കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ പവര്‍ക്വിസ്-2015 സംസ്ഥാനതല മത്സരത്തില്‍ പാലക്കാട് വിക്ടോറിയ കോളേജ് ഒന്നാം സ്ഥാനംനേടി. കോട്ടയം ബസേലിയസ് കോളേജിൽ നടന്ന മത്സരത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജ് രണ്ടാംസ്ഥാനം നേടി. പാലക്കാട് വിക്ടോറിയ കോളേജ് ടീമിന് 20,000 രൂപയും വിശ്വേശ്വരയ്യ ട്രോഫിയും 10 വാട്ടിന്റെ സോളാര്‍ ലാമ്പുകളും നല്കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. ഈ മത്സരത്തിന്റെ മുദ്രാവാക്യം "ഊര്‍ജ്ജം മനുഷ്യാവകാശം"എന്നതായിരുന്നു. അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സുനില്‍ സി.എസും കേന്ദ്രകമ്മിറ്റി അംഗമായ ജാസ്മിന് ഭാനുവും ആയിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍. സ്കോറർമാറായി ശ്രീമതി.ആശാ ജ്യോതി, വിൻസി മാത്യു,ലേഖ എന്നിവരും
സിസ്റ്റം ഓപ്പറേറ്ററായി ശ്രീ.കൃഷ്ണകുമാർ(തിരുവനന്തപുരം) നന്നായി ചുമതല നിർവഹിച്ചു.
ഗവ.വിക്ടോറിയ കോളേജിനെ പ്രതിനിധീകരിച്ചത്,അബ്ദുൽ വാഹിദ് പി.എ (ഒന്നാം വർഷ ബി.എ. എക്കണോമിക്സ്) ജാസീർ കെ.ബി (രണ്ടാം വർഷ ബി.എസ്. സി.ബോട്ടണി)എന്നിവരാണ്.
ഫാറൂക്ക് കോളേജിന് വേണ്ടി മുഹമ്മദ് ജാസീർ കെ.സി.(ബി.എസ്.സി.സുവോളജി) ഷമീം അബ്ദുൽ ഖാദർ.എൻ (എം.എ. ഹിസ്റ്ററി) എന്നിവരാണ് മത്സരിച്ചത്.
രണ്ടാംസ്ഥാനം നേടിയ ടീമിന് ഡോ. കെ.എല്‍ .റാവു റോളിങ് ട്രോഫിയും 10000 രൂപയും സോളാര്‍ ലാമ്പുകളും സമ്മാനമായി ലഭിച്ചു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മല്‍സരം നടന്നത്. വിദ്യാര്‍ത്ഥികള്‍ മല്‍സരത്തിനു ആവേശകരമായ പിന്തുണ നല്കി.
മേഖലാതലമത്സരത്തില് ഒന്നാംസ്ഥാനം നേടിയ ആറ് ടീമുകള്‍ ഫൈനലില്‍ പങ്കെടുത്തു. ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ച ജസ്റ്റിസ് കെ.ടി.തോമസും ആശംസകൾ അർപ്പിച്ച കോളേജ് പ്രിൻസിപ്പലും വിദ്യാർഥി പ്രതിനിധിയും സംഘടനയെയും ക്വിസ് പ്രോഗ്രാമിനെയും പ്രശംസിക്കുകയുണ്ടായി.
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് മധുലാല്‍ അധ്യക്ഷനായി. അസോസിയേഷന് ജനറല്‍ സിക്രട്ടറി ശ്രീ: എം.ജി. സുരേഷ് കുമാര്‍ സ്വാഗതവും പവര്‍ ക്വിസ് സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ: രാജഗോപാലന്‍ റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. പവര്‍ ക്വിസ് സബ് കമ്മിറ്റി ചെയര്മാന് പ്രദീപ് പിവി നന്ദി പ്രകാശിപ്പിച്ചു.
വൈദ്യുതി മേഖലയെ സംബന്ധിച്ച് നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പങ്കാളിത്തമുള്ള പ്രശ്നോത്തരിയാണ് പവര്‍ ക്വിസ്. വൈദ്യുതി സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പകരുന്നതോടൊപ്പം സാമൂഹ്യ പ്രാധാന്യമുള്ള ആനുകാലിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവും വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമൊക്കെ ഇതില്‍ പരിശോധിക്കപ്പെടുന്നു. 1996 ല്‍ ആരംഭിച്ച പവര്‍ ക്വിസ്, 2015ല്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി. "ഊര്‍ജ്ജം മനുഷ്യാവകാശം" എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച ഇത്തവണത്തെ പവര്‍ ക്വിസ്, രാജ്യത്തെ വൈദ്യുതി വികസനത്തിന്റെ പൊള്ളത്തരം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ സഹായിച്ചു.