പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കമ്പനി രൂപീകരിക്കുന്നു. സമ്പൂര്‍ണ ഊര്‍ജസുരക്ഷാ മിഷന്റെ കീഴിലെ പദ്ധതികളാണ് കമ്പനി നടപ്പാക്കുക. മുഴുവന്‍ വീടുകളിലും പ്രതിദിനം കുറഞ്ഞത് ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും ലഭ്യമാക്കുക, വര്‍ഷം കുറഞ്ഞത് എട്ട് സിലിണ്ടര്‍ ജൈവ പാചകവാതകം ഓരോകുടുംബത്തിനും ലഭ്യമാക്കുക തുടങ്ങിയവയാണ് മിഷന്റെ ലക്ഷ്യം. കേരള റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രൂപീകരിക്കുന്ന കമ്പനി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും അനെര്‍ട്ടിന്റെയും സംയുക്തസംരംഭമായിരിക്കും.
കമ്പനി രൂപീകരണം സംബന്ധിച്ച നിര്‍ദേശം അനെര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. കമ്പനിയുടെ പ്രാരംഭമൂലധനം രണ്ടുകോടി രൂപയായിരിക്കും. 10 രൂപയുടെ 20 ലക്ഷം ഓഹരികളിലൂടെ മൂലധനം സമാഹരിക്കും. ഇതില്‍ 26 ശതമാനം ഓഹരി അവകാശം അനെര്‍ട്ടിനായിരിക്കും. 14 ജില്ലാപഞ്ചായത്തുകള്‍ക്കും കൊച്ചി കോര്‍പറേഷനുമായി എട്ടുലക്ഷം രൂപയുടെ വീതം ഓഹരികള്‍ നീക്കിവയ്ക്കും. ആദ്യഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും മാത്രമായിരിക്കും ഓഹരി പങ്കാളിത്തം നല്‍കുക.
ചിരട്ട, മടല്‍, അറക്കപ്പൊടി, വിറക്, മരച്ചീള്, എണ്ണപ്പനപ്പട്ട, എണ്ണപ്പനക്കുല, തേയില ഉല്‍പ്പാദനത്തിലെ അവശിഷ്ടം, ചകിരി നാരു നിര്‍മാണത്തിലെ അവശിഷ്ടം, കശുവണ്ടിത്തോട് തുടങ്ങിയവ ഉപയോഗപ്പെടുത്തി 20.630 മെഗാവാട്ട് ശേഷിയുള്ള 14 ജൈവ ദ്രവ്യ വാതകാധിഷ്ഠിത പ്ളാന്റുകള്‍, ചാണകം, ആനപ്പിണ്ഡം, മനുഷ്യവിസര്‍ജ്യം, അടുക്കളയിലെ അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി താപാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 260 ഘനമീറ്റര്‍ വലിപ്പമുള്ള 12 സാമൂഹികാവശ്യങ്ങള്‍ക്കുള്ള ജൈവവാതക പ്ളാന്റുകള്‍, രണ്ട് ജൈവവാതക ഇന്ധനാധിഷ്ഠിത ശ്മശാനങ്ങള്‍, സൌരോര്‍ജസഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രണ്ട് നീരാവി അധിഷ്ഠിത പാചകസംവിധാനം തുടങ്ങിയവയുടെ നിര്‍മാണമാണ് കമ്പനി ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
മാനേജിങ് ഡയറക്ടറും ജനപ്രതിനിധികളുമടക്കം 12 പേര്‍ അടങ്ങുന്ന സമിതിക്കായിരിക്കും കമ്പനിയുടെ ഭരണനിര്‍വഹണ ചുമതല. ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനാകും. നിശ്ചിതയോഗ്യതയുള്ള പ്രൊഫഷണലായിരിക്കും മാനേജിങ് ഡയറക്ടര്‍. കുറഞ്ഞത് മൂന്നുവര്‍ഷത്തേക്കായിരിക്കും നിയമനം.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














