കേന്ദ്ര ഊര്‍ജമന്ത്രി ശ്രീ. സുശീല്‍ കുമാര്‍ ഷിന്‍ഡേ വിളിച്ചു ചേര്‍ത്ത സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗം നവംബര്‍ 15ന് ഡല്‍ഹിയില്‍ നടന്നു. വൈദ്യുതി ഉല്പാദന വര്‍ദ്ധനവ്, ഓപ്പണ്‍ ആക്സസ്, ആര്.ജി.ജി.വി.വൈ, റീസ്ട്രക്ച്ചേര്‍ഡ് എ.പി.ഡി.ആര്.പി. എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ടകള്‍.
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പുതുക്കിയ കണക്കനുസരിച്ച് 78000 മെഗാവാട്ട് ഉല്പാദന വര്‍ദ്ധനവാണ് 11-ാം പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ നിലയില്‍ 50,000-60,000 മെഗാവാട്ടിലധികം നേടിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ശക്തമായ മോണിറ്ററിംഗുണ്ടായാല് മാത്രമേ ഇതുപോലും കൈവരിക്കാനാവൂ. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമാണെന്ന് കേന്ദ്രഊര്‍ജ മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഉല്പാദന വര്‍ദ്ധനവ് കൈവരിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ചാല്‍ മാത്രമേ കഴിയുകയുള്ളൂ എന്നും ലാഭകരമാണെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ മുതല്‍ മുടക്കി മൂലധന ശക്തികള്‍ ഈ രംഗത്ത് കടന്നു വരുകയുള്ളൂ എന്നും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു.
സ്വകാര്യ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്കാന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഓപ്പണ്‍ ആക്സസ്. അന്തര്‍ സംസ്ഥാന പ്രസരണ ശൃംഖലയില്‍ ഇപ്പോള്‍ത്തന്നെ ഓപ്പണ്‍ ആക്സസ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഓപ്പണ്‍ ആക്സസിന് അനുകൂലമായ നിലപാടല്ല സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. വിതരണ മേഖലയിലും വിവേചനരഹിതമായ ഓപ്പണ്‍ ആക്സസ് ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും കേന്ദ്രഊര്‍ജമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സി.ഇ.എ.യുടെ അവതരണവും യോഗത്തിലുണ്ടായി.
ആര്.ജി.ജി.വി.വൈ. സംബന്ധിച്ച് ആര്.ഇ.സി.യുടെ പ്രതിനിധിയും റീസ്ട്രക്ചേര്‍ഡ് എ.പി.ഡി.ആര്.പി. സംബന്ധിച്ച് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് പ്രതിനിധിയും അവലോകന റിപ്പോര്‍ട്ട് വെച്ചു.
വിതരണ ഫ്രാഞ്ചൈസികളെ കണ്ടെത്തി ചുമതലപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നതാണ് ആര്.ജി.ജി.വി.വൈ പദ്ധതിയിലെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
കേരളത്തിന്റെ 11-ാം പദ്ധതിയിലെ ടാര്‍ജറ്റായി സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി നിശ്ചയിച്ചിട്ടുള്ളത് 160 മെഗാവാട്ട് ആണ്. ഇപ്പോള്‍ കമ്മീഷന് ചെയ്തു കഴിഞ്ഞിട്ടുള്ള നേര്യമംഗലം എക്സറ്റന്ഷന് അടക്കം 90 മെഗാവാട്ട് ശേഷി കേരളം കൈവരിച്ചു കഴിഞ്ഞു. ഈ വര്‍ഷം തന്നെ കുറ്റ്യാടി അഡിഷണല്‍ എക്സറ്റന്ഷന് കമ്മീഷന് ചെയ്യും. അങ്ങിനെ കേന്ദ്രം വിഭാവനം ചെയ്ത ലക്ഷ്യം മറികടക്കാന്‍ കേരളത്തിനാകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി ശ്രീ. എ.കെ. ബാലന് യോഗത്തെ അറിയിച്ചു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജാവശ്യകത നിറവേറ്റാന്‍ ഇതു മതിയാവില്ല. കായംകുളം വിപുലീകരണം, ചീമേനി മെഗാ താപനിലയം തുടങ്ങിയവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി ഈ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പിന്തുണ ആവശ്യമാണെന്ന് അഭ്യര്‍ത്ഥിച്ചു.
സ്വകാര്യ മേഖലയ്ക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്നതിലൂടെ വൈദ്യുതി വികസനം സാദ്ധ്യമാകും എന്നത് തെറ്റായ ധാരണയാണെന്ന് അനുഭവങ്ങളില്‍ നിന്ന് ബോധ്യമാകണമെന്നും, സാമൂഹ്യ വികസനത്തിനുള്ള മുഖ്യ ഉപാധിയെന്ന നിലയില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ചു മാത്രമേ ഈ രംഗത്ത് മുന്നേറാന്‍ കഴിയുകയുള്ളൂ എന്നും കേരളം യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ഇലക്ട്രിസിറ്റി ആക്ട് 2003 അനുസരിച്ച് ഓപ്പണ്‍ ആക്സസിന് അനുവാദം നല്കാന് കേരളം തയ്യാറാണ്. എന്നാല്‍ ഇത് സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് കാരണമാകരുത്. ഇത് ഉറപ്പുവരുത്തുന്നതിന് സംസ്ഥാനം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് നയപരമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത നടപടിയില്‍ കേരളം ഉറച്ചു നില്‍ക്കുകയാണ്. നിയന്ത്രണമില്ലാത്ത ഓപ്പണ്‍ ആക്സസ് വൈദ്യുതി മേഖലയ്ക്ക് ഗുണകരമാവില്ലെന്നും കേരളം വ്യക്തമാക്കി.
ആര്.ജി.ജി.വി.വൈ. പദ്ധതിയില്‍ ആകെ അനുവദിച്ച 567 പദ്ധതികളില്‍ ഒന്നു മാത്രമാണ് കേരളത്തിന് ലഭിച്ചത്. 26000കോടി രൂപയാണ് ഇതുവരെ പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. ഇതില്‍ ഇടുക്കി ജില്ലയ്ക്ക് ലഭിച്ച 19.75 കോടി രൂപയുടെ പദ്ധതി മാത്രമാണ് കേരളത്തിന് ലഭ്യമായത്.കേരളത്തോട് കാണിച്ച ഈ അവഗണന തിരുത്തണമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന പരിഷ്കരണ നിര്‍ദ്ദേശങ്ങളോട് തത്വത്തില്‍ വിയോജിപ്പുള്ള സമീപനമല്ല ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന തൃപുര, ബംഗാള്‍, കേരളം എന്നിവയൊഴിച്ചുള്ള സംസ്ഥാനങ്ങളൊന്നും സ്വീകരിച്ചത്. എന്നാല്‍ ഓപ്പണ്‍ ആക്സസ്, ഫ്രാഞ്ചൈസി തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള പരിമിതികള്‍ മറ്റ് സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നത് പ്രായോഗികമായി കുഴപ്പമുണ്ടാക്കുമെന്നു തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ജനതാല്പര്യമല്ല, മൂലധന ശക്തികളുടെ ലാഭ താല്പര്യമാണ് ഭരണവര്‍ഗ്ഗത്തിന്റെ ലക്ഷ്യമെന്നതിനാല്‍ തങ്ങളുടെ നയങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് അവര്‍ തയ്യാറാകുന്നത്. എന്നാല്‍ വളര്‍ന്നു വരുന്ന ജനകീയ പ്രതിഷേധങ്ങള്‍ ഉദ്ദേശിച്ച വേഗതയില്‍ ഈ നയങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമാകുകയും ചെയ്യുന്നു. സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഈ വസ്തുത ശരിവെക്കുന്നതായിരുന്നു.