സംഘടനയുടെ വൈസ്പ്രസിഡന്റും സി ജി ആര് എഫ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും ആയ ശ്രീ ആര് സുകുവിനെ ഫേസ് ബക്കില്‍ ചില പൊതുവിഷയങ്ങളെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്റു ചെയ്ത വൈദ്യുതിബോര്‍ഡിന്റെ കിരാത നടപടിക്കെതിരെ ആലപ്പുഴ വൈദ്യുതിഭവനു മുമ്പില്‍ 05/07/2013 ന് വൈകുന്നേരം 4.30ന് വായ് മൂടിക്കെട്ടി പ്രകടനവും തുടര്‍ന്ന് യോഗവും സംഘടിപ്പിച്ചു.
അനാവശ്യമായ സസ്പെന്ഷന് നടപടി പിന്‍വലിക്കുക, ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുക, ഫേസ്ബുക്കിനെ ഭരണകൂടത്തിന് ഭയമോ?, അഭിപ്രായപ്രകടനത്തിനെതിരായ നീക്കം ഭീരുത്വവും ഫാസിസവും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തഞ്ചോളം ഓഫീസേഴ്സ് അസോസിയേഷന് പ്രവര്‍ത്തകരും പത്തോളം കെ എസ്സ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന് പ്രവര്‍ത്തകരും ഈ പരിപാടിയില്‍ പങ്കെടുത്തു. വൈദ്യുതിഭവനു മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ ജെ മധുലാല്‍ അദ്ധ്യക്ഷനായി.
ഡമോക്രാറ്റിക്ക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡം ജില്ലാസെക്രട്ടറി അഡ്വ. സുജിത്ത്, ഇ ഇ എഫ് ഐ വര്‍ക്കിംഗ് കമ്മിറ്റിയംഗം കെ ജയകുമാര്‍, കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി സന്തോഷ്കുമാര്‍, ജില്ലാസെക്രട്ടറി എസ്സ് രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ശ്രീ ജി മോനി നന്ദി പറഞ്ഞു. യോഗം 6 മണിക്ക് സമാപിച്ചു.