KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഊര്‍ജ്ജ സംരക്ഷണം

ഊര്‍ജ്ജ സംരക്ഷണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

CFL Conserves energyഊര്‍ജ്ജത്തിന്റെ ആവശ്യകത ലോകത്തില്‍ ഇന്ന് അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഏതൊരു രാജ്യത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ആ രാജ്യത്തെ ഊര്‍ജ്ജ സമ്പത്താണ്. ക്രമാതീതമായ ഉപയോഗത്തിലൂടെ പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകളായ കല്‍ക്കരി, പെട്രോളിയം എന്നിവയുടെ അളവ് ഇന്ന് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഉപഭോഗരീതി വച്ചുനോക്കിയാല്‍ അടുത്ത 200 വര്‍ഷത്തേക്കുള്ള കല്‍ക്കരിയും 50 വര്‍ഷത്തേക്കുള്ള പെട്രോളിയവും മാത്രമേ പ്രകൃതിയില്‍ ഇന്ന് അവശേഷിക്കുന്നുള്ളൂ. ഇതിന്റെ 36 ശതമാനവും വൈദ്യുതി ഉല്‍പാദനത്തിനായാണ് ഉപയോഗിക്കുന്നത്. കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പമാണ് വൈദ്യുതിയെ മറ്റ് ഊര്‍ജ്ജരൂപങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. സ്വാതന്ത്യ്രത്തിനുശേഷം ഇന്ത്യയിലെ വൈദ്യുതി ഉപഭോഗം ഏതാണ്ട് 60 മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത മുന്നില്‍കണ്ട് 11-ാം പദ്ധതിയില്‍ 60000 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

Page-1

കേരളമടക്കമുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി വിഹിതം കൊണ്ടും, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥാപിതശേഷിയില്‍ കൂട്ടിച്ചേര്‍ത്ത ആയിരത്തിലധികം മെഗാവാട്ടിന്റെ പദ്ധതിയില്‍ നിന്നുമുള്ള വൈദ്യുതിയും കൊണ്ടാണ് ഇന്ന് നമ്മുടെ സംസ്ഥാനം പവര്‍കട്ടില്‍നിന്നും ലോഡ്ഷെഡ്ഡിംഗില്‍ നിന്നും ഒഴിവായി നില്‍ക്കുന്നത്. താല്‍ച്ചര്‍ നിലയത്തില്‍ നിന്നും ഇപ്പോള്‍ കേരളത്തിനുള്ള 180 മെഗാവാട്ട് വിഹിതത്തിനുമേല്‍ അയല്‍സംസ്ഥാനങ്ങളായ ആന്ധ്രയും കര്‍ണ്ണാടകവും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. സ്ഥാപിതശേഷിയില്‍ കാര്യമായ വര്‍ദ്ധനയൊന്നും ഈ വര്‍ഷം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നില്ല. കൂടംകുളം ആണവനിലയത്തില്‍ നിന്നും വൈദ്യുതി എത്തിക്കുവാനുള്ള പ്രസരണ ലൈനുകളുടെ നിര്‍മ്മാണം തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചിയിലെ ബി.എസ്.ഇ.എസ് നിലയത്തില്‍ നിന്നുള്ള 7.15 രൂപ നിരക്കിലുള്ള വിലകൂടിയ വൈദ്യുതിയെ ആശ്രയിച്ചാല്‍ പ്രതിവര്‍ഷം 760 കോടിരൂപയുടെ അധികബാധ്യത ഉണ്ടാവും. ഇത് വൈദ്യുതിനിരക്ക് വര്‍ദ്ധനവിനു വഴിതെളിയിക്കും. ഊര്‍ജ്ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി വൈദ്യുതിയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെ നിയന്ത്രിക്കുക മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുവാന്‍ നമ്മുടെ മുമ്പിലുള്ള പ്രായോഗികമാര്‍ഗം.

ഡിമാന്റ് സൈഡ് മാനേജ്മെന്റ് (ഡി.എസ്.എം)
വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുവാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. വൈദ്യുതി ഉല്‍പാദനം ആനുപാതികമായി വര്‍ദ്ധിപ്പിക്കുക അല്ലെങ്കില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക. ഇതില്‍ രണ്ടാമത്തെ മാര്‍ഗം ഡിമാന്റ് സൈഡ് മാനേജ്മെന്റ് (ഡി.എസ്.എം) എന്നറിയപ്പെടുന്നു. ചെലവു കുറഞ്ഞതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതുമായ ഈ മാര്‍ഗം ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ഉപഭോഗത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് പാഴാക്കിക്കളയുന്ന വൈദ്യുതിയുടെ അളവ് പരമാവധി കുറയ്ക്കുക എന്ന രീതിയാണ് ഡി.എസ്.എം ല്‍ അവലംബിക്കുന്നത്. ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതിയുടെ ഉപഭോഗം ഒഴിവാക്കിയും വേണ്ട സമയങ്ങളില്‍ കാര്യശേഷി കൂടുതലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും വൈദ്യുതിയുടെ പാഴ്ചെലവ് കുറക്കാവുന്നതാണ്. ഇങ്ങനെ ലാഭിച്ചെടുക്കുന്ന മെഗാവാട്ട് വൈദ്യുതി “നെഗാവാട്ട്” എന്നറിയപ്പെടുന്നു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ഉല്‍പാദനനിലയങ്ങളില്‍ നിന്നുമുള്ള ഒന്നര യൂണിറ്റ് വൈദ്യുതിക്ക് തുല്യമായി കണക്കാക്കാം. ഇതാകട്ടെ ഒരു കിലോഗ്രാം കല്‍ക്കരി ലാഭിക്കുന്നതിന് തുല്യമാണ്. കല്‍ക്കരി കത്തിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇതുമൂലം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു.

Page-2


എനര്‍ജി കണ്‍സര്‍വേഷന്‍ ആക്ട് 2001
ഊര്‍ജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗവും സംരക്ഷണവും ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കേന്ദ്രഗവണ്മെന്റ് പാസാക്കിയ നിയമമാണിത്. ഈ നിയമപ്രകാരം 2002 മാര്‍ച്ച് ഒന്നിന് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ) നിലവില്‍ വന്നു. ഊര്‍ജ്ജമന്ത്രാലയത്തിനു കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നിലവിലുണ്ടായിരുന്ന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഈ പുതിയ സ്ഥാപനത്തിലേക്ക് ലയിപ്പിച്ചിരിക്കുന്നു.

ഈ നിയമപ്രകാരം വൈദ്യുതി ഉപയോഗത്തിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇത്തരം ഉപഭോക്താക്കള്‍ നിര്‍ബന്ധമായും തങ്ങളുടെ സ്ഥാപനങ്ങളില്‍ വാര്‍ഷിക എനര്‍ജി ഓഡിറ്റംഗ് നടത്തേണ്ടതാണ്. കൂടാതെ എല്ലാ ഉപകരണ നിര്‍മ്മാതാക്കളും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യക്ഷമത സൂചിപ്പിക്കുന്ന ലേബലുകള്‍ പതിപ്പിക്കേണ്ടതാണ്. എല്ലാ ഉല്‍പന്നങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരം ബി.ഇ.ഇ. നിഷ്കര്‍ഷിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ വിതരണ യൂട്ടിലിറ്റികളും സ്വന്തമായി ഡി.എസ്.എം. സെല്ലുകള്‍ തുടങ്ങണമെന്ന് ബി.ഇ.ഇ. നിര്‍ദ്ദേശിക്കുന്നുണ്ട്.

ഈ നിബന്ധനകളെല്ലാം തന്നെ വൈദ്യുതിയുടെ കാര്യക്ഷമമായ ഉപയോഗം ലക്ഷ്യമാക്കിയുള്ളതാകുന്നു. നിലവില്‍ ഈ നിബന്ധനകള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ യൂട്ടിലിറ്റികളോ ഉപഭോക്താക്കളോ ഉല്‍പന്നനിര്‍മ്മാതാക്കളോ തയ്യാറായിട്ടില്ല. ഒരു സമവായ സമീപനമാണ് ബി.ഇ.ഇ.യും ഇക്കാര്യത്തിലെടുത്തിരിക്കുന്നത്. എന്നാല്‍ സമീപഭാവിയില്‍ തന്നെ നിബന്ധനകള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ബി.ഇ.ഇ. അറിയിച്ചിട്ടുണ്ട്. ഊര്‍ജ്ജസംരക്ഷണ മാര്‍ഗങ്ങളിലൂടെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 10000 മെഗാവാട്ട് വൈദ്യുതി ലാഭിക്കുവാനുള്ള കര്‍മ്മപദ്ധതി ബി.ഇ.ഇ. തയ്യാറാക്കിയിട്ടുണ്ട്.

വൈദ്യുതി നിയമം 2003 ലും ദേശീയ വൈദ്യുതി നയത്തിലും ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. പ്ളാനിംഗ് കമ്മീഷന്‍ ഡിസംബര്‍ 2005 ല്‍ പുറത്തിറക്കിയ കരട് ഊര്‍ജ്ജനയത്തില്‍ പെട്രോളിയം, വൈദ്യുതി, ഗതാഗതം തുടങ്ങിയ വിവിധ മേഖലളില്‍ ഊര്‍ജ്ജസംരക്ഷണമാര്‍ഗങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത എടത്തുപറയുന്നുണ്ട്.


എനര്‍ജി ലേബലിംഗ്
എനര്‍ജി കണ്‍സര്‍വേഷന്‍ ആക്ട് 2001 പ്രകാരം നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള നിബന്ധനകളിലൊന്നാണിത്. ഇതനുസരിച്ച് എല്ലാ ഉപകരണ നിര്‍മ്മാതാക്കളും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യക്ഷമത സൂചിപ്പിക്കുന്ന ലേബലുകള്‍ നിര്‍ബന്ധമായും പതിപ്പിക്കേണ്ടതാണ്. ചില പ്രത്യേകതരം ഉല്‍പന്നങ്ങള്‍ക്ക് നിശ്ചിതഗുണനിലവാരം ബി.ഇ.ഇ. നിഷ്കര്‍ഷിക്കുന്നുണ്ട്. സാധാരണയായി ഉല്‍പന്നങ്ങള്‍ വാങ്ങിക്കുവാന്‍ വരുന്നവര്‍ അതിന്റെ പുറംഭംഗിയും വിലയും ഉപയോഗരീതികളും മാത്രമാണ് വിലയിരുത്തുന്നത്. ഉല്‍പന്നം പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ വൈദ്യുതിയുടെ അളവിനെക്കുറിച്ചും അതുമൂലമുണ്ടാവുന്ന ചെലവിനെക്കുറിച്ചും പലര്‍ക്കും അറിയില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. എനര്‍ജി ലേബലിംഗിലൂടെ ഉല്‍പന്നത്തിന്റെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇതുവഴി കച്ചവടക്കാര്‍ക്ക് ഉല്‍പന്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ആധികാരികമായും ആത്മവിശ്വാസത്തോടെയും ഉപഭോക്താക്കളെ ധരിപ്പിക്കുവാന്‍ കഴിയും.
കമ്പോളത്തില്‍ കൂടുതല്‍ കാര്യശേഷിയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് എനര്‍ജിലേബലിംഗിലൂടെ ലക്ഷ്യമിടുന്നത്. നിശ്ചിതഗുണനിലവാരം നിഷ്കര്‍ഷിക്കുന്നതിലൂടെ കാര്യശേഷികുറഞ്ഞ ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ നിന്നും പുറംതള്ളപ്പെടുന്നു. നിര്‍മ്മാതാക്കള്‍ പതിപ്പിക്കുന്ന ലേബലിന്റെ കൃത്യത പരിശോധനയിലൂടെ ബി.ഇ.ഇ. ഉറപ്പാക്കുന്നു. തെറ്റായ ലേബല്‍ പതിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കെതിരെയും ഉല്‍പാദകര്‍ക്കെതിരെയും നിയമനടപടികള്‍ കൈക്കൊള്ളാവുന്നതാണ്. ലേബലിന്റെ സാധുതയെ ചോദ്യം ചെയ്യുവാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുമുണ്ട്. ഗാര്‍ഹിക-വ്യാവസായിക ഉപകരണങ്ങളെയാണ് ലേബലിംഗിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുള്ളത്. ആസ്ത്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ എനര്‍ജിലേബലിംഗ് കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാര്യക്ഷമമായി നടപ്പാക്കുവാന്‍ ഇനിയും സാധിച്ചിട്ടില്ല. ഗാര്‍ഹിക ഉപകരണങ്ങളുടെ ആവശ്യകത ഏഷ്യന്‍ രാജ്യങ്ങളില്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എനര്‍ജിലേബലിംഗിലൂടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുവാനും അതുവഴി വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിയുടെ ആവശ്യകത വലിയൊരളവുവരെ നിയന്ത്രണത്തിലാക്കുവാനും സാധിക്കുന്നതാണ്.

Page-3

ഗോള്‍ഡന്‍ കാരറ്റ് പദ്ധതി
കാര്യശേഷിയുള്ള റഫ്രിജറേറ്ററുകള്‍ വിപണിയിലേക്ക് കൂടുതലായി കൊണ്ടുവരാന്‍ അമേരിക്കയില്‍ വളരെ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. 1975 ല്‍ കാലിഫോര്‍ണിയയാണ് ഈ രംഗത്ത് ആദ്യചുവട് വയ്പ് നടത്തിയത്. വിപണിയില്‍ വില്‍പനയ്ക്ക് എത്തുന്ന റഫ്രിജറേറ്ററുകള്‍ക്ക് ഒരു നിശ്ചിത ഗുണനിലവാരം നിര്‍ബ്ബന്ധമാക്കി. ഇത് വളരെ മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ ഉല്‍പാദകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട സമയവും ലഭിച്ചു. കാലിഫോര്‍ണിയയില്‍ ഇത് വളരെ കാര്യക്ഷമമായി നടത്തുവാന്‍ സാധിച്ചു. ഇതിനെ തുടര്‍ന്ന് 1990 കളില്‍ “പസഫിക് ഗ്യാസ് & ഇലക്ട്രിക്” എന്ന യൂട്ടിലിറ്റി വിപണിയില്‍ ഒരു മത്സരം സംഘടിപ്പിച്ചു. കാര്യശേഷി ഏറ്റവും കൂടിയ സി.എഫ്.സി. ഫ്രീ റഫ്രിജറേറ്ററുകള്‍ നിര്‍മിക്കുന്ന ഉല്‍പാദകന് 30 ദശലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. കൂടാതെ നിരവധി റിബേറ്റുകളും വാഗ്ദാനം ചെയ്തു. ഇവ മൂലം യാതൊരു അധിക ചെലവുമില്ലാതെ വളരെ ഉയര്‍ന്ന കാര്യശേഷിയുള്ള റഫ്രിജറേറ്ററുകള്‍ വിപണിയിലിറക്കുവാന്‍ ജേതാവിനു സാധിച്ചു. പ്രോഗ്രാമിന്റെ വാര്‍ത്താപ്രാധാന്യം മൂലം ജേതാവിന്റെ ഉല്‍പന്നത്തിന് വിപണിയില്‍ നല്ല വില്‍പന ലഭിച്ചു. മറ്റ് ഉല്‍പാദകര്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കുവാന്‍ കാര്യശേഷി കൂടിയ റഫ്രിജറേറ്ററുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കേണ്ടി വന്നു. മേല്‍പദ്ധതിമൂലം റഫ്രിജറേറ്ററുകളുടെ വാര്‍ഷിക ശരാശരി ഉപഭോഗം 1975 ല്‍ 1825 കെ.ഡബ്ള്യു.എച്ച് ആയിരുന്നത് 2000 മാണ്ടോടുകൂടി കുത്തനെ താഴ്ന്ന് 475 കെ.ഡബ്ള്യു.എച്ച് ആയി മാറി.
സി.എഫ്.എല്‍ . ലീസിംഗ് പദ്ധതി
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കാവുന്ന വളരെ ചെലവ് കുറഞ്ഞ ഒരു പദ്ധതിയാണിത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന കാര്യശേഷി കുറവായ ഇന്‍കാന്റസെന്റ് ബള്‍ബുകള്‍ക്ക് പകരമായി കാര്യശേഷി കൂടിയ സി.എഫ്.എല്‍. കള്‍ സ്ഥാപിക്കുകയാണ് ഈ പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ചെലവ് തുടക്കത്തില്‍ യൂട്ടിലിറ്റികള്‍ വഹിച്ചുകൊണ്ട് ഉപഭോക്താവിന്റെ തുടര്‍ന്നുളള വൈദ്യുതിബില്ലുകളിലൂടെ ചെറിയ തവണകളായി തിരികെ ഈടാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി യൂട്ടിലിറ്റിക്കും ഉപഭോക്താവിനും എങ്ങനെ ഒരേസമയം ലാഭമുണ്ടാക്കാം എന്നു പരിശോധിക്കാം.

സാധാരണ 60 വാള്‍ട്ട് ബള്‍ബിന് 10 രൂപയാണ് വില. ശരാശരി ആയുസ് 7 മാസവും. ഇതുമൂലമുള്ള പ്രതിമാസവൈദ്യുതി ചെലവ് ഏകദേശം 36 രൂപയാണ്
15 വാട്ടിന്റെ സി.എഫ്.എല്‍., 60 വാട്ട് ബള്‍ബിനു തുല്യമായ വെളിച്ചം നല്‍കുന്നു. ഇതിന്റെ വില 180 രൂപയും ശരാശരി ആയുസ് 4 വര്‍ഷവുമാണ്. സി.എഫ്.എല്ലിന്റെ വില ഉപഭോക്താവിന്റെ തുടര്‍ന്നുള്ള 12 പ്രതിമാസ ബില്ലുകളില്‍ നിന്നും ഈടാക്കുന്നു. (പതിനഞ്ചുരൂപ നിരക്കില്‍). ഇതിന്റെ വൈദ്യുതി ചെലവ് പ്രതിമാസം (ദിവസേന ഏകദേശം 5 മണിക്കൂര്‍ ഉപയോഗവും, ഒരു യൂണിറ്റ് വൈദ്യുതിയുടെ വില നാലുരൂപയും എന്ന രീതിയില്‍ കണക്കാക്കിയാലാണിത്.) 9 രൂപയായി കണക്കാക്കാം. സി.എഫ്.എല്ലിന്റെ ചെലവ് 12 തവണകളായി പ്രതിമാസം 15 രൂപ കൂടി വൈദ്യുതിബില്ലില്‍ ചേര്‍ത്താല്‍ ബില്ലിലെ തുക ആകെ 24 രൂപ മാത്രമായിരിക്കും.

ആദ്യവര്‍ഷത്തിനുശേഷം ഉപഭോക്താവ് 9 രൂപ അടച്ചാല്‍ മതി. 4 വര്‍ഷം കൊണ്ട് ഏകദേശം ആയിരം രൂപയോളം ഉപഭോക്താവിന് ലാഭം കിട്ടുന്നു. ഈ കണക്കുപ്രകാരം 24 ലക്ഷം സി.എഫ്.എല്‍ സ്ഥാപിച്ചാല്‍ 237 കോടിരൂപയാണ് വൈദ്യുതി ബില്ലിനു ഉപഭോക്താക്കള്‍ക്ക് ലാഭം കിട്ടുന്നത്. കൂടാതെ ഡല്‍ഹിയിലെ പീക്സമയത്തെ വൈദ്യുതി ആവശ്യകത 100 മെഗാവാട്ട് വരെ കുറയുന്നതാണ്. ചെലവേറിയ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്നും പ്രസരണ വിതരണ ശേഷി വര്‍ദ്ധിപ്പിക്കുന്ന ബാധ്യതയില്‍ നിന്നും യൂട്ടിലിറ്റികള്‍ക്ക് ഒഴിയുകയും ചെയ്യാം. ഒരേസമയം ഉപഭോക്താക്കള്‍ക്കും യൂട്ടിലിറ്റികള്‍ക്കും സമൂഹത്തിനും ലാഭമുണ്ടാക്കുന്ന വളരെ ലളിതമായ പദ്ധതിയാണിത്.

Page-4

ഡി.എസ്.എം. പദ്ധതികള്‍ - ഒരു എത്തിനോട്ടം
ഇന്ന് നിരവധി ലോകരാജ്യങ്ങള്‍ ഈ പദ്ധതി വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്; അമേരിക്കയില്‍ വൈദ്യുതി ആവശ്യകത 30,000 മെഗാവാട്ട് വരെ കുറച്ചു കൊണ്ടുവരുവാന്‍ സാധിച്ചു. ഇതുവഴി 60,000 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ലാഭിച്ചത്. ഗോള്‍ഡന്‍ കാരറ്റ് പോലുള്ള പദ്ധതികളില്‍ നിന്നും ലഭിച്ച വൈദ്യുതി ഇതിനു പുറമെയാണ്. കാലിഫോര്‍ണിയയില്‍ മാത്രമായി പീക്സമയ ആവശ്യകത 5500 മെഗാവാട്ട് വരെ കുറയ്ക്കാന്‍ സാധിച്ചു. തായ്ലാന്റില്‍ ഫ്ളൂറസന്റ് ലൈറ്റ് പദ്ധതി വഴി 3150 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കുവാന്‍ സാധിച്ചു. ഇതുവഴി പീക്സമയ വൈദ്യുതി ആവശ്യകതയില്‍ 570 മെഗാവാട്ട് കുറവു വരുത്തുവാനും സാധിച്ചു. കാനഡയില്‍ തെരുവു വിളക്ക് കാര്യക്ഷമത പദ്ധതിയിലൂടെ 152 ജി.ഡബ്ള്യു.എച്ച്. വൈദ്യുതിയാണ് ലാഭിച്ചത്. ഇവിടെ മെര്‍ക്കുറി ലൈറ്റുകള്‍ മാറ്റി കാര്യശേഷികൂടിയ സോഡിയം ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി. 1999 വര്‍ഷത്തില്‍ ശ്രീലങ്കയില്‍ 98 ജി.ഡബ്ള്യു.എച്ച്. വൈദ്യുതിയാണ് ലാഭിച്ചെടുത്തത്. എനര്‍ജി ഓഡിറ്റ്, സി.എഫ്.എല്‍. പദ്ധതി, പവര്‍ഫാക്ടര്‍ മെച്ചപ്പെടുത്തല്‍, എനര്‍ജിലേബലിംഗ് തുടങ്ങിയ പദ്ധതികളിലൂടെയാണ് ശ്രീലങ്ക ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ വളരെ ചെറിയതോതില്‍ മാത്രമേ ഡി.എസ്.എം. പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളൂ. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും വ്യാവസായിക ഉപഭോക്താക്കളുടെ പവര്‍ഫാക്ടര്‍ മെച്ചപ്പെടുത്തുന്നതിലേക്കായി കപ്പാസിറ്റര്‍ ലീസിംഗ് പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതികള്‍ ഇപ്പോള്‍ നടക്കുന്നില്ല. മധ്യപ്രദേശില്‍ സി.ഐ.ഡി.എ. സഹായത്തോടെ, കാര്യശേഷി കൂടിയ തെരുവ് വിളക്കുകളും കാര്‍ഷിക പമ്പുകളും ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ തെരുവുവിളക്ക് നവീകരിക്കല്‍ പദ്ധതി സമീപഭാവിയില്‍ തന്നെ ലക്ഷ്യം കാണുമെന്ന് കരുതപ്പെടുന്നു. കാര്‍ഷികപമ്പുകളുടെ നവീകരണം ഇപ്പോഴും ശൈശവ അവസ്ഥയിലാണ്. ഉത്തര്‍പ്രദേശില്‍ നോയിഡ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.പി.സി.എല്‍) കാര്യശേഷി കൂടിയ കാര്‍ഷിക പമ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പമ്പിന്റെ വില കര്‍ഷകരും എന്‍.പി.സി.എല്ലും തുല്യമായി വഹിക്കും. 75 പൈസ നിരക്കിലാണ് ഇവിടെ കര്‍ഷകര്‍ക്ക് വൈദ്യുതി നല്‍കുന്നത്. വൈദ്യുതിയുടെ ശരാശരി നിരക്ക് 2.75 രൂപയാണ്. വൈദ്യുതി ലാഭിക്കുന്നതുവഴി സബ്സിഡി മൂലമുണ്ടാകുന്ന നഷ്ടം കുറച്ചു കൊണ്ടുവരുവാന്‍ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ നേട്ടം.

ഗുജറാത്തില്‍ അഹമ്മദാബാദ് ഇലക്ട്രിക് കമ്പനിയും (എ.ഇ.സി.) ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കമിട്ടെങ്കിലും തുടര്‍ നടത്തിപ്പ് തടസ്സപ്പെട്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ ബാംഗ്ളൂര്‍ ഇലക്ട്രിക് സപ്ളൈ കമ്പനി (ബി.ഇ.എസ്.സി.ഒ.എം) മൂന്നു തരം ഡി.എസ്.എം. പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സി.എഫ്.എല്‍, 36 വാട്ട് ഫ്ളൂറസെന്റ് ലാമ്പ് പദ്ധതി, വാട്ടര്‍ പമ്പിംഗ് പദ്ധതി, സോളാര്‍ വാട്ടര്‍ ഹീറ്റിംഗ് പദ്ധതി. ആദ്യത്തെ പദ്ധതിയില്‍ യൂട്ടിലിറ്റി കൂപ്പണുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കമ്പോളത്തില്‍ നിന്നും സി.എഫ്.എല്‍ കള്‍ വാങ്ങാം. ഇതിന്റെ ചെലവ് തവണകളായി പ്രതിമാസബില്ലുകളിലൂടെ ഈടാക്കും. ആദ്യഘട്ടത്തില്‍ 17 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതിബോര്‍ഡ് സി.ഐ.ഡി.എ സഹായത്തോടെ പ്രധാനപ്പെട്ട സബ്സ്റേഷനുകളിലെല്ലാം കപ്പാസിറ്റര്‍ ബാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ വഴി ചില കോളനികളില്‍ സി.എഫ്.എല്‍. സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

2003 വൈദ്യുതി നിയമപ്രകാരം സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളാണ് യൂട്ടിലിറ്റികളെ നിയന്ത്രിക്കുന്നത്. യൂട്ടിലിറ്റികളോട് ഡി.എസ്.എം. പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നുള്ള നിര്‍ദ്ദേശം കൊടുക്കുവാന്‍ റഗുലേറ്ററി കമ്മീഷന് അധികാരമുണ്ട്. ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ താരിഫിനെ അടിസ്ഥാനമാക്കിയുള്ള ചിലമാര്‍ഗങ്ങള്‍ കമ്മീഷന്‍ ധാരാളമായി സ്വീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചിട്ടുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന മൊത്തം യൂണിറ്റിനും 15 പൈസ നിരക്കില്‍ കെ.ഇ.ആര്‍.സി. സബ്സിഡി നല്‍കി വരുന്നുണ്ട്. രാവിലെ അനുഭവപ്പെടുന്ന പീക് ഡിമാന്റ് കുറയ്ക്കുവാന്‍ സാധിക്കുന്നതിനാല്‍ യൂട്ടിലിറ്റികള്‍ക്കും ഇതുവഴി പ്രയോജനം ലഭിക്കുന്നു. ആന്ധ്രപ്രദേശില്‍ കാര്യശേഷികൂടിയ കാര്‍ഷിക പമ്പുകളും കപ്പാസിറ്ററുകളും സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് 50 ശതമാനം താരിഫ് സൌജന്യം എ.പി.ഇ.ആര്‍.സി വാഗ്ദാനം ചെയ്യുന്നു. കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ എച്ച്.ടി/ഇ.എച്ച്.ടി ഉപഭോക്താക്കള്‍ക്ക് ടി.ഒ.ഡി (ടൈം ഓഫ് ഡെ) മീറ്ററുകള്‍ നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നതുവഴി പീക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചുകൊണ്ടു വരുവാന്‍ ലക്ഷ്യമിട്ടാണ് ടി.ഒ.ഡി താരിഫ് നടപ്പാക്കിയിട്ടുള്ളത്. കൂടാതെ ഉയര്‍ന്ന പവര്‍ ഫാക്ടറിലുള്ള വൈദ്യുതിയുടെ ഉപയോഗത്തിന് ഇന്‍സെന്റീവും താഴ്ന്ന പവര്‍ഫാക്ടറിന് പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റഗുലേറ്ററി കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങളുണ്ടായിട്ടുപോലും പല യൂട്ടിലിറ്റികളും ഡി.എസ്.എം പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. എന്നാല്‍ ഡി.എസ്.എം. പദ്ധതികള്‍ വഴി യൂട്ടിലിറ്റികള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ നിരവധിയാണ്. കാര്യക്ഷമതയിലൂടെ ലഭിക്കുന്ന വൈദ്യുതി മറ്റു സ്ഥലങ്ങളിലേക്ക് വില്‍ക്കുവാന്‍ സാധിക്കുന്നതാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയുള്ള ഘട്ടങ്ങളില്‍ പോലും പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട ഉപഭോക്തൃസംതൃപ്തി പ്രദാനം ചെയ്യുവാനും യൂട്ടിലിറ്റികള്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി ഉല്‍പാദന നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രസരണ വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി വരുന്ന ഭീമമായ ചെലവ് പരമാവധി കുറച്ചു കൊണ്ടുവരുവാന്‍ യൂട്ടിലിറ്റികള്‍ക്ക് സാധിക്കുന്നു. ഇതുവഴി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കി ലാഭകരമായി പ്രവര്‍ത്തിക്കുവാന്‍ യൂട്ടിലിറ്റികള്‍ക്ക് കഴിയും. പ്രസരണ വിതരണ നഷ്ടം വളരെയധികം കുറച്ചുകൊണ്ടുവരുവാനും പീക്സമയ വൈദ്യുതി ആവശ്യകത വലിയൊരളവുവരെ നിയന്ത്രിച്ചു നിര്‍ത്തുവാനും ഇതുവഴി കഴിയുന്നതാണ്. ഇതിനെല്ലാം പുറമെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ വലിയൊരളവില്‍ ലഘൂകരിക്കുവാനും അതുവഴി സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി നിലകൊള്ളുവാനും യൂട്ടിലിറ്റികള്‍ക്ക് സാധിക്കുന്നതാണ്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1556
mod_vvisit_counterYesterday4115
mod_vvisit_counterThis Month86046
mod_vvisit_counterLast Month141147

Online Visitors: 70
IP: 54.80.247.119
,
Time: 09 : 24 : 32