KSEBOA - KSEB Officers' Association

Monday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ ഉണ്ണിക്കുട്ടന്റെ അച്ഛന്‍

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഉണ്ണിക്കുട്ടന്‍ സെക്കന്റ് സ്റ്റാന്റേഡില്‍ പഠിക്കുന്നു. മുമ്പൊക്കെ ദിവസവും രാവിലെ എട്ട് മണിക്ക് അവന്റെ സ്ക്കുള്‍ബസ്സു് വീടിന്റെ പടിക്കല്‍ വന്ന് ഹോണടിക്കാന്‍ തുടങ്ങുമായിരുന്നു. അത് കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുമ്പേ തന്നെ അവന്റെ അമ്മയ്ക്ക് ഉള്ളില്‍ വെപ്രാളം കയറുമായിരുന്നു. കാരണം അപ്പോളും അവന്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു തീര്‍ന്നിട്ടുണ്ടാവില്ല. അല്ലങ്കില്‍ ഷൂസിട്ടിട്ടുണ്ടാവില്ല. ഒടുവില്‍ ഒക്കെ ഒരു വിധം വരുത്തിത്തീര്‍ത്ത് ബസ്സിന്റെ പതിവ് പല്ലവിയും അമ്മയുടെ പഴി പറച്ചിലും കേട്ട് അവന്‍ ബസ്സില്‍ കയറി പോയിരുന്നു. ഇതിനെല്ലാം മുറ്റത്തെ തൈമാവ് സാക്ഷിയായി നിന്നിരുന്നു
എന്നാല്‍ ഇപ്പോള്‍ ആ കഥയൊക്കെ മാറിയിരിക്കുന്നു. കാരണം അവന്റെ അച്ഛന്‍ നാട്ടില്‍ എത്തിയിരിക്കുന്നു. അവന്‍ സ്കൂളില്‍ പോയിത്തുടങ്ങിയ കാലം മുതല്‍ അവന്റെ അച്ഛന്‍ ദൂരെ എവിടെയോ ആയിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അവന്റെ അച്ഛന്‍ ഇപ്പോള്‍ ടൗണിലെ വൈദ്യുതി ബോര്‍ഡ് ഓഫീസിലെ ലൈന്‍മാനാണ്.


ഇപ്പോള്‍ അവന്‍ ഉറങ്ങുന്നതും ഉറക്കമുണരുന്നതും എല്ലാം അച്ഛനോടൊപ്പമാണ്.
ഉണ്ണിമോനേ....
അച്ഛന്റെ നീട്ടിയുള്ള വിളികേട്ട് രാവിലെ ഉറക്കമുണരുന്നത് മുതല്‍ അവന്റെ എല്ലാ കാര്യങ്ങള്‍ക്കും അച്ഛനൊപ്പമുണ്ടാവും. കുളിക്കുന്നതിനും യൂണിഫോം ഇടുന്നതിനും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനും എല്ലാം അച്ഛന്റെ കഥകളുടേയും പാട്ടിന്റേയും താളമുണ്ടാവും. അപ്പോള്‍ അതിന്റെ താളവും അവന്റെ കൊഞ്ചലും ഇഴ പിരിഞ്ഞ് അവനറിയാതെ അതെല്ലാം ചെയ്തുപോകും. ഇടക്ക് സ്കൂളില്‍ ഉച്ചത്തില്‍ സംസാരിച്ചു എന്ന് പറഞ്ഞ് സിസിലിടീച്ചര്‍ അവനെ വഴക്ക് പറഞ്ഞതും അതു കേട്ട് ആതിരാകൃഷ്ണന്‍ അവനെ നോക്കി ചിരിച്ചതും അവന്‍ അച്ഛനോട് പറയും. അച്ഛന്‍ അതിന് ഓരോ കളിവര്‍ത്തമാനം പറഞ്ഞ് അവനെ സമാധാനിപ്പിക്കും
എല്ലാം കഴിഞ്ഞ് സ്കൂള്‍ബസ്സ് അപ്പുറത്തെ വളവ് തിരിഞ്ഞ് വരുന്നതിന് മുമ്പ് തന്നെ പടിക്കല്‍ അവന്‍ അമ്മയോടൊത്ത് കാത്ത് നില്‍ക്കുന്നുണ്ടാവും. അപ്പോളേക്കും അവന്റെ അച്ഛനും റെഡിയായി ബൈക്കില്‍ ഓഫീസിലേക്ക് പോയിരിക്കും.
അച്ഛന്‍ ടൗണിലെ ഓഫീസില്‍ എത്തിയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടേയുള്ളു. ഇതിനോടകം പല തവണ അവന്‍ അച്ഛനോടൊപ്പം അച്ഛന്റെ ഓഫീസില്‍ പോയിട്ടുണ്ട്. അച്ഛന്റെ ബൈക്കിന്റെ മുന്നിലിരുന്ന് സവാരി ചെയ്യാന്‍ അവന് വലിയ ഉത്സാഹമാണ്. അങ്ങനയുള്ള സവാരികള്‍ക്കിടയില്‍ അവന്‍ അച്ഛനോട് വഴിയരികില്‍ കാണുന്നവയെക്കുറിച്ച് ഓരോന്ന് ചോദിക്കും. അച്ഛന്‍ അതിനെല്ലാം അവന്റെ ഭാഷയില്‍ വിശദീകരിച്ചു കൊടുക്കും. അങ്ങനെ ചോദ്യങ്ങളും ഉത്തരവുമായി സവാരി അവനാസ്വദിക്കും.
പുതിയ ഷൂസ് വാങ്ങുവാന്‍ ടൗണിലേക്ക് പോയ അത്തരം ഒരു സവാരിയിലാണ് അവന്‍ വഴിയരികില്‍ ഇരിക്കുന്ന വലിയ പെട്ടി പോലെയുള്ള വസ്തുവിനെക്കുറിച്ച് ചോദിച്ചത്. അതിന്റെ പേര് ട്രാന്‍സ്ഫോര്‍മര്‍ എന്നാണന്നും നമ്മുടെ വീടുകളിലൊക്കെ കറണ്ട് കിട്ടു
ന്നത് അതില്‍ നിന്നാണന്നും അച്ഛന് അതുമായി ബന്ധപ്പെട്ട ജോലിയാണ് ആഫീസ്സില്‍ ഉള്ളതുമെന്ന് അപ്പോളവന് മനസ്സിലായി. അന്ന് അച്ഛനവന് ഐസ്സ് ക്രീമും ചോക്ലേറ്റും വാങ്ങി നല്‍കിയിരുന്നു. ഷൂസിന് കറുപ്പ് നിറം കുറഞ്ഞ് പോയെന്ന് കണ്ട്പിടിച്ച സിസിലി ടീച്ചറിന്റെ കണ്ണ് കേമം തന്നെ. എത്ര പേരെയാണ് ടീച്ചര്‍ ഇതേ കാരണത്തിന് ക്ലാസ്സിന് പുറത്ത് നിര്‍ത്തിയിട്ടുള്ളത്.
ശനിയാഴ്ച, ഞായറാഴ്ച തുടങ്ങിയ മിക്ക അവധി ദിവസങ്ങളിലും അവന് അച്ഛനെ കൂടെ കിട്ടാറില്ല. അവധിദിവസമായതിനാല്‍ അമ്മ അവനെ കുറച്ച് നേരം കൂടി ഉറങ്ങാന്‍ അനുവദിക്കും. അവന്‍ ഉണര്‍ന്ന് വരുമ്പോഴേക്കും അച്ഛന്‍ ബൈക്കില്‍ കയറിപോയിരിക്കും. അവന്‍ ഉറങ്ങിയതിന് ശേഷമാവും മിക്കപ്പോഴും അച്ഛന്റെ വരവ്. അങ്ങനെയുള്ള ദിവസങ്ങളില്‍ കുസൃതി കാട്ടിയും അമ്മയുമായി പിണങ്ങിയും ചിലപ്പോള്‍ ചെറിയ തല്ല് വാങ്ങിയും പിന്നെ ഇണങ്ങിയും അവനങ്ങനെ കഴിച്ചു കൂട്ടും. തൊട്ടപ്പുറത്ത് വല്യമ്മയുടെ വീട്ടില്‍ അമ്മുമ്മയും ധന്യചേച്ചിയും വല്യച്ഛന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടങ്കിലും അവന്‍ അങ്ങോട്ടൊന്നും പോകാറില്ല. പിന്നെ ചേച്ചി ഇങ്ങോട്ട് വന്നാല്‍ അല്പനേരം കളിച്ചെങ്കിലായി. പിന്നീട് അച്ഛനെ കാണുമ്പോള്‍ അവന് പരാതികളുടെ കൂമ്പാരം തന്നെയുണ്ടാവും പറയാന്‍. അച്ഛനതിനെല്ലാം അവനെ ചോക്ലേറ്റില്‍ മുക്കി ഇല്ലാതാക്കും.
അന്നൊരു ഞായറാഴ്ച ആയിരുന്നു. പതിവ് പോലെ അവന്‍ ഉറക്കമുണരുന്നതിന് മുമ്പ് തന്നെ അച്ഛന്‍ ബൈക്കില്‍ കയറി ഓഫീസ്സിലേക്ക് പോയിരുന്നു. അവന്‍ ചിണുങ്ങിക്കൊണ്ട് അടക്കളയിലേക്ക് ചെന്നു. അമ്മ അവിടെ ദോശ ചുടുന്ന തരക്കിലാണ്. അവന്‍ അച്ഛനെ അന്വേഷിച്ചു. അമ്മയുടെ പതിവ് മറുപടിയില്‍ തൃപ്തനാവാതെ അച്ഛന്‍ കഴി‍ഞ്ഞ ദിവസം കൊണ്ടുവന്ന കാറിന്റെ കളിപ്പാട്ടവുമായി മുറ്റത്തേക്കിറങ്ങി. അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തി അവനോടൊരു സ്വകാര്യം പറഞ്ഞു. ഇന്ന് അച്ഛന്‍ നേരത്തേ വരാമെന്ന് പറഞ്ഞിട്ടുണ്ടന്നും നല്ല കുട്ടിയായി ഇരുന്നാല്‍ അപ്പോള്‍ സിനിമയ്ക്ക് പോകാമെന്നും കേട്ടപ്പോള്‍ അവന് അല്പം സന്തോഷം തോന്നാതിരുന്നില്ല. സിനിമ കാണുന്നതില്‍ അവന് വലിയ താല്പര്യമൊന്നുമില്ല എന്നാല്‍ അതിനിടയില്‍ അച്ഛന്‍ വാങ്ങിക്കൊടുക്കാറുള്ള ഐസ്ക്രീമിലാണ് അവന്റെ താല്പര്യം. എന്നാലും അവനതൊന്നും പുറത്ത് കാണിക്കാതെ തന്നെ അമ്മ പറഞ്ഞതെല്ലാം അനുസരിച്ചു. അമ്മ എടുത്ത് കൊടുത്ത ദോശ എല്ലാം അവന്‍ കഴിച്ചിട്ട് കളിക്കാനായി പുറത്തേക്കിറങ്ങി. അമ്മ ഓരോ ജോലികള്‍ക്കായി അടക്കളയിലേക്കും പോയി
ധന്യചേച്ചിയും ചേര്‍ന്നുള്ള കണ്ണ് പൊത്തിക്കളിക്കിടയിലാണ് അമ്മയുടെ ഫോണ്‍ ബെല്ലടിക്കുന്നത് അവന്‍ കേട്ടത്. അച്ഛനായിരിക്കും എന്ന് കരുതിയാണ് അവന്‍ ഓടിച്ചെന്ന് ഫോണെടുത്തത്. അപ്പോള്‍ മറുതലയ്കല്‍ നിന്നും പരിചയമില്ലാത്ത പരുക്കന്‍ ശബ്ദം. അമ്മയെ ആണ് അന്വേഷിക്കുന്നത്. അവന്‍ ഫോണുമായി അമ്മയുടെ അടുത്തേയ്ക്ക് ഓടി. തുണി കഴുകുകയായിരുന്ന അമ്മ കൈ തുടച്ച് വന്നപ്പോഴേയ്ക്കും ഫോണ്‍ കട്ടായിപ്പോയി. ഉടന്‍ തന്നെ അടുത്ത വിളി വന്നു അമ്മ തന്നെ ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു. ക്രമേണ അമ്മയയുടെ മുഖമിരുളുന്നത് അവന്‍ കണ്ടു. അമ്മ അവനെ ചേര്‍ത്തുപിടിച്ച്കൊണ്ട് ഫോണിലൂടെ എന്തൊക്കയോ ചോദിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അമ്മ കരയാനാരംഭിച്ചു. കണ്ണീര്‍ അവന്റെ മുഖത്തും നെഞ്ചിലും വീണു.എന്താണ് സംഭവിച്ചതെന്നോ ആരാണ് വിളിച്ചതെന്നോ ഒന്നും അവന് മനസിലായില്ല. അമ്മയുടെ പെട്ടന്നുള്ള ഭാവമാറ്റത്തില്‍ അവന്‍ ആകെ അമ്പരന്നിരുന്നു.
അമ്മയുടെ കരച്ചില്‍ കണ്ട് ധന്യചേച്ചി ഓടിപ്പോയി വല്യമ്മയെ വിളിച്ചുകൊണ്ടു വന്നു. പിന്നാലെ അമ്മൂമ്മയുമെത്തി. അച്ഛനെന്തോ അപകടം പറ്റിയെന്നോ ആശുപത്രിലാണന്നോ ഒക്കെ അമ്മ വല്യമ്മയോട് പറയുന്നത് അവന്‍ കേട്ടു. ബഹളം കേട്ട് കിഴക്കേതിലെ അനീഷങ്കിളും ആന്റിയും അവിടേക്ക് വന്നു. അങ്കിള്‍ കാറുമായെത്തി അമ്മയെയും വല്യമ്മയെയും കൂട്ടി ആശുപത്രയിലേക്ക് പോയി. വീട്ടില്‍ അവനും അമ്മൂമ്മയും ധന്യചേച്ചിയും മാത്രമായി.
അച്ഛന്റെ ബൈക്കിന്റെ ശബ്ദം അടുത്തടുത്ത് വന്ന് നിന്നു. അവന്‍ അത് കേട്ട് പുറത്തേക്കോടി ഇറങ്ങി നോക്കിയപ്പോള്‍ അച്ഛന്‍ ഉണ്ണിക്കുട്ടാ എന്ന് വിളിച്ചുകൊണ്ട് ചിരിയില്‍ പൊതിഞ്ഞ് വരുന്നു. കൈയില്‍ ഏതല്ലാമോ സാധനങ്ങളുണ്ട്. അതെല്ലാം അച്ഛന്‍ അവന്റെ കൈയില്‍ വെച്ചുകൊടുത്തു. അവന്റെ ഉത്സാഹം ഇരട്ടിയായി. പൊതികള്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. പെട്ടന്ന് എന്തോ ബഹളം കേട്ട് അവന്‍ ചാടി എഴുന്നേറ്റു. അച്ഛനെ കാണണം എന്ന് പറഞ്ഞ് അമ്മൂമ്മയോട് വഴക്കുണ്ടാക്കി കരഞ്ഞ് ഉറങ്ങിപ്പോയത് അപ്പോളാണ് അവനോര്‍ത്തത്.
വൈകുന്നേരമായിരിക്കുന്നു. വീടിന് പുറത്ത് മുറ്റത്തൊക്കെ ആളുകള്‍ കൂടി നില്‍ക്കുന്നു. അകത്തെ മുറി
യില്‍ എന്തോ ബഹളം കേള്‍ക്കുന്നുണ്ട്. അവന്‍ അങ്ങോട്ട് ചെന്നു. അവിടെ കട്ടിലില്‍ അമ്മ കരഞ്ഞ് തളര്‍ന്ന് കിടക്കുന്നു. അമ്മക്ക് ചുറ്റും അയലത്തെ ചേച്ചിമാരും ആന്റിയും ഇരിപ്പുണ്ട് അവരുടെ കണ്ണുകളിലും അവന്‍ കണ്ണീരിന്റെ നനവ് കണ്ടു. എന്നാല്‍ അച്ഛനെ അവിടെ എങ്ങും കണ്ടില്ല. അവനെ കണ്ടതും അമ്മ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി.അമ്മൂമ്മയും വല്യമ്മയും കൂടെയുള്ളവരും അമ്മയെ സമാധാനിപ്പിക്കുന്നുണ്ടങ്കിലും അവരും കരയുകയാണ്. അമ്മയുടെ കരച്ചിലിന്റെ കണ്ണീര്‍ അവിടമാകെ പരന്നു. അതിന്റെ നനവില്‍ അലിഞ്ഞ് ചേരവേ അവനറിഞ്ഞു അവന്റെ അച്ഛന്‍ അവനെ വിട്ടുപോയി, അവനും അമ്മക്കും തോരാത്ത കണ്ണീര്‍ ബാക്കിയായി.
മുറിക്കകത്ത് അമ്മയുടെ അടുത്ത് നിന്ന് അമ്മാവന്‍ അവനെ ആശ്വസിപ്പിച്ച് എടുത്തുകൊണ്ട് മുറ്റത്ത് നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നില്‍ അവനെ മടിയിലിരുത്തി ഇരുന്നു. തൊട്ടടുത്ത കസേരയിലിരിക്കുന്ന ആളുകള്‍ എന്തൊക്കയോ സംസാരിക്കുന്നുണ്ട്. അവന്റെ അച്ഛനെപ്പറ്റിയാണ് അവര്‍ സംസാരിക്കുന്നത് എന്നവന് മനസിലായി. പോസ്റ്റിലെ തകരാറ് പരിഹരിയ്ക്കാനാണ് അച്ഛന്‍ അതില്‍ കയറിയത്. ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസുകളെല്ലാം ഊരിയിരുന്നു. മുകളിലെ കമ്പിയില്‍ തൊട്ട ഉടന്‍ തന്നെ അച്ഛന്‍ പോസ്റ്റില്‍ നിന്നും താഴെ റോഡിലേക്ക് തലയടിച്ച് വീണു...
പിന്നെയും അവര്‍ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു അതൊന്നും അവന്‍ കേട്ടില്ല. അവന് ഉള്ളില്‍തിങ്ങിയ ദു:ഖം കരച്ചിലായി അടക്കാനായില്ല.അത് കണ്ണുനീരായി പുറത്തേക്ക് വന്ന് അവിടമാകെ മുക്കിക്കളഞ്ഞു. അമ്മാവനവനെ ചേര്‍ത്ത്പിടിച്ച് ഒന്നും മിണ്ടാനാവാതെ ഇരുന്നു.
കാലം എത്ര കഥ മെനഞ്ഞാലും കരളുകളിലെത്ര കദനജലം നിറഞ്ഞാലും പൊള്ളവാക്കുകള്‍ എത്ര ഗോപുരങ്ങളായ് ചമഞ്ഞാലും അവയ്ക്കൊന്നിനും അവന്റെ അച്ഛനെ തിരികെ കൊണ്ടുവരാനാവില്ല. അവന്റെ കുരുന്ന് സ്വപ്നങ്ങള്‍ക്ക് ചിറക് പകരാന്‍ അച്ഛന്റെ സ്നേഹത്തിന്റെ ചൂട് കൂട്ടിനില്ല. എല്ലാം എന്നന്നേയ്കുമായി അവനില്‍ നിന്നകന്ന് പോയിരിക്കുന്നു.
അവന്റെ സ്കൂള്‍ബസ്സ് ഇനിയും വീടിന്റെ പടിക്കലെത്തി നിര്‍ത്താതെ ഹോണടിച്ചേക്കാം. അവന്റെ കുരുന്ന് പരാതികളും പരിഭവങ്ങളും ചുവരുകളില്‍ തട്ടിത്തകര്‍ന്നേക്കാം , ബൈക്കിന്റെ മുന്നിലിരുന്നുള്ള നഗരസവാരി ഒരു സ്വപ്നമായടിഞ്ഞേക്കാം... ഇതൊന്നും കാണാതെ അപ്പോഴും നാടിന്റെ ജീവനാടികളിലൂടെ ജീവന്‍ ഒഴുകിക്കൊണ്ടേയിരിക്കും. അരൂപിയായി, അദൃശ്യയായി.. അടുത്ത പിഴവിന് കാതോര്‍ത്ത്..
അവന്‍ സാവധാനം കണ്ണുകള്‍ തുറക്കാന്‍ നോക്കി. കണ്ണീര്‍മണികള്‍ അവന്റെ കാഴ്ച മറയ്ക്കുന്നു. പെട്ടന്ന് പുഷ്പാലംകൃതമായ ഒരു രഥം അതിന്റെ കനകച്ചിറക് വീശി മന്ദം മന്ദം താഴ്ന്നിറങ്ങി മുറ്റത്ത് നിന്നു. അവിടെ ഇളംതെന്നലില്‍ സ്വര്‍ഗ്ഗീയപരിമളം പരന്നു. മധുരതരസംഗീതം ഉതിരുന്ന അതില്‍നിന്നും കാഞ്ചനശോഭയോടെ സ്വര്‍ണ്ണക്കുപ്പായങ്ങളും തലപ്പാവുമണി‍ഞ്ഞ് അവന്റെ അച്ഛന്‍ ഇരുകരങ്ങളും നീട്ടി അവന്റെ അടുത്തേയ്ക്ക് ഇറങ്ങി വരുന്നു. തൂവെള്ളക്കുപ്പായങ്ങളണിഞ്ഞ മാലാഖമാര്‍ അച്ഛന് അകമ്പടിയാകുന്നു. അവന്റെ കണ്ണിന്‍മുന്നിലിപ്പോള്‍ ഒരേയൊരു രൂപം മാത്രം, ഇനിയും കണ്ട്തീര്‍ന്നിട്ടില്ലാത്ത അവന്റെ അച്ഛന്റെ..... അത് അവനെ വാരിയെടുത്തു. അപ്പോളവനൊരു ബിന്ദുവായ്... അണുവായ്.. അതിലലിഞ്ഞു ചേര്‍ന്നു.
കരച്ചിലിനിടയിലും അവന്‍ കേട്ടു. ഓഫീസിലെ എഞ്ചിനീയറോടൊപ്പമാണ് അവന്റെ അച്ഛന്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് കെട്ടാന്‍വേണ്ടി എത്തിയത്. സപ്ലൈ ഓഫ് ചെയ്ത് അതിന്റെ മുകളില്‍ കയറിയ അവന്റെ അച്ഛന്‍ പെട്ടന്ന് കറണ്ട് വന്നതിനാല്‍ ഷോക്കേറ്റ് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അച്ഛന്‍ തലയില്‍ ഹെല്‍മെറ്റ് വെച്ചിട്ടുണ്ടായിരുന്നെങ്കില്‍ മരിക്കുമായിരുന്നില്ല. എഞ്ചിനീയര്‍ ഓഫ് ചെയ്തത് മറ്റൊരു ലൈന്‍ ആണത്രേ. ട്രാന്‍സ്ഫോര്‍മര്‍ എന്താണന്ന് അച്ഛന്‍ അവന് നേരത്തെ പറഞ്ഞുകൊടുത്തിരുന്നത് അപ്പോള്‍ അവന്‍ ഓര്‍ത്തു. കറണ്ട് എങ്ങനെ അവിടെ ആരുടേയും അനുവാദമില്ലാതെ കടന്നു വന്നു എന്നത് ഉത്തരമില്ലാത്ത ചോദ്യമല്ല. പക്ഷെ അതിന്റെ ഉത്തരം പലപ്പോഴും ശേഷിക്കുന്നവര്‍ക്ക് ഒരു ചോദ്യമാവുമ്പോള്‍ അതിന് ഉത്തരമില്ലാതാവുന്നു. സുരക്ഷക്ക് വേണ്ടി ചെയ്യുന്നവ ഒരു വഴിപാടാവുമ്പോള്‍ അപകടങ്ങള്‍ ഇവിടെ നേര്‍കാഴ്ചകളാകുന്നു. ഉണ്ണിക്കുട്ടന് അവന്റെ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. അച്ഛന്‍ ഇനി ഒരിക്കലും കളിപ്പാട്ടങ്ങളുമായി വരില്ല. ഐസ് ക്രീം കഴിക്കാനും സിനിമക്ക് പോകാനും വരില്ല. അവനോട് കളി പറയാനും കുളിപ്പിക്കാനും കുപ്പായമീടീപ്പിക്കാനും ഊട്ടാനും ഉറക്കാനും ഒന്നിനും വരില്ല.

 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4298
mod_vvisit_counterYesterday4887
mod_vvisit_counterThis Month110039
mod_vvisit_counterLast Month149779

Online Visitors: 67
IP: 54.90.86.231
,
Time: 23 : 41 : 55