KSEBOA - KSEB Officers' Association

Monday
Dec 11th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റഗുലേറ്ററി ആക്ടിവിസം

റഗുലേറ്ററി ആക്ടിവിസം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Regulatory Activismവൈദ്യുതിയുടെ ഉപയോഗം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടോളമായെങ്കിലും വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. പുതിയ നിയമസംഹിതയുടെ അടിസ്ഥാനത്തില്‍ അവയുടെ പ്രവര്‍ത്തനം നിലവിലുള്ള സംവിധാനങ്ങളുമായും മറ്റ് നിരവധി നിയമങ്ങളുമായും വേണ്ടവിധം ഇഴുകിച്ചേരാന്‍ സമയമെടുക്കുക തന്നെ ചെയ്യും. ഇക്കാലയളവില്‍ സ്വീകരിക്കപ്പെടുന്ന വിവിധ നടപടികള്‍ നിയമനിര്‍മ്മാണ സഭകളുടെയും ജൂഡീഷ്യറിയുടേയും ജനാധിപത്യ സംവിധാനങ്ങളുടെയാകെയും പരിശോധനയ്ക്ക് വിധേയമാക്കപ്പെടുകയും നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ക്ക് സ്ഫഷ്ടീകരണം ലഭിക്കുകയും ചിലവ ഭേദഗതി ചെയ്യുകയും സ്വാഭാവികമാണ്.

റഗുലേറ്ററി സംവിധാനവും ഗവണ്മെന്റും തമ്മിലുള്ള ബന്ധം ഈ നിലയ്ക്ക് പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഗവണ്മെന്റുകള്‍ സ്വീകരിച്ചുപോന്ന ജനപ്രിയ നടപടികള്‍ ഇന്ത്യയൊട്ടാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുന്നതിന് ഇടയാക്കിയിരുന്നു. കാര്‍ഷിക വൈദ്യുതിക്കുള്ള സൌജന്യങ്ങള്‍, ഗാര്‍ഹിക വൈദ്യുതിയുടെ നിരക്ക് കൂട്ടുന്നതിനുള്ള വിമുഖത, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സൌജന്യങ്ങള്‍ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ ഈ നിലയ്ക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ സ്ഥിതി സൂചിപ്പിച്ചുകൊണ്ട് നിരക്ക് നിര്‍ണ്ണയ കാര്യത്തില്‍ റഗുലേറ്ററി കമ്മീഷനുകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്കിയും നയരൂപീകരണത്തില്‍ ഗവണ്മെന്റുകള്‍ക്കുള്ള പരമാധികാരം നിലനിര്‍ത്തിയുമാണ് നിയമം പാര്‍ലമെന്റ് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ അധികാരം ആസ്വദിച്ചു തുടങ്ങിയ ഇന്ത്യയിലെ വിവിധ കമ്മീഷനുകള്‍ ഗവണ്മെന്റിന്റെ ഈ അധികാരം അംഗീകരിക്കാന്‍ അങ്ങേയറ്റം വിമുഖത കാട്ടുന്നതായാണ് അനുഭവം.

കേരളത്തില്‍ വന്‍കിട വ്യവസായികളുടെ സഹായത്തോടെ 2006-ല്‍ നടന്ന നീക്കം ഇവയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. സംസ്ഥാന ഗവണ്മെന്റ് റഗുലേറ്ററി കമ്മീഷന് നല്കിയ നയപരമായ നിര്‍ദ്ദേശങ്ങള്‍ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത് വന്‍കിട ഉപഭോക്താക്കളുടെ സംഘടനയാണ്. വിശദമായ നിയമപരിശോധനകള്‍ക്ക് ശേഷം ഗവണ്മെന്റ് നല്കിയ പത്ത് നിര്‍ദ്ദേശങ്ങളില്‍ ഒന്നൊഴികെ എല്ലാം തന്നെ ശരിവയ്ക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചെയ്തത്. ഈ നിലയ്ക്ക് നിയമപരമായി അംഗീകരിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പോലും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ കമ്മീഷന്‍ സ്വീകരിച്ചു പോരുന്നത്. നിര്‍ദ്ദേശങ്ങളെ ഉപദേശമായാണ് കണക്കാക്കേണ്ടതെന്നും ഉപദേശങ്ങള്‍ തള്ളാനോ കൊള്ളാനോ ഉള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നുമാണ് വിവിധ കമ്മീഷനുകള്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നിലപാട്. ഇന്ത്യയൊട്ടാകെ ഈ നിലയ്ക്കുള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

ഈ നിലയ്ക്ക് ഗവണ്മെന്റുകളുടെ അധികാരം ചോദ്യം ചെയ്യുന്ന കമ്മീഷനുകള്‍ പക്ഷേ നിയമം തങ്ങളില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ മറന്നുപോകുന്നുവെന്നാണ് ഇപ്പോള്‍ പരക്കെ ഉടലെടുത്തിട്ടുള്ള ധാരണ. നിരക്ക് നിര്‍ണ്ണയം ശാസ്ത്രീയമാക്കുകയും വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും ഒപ്പം സാമ്പത്തിക സുസ്ഥിരതയും ഉറപ്പുവരുത്തുകയുമായിരുന്നു ഗവണ്മെന്റില്‍ നിക്ഷിപ്തമായിരുന്ന നിരക്ക് നിര്‍ണ്ണയാധികാരം റഗുലേറ്ററി കമ്മീഷനിലേക്ക് മാറ്റുന്നതിന് നിയമനിര്‍മ്മാതാക്കളെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഇന്ത്യയൊട്ടാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണെന്നാണ് കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രഗവണ്മെന്റ് രൂപംകൊടുത്ത ഫോറം ഓഫ് റഗുലേറ്റേഴ്സ് ഈയിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ 39 ശതമാനം വരെ നിരക്ക് വര്‍ദ്ധനവ് ആവശ്യമുണ്ടെങ്കിലും കമ്മീഷനുകള്‍ അവ അനുവദിച്ചിട്ടില്ലെന്നാണ്. യുക്തിരഹിതമായി വിവിധ ചിലവിനങ്ങള്‍ കമ്മീഷനുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ അനൌചിത്വവും പഠനം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ നിരക്ക് വര്‍ദ്ധനവ് അനുവദിക്കാന്‍ സംസ്ഥാന റഗുലേറ്ററി കമ്മീഷനുകള്‍ക്ക് നിയമത്തിലെ 121-ാം വ്യവസ്ഥയനുസരിച്ച് ഉത്തരവ് നല്കണമെന്ന് കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിനോട് കേന്ദ്ര ഗവണ്മെന്റ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന കമ്മീഷനുകള്‍ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്ത സാഹചര്യത്തില്‍ ട്രിബ്യൂണല്‍ ഇന്ത്യയിലെ എല്ലാ കമ്മീഷനുകള്‍ക്കും നോട്ടീസും നല്കികഴിഞ്ഞിട്ടുണ്ട്.

തങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ വിമുഖത കാട്ടുമ്പോള്‍ തന്നെ കേവലമായ പ്രചാരണപരത ലക്ഷ്യംവെച്ചുള്ള നിരവധി നടപടികള്‍ സംസ്ഥാന കമ്മീഷനുകള്‍ സ്വീകരിച്ചുവരാറുണ്ട്. കേരളത്തിലെ കമ്മീഷനും ഇതിനൊരപവാദമല്ല. ജുഡീഷ്യല്‍ ആക്ടിവിസം ഇന്ത്യയില്‍ ഒരു കാലഘട്ടത്തില്‍ ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അഴിമതിയുടെ കറപുരണ്ട രാഷ്ട്രീയ-ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നീതിന്യായ വ്യവസ്ഥ നടത്തിയതാണ് അതിനെ ശ്രദ്ധേയമാക്കിയത്. എന്നാല്‍ കേവലം പബ്ളിസിറ്റിയ്ക്ക് മാത്രം ഇടവെക്കുന്ന നടപടികളും പരാമര്‍ശങ്ങളും ഇപ്പോള്‍ അടിക്കടി ഉണ്ടാകുന്നതിനെ ഈ നിലയ്ക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും അവ ഒഴിവാക്കേണ്ടതാണെന്നും സുപ്രീംകോടതി ചീഫ് ജസ്റീസ് തന്നെ ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. റഗുലേറ്ററി ആക്ടിവിസം എന്ന നിലയ്ക്ക് ചിലരെങ്കിലും കണക്കാക്കുന്ന കമ്മീഷനുകളുടെ ഇക്കാലത്തെ നടപടികള്‍ ഇവയില്‍ ഏതു ഗണത്തില്‍ പെടുമെന്ന് കാലം വിലയിരുത്തും.

വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത് കൈയ്യടി ലഭിക്കാന്‍ പോരുന്ന ഒരു നടപടിയാണെന്ന് ഇന്നും ചിലരെങ്കിലും കരുതുന്നുണ്ടാവും. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ലഭിക്കുന്നതിലും മികച്ച സേവനം കേരളത്തില്‍ ലഭിക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം പറഞ്ഞാലും ഇക്കൂട്ടര്‍ വിശ്വസിച്ചു കൊള്ളണമെന്നില്ല. കേവലം വൈയക്തികമായ അനുഭവങ്ങളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തില്‍ ബോര്‍ഡിലാകെ കുഴപ്പമാണെന്ന് ആവര്‍ത്തിച്ച് സമര്‍ത്ഥിക്കാനാവും ഇവരുടെ ശ്രമം. ഒരു കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനം നല്കുമ്പോള്‍ തന്നെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടുക ഇത്തരമൊരു ശ്രമമാണ്. ആകെ ഉപഭോക്താക്കളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ വിവിധ ഇഏഞഎകളുടെ മുമ്പിലെത്തുന്ന പരാതികളുടെ അളവ് എത്രയോ പരിമിതമാണ്.

ഇവയിലേറെയും നിലവിലുള്ള ചട്ടങ്ങളുടെ പരിമിതി മൂലമാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. മറ്റൊരു കൂട്ടം പരാതികളാകട്ടെ ചില സ്ഥിരം പരാതിക്കാരുടെയോ അവരുടെ പ്രേരണയാലോ ഉള്ളതാണ്. ന്യായമായും പരിഹരിക്കപ്പെടേണ്ട പരാതികള്‍ ഇവയിലില്ലെന്നല്ല ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. ബഹു. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ നടന്ന ജനകീയ വൈദ്യുതി അദാലത്തില്‍ ലഭിച്ച ആകെ പരാതികള്‍ തന്നെ ഏതാനും ആയിരങ്ങള്‍ മാത്രമാണ്. അവയാകെ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനും ബോര്‍ഡ് ശ്രദ്ധവെച്ചിട്ടുണ്ട്.

വൈദ്യുതി ഇന്ത്യയിലെവിടെയും ചൂടേറിയ ഒരു രാഷ്ട്രീയ വിഷയം കൂടിയാണ്. കേരളത്തില്‍ മിക്ക തിരഞ്ഞെടുപ്പുകളിലും വൈദ്യുതി മേഖല സംബന്ധിച്ച സംവാദങ്ങള്‍ ഒട്ടുവളരെ ഉണ്ടായിട്ടുണ്ട്. ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ വൈദ്യുതി മേഖലയിലെ നടപടികള്‍ നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടും. അങ്ങേയറ്റം വാശിയോടെ നടന്ന ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ ഭരണമുന്നണി അഭിമാനത്തോടെയാണ് വൈദ്യുതി മേഖലയിലെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ബോര്‍ഡിനെതിരെ പേരിനെങ്കിലും ചെറിയൊരാക്ഷേപം പോലും പ്രതിപക്ഷം ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടുമില്ല. ബോര്‍ഡ് നല്കിവരുന്ന സേവനം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്ക്കുന്ന മെച്ചപ്പെട്ട അഭിപ്രായം തന്നെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

എന്നാല്‍ സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായി ശിക്ഷണ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിയമത്തിലെ 142-ാം വ്യവസ്ഥ ഉപയോഗിച്ച് പിഴശിക്ഷ വിധിക്കുന്ന മാര്‍ഗ്ഗമാണ് കമ്മീഷന്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ തമിഴ്നാട്ടിലേയും ഉത്തര്‍പ്രദേശിലേയും വൈദ്യുതി സ്ഥാപനങ്ങളെ ശിക്ഷിച്ച നടപടിയാണ് ഈ വ്യവസ്ഥയുടെ ഉപയോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മേഖലാ വൈദ്യുതി ഗ്രിഡിന്റെ പ്രവര്‍ത്തനം തകരാറിലാകുംവിധവും മറ്റ് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വൈദ്യുതി വിഹിതം നിഷേധിക്കുമാറും ഈ സ്ഥാപനങ്ങള്‍ അധിക വൈദ്യുതി ഗ്രിഡില്‍ നിന്നും വലിച്ചെടുത്തതാണ് പിഴശിക്ഷയ്ക്ക് ഇടയാക്കിയത്. വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ഒരു നടപടിയ്ക്കെതിരെ സ്വീകരിച്ച ശിക്ഷണ നടപടി എന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്. പിഴ ഈടാക്കിയത് പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നുമാണ്. സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളും പ്രസ്തുത വ്യവസ്ഥയനുസരിച്ച് യൂട്ടിലിറ്റികള്‍ക്കും ലൈസന്‍സികള്‍ക്കും ബോര്‍ഡുകള്‍ക്കുമെതിരെയാണ് നടപടി ആരംഭിക്കുന്നതെങ്കിലും പൊതുവില്‍ കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങള്‍ പിഴശിക്ഷ നടപ്പാക്കിയിട്ടുമില്ല. സ്വകാര്യ വിതരണ ലൈസന്‍സികള്‍ ഉള്ള ദില്ലിയില്‍ ഉപഭോക്താക്കള്‍ ലൈസന്‍സികള്‍ക്കെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ വ്യാപകമാണ്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ശിക്ഷണ നടപടികള്‍ ദില്ലി റഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചതായി കാണുന്നില്ല. ഒറീസ്സയിലെ വൈദ്യുതിവിതരണം സംബന്ധിച്ച് ഉപഭോക്താക്കളും വിവിധ ഭരണ സംവിധാനങ്ങളും, റഗുലേറ്ററി കമ്മീഷന്‍ തന്നെയും വ്യാപകമായി വിമര്‍ശനും ഉയര്‍ത്തുന്നുണ്ടെങ്കിലും പിഴശിക്ഷ നടപ്പാക്കിയതായി കാണുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച കണ്ടെത്തിയാല്‍ തന്നെ അവര്‍ക്കെതിരെ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനത്തോടാവശ്യപ്പെടുകയാണ് ചെയ്യുക എന്ന് ഒറീസ്സ റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയിട്ടുള്ള കമ്മീഷനുകളും ഈ നിലയ്ക്കുള്ള ശിക്ഷണ നടപടികളെന്തെങ്കിലും സ്വീകരിച്ചതായി കാണുന്നില്ല.

ഏത് ഉത്തരവാദപ്പെട്ട സംവിധാനവും ആര്‍ക്കെതിരെയും ശിക്ഷണനടപടി സ്വീകരിക്കുന്നതിന് മുന്‍പ് തികഞ്ഞ അവധാനതയോടെ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചതും എല്ലാവര്‍ക്കും പ്രാപ്യമാകുന്നതുമായിരിക്കണം ആ നടപടിക്രമം. കേരള റഗുലേറ്ററി കമ്മീഷന്‍ ബോര്‍ഡിലെ വിവിധ ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴശിക്ഷ ഈടാക്കിയ നടപടിക്രമങ്ങളെ ഒരു പ്രമുഖ ന്യായാധിപന്‍ ഉപമിച്ചത് സ്വേച്ഛാധിപതിയായിരുന്ന ഈദി അമീന്റെ നടപടിക്രമങ്ങളുമായാണ്. അധികാരത്തിലെത്തിയ ഉടനെ രാജ്യത്തെ കോടതികള്‍ പിരിച്ചുവിട്ട ഈദിഅമീന്‍ ന്യായവും തുല്യതയും നീതിയും ഉറപ്പുവരുത്തി താന്‍തന്നെ ശിക്ഷണ നടപടികള്‍ പ്രഖ്യാപിക്കുമെന്ന ഉത്തരവാണിറക്കിയത്. അദ്ദേഹം തന്റെ ന്യായവും നീതിയും അനുസരിച്ചു തന്നെയാവണം ശിക്ഷണനടപടികള്‍ സ്വീകരിച്ചതും! പക്ഷേ ഒരു ജനാധിത്യ സമ്പ്രദായത്തില്‍ തങ്ങള്‍ നിശ്ചയിക്കുന്ന നടപടിക്രമങ്ങള്‍ പോര ശിക്ഷണനടപടികള്‍ സ്വീകരിക്കാന്‍. നീതിന്യായ വ്യവസ്ഥ അംഗീകരിച്ച കൃത്യമായ ഒരു നടപടിക്രമം അതിനുണ്ടാവേണ്ടതുണ്ട്. ശിക്ഷയ്ക്കു വിധേയരാവുന്നവര്‍ക്കടക്കം അതിന്റെ ന്യായയുക്തത ബോധ്യപ്പെടുത്തുകയും വേണം.

ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന്‍ പിഴശിക്ഷ വിധിച്ച കേസുകളില്‍ ഉയര്‍ന്നുവരുന്ന നിരവധി ചോദ്യങ്ങളുണ്ട്. ബോര്‍ഡിന്റെ ഉത്തരവുകളനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന്‍ പിഴശിക്ഷ ഈടാക്കുന്നത് ഉചിതമാണോ? ബോര്‍ഡിന്റെ നടപടിക്രമങ്ങളില്‍ സ്വാഭാവികമായിട്ടുണ്ടാകുന്ന കാലതാമസത്തിന് ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനെതിരെ പിഴശിക്ഷ ഈടാക്കുന്നത് ഉചിതമാണോ? ഉയര്‍ന്ന കോടതികളുടെ പരിഗണയിലിരിക്കുന്ന വിഷയങ്ങളില്‍ അവയുടെ തീര്‍പ്പ് വരുന്നതിന് മുന്‍പ് കമ്മീഷന്‍ കുറ്റക്കാരെന്ന് വിധിച്ച് ശിക്ഷണ നടപടി സ്വീകരിക്കുന്നത് അനാവശ്യ ധൃതിയെന്ന് വിലയിരുത്തപ്പെടില്ലേ? കേരളത്തിലെ വൈദ്യുതി വിതരണ ലൈസന്‍സിയായ വൈദ്യുതി ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ സേവനം നല്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ തന്നെ റഗുലേറ്ററി കമ്മീഷന്‍ നടപടി സ്വീകരിക്കേണ്ടത് ലൈസന്‍സിക്കെതിരെയല്ലേ? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഉത്തരവാദപ്പെട്ട സംവിധാനങ്ങള്‍ പൊതു നിയമ വാഴ്ചയ്ക്ക് വഴങ്ങാത്ത നടപടികള്‍ സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതുമില്ല.

കമ്മീഷന്‍ പിഴശിക്ഷ നടപടി ആരംഭിച്ചതും നടപ്പാക്കിയതുമായ വിവിധ പരാതികളുടെ വിശകലനത്തിന് ഇവിടെ മുതിരുന്നില്ല. എന്നാല്‍ ചില കേസുകളിലൂടെ കടന്നുപോകുന്നത് കൌതുകകരമാണ്. ബോര്‍ഡിന്റെ തീരുമാനമനുസരിച്ച് ഒരു ഉപഭോക്താവിന്റെ പരാതിയില്‍ നടപടി സ്വീകരിച്ചതിന് ബന്ധപ്പെട്ട ഓഫീസര്‍ക്കെതിരെ പിഴശിക്ഷ നടപ്പാക്കാനുള്ളതായിരുന്നു ആദ്യ നീക്കം. ബഹു. ഹൈക്കോടതിയുടെ സ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തല്ക്കാലത്തേയ്ക്ക് അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുന്നു. മറ്റൊരു പരാതിയിലാകട്ടെ ഇഏഞഎ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന്‍ ബോര്‍ഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ നല്കിയ ഓഫീസര്‍ക്കെതിരെയാണ് കമ്മീഷന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ബഹു. ഹൈക്കോടതിയാകട്ടെ അപ്പീല്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല. ഉയര്‍ന്ന കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അതിന്റെ തീര്‍പ്പിന് കാത്തിരിക്കാതെ എന്ത് പ്രേരണയാലാണ് കമ്മീഷന്‍ അനാവശ്യ ധൃതി കാട്ടി ഉത്തരവിട്ടത്. നടപ്പാക്കാന്‍ സാങ്കേതികമായി കഴിയാത്ത CGRF ഉത്തരവുകളിലെ അവ്യക്തത നീക്കണമെന്ന് സമാനമായ പല കേസുകളിലും ഇതര സംസ്ഥാന കമ്മീഷനുകള്‍ ഉത്തരവിട്ടിരിക്കെ, ആ വഴി പിന്തുടരാതെ, ഉത്തരവ് നടപ്പാക്കാന്‍ പ്രയാസമറിയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണനടപടിയ്ക്ക് നീങ്ങിയ അനുഭവവും നമുക്ക് മുന്നിലുണ്ട്. തുടര്‍ച്ചയായി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന നോട്ടീസുകള്‍ കാണിക്കുന്നത് കമ്മീഷന്‍ ഇത്യാദി നടപടികള്‍ തുടരുകയാണെന്നാണ്. ബോര്‍ഡിന്റെ ഭരണനിര്‍വ്വഹണം അരാജകത്തത്തിലേക്ക് തള്ളിവിടാനിടയാക്കുന്നതാണ് ഈയൊരവസ്ഥ. ബോര്‍ഡും ഗവണ്മെന്റും അടിയന്തിരമായി ഇത് പരിശോധിക്കേണ്ടതുണ്ട്. കമ്മീഷന്റെ ഭാഗത്തു നിന്നും ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്ത്വബോധവും നിയമനിര്‍വ്വഹണത്തിലെ ഉദാത്ത മാതൃകകള്‍ പരിശോധിച്ചുള്ള ക്രിയാത്മക തീരുമാനങ്ങളുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈദ്യുതി മേഖലയുടെ വളര്‍ച്ചയ്ക്കും ഉപഭോക്താക്കളുടെ താല്പര്യസംരക്ഷണത്തിനും അതാണാവശ്യം.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2087
mod_vvisit_counterYesterday4499
mod_vvisit_counterThis Month49485
mod_vvisit_counterLast Month130619

Online Visitors: 62
IP: 54.163.209.109
,
Time: 11 : 21 : 48