KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എസ്.എന്‍ .സി. ലാവ്ലിന്‍ വിവാദം - ചില വസ്തുതകള്‍

എസ്.എന്‍ .സി. ലാവ്ലിന്‍ വിവാദം - ചില വസ്തുതകള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Pallivasalപള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവാദ കോലാഹലങ്ങള്‍ നടന്നുവരുകയാണല്ലോ. ഇതുസംബന്ധിച്ച് സംഘടനയുടെ നിലപാട് നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകളുടെ സാഹചര്യത്തില്‍ അക്കാര്യങ്ങള്‍ ഒന്നുകൂടി പരിശോധിച്ചുപോകുന്നത് നല്ലതാണ്.


1995 ഓഗസ്റ് 10 ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതികളുടെ നവീകരണം സംബന്ധിച്ച് എസ്.എന്‍ .സി. ലാവ്ലിനുമായി എം.ഒ.യു ഒപ്പുവെച്ചത്. എം.ഒ.യു റൂട്ടുവഴി വൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കുക എന്നത് അക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നയമായിരുന്നു. കാനഡയില്‍നിന്ന് വായ്പയെടുത്തു പദ്ധതി നടപ്പാക്കുക എന്ന പക്കേജിന്റെ ഭാഗമായാണ് അന്നത്തെ സര്‍ക്കാര്‍ എസ്.എന്‍ .സി. ലാവ്ലിനുമായി ധരണാപത്രം അംഗീകരിച്ചത്. തുടര്‍ന്ന് 1996 ഫെബ്രുവരി 24 ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഇതിന്റെ തുടര്‍ച്ചയായി കരാറിലും ഏര്‍പ്പെട്ടു. കേവലം കണ്‍സള്‍ട്ടന്‍സി കരാര്‍ എന്ന നിലക്ക് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും കാനഡയില്‍ നിന്നു വാങ്ങുന്ന സാധനസാമഗ്രികളുടെയും യന്ത്രോപകരണങ്ങളുടെയും അളവും വിലയുമെല്ലാം കരാറില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത.


1996 മേയില്‍ അധികാരിത്തിലെത്തിയ LDF ഗവണ്‍മെന്റ്  മുന്‍ഗവണ്‍മെന്റ് ഒപ്പുവച്ച MOU കള്‍ പൊതുവില്‍ മുന്നോട്ടു കൊണ്ടുപോയില്ല. എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ ബാധ്യതയുളള കരാറുകളായിക്കഴിഞ്ഞവ പരമാവധി സംസ്ഥാന താല്പര്യത്തിനനുയോജ്യമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. UDF ഒപ്പുവച്ച പതിമൂന്ന് MOU കളില്‍ പതിനൊന്നും റദ്ദാക്കാന്‍ LDF തീരുമാനിച്ചു. എന്നാല്‍ കരാറായി ക്കഴിഞ്ഞ രണ്ടെണ്ണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കുറ്റ്യാടി എക്സറ്റന്‍ഷന്‍ പദ്ധതിയുടെയും പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണത്തിന്റെയും കരാറുകളാണ് തുടരേണ്ടി വന്നത്.


ഈ നിലയ്ക്ക് 1996 ഫെബ്രുവരിയിലെ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണ കരാറിന് ഒരു അനുബന്ധ കരാര്‍ 1997 ഫെബ്രുവരിയില്‍ ഒപ്പ് വയ്ക്കുകയുണ്ടായി.  ഇതു പ്രകാരം കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന യന്ത്രോപകരണങ്ങളുടെ അളവിലും ആകെ വിലയിലും ഏകദേശം 50 കോടിയോളം കണ്ട് കുറവ് വരുത്തി.  കണ്‍സള്‍ട്ടന്‍സി ഫീസിനത്തിലും വായ്പയുടെ പലിശ തുടങ്ങിയുളള മേഖലകളിലും ഇളവ് നേടിയെടുത്തു.
കൂടാതെ 1994 മുതല്‍ SNC മുന്നോട്ടു വച്ചിരുന്ന ഒരു വാഗ്ദാനം (കേരളത്തിലെ ഏതെങ്കിലും സാമൂഹികക്ഷേമ പദ്ധതിക്ക് കാനഡയിലെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നും സഹായധനം ലഭ്യമാക്കാമെന്ന വാഗ്ദാനം) വ്യക്തമായ പദ്ധതി രൂപരേഖ തയ്യാറാക്കിയും MOU വില്‍ ഏര്‍പ്പെട്ടും നടപ്പാക്കാന്‍ കഴിയുന്ന നിലയിലേക്ക് എത്തിച്ചു.


103 കോടി രൂപ ചെലവില്‍ തലശ്ശേരിയില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുന്നതിന് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അതിന് 98 കോടി രൂപ കാനഡയില്‍ നിന്ന് ധനസഹായം സമാഹരിച്ച് നല്‍കുന്നതിനും എസ്.എന്‍ .സി. ലാവ്ലിനുമായി ധാരണയുണ്ടാക്കുന്നതും അങ്ങിനെയാണ്. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിതമാകുന്നത്.


1994-ല്‍ ശ്രി. സി.വി. പത്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കുറ്റ്യാടി വിപുലീകരണ പദ്ധതി നടപ്പാക്കുന്നതിന് SNC യുമായി MOU യില്‍ ഏര്‍പ്പെട്ട ഘട്ടത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയുളള ഏതെങ്കിലും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കാനഡയില്‍ നിന്നും സഹായധനം ലഭിക്കാനുളള സാധ്യത ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ അക്കാലത്ത് ഇതിന് കൃത്യമായ രൂപരേഖ ഒരുക്കുന്നതിനുളള യാതൊരു നടപടികളും സ്വീകരിക്കുകയുണ്ടായില്ല.


കുറ്റ്യാടി വിപുലീകരണ പദ്ധതിയാകട്ടെ UDF ഗവണ്‍മെന്റിന്റെ കാലത്ത് എല്ലാ കരാറുകളും ഒപ്പുവച്ചു കഴിഞ്ഞതായിരുന്നു.  1994 ല്‍ MOU  ഉം, 1995 ല്‍ അടിസ്ഥാന കരാറും, 1996  ഫെബ്രുവരിയില്‍ അനുബന്ധകരാറും ഡഉഎ ഗവണ്‍മെന്റ് ഒപ്പുവച്ചു.  കേരളത്തിന് ഏതെങ്കിലും നിലയ്ക്ക് സാങ്കേതിക സഹായം ആവശ്യമുണ്ടായിരുന്ന പദ്ധതിയല്ല കുറ്റ്യാടി വിപുലീകരണ പദ്ധതി.  നിലവിലുളള 75 MW ന്റെ പദ്ധതിയോടൊപ്പം ഒരു 50 MW ന്റെ ജനറേറ്റര്‍ കൂടി സ്ഥാപിക്കുക എന്ന പ്രവര്‍ത്തിമാത്രമേ അവിടെ ആവശ്യമുണ്ടായിരുന്നുളളൂ.  സാധാരണ നിലയ്ക്ക് ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പാക്കാനുളള എല്ലാ സാങ്കേതിക പരിജ്ഞാനവും KSEB യ്ക്കുള്ളില്‍ തന്നെ ലഭ്യമായിരുന്നു.


എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തി ഇന്ത്യയില്‍ തന്നെ ആദ്യമായി നടത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത അനുഭവ സമ്പത്തോ പരിജ്ഞാനമോ ഇന്ത്യയില്‍ വേണ്ടത്രയുണ്ടായിരുന്നില്ല.


1995-96 കാലയളവിലെ വൈദ്യുതി പ്രതിസന്ധി കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.  100% പവര്‍ക്കട്ട് സൃഷ്ടിച്ച വ്യവസായിക പ്രതിസന്ധി (വര്‍ഷം 6000 കോടിയുടെ ഉല്പാദന നഷ്ടം), മൂന്നര മണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗ് ഇവ മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു.  ഈ പശ്ചാത്തലത്തില്‍ പോലും നവീകരണ പദ്ധതികളുടെ കരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NHPC  യെ കൊണ്ട് പരിശോധിപ്പിച്ച് കരാര്‍ ഗുണകരമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് LDF ഗവണ്‍മെന്റ് പദ്ധതിയുമായി മുന്നോട്ട് പോയത്.


ഈ നിലയ്ക്ക് പരിശോധിക്കുമ്പോള്‍ ടെണ്ടര്‍ നടപടികള്‍ കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച MOU റൂട്ട് വഴി പദ്ധതി നടത്തിപ്പിനുളള നടപടികളാകെ സ്വീകരിച്ചിട്ടുളളത് UDF ഗവണ്‍മെന്റാണ് എന്നും MOU വിനെ തുടര്‍ന്ന് നിയമപരമായ കരാറായികഴിഞ്ഞ പദ്ധതികള്‍ പോലും സൂഷ്മമായ വിശകലനത്തിന് ശേഷം സംസ്ഥാനത്തിന് ഗുണകരമായ വ്യവസ്ഥകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മാത്രമേ LDF ഗവണ്‍മെന്റ് മുന്നോട്ട് പോയിട്ടുളളൂ എന്നും കാണാന്‍ കഴിയും.


UDF ഗവണ്‍മെന്റ് MOU വയ്ക്കുകയും തുടര്‍ന്ന് അടിസ്ഥാന കരാറിലേര്‍പ്പെടുകയും ചെയ്ത നേരിയമംഗലം നവീകരണ പദ്ധതിയുടെ അനുഭവവും ഇവിടെ  പ്രസക്തമാണ്.  ഈ കരാര്‍ പ്രകാരം സംസ്ഥാനത്തിന് യാതൊരു വിധ സഹായവും ലഭിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കരാര്‍ LDF റദ്ദാക്കിയിരുന്നു.  എന്നാല്‍ കരാര്‍ വെച്ച ABB കമ്പനി ഈ നടപടിക്കെതിരെ  കോടതിയെ സമീപിക്കുകയും സുപ്രീം കോടതി അടക്കമുളള എല്ലാ കോടതികളും അവര്‍ക്കനുകൂലമായി വിധി പ്രസ്താവിക്കുകയുമാണുണ്ടായത്.  തുടര്‍ന്ന് ABB തന്നെ ആ നവീകരണ ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

എസ്.എന്‍ .സി.യുമായുള്ള കരാറുമായി മുന്നോട്ടുപോയിരുന്നില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന അനുഭവം ഇതില്‍ നിന്നുതന്നെ വ്യക്തമാണ്.


ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ 1996 മേയ് മാസം മുതല്‍ കേവലം 2 വര്‍ഷക്കാലം മാത്രം അധികാരത്തിലിരുന്ന വൈദ്യുതി മന്ത്രിയെ പ്രതി ചേര്‍ക്കാനുളള നീക്കം കേവലം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്. കരാറിന്റെ തുടക്കത്തിലും അത് നടപ്പിലാക്കുന്ന വിവിധ ഘട്ടങ്ങളിലും മന്ത്രിമാരായിരുന്ന എല്ലാവരെയും ഒഴിവാക്കി ഒരാളെ മാത്രം പ്രതിയാക്കുന്നതിന്റെ സാംഗത്യം സംശയിക്കേണ്ടതാണ്. SNC യുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലാത്ത മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. സിദ്ധാര്‍ത്ഥമേനോനെ പ്രതിചെര്‍ത്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.


ചില ചോദ്യങ്ങള്‍
1.    നവീകരണം വഴി എന്തെങ്കിലും നേട്ടം ഉണ്ടോ? ഉല്പാദനശേഷി വര്‍ദ്ധിച്ചോ?
1940 കളില്‍, കേരളവും KSEB യും രൂപം കൊള്ളുന്നതിന് മുന്‍പ് സ്ഥാപിക്കപ്പെട്ടതാണ് 37.5 MW ന്റെ പളളിവാസല്‍ പദ്ധതി. നാം ഇന്ന് ഉപയോഗിക്കുന്ന ഏതെങ്കിലും യന്ത്രങ്ങള്‍ (ഫാന്‍ , സ്കൂട്ടര്‍, കാര്‍ ....) ഇത്ര കാലപ്പഴക്കമുളളവയുണ്ടോ.  ആയുസ്സറ്റു കഴിഞ്ഞിരുന്ന പഴയ പദ്ധതികള്‍ പുനരുദ്ധാരണം വഴി ഏകദേശം 30 ലധികം വര്‍ഷം കൂടി കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കുകയാണ് പുനരുദ്ധാരണം വഴി ലക്ഷ്യമിടുന്നത്.  ഇന്ന് പഴയ എല്ലാ ജല - താപ വൈദ്യുതി പദ്ധതികളിലും നവീകരണം നടപ്പാക്കുന്നുണ്ട്.  കേന്ദ്ര വൈദ്യുതി അതോറിട്ടി തന്നെ പുനരുദ്ധാരണം ഒരു മുഖ്യകര്‍മ്മ പരിപാടിയായി മുന്നോട്ടുവച്ചിട്ടുണ്ട്.  കാലഹരണപ്പെട്ട യന്ത്രോപകരണങ്ങള്‍ മാറ്റിസ്ഥാപിച്ചും ആധുനിക നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിച്ചും ചുരുങ്ങിയ ചിലവില്‍ ഒരു പുതിയ പദ്ധതി ആരംഭിക്കുന്ന പ്രയോജനമാണ് പുനരുദ്ധാരണം വഴി ലഭിക്കുന്നത്.


1991-94 കാലയളവിലെ CAG റിപ്പോര്‍ട്ടുകളില്‍ പള്ളിവാസല്‍ തുടങ്ങിയുള്ള പദ്ധതികളിലെ  കാലഹരണപ്പെട്ട യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതുവഴി കോടിക്കണക്കിന് രൂപയുടെ മൂല്യമുളള ജലം സംഭരണികള്‍ കവിഞ്ഞൊഴുകി പാഴായി പോകുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  പുനരുദ്ധാരണത്തിന് ശേഷമാകട്ടെ ഈ നിലയ്ക്ക് യാതൊരു നഷ്ടവും ഇപ്പോള്‍ സംഭവിക്കുന്നില്ല.


പുനരുദ്ധാരണം വഴി ചില പദ്ധതികളില്‍ ശേഷി വര്‍ദ്ധിനവിനുളള സാധ്യത ഉണ്ടാകാറുണ്ട്. ജലസംഭരണിയില്‍ നിന്നും ഉല്പാദന നിലയത്തിലേക്ക് വെളളമെത്തിക്കുന്ന പൈപ്പുകളുടെ ശേഷിയുമായി ബന്ധപ്പെട്ടാണ്  ഇതിനുള്ള സാധ്യത നിലനില്ക്കുന്നത്.  പളളിവാസല്‍ പദ്ധതിയുടെ പൈപ്പുകള്‍ (Penstock) പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.  ഇങ്ങിനെ മാറ്റി സ്ഥാപിക്കുമ്പോള്‍ ജലസംഭരണിയുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗിപ്പെടുത്താന്‍ 60 MW ന്റെ മറ്റൊരു പദ്ധതി കൂടി സ്ഥാപിക്കുന്നതാകും ഉചിതം എന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.  അതുകൊണ്ടു തന്നെ 60 MW ന്റെ പളളിവാസല്‍ എക്സ്റന്‍ഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടി എറ്റെടുക്കാനാണ് LDF സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും തുടര്‍ന്ന് വന്ന UDF സര്‍ക്കാര്‍  തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.  2006 ല്‍ വീണ്ടും LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാത്രമാണ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്.


2.    ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശകള്‍ തളളിക്കളഞ്ഞ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തത് ശരിയാണോ?


LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ബാലാനന്ദന്‍ കമ്മറ്റിയ്ക്ക് രൂപംകൊടുക്കുന്നത്.  അതിന് മുന്‍പ് തന്നെ UDF സര്‍ക്കാര്‍ പുനരുദ്ധാരണത്തിനുളള കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നുവല്ലോ.  നേരിയ മംഗലം കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നുളള കോടതി ഇടപെടലിന്റെ അനുഭവവും കണ്ടു കഴിഞ്ഞു.  കമ്മറ്റിയുടെ  റിപ്പോര്‍ട്ട് വരുന്നതാകട്ടെ 1997 ലും.


ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്.  കേവലം പളളിവാസല്‍ പുനരുദ്ധാരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഒരു കമ്മറ്റിയല്ല ബാലാനന്ദന്‍ കമ്മിറ്റി.  മറിച്ച് കേരളത്തിന്റെ വൈദ്യുതി മേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍  ആവശ്യമായ നയരൂപീകരണത്തിനുളള നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുളള കമ്മിറ്റിയായിരുന്നു അത്.


അതിന് പര്യാപ്തമായ മുപ്പതിലധികം നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി സമര്‍പ്പിച്ചത്.  സ്പോട്ട് ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തല്‍, കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിക്കല്‍ തുടങ്ങി ഒട്ടനവധി നടപടികള്‍ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍  നടപ്പാക്കിയവയാണ്.  ഇപ്രകാരമുളള  നിര്‍ദ്ദേശങ്ങളോടൊപ്പം ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും കേരളത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികള്‍ചൂണ്ടിക്കാട്ടാനുംകമ്മറ്റി ശ്രദ്ധിച്ചിട്ടുണ്ട്. അവയോടൊപ്പമാണ് പഴക്കംചെന്ന പദ്ധതികള്‍ നവീകരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചത്.  പദ്ധതികള്‍ നവീകരിക്കണമെന്ന കാര്യത്തില്‍ കമ്മറ്റിക്കും  അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല.  നിര്‍വ്വഹണ രീതി സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശമാകട്ടെ നിലവില്‍ വന്നു കഴിഞ്ഞിരുന്ന കരാറുകളുടെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതുമായിരുന്നില്ല.  അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച വിവാദത്തില്‍ കഴമ്പൊന്നുമില്ല.


3.    ക്യാന്‍സര്‍ ആശുപത്രിക്ക് പണം ലഭിക്കാതിരുന്നത് എന്തുകൊണ്ട്?

LDF ഗവണ്‍മെന്റിന്റെ എന്തെങ്കിലും വീഴ്ചകൊണ്ടല്ല പണം ലഭിക്കാതിരുന്നത് എന്ന് വ്യക്തമാണ്.  മാത്രവുമല്ല LDF ഗവണ്‍മെന്റ് അധികാരത്തിലിരുന്ന കാലയളവില്‍ ക്യാന്‍സര്‍ ആശുപത്രിയുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിക്കുകയും ആദ്യഘട്ടം പൂര്‍ത്തീകരിച്ച് ഉത്ഘാടനം ചെയ്യുകയും ചെയ്തു.


2001 ല്‍ UDF സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ബ്ളഡ് ബാങ്കിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത് അന്ന്മുഖ്യമന്ത്രിയായിരുന്ന ശ്രീ.  AK. ആന്റണിയാണ്.  രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിപ്പിച്ച് ക്യാന്‍സര്‍ ആശുപത്രി വികസനം പൂര്‍ത്തിയാക്കണമെന്ന് മനോരമ  അന്ന് മുഖപ്രസംഗവുമെഴുതി.


എന്നാല്‍ ആശുപത്രി സ്ഥാപിക്കുന്നതിന് വേണ്ടി LDF സര്‍ക്കാര്‍ SNC യുമായി ഏര്‍പ്പെട്ട ങഛഡ 2002 ന് ശേഷം പുതുക്കാന്‍ UDF സര്‍ക്കാര്‍ എന്തുകൊണ്ടോ തയ്യാറായില്ല.  ഇനിയും ബന്ധപ്പെട്ടവര്‍ ഉത്തരം നല്കാത്ത ചോദ്യമാണത്.  MOU തുടന്ന് കരാറായി മാറ്റുന്നതിനുളള ചര്‍ച്ചകള്‍ LDF ഗവണ്‍മെന്റിന്റെ കാലത്ത് അവസാനഘട്ടത്തിലായിരുന്നു.  കരാര്‍ പൂര്‍ണ്ണമായി രൂപപ്പെട്ടിരുന്നില്ലെങ്കിലും MOU വിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്തു.  കരാറിലേര്‍പ്പെടുകയോ MOU പുതുക്കുകയോ ചെയ്യാതെ നിര്‍മ്മാണം അവതാളത്തിലാക്കിയത് UDF സര്‍ക്കാരാണ്.  MOU അടിസ്ഥാനമാക്കിയുളള ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറാണെന്ന് SNC വ്യക്തമാക്കിയ ശേഷവും ഈ സ്ഥിതി വിശേഷത്തിന് ഇടയാക്കിയവര്‍ ഉത്തരം നല്കേണ്ടതുണ്ട്.
2001 - 2004 കാലയളവിലാണ് പളളിവാസല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ സിംഹഭാഗവും നടന്നതും SNCയ്ക്ക് അതിന്റെ അടിസ്ഥാനത്തിലുളള പണം നല്കിയതും.  ഈ ഘട്ടത്തിലൊന്നും ആശുപത്രി നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോകാന്‍ UDF സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.


കേരളത്തിന്റെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയ ഒരു കാലഘട്ടമാണ് 1996 - 2001. അതുവഴി 1088 MW ആണ് കേരളത്തില്‍ കൂട്ടിച്ചേര്‍ത്തത്.  രാജ്യനന്മ കണക്കിലെടുത്ത് വികസനത്തിന് അനുകൂലമായി എടുക്കുന്ന തീരുമാനങ്ങള്‍ കേവലം രാഷ്ട്രീയ പ്രേരിതമായി വിവാദമാകുന്നതും ദുഷ്ടലാക്കോടെ CBI യെ ഉപയോഗിച്ച് കേസിന്റെ പുകമറ സൃഷ്ടിക്കുന്നതും രാജ്യത്തിന് ഗുണകരമല്ല.  പദ്ധതികള്‍ നടപ്പാക്കുന്നതിന് ധീരതയോടെ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്നതിന് കഴിയാത്ത അന്തരീക്ഷമാണ് അത് സൃഷ്ടിക്കുക.  കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെയും ഗവണ്‍മെന്റിന്റെയും ആത്മവീര്യം തകര്‍ക്കാനിടയാകുന്ന ഇപ്പോഴത്തെ വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തിന് സഹായകരമല്ല.


സര്‍ഗ്ഗാത്മക സംവാദങ്ങളെക്കാള്‍ വിവാദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനമാണ് പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ എസ്.എന്‍.സി ലാവ്ലിന്‍ പ്രശ്നത്തിലും ഇതുതന്നെയാണ് കാണുന്നത്. ഇത്തരം അനാവശ്യ വിവാദങ്ങള്‍ രാജ്യനന്മ കാംക്ഷിക്കുന്നവര്‍ തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1655
mod_vvisit_counterYesterday5105
mod_vvisit_counterThis Month106012
mod_vvisit_counterLast Month141147

Online Visitors: 68
IP: 54.158.15.97
,
Time: 08 : 22 : 55