
കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ കൊണ്ടുമാത്രം ധനകമ്മി നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമല്ല നിലവിലുള്ളത് കഴിഞ്ഞനാളുകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നിരവധി നടപടികള്‍ മൂലമാണ് കമ്മി ഈ നിലയ്ക്കെങ്കിലും പരിമിതപ്പെടുത്താന്‍ സാധിച്ചിട്ടുള്ളത്. പ്രസരണ വിതരണ പദ്ധതികള്‍ റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചതിലൂടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറി. ഈ വര്‍ഷം കേവലം 15.8 ശതമാനം നഷ്ടമാണ് കേരളത്തില്‍ കണക്കാക്കുന്നത്. ഇത് ദേശീയ ശരാശരിയായ 35 ശതമാനത്തേക്കാള്‍ ഏറെ കുറവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നതുമാണ്. മികച്ച ധന മാനേജ്മെന്റിലൂടെ 2004 ലെ 5355 കോടിയുടെ കടം കേവലം 1500 കോടിയായി കുറച്ചുകൊണ്ടുവരികയും പലിശച്ചിലവുകളില് ഗണ്യമായ കുറവ് സൃഷ്ടിക്കുകയും ചെയ്തു. ഈ നിലയ്ക്കുള്ള വിവിധ നടപടികളിലൂടെ ഈ വര്‍ഷം മാത്രം ബോര്‍ഡിന്റെ ചിലവില്‍ ഏകദേശം 2000 കോടി രൂപയുടെ കുറവുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കേന്ദ്ര പ്ളാനിംഗ് കമ്മീഷന് കണക്കാക്കിയ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ പ്രതിവര്‍ഷ നഷ്ടം 70,000 കോടി രൂപയായി വര്‍ദ്ധിച്ചപ്പോള്‍ പോലും കേരളത്തില്‍ നിരക്ക് വര്‍ദ്ധനവ് ഒഴിവാക്കി പിടിച്ചുനില്‍ക്കാനായത് ഇത്യാദി നടപടികളിലൂടെയാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആഭ്യന്തരകാര്യക്ഷമതാ വര്‍ദ്ധനവ് വഴിമാത്രം കമ്മീഷന് കണക്കാക്കിയ കമ്മി പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്.
കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ കേവലം 10 ശതമാനം കണ്ടെത്താന്‍ കമ്പോളത്തേയും നാഫ്ത, ഡീസല്‍ വൈദ്യുതിയേയും ആശ്രയിക്കുമ്പോള്‍ ഇവയ്ക്കായി നീക്കിവെയ്ക്കേണ്ടി വരുന്നത് ആകെ വൈദ്യുതി വാങ്ങല്‍ ചിലവിന്റെ 40 ശതമാനത്തിലധികമാണ്. ചിലവ് കുറഞ്ഞ ജല - കല്‍ക്കരി വൈദ്യുതിയുടെ ലഭ്യത വര്‍ദ്ധിപ്പിച്ചു മാത്രമേ വൈദ്യുതി വാങ്ങല്‍ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയൂ. 2000 ല്‍ അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതി ഇതിനകം നടപ്പാക്കിയിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ധന കമ്മിയില്‍ ചുരുങ്ങിയത് 300 കോടി രൂപയുടെ കുറവുണ്ടാകുമായിരുന്നു എന്ന വസ്തുത ഏവരുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിനനുവദിച്ച ബൈതരണി കല്‍ക്കരി ഖനി ഉപയോഗപ്പെടുത്തി ചീമേനിയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ട വൈദ്യുത പദ്ധതിയും വൈദ്യുതി വാങ്ങല്‍ ചിലവ് ഗണ്യമായി നിയന്ത്രിക്കാന്‍ സഹായകരമായ പദ്ധതിയാണ്. അതിരപ്പിള്ളി പദ്ധതിയുടെ അനുമതി പിന്‍വലിക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം തടയാനും ചീമേനി പദ്ധതിയുടെ അനുമതികള്‍ വേഗം നേടിയെടുത്തു പദ്ധതി യാഥാര്‍ത്ഥ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം കേന്ദ്ര വൈദ്യുത പദ്ധതികളില്‍ നിന്നും കേരളത്തിനര്‍ഹമായ അണ് അലോക്കേറ്റഡ് വിഹിതം അനുവദിച്ച് കിട്ടുന്നത് ധന കമ്മി ഉടനടി കുറയ്ക്കാന്‍ സഹായകരമാണ്. നിലവിലുള്ള വിവിധ കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള അണ് അലോക്കേറ്റഡ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും ഉടനടി ഉല്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സിംഹാദ്രി, കൂടംകുളം, വളളൂര്‍ പദ്ധതികളില്‍ നിന്നും അര്‍ഹമായ അണ് അലോക്കേറ്റഡ് വിഹിതം വാങ്ങിയെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജനറല്‍ സെക്രട്ടറി
പത്രക്കുറിപ്പ് - ജൂൺ 12, 2011