KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എവിടെയായിരിക്കണം നമ്മുടെ ഫോക്കസ്?

എവിടെയായിരിക്കണം നമ്മുടെ ഫോക്കസ്?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEB Officeഎനിക്ക് പലപ്പോഴും സംശയം തോന്നിയ ഒരു കാര്യമാണിത്. നമ്മുടെ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴും ഉത്തരവുകള്‍ വായിക്കുമ്പോഴും ഇത് തോന്നാറുണ്ട്. നമ്മുടെ ബിസിനസ് വൈദ്യുതിയുടെ ഉല്‍പാദന - പ്രസരണ -വിതരണ രംഗമാണല്ലോ. മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നമ്മുടെയൊക്കെ സമീപനത്തില്‍ കാര്യമായ മാറ്റം ഉണ്ടായേ തീരൂ. സേവന രംഗമായും ബിസിനസ് രംഗമായും ഒക്കെ നമ്മുടെ മേഖലയെ സമീപിക്കേണ്ടതായി വരും. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഏറ്റവും മുന്തിയ പരിഗണനയാണ് നല്‍കേണ്ടതെങ്കില്‍ ചില കാര്യങ്ങളില്‍ നമ്മുടെ കാഴ്ചപ്പാട് മാറണം.

ചില ഉദാഹരണങ്ങളിലൂടെ

നമ്മുടെ സെക്ഷന്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ ബ്രേക്ക്ഡൌണ്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് കൈമാറുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണ്. എല്ലാ ജീവനക്കാര്‍ക്കും ഔദ്യോഗിക മൊബൈല്‍ നമ്പറുകള്‍ ഇനിയും നല്‍കിയിട്ടില്ല. ഓഫീസിലെ ലാന്‍ഡ് ഫോണില്‍ നിന്നും ജീവനക്കാരുടെ മൊബൈലിലേക്ക് വിളിച്ചു പറഞ്ഞാണ് പരാതികള്‍ കൈമാറുന്നത്. പരാതി പരിഹരിച്ചതു സംബന്ധിച്ചു ഉപഭോക്താക്കളില്‍ നിന്നൊക്കെ ഫീഡ്ബാക്ക് ശേഖരിക്കണം, ഉപഭോക്തൃ സൌഹൃദം വര്‍ദ്ധിപ്പിക്കണമെന്നൊക്കെ പറയുന്നെങ്കിലും ബില്ല് കൂടാന്‍ പാടില്ല. എല്ലാ ഓഫീസുകളിലും ഒരേ പരിധി. പരിധി കടക്കാതിരിക്കാന്‍ ലാന്‍ഡ് ഫോണ്‍ ലോക്ക് ചെയ്തുപോകുന്നവരും സി.യു.ജി ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ 11 കെ.വി ഫീഡര്‍ മുഴുവനായും മണിക്കുറുകളോളം തകരാറായി കിടക്കുന്നതും നമ്മുടെ അനുഭവത്തിലുണ്ട്. ഏതാണ് കൂടുതല്‍ നഷ്ടം? ജീവനക്കാര്‍ക്കൊക്കെ സ്വന്തം മൊബൈല്‍ ഫോണ്‍ ഉണ്ടെന്നറിഞ്ഞിട്ടും എല്ലാവരും വ്യക്തിഗത കോളുകള്‍ക്കായി ഓഫീസ് ഫോണ്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബോര്‍ഡിലെ വിദഗ്ധരുടെ നിഗമനം.

പൊതുജനങ്ങള്‍ക്ക് ഒന്നിനും സമയമില്ല. ഒരു സര്‍വ്വീസ് കണക്ഷനുവേണ്ടി കെ.എസ്.ഇ.ബി ഓഫീസ് കയറി നടക്കേണ്ടിവന്ന കാലമൊക്കെ മാറിയിട്ടുണ്ടെങ്കിലും ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല. ഓരോ ഓഫീസിലും ഇരിക്കുന്ന വ്യക്തികളെ ആശ്രയിച്ച് സേവനത്തിന്റെ ഗുണനിലവാരം ഇപ്പോഴും വ്യത്യസ്തമായി നില്ക്കുന്നു. ഫോണ്‍ ചെയ്ത് അറിയിച്ചാല്‍ നമ്മുടെ റവന്യൂവിഭാഗത്തിലെ ജീവനക്കാര്‍ ഉപഭോക്താവിന്റെ അടുത്തെത്തി അപേക്ഷാഫോറം പൂരിപ്പിക്കാന്‍ അപേക്ഷകനെ സഹായിക്കുന്ന സ്ഥിതിയില്‍ എത്തേണ്ട ഒരു സംവിധാനം ആലോചിച്ചുകൂടേ. നഗരകേന്ദ്രങ്ങളില്‍ നമ്മുടെ സമഗ്ര ഉപഭോക്തൃ സേവനകേന്ദ്രങ്ങളും, സെക്ഷന്‍ ഓഫീസ് ഇല്ലാത്ത ഓരോ പഞ്ചായത്തിലും നമ്മുടെ സേവന കേന്ദ്രങ്ങളും ആരംഭിക്കേണ്ടതല്ലേ?
വ്യാവസായികരംഗത്തെ മുന്നേറ്റത്തില്‍ കെ.എസ്.ഇ.ബിക്ക് കാര്യമായ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്നത് നാം മറക്കാറുണ്ട്. ഓരോ ജില്ലയിലും വ്യാവസായിക വികസന ഓഫീസുകളില്‍ കെ.എസ്.ഇ.ബി സെല്ലുകള്‍ ആരംഭിച്ച് അതാത് ജില്ലയിലെ ഏതുപ്രദേശത്തുമുള്ള വ്യവസായിക കണക്ഷനുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. വ്യവസായ സംരംഭകര്‍ സെക്ഷനുകളിലും സബ്ഡിവിഷനുകളിലും പോകേണ്ട അവസ്ഥ മാറണം. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്രത്യേക സെല്ലുകള്‍ വ്യവസായ ഓഫീസുകളില്‍ ആരംഭിച്ച് ഏകജാലക സംവിധാനം ശക്തിപ്പെടുത്തണം. സെക്ഷനുകളില്‍ ഇപ്പോള്‍തന്നെ ഇന്റസ്ട്രിയല്‍/എച്ച്.റ്റി കണക്ഷനുകളുടെ അപേക്ഷ രേഖാമൂലം സ്വീകരിക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രം ആപ്ളിക്കേഷന്‍ ഫീസ് വാങ്ങിക്കുന്ന ശീലമുണ്ട്. ഇത്തരം കണക്ഷനുകള്‍ക്ക് അനുമതി നല്‍കുന്ന ഓഫീസിലോ അല്ലെങ്കില്‍ സര്‍ക്കിള്‍ തലത്തിലോ അപേക്ഷാഫീസ് സ്വീകരിച്ച് മുന്‍ഗണനാ ക്രമത്തില്‍ നടപടി പൂര്‍ത്തിയാക്കുന്നത് സാധ്യമാക്കാവുന്നതാണ്.

എച്ച്.റ്റി കണക്ഷനുകള്‍ നല്‍കുന്നതിനു മുമ്പ് പ്രാഥമിക പരിശോധനാസമയത്തു തന്നെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, കണ്‍സല്‍ട്ടന്റ്, അപേക്ഷകന്റെ പ്രതിനിധി എന്നിവരുടെ സംയുക്ത ആലോചനായോഗങ്ങള്‍ നടത്തുകയും അവിടെ തീരുമാനങ്ങള്‍ ഏടുക്കുകയും വേണം. ഇപ്പോള്‍ വെവ്വേറെ നടത്തുന്ന പരിശോധനകള്‍ ഫലപ്രദമല്ല. പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ഇത്തരത്തിലുള്ള സംയുക്ത പരിശോധന നിര്‍ബന്ധിതമാക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കണം. കാര്യങ്ങള്‍ സുതാര്യമാക്കാന്‍ ഇത് കൂടിയേതീരു. നിസ്സാര സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് എച്ച്.റ്റി കണക്ഷനുകള്‍ വൈകിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ നിര്‍ബന്ധ ബുദ്ധിയോടെ ബിസിനസ് മനസ്സോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയാത്തതെന്തേ?

ഇപ്പോഴും നൂറുകണക്കിന് മൊബൈല്‍ ടവറുകള്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഡീസല്‍ ജനറേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കാത്തതും മറ്റെന്തെങ്കിലും നിസ്സാര കാര്യങ്ങളുമാണ് ഇതിന് കാരണമായി പറയുന്നത്. ചിലയിടങ്ങളില്‍ നല്‍കാന്‍ പവര്‍ ലഭ്യമാണെങ്കിലും മൊബൈല്‍ കമ്പനികളല്ലേ, ട്രാന്‍സ്ഫോര്‍മര്‍ അവരുടെ ചിലവില്‍ സ്ഥാപിക്കട്ടെ എന്ന സമീപനവുമാണ്. ഇങ്ങനെ വൈദ്യുതി നിഷേധിക്കുമ്പോള്‍ നഷ്ടമാകുന്നത് നമുക്ക് തന്നെ എന്ന് ബോധ്യം വരാത്തതെന്താണ്? 50,000 രൂപവരെ മാസത്തില്‍ കറന്റ് ചാര്‍ജ്ജ് വരുന്ന ടവറുകള്‍ക്ക് വൈദ്യുതി ഒരു ദിവസം മുമ്പ് നല്‍കിയാല്‍ എത്രയോ വീടുകള്‍ക്ക് സൌജന്യനിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുമെന്ന് നാം മനസ്സിലാക്കേണ്ടതല്ലേ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ നിയമങ്ങള്‍ കെ.എസ്.ഇ.ബിയിലൂടെ നടപ്പിലാക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങണം. പഞ്ചായത്തുകളുടെ അനുമതി ഇല്ലെങ്കില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചും ടവറുകളുടെ പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ല. മാത്രമല്ല ജനറേറ്ററുകളുടെ മലിനീകരണവും സബ്സിഡി നല്‍കുന്ന ഡീസലിന്റെ ഉപയോഗം സൃഷ്ടിക്കുന്ന നഷ്ടവും വേറെ. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമായ ഏത് വൈദ്യുത ഇന്‍സ്റലേഷനിലും സര്‍വ്വീസ് കണക്ഷന്‍ അനുവദിക്കാമെന്നു പറഞ്ഞ് ഉപഭോക്താക്കളിലേക്കെത്തുന്ന പുതിയ വാണിജ്യതന്ത്രങ്ങള്‍ക്ക് നാം രൂപം കൊടുക്കാന്‍ വൈകിക്കൂടാ.

ഡവലപ്പ്മെന്റ് ചാര്‍ജുകള്‍ വളരെ നല്ല ആശയമായിരുന്നു. ഇത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ ഉപഭോക്തൃ സമൂഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ബോര്‍ഡ് തുടക്കമിടണം. അഡീഷണല്‍ ലോഡ് ക്രമപ്പെടുത്താന്‍ കഴിയാതെ ഓരോമാസവും ഭീമമായ തുക പെനാല്‍റ്റി നല്‍കേണ്ടിവരുന്ന ഒട്ടേറെ ചെറുകിട ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ആവശ്യമില്ലെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കേണ്ടിവരുകയും അതുമൂലം കൂടുതല്‍ നഷ്ടം സംഭവിക്കുകയും ചെയ്യുന്നതില്‍ നിന്നും ബോര്‍ഡിനു മുക്തിനേടാം.

നമ്മുടെ സാമ്പത്തിക കാര്യങ്ങളും സേവനനിലവാരവുമെല്ലാം കര്‍ശന നിരീക്ഷണത്തിന് വിധേയമാകുന്ന പുതിയ സാഹചര്യത്തിലെ ചില വൈരുദ്ധ്യങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. സ്ഥാപനത്തിനകത്തെ പഴഞ്ചന്‍ രീതികളെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ ഇനിയുമെത്രയോ ഉണ്ട് എഴുതാന്‍. കാലാനുസൃതമായി ആധുനിക സങ്കേതങ്ങള്‍ സമന്വയിപ്പിച്ചും വാണിജ്യതന്ത്രങ്ങള്‍ രൂപപ്പെടുത്തിയും നമ്മുടെ ഓഫീസുകളിലെ നടപടിക്രമങ്ങളില്‍ വന്‍ അഴിച്ചുപണി അനിവാര്യമാണ്. ഇന്ത്യയിലെയും ലോകത്തിലെയും മികച്ച യൂട്ടിലിറ്റികളുടെ അനുഭവം പഠനവിധേയമാക്കണം. നല്ല മാതൃകകള്‍ എവിടെ നിന്നും സ്വീകരിച്ച് മികച്ച പൊതുമേഖലാ സ്ഥാപനമായി ഉയരാനായിരിക്കട്ടെ നമ്മുടെ ഫോക്കസ്.

Contact the author @ 9496010711

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3624
mod_vvisit_counterYesterday4324
mod_vvisit_counterThis Month91413
mod_vvisit_counterLast Month132633

Online Visitors: 50
IP: 54.167.216.239
,
Time: 23 : 21 : 41