KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മാറ്റവും തുടര്‍ച്ചയും

മാറ്റവും തുടര്‍ച്ചയും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Keralaകേരളത്തിന്റെ ഭരണ തലപ്പത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള മാറ്റമുണ്ടായിരിക്കുന്നു. വലിയ തോതിലുള്ള റിട്ടയര്‍മെന്റിന്റെ ഫലമായി വൈദ്യുത ബോര്‍ഡിന്റെ ഭരണ സാരഥ്യത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ആരംഭിച്ച മാറ്റം താമസംവിനാ പൂര്‍ണ്ണമാകും. മുകള്‍ത്തട്ടിലുണ്ടാകുന്ന ഈ മാറ്റങ്ങളാകെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങളിലും ഏതു നിലയില്‍ പ്രതിഫലിക്കുമെന്നത് ഒട്ടേറെ ആകാംക്ഷയുണര്‍ത്തുന്നുണ്ട്.

ഇപ്പോള്‍ അധികാരത്തിലെത്തിയിട്ടുള്ള മുന്നണി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടപത്രികയില്‍ വൈദ്യുതിമേഖലയില്‍ എന്തെങ്കിലും പ്രകടമായ നയം മാറ്റം പ്രഖ്യാപിച്ചിരുന്നില്ല. ഭരണത്തില്‍ നിലവിലുണ്ടായിരുന്ന മുന്നണി ഏറ്റെടുത്തിരുന്ന വിവിധ പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോകുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന നിലയ്ക്കുള്ള വാഗ്ദാനങ്ങളാണ് ഇവരുടെ പ്രകടനപത്രികയില്‍ കാണാന്‍ കഴിയുന്നത്. 3000 മെഗാവാട്ട് വരുന്ന വൈദ്യുതോല്പാദന പദ്ധതികള്‍ നടപ്പാക്കുക, ചീമേനി, ബ്രഹ്മപുരം എന്നിവിടങ്ങളില്‍ വന്‍കിടതാപനിലയങ്ങള്‍ സ്ഥാപിക്കുക, ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികളും പാരമ്പര്യേതര വൈദ്യുത പദ്ധതികളും നടപ്പാക്കുക, ഊര്‍ജ്ജസംരക്ഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികള്‍ ഇവയില്‍ മുഖ്യമായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്താന്‍ വേണ്ടി ഇതിനകം രൂപപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍-എ.പി.ഡി.ആര്‍.പി. പദ്ധതിയുടെ പൂര്‍ത്തീകരണം, ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റ് സംവിധാനം, പുതിയ വൈദ്യുതി കണക്ഷനുകള്‍ ഉടനടി ലഭ്യമാക്കാനുള്ള സംവിധാനം, 5 വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്നിവ ഈ നിലയ്ക്കുള്ള വാഗ്ദാനങ്ങളാണ്. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് പ്രഖ്യാപിച്ചിട്ടുള്ള കാലപരിധി വളരെ കൂടിപ്പോയി എന്നതൊഴിച്ചാല്‍ പൊതുവില്‍ കെ.എസ്.ഇ.ബി.യില്‍ നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ച വ്യക്തമാക്കുന്ന വാഗ്ദാനങ്ങളാണ് ഇവയിലുള്ളത്. ഇതോടൊപ്പം അഴിമതിരഹിതവും സുതാര്യവുമായ ഉദ്യോഗസ്ഥ സംവിധാനം ഉറപ്പുവരുത്തുമെന്നും ട്രാന്‍സ്ഫര്‍, പ്രമോഷന്‍ എന്നിവ സുതാര്യമായി നടപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ കേന്ദ്രഗവണ്‍മെന്റ് വൈദ്യുതിമേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ജനവിരുദ്ധമായ നയങ്ങള്‍ സംബന്ധിച്ച നിലപാട് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുമില്ല. 2001-06-ല്‍ പിന്തുടര്‍ന്നിരുന്ന നയസമീപനങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇപ്പോഴത്തെ വാഗ്ദാനങ്ങള്‍. പൊതുവില്‍ നിലവിലുണ്ടായിരുന്ന ഭരണനടപടികളുടെ തുടര്‍ച്ചയെന്നു കരുതാവുന്ന വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടയായത്, കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഗവണ്മെന്റിന്റെ ഭരണനടപടികളോട് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അനുകൂല വികാരമാണ് എന്ന് കരുതുന്നതില്‍ തെറ്റുണ്ടാവില്ല. ജനങ്ങളുടെ ഭരണാനുകൂല നിലപാട് വിവിധ അഭിപ്രായ സര്‍വ്വേകളിലും ജനവിധിയിലും പ്രതിഫലിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങളില്‍ 65 ശതമാനവും ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനത്തില്‍ 83 ശതമാനം ജനങ്ങളും സംതൃപ്തരാണെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കിയത്. ഗവണ്‍മെന്റിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തില്‍ ഏറ്റവുമധികം ജനസമ്മതി നേടിയതും വൈദ്യുതി രംഗത്തെ നേട്ടങ്ങളാണ്. കേന്ദ്രഗവണ്‍മെന്റ് നിഷ്കര്‍ഷിക്കുന്ന പരിഷ്കരണ പരിപാടികള്‍ നടപ്പാക്കിയ ഇതര സംസ്ഥാനങ്ങളിലെ അനുഭവങ്ങളില്‍ നിന്നും തുലോം വ്യത്യസ്തമാണിത്.

ഈ നിലയ്ക്ക് മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ സഹായിച്ച ഭരണ ശൈലിയുടെ മര്‍മ്മം. വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ശ്രീ. എ.കെ. ബാലന്‍ തിരുവനന്തപുരം വൈദ്യുതിഭവനില്‍ നടന്ന സ്വീകരണയോഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോയതാണ് ഈ മേഖലയിലെ നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം എന്നാണദ്ദേഹം വ്യക്തമാക്കിയത്.

വികസനത്തിന്റെ നേട്ടം കേരളത്തിലെ ഓരോ കുടുംബത്തിലും എത്തുന്ന നിലയ്ക്ക് ഭാവനാപൂര്‍ണ്ണമായി നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണവും, ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സി.എഫ്.എല്‍. വിതരണപരിപാടിയും, ജനകീയ വൈദ്യുതി അദാലത്തുമെല്ലാം പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട വിപുലമായ കൂട്ടായ്മയുടെ വിജയങ്ങളാണ്. വിതരണ രംഗത്ത് ജനങ്ങളാഗ്രഹിച്ച വിധം സേവന നിലവാരത്തിലുണ്ടായ മെച്ചം, സമസ്തമേഖലയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ കുതിച്ചുചാട്ടം എന്നിവയെല്ലാം വൈദ്യുതി രംഗത്ത് രൂപപ്പെട്ട പുതിയ പ്രവര്‍ത്തന ശൈലിയുടെ നേട്ടമാണ്. ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങളെല്ലാം, രണ്ട് ശമ്പള പരിഷ്കരണവും തടസ്സമില്ലാതെ ക്ഷാമബത്ത അനുവദിച്ചതുമടക്കം, യാതൊരു സന്ദേഹത്തിനും ഇട നല്കാതെ അനുവദിച്ചിരുന്നതും സ്ഥലംമാറ്റം, പ്രമോഷനുകള്‍ എന്നിവ മാനദണ്ഡമനുസരിച്ച് സുതാര്യമായി നടപ്പാക്കിവന്നതും മെച്ചപ്പെട്ട തൊഴിലന്തരീക്ഷം വ്യവസായത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.

കേന്ദ്രസമ്മര്‍ദ്ദത്തെ അതിജീവിച്ച് വൈദ്യുതി ബോര്‍ഡിനെ വിഭജിക്കാതെ പൊതുമേഖലയില്‍ സംരക്ഷിച്ച നടപടി, ഈ നേട്ടങ്ങളാകെ കൈവരിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. നയപരമായ പ്രശ്നങ്ങളിലടക്കം ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളെ വിശ്വാസത്തിലെടുത്തും, അഭിപ്രായ സമന്വയത്തിന് വേദിയൊരുക്കിയുമുള്ള ഭരണശൈലി തീര്‍ച്ചയായും അനുകരണീയമാണ്. കേരളത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജാവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റാനനുയോജ്യമായ കല്ക്കരി - പ്രകൃതിവാതക പദ്ധതികള്‍ക്ക് രൂപം കൊടുത്തതും വികസനപരിപാടികളോടൊപ്പം പ്രാധാന്യത്തോടെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കും നല്കിയ മുന്‍ഗണനയും ഈ കാലഘട്ടത്തിലെ ചരിത്രപ്രാധാന്യമുള്ള ഭരണ നടപടികളാണ്.

ഇന്ന് കേരളത്തിന്റെ വൈദ്യുതി മേഖല ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാണെന്ന് നിസ്സംശയം പറയാന്‍കഴിയും. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളും വിലയിരുത്തലുകളും അത് വ്യക്തമാക്കുന്നുമുണ്ട്. വൈദ്യുതി രംഗത്തെ സേവന നിലവാരം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. നയങ്ങളിലും പരിപാടികളിലും പ്രവര്‍ത്തന രീതിയിലും മാറ്റത്തേക്കാള്‍ തുടര്‍ച്ചയാണ് ജനങ്ങളും ജീവനക്കാരും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. വൈദ്യുതി മേഖലയുടെ സാരഥ്യം ഏറ്റെടുക്കുന്ന ഭരണാധികാരികള്‍ ജനവിധിയുടെ പൊരുള്‍ തിരിച്ചറിഞ്ഞ് അനുകരണീയമായ ഭരണമാതൃക പിന്തുടരും എന്ന് പ്രതീക്ഷിക്കട്ടെ.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1930
mod_vvisit_counterYesterday4710
mod_vvisit_counterThis Month111218
mod_vvisit_counterLast Month152890

Online Visitors: 77
IP: 54.196.107.247
,
Time: 09 : 44 : 40