KSEBOA - KSEB Officers' Association

Friday
Jun 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ദിശാബോധം നഷ്ടമായെങ്കിലും...

ദിശാബോധം നഷ്ടമായെങ്കിലും...

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Shindeകേന്ദ്ര ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള പൊതു അഭിപ്രായം വ്യക്തമാണ്. ദിശാബോധം നഷ്ടപ്പെട്ട ഭരണം. ഒന്നിനുപിറകെ ഒന്നെന്ന നിലയ്ക്ക് പൊട്ടിപ്പുറപ്പെടുന്ന ഭീമന്‍ അഴിമതി പരമ്പരകള്‍ ഇതിന് കാരണമാകുന്നുവെന്നാണ് ഒരു മതം. കേരളത്തില്‍ നിന്നുള്ള മന്ത്രി സ്ഥാനങ്ങളിലൊന്ന് നഷ്ടപ്പെടുത്താനിടയാക്കിയ ഐ.പി.എല്‍ കുംഭകോണം തുടക്കത്തില്‍തന്നെ കേന്ദ്ര ഗവണ്‍മെന്റിനെ പിടിച്ചുലച്ചു. തുടര്‍ന്നിങ്ങോട്ട് അഴിമതിക്ക് കൈയ്യോടെ പിടിക്കപ്പെടുന്നവരുടെ നീണ്ട നിരതന്നെ. കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി, 2ജി സ്പെക്ട്രം, എസ്-ബാന്റ്, റിലയന്‍സ് എണ്ണ പ്രകൃതിവാതക ഇടപാട്, സി.വി.സി നിയമനം, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം ഏറ്റവുമൊടുവില്‍ സോളിസിറ്റര്‍ ജനറലിന്റെ രാജിയിലേക്ക് വരെ നയിച്ച റിലയന്‍സിനെ വഴിവിട്ടുസഹായിച്ച ടെലികോം ഇടപാട് എന്നിങ്ങനെ സ്വതന്ത്ര ഇന്ത്യ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അളവിലും തോതിലുമാണ് അഴിമതി ആരോപണങ്ങള്‍ സുനാമിപോലെ ഗവണ്‍മെന്റിനെ വിഴുങ്ങുന്നത്.

ഈ അഴിമതി പരമ്പരയില്‍ മനംമടുത്ത സാധാരണ ഇന്ത്യക്കാരന്റെ കടുത്ത പ്രതികരണങ്ങള്‍ ഗവണ്‍മെന്റിന്റെ ഉറക്കം കെടുത്തുന്നുവെന്ന് വ്യക്തം. അന്നാ ഹസാരയുടെയും ബാബ രാംദേവിന്റെയും സമരങ്ങളോട് ഗവണ്‍മെന്റിന്റെ അസാധാരണ പ്രതികരണങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ വേരുകളില്ലാത്ത ഇത്തരം പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് പോലും വലിയ പ്രതികരണങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും വരും നാളുകളില്‍ സംഘടിത പ്രസ്ഥാനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വിപുലമായ പ്രക്ഷോഭങ്ങള്‍ ഗവണ്‍മെന്റിനെ പരിഭ്രാന്തിയിലാക്കുമെന്നുറപ്പിക്കാം.

അഴിമതി ആരോപണങ്ങളില്‍ ഉലയുന്നതോടൊപ്പം ഭരണാധികാരി എന്ന നിലയ്ക്കുള്ള ദൌര്‍ബല്യങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പ്രകടമാക്കുകയാണ്. ഗവണ്‍മെന്റിലും മുന്നണിയിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം അങ്ങേയറ്റം ദുര്‍ബലമാണെന്ന് ഏറ്റവുമൊടുവിലത്തെ മന്ത്രിസഭാ അഴിച്ചുപണി വ്യക്തമാക്കിയിരിക്കുന്നു. ഘടക കക്ഷികളുടെ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും തനിക്കില്ലെന്ന് പ്രകടമാക്കുന്നതാണദ്ദേഹത്തിന്റെ നടപടികള്‍. ഈ നിസ്സഹാവസ്ഥയില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ പ്രകോപനപരമായ പ്രതികരണങ്ങള്‍ ഫലത്തില്‍ അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണുണ്ടായിട്ടുള്ളത്.

കാര്യങ്ങളിങ്ങനെയാണെങ്കിലും നവലിബറല്‍ നയങ്ങള്‍ കണ്ണുമടച്ച് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വ്യാപൃതരാണ് ഭരണകൂടം എന്നാണ് വൈദ്യുതി രംഗത്തെ നടപടികള്‍ വ്യക്തമാക്കുന്നത്. ജൂലൈ 13 ന് ദില്ലിയില്‍ സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ സമ്മേളനം കേന്ദ്ര ഗവണ്‍മെന്റ് വിളിച്ചുകൂട്ടിയിരുന്നു. വിതരണ രംഗത്തെ പരിഷ്കരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് കോണ്‍ഫറസ് ചര്‍ച്ചചെയ്തത്. വൈദ്യുതി ബോര്‍ഡിന്റെ വിഭജനം നടപ്പാക്കുന്നതിനുള്ള സമയം കേരളത്തെ സംബന്ധിച്ചിടത്തോളം അതിക്രമിച്ചിരിക്കുന്നുവെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. വിതരണ രംഗത്ത് ഫ്രാഞ്ചൈസി സംവിധാനത്തിലൂടെ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന ഉപദേശമാണ് പ്ളാനിംഗ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക്ക് സിങ്ങ് അലുവാലിയ സംസ്ഥാനങ്ങള്‍ക്ക് നല്കിയത്. വിതരണ രംഗത്തെ സ്വകാര്യ വല്‍ക്കരണത്തിനുള്ള ചട്ടക്കൂട്, പ്രത്യേകിച്ചും പൊതുസ്വകാര്യ പങ്കാളിത്ത മാതൃക രൂപപ്പെടുത്തുന്നതിന് പ്ളാനിംഗ് കമ്മീഷന്‍ അംഗമായ ശ്രീ. സി.കെ.ചതുര്‍വേദി അദ്ധ്യക്ഷനായി രൂപം കൊടുത്ത സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍തന്നെ ലഭ്യമാകുമെന്നും യോഗത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഒരു ദശകത്തിലേറെയായി നടപ്പിലാക്കി വരുന്ന പരിഷ്കരണങ്ങള്‍ വിപരീത ഫലങ്ങളാണ് സൃഷ്ടിച്ചതെങ്കിലും ഭരണ പ്രതിസന്ധിക്കിടയിലും കൂടുതല്‍ പരിഷ്കരണമെന്നതാണ് നയമെന്ന് വ്യക്തം.

ഇത് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ദേശീയ താരീഫ് പോളിസിയില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ജൂലൈ 8 ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍. ഇതു പ്രകാരം വൈദ്യുതി പ്രസരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഇനിമുതല്‍ നിര്‍ബന്ധിതമാക്കുകയാണ്. ഉല്പാദനരംഗത്ത് സ്വകാര്യപങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ജല വൈദ്യുത പദ്ധതികള്‍ക്ക് നല്കിയിരുന്ന പ്രത്യേക പരിഗണനയും എടുത്തുകളഞ്ഞിരിക്കുന്നു. ദേശീയ പ്രസരണ നിരക്കുകള്‍ ദൂരത്തേയും ദിശയേയും അടിസ്ഥാനമാക്കി 2006 ഏപ്രില്‍ 1 മുതല്‍ പുനര്‍ക്രമീകരിക്കണമെന്ന താരീഫ് നയത്തിലെ ആദ്യ നിര്‍ദ്ദേശം ഇതേവരെ പൂര്‍ണ്ണ രൂപത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര റഗുലേറ്ററി കമ്മീഷന് കഴിഞ്ഞിട്ടില്ലെങ്കിലും സംസ്ഥാന റഗുലേറ്ററി കമ്മീഷനുകള്‍ ഇത് സംസ്ഥാനങ്ങളില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശവും നയത്തിന്റെ ഭേദഗതി ഉത്തരവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2006ല്‍ താരിഫ് നയം പ്രഖ്യാപിക്കുന്ന അവസരത്തില്‍ സ്വകാര്യ ജലവൈദ്യുത പദ്ധതികള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ വൈദ്യുതി വില്‍ക്കുവാനുള്ള സമയപരിധി 2010 ഡിസംബര്‍ വരെയായി നിശ്ചയിച്ചിരുന്നു. ഈ സമയ പരിധിക്കുള്ളില്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത എല്ലാ സ്വകാര്യ ജല വൈദ്യുത പദ്ധതികള്‍ക്കും മത്സരാധിഷ്ടിത കമ്പോളത്തില്‍ കൂടി മാത്രമേ വൈദ്യുതി വില്പന സാധ്യമാകൂ. എന്നാല്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ഭേദഗതിയിലൂടെ ഈ സമയപരിധി 2015 ഡിസംബര്‍ വരെയായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഒപ്പം ഈ സമയ പരിധി പൊതുമേഖലാ ജല വൈദ്യുത പദ്ധതികള്‍ക്കും ബാധകമാക്കിയിരിക്കുന്നു. വിഭജനത്തിലൂടെ രൂപംകൊണ്ട വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖലാ വൈദ്യുത ഉല്പാദന കമ്പനികള്‍ക്ക് ഈ സമയ പരിധിക്ക് ശേഷം കമ്പോളത്തിലൂടയേ വൈദ്യുതി വില്പന സാധ്യമാകൂ എന്ന് സാരം.

പ്രസരണ പദ്ധതികളുടെ കാര്യത്തില്‍ നയം കുറേക്കൂടി കര്‍ശനമാണ്. 2013 ജനുവരി 6 ന് ശേഷം ഏറ്റെടുക്കുന്ന എല്ലാ പ്രസരണ പദ്ധതികളും മത്സരാധിഷ്ടിതമായേ അനുവദിക്കാവൂ എന്നാണ് നയം നിഷ്കര്‍ഷിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രസരണ ശ്രൃംഖല ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളുടെ (സബ്സ്റേഷനുകള്‍, ലൈനുകള്‍ തുടങ്ങിയവ) രൂപകല്പനയ്ക്ക് ശേഷം അവ നടപ്പാക്കുന്നതിനുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ പ്രസരണ താരിഫ് അടിസ്ഥാനമാക്കിയുള്ള ദര്‍ഘാസുകളുടെ മാതൃക കേന്ദ്ര ഗവണ്‍മെന്റ് രൂപം കൊടുത്തിട്ടുണ്ട്. ഈ ദര്‍ഘാസുകള്‍ ഉപയോഗിച്ചുള്ള മത്സരാധിഷ്ടിത ബിഡ്ഡിങ്ങിലൂടെ പദ്ധതി നിര്‍വ്വാഹകരെ കണ്ടെത്തണം. മത്സരത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും പ്രസരണ യൂട്ടിലിറ്റികള്‍ക്കും പങ്കെടുക്കാം. ഏറ്റവും കുറഞ്ഞ പ്രസരണ നിരക്ക് ക്വാട്ട് ചെയ്യുന്ന ഏജന്‍സിക്ക് പ്രസ്തുത പ്രസരണ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയും തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം (Build, own and operate - BOO). അന്തര്‍ സംസ്ഥാന പ്രസരണ പദ്ധതികള്‍ ഈ നിലയ്ക്ക് ഇതിനകം റിലയന്‍സും റ്റാറ്റയും അടക്കമുള്ള വിവിധ സ്വകാര്യ സംരംഭകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന പ്രസരണ പദ്ധതികള്‍ക്ക് കൂടി 2013 മുതല്‍ ഇത് നിര്‍ബന്ധമാക്കുകയാണ് കേന്ദ്ര നയം. പ്രസരണ യൂട്ടിലിറ്റി പൊതുമേഖലയില്‍ സുരക്ഷിതമായിരിക്കും എന്ന ചിലരുടെയെല്ലാം വ്യാമോഹമാണ് ഇതോടെ ഇല്ലാതാകുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടവും ചെറുത്തുനില്പും മാത്രമാണ് യഥാര്‍ത്ഥ പോംവഴി. നിഴലിനെതിരായ വൃഥായുദ്ധം ഒഴിവാക്കി വളര്‍ന്നുവരുന്ന ഭീഷണിയെ ചെറുക്കാനുള്ള യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുക്കലാണ് ഇന്നത്തെ ആവശ്യം.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3216
mod_vvisit_counterYesterday4913
mod_vvisit_counterThis Month97653
mod_vvisit_counterLast Month141147

Online Visitors: 70
IP: 54.198.158.24
,
Time: 16 : 33 : 05