KSEBOA - KSEB Officers' Association

Monday
Aug 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറും മനോരമ ന്യൂസും

സ്വതന്ത്ര സോഫ്റ്റ്‌വെയറും മനോരമ ന്യൂസും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
manorama newsസംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള ആഭിമുഖ്യം കേന്ദ്രാവിഷ്കൃത പദ്ധതിയായ RAPDRP യില്‍ നിന്നു് KSEB യ്ക്കു് ലഭിക്കുന്ന സഹായം നഷ്ടപ്പെടുത്തുന്നു എന്ന ഒരു വാര്‍ത്ത മനോരമ ന്യൂസ് പുറത്തു വിട്ടിരിക്കുന്നു. വാര്‍ത്ത വളരെ വികലമാണു്. അനവസരത്തിലാണതു് പറഞ്ഞിരിക്കുന്നതു്. ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതുമാണു്. വിവര സാങ്കേതിക രംഗത്തു് കേന്ദ്ര സര്‍ക്കാരിന്റെ കുത്തകാഭിമുഖ്യവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ സമീപനവും മറച്ചു് പിടിക്കാനും ഏതൊക്കെയോ ഐടി കുത്തകകളെ സഹായിക്കാനുമായി സൃഷ്ടിക്കപ്പെട്ടതാണു് ഈ വാര്‍ത്ത എന്ന ആരോപണത്തിനു് മനോരമ മറുപടി പറയുക തന്നെ വേണം. വലിയ പദ്ധതികള്‍ ഏറ്റെടുത്തു് നടത്തി പരിചയമില്ലാത്ത 'മിക്ക് ഇലക്ട്രോണിക്സ്' എന്ന കമ്പനി എങ്ങിനെ കേന്ദ്ര ഏജന്‍സി തയ്യാറാക്കിയ പട്ടികയില്‍ കടന്നു് കൂടി ? മനോരമ ന്യൂസ് ധ്വനിപ്പിക്കുന്നതു് പോലെ മിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സേവനമല്ല നല്‍കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് സേവനം നല്‍കാന്‍ തയ്യാറായ കമ്പനികളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു് ഒഴിവാക്കിയിരിക്കുകയുമാണു്.

മറ്റേതു് കേന്ദ്രാവിഷ്കൃത പദ്ധതിയോടുമുള്ള സമീപനം പോലെ, RAPDRP ഫണ്ടും വാങ്ങി വൈദ്യുതി മേഖലയിലെ അടിസ്ഥാന സൌകര്യം വികസിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ താല്പര്യം എടുക്കുന്നുണ്ടു്. തൊഴിലുറപ്പു് പദ്ധതിയല്‍ പോലും പ്രതിലോമ നിബന്ധനകളില്‍ മാറ്റം വരുത്താനും തുക കൂട്ടി വാങ്ങാനും വരെ കേരള സര്‍ക്കാരിനു് കഴിഞ്ഞിട്ടുണ്ടു്. കേന്ദ്ര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള സമ്മര്‍ദ്ദം വൈദ്യൂതി വകുപ്പു് ചെലുത്തുന്നതിനേയാണു് കേന്ദ്ര ഫണ്ടു് നഷ്ടപ്പെടുത്തുന്ന നീക്കമായി മനോരമ വാര്‍ത്ത ചിത്രീകരിക്കുന്നതു്. കേരള സര്‍ക്കാരിനെ അടിക്കാനുള്ള വടി അന്വേഷിച്ചു് നടക്കുന്ന മനോരമയ്ക്കു് കിട്ടിയ ചിതലെടുത്ത വടി മാത്രമാണതു്.

ആഗോള മാന്ദ്യ കാലം നേരിടാനായി എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനുവര്‍ത്തിക്കുന്ന സമീപനങ്ങളിലെ അന്തരം ഇവിടെ എടുത്തു് കാണിക്കപ്പെടുന്നു. കേരളത്തിലെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതികളില്‍ വിഭവത്തിന്റെ ഒഴുക്കു് കുത്തകകളിലേയ്ക്കല്ല, ബഹുജനങ്ങളിലേയ്ക്കാണു് തിരിച്ചു് വിട്ടിരിക്കുന്നതു്. അതു് കൊണ്ടു് അവ ജനോപകാരപ്രദമായി ഭവിക്കുന്നു. നാട്ടില്‍ വ്യവസായവും തൊഴിലും സമ്പത്തും വര്‍ദ്ധിക്കുന്നു. എന്നാല്‍ , കേന്ദ്ര സര്‍ക്കാരാകട്ടെ അതിന്റെ ഇടപെടലുകള്‍ കുത്തകകള്‍ക്കനുകൂലമായാണു് ആസൂത്രണം ചെയ്തിരിക്കുന്നതു്. ആ ഇടപെടലുകളുടെ ദിശ കുത്തകകള്‍ക്കു്, ആഗോള കുത്തകകള്‍ക്കു് അടക്കം, സമ്പത്തു് കൊള്ളയടിക്കാന്‍ ഒത്താശ ചെയ്യുന്നതും ജനങ്ങളുടേയും രാജ്യത്തിന്റേയും പാപ്പരീകരണത്തിനു് ഇടയാക്കുന്നതുമാണു്. വിദേശ ഐടി കുത്തകകള്‍ക്കും സാമ്രാജ്യത്വത്തിനും മേല്‍ സ്ഥായിയായ ആശ്രിതത്വം വരുത്തി വെയ്ക്കുന്നതുമാണു്. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളുടേയും സ്ഥിതി അതാണു്.

കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് അനുകൂലമായ പ്രചരണവും പല പ്രോജക്ടുകളുടേയും വിജയവും ഗ്നൂ ലിനക്സിനു് നല്ല സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ടു്. എന്നാല്‍ , ഇ-ഭരണം, ഇആര്‍പി തുടങ്ങിയ ബൃഹത്തായ പദ്ധതികള്‍ക്കാവശ്യമായ പരസ്പര ബന്ധിത വിവര സംഭരണികളുടെ കാര്യത്തില്‍ ഇന്നു് സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഇരുട്ടില്‍ തപ്പുകയാണു്. ഗ്നൂ ലിനക്സിനോടൊപ്പം ലഭിക്കുന്ന പോസ്റ്റ്ഗ്രേ-എസ്‌ക്യൂഎല്‍ , മൈ-എസ്‌ക്യൂഎല്‍ എന്നീ പരസ്പര ബന്ധിത വിവര സംഭരണികള്‍ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താവുന്നവയാണു്. അവ സമാനമായ മറ്റേതിനും ഒപ്പമോ അതിലേറെയോ കഴിവുറ്റതും അവയേക്കാളേറെ വിവര സുരക്ഷയും ശൃംഖലാ ദൃഢതയും ഉറപ്പാക്കുന്നവയുമാണു്. പക്ഷെ, അവ ഉപയോഗിക്കുന്ന നിലവിലുള്ള പദ്ധതികള്‍ തേടി അലയുകയാണു് ഇന്നു് നമ്മുടെ പൊതുമേഖലാ-വകുപ്പു് മേധാവികള്‍ . കേരള സര്‍ക്കാര്‍ മേഖലയില്‍ മാത്രം നോക്കിയാല്‍ അവ കാണാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം നാളിതു് വരെ സര്‍ക്കാര്‍ വകുപ്പുകളോ പൊതു മേഖലാ സ്ഥാപനങ്ങളോ അവ ഉപയോഗിച്ചു് തുടങ്ങിയിരുന്നില്ല. ഈയൊരു സാഹചര്യം ഉപയോഗിച്ചു് തങ്ങളുടെ കച്ചവടം ഉറപ്പിക്കാന്‍ മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ (Oracle), സാപ് (SAP) തുടങ്ങിയ അമേരിക്കന്‍ കുത്തകകളുടെ ഏജന്റുമാര്‍ കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളുടേയും വകുപ്പുകളുടേയും ഇടനാഴികളില്‍ കയറി ഇറങ്ങുകയാണു്. മുന്‍കാല പരിചയത്തിന്റെ പേരിലാണു് ആ കമ്പനികള്‍ വകുപ്പു്-സ്ഥാപന മേധാവികളെ തങ്ങളുടെ സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതു്. ഒരു വിഭാഗം ഉദ്യോഗസ്ഥരെ തങ്ങളുടെ വാദഗതികളില്‍ ഭ്രമിപ്പിക്കാന്‍ 'ഒറാക്കിളി'നും 'സാപി'നും കഴിഞ്ഞതിന്റെ ഫലമാണു് പല പൊതു മേഖലാ സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനെതിനായി ഉയരുന്ന വാദഗതികള്‍ . അവരുടെ കുഴലൂത്തുകാരായി മനോരമയും മാറിയിരിക്കുന്നു എന്നാണു് ഈ വാര്‍ത്ത തെളിയിക്കുന്നതു്.

ലൈസന്‍സ് എഗ്രിമെന്റുകള്‍ താരതമ്യം ചെയ്താല്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനുള്ള പല മേന്മകളും മനസിലാക്കാം. http://www.oracle.com/technology/software/htdocs/distlic.html, http://www.gnu.org/licenses/gpl.html എന്നിവ കാണുക. രണ്ടും അമേരിക്കയില്‍ നിന്നു് തന്നെയുള്ളതാണു്. ഇതൊന്നും കാണാതെയാണു് മനോരമ ന്യൂസ് പ്രൈപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കുഴലൂത്തുകാരായി എല്‍ഡിഎഫ് സര്‍ക്കാരിനെ അടിക്കാനുള്ള വടി തേടി നടക്കുന്നതു്.


 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2898
mod_vvisit_counterYesterday3753
mod_vvisit_counterThis Month107359
mod_vvisit_counterLast Month165538

Online Visitors: 38
IP: 54.198.235.165
,
Time: 23 : 27 : 40