KSEBOA - KSEB Officers' Association

Thursday
Dec 14th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വകാര്യ മൂലധനത്തിന്റെ കുത്തൊഴുക്ക്

സ്വകാര്യ മൂലധനത്തിന്റെ കുത്തൊഴുക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Disinvestmentഇന്ത്യന്‍ സമ്പദ്ഘടനയില്‍ സ്വകാര്യ മൂലധന പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നു എന്ന വസ്തുത പൊതുവില്‍ അറിവുള്ളതാണ്. എന്നാല്‍ അതിന്റെ അളവും തോതും ഊഹാതീതമായി വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് പ്ളാനിംഗ് കമ്മീഷന്‍ അടിസ്ഥാന സൌകര്യ വികസന മേഖലയിലെ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് ഈയിടെ നടത്തിയ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വതന്ത്രാനന്തര കാലഘട്ടത്തില്‍ പൊതുമേഖല പ്രധാനമായും അടിസ്ഥാന സൌകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നല്ലോ. 1980 കളോടെ സ്വകാര്യപങ്കാളിത്തം പൊതുവില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും, 90 കളോടെ ശക്തിപ്രാപിക്കുകയും ചെയ്തു. വൈദ്യുതിരംഗം ഈ നിലയ്ക്ക് തുറന്നുകൊടുത്ത ഒരു സുപ്രധാന മേഖലയാണ്. എന്നാല്‍ അഴിമതിയിലും മറ്റ് വിവാദകുരുക്കുകളിലും പെട്ടതുമൂലം കാര്യമായ പുരോഗതി കൈവരിക്കാന്‍ ഈ കാലഘട്ടത്തില്‍ സ്വകാര്യമേഖലയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്‍റോണ്‍ പദ്ധതി വിവാദം ഈ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.

അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേരിട്ടുള്ള സ്വകാര്യവല്കരണം ആ കാലഘട്ടത്തിലെ പ്രധാന അജണ്ടയായിരുന്നുവെങ്കിലും അഴിമതി ആരോപണങ്ങളേയും കടുത്ത എതിര്‍പ്പുകളേയും തുടര്‍ന്ന് പ്രസ്തുത നടപടിയും ഗണ്യമായി മുന്നോട്ടു പോയിരുന്നില്ല. വി.എസ്.എന്‍.എല്‍., നാല്‍കോ, ഒറീസ്സ-ഡല്‍ഹി വൈദ്യുതി ബോര്‍ഡുകളുടെ സ്വകാര്യവല്ക്കരണം തുടങ്ങിയവ ഈ നിലയ്ക്കുള്ള നടപടികളായിരുന്നു. തുച്ഛ വിലയ്ക്ക് പൊതുമേഖലയുടെ സമ്പത്ത് സ്വകാര്യ മേഖല തട്ടിയെടുക്കുന്നതിനെതിരെ വ്യാപകമായി ഉയര്‍ന്ന എതിര്‍പ്പ്, നേരിട്ടുള്ള സ്വകാര്യവല്കരണ നടപടികളെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടപ്പിലാക്കുന്ന മൂന്നാംഘട്ടത്തില്‍ പുതിയ തന്ത്രങ്ങളും പരിപാടികളുമാണ് ഭരണകൂടം പരീക്ഷിക്കുന്നത്. ഗണ്യമായി വര്‍ദ്ധിച്ചു കഴിഞ്ഞ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച കണക്കുകള്‍ കാണിക്കുന്നത്, ഈ പുതിയ തന്ത്രങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രാരംഭനേട്ടം കൈവരിക്കാന്‍ ഭരണകൂടം വിജയിച്ചിരിക്കുന്നുവെന്നാണ്. നേരിട്ടുള്ള സ്വകാര്യവല്കരണത്തിനു പകരം ക്രമേണയുള്ള ഓഹരി വിറ്റഴിക്കല്‍, പശ്ചാത്തല വികസന മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം അനുവദിക്കല്‍, പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുവാന്‍ സ്വകാര്യ മേഖലയ്ക്ക് അനുവാദം നല്കല്‍ തുടങ്ങിയവ മൂന്നാംഘട്ടത്തിലെ സുപ്രധാന പരീക്ഷണങ്ങളാണ്.

10-ാം പദ്ധതിക്കാലത്ത് (2002-07) അടിസ്ഥാന സൌകര്യമേഖലയിലെ ആകെ നിക്ഷേപത്തില്‍ സ്വകാര്യ മൂലധനം പ്രതീക്ഷിച്ചിരുന്നത് 20 ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായ നിക്ഷേപം 24.86 ശതമാനമായിരുന്നു. 10-ാം പദ്ധതിയുടെ അവസാന രണ്ടുവര്‍ഷങ്ങളിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് പ്രധാനമായും കാരണമായത്. 11-ാം പദ്ധതിക്കാലത്താകട്ടെ (2007-12) 30 ശതമാനം സ്വകാര്യനിക്ഷേപം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഇതുവരെയുള്ള പുരോഗതിയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ പ്രകാരം 36.17 ശതമാനമാകുമെന്നാണ് പ്ളാനിംഗ്കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. 12-ാം പദ്ധതിക്കാലത്താകട്ടെ (2012-17) അടിസ്ഥാന സൌകര്യമേഖലയില്‍ ആവശ്യമായ നിക്ഷേപത്തിന്റെ പകുതിയിലേറെയും സ്വകാര്യ മൂലധനമാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി കഴിഞ്ഞു. നിക്ഷേപത്തോതിലുള്ള ഈ വര്‍ദ്ധനവിനേക്കാള്‍ അമ്പരിപ്പിക്കുന്നതാണ് നിക്ഷേപത്തിന്റെ അളവിലുള്ള വര്‍ദ്ധനവ്.

10-ാം പദ്ധതിയില്‍ അടിസ്ഥാന സൌകര്യ മേഖലയിലെ ആകെ നിക്ഷേപം 9,06,074 കോടി രൂപയായിരുന്നു. സ്വകാര്യമേഖലയുടെ പങ്ക് ഇതില്‍ 2,25,220 കോടി രൂപ. 1,72,188 കോടി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവ്. 11-ാം പദ്ധതിയിലാകട്ടെ ആകെ നിക്ഷേപം 20,54,205 കോടി രൂപ പ്രതീക്ഷിക്കുന്നതില്‍ 7,42,912 കോടി രൂപയും സ്വകാര്യമേഖലയില്‍ നിന്നാണ്. 12-ാം പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം ആവശ്യമുള്ള അടിസ്ഥാന മേഖലാനിക്ഷേപം 40,99,240 കോടി രൂപയാകുമ്പോള്‍ സ്വകാര്യ മേഖലയുടെ പങ്ക് പകുതിയിലധികം വരണമെന്നാണ് പ്ളാനിംഗ് കമ്മീഷന്‍ കണക്കാക്കുന്നത്. മറ്റൊരു നിലയില്‍ നോക്കിയാല്‍ 10-ാം പദ്ധതിക്കാലത്ത് ഇന്ത്യയുടെ അടിസ്ഥാനസൌകര്യമേഖലയില്‍ ഉണ്ടായ ആകെ നിക്ഷേപത്തിന്റെ ഇരട്ടിയിലധികം മൂലധനനിക്ഷേപമാണ് 12-ാം പദ്ധതിക്കാലത്ത് സ്വകാര്യമേഖലയില്‍ നിന്നു മാത്രം പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ നിക്ഷേപത്തിന്റെ തോതില്‍ കുറവ് വന്നുകൊണ്ടിരിക്കുകയാണെങ്കിലും അളവില്‍ വര്‍ദ്ധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അടിസ്ഥാന സൌകര്യമേഖലയില്‍ ഏറ്റവുമധികം നിക്ഷേപം നടക്കുന്ന രംഗം വൈദ്യുതിമേഖലയാണ്. ആകെ നിക്ഷേപത്തിന്റെ 37.55 ശതമാനവും 10-ാം പദ്ധതിക്കാലത്ത് വൈദ്യുതി മേഖലയിലായിരുന്നു. 11-ാം പദ്ധതിക്കാലത്തും വൈദ്യുതിരംഗത്തെ നിക്ഷേപം 32.1 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. റോഡുകള്‍, ടെലികോം, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ 10 മുതല്‍ 12 ശതമാനം വരെയാണ് ആകെ നിക്ഷേപം. ഇതില്‍ ടെലികോം മേഖലയില്‍ നിക്ഷേപത്തിന്റെ 82 ശതമാനവും സ്വകാര്യനിക്ഷേപമാണ്. നിലവില്‍ വൈദ്യുതി സ്ഥാപിതശേഷിയുടെ 15 ശതമാനമാണ് സ്വകാര്യമേഖലയുടെ പങ്ക്. എന്നാല്‍ 11-ാം പദ്ധതിക്കാലത്ത് വൈദ്യുതി മേഖലയില്‍ പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപമായ 6,66,525 കോടി രൂപയില്‍ 27 ശതമാനമായിരുന്നു സ്വകാര്യമേഖലയില്‍ നിന്നും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ 11-ാം പദ്ധതിയുടെ ഇടക്കാല പരിശോധനയില്‍ വ്യക്തമാകുന്നത് സ്വകാര്യ നിക്ഷേപത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 55 ശതമാനം അധിക നിക്ഷേപം ഉണ്ടാകുമെന്നും കേന്ദ്ര പൊതുമേഖലയുടെ പങ്ക് കുറയുമെന്നുമാണ്. പുതിക്കി നിശ്ചയിച്ച 11-ാം പദ്ധതി പ്രകാരം വൈദ്യുതി മേഖലയിലെ ആകെ നിക്ഷേപത്തിന്റെ 43.66 ശതമാനം സ്വകാര്യമേഖലയില്‍ നിന്നും 31.96 ശതമാനം കേന്ദ്ര പൊതുമേഖലയില്‍ നിന്നും 24.39 ശതമാനം സംസ്ഥാന പൊതുമേഖലയില്‍ നിന്നുമാണ്.

നിക്ഷേപ അനുപാതത്തില്‍ വരുന്ന ഈ വ്യത്യാസം സ്ഥാപിതശേഷി വര്‍ദ്ധനവിലും പ്രകടമാണ്. പുതുക്കി നിശ്ചയിച്ച 11-ാം പദ്ധതിയില്‍ പ്രതീക്ഷിക്കുന്ന ആകെ സ്ഥാപിതശേഷി വര്‍ദ്ധനവായ 62,373 മെഗാവാട്ടില്‍ 19,796 മെഗാവാട്ടും (31.74 ശതമാനം) സ്വകാര്യമേഖലയില്‍ നിന്നാകുമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി കണക്കാക്കുന്നത്. നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ 12-ാം പദ്ധതികാലത്ത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 60,665 മെഗാവാട്ട് വരുന്ന പദ്ധതികളില്‍ 31,782 മെഗാവാട്ടും (52.39 ശതമാനം) സ്വകാര്യമേഖലയില്‍ നിന്നാണ്. പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന സ്വകാര്യ വൈദ്യുതി പദ്ധതികളില്‍ നിന്നും പവര്‍ഗ്രിഡ് കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ള ദീര്‍ഘകാല ഓപ്പണ്‍ അക്സസ് അപേക്ഷകള്‍ ആകട്ടെ ഏകദേശം 1,50,000 മെഗാവാട്ടിനുള്ളതാണ്.

തീര്‍ച്ചയായും ഇന്ത്യയുടെ ഇതുവരെയുള്ള മുതലാളിത്ത വികസനത്തില്‍ ഒരു പുതിയ സാഹചര്യമാണ് ഇതു സൃഷ്ടിക്കുന്നത്. ഈ സ്വകാര്യ പദ്ധതികളാകെ ഇതേ നിലയ്ക്ക് പൂര്‍ത്തിയാകുമെന്ന് മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ സ്വകാര്യ മൂലധനത്തിന്റെ കുത്തൊഴുക്ക്, പ്രത്യേകിച്ചും വൈദ്യുതി, ടെലികോം, തുറമുഖങ്ങള്‍, പ്രകൃതിവാതകം തുടങ്ങിയ മേഖലകളിലേത്, പ്രതീക്ഷിച്ചതിലും അധികമാണെന്നതില്‍ തര്‍ക്കമില്ല. ഈ മേഖലയില്‍ നിന്നും കണക്കാക്കുന്ന ഉയര്‍ന്ന ലാഭത്തോതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് ഇടയാക്കുന്നതെന്നതിലും തര്‍ക്കമില്ല. ഇതുളവാക്കുന്ന പുതിയ പ്രശ്നങ്ങള്‍ ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്.

സ്വകാര്യ മൂലധനത്തിന്റെ കുത്തൊഴുക്കിനൊപ്പം അഴിമതിപ്പണത്തിന്റെ കുത്തൊഴുക്കും വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ വന്‍ കുംഭകോണങ്ങള്‍ നല്കുന്ന സൂചന. ഭരണകൂടവും സ്വകാര്യ താല്പര്യങ്ങളും കൂടുതലായി ഇഴുകിച്ചേരുന്നതിന്റെ ദുരന്തങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1773
mod_vvisit_counterYesterday5105
mod_vvisit_counterThis Month62259
mod_vvisit_counterLast Month130619

Online Visitors: 71
IP: 54.163.209.109
,
Time: 07 : 56 : 09