KSEBOA - KSEB Officers' Association

Tuesday
May 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പരാജയപ്പെട്ട പരിഷ്കരണങ്ങള്‍

പരാജയപ്പെട്ട പരിഷ്കരണങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Reformsലോകമാകെ ഭരണകൂടങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ആഗസ്റ് മാസത്തെ കുറിപ്പില്‍ വിശദീകരിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളെപറ്റിയും പരാമര്‍ശിച്ചിരുന്നു. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ‘വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' പ്രക്ഷോഭത്തിന് അനുദിനം വര്‍ദ്ധിച്ചുവരുന്ന പിന്തുണയും പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ഈ സാമൂഹിക സംഘര്‍ഷങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 85 രാജ്യങ്ങളിലെ എണ്ണൂറിലധികം പട്ടണങ്ങളിലായി നടന്ന പ്രകടനങ്ങളിലെ പങ്കാളിത്തവും മുദ്രാവാക്യങ്ങളിലെ വൈവിദ്ധ്യവും അതിശയിപ്പിക്കുന്നതാണ്. അമേരിക്കയിലാകട്ടെ ട്രേഡ് യൂണിയനുകളടക്കം വിവിധ സംഘടനകളും സാമൂഹിക വിഭാഗങ്ങളും കൂടുതല്‍ കൂടുതലായി പ്രക്ഷോഭകാരികളോടൊപ്പം ചേരുകയാണ്.

കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കും ഭരണകൂടത്തിന്റെ സമ്പന്നപക്ഷപാത നയങ്ങള്‍ക്കുമെതിരെയാണ് പ്രക്ഷോഭകാരികള്‍ കൂട്ടംകൂട്ടമായി തെരുവുകള്‍ കൈയ്യടുക്കുന്നത്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാകട്ടെ നവലിബറല്‍ നയങ്ങളെ അതിശക്തമായി ചോദ്യം ചെയ്യുന്നതുമാണ്. അഥവാ, പ്രക്ഷോഭം ശമിപ്പിക്കണമെങ്കില്‍ നയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ഭരണാധികാരികള്‍ തയ്യാറാകേണ്ടിവരും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമോ, നാമമാത്രമായ വിട്ടുവീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഭരണകൂടം സമാധാനം വിലയ്ക്കുവാങ്ങുമോ അതല്ല കാതലായ മാറ്റങ്ങള്‍ക്ക് ഇവ വഴി വയ്ക്കുമോ തുടങ്ങിയവയ്ക്കെല്ലാമുള്ള ഉത്തരത്തിനായി കാത്തിരിക്കേണ്ടതുണ്ട്. പക്ഷേ ഒന്നുറപ്പാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള രണ്ട് പതിറ്റാണ്ടിനിടയില്‍ ലാറ്റിനമേരിക്കന്‍ സാമ്പത്തിക കുഴപ്പവും ഏഷ്യന്‍ കടുവകളുടെ സാമ്പത്തിക തകര്‍ച്ചയുമെല്ലാം നിരവധി തവണ നവലിബറല്‍ നയങ്ങളുടെ സാമ്പത്തിക ശാസ്ത്ര അടിത്തറയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഊഹക്കമ്പോളത്തില്‍ സൃഷ്ടിച്ചെടുത്ത താല്കാലിക കുമിളകളുടെ പിന്‍ബലത്തില്‍ ലോകസമ്പത്ത്ഘടനയുടെ ശേഷി സംബന്ധിച്ച് അമിത പ്രതീക്ഷകളുണര്‍ത്തി നയങ്ങള്‍ കൂടുതല്‍ വീറോടെ നടപ്പാക്കാനാണ് ഇന്ത്യയടക്കമുള്ള വിവിധ ലോകരാജ്യങ്ങള്‍ ശ്രമിച്ചത്. ചൈനയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളടക്കമുള്ള ചെറു ന്യൂനപക്ഷം രാഷ്ട്രങ്ങളുമാണ് ഇതിനപവാദമായുള്ളത്. ഊഹക്കമ്പോളത്തിലെ കുമിളകള്‍ യഥാര്‍ത്ഥത്തില്‍ ലോകസമ്പദ്ഘടനയിലെ അസന്തുലിതാവസ്ഥ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണെന്ന മുന്നറിയിപ്പുകള്‍ 2008 ല്‍ ആദ്യ സാമ്പത്തിക തകര്‍ച്ചയുണ്ടാകുന്ന ഘട്ടം വരെ അവഗണിക്കപ്പെട്ടു. എന്നാല്‍ തുടര്‍ന്നിങ്ങോട്ടുള്ള സംഭവവികാസങ്ങളോരോന്നും നവലിബറല്‍ നയങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറയെ പിടിച്ചുകുലുക്കുന്നതായിരുന്നു. അക്കാഡമിക്ക് പണ്ഡിതര്‍ മുതല്‍ സാധാരണക്കാര്‍വരെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ അതിനെ നിശിതമായി ചോദ്യം ചെയ്യുന്ന നിലയാണിന്ന്.
നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ രണ്ടു ദശാബ്ദത്തിലെ അനുഭവവും ഒട്ടും വിഭിന്നമല്ല. 1991 ല്‍ ഇന്ത്യന്‍ വൈദ്യുതി നിയമത്തിലെ ഭേദഗതിയിലൂടെയാണ് അവയുടെ തുടക്കം. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതാവശ്യകത നിറവേറ്റാന്‍ കൂടുതല്‍ വൈദ്യുത പദ്ധതികള്‍ വേണമെന്നും അതിനാവശ്യമായ വിഭവം ഗവണ്‍മെന്റിന്റെ പക്കലില്ല എന്ന വാദഗതിയുടെ അടിസ്ഥാനത്തില്‍ ഉല്പാദന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതായിരുന്നു ആ ഭേദഗതി. മഹാരാഷ്ട്രയിലെ എന്‍റോണ്‍ പോലെയുള്ള നിരവധി കുംഭകോണങ്ങള്‍ക്ക് വഴിവെച്ചതൊഴിച്ചാല്‍ കാര്യമായ സംഭാവനയൊന്നും സ്വകാര്യമേഖലയുടേതായി ഇനിയുമുണ്ടായിട്ടില്ല. മാത്രവുമല്ല 1992 മുതലുള്ള ഓരോ പഞ്ചവത്സര പദ്ധതിയും പൊളിയുന്നതിനും ഇതിടയാക്കി. രാജ്യം ഇന്നഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന്റെ ബീജാവാപം ഈ നിയമഭേദഗതിയിലാണ്.

11-ാം പദ്ധതിക്കാലത്ത് കൊട്ടും കുരവയുമായി ആരംഭിച്ച അള്‍ട്രാ മെഗാപദ്ധതികളുടെ ഗതിയും മുന്‍ സ്വകാര്യ പദ്ധതികളുടെ നിലയിലാകുമെന്ന മുന്നറിയിപ്പുകളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സംരംഭകര്‍ക്ക് എല്ലാ സൌകര്യവും സര്‍ക്കാരൊരുക്കിയശേഷം അനുവദിച്ചവയാണ് ഈ പദ്ധതികള്‍ പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചപ്പോള്‍ ആരേയും അമ്പരപ്പിക്കുന്ന കുറഞ്ഞ നിരക്കുകള്‍ ക്വോട്ടു ചെയ്താണ് റിലയന്‍സും റ്റാറ്റയും ഇവ സ്വന്തമാക്കിയത്. എന്നാല്‍ ഇന്ധനവിലയിലെ വ്യതിയാനം മൂലം ഈ നിരക്കുകളില്‍ വൈദ്യുതി നല്കാന്‍ നിവര്‍ത്തിയില്ല എന്നറിയിച്ചുകൊണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തന്നെ റിലയന്‍സ് നിര്‍ത്തിവെച്ചിരിക്കയാണ്. ഈ നിലയ്ക്കുള്ള 9 പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നെങ്കിലും തുടക്കത്തില്‍ അനുവദിച്ച 4 പദ്ധതികള്‍ക്കുശേഷം പുതുതായി മറ്റ് പദ്ധതികള്‍ ഒന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യഘട്ട പദ്ധതികളില്‍പ്പെട്ട ‘മുന്ദ്രാ' പദ്ധതി റ്റാറ്റയ്ക്ക് അനുവദിച്ചിട്ട് 5 വര്‍ഷമായിരിക്കുന്നു. ഈ പദ്ധതിയിലെ ആദ്യ യൂണിറ്റ് ഈ വര്‍ഷമൊടുവില്‍ ഉല്പ്പാദനമാരംഭിക്കും എന്നവകാശപ്പെടുന്നുണ്ടെങ്കിലും നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കയാണ്. തുടര്‍ന്നനുവദിച്ച ‘സസന്‍ ' പദ്ധതി 2013 ല്‍ മാത്രമേ ഉല്പാദനക്ഷമമാകൂ എന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഈ പദ്ധതിക്കെതിരെ റ്റാറ്റ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.

ഉല്പാദന മേഖലയുടെ സ്വകാര്യവല്‍കരണ ശ്രമത്തിന് തുടര്‍ച്ചയായി വൈദ്യുതി ബോര്‍ഡുകളുടെ വിഭജനവും സ്വകാര്യവല്കരണവുമായിരുന്നു മുഖ്യ അജണ്ട. 1995 ല്‍ ഒഡീസയില്‍ ആരംഭിച്ച് ഇന്ന് കേരളം ഒഴികെയുള്ള ഏറെക്കുറെ എല്ലാ വൈദ്യുത ബോര്‍ഡുകളും വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. ബോര്‍ഡായി തുടര്‍ന്നിരുന്ന ബീഹാര്‍ വൈദ്യുതി ബോര്‍ഡിനെ വിഭജിക്കാന്‍ ഇപ്പോള്‍ ബീഹാര്‍ ഗവണ്‍മെന്റും തീരുമാനിച്ചിരിക്കയാണ്. ദില്ലിയിലും ഒഡീസയിലും വിതരണ മേഖല സ്വകാര്യവല്ക്കരിച്ചു. 2003 ല്‍ ഈ പ്രക്രിയയ്ക്ക് ദേശീയമായി സമാന സ്വഭാവം കൊണ്ടുവരാന്‍ കേന്ദ്ര നിയമവും കൊണ്ടുവന്നു. ഈ പരിഷ്കരണങ്ങളാകെ നടപ്പാക്കുമ്പോള്‍ അവയ്ക്കുള്ള നീതികരണമായി ചൂണ്ടിക്കാണിച്ചിരുന്നത് ഉയര്‍ന്ന പ്രസരണ വിതരണ നഷ്ടവും ഗവണ്‍മെന്റ് വഹിക്കേണ്ടിവരുന്ന ഉയര്‍ന്ന സബ്സിഡി ഭാരവും വൈദ്യുതി ബോര്‍ഡുകളുടെ ഭീമമായ സാമ്പത്തിക നഷ്ടവുമാണ്. ഇക്കാര്യങ്ങളിലൊന്നും യാതൊരു പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സാമ്പത്തിക നഷ്ടം മൂന്ന് മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഈ സ്ഥിതി സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് വിവിധ പഠന റിപ്പോര്‍ട്ടുകളും ഏജന്‍സികളും ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനവും പരിതാപകരമായ നിലയിലാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും വൈദ്യുതി ലഭിക്കുന്നത് ദിവസത്തില്‍ ഏതാനം മണിക്കൂറുകള്‍ മാത്രമാണ്. വന്‍ പട്ടണങ്ങളില്‍പ്പോലും മണിക്കൂറുകള്‍ നീണ്ടുനില്ക്കുന്ന വൈദ്യുതി തടസ്സങ്ങളാണനുഭവപ്പെടുന്നത്. 21-ാം നൂറ്റാണ്ടിലും ഇന്ത്യയിലെ 40 കോടിയിലധികം ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല എന്ന് യു.എന്‍ ഏജന്‍സിയായ ഐ.ഇ.എ ചൂണ്ടിക്കാണിക്കുന്ന നിലയിലാണ് കാര്യങ്ങള്‍. ഈ പശ്ചാത്തലത്തിലും ഇന്ത്യയിലെ വൈദ്യുതി നിരക്കുകള്‍ അന്തര്‍ദേശീയ നിലയിലേക്ക് ഉയര്‍ത്തുകയാണ് വരുന്ന 12-ാം പഞ്ചവത്സരകാലയളവിലെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കാനുള്ള ഔദ്ധ്യത്തമാണ് ഇന്ത്യന്‍ പ്ളാനിംഗ് കമ്മീഷന്‍ കാണിച്ചിട്ടുള്ളത്.

ദേശീയ അടിസ്ഥാനത്തിലുള്ള ഈ പൊതുചിത്രത്തില്‍ നിന്നും വ്യത്യസ്ഥവും മാതൃകാപരവുമായ ഒരു ചിത്രമാണ് കേരളം ഒരു ബദല്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നത്. എല്ലാവര്‍ക്കും വൈദ്യുതി എന്നത് കൈയെത്തും ദൂരത്തുള്ള ലക്ഷ്യമായിരിക്കുന്നു. പ്രസരണവിതരണ നഷ്ടം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായ 16.06 ശതമാനത്തിലേക്കെത്തിയിരിക്കുന്നു. ബോര്‍ഡിന്റെ ദീര്‍ഘകാല വായ്പകള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍. കേവലം 566.50 കോടി മാത്രമാണിത്. ദൈനം ദിന ക്രയ വിക്രയത്തിന്റെ ഭാഗമായുള്ള ഹ്രസ്വകാല വായ്പകള്‍ കൂടി കണക്കിലെടുത്താല്‍പ്പോലും ആകെ തുക 1066.50 കോടി മാത്രമാണ്. ഓഹരി മൂലധനമായ 1553 കോടിയേക്കാള്‍ കുറഞ്ഞ വായ്പ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി തുടര്‍ച്ചയായി നിലനിര്‍ത്തുകയാണ് കെ.എസ്.ഇ.ബി. നാമമാത്രമായ തോതിലുള്ള ഗവണ്‍മെന്റ് സബ്സിഡിയാണ് കേരളത്തിലുള്ളത്. നിയന്ത്രണങ്ങളൊന്നുമില്ലാതെ വൈദ്യുതി മുഴുവന്‍ സമയവും നല്കി വന്നിരുന്നതില്‍ ഇപ്പോള്‍ നേരിയ തടസ്സങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും ഭാവനാ പൂര്‍ണ്ണമായ നടപടികളിലൂടെ അവ മറികടക്കാവുന്നതേയുള്ളൂ. സേവനനിലവാരത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുന്നു. സ്റാന്‍ഡേര്‍ഡ്സ് ഓഫ് പെര്‍ഫോര്‍മന്‍സ് കുറ്റമറ്റ നിലയില്‍ നടപ്പാക്കിയ അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം
ബദല്‍ മാതൃകയുടെ വിജയം ചൂണ്ടിക്കാട്ടി നവലിബറല്‍ പരിഷ്കരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടേണ്ട സന്ദര്‍ഭമാണിത്. ആഗോളതലത്തില്‍ തന്നെ നവലിബറല്‍ നയങ്ങളുടെ പ്രത്യയ ശാസ്ത്ര അടിത്തറ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം എന്തുകൊണ്ടും അതിനനുയോജ്യമാണ്. നമ്മുടെ സമ്മേളനങ്ങള്‍ ഇതിനുള്ള അവസരമായി കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1518
mod_vvisit_counterYesterday4799
mod_vvisit_counterThis Month97834
mod_vvisit_counterLast Month132633

Online Visitors: 72
IP: 23.20.7.34
,
Time: 07 : 34 : 47