KSEBOA - KSEB Officers' Association

Sunday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒരു മാനേജ്മെന്റ് ക്ളാസ്സും ചില സന്ദേഹങ്ങളും

ഒരു മാനേജ്മെന്റ് ക്ളാസ്സും ചില സന്ദേഹങ്ങളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Jayarajan CNപെറ്റാര്‍ക്കില്‍ ഈയിടെ നടന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കുള്ള മാനേജ്മെന്റ് ഡവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമില്‍ ഞാനും പങ്കെടുത്തിരുന്നു. നാലു ദിവസം നീണ്ടു നിന്ന ട്രെയിനിംഗ് എന്നെ സംബന്ധിച്ചിടത്തോളം പലതു കൊണ്ടും പുതിയ അനുഭവമായിരുന്നു. പെറ്റാര്‍ക്കിലെ ഡയറക്ടറുടെയും ഓഫീസര്‍മാരുടെയും കഠിന പ്രയത്നം കൊണ്ടു മാത്രം ലഭിച്ച മിടുക്കന്മാരായ മാനേജ്മെന്റ് അദ്ധ്യാപകരായിരുന്നു ക്ളാസ്സെടുക്കാന്‍ വന്നിരുന്നത് എന്നതു കൊണ്ട് അത്തരം ക്ളാസ്സുകളുടെ നിലവാരത്തെ കുറിച്ച് രണ്ടഭിപ്രായമുണ്ടാകേണ്ട കാര്യമില്ല. എന്നാലും ഒരു പക്ഷേ, ഈ വിഷയത്തില്‍ ഞാനൊരു പുതുമുഖമായതു കൊണ്ടാകാം, അതില്‍ വിവക്ഷിക്കപ്പെടുന്ന പരോക്ഷവും പ്രത്യക്ഷവുമായ രാഷ്ട്രീയമായ പരാമര്‍ശങ്ങള്‍ നാലു ദിവസങ്ങളിലായി നടന്ന ക്ളാസ്സുകളില്‍ സമാനസ്വഭാവം കൈവരിച്ചത് എന്നില്‍ സന്ദേഹം മാത്രമല്ല, ആശങ്കയും ഉളവാക്കി. അതിനാല്‍ ഈ രാഷ്ട്രീയ പരാമര്‍ശങ്ങളെ ആധാരമാക്കി ചില അഭിപ്രായങ്ങള്‍ മാത്രം വായനക്കാരുടെ മുന്നില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കട്ടെ.

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ..  എന്റെ അഭിപ്രായങ്ങള്‍ പെറ്റാര്‍ക്കിലെ ക്ളാസ്സുകള്‍ക്കിടയില്‍ ഞാന്‍ ആരുമായും പങ്കുവെച്ചില്ല. മുഖ്യകാരണം, സമയക്കുറവായിരുന്നു. എങ്കിലും ഇപ്പോള്‍ ഇതിവിടെ ഉന്നയിക്കുന്നതിന്റെ കാരണം ഇത് ക്ളാസ് റൂമിന് വെളിയിലും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നു കൊണ്ടാണ്.

ഒന്നാമത്തെ ക്ളാസ്സെടുത്ത അദ്ധ്യാപകന്‍ (അദ്ധ്യാപകന്റെ പേരിനോ മേല്‍വിലാസത്തിനോ പ്രസക്തിയില്ല. കാരണം, ഇത് ഏതെങ്കിലും ഒരു അദ്ധ്യ്യാപകന്റെ വ്യക്തിപരമായ വിഷയമല്ല) പറഞ്ഞ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു:

ഇന്ത്യയിലെ ഒരു പട്ടിയും ചൈനയിലെ ഒരു പട്ടിയും തമ്മില്‍ കണ്ടുമുട്ടി. ചൈനയിലെ പട്ടി പറഞ്ഞു: ഞങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് കുരയ്ക്കാന്‍ അധികാരമില്ല. അപ്പോള്‍ ഇന്ത്യയിലെ പട്ടി ഇപ്രകാരം പറഞ്ഞു: ഞങ്ങള്‍ക്ക് ആഹാരമൊന്നും എപ്പോഴും ലഭിക്കാറില്ല. എന്നാല്‍ എപ്പോഴും കുരയ്ക്കാനുള്ള സ്വാതന്ത്യ്രമുണ്ട്.

മേല്‍പ്പറഞ്ഞ ഉദാഹരണത്തെ വിവിധ തരത്തില്‍ വ്യാഖ്യാനിക്കാന്‍ വായനക്കാര്‍ക്ക് കഴിയും. എന്നാല്‍ അദ്ധ്യാപകന് ഇന്ത്യയിലെ പട്ടിയ്ക്ക് ചൈനയിലെ പട്ടിയേക്കാള്‍ ഔന്നത്യമുണ്ട് എന്ന നിഗമനമാണ് ഉണ്ടായിരുന്നത്. തീര്‍ച്ചയായും ഇത്തരമൊരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ രാഷ്ട്രീയ നിലപാടുകളായിരിക്കും മറ്റ് ഏതൊരു ആശയത്തേക്കാളും പ്രധാനമായിരിക്കുക എന്നതിനാല്‍ ഇതിനൊരു പൊതുവായ നിഗമനം സാദ്ധ്യമാണോ?

രണ്ടാമത്തെ ദിവസം ക്ളാസ്സെടുക്കാനെത്തിയ അദ്ധ്യാപകന്‍ ഇടയ്ക്ക് ചൈനയെ കുറിച്ചൊന്നു പരാമര്‍ശിച്ച ശേഷം ഉടനെ തന്നെ പറഞ്ഞു: ഞാനിക്കാര്യം പറയാന്‍ വേണ്ടി മാത്രം ചൈനയെ പരാമര്‍ശിച്ചെന്നേയുള്ളൂ കേട്ടോ.

അതായത്, അദ്ദേഹത്തെ ഇനി ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധരിക്കരുതെന്നര്‍ത്ഥം!

ഇതിനും ചില രാഷ്ട്രീയമാനങ്ങളില്ലേ എന്നു ഞാന്‍ പ്രത്യേകിച്ചു ചോദിക്കുന്നില്ല. ഒരാള്‍ക്ക് എത്ര നേരം വേണമെങ്കിലും ചന്ദനക്കുറിയുടെ മാഹാത്മ്യത്തെ കുറിച്ച് പറയാം; എന്നാല്‍ ഒരാള്‍ നിസ്കാരത്തഴമ്പിന്റെ മാഹാത്മ്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ അയാളെ വര്‍ഗ്ഗീയവാദിയെന്ന് നമ്മുടെ സമൂഹം മുദ്രകുത്തുന്നുവെങ്കില്‍, അതേ മനശ്ശാസ്ത്രം, മറ്റൊരു തരത്തില്‍ നമ്മുടെയൊക്കെ രാഷ്ട്രീയമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നില്ലേ എന്നതാണ് എന്റെ സന്ദേഹം. ഇത് ആരോഗ്യകരമായ പ്രവണതയാണോ?
നോബല്‍ സമ്മാനം ലഭിച്ച വെങ്കട്ടരാമന്‍ രാമകൃഷ്ണന്റെ വിജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ വഴിയില്ല. അംബാസഡര്‍ കാര്‍ ആട്ടോമൊബൈല്‍ രംഗത്തു പുറകോട്ടു പോയതെന്താണെന്ന് അദ്ധ്യാപകര്‍ പൊതുവേ വിശദീകരിക്കുമ്പോള്‍ അതില്‍ ഇത്തരം സന്ദേഹങ്ങള്‍ ഉയരേണ്ട കാര്യമില്ല. റിച്ചാള്‍ഡ് സ്റാള്‍മാനെ കുറിച്ച് മൌനം പാലിക്കുകയും ബില്‍ഗേറ്റ്സിന്റെ വിജയത്തെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്താലും ലോകത്തെമ്പാടും നേടിയ വിജയത്തെ, അതിന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തെ, പഠനവിഷയമാക്കണമെന്ന നിലപാടിനോടും വിയോജിക്കേണ്ട കാര്യമില്ല. കാരണം, ഇവിടെ ഏതെങ്കിലും ഒരു കമ്പനിയുടെ അല്ലെങ്കില്‍ ഒരു വ്യവസായിയുടെ വിജയത്തെ പ്രത്യേകിച്ച് ബോധപൂര്‍വ്വം തമസ്കരിക്കേണ്ട കാര്യമില്ല.

രാഷ്ട്രീയരംഗത്തെ വിവിധ വ്യക്തികളോട് ഓരോരുത്തര്‍ക്കും അനുകൂലവും പ്രതികൂലവുമായ നിലപാടുകളുണ്ടാകാം. എന്നാല്‍ രാഷ്ട്രീയരംഗത്ത് ആ വ്യക്തികള്‍ നേടിയ വിജയത്തെ അംഗീകരിക്കാതിരിക്കേണ്ട കാര്യം തീര്‍ച്ചയായും ഇല്ല. ഓരോ രാഷ്ട്രീയ നേതാക്കളുടെയും വിജയം അതേ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായും രാഷ്ട്രീയപ്രതിയോഗികള്‍ക്ക് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താവുന്നതാണല്ലോ. ഉദാഹരണത്തിന് ശ്രീമതി ഇന്ദിരാഗാന്ധിയോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ടായാല്‍ പോലും ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അവര്‍ നേടിയ വിജയത്തെ എനിക്ക് അംഗീകരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍ ചൈനയിലെ കാര്യം പറഞ്ഞ ഉടനേ തെറ്റിദ്ധരിക്കരുതെന്ന് പറയുന്ന അദ്ധ്യാപകന്‍ ശ്രീ.ശശി തരൂരിനെ മറ്റുള്ളവരേക്കാളും ഉയര്‍ത്തിക്കാട്ടി സംസാരിക്കുമ്പോള്‍ ഒരു ബഹുരാഷ്ട്രക്കുത്തകയുടെയോ കോര്‍പ്പറ്റേറ്റ് സ്ഥാപനത്തിന്റെയോ മാനേജര്‍മാര്‍ക്ക് ഉദ്ദേശിച്ചിരിക്കുന്ന രാഷ്ട്രീയസങ്കല്‍പ്പങ്ങളോടു കൂടിയ മാനേജ്മെന്റ് ക്ളാസ്സല്ലേ അതെന്നും പൊതുമേഖലയിലെ കരുത്തിന്റെ മാതൃകയായി മാറാന്‍ കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളിലെ ഓഫീസര്‍മാരെ പ്രാപ്തരാക്കാനുള്ള മാനേജ്മെന്റ് വൈഭവവും അതിനു വേണ്ട രാഷ്ട്രീയസങ്കല്‍പ്പവുമല്ലേ യഥാര്‍ത്ഥത്തില്‍ പരിശീലിപ്പിക്കപ്പെടേണ്ടത് എന്നും ഉള്ള സംശയം ലേഖകനുണ്ട്.

പൊതുമേഖലയേക്കാള്‍ മെച്ചം സ്വകാര്യമേഖലയ്ക്കാണെന്നുള്ള ധാരണയാണ് ക്ളാസ്സുകളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്ന ഒരു സങ്കല്‍പ്പം. പൊതുമേഖലയിലെ ഓഫീസര്‍മാര്‍ എന്ന നിലയ്ക്ക് പൊതുമേഖലയിലെ, കെ.എസ്.ഇ.ബിയിലെ, കാര്യക്ഷമതയില്ലായ്മയെ കുറിച്ച് സ്വയം വിമര്‍ശനാത്മകമായി പഠിക്കാന്‍ അതുപകരിക്കുമെന്ന നിലയ്ക്ക്  അതിനെ കാണാമെന്ന് തല്‍ക്കാലത്തേക്ക് സമാധാനിക്കാം. ബി.എസ്.എന്‍.എല്‍ കൂടുതല്‍ കാര്യക്ഷമതയാര്‍ജിച്ചത് മറ്റുള്ള സ്വകാര്യക്കമ്പനികള്‍ രംഗത്തു വന്ന് മല്‍സരം ആരംഭിച്ചപ്പോഴാണെന്ന് എല്ലാ ക്ളാസ്സുകളിലും അദ്ധ്യാപകര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. ഇക്കാര്യം നിഷേധിക്കേണ്ട കാര്യം നമുക്കില്ല. എന്നാല്‍ ബിഎസ്എന്‍എല്‍ രംഗത്ത് വന്നപ്പോഴാണ് സ്വകാര്യമൊബൈല്‍ ഫോണുകള്‍ക്ക് തങ്ങളുടെ കോള്‍നിരക്കുകള്‍ ആറു രൂപയില്‍ നിന്ന് ഇന്നത്തെ ശരാശരി അറുപതു പൈസയിലേക്ക് കുറയ്ക്കേണ്ടി വന്നത് എന്ന കാര്യം ഒരിടത്തും ചൂണ്ടിക്കാണിക്കപ്പെടുന്നില്ല.  ഒരു പൊതുമേഖലാ സ്ഥാപനത്തിന് സ്വകാര്യസ്ഥാപനങ്ങളേക്കാള്‍ കൂടുതലായി ഉള്ള നേട്ടങ്ങള്‍ അല്ലെങ്കില്‍ വ്യത്യസ്തതകള്‍ തിരിച്ചറിയാനും അതിനനുസൃതമായ രീതിയില്‍ കാര്യനിര്‍വ്വണം മെച്ചപ്പെടുത്താനുമുള്ള രീതിയില്‍ മാനേജ്മെന്റ് ക്ളാസ്സുകള്‍ പരിഷ്കരിക്കപ്പെടേണ്ടതല്ലേ? ഇതിന് തടസ്സം നില്‍ക്കുന്നതില്‍ മുഴച്ചു നില്‍ക്കുന്നത് പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് വിരുദ്ധമായ രാഷ്ട്രീയമടക്കമുള്ള കാഴ്ചപ്പാടല്ലേ?
ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജനനായകനായി മാറിയ രാഷ്ട്രീയ നേതാവ് ഗാന്ധിജിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയരംഗത്തെ വിജയങ്ങളെ മാതൃകമായി അവതരിപ്പിക്കുന്നത് ഒരു ഇന്ത്യന്‍ പൌരനെന്ന നിലയ്ക്ക് ഏവരും, അദ്ദേഹത്തോട് രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങളുള്ളവര്‍ പോലും, അംഗീകരിക്കുന്ന കാര്യമാണ്. അതേ സമയം, ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് എക്കാലത്തെയും ആദര്‍ശപുരൂഷനായിരുന്ന മഹാത്മാഗാന്ധിയെ രാഷ്ട്രീയത്തിന്നതീതമായി മാനേജ്മെന്റിന്റെ കേവലമായ പരസ്യപ്പലകകളില്‍ പ്രതിഷ്ഠിക്കുകയും ഇന്ത്യയിലെ പഞ്ചവല്‍സര പദ്ധതികള്‍ക്ക് മാതൃകയായ സോവിയറ്റ് യൂണിയനിലെ പദ്ധതികള്‍ ആവിഷ്കരിച്ച സ്റാലിനും ചൈനയിലെ പൊതുമേഖലയെ സ്വന്തം കാലില്‍ നിന്ന് കരുത്തുറ്റതാക്കിയതിന് നേതൃത്വം നല്‍കിയ മാവോയും ഒക്കെ ചുകപ്പന്‍ കണ്ണാടിക്കൂടുകളിലാക്കി മറച്ചു പിടിക്കപ്പെടുകയും ചെയ്യുന്നത്, എല്ലാത്തിനെയും പോസിറ്റീവായി കാണുക എന്നും എല്ലാത്തിലും ഗുണങ്ങള്‍ ദര്‍ശിക്കുക എന്നും പറയുന്ന മാനേജ്മെന്റ് തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമല്ലേ?

കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി പണിപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് രാഷ്ട്രീയ നേതാക്കളോടുണ്ടാകേണ്ട സമീപനമെന്താണ്? മാനേജ്മെന്റ് ക്ളാസ്സുകളില്‍ നിറഞ്ഞു നിന്നത് രാഷ്ട്രീയക്കാരോടുള്ള പുച്ഛമായിരുന്നു. ആര്‍ത്തിരമ്പുരന്ന ജനസാഗരത്തെ വാക്കുകളുടെ മാസ്മരികതകളാല്‍ നിയന്ത്രിക്കുന്ന എത്രയോ രാഷ്ട്രീയ നേതാക്കളുള്ള നമ്മുടെ രാജ്യത്ത് ലീഡര്‍ഷിപ്പ് ക്വാളിറ്റി എന്ന മാനേജ്മെന്റ് പാഠത്തില്‍ നിന്ന് ഇവരെ ഒഴിവാക്കിയതെന്തു കൊണ്ട്? അതിന് പകരം ഇന്ത്യയെ അടിച്ചമര്‍ത്തി വാണിരുന്ന ബ്രിട്ടണില്‍ പ്രധാനമന്ത്രിയായിരുന്ന  വിണ്‍സ്റണ്‍ ചര്‍ച്ചിലിനെയും നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ജോണ്‍ എഫ് കെന്നഡിയെയും ഒക്കെ എല്ലാ അദ്ധ്യാപകരും ഒരു പോലെ പുകഴ്ത്തുന്നതു കേട്ടപ്പോള്‍ ഒരൂ റീഡേഴ്സ് ഡൈജസ്റ് വായിക്കുന്ന പ്രതീതിയാണുണ്ടായത്.

ചുരുക്കത്തില്‍ എന്റെ സന്ദേഹം ഇത്ര മാത്രമാണ്. ഏതെങ്കിലും ബഹുരാഷ്ട്രക്കുത്തകക്കമ്പനിയുടെ മാനേജര്‍മാര്‍ക്ക് നല്‍കേണ്ട മാതൃകയില്‍ കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കിയാല്‍ അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളടക്കമുള്ള  പാഠങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന രീതിയിലായിരിക്കുമോ?
ലേഖകന് മാനേജ്മെന്റ് രംഗത്ത് തീരെ പരിചയമില്ല. മറ്റു ക്ളാസ്സുകള്‍ എങ്ങിനെയാണെന്നും ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങളില്‍ എത്രത്തോളം കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും യാതൊരു ധാരണയുമില്ല. പെറ്റാര്‍ക്കില്‍ ലേഖകന്‍ പങ്കെടുത്ത പരിശീലന പരിപാടിയിലെ അദ്ധ്യാപകരുടെ ക്ളാസ്സ്  വളരെ നന്നായിരുന്നു എന്നാണ് അന്ന് പങ്കെടുത്തവരുടെയും മേല്‍പ്പറഞ്ഞ സന്ദേഹം ഒഴിവാക്കിയാല്‍ എനിക്കും ഉള്ളത്. എങ്കിലും ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ എന്ന ചിന്തയാണ് ഇതെഴുതാന്‍ കാരണം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1120
mod_vvisit_counterYesterday4148
mod_vvisit_counterThis Month119768
mod_vvisit_counterLast Month132633

Online Visitors: 73
IP: 54.162.253.34
,
Time: 08 : 45 : 31