KSEBOA - KSEB Officers' Association

Friday
Jun 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയമം 2003 ഊര്‍ജ്ജ ഗ്രഹണത്തിന് കാരണമാകുമോ...?

വൈദ്യുതി നിയമം 2003 ഊര്‍ജ്ജ ഗ്രഹണത്തിന് കാരണമാകുമോ...?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power eclipseഏത് രൂപത്തിലുള്ള ഊര്‍ജ്ജവും - പ്രത്യേകിച്ചും വൈദ്യുതോര്‍ജ്ജം - ദൈവത്തിന്റെയോ പ്രകൃതിയുടെയോ വരദാനമായി കണക്കാക്കാന്‍ കഴിയില്ല. ഭൂമിയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആവശ്യമുള്ളത്രയും വൈദ്യുതോര്‍ജ്ജം ഉല്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയാറില്ല, പ്രത്യേകിച്ചും വേനല്‍ക്കാലങ്ങളില്‍.


വേനല്‍ക്കാലങ്ങളില്‍ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വൈദ്യുതമേഖല വിലയിരുത്തപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരാജയമാണെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയുടെ സമഗ്രവികസനത്തിനുതകുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട വൈദ്യുതി നിയമം 2003 ന് രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. 


ഇത്തവണത്തെ വേനല്‍ക്കാലവും കയ്പേറിയ അനുഭവമാണ് ഇന്ത്യന്‍ വൈദ്യുതി മേഖലയ്ക്ക് സമ്മാനിച്ചത്. മഴയുടെ അളവ് തീരെ കുറവായിരുന്നു, മാത്രമല്ല വളരെ വൈകുകയും ചെയ്തു. രാജ്യത്തിന്റെ പലഭാഗങ്ങളിലും താപമാപിനി നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആണ് രേഖപ്പെടുത്തിയത്. അതിനോടൊപ്പം അപ്രഖ്യാപിതവും നീണ്ടു നില്‍ക്കുന്നതുമായ വൈദ്യുതി നിയന്ത്രണം കൂടി ചേര്‍ന്നപ്പോള്‍ ജനജീവിതം ദുരിതപൂര്‍ണ്ണമായി. 2009 ജൂണ്‍ മാസത്തെ പീക്ക്ഡിമാന്റ് 1,11,006 മെഗാ വാട്ട് ആയിരുന്നു. അതില്‍ 95,722 മെഗാവാട്ട് മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ. 15,284 മെഗാവാട്ടിന്റെ കുറവാണ് ജൂണ്‍മാസത്തില്‍ അനുഭവപ്പെട്ടത്. 2009 മെയ് മാസത്തില്‍ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വ്യത്യാസം 5994 മെഗാവാട്ട് മാത്രമായിരുന്നു. മെയ് മാസത്തെ വൈദ്യുതി കമ്മിയുടെ രണ്ടര മടങ്ങാണ്് ജൂണ്‍മാസത്തില്‍  ഉണ്ടായത്.


നിലവിലെ സ്ഥിതി - വിവിധ മേഖലകളില്‍


രാജ്യത്തെ വൈദ്യുതി ഉല്പാദന നിലയങ്ങളുടെ ആകെ സ്ഥാപിത ശേഷി 1,51,000മെഗാവാട്ട് ആണ്. ഇതില്‍ 24 ശതമാനവും ജലവൈദ്യുതി നിലയങ്ങളാണ്  ഉല്പാദിപ്പിക്കുന്നത് - ഏകദേശം 36,916 മെഗാവാട്ട്. താപവൈദ്യുതി നിലയങ്ങള്‍ വഴി 93,080 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. എങ്കിലും ആകെ സ്ഥാപിത ശേഷിയുടെ ഏകദേശം 64% (96,000,മെഗാവാട്ട്) മാത്രമാണ് ഏത് സമയത്തും  ലഭ്യമായിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും  ഈര്‍പ്പവും കാരണം വൈദ്യുതി ആവശ്യകത വളരെയധികം വര്‍ദ്ധിച്ചു. ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ് നേരിടാന്‍ വിതരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞില്ല. പീക്ക് സമയത്ത് ആവശ്യകതയുടെ 13% കുറവ് വൈദ്യുതി മാത്രമാണ് ലഭ്യമാക്കാന്‍ കഴിഞ്ഞത്.


സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് വൈദ്യുതിക്ഷാമം വളരെ രൂക്ഷമായത്. 19%കുറവാണ് ആ മേഖലയിലാകെ ഉണ്ടായത്. മഹാരാഷ്ട്രയില്‍ 23.7%വും ഗുജറാത്തില്‍ 23.4%വും വൈദ്യുതി കുറവ് അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇത് 22% ആയിരുന്നു. വൈദ്യുതി ആവശ്യകതയുടെ നാലിലൊന്ന് ഉല്പാദനശേഷി മാത്രമുള്ള  ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് ഉണ്ടായത്.


ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നിത്യവും എട്ട് മണിക്കൂര്‍ നീണ്ടുനിന്ന പവര്‍കട്ട് ഏര്‍പ്പെടുത്തിക്കൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയെ നേരിട്ടത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബാഗ്ളൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളും വൈദ്യുതി നിയന്ത്രണത്തില്‍ നിന്നും മുക്തരായിരുന്നില്ല. രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന മൂന്ന് കമ്പനികളും ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാനാണ് ശ്രമിച്ചത്. പൊറുതിമുട്ടിയ തലസ്ഥാനവാസികള്‍ പ്രതിക്ഷേധവുമായി തെരുവുകളിലേക്കിറങ്ങി. പൊതുനിരത്തുകളിലെ ഗതാഗതം തടഞ്ഞു. വിതരണ കമ്പനിയായ ബി.എസ്.ഇ.എസിന്റെ കാര്യാലയം ആക്രമിക്കപ്പെട്ടു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ അടിയന്തിരയോഗം വിളിച്ചു കൂട്ടാന്‍ മുഖ്യമന്ത്രി ശ്രീമതി ഷീലാ ദീക്ഷിത് നിര്‍ബന്ധിതയായി. സ്വകാര്യ വൈദ്യുതിവിതരണ കമ്പനികളുടെ പ്രവര്‍ത്തനശൈലിക്കെതിരെ  രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. വൈദ്യുതി ആവശ്യകത മുന്‍കൂട്ടിക്കണ്ട് നടപടി സ്വീകരിക്കാന്‍ ബി.എസ്.ഇ.എസിന് കഴിഞ്ഞില്ല. ഈയൊരവസ്ഥയില്‍ 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് എങ്ങനെ വിജയകരമായി നടത്തും എന്ന ആശങ്കയാണ് ഡല്‍ഹി ഭരണകൂടത്തിനുള്ളത്.


ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. നഗരപ്രദേശങ്ങളില്‍ എട്ട് മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ അഞ്ചുമുതല്‍ ആറ് മണിക്കൂര്‍ വരെയാണ് വൈദ്യുതി ലഭിച്ചിരുന്നത്. കൂടാതെ വോള്‍ട്ടേജ് വ്യതിയാനവും നിത്യസംഭവമായിരുന്നു. ജനങ്ങള്‍ വ്യപകമായി പ്രതിക്ഷേധിച്ചുകൊണ്ട് ദേശീയപാത ഉപരോധിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസ്സാം, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളിലും വൈദ്യുതി പ്രതിസന്ധി വ്യാപകമായി അനുഭവപ്പെട്ടു. വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വിടവ് 60% മുതല്‍ 80% വരെ വര്‍ദ്ധിച്ച സാഹചര്യം ഉണ്ടായി.


കാരണങ്ങള്‍ - താത്കാലിക പരിഹാരങ്ങള്‍


വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് മഴയുടെ ദൌര്‍ലഭ്യം ആണ്. രാജ്യത്തെ പ്രധാന സംഭരണികളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ താഴെയായിരുന്നു. വന്‍കിട ജലവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉല്പാദനം ഗണ്യമായ തോതില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു. ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ ഉല്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. അറ്റകുറ്റപ്പണികള്‍ മൂലം ചില വന്‍കിട താപനിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയതും വൈദ്യുതി പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. ചില സംസ്ഥാനങ്ങള്‍ അനുവദനീയമായതിലും അധികം വൈദ്യുതി വലിച്ചെടുത്തത് ഗ്രിഡിന്റെ തകര്‍ച്ചക്കും അതുവഴി വൈദ്യുതി തടസ്സത്തിനും കാരണമായിട്ടുണ്ട്.


പല സംസ്ഥാനങ്ങളും കാര്‍ഷിക-വ്യവസായിക ഉപഭോക്താക്കള്‍ക്കുള്‍പ്പെടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. വ്യവസായങ്ങള്‍ക്ക് പതിനാറ് മണിക്കൂര്‍ പവര്‍കട്ടാണ് ഹരിയാനയില്‍ നടപ്പാക്കിയത്. എയര്‍കണ്ടീഷണറുകളുടെ ഉപയോഗം നിരോധിക്കുക, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറ്റുക, കടകമ്പോളങ്ങള്‍ നേരത്തെ അടപ്പിക്കുക, നിയോണ്‍ സൈന്‍ ബോര്‍ഡുകളുടെ ഉപയോഗം  നിയന്ത്രിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കുകയുണ്ടായി. പക്ഷെ ഇവയൊന്നും തന്നെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായില്ല. മാത്രമല്ല വ്യാവസായിക-കാര്‍ഷിക ഉല്പാദനം ഗണ്യമായി കുറയാന്‍ ഇത്തരം നടപടികള്‍ ഇടയാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിതരണ സ്ഥാപനങ്ങള്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്നും എത്ര കൂടിയ വില കൊടുത്തും വൈദ്യുതി വാങ്ങാന്‍ തയ്യാറായി. വൈദ്യുതി വില യൂണിറ്റിന് പന്ത്രണ്ട്രൂപയ്ക്ക് മുകളില്‍ എത്താന്‍ ഇത് കാരണമായി. പ്രതിസന്ധിയെ ചാകരക്കാലമായാണ് പവര്‍എക്സ്ചേഞ്ചുകള്‍ കണ്ടത്.


കേരളത്തിലെ അവസ്ഥ


കേരളത്തിലും പ്രതിസന്ധി രൂക്ഷമായിരുന്നു വെങ്കിലും വെറും, അരമണിക്കൂര്‍ രാത്രികാല ലോഡ്ഷെഡിംഗും ചെറിയ തോതിലുള്ള ഉപയോഗ നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ട് വൈദ്യുതി ക്ഷാമത്തെ ഫലപ്രദമായി കേരളം നേരിട്ടു. വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ പത്ര-ദൃശ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വലിയ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു.


ശാശ്വതപരിഹാരങ്ങള്‍


വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം തുടര്‍പ്രക്രിയ പോലെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ഫലപ്രദമായി നേരിടുന്നതിനുള്ള  നടപടികള്‍ നിര്‍ഭാഗ്യവശാല്‍ ഉണ്ടാകുന്നില്ല. പകരം, നല്ല മഴയ്ക്കായി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുന്ന സ്ഥിതിയാണ് രാജ്യത്തെമ്പാടുമുള്ളത്. പത്താം പദ്ധതിക്കാലത്ത് (2002-07) 41,110 മെഗാവാട്ട് അധിക ഉല്പാദനശേഷി കൈവരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 20,950 മെഗാവാട്ട്  മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത് - പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും 49% കുറവ്. സാങ്കേതിക വിദ്യ കൈമാറുന്നതില്‍ വന്ന കാലതാമസം, ഫണ്ടിന്റെ അപര്യാപ്തത, പ്രകൃതി ദുരന്തങ്ങള്‍ മുതലായവ കാരണമാണ് ഇത്തരത്തില്‍ വീഴ്ച സംഭവിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. പതിനൊന്നാം പദ്ധതിയുടെ ആദ്യവര്‍ഷങ്ങളിലും പ്രകടമായ വ്യത്യാസം കാണാന്‍ കഴിഞ്ഞിട്ടില്ല. 2008-09 സാമ്പത്തികവര്‍ഷം 11,000 മെഗാവാട്ട് അധിക ഉല്പാദന ശേഷി ലക്ഷ്യമിട്ടെങ്കിലും കൈവരിച്ചത് 3500 മെഗാവാട്ട് മാത്രമാണ്. ഈ അവസ്ഥ തുടര്‍ന്ന് പോകുകയാണെങ്കില്‍ പതിനൊന്നാം പദ്ധതിക്കാലത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 78,577 മെഗാവാട്ട് ശേഷി വര്‍ദ്ധനവിന്റെ 30% പോലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.


വൈദ്യുതി രംഗത്ത് വന്‍കുതിച്ചുചാട്ടം പ്രതീക്ഷിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട വൈദ്യുതി നിയമം 2003 വന്‍പരാജയമാണെന്ന് ഇപ്പോള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധി തെളിയിച്ചിരിക്കുകയാണ്. വൈദ്യുതി ഉല്പാദന-വിതരണ രംഗത്ത് സ്വകാര്യമൂലധന ശക്തികള്‍ എത്തിച്ചേര്‍ന്നാല്‍ ഗുണനിലവാരമുള്ള കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി യഥേഷ്ടം ലഭ്യമാകുമെന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇപ്പോള്‍ വെളിവാക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനവൈദ്യുതി ബോര്‍ഡുകളെ പിരിച്ച് വിട്ട് സ്വകാര്യവല്‍ക്കരിക്കുക എന്ന ഏക ലക്ഷ്യം മാത്രമായിരുന്നോ വൈദ്യുതനിയമം 2003 ന് ഉണ്ടായിരുന്നത് എന്ന് സംശയിക്കത്തക്ക നിലയിലേക്കാണ് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നത്.


ഉല്പാദന വിതരണ രംഗങ്ങളിലും ട്രേഡിംഗിലും കടന്നുവന്ന സ്വകാര്യ താല്പര്യങ്ങള്‍ പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്തത്.


ഇന്ത്യയുടെ വൈദ്യുതി മേഖലയെ ബാധിച്ച ഗ്രഹണമായി മാറിയിരിക്കുകയാണ് വൈദ്യുതി നിയമം 2003.


വൈദ്യുതി ഉല്പാദന രംഗത്ത് വലിയ മുന്നേറ്റം വരുന്ന നാളുകളില്‍ ഉണ്ടായില്ലെങ്കില്‍“എല്ലാവര്‍ക്കും വൈദ്യുതി എന്നത് വിദൂര സ്വപ്നമായി അവശേഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2919
mod_vvisit_counterYesterday4913
mod_vvisit_counterThis Month97356
mod_vvisit_counterLast Month141147

Online Visitors: 69
IP: 54.225.31.188
,
Time: 15 : 07 : 24