KSEBOA - KSEB Officers' Association

Sunday
Jun 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പ്രതിസന്ധിയിലായ അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍

പ്രതിസന്ധിയിലായ അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

UMPPകേന്ദ്ര ആസൂത്രണ കമ്മീഷന്‍ 12-ാം പദ്ധതിയുടെ സമീപന രേഖ ഈയിടെ പുറത്ത് വിടുകയുണ്ടായി. സമീപന രേഖ അനുസരിച്ച് രാജ്യത്ത് പ്രതിസന്ധിയിലുള്ള ഏക മേഖല ഊര്‍ജ്ജമേഖലയാണ്. പൊതുവില്‍ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിതരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദന നിലയങ്ങള്‍ക്ക് വൈദ്യുതി വാങ്ങിയയിനത്തില്‍ നല്‍കേണ്ട തുക നല്‍കുവാനോ, കടം തിരിച്ചടവിന് ആവശ്യമായ തുക കണ്ടെത്താനോ കഴിയുന്നില്ല. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വിതരണസ്ഥാപനങ്ങളുടെ കടബാധ്യത നാലിരട്ടിയോളമായി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ അവശ്യചിലവുകള്‍ അനുവദിച്ച് നല്‍കാത്തതും, താരിഫ് ഉയര്‍ത്തി നിശ്ചയിക്കാത്തതും ഈ പ്രതിസന്ധി ഗുരുതരമാകാന്‍ ഇടയാക്കി.


യാഥാര്‍ത്ഥത്തില്‍ കമ്പോളം വികസിക്കുന്ന മുറക്ക് രാജ്യത്തെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ എല്ലാം സ്വയം പരിഹരിക്കപ്പെടും എന്ന ഉദാരവല്‍ക്കരണ വാദികളുടെ അവകാശത്തിന്റെയും അത്തരം നയസമീപനങ്ങളുടെയും പരാജയമാണ് ഇപ്പോള്‍ നമ്മുടെ ഊര്‍ജ്ജമേഖല അനുഭവിക്കുന്നത്. രാജ്യത്തിന്റെ വൈദ്യുതി ഉല്‍പ്പാദനരംഗത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ കമ്പോളത്തിന് വൈദ്യുതി ഉല്‍പ്പാദന രംഗത്തെ അല്പം പോലും ഉദ്ദീപിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. തദ്ദേശിയമായോ, വിദേശീയമായോ, അധിക കല്‍ക്കരി ഭാവിയില്‍ ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്നും, അതിനാല്‍ പുതിയ ഉല്‍പ്പാദന നിലയങ്ങള്‍ക്ക് കടം തിരിച്ചടവ് ബുദ്ധിമുട്ടാവുമെന്നും ഊര്‍ജ്ജമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് നല്‍കിയകുറിപ്പില്‍ സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ വൈദ്യുതി ഉല്‍പ്പാദന നിലയം ആരംഭിക്കാന്‍ ആവശ്യമായ ബാങ്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവാനും സാധ്യതയില്ല.

രാജ്യത്തെ ഊര്‍ജ്ജ രംഗം അനുഭവിക്കുന്ന ഈ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന അള്‍ട്രാ മെഗാ പവര്‍ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ മതിയാവും.

സ്വകാര്യമേഖല - അല്പം ചരിത്രം 
വൈദ്യുതി ഉല്‍പ്പാദന രംഗത്ത്

സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെത്തുടര്‍ന്ന് 1991 മുതലാണ് നമ്മുടെ രാജ്യത്ത് ഭരണാധികാരികള്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയ സമീപനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. വൈദ്യുതി മേഖലയിലെ വിതരണ, പ്രസരണ രംഗങ്ങള്‍ സ്വകാര്യമൂലധനത്തിന് ആകര്‍ഷകമല്ലാത്തതിനാല്‍ ഉല്‍പ്പാദനരംഗത്താണ് ആദ്യമായി സ്വകാര്യ മൂലധനം കടന്നുവന്നത്. ഇതിനായി 1991ല്‍ ഇന്ത്യന്‍ വൈദ്യുതി നിയമത്തില്‍ കേന്ദ്രഗവണ്‍മെന്റ് ഭേദഗതി വരുത്തി. രാജ്യത്തിന്റെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതാവശ്യകത പൂര്‍ണ്ണമായും നിറവേറ്റാന്‍ പൊതുമേഖലക്ക് മാത്രമായി കഴിയില്ല എന്ന വാദവും ഭരണാധികാരികള്‍ ഇതിനായി മുന്നോട്ട് വച്ചു. എന്നാല്‍ സ്വകാര്യമേഖലക്ക് രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഒരു ചെറിയ സംഭാവന പോലും നല്‍കാന്‍ കഴിഞ്ഞില്ല എന്ന് തുടര്‍ന്നുള്ള കാലം തെളിയിച്ചു. പൊതുമേഖലയെ പാര്‍ശ്വവല്‍ക്കരിച്ച് കൊണ്ട് സ്വകാര്യമേഖലയെ പ്രോല്‍സാഹിപ്പിക്കാനുള്ള ഭരണാധികാരികളുടെ ശ്രമമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു കാരണം. ഇന്ത്യന്‍ വൈദ്യുതി നിയമത്തില്‍ 1991ല്‍ വരുത്തിയ ഭേദഗതിയിലൂടെ മാത്രം സ്വകാര്യ മേഖല വൈദ്യുതി ഉല്‍പ്പാദന രംഗത്ത് ആകര്‍ഷിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഭരണാധികാരികള്‍ അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍ വിഭാവനം ചെയ്തത്.

അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍

11-ാം പദ്ധതി കാലത്താണ് അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍ സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചത്. അള്‍ട്രാമെഗാ പവര്‍ പദ്ധതികളുടെ പ്രത്യേകത നിര്‍മ്മാണത്തിനാവശ്യമായ എല്ലാ സൌകര്യവും ഗവണ്‍മെന്റ് ഒരുക്കിക്കൊടുക്കും എന്നതാണ്. സ്ഥലമെടുപ്പ്, ഇന്ധന ലഭ്യത ഉറപ്പുവരുത്തുക, ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, (കടല്‍ ജലത്തിന്റെ ലഭ്യത ഉള്‍പ്പെടെ) പാരിസ്ഥിതിക അനുമതി ഉള്‍പ്പടെയുള്ള എല്ലാ ക്ളിയറന്‍സുകളും ലഭ്യമാക്കുക, വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കുക, പ്രാദേശികമായി ലഭിക്കേണ്ട അനുമതികള്‍ നേടിയെടുക്കുക തുടങ്ങി എല്ലാ പശ്ചാത്തല സൌകര്യവും ഗവണ്‍മെന്റ് ഒരുക്കിയ ശേഷമാണ് പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള ദര്‍ഘാസുകള്‍ ക്ഷണിക്കുന്നത്. ഗവണ്‍മെന്റിന് വേണ്ടി പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് അള്‍ട്രാ മെഗാ പവര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. വിഭാവനം ചെയ്യുന്ന അള്‍ട്രാ മെഗാ പവര്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതി വിതരണ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു "സ്പെഷ്യല്‍ പര്‍പ്പസ് വെഹികിള്‍'' ആയിരിക്കും പദ്ധതിയുടെ ദര്‍ഘാസുകള്‍ ക്ഷണിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുക. ഈ "സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍'' ഒരു 100% പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ സബ് സിഡിയറി ആയിരിക്കും. ഈ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയിരിക്കും പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക, പാരിസ്ഥിതിക ആഘാതപഠന റിപ്പോര്‍ട്ട് തയ്യാറാക്കുക, മല്‍സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിക്കുക, മൂല്യനിര്‍ണ്ണയം നടത്തുക, ഇന്ധന ബ്ളോക്കുകള്‍ അനുവദിക്കുക, സ്ഥലമെടുപ്പ് നടത്തുക, സംസ്ഥാന ഗവണ്‍മെന്റ്/മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നും ജല ലഭ്യത (കടല്‍ ജലം ഉള്‍പ്പടെ) ഉറപ്പുവരുത്തുക, മലിനീകരണ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുക, വനംവകുപ്പിന്റെ അനുമതി നേടുക, തുടങ്ങിയവ ചെയ്യുക.

അള്‍ട്രാ മെഗാപവര്‍ പദ്ധതിയുടെ പ്രത്യേകതകള്‍

അള്‍ട്രാ മെഗാപവര്‍ പദ്ധതിയുടെ സ്ഥാപിതശേഷി 4000 മെഗാവാട്ട് (ഉദ്ദേശം)ആയിരിക്കും. ഇവയുടെ നിര്‍മ്മാണം ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ് (ബി.ഓ.ഓ) വ്യവസ്ഥയിലായിരിക്കും. പദ്ധതിയുടെ ഡെവലപ്പറെ കണ്ടെത്തുന്നത് താരിഫ് അധിഷ്ടിത ബിഡിംഗിലൂടെ ആയിരിക്കും. മല്‍സരം ഉറപ്പുവരുത്തുക എന്ന പേരിലാണ് ഇത് ചെയ്യുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പു വരുത്തുന്ന "സൂപ്പര്‍ ക്രിറ്റിക്കല്‍ ടെക്നോളജി'' ആണ് ഈ നിലയങ്ങളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഇന്ധനത്തിന്റെ അനാവശ്യ (അമിതമായ) ഉപയോഗം നിയന്ത്രിക്കപ്പെടുകയും തദ്വാര ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗ്ഗമനം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. കടല്‍ത്തീരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാനും അല്ലാത്തവര്‍ക്ക് സമര്‍പ്പിക്കപ്പെട്ട കല്‍ക്കരി ഖനികളില്‍ നിന്ന് ഇന്ധനം എടുക്കാനും ആണ് വിഭാവനം ചെയ്തിട്ടുള്ളത്. സൂപ്പര്‍ ക്രിട്ടിക്കല്‍ ടെക്നോളജി ഉപയോഗിക്കുന്നതിനാല്‍ പദ്ധതികള്‍ക്ക് കാര്‍ബണ്‍ ക്രഡിറ്റ് ലഭിക്കുന്ന ക്ളീന്‍ ഡവലപ്മെന്റ് മെക്കാനിസം (സി.ഡി.എം) ല്‍ രജിസ്റര്‍ ചെയ്യാന്‍ കഴിയും.

അള്‍ട്രാ മെഗാപവര്‍ പദ്ധതി
ഉയര്‍ത്തിയ പ്രതീക്ഷകള്‍

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളും കൂടി ചേര്‍ന്ന് എല്ലാ പശ്ചാത്തല സൌകര്യവും ഒരുക്കിയ ശേഷമാണ് പദ്ധതി നിര്‍മാണത്തിന് സ്വകാര്യ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പാകട്ടെ താരിഫ് അധിഷ്ഠിത മല്‍സര ബിഡിംഗിലൂടെയും. അതിനാല്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് വളരെയധികം സ്വകാര്യ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരും എന്നും ചുരുങ്ങിയ നിരക്കില്‍ രാജ്യത്ത് വൈദ്യുതി ലഭ്യമാകും എന്നുമായിരുന്നു. എന്നാല്‍ 11-ാം പദ്ധതി പൂര്‍ത്തിയാവാറായ ഈ സമയത്ത് ഈ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായിരുന്നു എന്ന് കാണാം. 11-ാം പദ്ധതി കാലയളവില്‍ ഒരു അള്‍ട്രാ മെഗാപവര്‍ പദ്ധതി പോലും പ്രാവര്‍ത്തികമാവാന്‍ സാധ്യത കാണുന്നില്ല. 4000 മെഗാവാട്ട് ശേഷിയുള്ള 16 പദ്ധതികള്‍ (ആകെ 64000 മെഗാവാട്ട്) ആയിരുന്നു അള്‍ട്രാ മെഗാ പവര്‍ പദ്ധതിയിലൂടെ ഗവണ്‍മെന്റ് അഞ്ചു വര്‍ഷം മുന്‍പ് വിഭാവനം ചെയ്തത്. പക്ഷെ ഒരു മെഗാവട്ട് പോലും ഇതുവരെ കൂട്ടിചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്നത് ഈ പദ്ധതികളുടെ ഗതിയും മുന്‍ സ്വകാര്യ പദ്ധതികളുടെ നിലയിലാവുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്. സ്വകാര്യ സംരംഭകര്‍ക്ക് എല്ലാ സൌകര്യങ്ങളും ഒരുക്കിയ ശേഷമാണ് ഈ പദ്ധതികള്‍ അനുവദിക്കുന്നത് എന്നതിനാല്‍ സ്വകാര്യസംരംഭകര്‍ക്ക് വളരെ കുറഞ്ഞ നിരക്കുകള്‍ ക്വോട്ടു ചെയ്യാന്‍ കഴിയും. മാത്രമല്ല ഔദ്യോഗിക സംവിധാനത്തിന് ആവശ്യമുള്ള വഴക്കമില്ലാത്തതിനാല്‍ എന്‍.ടി.പി.സി. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കണ്ണുമടച്ച് കുറഞ്ഞ നിരക്കുകള്‍ ക്വോട്ടു ചെയ്യാന്‍ കഴിയില്ല. ഈ പരിമിതി മുതലെടുത്ത് സ്വകാര്യസംരംഭകര്‍ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത് പദ്ധതികള്‍ നേടിയെടുക്കും. പിന്നീട്ട് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി പ്രവര്‍ത്തനം നിര്‍ത്തി വെച്ച് നിരക്കുകള്‍ കൂട്ടാനുള്ള സമ്മര്‍ദ്ദം ചെലുത്തും. ഇതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പൊതുമേഖലയുടെ കുത്തക വൈദ്യുതി മേഖലയുടെ കാര്യക്ഷമതക്ക് വിഘാതമാണ് എന്ന് വാദിച്ച് സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിച്ചവര്‍ സ്വകാര്യമേഖലയുടെ കുത്തകവല്‍ക്കരണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും മനസ്സിലാക്കുന്നില്ല. അനുവദിക്കപ്പെട്ട പദ്ധതികള്‍ നിലവില്‍ ടാറ്റയും, റിലയന്‍സുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ

16 ഓളം പദ്ധതികള്‍ വിഭാവനം ചെയ്തതില്‍ 4 പദ്ധതികള്‍ മാത്രം ആണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി സ്വകാര്യസംരംഭകര്‍ക്ക് പദ്ധതി നിര്‍മ്മാണത്തിനായി വിട്ടുകൊടുത്തിട്ടുള്ളത്. 2 പദ്ധതികള്‍ പ്രാഥമിക ഘട്ടത്തിലാണ്.

മുന്‍ദ്ര അള്‍ട്രാമെഗാപവര്‍പദ്ധതി

രാജ്യത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി ആദ്യം സ്വകാര്യ സംരംഭകര്‍ക്ക് വിട്ടു കൊടുത്ത പദ്ധതിയാണ് മുന്‍ദ്ര പദ്ധതി (പ്രതീക്ഷിതശേഷി 4000 മെഗാവാട്ട് - 5 ഃ 800). 2007 ഏപ്രില്‍ 23-ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തു എങ്കിലും ഇതുവരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല; സംരംഭകര്‍ അവകാശപ്പെടുന്നത് ആദ്യ യൂണിറ്റ് ഉടന്‍ തന്നെ പ്രവര്‍ത്തനത്തിന് തയാറാവും എന്നാണ്. പ്രവര്‍ത്തന സജ്ജമായാലും പ്രസരണ ലൈനുകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ വൈദ്യുതി ഉല്‍പാദനം വൈകാനാണഅ സാധ്യത. ഗുജറാത്തിലുള്ള ഈ തീരദേശ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ടാറ്റ പവര്‍ ലിമിറ്റഡാണ് താരിഫ് അധിഷ്ടിത ബിഡിംഗിലൂടെ നേടിയത്. അവര്‍ ക്വോട്ട് ചെയ്ത നിരക്ക് യൂണിറ്റിന് 2.264 രൂപയാണ്. ഇന്‍ഡോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ചാണ് വൈദ്യുതോല്‍പ്പാദനം വിഭാവനം ചെയ്തിട്ടുള്ളത്. അടുത്തകാലത്തായി ഇന്‍ഡോനേഷ്യയില്‍ കല്‍ക്കരിയുടെ വില നിര്‍ണ്ണയ രീതിയില്‍ വരുത്തിയ മാറ്റം ഈ പദ്ധതിയുടെ സാമ്പത്തികനിലനില്‍പ്പിനെ ബാധിക്കും. ഇന്‍ഡോനേഷ്യയിലെ ചില കല്‍ക്കരി പാടങ്ങളില്‍ 30% വരെ ഓഹരി ടാറ്റ പവറിന് ഉണ്ട് എന്നത് ഒരു പക്ഷെ പിടിച്ചു നില്‍ക്കാന്‍ സഹായകമായേക്കാം. എങ്കിലും ഇന്‍ഡോനേഷ്യന്‍ കല്‍ക്കരി വിലക്ക് അനുസൃതമായി വൈദ്യുതി വിലയില്‍ മാറ്റം വരുത്താനുള്ള അവകാശം ടാറ്റ പവര്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അതോട് കൂടി താരിഫ് അധിഷ്ഠിത ബിഡിംഗ് എന്ന ആശയത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. കൂടാതെ അള്‍ട്രാ മെഗാപവര്‍ പദ്ധതികളില്‍ നിന്ന് വിലകുറഞ്ഞ വൈദ്യുതി ലഭിക്കും എന്ന പ്രതീക്ഷയും ഇല്ലാതാകും.

സാസന്‍ അള്‍ട്രാ മെഗാപവര്‍ പദ്ധതി

3960 മെഗാവാട്ട് ശേഷിയുള്ള മധ്യപ്രദേശിലെ സാസനിലെ പിറ്റ്ഹെഡ് സ്റേഷനാണ് സാസന്‍ അള്‍ട്രാ മെഗാപവര്‍ പദ്ധതി. 660 മെഗാവാട്ടിന്റെ ആറ് യൂണിറ്റാകും അവിടെ ഉണ്ടാവുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി സ്വകാര്യ സംരംഭകര്‍ക്ക് വിട്ടുകൊടുത്ത രണ്ടാമത്തെ പദ്ധതിയാണ് ഇത്. 2007 ആഗസ്റ് 7-ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തു എങ്കിലും 2013 എങ്കിലും ആവാതെ ഇവിടെ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനം ആരംഭിക്കാന്‍ സാധ്യതയില്ല. ഈ പദ്ധതിയുടെ നിര്‍മ്മാണ ചുമതല റിലയന്‍സ് പവര്‍ ലിമിറ്റഡിനാണ്. അവര്‍ ക്വോട്ട് ചെയ്ത നിരക്ക് യൂണിറ്റിന് 1.196 രൂപയാണ്. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി. കല്‍ക്കരി ഖനനത്തിനായുള്ള വനം വകുപ്പിന്റെ അനുമതിയും ലഭിച്ചു കഴിഞ്ഞു. ചൈനയിലെ ഷാങ്ങ്ഹായ് ഇലക്ട്രിക് കോര്‍പ്പറേഷനാണ് പദ്ധതിക്കാവശ്യമായ യന്ത്രോപകരണങ്ങള്‍ നല്‍കുന്നത്. പദ്ധതിക്കാവശ്യമായ കല്‍ക്കരി കുഴിച്ചെടുക്കേണ്ടത് മോഹര്‍, മോഹര്‍ അംലോഹിരി, ചത്രസാല്‍ കല്‍ക്കരി ബ്ളോക്കുകളില്‍ നിന്നാണ്. ചത്രസാല്‍ ഒഴികെ മറ്റ് രണ്ട് ബ്ളോക്കുകള്‍ക്കും വനം വകുപ്പിന്റേയും പരിസ്ഥിതി വകുപ്പിന്റേയും അനുമതി ലഭിച്ചു കഴിഞ്ഞു. പക്ഷെ സാസന്‍ അള്‍ട്രാമെഗാപവര്‍ പദ്ധതിക്കായി അനുവദിക്കപ്പെട്ട കല്‍ക്കരി ബ്ളോക്കില്‍ നിന്നും കല്‍ക്കരി, റിലയന്‍സ് പവര്‍ ലിമിറ്റഡ് മറ്റ് പദ്ധതികളിലേക്ക് മാറ്റുന്നതിനെതിരെ ടാറ്റ പവര്‍ ലിമിറ്റഡ് പരാതി നല്‍കിയിരിക്കുകയാണ്. പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാന്‍ ഈ കേസ് തടസ്സമായേക്കാം.

കൃഷ്ണപട്ടണം അള്‍ട്രാമെഗാപവര്‍ പദ്ധതി

ആന്ധ്രപ്രദേശിലെ തീരദേശ പദ്ധതിയായ കൃഷ്ണപട്ടണം അള്‍ട്രാ മെഗാപവര്‍ പദ്ധതി 2008 ജനുവരി 20-നാണ് സ്വകാര്യ സംരംഭകര്‍ക്ക് നിര്‍മ്മാണത്തിനായി വിട്ടു കൊടുത്തത്. യൂണിറ്റിന് 2.333 രൂപയാണ് സംരംഭകരായ റിലയന്‍സ് പവര്‍ ലിമിറ്റഡ് പദ്ധതി ക്വോട്ട് ചെയ്തത്. ഈ പദ്ധതിയും 3960 മെഗാവാട്ട് ശേഷിയിലുള്ളതാണ്. ഇന്ത്യോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം ആസൂത്രണം ചെയ്തിട്ടുള്ളത്. മുന്‍പ് സൂചിപ്പിച്ചപോലെ ഇന്ത്യോനേഷ്യയിലെ കല്‍ക്കരി വില നിര്‍ണ്ണയ സംവിധാനത്തിലെ മാറ്റം കല്‍ക്കരി വില വര്‍ദ്ധനവിന് കാരണമാവുമെന്നും അതിനാല്‍ ക്വോട്ട് ചെയ്ത 2.333 രൂപക്ക് വൈദ്യുതി നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ് റിലയന്‍സ് പവര്‍ ലിമിറ്റഡ്. കൂടാതെ പദ്ധതി പ്രദേശത്തെ മണ്ണിന്റെ പരിശോധന നടത്തിയതില്‍ നിന്നും മണ്ണിന്റെ ഗുണമേന്‍മ കുറവാണെന്നും, ആയതിനാല്‍ ബോയിലര്‍ ഫൌണ്ടേഷന്‍ ചെയ്യാന്‍ കഴിയില്ല എന്നുമാണ് വിലയിരുത്തിയിട്ടുള്ളത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ ഫൌണ്ടേഷന്‍ പണി ആരംഭിക്കാനാവു. ഇതെല്ലാം കാരണം ഉദ്ദേശിച്ചപോലെ 2013ല്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാനുള്ള സാധ്യത വിരളമാണ്.

തിലയ്യ അള്‍ട്രാ മെഗാപവര്‍ പദ്ധതി

ജാര്‍ഖണ്ഡിലെ പിറ്റ്ഹെഡ് സ്റേഷനാണ് 3960 മെഗാവാട്ട് ശേഷിയുള്ള തിലയ്യ അള്‍ട്രാ മെഗാ പവര്‍ പദ്ധതി. സ്വകാര്യ സംരംഭകനായ റിലയന്‍സ് പവര്‍ ലിമിറ്റഡിന് പദ്ധതി നിര്‍മ്മാണത്തിനായി കൈമാറിയത് 2009 ആഗസ്റ് 7-നാണ്. റിലയന്‍സ് പവര്‍ ലിമിറ്റഡ് ഒരു യൂണിറ്റ് വൈദ്യുതിക്ക് ക്വോട്ട് ചെയ്തത് 1.77 രൂപയാണ്. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്ഥലമെടുപ്പിലെ പ്രശ്നങ്ങള്‍ പദ്ധതിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. കേരന്‍ഭരി ബി.,സി. കല്‍ക്കരി ബ്ളോക്കുകളില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ കല്‍ക്കരി കുഴിച്ചെടുക്കേണ്ടത്. അതിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. മണ്ണ് പരിശോധനയും അനുബന്ധ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടില്ല. പദ്ധതി നടത്തിപ്പിനാവശ്യമായ സാമ്പത്തിക ശ്രോതസ് പൂര്‍ണ്ണമായും കണ്ടെത്താനും റിലയന്‍സ് പവര്‍ ലിമിറ്റഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വൈദ്യുതി ഉല്‍പ്പാദനം വൈകാനാണ് ഇവിടെയും സാധ്യത.

ബേദബഹല്‍ അള്‍ട്രാ മെഗാ പവര്‍ പദ്ധതി

ഒറീസയിലെ പിറ്റ്ഹെഡ് സ്റേഷനാണ് ബേദബഹല്‍ അള്‍ട്രാ മെഗാ പവര്‍ പദ്ധതി. പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കാനുള്ള സ്വകാര്യ സംരംഭകനെ കണ്ടെത്താനുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. പദ്ധതിക്കാവശ്യമായ കല്‍ക്കരി ലഭിക്കേണ്ട മീനാഷി എ, മീനാക്ഷി ബി, മീനാക്ഷി ഡിപ്സൈഡ് കല്‍ക്കരി ബ്ളോക്കുകള്‍ക്ക് പരിസ്ഥിതി-വനം വകുപ്പിന്റെ അംഗീകാരം ആദ്യം കിട്ടിയിരുന്നില്ല. പിന്നീട് അംഗീകാരം കിട്ടിയതിന് ശേഷമാണ് പ്രീക്വാളിഫിക്കേഷന്‍ ബിഡ് നടത്തിയത്. ടാറ്റ പവര്‍, ലാര്‍സന്‍ ആന്റ് ടൂ ബ്രോ, അദാനി പവര്‍, നാല്‍കോ, എന്‍.ടി.പി.സി., എസ്സാര്‍ പവര്‍, ലാന്‍കൊ ഇന്‍ഫ്രാ ടെക് തുടങ്ങി 20 ഓളം കമ്പനികള്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡിനു ശേഷം പദ്ധതി നിര്‍മ്മാണത്തിനായി രംഗത്തുണ്ട്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അധികം വൈകാതെ തന്നെ ഒരു സംരംഭകനെ ഇതില്‍ നിന്നും തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടി ശ്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സാര്‍ഗുജ അള്‍ട്രാ മെഗാ പവര്‍ പദ്ധതി

ചത്തിസ്ഘഢിലെ പിറ്റ്ഹെഡ് സ്റേഷനാണ് സാര്‍ഗുജ അള്‍ട്രാമെഗാവവര്‍ പദ്ധതി. പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2011 ഡിസംബര്‍ 5 വരെയാണ്. പ്രീക്വാളിഫിക്കേഷന്‍ ബിഡ് പൂര്‍ത്തിയാക്കി സ്വകാര്യ സംരംഭകനെ കണ്ടെത്താനുള്ള തുടര്‍ നടപടികളിലേക്ക് കടക്കാനുള്ള പ്രധാന തടസ്സം പദ്ധതിക്കാവശ്യമായ കല്‍ക്കരി ലഭിക്കേണ്ട ഹസദിയോ അരന്ദ് കല്‍ക്കരി ബ്ളോക്കിന് വനം-പാരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല എന്നതാണ്. ഈ പദ്ധതി ഇവിടെ നിന്നും മാറ്റാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഗവണ്‍മെന്റ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

മറ്റ് പദ്ധതികള്‍

മുകളില്‍ പറഞ്ഞത് കൂടാതെ മറ്റ് നിരവധി പദ്ധതികളും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ പരിഗണനയിലുണ്ട്. ആന്ധ്രാപ്രദേശില്‍ 2 തീരദേശപദ്ധതികള്‍ (ഒന്ന് പ്രകാശം ജില്ലയിലാവാന്‍ സാധ്യത), ഒറീസയില്‍ 2 പിറ്റ്ഹെഡ് പദ്ധതികള്‍, ഗുജറാത്ത്, തമിള്‍നാട്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോരോ പദ്ധതികള്‍ എന്നിവയെല്ലാം ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്.


സ്വകാര്യ മേഖലയെ വൈദ്യുതി ഉല്‍പ്പാദനരംഗത്തേക്ക് കൊണ്ടുവരാനുള്ള ഗവണ്‍മെന്റിന്റെ ശ്രമം 1990 മുതല്‍ ആരംഭിച്ചതാണ്. ഇതിനായി അനര്‍ഹമായ സൌജന്യങ്ങളും, മറ്റ് സൌകര്യങ്ങലും സ്വകാര്യ മുതലാളിമാര്‍ക്ക് ഗവണ്‍മെന്റ് ഒരുക്കിക്കൊടുക്കുന്നു. എന്നിട്ടും വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സ്വകാര്യമേഖലക്ക് കഴിഞ്ഞില്ല. സ്വകാര്യ പങ്കാളിത്തത്തിന്റെ ഒന്നാംഘട്ടം വന്‍ പരാജയമായിരുന്നു നിരവധി കുഭകോണങ്ങള്‍ക്കാണ് ഒന്നാംഘട്ടം (എന്‍റോണ്‍ ഉള്‍പ്പടെ) വഴിവെച്ചത്. ഇപ്പോള്‍ അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍ എന്ന പേരിലുള്ള പുതിയ സംവിധാനവും പരാജയത്തിന്റെ പാതയിലാണ്. നിരവധി സൌജന്യങ്ങളും, സൌകര്യങ്ങളും നേടിയെടുക്കുക എന്ന സ്വകാര്യ മൂലധനത്തിന്റെ അജണ്ട നടപ്പാക്കപ്പെടും എന്നല്ലാതെ രാജ്യത്തിന് ഗുണകരമായ എന്തെങ്കിലും പുരോഗതി ഇതുകൊണ്ടുണ്ടാവുമെന്ന് കരുതാന്‍ കഴിയില്ല. പുരോഗതി ഉണ്ടാവില്ല എന്നു മാത്രമല്ല, പൊതുമേഖല തഴയപ്പെടുന്നതിനാല്‍ പുറകോട്ടടി ഉണ്ടാവാനാണ് സാധ്യത. മല്‍സരാധിഷ്ടിത താരിഫ് ബിഡിംഗില്‍ ഒരു ചെറിയ തുക കാണിച്ച് പദ്ധതി നേടിയെടുക്കുക, തുടര്‍ന്ന് അനുബന്ധമായി ലഭിക്കേണ്ട സൌജന്യങ്ങള്‍ നേടിയെടുക്കുക, അവസാനം എന്തെങ്കിലും ന്യായം പറഞ്ഞ് ക്വോട്ട് ചെയ്ത തുക ഉയര്‍ത്താനുള്ള ശ്രമം നടത്തുക. ഇതാണ് ഇപ്പോള്‍ സ്വകാര്യ സംരംഭകര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. എന്നിട്ടും പുതുതായി ഒരു യുണിറ്റ് പോലും ഈ നിലയങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ന് ഉല്‍പ്പാദനമാരംഭിക്കാന്‍ കഴിയും എന്ന് പറയാനും കഴിയുന്നില്ല എന്നതാണ് അള്‍ട്രാ മെഗാപവര്‍ പദ്ധതിയുടെ ആന്റിക്ളൈമാക്സ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2339
mod_vvisit_counterYesterday5953
mod_vvisit_counterThis Month122463
mod_vvisit_counterLast Month149108

Online Visitors: 91
IP: 54.80.42.144
,
Time: 09 : 05 : 38