KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സംസ്ഥാന ഭരണം - തുടര്‍ച്ച അനിവാര്യം

സംസ്ഥാന ഭരണം - തുടര്‍ച്ച അനിവാര്യം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kerala Assemblyസംസ്ഥാന ഭരണം തുടര്‍ച്ചയായ ഒന്നാണ് എന്ന് പൊതുവില്‍ പറയാറുണ്ട്. ഉദ്യോഗസ്ഥ വൃന്ദത്തിനോ നിയമ ചട്ടക്കൂടുകള്‍ക്കോ മാറ്റമില്ലാതെ തിരഞ്ഞെടുപ്പിലൂടെ ഭരണതലപ്പത്തുണ്ടാകുന്ന മാറ്റം മുന്‍കാല നടപടികളുടെ പൊളിച്ചെഴുത്തിനോ തിരുത്തലിനോ ഇടവരുത്തേണ്ടതില്ലെന്ന ധാരണയും പൊതുവില്‍ ജനാധിപത്യ ഭരണക്രമത്തില്‍ പ്രബലമാണ്. എന്നാല്‍ പ്രകടമായ വ്യത്യാസങ്ങളുള്ള നയപരിപാടികള്‍ സ്വീകരിച്ച മുന്നണികളോ പാര്‍ട്ടികളോ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഘട്ടത്തില്‍ ഈ തത്വം പാലിക്കപ്പെടണമെന്നില്ല. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയില്‍ തന്നെ മാറ്റം വരുത്തുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പു പ്രക്രിയയെ പ്രയോജനപ്പെടുത്തുന്നതെന്നിരിക്കെ, കേരളത്തിന്റെ സാഹചര്യത്തില്‍ വിശിഷ്യാ ഭരണമാറ്റങ്ങള്‍ ഭരണ തുടര്‍ച്ചയേക്കാള്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടിലെ രണ്ട് ഗവണ്മെന്റുകളുടെ നയസമീപനവും പരിപാടികളും പരിശോധിക്കുന്ന ആര്‍ക്കും ഒട്ടേറെ മേഖലകളില്‍ പ്രകടമായ മാറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. 2001-06 കാലഘട്ടത്തില്‍ നവലിബറല്‍ നയങ്ങള്‍ ശക്തമായി നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടന്നത്. എ.ഡി.ബി. വായ്പ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വ്യവസ്ഥകളും, 2001-ല്‍ പുറപ്പെടുവിച്ച ധവളപത്രവും ഗവണ്മെന്റ് രൂപീകരണ ഘട്ടത്തില്‍ തന്നെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ നല്കിയ ശുപാര്‍ശകളും എല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളാകെ അടച്ചുപൂട്ടുവാനോ വിറ്റുതുലയ്ക്കാനോ ശുപാര്‍ശ ചെയ്യുന്ന ചൌധരി കമ്മറ്റി റിപ്പോര്‍ട്ട് ഈ കാലഘട്ടത്തിനെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളാകെ നിര്‍ത്തിവെച്ചും സമ്പത്ഘടനയിലെ ഇടപെടല്‍ വേണ്ടെന്നുവച്ചും ചുരുങ്ങിയ ഗവണ്മെന്റ് എന്ന നവലിബറല്‍ നയം കൃത്യമായി നടപ്പാക്കാനാണ് ഈ കാലഘട്ടത്തില്‍ ശ്രമിച്ചത്. ജീവനക്കാരോടുള്ള സമീപനമാകട്ടെ തികച്ചും ശത്രുതാപരവും അടിച്ചമര്‍ത്തുന്നതുമായിരുന്നു.

വൈദ്യുതിരംഗത്ത് സ്വീകരിച്ച സമീപനങ്ങളും ഇവയുടെ കൃത്യമായ തുടര്‍ച്ച തന്നെയായിരുന്നു. പുതിയ വൈദ്യുതി നിയമം വരും മുന്‍പ് തന്നെ സംസ്ഥാന റഗുലേറ്ററി കമ്മീഷനു രൂപം നല്‍കിയും ധവളപത്രത്തില്‍ വൈദ്യുതി ബോര്‍ഡിനെ വിഭജിക്കുമെന്നും സ്വകാര്യവല്കരിക്കുമെന്നും വ്യക്തമാക്കിയുമാണ് ഭരണം ആരംഭിച്ചതു തന്നെ. എ.ഡി.ബി. വായ്പ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിഭജന നടപടികളുടെ ബ്ളൂപ്രിന്റ് തയ്യാറാക്കുകയും ചെയ്തു. അമേരിക്കന്‍ കണ്‍സള്‍ട്ടന്റുമാരായ നെക്സന്റിന്റെ നേതൃത്വത്തിലായിരുന്നു ഇതിനാവശ്യമായ ശുപാര്‍ശകളാകെ തയ്യാറാക്കിയത്. വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടെ വിഭജന-സ്വകാര്യവല്കരണം നീക്കം അതിശക്തമായി. ചെലവ് ചുരുക്കലിന്റെ ഭാഗമായി തസ്തികകളൊന്നൊന്നായി വെട്ടിക്കുറച്ചും ആനുകൂല്യങ്ങള്‍ തട്ടിപ്പറിച്ചും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാതെയും നിര്‍മ്മാണത്തിലുള്ളവയെ ആകെ സ്തംഭിപ്പിച്ചും വൈദ്യുതി മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ശമ്പളപരിഷ്കരണം നിഷേധിച്ചു. നിയമനവും സ്ഥലംമാറ്റങ്ങളും അഴിമതിയുടെ കളങ്കത്തില്‍ മുങ്ങി. ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍വല്കരണ പരിപാടികളാകെ മൈക്രോസോഫ്ടിന് തീറെഴുതി.

തൊഴിലാളികളും ഓഫീസര്‍മാരും യോജിച്ചു നിന്നുകൊണ്ട് തുടര്‍ച്ചയായി നടത്തിയ പ്രക്ഷോഭ സമരങ്ങളുടെ ഫലമായാണ് മേല്‍ സൂചിപ്പിച്ച നടപടികള്‍ പലതും പൂര്‍ത്തീകരിക്കപ്പെടാതെ പോയത്. കേരളത്തിനും വൈദ്യുതി മേഖലയ്ക്കും നഷ്ടമായത് വിലപ്പെട്ട 5 വര്‍ഷമാണ്. വൈദ്യുതിബോര്‍ഡില്‍ അന്യംനിന്നുപോയ കര്‍മ്മകുശലതയും കാര്യനിര്‍വ്വഹണശേഷിയും വീണ്ടെടുക്കാന്‍ സമയമേറെ വേണ്ടിവന്നു.

ഈ പോരാട്ടങ്ങളുടെ കൂടെ ഫലമായി 2006-ല്‍ അധികാരത്തിലെത്തിയ ഗവണ്മെന്റ് തികച്ചും വ്യത്യസ്ഥമായ നയങ്ങളാണ് ഓരോ മേഖലയിലും സ്വീകരിച്ചത്. പൊതുമേഖലയെ ശക്തിപ്പെടുത്തി ലാഭകരമാക്കി. ഐ.ടി., ടൂറിസം മേഖലകളില്‍ വന്‍ വളര്‍ച്ചാനിരക്കുകള്‍ കൈവരിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികളാകെ പുനരുജ്ജീവിപ്പിച്ച് വിപുലപ്പെടുത്തി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി തുടങ്ങി സാമൂഹിക നീതി ഉറപ്പുവരുത്തുന്ന നിരവധി പദ്ധതികള്‍ ഇക്കാലയളവിനുള്ളില്‍ നടപ്പാക്കുകയുണ്ടായി. ഇപ്പോള്‍ ശമ്പള കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന പ്രകാരം ഈ നടപടികളാകെ കേരളത്തിന്റെ വികസനത്തില്‍ വലിയ കുതിപ്പിനിടയാക്കിയിരിക്കുകയാണ്. ദേശീയ ശരാശരിയിലും മുകളിലാണ് കേരളത്തിന്റെ വളര്‍ച്ചാനിരക്കുകള്‍.

വൈദ്യുതി രംഗത്തെ സ്ഥിതി പൊതുവില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കയാണ്. ദീര്‍ഘവീക്ഷണത്തോടെ ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ട് കേരളത്തിന്റെ ഭാവി വൈദ്യുതി സുരക്ഷ ഉറപ്പുവരുത്താന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ 40 കോടിയിലധികം ജനങ്ങള്‍ക്കും 89,000 ഗ്രാമങ്ങള്‍ക്കും ഇനിയും വൈദ്യുതി ലഭിച്ചില്ലെന്നിരിക്കെ കേരളത്തിലെ നാല് ജില്ലകള്‍ എല്ലാ വീടുകള്‍ക്കും വൈദ്യുതി ലഭ്യമാക്കി രാജ്യത്തിന് മാതൃകയായിരിക്കയാണ്. കാലവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി സംരക്ഷണത്തിനും സുസിഥിരമായ വളര്‍ച്ചയ്ക്കും കേരളം മുന്‍തൂക്കം കൊടുക്കുന്നുമുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്താനും ജീവനക്കാരുടെ കര്‍മ്മശേഷി ഫലപ്രദമായി വിനിയോഗിക്കുവാനും ഈ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. നിഷേധിക്കപ്പെട്ട ശമ്പളപരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു.

ഒരു ഗവണ്മെന്റിന്റെ കാലഘട്ടത്തില്‍ രണ്ട് ശമ്പള പരിഷ്കരണം നല്കുമെന്ന് ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ബഹു. വൈദ്യുതിമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. അതി ശക്തമായ കേന്ദ്ര സമ്മര്‍ദ്ദത്തെയും ഭീഷണിയെയും അതിജീവിച്ച് കെ.എസ്.ഇ.ബി.യെ വിഭജിക്കാതെ സംരക്ഷിക്കുകയും കമ്പോള പരിഷ്കരണങ്ങള്‍ ഒഴിവാക്കി ഇന്ത്യയിലെ മികച്ച വൈദ്യുതി സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു. വൈദ്യുതിരംഗത്തെ വിവിധ നേട്ടങ്ങള്‍ ഈ പംക്തിയില്‍ ഒട്ടേറെ വിവരിച്ചിട്ടുള്ളതിനാല്‍ ഇവയുടെയാകെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ നവലിബറല്‍ നയങ്ങള്‍ക്ക് ബദലായി വിജയകരമായ ജനകീയനയങ്ങള്‍ രൂപപ്പെടുത്താനും നടപ്പാക്കാനും ഈ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തെ സ്നേഹിക്കുന്ന ആരും ഈ നയപരിപാടികളുടെ തുടര്‍ച്ചയാണ് ആഗ്രഹിക്കുക. വിവാദങ്ങളില്‍ കുരുങ്ങാതെ സമചിത്തതയോടെ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ഓരോ കേരളീയനും അത്തരമൊരു നിഗമനത്തിലാകും എത്തിച്ചേരുക. അതുകൊണ്ട് തന്നെ വിവാദ വ്യവസായം കൊഴുപ്പിച്ച് വൈകാരിക തള്ളിച്ചകളിലൂടെ അനുചിതമായ നിഗമനത്തിലേക്ക് കേരളീയ സമൂഹത്തെ നയിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. നയപരിപാടികളുടെ വ്യത്യാസങ്ങള്‍ നേരിട്ട് അനുഭവിച്ചറിയുന്നവരെന്ന നിലയ്ക്ക് സമൂഹത്തിലിടപ്പെട്ട് ഇവ വിശദീകരിച്ചു കൊടുക്കാന്‍ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1114
mod_vvisit_counterYesterday5545
mod_vvisit_counterThis Month133016
mod_vvisit_counterLast Month149108

Online Visitors: 70
IP: 54.158.31.149
,
Time: 05 : 44 : 21