
സംസ്ഥാന വൈദ്യുതി ബോര്‍ഡ് കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന ആര്.എ.പി.ഡി. ആര്.പി. പദ്ധതി സംബന്ധിച്ച് ശ്രീ.കെ.ആര്.ഉണ്ണിത്താന് മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ എഴുതിയ ലേഖനം കഴിഞ്ഞ കുറച്ചു നാളുകളായി ചില കേന്ദ്രങ്ങള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെ തുടര്‍ച്ചയും വസ്തുതാവിരുദ്ധമായ ആരോപണങ്ങളുടെ ആവര്‍ത്തനവുമാണ്.
ഈ പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി അനുവദിക്കാന്‍ തീരുമാനിക്കുന്നത് 2010 ജൂണ്‍ 25-ന് കൂടിയ വൈദ്യുതി ബോര്‍ഡ് യോഗത്തിലാണ്. അതിന്റെ തൊട്ടടുത്ത ദിവസം വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളുടെ വിശദാംശങ്ങള്‍ എല്ലാ പത്രമാദ്ധ്യമങ്ങള്‍ക്കും നല്‍കിയതാണ്. ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന നിലയിലും ഐ.ടി അധിഷ്ഠിത പ്രവര്‍ത്തിയെന്ന നിലയിലും സാധാരണ ടെണ്ടര്‍ നടപടികളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഇതിനുണ്ട് എന്നതിനാലാണ് അക്കാര്യങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ ഇത്തരം നടപടിക്രമങ്ങളെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിധത്തില്‍ വ്യാഖ്യാനിച്ച് പദ്ധതിയില്‍ ക്രമക്കേട് ആരോപിക്കാനാണ് ശ്രീ. ഉണ്ണിത്താന് ശ്രമിക്കുന്നത്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനങ്ങളിലൂടെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ആര്.എ.പി.ഡി.ആര്.പി. 30,000ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് കേരളത്തിലെ 43മുന്‍സിപ്പാലിറ്റികളിലാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് അനുമതി കിട്ടിയിട്ടുള്ളത്. ഇതിനായി 214.14 കോടി രൂപ കേന്ദ്രസഹായമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തില്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളില്‍കൂടി ഇത്തരം സര്‍വീസ് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ നോണ്‍ -ആര്.എ.പി.ഡി.ആര്.പി പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി ആകെ 288കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്ര സഹായത്തിന് പുറമെയുള്ള തുക കെ.എസ്.ഇ.ബി.തന്നെ ചെലവാക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ബില്ലിങ്ങ് കമ്പ്യൂട്ടറൈസേഷന്, അക്കൗണ്ടിങ്ങ് , മാനവവിഭവശേഷി മാനേജ്മെന്റ് എന്നിവ അടക്കമുള്ള ചില പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ ഏറ്റെടുക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്വെയര് സങ്കേതമുപയോഗിച്ച് ഒരുമ, സരസ് തുടങ്ങിയ സോഫ്റ്റ്വെയറുകള് നിര്‍മ്മിച്ച് മാതൃക കാണിക്കുന്നതിനും കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്കിടയില്‍ നിന്നും കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ പരിചയമുണ്ടായിരുന്ന കുറച്ചുപേരെ കണ്ടെത്തി അവരെ ഉപയോഗിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിമാനകരമായി മുന്നോട്ട് പോകുന്നുമുണ്ട്. എന്നാല്‍ ആര്.എ.പി.ഡി.ആര്.പി പോലുള്ള ബൃഹത്തായ ഒരു പദ്ധതി ഏറ്റെടുക്കുന്നതിന് ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ മതിയാവില്ല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കേരളത്തിന്റെ പദ്ധതിക്ക് 2009 നവംബര്‍ 26 നാണ് കേന്ദ്രാനുമതി ലഭിച്ചത്. അതിനാല്‍ 2012 നവമ്പറില്‍ പദ്ധതി പൂര്‍ത്തിയാക്കണം. അതുകൊണ്ടുതന്നെ കൃത്യമായ സമയക്രമത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ഇത് നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സഹായം പലിശ സഹിതം തിരിച്ചടക്കേണ്ട വായ്പയായി മാറും. മാത്രമല്ല രണ്ടാം ഘട്ട പദ്ധതികളുടെ ധനസഹായം ലഭിക്കാത്ത സ്ഥിതിയും വരും. സ്വാഭാവികമായും പദ്ധതി നടത്തിപ്പിന് തികച്ചും പ്രൊഫഷണലായ പ്രോജക്ട് നടത്തിപ്പ് സംവിധാനം അനിവാര്യമാണ്. ഐ.ടി. കണ്‍സള്‍ട്ടന്റിനെ നിയോഗിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഉപദേശവും ലഭിച്ചിരുന്നു. പദ്ധതി നടത്തിപ്പിന് പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. കണ്‍സള്‍ട്ടന്‍സിയെ ഉപയോഗപ്പെടുത്തിയതില്‍ എന്തോ കുഴപ്പമുണ്ട് എന്ന് ധ്വനിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ കണ്ടതാണ് ഇക്കാര്യം വിശദീകരിക്കാന്‍ കാരണം. പദ്ധതിയുടെ കേന്ദ്ര നോഡല്‍ ഏജന്‍സിയായ പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് എംപാനല്‍ ചെയ്ത കണ്സള്ട്ടന്റ്മാരില്നിന്നും ടെണ്ടര്‍ പ്രകാരമാണ് കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ചത്. കണ്‍സള്‍ട്ടന്‍സി ഫീസ് പൂര്‍ണ്ണമായും കേന്ദ്ര ധനസഹായമാണെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്.
നേരത്തെ സൂചിപ്പിച്ചതുപോലെ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയുടെ സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുകയും ഏജന്‍സികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ചട്ടപ്രകാരമാണെന്ന് ഉറപ്പു വരുത്തുകയും പണം അനുവദിക്കുന്നതുമുള്പ്പെടെയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ മേല്‍നോട്ടവും പി.എഫ്.സിക്കാണ്. പി.എഫ്.സി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പദ്ധതിയുടെ ടെണ്ടര്‍ നടപടികളടക്കമുള്ള സകല കാര്യങ്ങളും നിര്‍വഹിച്ചിട്ടുള്ളത്. ഇത് പി.എഫ്.സി അംഗീകരിച്ചിട്ടുമുണ്ട്.
പദ്ധതിയുടെ ടെണ്ടറുമായി ബന്ധപ്പെട്ട് പൊതുമേഖലാ കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് അടക്കം 22 കമ്പനികള്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ടെണ്ടറില്‍ തിരുത്തുകള്‍ വരുത്തിയതിനാല്‍ 8 കമ്പനിയൊഴിച്ച് മറ്റൊന്നും പങ്കെടുത്തില്ലെന്നും ഒരു ആരോപണമായി നല്കിക്കണ്ടു. കേന്ദ്ര നോഡല്‍ ഏജന്‍സിയായ പി.എഫ്.സി എംപാനല്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഈ കമ്പനികള്‍ക്കെല്ലാം പദ്ധതിയുടെ ടെണ്ടറുമായി ബന്ധപ്പെട്ട ആര്.എഫ്.പിയും അനുബന്ധ വിവരങ്ങളും യഥാസമയം നല്‍കിയാണ് ടെണ്ടര്‍ നടന്നിട്ടുള്ളത്. ഏതെങ്കിലും കമ്പനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ആനുകൂല്യം നല്‍കിയിട്ടില്ല. ആര്.എഫ്.പിയില്‍ ആദ്യം പ്രസിദ്ധീകരിച്ചതില്‍ നിന്നും ചില തിരുത്തുകള്‍ വരുത്തേണ്ടി വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. പി.എഫ്.സി മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായി ആര്.എഫ്.പിയിലും മാറ്റങ്ങള്‍ വരുത്തേണ്ടിയിരുന്നതാണ് അതിന്റെ പ്രധാന കാരണം. മാത്രമല്ല 2010 ഏപ്രില്‍ 9-നും 12- നുമായി നടത്തിയ പ്രീബിഡ് മീറ്റിങ്ങുകളില്‍ ടെണ്ടറില്‍ പങ്കെടുക്കേണ്ട കമ്പനികള്‍ ആവശ്യപ്പെട്ട ചില മാറ്റങ്ങളും പരിഗണിക്കേണ്ടതുണ്ടായിരുന്നു.
ലൈസന്‍സ് സംബന്ധിച്ചാണ് മാറ്റം വരുത്തിയ ഒരുകാര്യം. "അണ്‍ലിമിറ്റഡ് യൂസര്‍ ആന്റ് അണ്‍ലിമിറ്റഡ് പീരീഡ്" എന്ന നിബന്ധനയോടെയായിരുന്നു ആര്.എഫ്.പി തയ്യാറാക്കിയിരുന്നത്. എന്നാല്‍ പ്രീബിഡ് മീറ്റിങ്ങില്‍ പങ്കെടുത്ത കമ്പനികളെല്ലാം ലൈസന്‍സ് സംബന്ധിച്ച അണ് ലിമിറ്റഡ് പീരീഡ് എന്ന നിബന്ധന പ്രകാരം ടെണ്ടര്‍ ക്വോട്ട് ചെയ്യാനാകില്ല എന്നും മറ്റു സംസ്ഥാനങ്ങളിലെല്ലാം അഞ്ചു വര്‍ഷത്തെ ലൈസന്‍സ് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നും വ്യക്തമാക്കി. ഇക്കാര്യം വൈദ്യുതിബോര്‍ഡ് വിശദമായി പരിശോധിച്ചു. കേന്ദ്ര നോഡല്‍ ഏജന്‍സിയായ പി.എഫ്.സി യുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെല്ലാം അഞ്ചു വര്‍ഷത്തേക്കുള്ള ലൈസന്‍സ് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നത് വസ്തുതയാണ്. കേരളത്തില്‍ മാത്രം അണ്‍ലിമിറ്റഡ് പീരീഡ് ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ വേണ്ടത്ര മല്‍സര സ്വഭാവമുള്ള ടെണ്ടറുകള്‍ ലഭിക്കാന്‍ സാദ്ധ്യതയില്ല. അണ്‍ലിമിറ്റഡ് ലൈസന്‍സ് എന്ന നിബന്ധന ഒഴിവാക്കി മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉള്ളതുപോലെ അഞ്ചു വര്‍ഷമാക്കി നിബന്ധന മാറ്റാം എന്ന് തീരുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്. ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് ടെണ്ടറില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു ആദ്യം ആര്.എഫ്.പി യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2010 നവംബര്‍ 6 - ന് പി.എഫ്.സി മാനദണ്ഡത്തില്‍ ഇതുകൂടി ടെണ്ടറില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിച്ചിരുന്നത് ആര്.എഫ്.പി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്ന് ആ മാറ്റവും ടെണ്ടറില്‍ വരുത്തി. കെ.എസ്.ഇ.ബിയുടെ വിവിധ ഓഫീസുകളുടെ പട്ടിക, ഡാറ്റാസെന്റര്‍, റിക്കവറിസെന്റര് എന്നിവ സംബന്ധിച്ച അധിക വിശദാംശങ്ങള്‍ തുടങ്ങിയ ചില കാര്യങ്ങളും പുതുക്കി നല്കേണ്ടിയിരുന്നു. ഇത്തരം മാറ്റങ്ങളൊക്കെ ഉള്‍പ്പെടുത്തി 2010 ഏപ്രില്‍ 13- നാണ് കെ.എസ്.ഇ.ബി ആര്.എഫ്.പി.യില്‍ മൂന്നു കൊറിഗണ്ടങ്ങള് പ്രസിദ്ധീകരിച്ചത്. 2010 മെയ് 3 ആയി ടെണ്ടര്‍ സമര്‍പ്പിക്കേണ്ട തീയതി നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെ കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവരുടെ അംഗീകാരത്തോടെ കമ്പനികള്‍ക്ക് 3 ആഴ്ചയോളം സമയം ടെണ്ടര്‍ സമര്‍പ്പിക്കുന്നതിന് നല്‍കിക്കൊണ്ട് നിയമാനുസൃതമായാണ് ടെണ്ടറില്‍ അവശ്യം വേണ്ട ചില മാറ്റങ്ങള്‍ വരുത്തിയത്. ഈ തിരുത്തലുകള്‍ സംബന്ധിച്ച് ടെണ്ടറിന് എംപാനല്‍ ചെയ്തിട്ടുള്ള ഒരു കമ്പനി പോലും യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തില്‍ 8 കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തു. ഇന്ത്യയിലെ ഐ.ടി രംഗത്തെ പ്രമുഖ കമ്പനികളെല്ലാം നമ്മുടെ ടെണ്ടറില്‍ പങ്കെടുത്തു. ടി.സി.എസ്., വിപ്രോ, ഇന്‍ഫോസിസ്, റിലയന്‍സ്, കെ.എല്‍.ജി, കെ.ഡിഎന്‍, എം.ഐ.സി, ഒമ്നി എഗേറ്റ് എന്നീ കമ്പനികളാണ് നമ്മുടെ ടെണ്ടറില്‍ പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍ പലതിലും രണ്ടും മൂന്നും കമ്പനികള്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവിടെ നല്ല മല്‍സരം നടന്നുവെന്ന് കാണാവുന്നതാണ്. ഇത്രയേറെ കമ്പനികള്‍ ഈ ടെണ്ടറില്‍ പങ്കെടുത്തത് മെച്ചപ്പെട്ട ഉല്‍പ്പന്നവും മെച്ചപ്പെട്ട ഫിനാന്‍ഷ്യല്‍ ഓഫറും ലഭിക്കാന്‍ സഹായിച്ചിട്ടുമുണ്ട്.
ഒമ്നി എഗേറ്റ് എന്ന കമ്പനി സാങ്കേതിക പരിശോധനയില്‍ അയോഗ്യത കല്പ്പിച്ചതു സംബന്ധിച്ചാണ് മറ്റൊരാരോപണം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് നിശ്ചയിക്കപ്പെട്ട യോഗ്യത ഇല്ലാത്തതു കൊണ്ടാണ് ഈ കമ്പനിയെ അയോഗ്യരാക്കേണ്ടി വന്നത്. ആരുടെയെങ്കിലും താല്‍പ്പര്യത്തിനനുസരിച്ച് കമ്പനികളെ യോഗ്യരാക്കാനും അയോഗ്യരാക്കാനും കഴിയുന്ന ഒന്നല്ല ആര്.എ.പി.ഡി.ആര്.പി. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍. പി.എഫ്.സിയുടെ മാനദണ്ഡങ്ങളനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച് ആര്.എഫ്.പിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള നടപടിക്രമങ്ങളനുസരിച്ചാണ് ടെണ്ടര്‍ പരിശോധനകള്‍ നടത്തുന്നത്. പദ്ധതിയുടെ ടെണ്ടര്‍ ഇവാലുവേഷന്‍ രണ്ടു ഘട്ടങ്ങളാണുള്ളത്. സാങ്കേതിക പരിശോധനയും സാമ്പത്തിക പരിശോധനയും (ടെക്നിക്കല്‍ ഇവാലുവേഷനും ഫിനാന്‍ഷ്യല്‍ ഇവാലുവേഷനും). പി.എഫ്.സി. മാനദണ്ഡമനുസരിച്ച് സാങ്കേതിക സാമ്പത്തിക പരിശോധനകള്‍ക്ക് 50 മാര്‍ക്കു വീതം നിശ്ചയിച്ച് രണ്ടിനും കൂടി ആകെ 100 മാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടുന്ന കമ്പനിയെയാണ് സക്സസ്ഫുള്‍ ബിഡ്ഡറായി കണ്ടെത്തുക. ഇതില്‍ ഒന്നാമത്തെ സാങ്കേതിക പരിശോധനക്കു തന്നെ രണ്ടു ഘട്ങ്ങളുണ്ട്. ഒന്നാമത്തേത് പ്രാഥമിക പരിശോധനയാണ്. പ്രാഥമിക പരിശോധനയില്‍ അംഗീകരിക്കപ്പെടുന്ന കമ്പനികളുടെ ടെക്നിക്കല്‍ സ്കോര്‍ കണ്ടെത്തലാണ് രണ്ടാമത്തേത്. ഈ നടപടികളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ടെണ്ടര്‍ തുറന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതുപോലെ 2010 മെയ് 3 - നാണ്. ഇതിന്റെ തുടര്‍ച്ചയായി 2010 ജൂണ്‍ 2-ന് ബിഡ് ഇവാലുവേഷന്‍ കമ്മിറ്റി ചേര്‍ന്ന് സാങ്കേതിക പരിശോധനയുടെ ഭാഗമായ പ്രാഥമിക പരിശോധന നടത്തി. ഇതിലെ ഒരു കാര്യം ടെണ്ടറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ പി.എഫ്.സിയുടെ എംപാനല്‍ ലിസ്റ്റില്‍ പെട്ട സ്ഥാപനങ്ങളാണോ എന്നതു സംബന്ധിച്ചുള്ള പരിശോധനയാണ്. ഈ പരിശോധനയില്‍ ഒമ്നി എഗേറ്റ് കമ്പനിയുടെ കണ്‍സോര്‍ഷ്യം പാര്‍ട്ട്നറുടെ പേര് പി.എഫ്.സി.യുടെ ലിസ്റ്റില്‍ കാണുന്നില്ല എന്ന് മനസ്സിലായി. അതുകൊണ്ട് അവരുടെ ടെണ്ടര്‍ നോണ്‍ റെസ്പോണ്സീവാക്കണമെന്ന് ( അയോഗ്യരാക്കണമെന്ന്) ബിഡ് ഇവാലുവേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. പി.എഫ്.സി.യുടെ വെബ് സൈറ്റിലും ഒമ്നി എഗേറ്റിന്റെ കണ്‍സോര്‍ഷ്യം പാര്‍ട്ട്നറുടെ പേരുണ്ടായിരുന്നില്ല. ഈ ശുപാര്‍ശ പരിശോധിച്ച വൈദ്യുതി ബോര്‍ഡ് പി എഫ് സി യുമായി ബന്ധപ്പെട്ടു. കണ്‍സോര്‍ഷ്യം പാര്‍ട്ട്നറുടെ പേരുകൂടി ഉള്‍പ്പെടെയാണ് ഒമ്നി എഗേറ്റിനെ എംപാനല്‍ ചെയ്തതെന്ന വസ്തുത പി.എഫ്.സിയില്‍ നിന്നും മനസ്സിലായി. ഇതിനെത്തുടര്‍ന്ന് ഒമ്നി എഗേറ്റിനെ കൂടി പ്രാഥമിക പരിശോധനയില്‍ റെസ്പോണ്സീവായി പ്രഖ്യാപിക്കാവുന്നതാണെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. അങ്ങിനെ ടെണ്ടറില്‍ പങ്കെടുത്ത 8 കമ്പനികളും പ്രാഥമിക പരിശോധനയില്‍ റെസ്പോണ്സീവായി.
ടെണ്ടറിന്റെ സാങ്കേതിക പരിശോധനയുടെ രണ്ടാം ഘട്ടമാണ് സാങ്കേതിക സ്കോര്‍ കണ്ടെത്തല്‍. ഇതനുസരിച്ച് എട്ട് കമ്പനികളുടെയും ടെക്നിക്കല്‍ സ്കോര്‍ കണ്ടെത്താന്‍ ഐ.ടി.കണ്‍സള്‍ട്ടന്റിനോട് ആവശ്യപ്പെട്ടു. ടെണ്ടര്‍ നിബന്ധനപ്രകാരം ടെക്നിക്കല്‍ സ്കോര്‍ കണ്ടെത്തേണ്ട ചുമതല ഐ.ടി കണ്‍സള്‍ട്ടന്റിനാണ്. നോഡല്‍ ഏജന്‍സിയായ പി.എഫ്.സി. ലഭ്യമാക്കിയ ടൂള്‍കിറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സഹായത്തോടെയാണ് ടെക്നിക്കല്‍ സ്കോര്‍ കണ്ടെത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഒരേ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ടെക്നിക്കല്‍ സ്കോര്‍ കണ്ടെത്തുന്നത്. പ്രോജക്ട് തുകയിലും വിശദാംശങ്ങളിലും ഉള്ള മാറ്റങ്ങള്‍ മൂലം വരുന്ന ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇങ്ങിനെ സ്കോര്‍ കണ്ടെത്തുന്നതില്‍ വരുക. ഇതില്‍ ഒമ്നി എഗേറ്റിന് ലഭിച്ച സ്കോര്‍ 50ല്‍ 33.81 ആണ്. അവര്‍ ടെണ്ടറില്‍ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളിലും അവര്‍ക്ക് കിട്ടിയത് സമാനമായ സ്കോറാണ്. പതിനാലോളം സാങ്കേതിക ട്രാക്കുകളുള്ള ഈ പദ്ധതിയിലെ മീറ്ററിങ്ങുമായി ബന്ധപ്പെട്ട ഒരിനത്തില്‍ മാത്രമേ ഒമ്നി എഗേറ്റ് എന്ന സ്ഥാപനത്തിന് മുന്പരിചയമുണ്ടായിരുന്നുള്ളൂ എന്നത് ഇതുമായി ബന്ധപ്പെട്ട് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
RFP appendix E section A5 : " Bidders need to score a minimum score of 35 out of 50 in the technical evaluation; else the bid shall be termed as non-responsive and will not be evaluated further" എന്നാണ് പറയുന്നത്.
ഇതനുസരിച്ച് ഒമ്നി എഗേറ്റ് കമ്പനി നോണ്‍ റെസ്പോണ്സീവായി മാറി. അവരുടെ ഫിനാന്‍ഷ്യല്‍ ബിഡ് നിയമാനുസരണം തുറക്കാതെ തിരിച്ചു നല്‍കുകയും ചെയ്തു. 2010 ജൂണ്‍ 4- ന് കൂടിയ വൈദ്യുതി ബോര്‍ഡ് യോഗം ഒമ്നി എഗേറ്റ് കമ്പനി നോണ്റെസ്പോണ്സീവായതായി പ്രഖ്യാപിക്കുകയും റെസ്പോണ്‍സീവായ 7കമ്പനികളുടെ ഫിനാന്‍സ് ബിഡ് തുറക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ഒമ്നി എഗേറ്റ് മല്‍സരിച്ചത്. ഈ നാല് സംസ്ഥാനങ്ങളിലും സാങ്കേതികമായി അവര്‍ യോഗ്യരാക്കപ്പെട്ടിട്ടില്ല. ശ്രീ. കെ.ആര്. ഉണ്ണിത്താന് ആരോപിക്കുന്നതുപോലെ ആരെയെങ്കിലും സഹായിക്കാനായിരുന്നു അവരെ അയോഗ്യരാക്കിയതെങ്കില് ആസ്സാം, ജമ്മു & കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് വാദിക്കേണ്ടിവരും. ഇങ്ങിനെ ആര്.എ.പി.ഡി.ആര്.പി പദ്ധതിയില്‍ ഇന്ത്യയില്‍ ഒരിടത്തും പ്രാഥമിക യോഗ്യതനേടാനാകാതെ പോയ ഒമ്നി എഗേറ്റ് കമ്പനിയുടെ പൊട്ടിക്കാത്ത ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ കൃത്യമായി 188കോടി രൂപയാണ് ക്വോട്ട് ചെയ്തിട്ടുള്ളതെന്ന് തന്റെ മാതൃഭൂമി ലേഖനത്തില്‍ ശ്രീ ഉണ്ണിത്താന് സാക്ഷ്യപ്പെടുത്തുന്നു. ഇത് അദ്ദേഹത്തിന് എവിടുന്ന് കിട്ടിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ. ഏതായാലും ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബിക്ക് അറിവില്ല.
ഒമ്നി എഗേറ്റിനെ നോണ്‍ റെസ്പോണ്സീവാക്കി പ്രഖ്യാപിച്ച വിവരം നിയമാനുസൃതം പി.എഫ്.സിയെ അറിയിച്ചില്ല എന്നൊരാരോപണം കൂടി ഉന്നയിച്ചുകാണുന്നു. ഇതും ശരിയല്ല. 2010 ജൂണ്‍ 4-നാണ് ഒമ്നി എഗേറ്റിനെ ആവശ്യത്തിന് ടെക്നിക്കല്‍ സ്കോര്‍ ഇല്ല എന്നതിനാല്‍ നോണ്റെസ്പോണ്സിവായി പ്രഖ്യാപിച്ചത്. ആ വിവരം അന്നുതന്നെ പി.എഫ്.സിയെ ഇ-മെയില്‍ മുഖാന്തിരം അറിയിച്ചു. 2010 ജൂണ്‍7 - ന് ഫിനാന്‍സ് ബിഡ് തുറക്കുന്ന വിവരവും ഇതോടൊപ്പം പി.എഫ്.സി യെ അറിയിക്കുകയുണ്ടായി. ഇക്കാര്യം ഉറപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി ചെയര്മാന് പി.എഫ്.സി അധികാരികളുമായി നേരിട്ട് ബന്ധപ്പെടുകയും, സ്കോര്‍ അവര്‍ പരിശോധിച്ചെന്ന് ഉറപ്പു വരുത്തുകയും 2010 ജൂണ്‍ 7-ന് ബിഡ് തുറക്കുന്നതിന് അവരുടെ സമ്മതം വാങ്ങുകയും ചെയ്തിരുന്നു. അങ്ങിനെ പി.എഫ്.സിയുടെ അറിവോടെയാണ് 2010 ജൂണ്‍ 7- ന് ഫിനാന്‍സ് ബിഡ് തുറന്നത്. പി.എഫ്.സിയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായി യാതൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. മാത്രമല്ല കെ.എസ്.ഇ.ബിയുടെ നടപടികളെ പി.എഫ്.സി പൂര്‍ണ്ണമായി അംഗീകരിച്ച് കത്ത് നല്‍കിയിട്ടുമുണ്ട്.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ മാത്രമേ പദ്ധതികളില്‍ ഉപയോഗിക്കാവൂ എന്നൊരു നിബന്ധന സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്നുമുണ്ട്. കെ.എസ്.ഇ.ബിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ബോര്‍ഡ് അതിന്റെ ബില്ലിങ്ങ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനും മറ്റും പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നുണ്ട്. ആര്. എ. പി. ഡി. ആര്. പി. പദ്ധതിയുടെ ടെണ്ടറിലും സ്വതന്ത്ര സോഫ്റ്റ് വെയര്‍ അഭികാമ്യമണെന്ന നിലപാടാണ് കെ. എസ്. ഇ. ബി സ്വീകരിച്ചത്. ഇതോടൊപ്പം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കും സെര്‍വറുകള്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം വേണമെന്നും ആവശ്യപ്പെട്ടു. ഇതിലൊന്നും യാതൊരു മാറ്റവും ടെണ്ടറിന്റെ ഭാഗമായി വരുത്തിയിട്ടുമില്ല. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ വേണമെന്ന നിബന്ധനയൊന്നുമില്ലാതിരുന്നതിനാല് ആ നിലയില്‍ ഒരു ടെണ്ടറും തള്ളിയിട്ടുമില്ല.
ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് ടെണ്ടറില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ചാണ് അടുത്ത ആരോപണം. അതിനാല്‍ ഐ.ടി. ഇംപ്ലിമെന്റിങ് ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള ദര്‍ഘാസില്‍ മത്സരിക്കുന്നവര്‍ ബാന്റ്വിഡ്ത്ത് നിരക്ക് രേഖപ്പെടുത്തേണ്ടതില്ല എന്നാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ 2009 നവംബര്‍ ആറിന് ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് എന്ന് മാതൃഭൂമി ലേഖനത്തില്‍ പറയുന്നു. എന്നാല്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ 2009 നവംബര്‍ 6-ലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത് അങ്ങിനെയല്ല. യൂട്ടിലിറ്റികള്‍ ബാന്റ് വിഡ്ത്ത് നേരിട്ട് വാങ്ങണമെന്നും എന്നിരുന്നാലും ഐ.ടി.ഇംപ്ലിമെന്റേഷന്‍ ഏജന്‍സി ആവശ്യമായ ബാന്റ് വിഡ്ത്ത് നിര്‍ദ്ദേശിക്കണമെന്നും അഞ്ചുവര്‍ഷത്തെ ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് ടെണ്ടറില്‍ ഉള്‍പ്പെടുത്തണമെന്നും ആ തുക ടെണ്ടര്‍ ഇവാലുവേഷന്റെ ഭാഗമായി പരിഗണിക്കണമെന്നുമാണ് പി.എഫ്.സിയുടെ 2009 നവംബര്‍ 6-ലെ മാനദണ്ഡങ്ങളില്‍ പറയുന്നത്. കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് ശൃംഖലയാക്കുന്നതിനുള്ള കണക്ടിവിറ്റിക്കുള്ള വാടകയാണ് ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് എന്ന് പറയുന്നത്. ട്രായി നിബന്ധന അനുസരിച്ച് ബാന്റ് വിഡ്ത്ത് മറിച്ചുവില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ടെണ്ടറില്‍ പങ്കെടുക്കുന്ന കമ്പനിക്ക് ബാന്റ് വിഡ്ത്ത് വാങ്ങി നല്‍കാനാകില്ല. പക്ഷേ അവര്‍ ബാന്റ് വിഡ്ത്തിന്റെ തുക ടെണ്ടറില്‍ പറയണം. പിന്നീട് ബാന്റ് വിഡ്ത്ത് വാങ്ങുമ്പോള്‍ ടെലഫോണ്‍ കമ്പനികള്‍ക്ക് ടെണ്ടറില്‍ പറഞ്ഞതിനേക്കാള്‍ കൂടിയ തുക കൊടുക്കേണ്ടി വന്നല് അത് ടെണ്ടര്‍ നേടിയ കമ്പനി തന്നെ കൊടുക്കണമെന്നും യൂട്ടിലിറ്റി ടെണ്ടറില്‍ പറഞ്ഞ തുക മാത്രമേ നല്‍കേണ്ടതുള്ളൂ എന്നും മറിച്ച് ടെലഫോണ്‍ കമ്പനികള്‍ക്ക് കൊടുക്കേണ്ട തുക കുറവാണെങ്കില്‍ യൂട്ടിലിറ്റി ആ തുക മാത്രം കൊടുത്താല്‍ മതിയെന്നും ഇതേ മാനദണ്ഡത്തിലുണ്ട്. ഈ ഭാഗങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ച് ബാന്റ് വിഡ്ത്ത് നേരിട്ട് വാങ്ങണമെന്ന് ആദ്യവരി മാത്രമെടുത്ത് വ്യാഖ്യാനം നല്‍കുകയാണ് ലേഖകന്‍ ചെയ്യുന്നത്. ഇത് ദുരുദ്ദേശപരമാണ്. പി.എഫ്.സി പുറപ്പെടുവിച്ച മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കുകയാണ് കെ.എസ്.ഇ.ബി ചെയ്തിട്ടുള്ളത്. 2009 നവംബര്‍ 6 -ലെ പി.എഫ്.സി മാനദണ്ഡം പാലിക്കുന്നതിനുള്ള മാറ്റങ്ങളാണ് ആര്.എഫ്.പിയില്‍ വരുത്തിയത്. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങള്‍ക്കും ആര്.എ.പി.ഡി.ആര്.പി. ടെണ്ടറില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിട്ടുണ്ട്. (ഉദാഹരണത്തിന് തമിഴ് നാടിന്റെ ടെണ്ടറില്‍ 2009 ഡിസംബര്‍ 30 - ന് വരുത്തിയ സ്പഷ്ടീകരണത്തിലെ നാലാമത്തെ ഇനം നോക്കാവുന്നതാണ്) www.tneb.in/TENDER_SRS_RFP/CORR/maindoc_30DEC09.pdf )
ടെണ്ടറിന്റെ ഫിനാന്‍ഷ്യല്‍ ഇവാലുവേഷനും കേന്ദ്ര നോഡല്‍ ഏജന്‍സിയായ പി.എഫ്.സിയുടെ മാനദണ്ഡങ്ങള്‍ പ്രകാരവും മുന്‍കൂട്ടി നിശ്ചയിച്ച് ടെണ്ടര്‍ നോട്ടീസില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമായ നിബന്ധനകള്‍ പ്രകാരവുമാണ് നിര്‍വഹിച്ചിട്ടുള്ളത്.
2010 ജൂണ്‍ 7- ന് ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു. പി.എഫ്.സി.നിബന്ധനകള്‍ പ്രകാരം ഒരോ കമ്പനിയും മൊത്തത്തില്‍ ക്വോട്ട് ചെയ്ത തുക പരിശോധിച്ചു മാത്രം ലോവസ്റ്റ് ബിഡ്ഡറെ കണ്ടെത്താന്‍ കഴിയില്ല. ടെണ്ടറില്‍ ആവശ്യപ്പെട്ട എല്ലാ ഇനങ്ങളും ടെണ്ടര്‍ നോട്ടീസില്‍ പറഞ്ഞ നിബന്ധനപ്രകാരം ക്വോട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ടെണ്ടറില്‍ നിന്ന് വ്യത്യസ്തമോ വിട്ടുപോയതോ ആയ ഇനങ്ങള്‍ കണ്ടാല്‍ അതിന്റെ തുക ആകെ ക്വോട്ട് ചെയ്ത തുകയോട് ലോഡ് ചെയ്യണം. ഇങ്ങിനെ ലോഡ് ചെയ്ത് ആകെ തുക കണ്ടെത്തി വേണം ലോവസ്റ്റ് ബിഡ്ഡറെ കണ്ടെത്താന്‍.
ക്വോട്ട് ചെയ്ത തുകയില്‍ ഏറ്റവും കുറവ് ഹൈദ്രബാദ് ആസ്ഥാനമായ എം.ഐ.സി. എന്ന കമ്പനിയായിരുന്നു. എന്നാല്‍ ഇവര്‍ ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് എന്ന ഇനത്തില്‍ ടെണ്ടര്‍ പ്രകാരം 5വര്‍ഷം ക്വോട്ട് ചെയ്യേണ്ടതിന് പകരം 3വര്‍ഷം എന്നാണ് ക്വോട്ട് ചെയ്തത്. സ്വാഭാവികമായും ഈ ഇനത്തില്‍ പ്രൈസ് ലോഡ് ചെയ്യാതെ അഞ്ചു വര്‍ഷത്തേക്ക് ക്വോട്ടുചെയ്ത മറ്റു കമ്പനികളുടെ ടെണ്ടറുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെയാണ് പ്രൈസ് ലോഡ് ചെയ്യേണ്ടതെന്ന് ടെണ്ടര്‍ നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് എം.ഐ.സി കമ്പനിയുടെ ക്വോട്ടില്‍ പ്രൈസ് ലോഡിങ്ങ് വരുത്തിയപ്പോള്‍ അവര്‍ ക്വോട്ട് ചെയ്ത തുക 195കോടിയില്‍ നിന്ന് 242കോടി രൂപയായി മാറി. ഇവിടെ ഉപയോഗിച്ച നിബന്ധന സംബന്ധിച്ചാണ് മറ്റൊരു തര്‍ക്കം ഉന്നയിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി. ഉപയോഗിച്ച മാനദണ്ഡം 14.3 എന്ന വകുപ്പാണ്. ഇതിനുപകരം 14.2 വകുപ്പ് ഉപയോഗിച്ചിരുന്നുവെങ്കില് എം.ഐ.സി ക്ക് ടെണ്ടര്‍ കിട്ടുമായിരുന്നുവെന്നാണ് മാതൃഭൂമി ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ എം.ഐ.സിക്ക് ടെണ്ടര്‍ കിട്ടണം എന്ന വാശിയോടെ ഏത് നിബന്ധന ഉപയോഗിക്കണം എന്ന് തീരുമാനിക്കുകയല്ല കെ.എസ്.ഇ.ബി. ചെയ്തത്. നിയമാനുസരണം ഉപയോഗിക്കേണ്ട വകുപ്പ് ഉപയോഗിക്കുകയാണ്. ഇത് വ്യക്തമാകാന്‍ 14.2, 14.3 വകുപ്പുകള്‍ പരിശോധിക്കണം. ഈ വകുപ്പുകള്‍ താഴെ ഉദ്ധരിക്കുന്നു.
14.2 All items in the Appendix L must be listed and priced separately in the Price Schedules. If an item listed in Price Schedule is not priced, their prices shall be assumed to be included by the bidder in the prices of other items.
14.3 If an item is not listed in the Price Schedule, it shall be assumed not to be included in the Bid. In such event, if the bid is otherwise substantially responsive, Bid Price shall be adjusted during evaluation of Price Proposals, for comparison purposes only, to reflect the price of the missing or non- conforming item or component. The price of the missing or non- conforming item or component for this purpose shall be the highest of the prices quoted by the other bidders for such missing item or component.
ഷെഡ്യൂളില്‍ ഇനം രേഖപ്പെടുത്തിയശേഷം തുക എഴുതാന്‍ വിട്ടുപോയാല്‍ അത് ആകെ ക്വോട്ടു ചെയ്ത തുകയില്‍ ഉള്‍പ്പെടുമെന്ന് കരുതി ഇവാലുവേഷന്‍ നടത്താമെന്നാണ് 14.2ലെ നിബന്ധന. ടെണ്ടറില്‍ ആവശ്യപ്പെട്ട ഒരിനം വിട്ടുപോകുകയോ ടെണ്ടര്‍ ആവശ്യത്തിന് അനുസരിച്ചല്ലാതെ ക്വോട്ടു ചെയ്യുകയോ ചെയ്താല്‍ 14.3 വകുപ്പാണ് ബാധകം എന്നും വ്യക്തം. ഇനി ഇവിടുത്തെ പ്രശ്നം പരിശോധിക്കുക. 5 വര്‍ഷത്തെ ബാന്റ് വിഡ്ത്ത് ചാര്‍ജ്ജാണ് ടെണ്ടറില്‍ ആവശ്യപ്പെട്ടത്. എം.ഐ.സി ഷെഡ്യൂളില്‍ ഇനം രേഖപ്പെടുത്തിയശേഷം തുക എഴുതാന്‍ വിട്ടുപോയാല്‍ അത് ആകെ ക്വോട്ടു ചെയ്ത തുകയില്‍ ഉള്‍പ്പെടുമെന്ന് കരുതി ഇവാലുവേഷന്‍ നടത്താമെന്നാണ് 14.2ലെ നിബന്ധന. ടെണ്ടറില്‍ ആവശ്യപ്പെട്ട ഒരിനം വിട്ടുപോകുകയോ ടെണ്ടര്‍ ആവശ്യത്തിന് അനുസരിച്ചല്ലാതെ ക്വോട്ടു ചെയ്യുകയോ ചെയ്താല്‍ 14.3 വകുപ്പാണ് ബാധകം എന്നും വ്യക്തം. ഇനി ഇവിടുത്തെ പ്രശ്നം പരിശോധിക്കുക. 5 വര്‍ഷത്തെ ബാന്റ് വിഡ്ത്ത് ചാര്‍ജ്ജാണ് ടെണ്ടറില്‍ ആവശ്യപ്പെട്ടത്. എം.ഐ.സി. ക്വോട്ടു ചെയ്തതാകട്ടെ 3 വര്‍ഷത്തേക്കും. ഇത് 2 വര്‍ഷത്തേക്കുള്ള ഇനം വിട്ടുപോയതായോ ടെണ്ടര്‍ നിബന്ധന പ്രകാരമല്ലാത്ത ക്വോട്ടായോ അല്ലാതെ എങ്ങിനെയാണ് പരിഗണിക്കാനാകുക. മൂന്നുവര്‍ഷത്തെ ബാന്റ് വിഡ്ത്ത് എന്ന് എഴുതുകയും അതിനുള്ള തുക ക്വോട്ട് ചെയ്യുകയും ചെയ്തിട്ടുള്ളതിനാല്‍ ഇനം എഴുതിയ ശേഷം തുക എഴുതാത്തത് എന്ന 14.2ന്റെ പരിധിയില്‍ ഇതിനെ ഉള്‍പ്പെടുത്താനാകില്ല. അങ്ങിനെ ചെയ്താല്‍ അത് നിയമവിരുദ്ധമാകും. എം.ഐ.സി കമ്പനിയെ വഴിവിട്ട് സഹായിക്കലാകും. നിയമങ്ങള്‍ പാലിച്ച് ടെണ്ടര്‍ ഇവാലുവേഷന്‍ നടത്തുന്നതിന്റെ ഭാഗമായി രണ്ടു വര്‍ഷത്തെ ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് കൂടി എം.ഐ.സിയുടെ ടെണ്ടര്‍ തുകയോട് കൂട്ടിയപ്പോള്‍ 239 കോടി തുക ക്വോട്ടു ചെയ്ത കൊറിയന്‍ പൊതുമേഖലാ കമ്പനിയായ കെ.ഡി.എന്‍. ഏറ്റവും കുറഞ്ഞ തുക ക്വോട്ടു ചെയ്ത കമ്പനിയായി.
തികച്ചും സുതാര്യവും കേന്ദ്ര നോഡല്‍ ഏജന്‍സിയായ പി.എഫ്.സിയുടെ നിബന്ധനകള്‍ പ്രകാരവുമുള്ള നടപടികളാണ് ആര്.എ.പി.ഡി.ആര്.പി പദ്ധതിയുടെ ടെണ്ടറില്‍ സ്വീകരിച്ചിട്ടുള്ളത്. സാങ്കേതിക സാമ്പത്തിക സ്കോറുകള്‍ കൂട്ടി ഏറ്റവും കൂടിയ സ്കോര്‍ കിട്ടിയതിനാലാണ് കൊറിയന്‍ പൊതുമേഖലാ കമ്പനിയായ കെ.ഡി.എന്‍ കമ്പനി സക്സസ്ഫുള്‍ ബിഡ്ഡറായത്. ഈ നടപടിയിലൂടെ യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല.
കെ.ഡി.എന്‍ കമ്പനി അവരുടെ ടെണ്ടര്‍ ഓഫറിലെ 80% ഉല്‍പ്പന്നങ്ങളും ഫ്രീ സോഫ്റ്റ് വെയര്‍ അധിഷ്ഠിതമാണ്. ബാക്കി ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ സ്വതന്ത്ര സാങ്കേതികവിദ്യയില്‍ ലഭ്യമല്ലെങ്കിലും അഞ്ചുവര്ഷപരിധിയില്ലാതെ ലൈസന്‍സ് നല്‍കാമെന്നും പിന്നീട് ഫ്രീ സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് മാറ്റാവുന്നതാണ് എന്നും കെ.ഡി.എന്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എം.ഐ.സി ക്വോട്ടു ചെയ്ത ഉല്പ്പന്നങ്ങളാകട്ടെ ഏതാണ്ട് പൂര്‍ണ്ണമായും പ്രൊപ്രൈറ്ററി ഉല്‍പ്പന്നങ്ങളാണ്. നിയമവിരുദ്ധമായി എം.ഐ.സി.യുടെ ടെണ്ടര്‍ അംഗീകരിക്കണമെന്നു പറയുന്നതിലെ താല്‍പ്പര്യം ഇതില്‍നിന്നുതന്നെ വ്യക്തമാണ്.
കെ.ഡി.എന്‍ കമ്പനിക്ക് വഴിവിട്ട എന്തോ സഹായം ചെയ്തുവെന്ന നിലയില്‍ അവരെ ബിഡ് സെക്യൂരിറ്റി ഇല്ലാതെയാണ് ടെണ്ടറില്‍ പങ്കെടുപ്പിച്ചത് എന്ന ഒരു ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബിഡ് സെക്യൂരിറ്റിയായി കെ.ഡി.എന്‍ കമ്പനി സമര്‍പ്പിച്ച ബാങ്ക് ഗ്യാരണ്ടിയുടെ അഡ്രസ്സില്‍ വന്ന ഒരു മാറ്റമാണ് വലിയൊരാരോപണമായി ഉന്നയിച്ചിരിക്കുന്നത്. കെ.ഡി.എന്‍ കമ്പനി കെ.എസ്.ഇ.ബിക്ക് സമര്‍പ്പിച്ച ബാങ്ക് ഗ്യാരണ്ടിയില്‍ ചീഫ് എഞ്ചിനീയര്‍ ടി.സി.ആന്റ് എം എന്ന് എഴുതുന്നതിന് പകരം ചീഫ് മാനേജര്‍ ടി.സി.ആന്റ് എം എന്നാണ് എഴുതിയിരുന്നത്. സാധാരണ മറ്റു കമ്പനികളിലെല്ലാം മാനേജര്‍ തസ്തികയാണുള്ളത് എന്നതിനാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കെ.എസ്.ഇ.ബിയുടെ ടെണ്ടറുകളില്‍ സാധാരണ സംഭവിക്കാറുള്ളതാണ്. ബിഡ് ഇവാലുവേഷന്റെ ഭാഗമായി ഈ പിശക് കണ്ടെത്തി. ഈ മാറ്റം ബാങ്കില്‍ വന്ന അച്ചടിപ്പിശകാണെന്നും അത് തിരുത്തിക്കൊണ്ട് ഐ.സി.ഐ.സി.ഐ. ബാങ്ക് നല്കിയ തിരുത്തല്‍രേഖ ഹാജരാക്കാമെന്നും കെ.ഡി.എന്‍ കമ്പനി അറിയിച്ചു. അവര്‍ ബാങ്കില്‍നിന്നുള്ള തിരുത്തല്‍ രേഖ ഹാജരാക്കുകയും ചെയ്തു. ഒരു സാധാരണ നടപടിക്രമമെന്ന നിലയില്‍ കെ.എസ്.ഇ.ബി. ഇത് അംഗീകരിച്ചു.
കെ.എസ്.ഇ.ബി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളാകെ കേന്ദ്ര നോഡല്‍ ഏജന്‍സിയായ പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്, സംസ്ഥന ഊര്‍ജ്ജ, ധന, നിയമവകുപ്പുകള്‍ എന്നിവയൊക്കെ പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഇനിയും ഏതു തരത്തിലുള്ള പരിശോധനയും നടത്താവുന്നതുമാണ്. എന്നാല്‍ സമയബന്ധിതമായി നടപ്പാക്കിയാല്‍ മാത്രമേ പദ്ധതിയുടെ കേന്ദ്ര സഹായം ഉറപ്പിക്കാനാകൂ എന്നത് വിവാദം സൃഷ്ടിക്കുന്നവരുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ടെണ്ടര്‍ ലഭിക്കാത്ത ചില കമ്പനികള്‍ക്കുവേണ്ടി ശ്രീ. കെ.ആര്. ഉണ്ണിത്താന് തന്റെ അവസാന വാചകത്തില്‍ പറഞ്ഞുപോകുന്ന "പുതിയ ദര്ഘാസിനുള്ള സാധ്യത"യിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടതുണ്ട്. കേരളത്തിന്റെ വൈദ്യുതിവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ ഏറെ സഹായകമാകുന്ന ഒരു പദ്ധതി സംസ്ഥാനത്തിന് നഷ്ടമാക്കുന്ന നിലയിലേക്ക് എത്തിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കെ.എസ്.ഇ.ബി.യുടെ 2010 ഡിസംബര്‍ 6ലെ പത്രക്കുറിപ്പ്