KSEBOA - KSEB Officers' Association

Sunday
Jul 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റഗുലേറ്ററി കമ്മീഷനും കമ്പോള പരിഷ്കരണങ്ങളും

റഗുലേറ്ററി കമ്മീഷനും കമ്പോള പരിഷ്കരണങ്ങളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSERCവൈദ്യുതി മേഖലയുടെ വികാസ ചരിത്രത്തിലെ താരതമ്യേന പുതിയൊരേടാണ് റഗുലേറ്ററി കമ്മീഷനുകളുടേത്. ലോകമാകെ സ്വാഭാവിക കുത്തക എന്ന നിലയില്‍ പൊതുമേഖലയില്‍ തുടര്‍ന്നിരുന്ന വൈദ്യുതി വ്യവസായത്തെ വിഭജിക്കുകയും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് റഗുലേറ്ററി കമ്മീഷനു കളുടെ ആവശ്യകത ഉയര്‍ന്നുവരുന്നത്. ഈ നടപടികളാകട്ടെ സ്വതന്ത്രകമ്പോള വാദം അടിസ്ഥാ നമാക്കിയുള്ള നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെട്ടു വന്നമുറയ്ക്കാണ് വിവിധ രാജ്യങ്ങളില്‍ നടപ്പാക്ക പ്പെട്ടത്. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അത്യന്താപേക്ഷിതമെന്ന് കരുതപ്പെടുന്ന സ്വതന്ത്ര കമ്പോളം വൈദ്യുതി രംഗത്ത് നിലവിലില്ലാത്ത സാഹചര്യത്തില്‍ അവയ്ക്ക് രൂപം നല്കലും വികസിപ്പിക്കലും കമ്മീഷനുകളുടെ മുഖ്യ ചുമതലകളിലൊന്നാണ്. സ്വതന്ത്ര കമ്പോളം വികസിച്ചുവരുന്ന മുറയ്ക്ക് കമ്മീഷനുകളുടെ റോള്‍ പരിമിതപ്പെടുമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. കുപ്രസിദ്ധമായ കാലിഫോര്‍ ണിയ മാതൃക പ്രകാരം കമ്പോളം പൂര്‍ണ്ണമായി വികസിച്ചുകഴിയുന്നതോടെ കമ്മീഷനുകള്‍ ഇല്ലാതെയാകണം (De-Regulation).

സ്വതന്ത്ര കമ്പോള പ്രവര്‍ത്തനം സാധ്യമാകുന്ന വ്യവസായ മാതൃക പരിപാകമാകും വരെ റഗുലേറ്ററി കമ്മീഷനുകളുടെ മുഖ്യ ചുമതല നിലവിലുള്ള വൈദ്യുത സ്ഥാപനങ്ങളുടെ സ്വാഭാവിക കുത്തക ഇല്ലാതാക്കലും കമ്പോള പ്രവര്‍ത്തനങ്ങള്‍ ത്വരിത പ്പെടുത്തലും ആണ്. കമ്പോളം വികസിക്കും വരെ മത്സര പ്രതീതി വ്യവസായ നടത്തിപ്പില്‍ സൃഷ്ടി ക്കലും കമ്മീഷന്റെ ഉത്തരവാദിത്വമാണ്. കമ്മീഷന്റെ ഇത്യാദി പ്രവര്‍ത്തനങ്ങള്‍ രണ്ടുനിലയ്ക്കുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതാണ് കേരളത്തില്‍ നാമിപ്പോള്‍ കണ്ടുവരുന്നത്. വൈദ്യുതി ബോര്‍ഡിന്റെ സ്വാഭാവിക കുത്തക ഇല്ലാതാക്കുന്ന ശ്രമത്തിനെതിരെയുള്ള പ്രതിഷേധം ബോര്‍ഡിനു ള്ളില്‍ നിന്നും വിവിധ രൂപത്തില്‍ ഉയരുന്നതാണ് ഒന്ന്. നവലിബറല്‍ നയങ്ങള്‍ അറിഞ്ഞോ അറിയാതെയോ മനസ്സില്‍ താലോലിക്കുന്നവര്‍ കമ്മീഷന്‍ നടപടികളെ സ്വാഗതം ചെയ്യുന്നതാണ് മറ്റൊരുപ്രതികരണം. എന്നാല്‍ ഈ കമ്പോള പരിഷ്കരണങ്ങള്‍ ആത്യന്തികമായി വൈദ്യുതി വ്യവസായത്തെയും വിവിധ വിഭാഗം ഉപഭോക്താ ക്കളെയും എങ്ങിനെ ബാധിക്കുമെന്ന പരിശോധന യോ അതിന്റെ അടിസ്ഥാനത്തിലുള്ള സംവാദ ങ്ങളോ ഇനിയും വേണ്ടത്ര നടന്നിട്ടില്ല. ഈ നിലയ്ക്ക് ഞങ്ങള്‍ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്നും ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും. ഈ പരിഷ്കരണങ്ങളിലൂടെ നേട്ടം ഉണ്ടാകുന്നവരും കോട്ടം ഉണ്ടാകുന്നവരും ഉണ്ട്.

നേട്ടവും കോട്ടവും


നേട്ടം ഉണ്ടാകുമെന്ന് ഉറപ്പുള്ളവര്‍ പ്രധാനമായും രണ്ടുകൂട്ടരുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സ്വാഭാവിക കുത്തക അവസാനിപ്പിക്കുക എന്നാല്‍ വ്യവസായത്തിന്റെ വിവിധ മേഖലകളില്‍ (ഉല്പ്പാദനം, പ്രസരണം, വിതരണം) സ്വകാര്യ മുതല്‍ മുടക്കിനെ പ്രോത്സാഹിപ്പിക്കുക എന്നാണ് അര്‍ത്ഥമാകുന്നത്. സ്വകാര്യ മുതല്‍ മുടക്കിനനു യോജ്യമായ ചട്ടങ്ങള്‍ രൂപപ്പെടുത്തുക, മുടക്ക് മുതലിന് നിശ്ചിത ലാഭ വിഹിതം ഉറപ്പാക്കുക, കമ്പോളത്തില്‍ ഇടപെട്ട് മെച്ചപ്പെട്ട ലാഭ സാധ്യതകള്‍ സൃഷ്ടിക്കുക ഇവയെല്ലാം പ്രോത്സാ ഹനത്തിന്റെ ഭാഗമായുള്ള നടപടികളാണ്. ഈ നിലയ്ക്കുള്ള നിരവധി നടപടികള്‍ കേന്ദ്ര സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളുടേതായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഇവയുടെ ഫലമായി സ്വാഭാവികമായും സ്വകാര്യമൂലധന ശക്തികളുടേയും അവര്‍ നിയന്ത്രിക്കുന്നവരുടേയും വലിയ തോതിലുള്ള പിന്‍ബലം റഗുലേറ്ററി കമ്മീഷനുകള്‍ക്കുണ്ട്. മറ്റൊരു കൂട്ടര്‍ വന്‍കിട ഉപഭോക്താക്കളാണ്. കമ്പോളത്തിന്റെ വികാസ ത്തിലൂടെ വൈദ്യുതി നിരക്കുകളില്‍ ഇളവ് ലഭ്യമാകുമെന്ന് ഉറപ്പിക്കാവുന്ന വിഭാഗമാണ് ഇവര്‍. നിലവില്‍ ഇതര വിഭാഗം ഉപഭോക്താക്കള്‍ക്ക് (പ്രത്യേകിച്ചും ഗാര്‍ഹിക - കാര്‍ഷിക ഉപഭോ ക്താക്കള്‍) കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കാന്‍ സഹായകരമാകുന്ന ക്രോസ് സബ്സിഡി സംവിധാനത്തിന്റെ ഭാരം പ്രധാനമായും വന്‍കിട ഉപഭോക്താക്കളാണ് പേറുന്നത്. കമ്മീഷനു കളുടെയും കമ്പോളത്തിന്റെയും പ്രവര്‍ത്തനം ഇവരുടെ മേലുള്ള ഈ ഭാരം കുറയ്ക്കുക തന്നെചെയ്യും.

എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ഗാര്‍ഹിക - കാര്‍ഷിക ഉപഭോക്താക്കളുടെയും ചെറുകിട ഉപഭോക്താക്കളുടെയും ഭാരം ഗണ്യമായി വര്‍ദ്ധി ക്കാന്‍ കമ്പോള പരിഷ്കരണങ്ങള്‍ ഇടവരുത്തു മെന്ന് പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈദ്യുതി വ്യവസായത്തിന്റെ ആസൂത്രിത വികസനത്തെ കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങള്‍ താളം തെറ്റിക്കുമെന്നതിനാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം ഉപഭോക്താ ക്കളെയും ഈ പരിഷ്കരണങ്ങള്‍ ദോഷകരമായി ബാധിക്കാനാണ് സാധ്യത.

കമ്പോളവും വൈദ്യുതി വികസനവും

ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഗൌരവമേറിയ ഒരു പ്രശ്നമെന്ന നിലയില്‍ ഇന്ന് അനുഭവപ്പെടുന്ന ചില പ്രായോഗിക പ്രശ്നങ്ങളി ലൂടെ കമ്പോള പ്രവര്‍ത്തനങ്ങള്‍ ആസൂത്രിത വികസനത്തിന്റെ താളം എങ്ങിനെ തെറ്റിക്കുമെന്നത് ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിയുടെ ആവശ്യകത കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ വേണ്ടി വരുന്ന ഉല്പ്പാദന പ്രസരണ പദ്ധതികള്‍ ഒരോ സംസ്ഥാനത്തും ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നതാണല്ലോ ഇന്ത്യയില്‍ പൊതുവില്‍ സ്വീകരിച്ചുവന്നിരുന്ന മാതൃക. ഈ നിലയ്ക്ക് ആവശ്യമുണ്ടെന്ന് കണ്ടെത്തുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള പൊതു സ്വകാര്യ നിക്ഷേപം വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്ക പ്പെടുക. എന്നാല്‍ കമ്പോളാധിഷ്ടിത വികസന മാതൃക തികച്ചും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കു ന്നത്. കമ്പോളത്തില്‍ വൈദ്യുതിയുടെ വില ഉയര്‍ന്നിരുന്നാല്‍ രാജ്യത്ത് വൈദ്യുതിക്ക് ആവശ്യക്കാരേറെയുണ്ടെന്നും ഉയര്‍ന്ന ലാഭത്തോത് വൈദ്യുതി മേഖല പ്രദാനം ചെയ്യുമെന്നുമുള്ള സൂചനയാണ് മൂലധന നിക്ഷേപകര്‍ക്ക് അത് നല്കുക. വിലയിടിഞ്ഞാല്‍ തിരിച്ചുള്ള സന്ദേശവും കമ്പോളം നല്കും. ഇന്ത്യയില്‍ കമ്പോള പ്രവര്‍ത്തനം ട്രേഡര്‍മാര്‍ വഴിയും പവര്‍ എക്സ്ചേഞ്ചുകളിലൂടെയും സജീവമായ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വൈദ്യുതിയുടെ വില അടിക്കടി ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ യൂണിറ്റിന് 16 രൂപ വരെയായി വര്‍ദ്ധിച്ചു. വാര്‍ഷിക ശരാശരി നിരക്കുകള്‍ തന്നെ 6 മുതല്‍ 8 രൂപ വരെയായിരുന്നു. കല്‍ക്കരി - പ്രകൃതി വാതകം എന്നിവ ഉപയോഗി ച്ചുള്ള വൈദ്യുതി ഉല്പ്പാദനത്തിന് പരമാവധി 2 മുതല്‍ 3 രൂപ വരെ മാത്രം ചിലവാകുമ്പോള്‍ അസാധാരണമായ ലാഭത്തോതാണ് വൈദ്യുതി കമ്പോളം വാഗ്ദാനം ചെയ്തത്. വൈദ്യുതി ഉല്പ്പാദന രംഗത്തേക്ക് എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന സ്വകാര്യ മൂലധന ഒഴുക്കിനാണ് ഇതിപ്പോള്‍ ഇടയാക്കുന്നത്. പ്രസരണ ശൃംഖലയില്‍ ആവശ്യമായ ശക്തിപ്പെടുത്തലുകള്‍ ആസൂത്രണം ചെയ്യാതെ ഈ നിലയ്ക്ക് ആന്ധ്രാപ്രദേശില്‍ ചുരുങ്ങിയ കാലയളവില്‍ കൂട്ടിച്ചേര്‍ത്ത ഏകദേശം 1000 മെഗാവാട്ടിന്റെ സ്വകാര്യ പ്രകൃതി വാതക വൈദ്യുത പദ്ധതികള്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഗ്രിഡില്‍ ആകെ ഞെരുക്കവും(Congestion) അനുബന്ധ പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഇതര മേഖലകളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് വലിയ തടസ്സമാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. വരുന്ന രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ 17000 മെഗാവാട്ടിന്റെ വിവിധ സ്വകാര്യ വൈദ്യുത പദ്ധതികള്‍ ദക്ഷിണേ ന്ത്യയില്‍ മാത്രം കമ്മീഷന്‍ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ 2014-15 നുള്ളില്‍ പ്രതീക്ഷിക്കപ്പെടുന്ന സ്വകാര്യ വൈദ്യുത പദ്ധതികളുടെ ആകെ ശേഷി 33,000 മെഗാവാട്ട് വരും. വിവിധ കേന്ദ്ര പൊതുമേഖലാ പദ്ധതികള്‍ കൂടാതെയാണിത്. ദക്ഷിണേന്ത്യന്‍ ഗ്രിഡിന്റെ ഇപ്പോഴത്തെ പരമാവധി ആവശ്യകത ഏകദേശം 25,000 മെഗാവാട്ട് മാത്രമാണെന്ന് കൂടി ഇവിടെ കാണേണ്ടതുണ്ട്. പുതുതായി പ്രതീക്ഷിക്കപ്പെടുന്ന സ്വകാര്യ പദ്ധതികളില്‍ ഏറെയും ആവശ്യക്കാരു മായി വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതിനു പകരം കമ്പോളത്തിലേക്ക് നേരിട്ട് വില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് (Merchant Power plants). ഈ പദ്ധതികള്‍ക്ക് ആവശ്യമായ പ്രസരണ ലൈനുകളുടെ ആസൂത്രണം ഇതുമൂലം പൂര്‍ത്തിയായിരുന്നില്ല. ഇപ്പോഴാകട്ടെ ഈ നിലയ്ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിക്ക പ്പെടുന്ന സ്വകാര്യ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി പ്രസരണം ചെയ്യുന്നതിനായി 58,061 കോടി രൂപയുടെ മുതല്‍ മുടക്കില്‍ 9 സ്കീമുകള്‍ക്ക് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ കേന്ദ്ര റെഗുലേറ്ററി കമ്മീഷനില്‍ നിന്നും അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെടുന്ന ഉല്പ്പാദന ശേഷി വര്‍ദ്ധനവ് തടസ്സപ്പെടാന്‍ ഇടയായാല്‍ ഇന്ത്യന്‍ വൈദ്യുതി മേഖല നല്കേണ്ടി വരുന്ന വില വലുതായിരിക്കും.

ഇതിനിടെ വിവിധ കാരണങ്ങളാല്‍ കമ്പോള ത്തിലെ വൈദ്യുത നിരക്കുകള്‍ ചാഞ്ചാട്ട സ്വഭാവ ത്തോടെ ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. ശരാശരി നിരക്കുകള്‍ 3 രൂപയ്ക്കും 4 രൂപയ്ക്കും ഇടയിലാണി പ്പോള്‍. ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള വിവിധ അള്‍ട്രാമെഗാ പദ്ധതികള്‍ക്കൊപ്പം മേല്‍ സൂചിപ്പിച്ച പദ്ധതികളില്‍ ചെറിയൊരുഭാഗം പ്രാബല്യത്തില്‍ വന്നാല്‍ തന്നെ കമ്പോള നിരക്കുകളെ അത് ഗണ്യമായി സ്വാധീനിക്കാന്‍ ഇടയുണ്ട്. വൈദ്യുതി മേഖലയിലേക്കുള്ള സ്വകാര്യ മൂലധന ഒഴുക്കിനെ ഇത് സാരമായി സ്വാധീനിക്കും എന്നതിലും സംശയമില്ല. ഈ പശ്ചാത്തലത്തില്‍ കമ്പോളം സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ വരുന്ന നാളുകളില്‍ ഇന്ത്യന്‍ വൈദ്യുതി മേഖലയെ ഏതൊക്കെ നിലയില്‍ ബാധിക്കുമെന്ന ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.

വൈദ്യുതി ബോര്‍ഡും റെഗുലേറ്ററി കമ്മീഷനും

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ വൈദ്യുതി ബോര്‍ഡുകളുടെ സ്വാഭാവിക കുത്തക ഇല്ലാതാ ക്കല്‍ കമ്മീഷന്റെ മുഖ്യ പരിപാടികളിലൊന്നാണ്. കമ്പോള പ്രവര്‍ത്തനം സജീവമായി കുത്തക ഇല്ലാതാകും വരെ മത്സര പ്രതീതി സൃഷ്ടിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക എന്ന രീതിയാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. തുറന്ന കമ്പോളത്തിലെ ആരോഗ്യകരമായ മത്സരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമ മാക്കുകയും വിവിധ ചിലവുകള്‍ കുറച്ചുകൊണ്ട് വരികയും ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട സേവനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണല്ലോ കണക്കാ ക്കപ്പെടുന്നത്. വൈദ്യുതി വ്യവസായത്തിന്റെ ഓരോ മേഖലയിലും (ഉല്പ്പാദനം, പ്രസരണം, വിതരണം) മത്സരം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായി വിവിധ കമ്മീഷനുകള്‍ സ്വീകരിക്കുന്ന മാര്‍ഗം അതാത് മേഖലയിലെ മികച്ച പ്രവര്‍ത്തനത്തെ ബഞ്ച്മാര്‍ക്കായി സ്വീകരിക്കലാണ്. ഉദാഹരണ ത്തിന് ഒരു ഉല്പ്പാദന പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന സമയം, മൂലധനച്ചിലവ്, വായ്പ്പാ ച്ചിലവ് തുടങ്ങിയവയ്ക്കൊക്കെ ബഞ്ച്മാര്‍ക്ക് അഥവാ നിശ്ചിത മാനദണ്ഡങ്ങള്‍ അതാത് മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് നിശ്ചയിക്കാം. നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതികളില്‍ അറ്റകുറ്റ പണിക്കായി നീക്കിവെച്ച സമയം കഴിച്ച് യന്ത്രങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായി ലഭ്യമായ സമയം, വൈദ്യുതി ഉല്പ്പാദനത്തിനായി ചിലവഴിക്കുന്ന ഇന്ധനത്തിന്റെ അളവ്, പ്രവര്‍ത്തന പരിപാലനത്തിനായി ചിലവഴിക്കുന്ന തുക തുടങ്ങിയവയ്ക്കൊക്കെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കഴിയും. ഈ മാനദണ്ഡങ്ങളെ അധികരിക്കുന്ന ചിലവുകള്‍ കാര്യക്ഷമതാ രാഹിത്യമെന്ന നിലയില്‍ നിഷേധിക്കുകയും മാനദണ്ഡങ്ങളേക്കാള്‍ മികച്ച പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് വിവിധ കമ്മീഷനുകള്‍ സ്വീകരിച്ചു കാണുന്നത്. പ്രസരണ വിതരണ മേഖലകള്‍ക്കും ഇതേ നിലയ്ക്കുള്ള മാനദണ്ഡങ്ങളും പരിശോധന കളും സാധ്യമാണ്. പ്രസരണ - വിതരണ നഷ്ടം, ശമ്പള ചിലവുകള്‍ തുടങ്ങിയവയെല്ലാം ഈ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ട്.

ശമ്പളചിലവും പെന്‍ഷന്‍ ചിലവും

ബോര്‍ഡിന്റെ വാര്‍ഷിക കണക്കുകള്‍ പരിശോധിച്ച് അംഗീകരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ നിലയ്ക്കുള്ള പരിശോധനകള്‍ സ്വാഭാവികമാണ്. 2006 - 2007 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ അംഗീകരിക്കുന്ന സന്ദര്‍ഭത്തിലും 2010 - 2011 ലേക്കുള്ള പ്രതീക്ഷിത വരവു ചിലവു കണക്കുകള്‍ അംഗീകരിക്കുന്ന സന്ദര്‍ഭത്തിലും സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ച മാനദണ്ഡങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളും ഇന്ന് പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഏറെ അലോസരപ്പെടു ത്തിയത് ശമ്പള പെന്‍ഷന്‍ ചിലവുകളില്‍ വരുത്തിയ വെട്ടിക്കുറവുകളാണ്.

വൈദ്യുതി ബോര്‍ഡിലെ വേതനച്ചിലവ് തുടര്‍ച്ചയായി നിയന്ത്രണാതീതമായി വര്‍ദ്ധിച്ചുവരി കയാണെന്നും ഈ സ്ഥിതി തുടരാന്‍ അനുവദിക്കി ല്ലെന്നുമാണ് വിവിധ വര്‍ഷങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ച് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. കമ്മീഷന്‍ നടത്തുന്ന പൊതു തെളിവെടുപ്പുകളില്‍ വന്‍തോതില്‍ പങ്കെടുക്കുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ആവര്‍ത്തിച്ച് ഉയര്‍ത്തുന്ന വാദങ്ങള്‍ അതേപടി അംഗീകരിച്ച് കമ്മീഷന്‍ ഉത്തരവായിറക്കിയിരിക്കുകയാണ്. ഈ പൊതുതെളിവെടുപ്പുകളെ ബോര്‍ഡ് ജീവനക്കാ രുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ ഇനിയും ഗൌരവത്തോടെ സമീപിക്കാത്തത് ഈയൊരു സ്ഥിതി വിശേഷത്തിന് ചെറിയ തോതിലെങ്കിലും കാരണമാകുന്നുണ്ട്. പൊതുവില്‍ കണ്ടുവരുന്ന സ്ഥിതി പൊതുതെളിവെടുപ്പുകള്‍ വന്‍കിട വ്യവസായികള്‍ ഹൈജാക്ക് ചെയ്യുന്ന താണ്. വന്‍കിട വ്യവസായ നടത്തിപ്പുകാരും അവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും വന്‍തോതില്‍ പങ്കെടുത്തു കൊണ്ട് ബോര്‍ഡിലെ വേതനച്ചിലവിന്റെ ആധിക്യത്തെ ആവര്‍ത്തിച്ച് എതിര്‍ക്കുന്ന പ്രവണത ഏറെ ശക്തമാണ്. വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതിനിരക്കുകള്‍ പരമാവധി കുറച്ചുകിട്ടു ന്നതിന് വേണ്ടി ഏതറ്റം വരെ പോകാനും ഇവരില്‍ പലര്‍ക്കും മടിയുമില്ല. ഈ ശ്രമങ്ങളെ സംഘടിത ശക്തികൊണ്ട് തന്നെ നേരിടേണ്ടതുണ്ട്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാകെ നിശ്ചയിക്കുന്നതിന് കമ്മീഷന് അധികാരമൊന്നു മില്ലെങ്കിലും വേതനച്ചിലവിനെ വൈദ്യുതി നിരക്കുമായി നേരിട്ട് ബന്ധപ്പെടുത്തി കമ്മീഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ജീവനക്കാരുടെ വിലപേശല്‍ ശേഷിയെ ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ്. ശരിയല്ലാത്ത താരതമ്യങ്ങളുടെയും വികലമായ വിശകലനങ്ങളുടെയും അടിസ്ഥാന ത്തിലുള്ള കമ്മീഷന്റെ നിഗമനങ്ങളെ തുറന്നു കാട്ടാന്‍ ജീവനക്കാരും പെന്‍ഷന്‍കാരും പൊതു വില്‍ ശ്രദ്ധവെക്കേണ്ടതുണ്ട്.

ഉപഭോക്താവിന്റെ താല്പ്പര്യം

കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കണമെന്നത് ഉപഭോക്താവിന്റെ താല്പര്യമാണ്. ബോര്‍ഡിന്റെ വിവിധ ചിലവിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുവഴി നിരക്ക് വര്‍ദ്ധനവ് ഒഴിവാക്കി നിര്‍ത്തുന്നത് കമ്മീഷ നാണെന്ന ധാരണ പൊതുവില്‍ സമൂഹത്തിലുണ്ട്. ബോര്‍ഡും കമ്മീഷനും തമ്മിലുണ്ടാകുന്ന തര്‍ക്ക ങ്ങളെ ഈ നിലയ്ക്കാണ് പലപ്പോഴും ഉപഭോക്താ ക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ കമ്മീഷന്‍ ഇപ്പോള്‍ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ ഉത്തരവുകള്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്ത നങ്ങള്‍ തളര്‍ത്തുന്നതും കേരളത്തിന്റെ വൈദ്യുതി വികസനത്തെ പ്രതികൂലമായി ബാധിക്കുന്നതു മാണ്. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ മൂലധന ശക്തികള്‍ ഈ മേഖല ക്രമേണ കൈയ്യടക്കാനിടയാകുന്നത് ഉപഭോക്താക്കളെ യാകെ ദോഷകരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ക്രോസ് സബ്സിഡി നില നിര്‍ത്തണ മെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം പാടെ തള്ളിക്കൊണ്ട് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സാധാരണക്കാരായ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താ ക്കളെയും ദോഷകരമായി ബാധിക്കുന്നതാണ്. സമ്പന്ന വിഭാഗങ്ങള്‍ക്ക് നേരിയ നിരക്ക് വര്‍ദ്ധനവ് ശുപാര്‍ശ ചെയ്ത് ബോര്‍ഡ് നല്കിയ നിര്‍ദ്ദേശങ്ങള്‍ തള്ളാന്‍ കമ്മീഷന്‍ കണ്ടെത്തിയ ന്യായം ശ്രദ്ധേയമാണ്. ഏതെങ്കിലും വിഭാഗം ഉപഭോക്താ ക്കളുടെ ഉയര്‍ന്ന സാമ്പത്തിക ശേഷി കണക്കിലെ ടുത്ത് നിരക്ക് നിശ്ചയിക്കുന്നതിന് കഴിയില്ലെന്നാണ് നിയമം പരിശോധിച്ച് കമ്മീഷന്‍ കണ്ടെത്തിയത്.
ഒപ്പം കമ്മീഷന്റെ വിവിധ നടപടികളിലൂടെ പ്രബലമാകുന്ന കമ്പോളത്തിന്റെ പ്രവര്‍ത്തനവും അതിന്റെ ഭാഗമായ ഊഹക്കച്ചവടവും സാധാരണ ഉപഭോക്താക്കളുടെ മേല്‍ അനിയന്ത്രിതമായ ഭാരം കയറ്റിവെയ്ക്കാനാണിടയാക്കുക. ചുരുക്കം ചില വന്‍കിട ഉപഭോക്താക്കള്‍ക്കും കമ്പോള ശക്തികള്‍ക്കും മാത്രമാണ് കമ്പോള പ്രവര്‍ത്തനം ഗുണകരമാകുക. നവലിബറല്‍ നയങ്ങള്‍ ഇതര മേഖലകളില്‍ ലോകവ്യാപകമായി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ നല്കുന്ന പാഠം മറ്റൊന്നുമല്ല.
വിപുലമായ യോജിപ്പ് ആവശ്യം
ഏത് മേഖലയിലും നവലിബറല്‍ നയങ്ങള്‍ സമ്പന്ന പക്ഷപാദിത്വമുള്ളതും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നതുമാണ്. വൈദ്യുതി മേഖലയിലെ സംഭവ വികാസങ്ങള്‍ നല്കുന്ന സൂചനകളും വ്യത്യസ്തമല്ല. ഈ നയങ്ങളുടെ ഗുണഭോക്താ ക്കളായ സമ്പന്ന വിഭാഗങ്ങള്‍ അവയെ പിന്തുണ യ്ക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഈ നയങ്ങളുടെ യഥാര്‍ത്ഥ ദിശ തൊഴിലെടുക്കുന്നവരും സാധാരണക്കാരും തിരിച്ചറിയാന്‍ വൈകുന്നത് അപകടകരമാണ്. വൈദ്യുതി മേഖലയില്‍ പണിയെടുക്കുന്നവരുടെ ഉത്തരവാദിത്വം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതാണ് ഈ സ്ഥിതി വിശേഷം. കമ്പോള പരിഷ്കരണ ങ്ങളുടെയും കമ്മീഷന്‍ ഉത്തരവുകളുടെയും യഥാര്‍ത്ഥ നിറം ജനങ്ങളെ ആകെ പഠിപ്പിക്കുവാനും അനിവാര്യമാകുന്ന പ്രക്ഷോഭങ്ങള്‍ക്കായും വിപുലമായ യോജിപ്പ് കെട്ടിപ്പടുക്കേണ്ട സമയ മാണിത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3168
mod_vvisit_counterYesterday4908
mod_vvisit_counterThis Month121836
mod_vvisit_counterLast Month153396

Online Visitors: 71
IP: 54.80.158.127
,
Time: 14 : 19 : 03