KSEBOA - KSEB Officers' Association

Tuesday
May 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം- അനിവാര്യമാകുന്ന നിയന്ത്രണം

കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം- അനിവാര്യമാകുന്ന നിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Crisisഇന്ത്യയില്‍ വൈദ്യുതി ഉപഭോഗം വേനല്‍ക്കാലങ്ങളില്‍ വര്‍ദ്ധിക്കുക സ്വാഭാവികമാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍ സകല കണക്കുക്കൂട്ടലുകളെയും അസ്ഥാനത്താക്കി, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഈ വേനല്‍ക്കാലത്ത് കുതിച്ചുയരുകയാണ്. സ്ഥിതിവിവര കണക്കുകളുടേയും മുന്‍കാല അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ കണക്കാക്കിയിരുന്ന പ്രതിദിന ഉപഭോഗത്തേക്കാള്‍ വളരെ കൂടുതലാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

2010 ഫെബ്രുവരി മാസത്തില്‍ ശരാശരി പ്രതിദിന ഉപഭോഗം 51.21 മില്യന്‍ യൂണിറ്റും  മാര്‍ച്ചില്‍ 53.62 മില്യന്‍ യൂണിറ്റും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് യഥാക്രമം 49 മില്യന്‍ യൂണിറ്റും 51 മില്യന്‍ യൂണിറ്റും ആയിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. 2010 മാര്‍ച്ച് 23-ന് പ്രതിദിന ഉപഭോഗത്തില്‍ സര്‍വ്വകാല റെക്കോഡായ 56.26 മില്യന്‍ യൂണിറ്റ് രേഖപ്പെടുത്തി. അതോടൊപ്പം പീക്ക് ആവശ്യകതയില്‍ മാര്‍ച്ച് 18-ന് 2998 മെഗാവാട്ട് റെക്കാര്‍ഡ് ആയിരുന്നു.

ഉപഭോഗത്തില്‍ പ്രതീക്ഷിച്ചിരുന്ന വര്‍ദ്ധന നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ ബോര്‍ഡ് സ്വീകരിച്ചിരുന്നു. കേരളത്തിനു ലഭ്യമാകുന്ന കേന്ദ്ര വിഹിതത്തിനു പുറമേ ജലവൈദ്യുതിയുടെ ഉല്‍പാദനവും കേരളത്തിലെ താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനവും യഥാക്രമം ക്രമീകരിച്ചുകൊണ്ടുള്ള ഒരു പ്രായോഗിക സമീപനമാണ് സ്വീകരിച്ചിരുന്നത്. വിലകൂടിയ താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി കഴിയുന്നത്ര കുറച്ച് വൈദ്യുതി വിപണനക്കാര്‍ വഴിയും പവര്‍ എക്സ്ചേഞ്ച് വഴിയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുതിയും  ലഭ്യമാക്കിയിരുന്നു. ഇപ്രകാരം വിപണനക്കരാറിലൂടെ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് വൈദ്യുതി ലഭ്യമാക്കിയിരുന്നത്. കടുത്ത വരള്‍ച്ച മൂലം രാജ്യത്താകമാനം വൈദ്യുതിയുടെ ഉപഭോഗവും തുടര്‍ന്ന് വിലയും വര്‍ദ്ധിച്ചപ്പോള്‍ വിപണന കരാറിലേര്‍പ്പെട്ടിരുന്ന കരാറുകാര്‍ പിന്‍വലിഞ്ഞത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കി. പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്നും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്ന അവസരങ്ങളിലും പീക്ക് സമയത്തും വാങ്ങിയിരുന്ന വൈദ്യുതിക്കും വില അനിയന്ത്രിതമായി ഉയര്‍ന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പവ്വര്‍ എക്സ്ചേഞ്ചുകളിലെ ശരാശരി വിപണനവില 3.50 രൂപയില്‍ താഴെയായിരുന്നുവെങ്കില്‍ മാര്‍ച്ച് മാസത്തില്‍ അത് 6 രൂപയിലധികമായി. കൂടാതെ എക്സ്ചേഞ്ചുകളിലെ വൈദ്യുതിയുടെ പരമാവധി വില ഇപ്പോള്‍ 10 രൂപയില്‍ അധികവുമാണ്. ഈ വിലവര്‍ദ്ധനവ് വിപണനക്കാരില്‍ നിന്നും വാങ്ങുന്ന വൈദ്യുതിക്കും ഉയര്‍ന്ന വില നല്‍കേണ്ട സ്ഥിതിയിലെത്തിച്ചു.

മാര്‍ച്ച് മാസത്തില്‍ ജലവൈദ്യുതിയുടെ പ്രതിദിന ഉപഭോഗം 23 മില്യന്‍ യൂണിറ്റും കേരളത്തിലെ താപനിലയങ്ങളില്‍ നിന്നുള്ള ഉപഭോഗം 3.02 മില്യന്‍ യൂണിറ്റും ആയിരുന്നു. കേന്ദ്രവിഹിതമായി ലഭിക്കേണ്ട വൈദ്യുതിയില്‍ നേരിയ കുറവും രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തില്‍ പവ്വര്‍ എക്സ്ചേഞ്ച് വഴി 22 മില്യന്‍ യൂണിറ്റും വൈദ്യുതി വിപണനക്കരാറുകള്‍ വഴി 77 മില്യന്‍ യൂണിറ്റും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് ഈ പ്രതിസന്ധിയിലും കേരളം പിടിച്ചുനിന്നത്.

വേനല്‍മഴ മൂലം ഉപഭോഗത്തില്‍ നേരിയ കുറവു വന്നിട്ടുണ്ടെങ്കിലും പ്രതിദിന ശരാശരി ഉപഭോഗം 51 മില്യന്‍ യൂണിറ്റില്‍ അധികമാണ്.

ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ബോര്‍ഡും ഗവണ്മെന്റും കൈക്കൊണ്ടിട്ടുണ്ട്. വിദഗ്ധമായ വൈദ്യുതി മാനേജ്മെന്റിനു പുറമേ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നുള്ള സന്ദേശങ്ങളുമായി സിനിമാതാരങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഹ്രസ്വ പരസ്യ ചിത്രങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുന്നു. ഒന്നരക്കോടി സി.എഫ്.എല്‍ വിതരണ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയും താരിഫ് അധിഷ്ഠിതമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയും ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നു. പ്രതിദിന ഉപഭോഗം 56 മില്യന്‍ യൂണിറ്റ് വരെ രേഖപ്പെടുത്തിയിട്ടും അതുമായി താരതമ്യം ചെയ്യുമ്പോള്‍ പീക്ക് ആവശ്യകത കാര്യമായി ഉയരാതിരുന്നത്, ഉപഭോഗ മാനേജ്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി എന്നാണ് സൂചിപ്പിക്കുന്നത്.

ഊര്‍ജ പ്രതിസന്ധി മുറിച്ചുകടക്കുന്നതിന് കേരളത്തിന് 2006 വരെ ലഭിച്ചുകൊണ്ടിരുന്ന അണ്‍ അലോക്കേറ്റഡ് വിഹിതത്തില്‍ നിന്നുള്ള വൈദ്യുതി പുനസ്ഥാപിക്കാനും അടിയന്തിരമായി 200 മെഗാവാട്ട് അനുവദിക്കാനും ബോര്‍ഡും ഗവണ്മെന്റും ഊര്‍ജ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. കേവലം 15 മെഗാവാട്ട്, കിഴക്കന്‍ മേഖലയിലെ താപനിലയങ്ങളില്‍ നിന്നും ചുരുങ്ങിയ ദിവസങ്ങളിലേക്ക് അനുവദിച്ചുകൊണ്ട് അനുഭാവപൂര്‍ണ്ണമായ സമീപനമല്ല കേന്ദ്രം സ്വീകരിച്ചത്.

ഈ പ്രതിസന്ധിയിലും ലോഡ്ഷെഢിംഗോ പവര്‍കട്ടോ ഏര്‍പ്പെടുത്താതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധിക വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നേരിയ തോതില്‍ താരിഫ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനായി റഗുലേറ്ററി കമ്മീഷനെ സമീപിക്കുകയാണുണ്ടായിട്ടുള്ളത്.

താരിഫ് അടിസ്ഥാനമാക്കി വൈദ്യുതി ഉപഭോഗ നിയന്ത്രണം

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം, ഉയര്‍ന്നനിരക്കിലുള്ള വൈദ്യുതി വാങ്ങല്‍, കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത, ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന വൈദ്യുതി കമ്പോളം, അയല്‍ സംസ്ഥാനങ്ങളില്‍ വന്നിട്ടുള്ള ഉപഭോഗവര്‍ദ്ധനവ്, വൈദ്യുതി ബോര്‍ഡിന്റെ ആശങ്കാവഹമായ സാമ്പത്തികനില എന്നിവ ചൂണ്ടിക്കാട്ടി ബോര്‍ഡ് കാര്‍ഷിക ആവശ്യത്തിനും തെരുവുവിളക്കു ഉപയോഗത്തിനുമൊഴികെ മറ്റെല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന താരിഫ് അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു.

എച്ച്.ടി/ഇ.എച്ച്.ടി ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് ഉപഭോഗത്തില്‍ 25% നിയന്ത്രണവും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 200 യൂണിറ്റിനു മുകളിലുള്ള ഉപഭോഗത്തിന് 2008-09 ലേതു പോലുള്ള നിയന്ത്രണമാണ് ആവശ്യപ്പെട്ടിരുന്നത്.

റഗുലേറ്ററി കമ്മീഷന്‍ വിവിധ വശങ്ങള്‍ പരിശോധിച്ചശേഷം കാര്‍ഷിക, ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒഴികെ എല്ലാ ലൈസന്‍സികളുടെ ഉപഭോക്താക്കള്‍ക്കും 10% നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഗാര്‍ഹിക ഉപഭോക്താ ക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് നിശ്ചിത താരിഫിലും അതിനു പുറത്ത് പ്രതി യൂണിറ്റിന് 7.25 രൂപ നിരക്കിലും നല്‍കേണ്ടി വരും. മറ്റു ഉപഭോക്താക്കള്‍ക്ക് 90% നിശ്ചിത ശരാശരി ഉപഭോഗമാക്കി വിഹിതം നിശ്ചയിക്കുകയും അതിനുപുറത്തുള്ള ഉപഭോഗത്തിന് 7.25 രൂപ നിരക്കില്‍ നല്‍കേണ്ടതുണ്ട്. നിശ്ചിത ശരാശരി ഉപഭോഗം നിര്‍ണയിക്കുന്നതിന് 2009 മെയ് മുതല്‍ 2010 ഫെബ്രുവരി വരെയുള്ള ഉപഭോഗം കണക്കിലെടുക്കും.

എച്ച്.ടി/ഇ.എച്ച്.ടി ഉപഭോക്താക്കളുടെ നിശ്ചിത ശരാശരി ഉപഭോഗം കണക്കാക്കുമ്പോള്‍ വൈദ്യുതി പൂര്‍ണമായി ഉപയോഗിക്കാതിരുന്ന കാലയളവ് ഒഴിവാക്കിയും 30%ത്തിലധികം വ്യതിയാനം വരുന്ന അസ്വാഭാവിക ഉപഭോഗം ഒഴിവാക്കിയുമായിരിക്കും മാസാടിസ്ഥാനത്തില്‍ ശരാശരി ഉപഭോഗം കണക്കാക്കുക. മാര്‍ച്ച് 2010-നു ശേഷം പുതുതായി കണക്ഷന്‍ എടുത്തിട്ടുള്ളവരില്‍, എച്ച്.ടി വിഭാഗത്തിന് ഒരു കെ.വി.എ. (കോണ്‍ട്രാക്ട് ഡിമാന്റ്) 250 യൂണിറ്റായും ഇ.എച്ച്.ടി വിഭാഗത്തിന്  ഒരു കെ.വി.എ. 400 യൂണിറ്റായും ശരാശരി ഉപഭോഗം കണക്കാക്കും. എല്‍.റ്റി. ഉപഭോക്താക്കള്‍ക്ക് ഒരു കിലോവാട്ട് കണക്ടഡ് ലോഡിന് 105 യൂണിറ്റ് ശരാശരി ഉപഭോഗം കണക്കാക്കും. എല്‍.റ്റി. ഉപഭോക്താക്കള്‍ക്ക് 2009 മെയ് മുതല്‍ 2010 ഫെബ്രുവരി വരെ നിശ്ചിത ഉപഭോഗമില്ലെങ്കില്‍ എച്ച്.ടി/ഇ.എച്ച്.ടി ഉപഭോക്താക്കള്‍ക്ക് ശരാശരി കണക്കാക്കുന്ന രീതിയായിരിക്കും അവലംബിക്കുക. എന്നാല്‍ ശരാശരി കണക്കാക്കുമ്പോള്‍ എല്‍.റ്റി. വിഭാഗക്കാര്‍ക്കു ഒരു കിലോ വാട്ടിന് 105 യൂണിറ്റില്‍ കുറവായാല്‍ അത് 105 യൂണിറ്റായി നിജപ്പെടുത്തും. ഇന്ധന സര്‍ച്ചാര്‍ജ് നിശ്ചിത നിരക്കിനു പുറത്തുള്ള ഉപഭോഗത്തിന് ബാധകമായിരിക്കുകയില്ല. ഉപഭോഗം നിശ്ചിത താരിഫിലാണ് ബില്ലു ചെയ്യുന്നതെങ്കില്‍ ഇന്ധന സര്‍ച്ചാര്‍ജ് ബാധകമായിരിക്കും. പരമാവധി ഡിമാന്റ് കണക്കാക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടില്ല.

സര്‍ചാര്‍ജും ഗവണ്മെന്റിന്റെ സമയോചിതമായ ഇടപെടലും

റഗുലേറ്ററി കമ്മീഷന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ശതമാനത്തിനു പുറത്ത് താപ വൈദ്യുതി നിലയങ്ങളില്‍ നിന്നും ഉപഭോഗം നടത്തുമ്പോഴുണ്ടാകുന്ന അധിക ഇന്ധനവില വഹിക്കേണ്ടി വന്നതുകൊണ്ടുണ്ടായ ബാദ്ധ്യത തരണംചെയ്യുന്നതിനായി എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. ഇത്തരത്തില്‍ സര്‍ചാര്‍ജ് ഈടാക്കുന്നതിന് വൈദ്യുതിനിയമം 2003-ലെ സെക്ഷന്‍ 62(4) ഉം വൈദ്യുതി താരിഫ് നയത്തിലെ 82.1(1) എന്ന ഭാഗവും നിഷ്കര്‍ഷിക്കുന്നുണ്ട്.

ഏപ്രില്‍ 2009 മുതല്‍ സെപ്തംബര്‍ 2009 വരെയുള്ള കാലയളവിലേക്ക് ബോര്‍ഡ് ആവശ്യപ്പെട്ട 311.52 കോടി രൂപയുടെ സ്ഥാനത്ത് 190 കോടി രൂപയാണ് ഇപ്പോള്‍ ഈടാക്കാനായി അനുമതി നല്‍കിയിട്ടുള്ളത്. പ്രതിമാസ ഉപഭോഗം 20 യൂണിറ്റില്‍ കുറവുള്ള (കണക്ടഡ് ലോഡ് 500 വാട്ടില്‍ താഴെ) ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒഴികെയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും യൂണിറ്റിനു 25 പൈസ നിരക്കില്‍ സര്‍ചാര്‍ജ് ഈടാക്കാനാണ് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 2010 ഏപ്രില്‍ 1 മുതല്‍ ആറുമാസത്തേക്കോ, അതിനു മുമ്പ് 190 കോടി രൂപ ലഭിക്കുന്നതു വരെ മാത്രമേ ഇതു തുടരുവാന്‍ അനുവദിച്ചിട്ടുള്ളൂ. മറ്റു ലൈസന്‍സികളും ഈ തുക പിരിച്ചെടുത്ത് കെ.എസ്.ഇ.ബി.യെ മാസം തോറും ഏല്‍പിക്കണം. കമ്മീഷന്‍ നിശ്ചയിച്ച ക്വാട്ടയ്ക്ക് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് സര്‍ചാര്‍ജ് ബാധകമല്ല.

എന്നാല്‍ ഈ ബാദ്ധ്യത ശരാശരി ഉപഭോഗം കുറഞ്ഞ സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമയോചിതമായി ഇടപെട്ടുകൊണ്ട് 120 യൂണിറ്റു വരെ പ്രതിമാസ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനും ഇതിന് ആവശ്യമായ തുകയായ 56 കോടി രൂപ ഗവണ്മെന്റ് ബോര്‍ഡിന് സബ്സിഡിയായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3478
mod_vvisit_counterYesterday4559
mod_vvisit_counterThis Month108056
mod_vvisit_counterLast Month152890

Online Visitors: 84
IP: 54.162.168.187
,
Time: 17 : 59 : 06