KSEBOA - KSEB Officers' Association

Wednesday
Apr 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പ്രതിസന്ധിയില്‍ നിന്നും പാഠം പഠിക്കുമോ?

പ്രതിസന്ധിയില്‍ നിന്നും പാഠം പഠിക്കുമോ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Crisisഅടിയന്തിര സന്ദര്‍ഭങ്ങളില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും നിരന്തരമായ ലോഡ്ഷെഡ്ഡിങ്ങ് കഴിഞ്ഞ കുറേകാലമായി കേരളത്തിലുണ്ടായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കട്ടുമൊക്കെ നിലനില്‍ക്കുമ്പോഴും ഇത്തരം നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകുന്നുവെന്നതായിരുന്നു കേരളത്തിന്റെ പ്രത്യേകത. എന്നാല്‍ ഈ സ്ഥിതി മാറിമറിഞ്ഞത് തികച്ചും നാടകീയമായിരുന്നു. നല്ല മഴ, നീരൊഴുക്കില്‍ ധാരാളം ജലസംഭരണം, അങ്ങിനെ കേരളത്തിന്റെ വൈദ്യുതി മേഖല ഭദ്രമായ നിലയിലാണെന്ന പൊതുധാരണ നിലനില്‍ക്കുമ്പോഴാണ് പകല്‍ പോലും അതും അതിരാവിലെ മുതല്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയത്.

കേന്ദ്ര വൈദ്യുതിനിലയങ്ങളില്‍ നിന്ന് ലഭ്യമാകേണ്ട വിഹിതത്തില്‍ വലിയ കുറവ് വന്നതാണ് പെട്ടെന്ന് കുഴപ്പത്തിലേക്ക് പോയതിന് കാരണമെന്ന് ചില കണക്കുകള്‍ ഉദ്ധരിച്ച് ബഹു. വൈദ്യുതി മന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തി. എന്നാല്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ നൂറു-നൂറ്റമ്പതു മെഗാവാട്ട് വൈദ്യുതിയുടെ കുറവ് മാത്രമേ വന്നിട്ടുള്ളൂ എന്നും മുന്‍വര്‍ഷങ്ങളില്‍ അഞ്ഞൂറു മെഗാവാട്ടിലധികം വൈദ്യുതിയുടെ കുറവുവന്നപ്പോഴും ജലലഭ്യത താരതമ്യേന കുറഞ്ഞ അവസ്ഥയിലുമൊക്കെ ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ കൂടാതെ പോയിരുന്നുവെന്നും വൈദ്യുതി ആസൂത്രണത്തില്‍ വന്ന ഗുരുതരമായ പാളിച്ചയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും മനോരമ അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയും പ്രതിഷേധവുമുയര്‍ന്നുവരുന്ന സാഹചര്യത്തില്‍ എന്തു വിലകൊടുത്തും വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഒക്ടോബര്‍ 12ന് പവര്‍ എക്സ്ചേഞ്ചുകള്‍ അടക്കമുള്ള എല്ലാ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കി വൈദ്യുതി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ബോര്‍ഡ് അറിയിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് കാര്യമായ അയവു വന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും പല പ്രദേശങ്ങളിലും ലോഡ് ഷെഡ്ഡ് ചെയ്യേണ്ടി വന്നു.

ഛത്തീസ്ഘട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമായി 200 മെഗാവാട്ടോളം വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. കരാര്‍ വെച്ചിരുന്നു. 100 മെഗാവാട്ട് വര്‍ഷം മുഴുവനും 100 മെഗാവാട്ട് ഓരോ മാസത്തേക്കുമാണ് കരാര്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ നല്ല മഴ കിട്ടിയതോടെ യൂണിറ്റിന് മൂന്നര രൂപ നല്‍കി വൈദ്യുതി വാങ്ങുന്നത് ശരിയല്ലെന്ന് ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് വെളിപാടുണ്ടായി. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ദേശീയമായി വൈദ്യുതി വിലകുറഞ്ഞപ്പോഴും ഇടുക്കിയടക്കമുള്ള സംഭരണസാദ്ധ്യതയുള്ള നിലയങ്ങളില്‍പ്പോലും ജലവൈദ്യുതി ഉല്‍പാദനം കുറക്കാഞ്ഞത് യു.ഐ.യില്‍ വൈദ്യുതി പുറത്തു നല്‍കേണ്ട സ്ഥിതിയുമുണ്ടാക്കി. മൂന്നര രൂപക്ക് വാങ്ങുന്ന വൈദ്യുതി ഒന്നരരൂപക്ക് പുറത്തു വില്‍ക്കുന്നതിലൂടെ ബോര്‍ഡിന് കനത്തനഷ്ടം എന്ന നിലയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ നേരത്തേ തന്നെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറുക എന്ന ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമാണ് ഇതിന്റെ ഭാഗമായുണ്ടായത്.

മഴ പോയതോടെ വൈദ്യുതിയുടെ ഡിമാന്റ് കൂടുകയും ദേശീയമായിത്തന്നെ വൈദ്യുതിയുടെ വില കൂടുകയും ചെയ്തു. തെലുങ്കാനാ സമരത്തിന്റെ ഭാഗമായി കല്‍ക്കരി നീക്കം തടസ്സപ്പെട്ടത് രാമഗുണ്ടം താപനിലയത്തില്‍ വൈദ്യുതി ഉല്‍പാദനത്തിലും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായി. എല്ലാം കൂടിച്ചേര്‍ന്ന് നമ്മെ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചു.

ഇത്തരം സാഹചര്യങ്ങളെയൊക്കെ ഫലപ്രദമായി മുറിച്ചുകടക്കാന്‍ മുന്‍കാലങ്ങളില്‍ കേരളത്തിന് കഴിഞ്ഞിരുന്നു. സ്വാഭാവികമായും വൈദ്യുത ആസൂത്രണത്തിലെ പാളിച്ചകളാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണമായിട്ടുള്ളതെന്ന ആരോപണത്തില്‍ വസ്തുതയുണ്ട് എന്നുതന്നെയാണ് വ്യക്തമാകുന്നത്.

ജലവൈദ്യുതി ഉപഭോഗത്തില്‍ ആശാസ്യമല്ലാത്ത ചില പ്രവണതകളും ഇതോടൊപ്പം കാണുന്നുണ്ട്. പ്രതിസന്ധി തരണം ചെയ്യുന്നതിനു വേണ്ടി പല ദിവസങ്ങളിലും മുപ്പത് മില്ല്യണ്‍ യൂണിറ്റിലധികം ജലവൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇതില്‍ വലിയ കുഴപ്പം കാണാനാകില്ല. എന്നാല്‍ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ദേശീയ മാര്‍ക്കറ്റില്‍ വൈദ്യുതി വിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വന്‍തോതില്‍ കുതിച്ചുയരുന്നതായാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. ഡാമുകളില്‍ പരമാവധി വെള്ളം സംഭരിച്ചുവെച്ചാല്‍ മാത്രമേ അത്തരമൊരു സാഹചര്യം മുറിച്ചു കടക്കാനാകൂ. അതായത് ഇന്ന് ജലവൈദ്യുതി കരുതലില്ലാതെ ഉപയോഗിക്കുന്നത് വേനല്‍ക്കാലം തരണം ചെയ്യുന്നതില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ അടിയന്തിര ശ്രദ്ധയും ഗൌരവമായ ആസൂത്രണവും ഉണ്ടാവേണ്ടതുണ്ട്.

ഇന്ന് നാമനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്നും മനസ്സിലാക്കേണ്ട ചിലകാര്യങ്ങളുണ്ട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി നമ്മുടെ ആവശ്യങ്ങളൊക്കെ നിര്‍വഹിച്ചുകളയാമെന്ന വ്യാമോഹം അപകടകരമാണ് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ല. ഇതില്‍ത്തന്നെ ഉല്‍പാദനച്ചെലവുകുറഞ്ഞ വൈദ്യുതി നിലയങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുമുണ്ട്. ഇക്കാര്യത്തില്‍ കേരളത്തില്‍ ആദ്യ പരിഗണന കിട്ടേണ്ടത് ജലനിലയങ്ങള്‍ക്കാണ്. എന്നാല്‍ പരിസ്ഥിതി മൌലികവാദം വലിയ ഭീഷണിയാണ് ഇവിടെ സൃഷ്ടിക്കുന്നത്. മൌലികവാദ ശക്തികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് ആതിരപ്പിള്ളി പദ്ധതിയുടെ ഗതി തെളിയിക്കുന്നുണ്ട്. ഇനി കേരളത്തില്‍ ഒരു ജലവൈദ്യുതി പദ്ധതി പോലും സാദ്ധ്യമാകുകയില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഈ സ്ഥിതിയെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കാന്‍ സര്‍ക്കാരും ബോര്‍ഡും നേതൃത്വം നല്‍കുമോ?

മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും കേരളത്തിന്റെ വൈദ്യുതി ലഭ്യതയെ ബാധിക്കുമെന്നതും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. കേന്ദ്രപദ്ധതികളില്‍ നിന്നുപോലും പൂര്‍ണ്ണ തോതില്‍ വൈദ്യുതി ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തില്‍ ഒഡീസയില്‍ കേരളത്തിന് അനുവദിക്കപ്പെട്ട പാടത്തില്‍ നിന്നുള്ള കല്‍ക്കരി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അടിയന്തിര നടപടി ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലേക്ക് കല്‍ക്കരി കൊണ്ടു വരേണ്ടതില്ല എന്ന തീരുമാനം പുതിയ സാഹചര്യത്തില്‍ പുന:പരിശോധിക്കേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി പരിസ്ഥിതിപ്രശ്നങ്ങളില്ലാതെ താപനിലയം സ്ഥാപിക്കാന്‍ കഴിയും. ഇക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി കേരളത്തിനകത്തുതന്നെ കല്‍ക്കരി അധിഷ്ടിത താപനിലയം സ്ഥാപിക്കുന്നതിന് കഴിയണം.

കേരളം ഇന്നനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധി നമ്മുടെ വൈദ്യുതി ആസൂത്രണത്തിലെ പാളിച്ചകള്‍ വെളിവാക്കിയിരുക്കുന്നു. വരാനിരിക്കുന്ന വേനലില്‍ ഇത് ഇന്നത്തേതിലും രൂക്ഷമാകാതിരിക്കണമെങ്കില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ബോര്‍ഡ് അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്. ഇതോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനവര്‍ദ്ധനവ് ലക്ഷ്യംവെച്ചുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ശ്രദ്ധയുണ്ടാകണം. ഇന്നത്തെ പ്രതിസന്ധിയില്‍നിന്നും ഇത്രയെങ്കിലും പാഠം പഠിക്കാന്‍ ബോര്‍ഡ് അധികാരികളും സര്‍ക്കാരും തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3032
mod_vvisit_counterYesterday4172
mod_vvisit_counterThis Month108409
mod_vvisit_counterLast Month123110

Online Visitors: 59
IP: 54.80.185.137
,
Time: 20 : 11 : 11