KSEBOA - KSEB Officers' Association

Monday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ CFL ന്റെ ലാഭ നഷ്ടങ്ങള്‍

CFL ന്റെ ലാഭ നഷ്ടങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
CFLകേരളത്തിലെ വൈദ്യുതി രംഗത്ത് ഈയിടെ നടപ്പാക്കിയ പരിപാടികളില്‍ ഏറ്റവും ജന ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൌജന്യ നിരക്കില്‍ 1.5 കോടി CFL ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പരിപാടി. വളരെ ചുരുങ്ങിയ കാലയളവില്‍ത്തന്നെ 85 ലക്ഷത്തോളം ബള്‍ബുകള്‍ വിതരണം ചെയ്യപ്പെട്ടുവെന്നത് പരിപാടിയുടെ വിജയം സൂചിപ്പിക്കുന്നതാണ്. വടക്കന്‍ കേരളത്തില്‍ വിതരണം ഇപ്പോള്‍ ആരംഭിച്ചിട്ടുമുണ്ട്. വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും കെ.എസ്.ഇ.ബി. യ്ക്കും ഒരു പോലെ പ്രയോജനകരമായ ഈ പദ്ധതി കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും, പൊതുവില്‍ ജനങ്ങളാകെയും സ്വാഗതം ചെയ്യുന്നതായാണനുഭവം.

കെ.എസ്.ഇ.ബി. യ്ക്കും ഉപഭോക്താക്കള്‍ക്കുമുള്ള കേവലമായ സാമ്പത്തിക നേട്ടങ്ങള്‍ക്കുമപ്പുറമുള്ള മാനങ്ങളും ഈ പരിപാടിക്കുണ്ട്. ഭൂമിയുടെ നില നില്പ്പിനുതന്നെ ഭീഷണിയുയര്‍ത്തുന്ന ആഗോള താപനത്തില്‍ വൈദ്യുതി മേഖല ഒരു മുഖ്യ പങ്ക് വഹിക്കുന്നതായാണ് ശാസ്ത്ര സമൂഹം കണക്കാക്കുന്നത്. ഖനിജ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പ്പാദനത്തോടൊപ്പം അന്തരീക്ഷത്തിലേക്ക്  പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹ വാതകങ്ങള്‍ ആഗോളതാപനത്തിന് ഇടയാക്കുന്നുണ്ട് . വാതക പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്വം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് വികസിത - വികസ്വര രാഷ്ട്രങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുകയാണ്. എന്നിരുന്നാലും മാനവരാശിയെ ആകെ ബാധിക്കുന്ന ഗൌരവമേറിയ പ്രശ്നമെന്ന നിലയില്‍ വൈദ്യുതിയുടെ ദുരുപയോഗം ഒഴിവാക്കുക, കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുക, വൈദ്യുതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവ എല്ലാ രാജ്യങ്ങളിലും തര്‍ക്കമെന്യേ നടപ്പാക്കേണ്ടവയാണ്. കേരളം ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള CFL വിതരണ പരിപാടി ഈ നിലയ്ക്ക് മാതൃകാപരമെന്ന പ്രശംസ പൊതുവില്‍ നേടിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെയാകെ പിന്തുണയും ഈ പരിപാടിക്ക് ലഭിച്ചു വരുന്നുണ്ട്.

എന്നിരുന്നാലും ചില കോണുകളില്‍ നിന്നും ഏതാനും സംശയങ്ങളും ആശങ്കകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ശ്രീ. കെ.ആര്‍ .ഉണ്ണിത്താന്റെതായി ജൂണ്‍ 19 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ ഇവ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉപഭോക്താവിന് ഈ പദ്ധതികൊണ്ട് നേട്ടമുണ്ടാകുമെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ബോര്‍ഡിന് സാമ്പത്തിക കോട്ടമുണ്ടാകുമെന്നും CFL ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള വാദമാണ് മുഖ്യമായും ഉയര്‍ന്നു വന്നിട്ടുള്ളത്. ഒപ്പം CFL ന് പകരമായി സാധാരണ ബള്‍ബുകള്‍ തിരികെ വാങ്ങുന്നതിന്റെ ആവശ്യകതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഫലത്തില്‍ CFL വിതരണ പരിപാടി ബോര്‍ഡിനും ജനങ്ങള്‍ക്കും ഗുണകരമല്ലാത്ത ഒന്നാണെന്ന നിഗമനമാണ് ലേഖനത്തില്‍ കാണുന്നത്. എന്നാല്‍ ഈ നിഗമനത്തിനാധാരമായി ഉപയോഗിച്ചിട്ടുള്ള കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയിട്ടുള്ള വാദങ്ങളാകെ നിലനില്ക്കുന്നതല്ലെന്ന് ആര്‍ക്കും കാണാന്‍ കഴിയും.

കണക്കുകള്‍ പറയുന്നത്

ബള്‍ബുകളുടെ ആയുസ്സുമായി ബന്ധപ്പെടുത്തിയാണ് ഈ പരിപാടിയുടെ സാമ്പത്തിക വിശകലനമാകെ നടത്തിയതായി കാണുന്നത്. 6000 മുതല്‍ 15,000 മണിക്കൂര്‍ വരെ ആയുസ്സാണ് CFL ബള്‍ബുകള്‍ക്ക് ഉള്ളതെന്ന് സൂചിപ്പിച്ചുകൊണ്ട് ദിവസേന 4 മണിക്കൂര്‍ വരെ ഉപയോഗിക്കുന്ന ബള്‍ബുകളുടെ ആയുസ്സ് 8 മുതല്‍ 21 മാസം വരെയെന്ന കണക്ക് തന്നെ ഉദാഹരണം. ഇത്തരം ബള്‍ബുകള്‍ക്ക് നിര്‍മ്മാതാക്കള്‍ 1 വര്‍ഷം ഗ്യാരന്റി എങ്ങിനെ തരുമെന്ന് ആലോചിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു പിശകാണിത്. 4 മണിക്കൂര്‍ ദിവസേന ഉപയോഗിക്കുന്ന ഒരു ബള്‍ബ് ഒരു മാസം പരമാവധി ഉപയോഗത്തിലുണ്ടാവുക 124 മണിക്കൂറാണ്. ഒരു വര്‍ഷമാകട്ടെ 1460 മണിക്കൂറും. അഥവാ ഗുണ നിലവാരമുള്ള ഒരു CFL ബള്‍ബ് ദിവസേന 4 മണിക്കൂര്‍ തോതില്‍ ഉപയോഗിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 4 വര്‍ഷം ഉപയോഗത്തിലുണ്ടാകുമെന്നാണ് അനുഭവവും കണക്കുകളും വ്യക്തമാക്കുന്നത്. CFL ബള്‍ബിന്റെ ശരാശരി ആയുര്‍ദൈഘ്യത്തിനുള്ളില്‍ ഉപഭോക്താവിനും ബോര്‍ഡിനും ഉണ്ടാകുന്ന സാമ്പത്തിക നേട്ട വിശകലനം ഈ പിശക് മൂലം സ്വാഭാവികമായും തെറ്റിദ്ധാരണാജനകമായി. യഥാര്‍ത്ഥ ആയുര്‍ ദൈഘ്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഉപഭോക്താവിന് ഉണ്ടാകുന്ന നേട്ടം 188 രൂപ എന്നത് ചുരുങ്ങിയത് 1010 രൂപയായി മാറും. ബോര്‍ഡിന്റെ ചിലവില്‍ പ്രതിമാസം ഉണ്ടാകുന്ന കുറവായി ചൂണ്ടിക്കാട്ടിയ 4.8 കോടി രൂപ എന്ന നിരക്കില്‍ പോലും കണക്കാക്കിയാല്‍ CFL ന്റെ ഉപയോഗ കാലയളവിനുള്ളില്‍ ബോര്‍ഡിനുണ്ടാകുന്ന നേട്ടം ഏകദേശം 230 കോടി രൂപ വരും.

ഇത് കണക്കിലുള്ള പിശക് തിരുത്തുമ്പോള്‍ വരുന്ന സ്വാഭാവിക മാറ്റം. ബോര്‍ഡിനുണ്ടാകുന്ന സാമ്പത്തിക നേട്ടം കണക്കാക്കാന്‍ സ്വീകരിച്ച രീതിയും ശാസ്ത്രീയതയുള്ളതല്ല. ബോര്‍ഡിന്റെ റവന്യൂ ഗ്യാപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി വില്ക്കുമ്പോള്‍ ശരാശരി 58 പൈസ നഷ്ടമുണ്ടാകുമെന്നും ഉപയോഗം കുറയുന്നതനുസരിച്ച് ഈ നഷ്ടം ഒഴിവാക്കാമെന്നുമുള്ള യുക്തിയാണ് ഇതിനായി സ്വീകരിച്ചുകാണുന്നത്. ശരാശരി വൈദ്യുതി വില്പന വിലയും ശരാശരി വിതരണ ചിലവും തമ്മിലുള്ള അന്തരമാണ് ഇതിനാധാരമാക്കിയിട്ടുള്ളത്. ഇവിടെ കണക്കിലെടുക്കേണ്ട രണ്ട് വസ്തുതകള്‍ ഉള്‍പ്പെടുത്താതിരുന്നത് നേട്ടം കുറച്ചുകാണിക്കാന്‍ ഇടയാകുന്നുണ്ട്.  ഒന്നാമതായി ഇഎഘ ബള്‍ബുകള്‍ വിതരണം ചെയ്യുന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയില്‍ മാത്രമാണ്. ഗാര്‍ഹിക ഉപഭോക്താക്കളുടെ ശരാശരി വൈദ്യുതി നിരക്ക് യൂണിറ്റിന് 1.92 രൂപയാണ്. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായുള്ള ശരാശരി വില്പന നിരക്ക് യൂണിറ്റിന് 3.28 രൂപയാണ്. സ്വാഭാവികമായും കുറഞ്ഞനിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ഗാര്‍ഹിക വിഭാഗത്തില്‍ ഉണ്ടാകുന്ന ഉപഭോഗക്കുറവുമൂലം ഉണ്ടാകുന്ന സാമ്പത്തിക നേട്ടം മേല്‍ ചൂണ്ടിക്കാട്ടിയതിലും അധികമാവും. രണ്ടാമതായി ശരാശരി വിതരണ ചിലവിനേക്കാള്‍ ഇവിടെ എടുക്കേണ്ട ഘടകം കമ്പോളത്തില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ നിരക്കാണ്. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ കമ്പോളത്തില്‍ നിന്നു വാങ്ങിയ വൈദ്യുതി കൂടാതെ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 1300 ദശലക്ഷം യൂണിറ്റ വൈദ്യുതി കൂടി കമ്പോളത്തില്‍ നിന്നും വാങ്ങേണ്ടതുണ്ട് എന്നാണ് കാണുന്നത്. കൂടംകുളം, നെയ്വേലി തുടങ്ങിയ പദ്ധതികളുടെ കമ്മീഷനിങ്ങ് വൈകുന്നത് ഇതിന് ഇടയാക്കുന്നുണ്ട്. കമ്പോളത്തിലെ വൈദ്യുതി നിരക്കുകള്‍ യൂണിറ്റിന് 5 രൂപ മുതല്‍ 16 രൂപ വരെ ചാഞ്ചാടി കളിക്കുന്നതാണ്. കേരളത്തിലെ വൈദ്യുതി ഉപയോഗത്തിലുണ്ടാകുന്ന കുറവിനനുസൃതമായി കമ്പോളത്തില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാമെന്നതിനാല്‍ ചിലവിനത്തിലുണ്ടാകുന്ന കുറവ് ഗണ്യമായിരിക്കും. ഈ നിലയ്ക്ക് നോക്കുമ്പോള്‍ നേരത്തെ ചൂണ്ടിക്കാട്ടിയ 230 കോടി രൂപയിലും അധികമാവും 95 കോടി രൂപയുടെ ഈ പരിപാടി നടപ്പാക്കുന്നതുവഴി ബോര്‍ഡിന്റെ ചിലവിനത്തിലുണ്ടാകുന്ന കുറവ്. ഈ നേട്ടമാകട്ടെ സ്വാഭാവികമായും കേരളത്തിലെ ജനങ്ങളിലേക്ക് തന്നെയാണ് എത്തിച്ചേരുക. ഇതിനു പുറമേയാണ് കാര്‍ബണ്‍ ക്രഡിറ്റ് മാര്‍ക്കറ്റ് ഉപയോഗപ്പെടുത്തുന്നതു വഴി ലഭിക്കുന്ന വരുമാനം. ലേഖകന്‍ തന്നെ 10 മുതല്‍ 20 കോടി രൂപ വരെ ഇതിലൂടെ ലഭിക്കുമെന്ന് കണക്കാക്കുന്നുണ്ട്. ഇപ്പോഴത്തെ കാര്‍ബണ്‍ ക്രഡിറ്റ് നിലവാരമനുസരിച്ച്  ഇതിലുമധികം വരുമാനം സംസ്ഥാനത്തിന് ലഭിക്കും എന്നാണ് കാണുന്നത്. 

ഉപഭോക്താക്കള്‍ പ്രതിദിനം 4 മണിക്കൂറിന്റെ സ്ഥാനത്ത് കുറഞ്ഞ നേരം മാത്രമേ CFL ഉപയോഗിക്കുന്നുള്ളൂവെങ്കില്‍ നേട്ടം കുറവാകും എന്ന അനുമാനവും യുക്തിക്ക് നിരക്കുന്നതല്ല. കാരണം CFL ന്റെ ആയുര്‍ദൈഘ്യത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മേല്‍ കണക്കുകള്‍ . ഉപയോഗം കുറയുന്നതനുസരിച്ച് നേട്ടം കൂടുതല്‍ സമയമെടുത്തേ ലഭിക്കൂ എന്നുമാത്രം; ഉപഭോക്താവിനും, ബോര്‍ഡിനും.

90 ശതമാനം ഉപഭോക്താക്കളും സാധാരണ ബള്‍ബുകള്‍ പുതുതായി വാങ്ങി നല്കിയാണ് CFL ബള്‍ബുകള്‍ കൈക്കലാക്കിയതെന്ന ആക്ഷേപം ഗൌരവമായി പരിശോധിക്കപ്പെടേണ്ടതാണ്. കാരണം, ഉപയോഗത്തിലുള്ള സാധാരണ ബള്‍ബുകള്‍ക്ക് പകരമായി CFL ബള്‍ബുകള്‍ ഉപയോഗിക്കുമ്പോഴേ മേല്‍ നേട്ടങ്ങള്‍ ലഭിക്കൂ. എന്നാല്‍ 90 ശതമാനം എന്ന കണക്ക് എങ്ങിനെ ലഭിച്ചുവെന്ന് ഇനിയും വ്യക്തമല്ല. കണക്കിനാധാരമാക്കിയ സര്‍വ്വേ കൃത്യതയാര്‍ന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആധികാരികമായ ഒരു സര്‍വ്വേ പ്രകാരം കേരളത്തിലെ 90 ശതമാനം വീടുകളിലും ഒരു സാധാരണ ബള്‍ബ് വീതമെങ്കിലും ഉപയോഗത്തിലുണ്ട്. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതാകട്ടെ ഉപയോഗത്തിലുള്ള ബള്‍ബ് നല്കി പകരമായി സൌജന്യ നിരക്കിലുള്ള CFL കൈപ്പറ്റാനാണ്. സാധാരണ ബള്‍ബ് നിലവില്‍ ഉപയോഗിക്കാത്ത ആരും തന്നെ CFL നിര്‍ബന്ധമായി വാങ്ങണമെന്ന ഒരു വ്യവസ്ഥയും കെ.എസ്.ഇ.ബി. ഏര്‍പ്പെടുത്തിയതായി അറിവില്ല. 60 വാട്ടിന്റെ ബള്‍ബ് തന്നെ പകരമായി നല്കണമെന്ന വ്യവസ്ഥ മൂലം ചില ബുദ്ധിമുട്ടുകള്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി തയ്യാറാക്കിയ ബചത് ലാമ്പ് യോജന (BLY) പദ്ധതിക്ക് ഐക്യ രാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള UNFCC യുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിതെന്നതിനാല്‍ അവരുടെ നിബന്ധനകള്‍ നമുക്കും പാലിക്കേണ്ടിവരുന്നതിനാലാണ് ഈ നിലയ്ക്കുള്ള വ്യവസ്ഥകള്‍ ഒഴിവാക്കാനാകാത്തത്. CFL ബള്‍ബിന് 15 രൂപ തോതില്‍ ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കണമെന്നതും BLY പദ്ധതി രൂപകല്പ്പനയില്‍ ഉള്‍പ്പെട്ടതാണ്.

BLY പദ്ധതിയുടെ ലക്ഷ്യമാകട്ടെ KSEB യുടെയോ ഉപഭോക്താക്കളുടെയോ സാമ്പത്തിക നേട്ടമേയല്ല. അതുകൊണ്ടുതന്നെ ആ നിലയ്ക്കുള്ള പദ്ധതി വിശകലനത്തില്‍ വലിയ പ്രസക്തിയുമില്ല. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതു കൂടി പരിശോധക്കാന്‍ മുതിര്‍ന്നുവെന്നേയുള്ളു.  ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കാര്യക്ഷമത കൂടിയ വൈദ്യുതോപകരണങ്ങളിലേക്ക് മാറാനുള്ള സൌകര്യം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതു വഴി KSEBക്ക് ഏതെങ്കിലും രീതിയില്‍ ബാധ്യത വരുമെന്ന പ്രചാരണത്തിലും കഴമ്പില്ല. കേരളത്തില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ EMC യാണ് നടപ്പാക്കുന്നത്. ഇതിനായി EMC ക്ക് സംസ്ഥാന സര്‍ക്കാര്‍ 40 കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. കാര്‍ബണ്‍ ക്രഡിറ്റ് ലഭ്യമാകുന്ന മുറയ്ക്ക് തിരിച്ചടവ് ക്രമീകരിച്ചുകൊണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ EMC യ്ക്ക് ലഭ്യമാക്കാനുള്ള സൌകര്യങ്ങള്‍ KSEB ഒരുക്കുകയും ചെയ്യുന്നുണ്ട്.

പരിസ്ഥിതി - ആരോഗ്യപ്രശ്നങ്ങള്‍

കേരളത്തില്‍ CFL ബള്‍ബുകള്‍ കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഉപയോഗിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി വാണിജ്യ ഉപഭോക്താക്കള്‍ വ്യാപകമായി ഇത് ഉപയോഗിച്ചു വരുന്നുമുണ്ട്. അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ട്യൂബ് ലൈറ്റുകള്‍ കേരളീയര്‍ ഉപയോഗിക്കുന്നുണ്ട്. CFL ന്റെയും ട്യൂബ് ലൈറ്റുകളുടെയും സാങ്കേതിക വിദ്യ സമാനമായതാണ്. സാധാരണ ബള്‍ബുകളുടെ സ്ഥാനത്ത് അതേ ഹോള്‍ഡറുകളില്‍ ഉപയോഗപ്പെടുമെന്നത് മാത്രമാണ് പ്രധാന വ്യത്യാസം. ഇതുമൂലം CFL ട്യൂബിനോടൊപ്പം ചോക്കും ഒരുമിച്ച് ഘടിപ്പിച്ചാണ് വിപണിയില്‍ ലഭ്യമാക്കുന്നത്. ട്യൂബ് ലൈറ്റുകളുടെയും CFL ബള്‍ബുകളുടെയും പതിറ്റാണ്ടുകളിലെ ഉപയോഗത്തിലൂടെ കേരളീയര്‍ക്ക് ത്വക്ക് രോഗമടക്കമുള്ള ഏതെങ്കിലും രോഗം പിടിപെട്ടതായി അറിവില്ല.

അതേ സമയം ഈ ട്യൂബുകളില്‍ ഉപയോഗിക്കുന്ന മെര്‍ക്കുറി അലക്ഷ്യമായി കൈകാര്യം ചെയ്യാന്‍ ഇടയാകുന്നത് ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാകുമെന്നത് അവഗണിച്ചുകൂടാ. CFL ബള്‍ബുകളില്‍ 5 മുതല്‍ 8 മില്ലിഗ്രാം വരെ മെര്‍ക്കുറി കാണപ്പെടുമ്പോള്‍ സാധാരണ ട്യൂബ് ലൈറ്റുകളില്‍ അവയുടെ അളവ് 20 മില്ലിഗ്രാംവരെയാണ്. ഇതോടൊപ്പം തന്നെ വിവിധ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും ഗൌരവമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇവയുടെ ശേഖരണത്തിനും സുരക്ഷിതമായ റീസൈക്ളിംഗിനും ഉള്ള പരിപാടികള്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ ആസൂത്രണം ചെയ്തുവരുന്നതായാണ് അറിയുന്നത്.

വൈദ്യുതി പ്രതിസന്ധിയുംCFL ഉം

കേരളം വൈദ്യുതി രംഗത്ത് അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധികളിലൊന്ന് വൈകന്നേരങ്ങളിലെ വളരെ ഉയര്‍ന്ന ആവശ്യകതയാണ്. ഗാര്‍ഹിക ഉപഭോക്തക്കളുടെ എണ്ണം ആകെ ഉപഭോക്താക്കളുടെ 75 ശതമാനത്തോളമാണ് കേരളത്തില്‍. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രത്യേകതയാണിത്. ഇതുമൂലം കഴിഞ്ഞ നാളുകളില്‍ കേരളത്തിന്റെ പീക്ക് ഡിമാന്റ് ദേശീയ പവര്‍ സര്‍വ്വേയില്‍ കണക്കാക്കിയതിലും അധികമായി വര്‍ദ്ധിച്ചുവരികയായിരുന്നു. ഈ ആവശ്യകത നിറവേറ്റാന്‍ പലപ്പോഴും കഴിയാതിരുന്നതുമൂലം ലോഡ്ഷെഡ്ഡിംഗ് അടക്കമുള്ള വൈദ്യുതി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. CFL വിതരണ പരിപാടിയുടെ ഭാഗമായി ഈ പ്രശ്നത്തിന് ചുരുങ്ങിയ തോതിലെങ്കിലുമുള്ള ആശ്വാസം ഇപ്പോള്‍ ലഭിച്ചുവരുന്നുണ്ട്. പീക്ക് ആവശ്യകതയും ആകെ ഊര്‍ജ്ജ ആവശ്യകതയും തമ്മിലുള്ള പൊരുത്തം (പൊരുത്തമില്ലായ്മ്മയും) കണക്കാക്കാന്‍ ഉപയോഗിക്കുന്ന ലോഡ് ഫാക്ടര്‍ എന്ന സൂചകത്തില്‍ ക്രമാനുഗതമായി കാണുന്ന മെച്ചപ്പെടല്‍ നല്കുന്ന സൂചന അതാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഏകദേശം 150 MW ന്റെയും മെയ് മാസത്തില്‍ ഏകദേശം 230 MW ന്റെയും ആശ്വാസം പീക്ക് ഡിമാന്റില്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ലോഡ് ഷെഡ്ഡിങ്ങ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇതുവഴി സാധിച്ചിട്ടുണ്ട്.  CFL വിതരണവും പത്ര ദൃശ്യ മാധ്യമങ്ങള്‍ നല്കിയ പ്രചാരണവും പിന്തുണയും ജനങ്ങള്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ തയ്യാറായതിന്റെയും എല്ലാം അടിസ്ഥാനത്തിലാണ് ഈ ആശ്വാസം ലഭിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യകത തടസ്സമില്ലാതെ നിറവേറ്റുന്നതിനുള്ള ഒരു ഹ്രസ്വകാല നടപടി മാത്രമാണ് CFL വിതരണത്തിലൂടെ നടപ്പാക്കുന്നത്. കേരളത്തിന്റെ വ്യവസായിക വികസനത്തിന്റെയും ആധുനിക ജീവിത രീതികളുടെയും ഫലമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ ആവശ്യകത ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിറവേറ്റാന്‍ പുതിയ വൈദ്യുതി പദ്ധതികള്‍ കൂടിയേ തീരൂ എന്ന വസ്തുത ഈ സംവാദങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടുകൂടാ.
 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3021
mod_vvisit_counterYesterday4791
mod_vvisit_counterThis Month119218
mod_vvisit_counterLast Month123767

Online Visitors: 79
IP: 34.204.52.4
,
Time: 15 : 30 : 11