്. ഈ അടിത്തറ ഉപയോഗപ്പെടുത്തി വന്‍വികസനക്കുതിപ്പിനുള്ള ഒരുക്കത്തിലാണ് കേരളം. ഇത് സാധ്യമാകണമെങ്കില്‍ ഭരണ-നയ പരിപാടികളില്‍ തുടര്‍ച്ച ആവശ്യമാണ്താനും. വിവിധ അഭിപ്രായ സര്‍വ്വേകള്‍ നല്കുന്ന സൂചന സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണ പരിപാടികള്‍ക്ക് അനുകൂലമായ ജനവികാരം കേരളത്തില്‍ ഉടലെടുത്തിട്ടുണ്ടെന്നാണ്. ഒപ്പം തന്നെ വിലക്കയറ്റവും സമാനതകളില്ലാത്ത അഴിമതിയും സൃഷ്ടിക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ നവ ഉദാരവല്കരണ നയങ്ങള്‍ക്കെതിരായ ജനാഭിപ്രായവും സര്‍വ്വേകളില്‍ പ്രകടമാണ്. മുന്‍കാലങ്ങളിലേതില്‍ നിന്നും ഒട്ടേറെ വ്യത്യസ്ഥമായ ഒരു സാഹചര്യമാണിത്.
വിവിധ മേഖലകളില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളുടെ നേട്ടം നേരിട്ടനുഭവവേദ്യമായ ജനവിഭാഗങ്ങളുടെ അഭിപ്രായ രൂപീകരണമാണ് ഈയൊരു സാഹചര്യം സൃഷ്ടിക്കുന്നത്. കേവലമായ വികസനം എന്നതിനപ്പുറം വികസനത്തിന്റെ നേട്ടം സാധാരണക്കാരിലേക്കാകെ എത്തിക്കാനാവശ്യമായ നയപരിപാടികള്‍ പിന്തുടര്‍ന്നതിന്റെ വിജയമാണിത്. വൈദ്യുതിരംഗം തന്നെ ഇതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കാനായത് കേരളത്തിന്റെ തിളങ്ങുന്ന നേട്ടങ്ങളിലൊന്നാണ്. മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാവുമെന്നതില്‍ ഇന്നാര്‍ക്കും സംശയമില്ല. ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഏര്‍പ്പെടുത്താതെ എല്ലാവര്‍ക്കും ആവശ്യാനുസരണം വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയുന്ന അപൂര്‍വ്വം ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായി മാറാനും കേരളത്തിന് ഭാവനാപൂര്‍വ്വമായ നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കാകെ നല്കുന്ന സേവനത്തിന്റെ നിലവാരം ഗണ്യമായി വര്‍ദ്ധിപ്പിക്കാനാവശ്യമായ നിരവധി നടപടികള്‍ ജീവനക്കാരുടെയാകെ സഹകരണത്തോടെ നടപ്പാക്കാനും ഇക്കാലയളവില്‍ കഴിയുകയുണ്ടായി. വിഭജനവും സ്വകാര്യവല്കരണവുമാണ് വൈദ്യുതി വികസനത്തിനാവശ്യം എന്ന നവലിബറല്‍ വാദത്തിന് മുഖമടച്ചേല്ക്കുന്ന പ്രഹരമാണ് കേരളത്തിന്റെ ബദല്‍ നയത്തിന്റെ വിജയം.

അദ്ധ്വാനിച്ച് ജീവിക്കുന്നവര്‍ക്കാകെ സമാശ്വാസമേകുന്ന ഒട്ടനവധി നടപടികളാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച് പോന്നത്. അസംഘടിതമേഖലയിലും സംഘടിത മേഖലയിലും പണിയെടുക്കുന്നവര്‍ ഈ നയങ്ങളുടെ ഗുണഭോക്താക്കളാണ്. വൈദ്യുതിമേഖലയിലെ ജീവനക്കാര്‍ക്ക് സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് വിശദീകരിക്കാനുമാകും.

മുന്‍ഗവണ്‍മെന്റ് നിഷേധിച്ച ശമ്പളപരിഷ്കരണവും ഡി എ ഗഡുകളും തുടക്കത്തില്‍ തന്നെ അനുവദിച്ച ഗവണ്‍മെന്റ് സമയബന്ധിതമായി രണ്ടാം ശമ്പള പരിഷ്കരണവും മികച്ച നിലയില്‍ പൂര്‍ത്തിയാക്കി. ഡി.എ. കുടിശ്ശിക വരുത്താതെ പൂര്‍ണ്ണമായി അനുവദിച്ചു കഴിഞ്ഞു. ഏറെക്കുറെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും ഒരു പ്രമോഷനെങ്കിലും ഇക്കാലയളവില്‍ ലഭിച്ചു. പ്രമോഷന്‍ ലഭിക്കുന്നതിന് തടസ്സം നേരിട്ടിരുന്ന വിഭാഗങ്ങള്‍ക്കും അവ ലഭിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചു.

തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഡി എ മരവിപ്പിക്കുകയും ഏതു വിധേനയും പ്രമോഷനുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്ന മുന്‍ഗവണ്‍മെന്റില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സമീപനമാണ് നിലവിലുള്ള ഗവണ്‍മെന്റില്‍ നിന്നും ജീവനക്കാര്‍ക്കാകെ ലഭിച്ചത്.

ഇവയെല്ലാം സ്വാഭാവികമായും ഗവണ്‍മെന്റിനനുകൂലമായി ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം നടത്താനിടയാക്കുമെന്നതില്‍ സംശയമില്ല. ജീവനക്കാരുടെ പൊതു വികാരത്തെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതുവിധേനയും വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഇത്തവണ അതിനായി ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നാണ് കാണുന്നത്. മതവും ജാതിയും കാറ്റഗറിയും എല്ലാം ഉപയോഗപ്പെടുത്തി ഭിന്നിപ്പുണ്ടാക്കാനുള്ള തീവ്രമായ ശ്രമം അതാണ് കാണിക്കുന്നത്. തൊഴിലാളികളെയും ഓഫീസര്‍മാരെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ ശമ്പള വര്‍ദ്ധനവിലൂടെയും പ്രമോഷനിലൂടെയും ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിച്ചപ്പോള്‍ ചിലര്‍ക്ക് അല്പം കൂടുതല്‍ ലഭിച്ചു എന്ന നിലയ്ക്ക് തെറ്റായി പ്രചരിപ്പിച്ച് അസംതൃപ്തി ഉണ്ടാക്കാനാണ് ഇക്കൂട്ടര്‍ ഇത്തവണ ശ്രമിച്ചു കാണുന്നത്. ശമ്പള പരിഷ്കരണഘട്ടത്തില്‍ ഉയര്‍ന്നുവന്ന മുഖ്യ പ്രശ്നങ്ങളിലൊന്നായ സ്റാഗ്നേഷന്‍ പരിഹരിക്കുന്നതിന് 9-ാം ശമ്പളകമ്മീഷനും തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റും സ്വീകരിച്ചതിന് സമാനമായ സമീപനം ബോര്‍ഡില്‍ സ്വീകരിച്ചതാണ് ചിലര്‍ ആക്ഷേപമായി ഉന്നയിച്ച് ഓഫീസര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സ്റാഗ്നേഷന്‍ കഴിയുന്നത്ര ഒഴിവാക്കുന്നതിന് സ്കെയിലുകളുടെ സ്പാന്‍ വര്‍ദ്ധിപ്പിച്ചും സ്റാഗ്നേഷന്‍ ഇംക്രിമെന്റിന്റെ എണ്ണം കൂട്ടിയുമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി തൊഴിലാളികളുടെ ശമ്പള സ്കെയിലുകളുടെ സ്പാന്‍ 12 മുതല്‍ 15 വരെയായി ഉയര്‍ന്നിട്ടുണ്ട്.

ഓഫീസര്‍മാരുടേതാകട്ടെ 10 മുതല്‍ 15 വരെയായും ഉയര്‍ന്നിട്ടുണ്ട്. സ്റാഗ്നേഷന്‍ ഇംക്രിമെന്റ് ആയി തൊഴിലാളികള്‍ക്ക് മുന്‍പ് തന്നെ 5 വാര്‍ഷിക ഇംക്രിമെന്റ് ലഭിച്ചിരുന്നു. ഇത്തവണ ഗവണ്‍മെന്റില്‍ സ്റാഗ്നേഷന്‍ ഇംക്രിമെന്റിന്റെ എണ്ണം മൂന്നില്‍ നിന്നും 5 ആയി വര്‍ദ്ധിപ്പിച്ചതനുസരിച്ച് ബോര്‍ഡില്‍ ഓഫീസര്‍മാര്‍ക്കും ശമ്പള പരിഷ്കരണത്തോടൊപ്പം അതേ തോതില്‍ സ്റാഗ്നേഷന്‍ ഇംക്രിമെന്റ് അനുവദിക്കുമെന്നാണ് ഉത്തരവായിട്ടുള്ളത്. തൊഴിലാളികള്‍ക്കും ഓഫീസര്‍മാര്‍ക്കും വലിയൊരളവുവരെ ആശ്വാസമാകുന്നതാണ് ഈ നടപടികള്‍ . ചില സ്കെയിലുകളില്‍ കടന്നുകൂടിയിട്ടുള്ള ചെറിയ അപാകതകള്‍ തുടര്‍ന്ന് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജീവനക്കാര്‍ക്കും മികച്ചതോതിലുള്ള ശമ്പള വര്‍ദ്ധനവും അടുത്ത ശമ്പള പരിഷ്കരണം വരെയുള്ള കാലയളവില്‍ ഏറെക്കുറെ എല്ലാവര്‍ക്കും തടസ്സമില്ലാതെ ഇംക്രിമെന്റും ലഭിക്കുമെന്നാണ് കാണുന്നത്.

അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷനുമായി ബന്ധപ്പെട്ടും അസത്യ പ്രചാരണങ്ങളിലൂടെ ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഡിഗ്രി, ഡിപ്ളോമാ വിഭാഗങ്ങള്‍ക്ക് ഒരേ പോലെ പ്രമോഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിലയ്ക്കുള്ള നടപടികളാണ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ അന്യത്ര പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് ന്യായമായ തോതില്‍ പ്രമോഷനുകള്‍ ക്രമീകരിക്കത്തക്ക നിലയില്‍ തസ്തികകള്‍ പുന:ക്രമീകരിക്കുകയും പ്രമോഷന്‍ അനുപാതത്തില്‍ മാറ്റം വരുത്തുകയും സാധാരണമാണ്, ബോര്‍ഡിലും ഗവണ്‍മെന്റിലും. 66 കെ.വി. സബ്സ്റേഷനിലെ ഓപ്പറേറ്റര്‍ തസ്തിക ഉയര്‍ത്തിയതും സബ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ അനുപാതം വിവിധ സന്ദര്‍ഭങ്ങളില്‍ മാറ്റിയതുമെല്ലാം എല്ലാവരുടേയും ഓര്‍മ്മയിലുള്ള ചില നടപടികളാണ്. അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ ലഭിക്കാന്‍ ഡിഗ്രി വിഭാഗക്കാര്‍ അനുഭവിക്കുന്ന ഗണ്യമായ കാലതാമസത്തില്‍ ഇളവു വരുത്താനും ഡിപ്ളോമ വിഭാഗത്തിലുള്ളവര്‍ക്ക് ഇന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രമോഷന്‍ ലഭ്യമാക്കാനും അധിക തസ്തിക സൃഷ്ടിച്ചും ചില തസ്തികകള്‍ ഉയര്‍ത്തിയും ഉള്ള നടപടികളിലൂടെ കഴിയും. വിവിധ വിഭാഗം എഞ്ചിനീയറിംഗ് സര്‍വ്വീസ് റൂളുകളില്‍ ഗവണ്‍മെന്റ് വരുത്തിയ മാറ്റങ്ങള്‍ ബോര്‍ഡില്‍ നടപ്പാക്കപ്പെട്ടാലും ഡിപ്ളോമ വിഭാഗക്കാര്‍ക്ക് അധികമായി പ്രമോഷനുകള്‍ ലഭിക്കുമെന്ന സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഈ സാഹചര്യത്തില്‍ കാണുന്നത്. സര്‍വ്വീസ് റൂളുകള്‍ സംബന്ധിച്ച നിയമ പരിശോധനയും കോടതി നടപടികളും തുടരുന്ന പശ്ചാത്തലത്തില്‍ അവയുടെ ന്യായാന്യായങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. എല്ലാ വിഭാഗത്തിന്റെയും ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു നിന്നുള്ള പ്രവര്‍ത്തനവും പോരാട്ടവുമാണ് ആവശ്യമെന്നാണ് അനുഭവവും ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്.

ബോര്‍ഡില്‍ ഇപ്പോള്‍ ലഭിച്ച മികച്ച ശമ്പള പരിഷ്കരണവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും സംസ്ഥാന ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയുടെയും ജീവനക്കാരുടെ പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച വിലപേശല്‍ ശേഷിയുടെയും ഉല്പന്നങ്ങളാണ്. തൊഴിലാളികളും ഓഫീസര്‍മാരും കാറ്റഗറി, ജാതി, മത വിഭാഗീയതകള്‍ വെടിഞ്ഞ്, തികഞ്ഞ ഐക്യത്തോടെ നടത്തിയ വിവിധ പോരാട്ടങ്ങളാണ് ഈ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്. വിപുലമായ ഈ യോജിപ്പ് കണ്ണിലെ കൃഷ്ണമണിപോലെ നാം സൂക്ഷിക്കേണ്ടതുണ്ട്. മറിച്ചുള്ള ഏത് പ്രചാരണത്തേയും ചെറുത്തു തോല്പിക്കാന്‍ ഉയര്‍ന്ന ഉത്തരവാദിത്വബോധം എല്ലാവരുടെ ഭാഗത്തുനിന്നുമുണ്ടാകേണ്ടതുണ്ട്.

തൊഴിലെടുത്തു ജീവിക്കുന്നവരുടെ പോരാട്ടങ്ങളിലൂടെ അധികാരത്തിലെത്തിയ സംസ്ഥാന ഗവണ്‍മെന്റ് ജനപക്ഷ നിലപാടുകളിലൂടെ കേരളത്തിന്റെ സമഗ്രവികസനം സാധ്യമാക്കിയിരിക്കയാണ്. വൈദ്യുതി രംഗത്തെ അനുഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിച്ച് നയ പരിപാടികളുടെ തുടര്‍ച്ച ആവശ്യപ്പെടുകയാണ് ഇന്നത്തെ നമ്മുടെ ഉത്തരവാദിത്ത്വം. വൈദ്യുതി മേഖല സംരക്ഷിക്കാനും ജീവനക്കാരുടെയാകെ താല്പര്യം സംരക്ഷിക്കാനും അതാണാവശ്യം.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1219
mod_vvisit_counterYesterday4115
mod_vvisit_counterThis Month85709
mod_vvisit_counterLast Month141147

Online Visitors: 54
IP: 54.158.15.97
,
Time: 07 : 34 : 23