KSEBOA - KSEB Officers' Association

Tuesday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News കോട മഞ്ഞിലൂടെ

കോട മഞ്ഞിലൂടെ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Idukii KSEBOA Tour 2014ഓഫീസേഴ്സ് അസ്സോസിയേഷന്റെ ടൂര്‍ പ്രോഗ്രാം ഉണ്ടെന്നറിഞ്ഞപ്പോള്‍, അത് കൊടൈക്കനാലിലേക്ക് ആകരുതേയെന്നാഗ്രഹിച്ചിരുന്നു. കാരണം കഴിഞ്ഞ വര്‍ഷത്തെ എന്റെ സ്കൂള്‍ ടൂറും അങ്ങോട്ടായിരുന്നു. അന്തിമ തീരുമാനം വന്നപ്പോള്‍ മൂന്നാര്‍, മാട്ടുപ്പെട്ടി വഴി കൊടൈക്കനാലിനു തന്നെ. ടൂര്‍ എപ്പോഴും ഒരു ഹരമായതിനാലും, വേറെ ടൂറൊന്നും ഈ വേനലില്‍ പോകാത്തതിനാലും സന്തോഷമായി.
2014 മെയ് 9ാം തീയതി രാവിലെ 7 മണിക്ക് തൊടുപുഴ വൈദ്യുതി ഭവനില്‍ നിന്നും ബസ്സില്‍ കയറി. ആകെ 14 കുടുംബങ്ങളില്‍ നിന്നായി 46 പേര്‍ ഉണ്ടായിരുന്നു. ചീയപ്പാറ വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ ആദ്യ സന്ദര്‍ശനം. മഴയുണ്ടായിരുന്നെങ്കിലും വെള്ളചാട്ടം കനത്തിരുന്നില്ല. കുട്ടികളെല്ലാവരും വെള്ളച്ചാട്ടത്തിനകത്ത് നിന്ന് ഫോട്ടോയെടുത്തു.
അവിടെനിന്നു യാത്ര തിരിച്ച ഞങ്ങള്‍ അടിമാലിയിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് മൂന്നാറിലേക്ക് യാത്രയായി. എത്ര കണ്ടാലും മതിവരാത്തൊരു സൗന്ദര്യം മൂന്നാറിന്റെ തേയിലതോട്ടങ്ങള്‍ക്കും കുന്നുകള്‍ക്കുമുണ്ട്.


ഞങ്ങള്‍ മൂന്നാറിലെത്തിയപ്പോള്‍ നൂലുപോലെ മഴ പെയ്യുന്നു. മൂന്നാറിലെ മഴയ്ക്കു പോലും പ്രത്യേക ഭംഗിയാണ്. മുന്‍ ജില്ലാസെക്രട്ടറി ചന്ദ്രബോസ് അങ്കിള്‍ ഞങ്ങളേയും കാത്ത് അവിടെയുണ്ടായിരുന്നു. ആദ്യം രാമസ്വാമി ഹെഡ് വര്‍ക്സ് കാണാനിറങ്ങി. ചന്ദ്രബോസ് അങ്കിള്‍ ആ ഡാമിനെക്കുറിച്ചും, അതിന്റെ പ്രത്യേതകതകളും, കേരളത്തിലെ ആദ്യത്തെ പവ്വര്‍ഹൗസായ പള്ളിവാസല്‍ പവ്വര്‍ഹൗസിനെക്കുറിച്ചും എല്ലാം വളരെ വിശദമായി പറഞ്ഞുതന്നു. പിന്നീട് ഞങ്ങള്‍ ഹൈഡല്‍ പാര്‍ക്കിലേക്ക് പോയി. അപ്പോഴേയ്ക്ക് മഴ മാറി മഞ്ഞ് വന്നിരുന്നു. പാര്‍ക്കില്‍ വിവിധയിനം പൂക്കള്‍ വളരെ മനോഹരമാക്കി വളര്‍ത്തിയിട്ടുണ്ട്. ഇടയ്ക്ക് പുല്‍മേടുകളും കുട്ടികളെ ആകര്‍ഷിക്കാനായി ഊഞ്ഞാലുകളും ഒരുക്കിയിരിക്കുന്ന കുട്ടികളെല്ലാവരും ഒന്നിച്ചു നടക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും തുടങ്ങിയിരുന്നു.
മഞ്ഞും മഴയും മാറിമാറി വന്നുകൊണ്ടിരുന്നു. മൂന്നാറിന്റെ ഇടുങ്ങിയ വഴികളിലൂടെയുള്ള ഷോപ്പിംഗ് ഒരു പ്രത്യേക രസമായിരുന്നു. ടൗണില്‍ തന്നെ ടാറ്റായുടെ സ്റ്റോറില്‍ പലതരം തേയിലകള്‍, തേന്‍, വൈന്‍ എന്നിവ വില്‍ക്കുന്നുണ്ട്. കൂടാതെ മൂന്നാറിന്റെ ഗതകാല സ്മരണകള്‍ ചുവരില്‍ ചിത്രങ്ങളായി നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ മൂന്നാറിനോട് വിടപറഞ്ഞ് മാട്ടുപെട്ടിയിലേക്ക് തിരിച്ചു. തേയിലക്കാടുകളും വനങ്ങളും പിന്നിട്ട് ഞങ്ങള്‍ മാട്ടുപെട്ടിയിലെത്തിച്ചേര്‍ന്നു. ഡാമില്‍ വെള്ളം കുറവായിരുന്നെങ്കിലും ഭംഗി അല്‍പം പോലും കുറഞ്ഞിരുന്നില്ല.
നേരെ ബോട്ടിംഗ് ലാന്‍ഡിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെ ടൂറിസ്റ്റുകളുടെ നല്ല തിരക്കായിരുന്നു. കാത്തുനിന്ന് പല കൂട്ടങ്ങളായി തിരിഞ്ഞ് ഞങ്ങള്‍ സ്പീഡ് ബോട്ടില്‍ കയറി. പത്തുമിനിറ്റ് ഡാമിലൂടെ ബോട്ടില്‍ കറങ്ങി. തിരിച്ചെത്തിയപ്പോള്‍ പെട്ടന്ന് തീര്‍ന്നതിലുള്ള നിരാശയായിരുന്നു എല്ലാവര്‍ക്കും. അവിടേയും ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി ഞങ്ങള്‍ കൊടൈക്കനാലിനുള്ള നീണ്ടയാത്രയ്ക്ക് തയ്യാറായി. കുട്ടികള്‍ എല്ലാവരും ബസ്സിന്റെ പിറകിലെ സീറ്റിലെയ്ക്ക് മാറി പാട്ടും, നൃത്തവും തുടങ്ങി. ഏറ്റവും വലിയ ആകര്‍ഷണം ജാന്‍വി എന്ന രണ്ടുവയസ്സു കാരിയായിരുന്നു. രോമക്കുപ്പായവും, തൊപ്പിയുമൊക്കെ ധരിച്ച് ഒരു കൊച്ചു ക്രിസ്മസ് പാപ്പായെപ്പോലെ അവള്‍ ഓടിനടന്നു. ജാന്‍വിയെ ഞങ്ങളെല്ലാവരും ഓമനിച്ചു.
രാത്രി പന്ത്രണ്ടു മണിയോടെ കൊടൈക്കനാലില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തേനിയ്ക്കും ബോഡിമെട്ടിനും ഇടയ്ക്ക് മണ്ണിടിഞ്ഞ് വഴി ബ്ലോക്കായതിനാല്‍, യാത്ര ചന്നാര്‍, കട്ടപ്പന, നെടുങ്കണ്ടം വഴിയാക്കി. കൊടൈക്കനാലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മണി 4.30. അവിടെ കോക്കേര്‍സ് ടവര്‍ ഹോട്ടലിലായിരുന്നു താമസം ശരിയാക്കിയിരുന്നത്. ഒന്‍പതു മണിയ്ക്ക് ഹോട്ടല്‍ ലോഞ്ചില്‍ ഒത്തുച്ചേരുമെന്ന് പറഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് ചെറുമയക്കത്തിനായി നീങ്ങി.
പ്രഭാത ഭക്ഷണം കഴിച്ച് 9.30 ഓടെ ഞങ്ങള്‍ കൊടൈക്കനാലിന്റെ സൗന്ദര്യമാസ്വദിക്കാനിറങ്ങി. ആദ്യം കൊടൈക്കനാലിലേക്കാണ് പോയത്. തടാകത്തിനു ചുറ്റുമുള്ള കുതിരസവാരിയും സൈക്ലിംഗും കൊച്ചു കൊച്ചു ഷോപ്പിംഗുമായി സമയം പോയതറിഞ്ഞില്ല. കൊടൈക്കനാല്‍ തടാകത്തിനോട് ചേര്‍ന്നുള്ള ബ്രയന്റ് പാര്‍ക്ക് അതി വിശാലവും, വളരെ മനോഹരവുമാണ്. കോടമഞ്ഞ് ആകാശത്തുനിന്നും ഇറങ്ങിവന്നു. പാര്‍ക്കിനെ മൂടുമ്പോള്‍ പാര്‍ക്ക് ഒരു മഞ്ഞുകടലായി മാറും. അടുത്തു നില്‍ക്കുന്ന ആളുകളെ പോലും കാണുവാന്‍ പ്രയാസം തോന്നും. കോട ഒരു ഭാഗത്തു നിന്നും മറ്റു ഭാഗങ്ങളിലേയ്ക്ക് നീങ്ങുന്നത് നോക്കിനില്‍ക്കാന്‍ നല്ല രസമുള്ള കാഴ്ചയാണ്. ഒരു ദിവസം മുഴുവന്‍ കാണാനുള്ള പൂക്കളും മറ്റും അവിടെയുണ്ട്.
ഒരു പുല്‍മേടയില്‍ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു കുടുബസംഗമവും നടത്തി.
ഉച്ചയ്ക്ക് ശേഷം കൊടൈക്കനാലിന്റെ വിദൂര കാഴ്ചകള്‍ക്കായി ഞങ്ങളെ കൊണ്ടുപോകുന്ന രണ്ട് മിനി ബസ്സ് ഏര്‍പ്പാടാക്കിയിരുന്നു.
അപ്പര്‍ ലേയ്ക്ക് വ്യൂ, ഗോള്‍ഫ് കോഴ്സ്, ലാ സെയ്യെത്ത് ചര്‍ച്ച് (100 വര്‍ഷങ്ങളോളം പഴക്കമുള്ള പള്ളിയാണ്) സൂയിസൈഡ് പോയിന്റ്, വാക്സ് മ്യൂസിയം, പില്ലര്‍ റോക്ക് എന്നിവ സന്ദര്‍ശിച്ച് കോക്കേര്‍സ് വാക്കിലിറങ്ങി. കോക്കേര്‍സ് വാക്കിലൂടെ നടന്നുള്ള കാഴ്ചകളും ഷോപ്പിംഗും വളരെ രസകരമായിരുന്നു. സമയം സന്ധ്യയായി ഞങ്ങള്‍ തിരിച്ചു പോരാന്‍ തയ്യാറായി. വീണ്ടും ബസ്സില്‍ പാട്ടും, ലേസര്‍ ഡാന്‍സും, അന്താക്ഷരിയുമൊക്കെയായി അടിച്ചുപൊളിച്ചു.
മടക്കയാത്ര പളനി പാലക്കാട് വഴിയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടു കൂടി ഞങ്ങള്‍ തൊടുപുഴയില്‍ എത്തിചേര്‍ന്നു. അടുത്ത യാത്ര എന്നാണെന്ന് ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3267
mod_vvisit_counterYesterday4244
mod_vvisit_counterThis Month87352
mod_vvisit_counterLast Month143934

Online Visitors: 60
IP: 34.229.126.29
,
Time: 18 : 09 : 13