KSEBOA - KSEB Officers' Association

Tuesday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ ഷാവേസിന്റെ നാട്ടില്‍-4

ഷാവേസിന്റെ നാട്ടില്‍-4

PDF
Hits smaller text tool iconmedium text tool iconlarger text tool icon

2012 നവംബറില്‍ വെനിസ്വലയില്‍ നടന്ന ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ ഷാവേസിന്റെ നാട്ടിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

തെരുവുവാസികളും കയ്യേറ്റങ്ങളും

സെമണ്‍ ബോളിവര്‍
കാരക്കാസിലെ ഏറ്റവും ഉയരമുള്ള കെട്ടിടം നാല്‍പത്തിയഞ്ചു നിലയുള്ള ഡേവിഡ് ടവറാണ്. 1990-ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന്റെ ഉടമ ബ്രില്ലംബര്‍ഗ് 93-ല്‍ കാന്‍സര്‍ ബാധിതനായി മരണമടഞ്ഞു. 94-ല്‍ ലാറ്റിന്‍ അമേരിക്കയിലുണ്ടായ ബാങ്കിംഗ് പ്രതിസന്ധി കൂടിയായപ്പോള്‍ കെട്ടിടത്തിന്റെ പണിമുടങ്ങി. നാല്‍പ്പത്തിയഞ്ചു നിലകളുടെ സ്ട്രക്ചര്‍ മാത്രമാണ് പൂര്‍ത്തിയായത്. കടം തിരിച്ചടവ് മുടങ്ങിയതടക്കമുള്ള വിവിധ കാരണങ്ങളാല്‍ ഡേവിഡ് ടവര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഈ കെട്ടിടത്തില്‍ അവകാശവാദമുന്നയിച്ചുകൊണ്ട് നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ ഇടപെട്ടുകൊണ്ടിരിക്കുമ്പോഴാണ് 1998-ല്‍ ഷാവേസ് വെനിസുലയില്‍ അധികാരത്തില്‍ വരുന്നത്. കെട്ടിടം സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ നടപടിയില്‍ യാതൊരു വിട്ടുവീഴ്ചക്കും ഷാവേസ് ഭരണകൂടം തയ്യാറായില്ല. പക്ഷേ ഇതിന്നുമല്ല ഡേവിഡ് ടവര്‍ പ്രശസ്തമാകാന്‍ കാരണം.


കാരക്കാസിലെ തെരുവുകളില്‍ അന്തിയുറങ്ങിയിരുന്ന നാലായിരത്തോളം കുടുംബങ്ങള്‍ 2007-ല്‍ ഡേവിഡ് ടവര്‍ കയ്യടക്കുകയും അവിടെ താമസമാരംഭിക്കുകയും ചെയ്തു. സര്‍ക്കാരാകട്ടെ ഇവരെ കുടിയിറക്കാന്‍ തയ്യാറായില്ല എന്നുമാത്രമല്ല വൈദ്യുതിയും വെള്ളവുമടക്കമുള്ള അത്യാവശ്യ സൌകര്യങ്ങളെത്തിച്ച് കയ്യേറ്റക്കാര്‍ക്ക് സഹായം ചെയ്യുകയും ചെയ്തു. അങ്ങിനെ ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം തെരുവുവാസികളുടെ കുടിയേറ്റ കേന്ദ്രമായി.


ഞങ്ങള്‍ താമസിച്ചിരുന്ന ഗ്രാന്റ് മിലിയ ഹോട്ടലില്‍ നിന്ന് അരക്കിലോമീറ്ററോളം മാത്രമകലെയുള്ള സാമ്പില്‍ ലാ കന്റലേറിയ ഷോപ്പിങ്ങ് സെന്റര്‍ ജനങ്ങളാല്‍ അവകാശം സ്ഥാപിക്കപ്പെട്ട മറ്റൊരു കെട്ടിടമാണ്.


2007-08 കാലത്ത് ഭൂരഹിത ഭവനരഹിത കുടുംബങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഇത്തരത്തില്‍ നിരവധി പിടിച്ചെടുക്കലുകള്‍ നടക്കുകയുണ്ടായി. കാരക്കാസ് നഗരത്തില്‍ തന്നെ വിവിധ തര്‍ക്കങ്ങളില്‍പ്പെട്ട് കിടന്നിരുന്ന ഇരുപതോളം കെട്ടിടങ്ങളാണ് ജനങ്ങള്‍ പിടിച്ചെടുത്തത്. ഇരുപതിനായിരത്തോളം വരുന്ന കുടുംബങ്ങളാണ് കാരക്കാസ് നഗരത്തില്‍മാത്രം ഇത്തരത്തില്‍ വാസസ്ഥലം കണ്ടെത്തിയത്.


സര്‍ക്കാര്‍ കയ്യേറ്റക്കാരെ സഹായിക്കുകയാണ് എന്ന ആക്ഷേപത്തിന് "നഗരത്തിലെ കണ്ണായ സ്ഥലങ്ങളെല്ലാം ധനാഢ്യന്‍മാരുടെ കൈവശമെത്തിയത് എന്നിങ്ങനെയാണെന്ന് പരിശോധിക്കണമെന്നും ഇതില്‍ തര്‍ക്കത്തില്‍ക്കിടന്ന് സര്‍ക്കാരിലേക്ക് വന്നുചേര്‍ന്ന ചിലയിടങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികളിലേക്ക് തിരിച്ചെത്തിയത് എങ്ങിനെ കയ്യേറ്റമാകും'' എന്ന മറുപടിയാണ് ഷാവേസ് നല്‍കിയത്. എന്തായാലും ദരിദ്രജനവിഭാഗങ്ങളുടെ വലിയ പിന്തുണയാണ് ഈ നടപടികള്‍ക്ക് കിട്ടിയത്. പക്ഷേ "നഷ്ടപ്പെടുവാന്‍ പലതും ഉള്ളവര്‍ക്ക്'', പ്രത്യേകിച്ചും വാണിജ്യപ്രമുഖരില്‍, ഷാവേസ് വിരുദ്ധവികാരം ശക്തമാകുന്നതിനും ഇത് കാരണമായി. അതാണ് ടീഷര്‍ട്ടിനുവേണ്ടിയുള്ള തെരച്ചിലില്‍ ഉണ്ടായ പ്രതികരണങ്ങളില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്.


ഹോട്ടല്‍ ലോബിയിലെ മോഷണം


മാളുകളിലെ തിരച്ചിലും അലച്ചിലുമെല്ലാം കഴിഞ്ഞത് ഉദ്ദേശം ആറുമണിയോടെയാണ്. പലവപേരും ഏകദേശം ഒന്നിച്ചാണ് ഹോട്ടലില്‍ എത്തിയത്. ഡിസംബര്‍ രണ്ടിനാണ് തിരിച്ചുപോകേണ്ടത്. ഇടക്ക് ഒരു ദിവസം മാത്രമാണുള്ളത്. നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊക്കെ ഒന്നുകറങ്ങണമല്ലോ? ഇതിനാവശ്യമായ സജ്ജീകരണങ്ങളുണ്ടാക്കണം. സമ്മേളനത്തിന്റെ ചെറിയൊരവലോകനവും വേണം. അങ്ങിനെയാണ് ഹോട്ടലിന്റെ ലോബിയില്‍ തന്നെ കുറച്ചുനേരം ഇരിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഇതിനൊന്നും നേരം കിട്ടിയില്ല. അതിനിടയില്‍ത്തന്നെ അതു സംഭവിച്ചു.


തുഷാര്‍ മജുംദാറിന്റെ ബാഗ് മോഷണം പോയി. (ആസ്സാമിലെ അഗര്‍ത്തലയാണ് തുഷാറിന്റെ വീട്. ഒ.എന്‍.ജി.സി. ജീവനക്കാരനായ തുഷാര്‍ ഒ.എന്‍.ജി.സി. തൊഴിലാളി യൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ്). ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നിച്ചിരിക്കാന്‍ കഴിയുന്ന വിധം കസേരകള്‍ ക്രമീകരിക്കുന്നതിന് തോളില്‍ കിടന്ന ബാഗ് മേശപ്പുറത്ത് വെച്ച ഓര്‍മ്മയേ തുഷാറിനുള്ളൂ. നിമിഷങ്ങള്‍ക്കകം ബാഗ് അപ്രത്യക്ഷമായി. പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകളും ടാബ്ലറ്റ് കമ്പ്യൂട്ടറും ക്യാമറയുമൊക്കെ അടങ്ങിയ ബാഗാണ്.


വലിയ സുരക്ഷാ സംവിധാനങ്ങളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ്. അവിടെ ഇങ്ങിനെയൊരു മോഷണം നടന്നുവെന്നത് സമ്മതിക്കാന്‍ തന്നെ മാനേജ്മെന്റിന് വിഷമമുള്ളതുപോലെ. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് ലോബിയിലെ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഹോട്ടല്‍ മാനേജ്മെന്റ് തയ്യാറായത്. തുഷാറിനോടൊപ്പം തന്നെ ലോബിയിലെത്തിയ ഒരു യുവാവ് തുഷാര്‍ മേശപ്പുറത്തു വെച്ച ബാഗ് യാതൊരു ശങ്കയുമില്ലാതെ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ക്യാമറയിലുണ്ടായിരുന്നു. പോലീസിനെ കാര്യങ്ങളില്‍ ഇടപെടുവിക്കുന്നതിന് മാനേജ്മെന്റിന് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ പോലീസില്‍ പരാതി കൊടുക്കാതെ നിവൃത്തിയില്ലായിരുന്നു.


രാത്രി എട്ടുമണിക്ക് ശേഷമാണ് തൊട്ടടുത്ത പോലീസ് സ്റേഷനില്‍ പരാതി നല്‍കുന്നത്. മോഷ്ടാവിനെ കണ്ടെത്തി വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനേക്കാള്‍ തിരിച്ചുപോകുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം. പിറ്റേന്ന് ശനിയാഴ്ചയാണ്. അന്ന് വെനിസുലയില്‍ അവധിയാണ്. ഞായറാഴ്ച ഞങ്ങള്‍ക്ക് മടങ്ങണം. ഞങ്ങളുടെ പ്രശ്നം ബോധ്യപ്പെട്ട പോലീസ് അധികാരികള്‍ രാത്രിതന്നെ കേസ് രജിസ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ കോപ്പി നല്‍കി. എഫ്.ഐ.ആറും മറ്റും കിട്ടിയെങ്കിലും മറ്റു നടപടികള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ സഹായമാവശ്യമാണ്. ഡ്യൂപ്ളിക്കേറ്റ് പാസ്പോര്‍ട്ട് ലഭിക്കുകയും വേണം. രാത്രി വളരെ വൈകിയതിനാലാകണം ഇന്ത്യന്‍ എംബസ്സിയില്‍ ഫോണ്‍ എടുക്കുന്നില്ല. മാത്രമല്ല ശനിയാഴ്ച ഇന്ത്യന്‍ എംബസ്സിക്കും അവധിയാണ്.


ഒ.എന്‍.ജി.സി വിദേശ് ലിമിറ്റഡ്


വെനിസുലയില്‍ ബന്ധപ്പെടാവുന്ന മറ്റൊരു ഇന്ത്യന്‍ സ്ഥാപനം ഒ.എന്‍.ജി.സി.യാണ്. പി.ഡി.വി.എസ്.എ.യുമായി ചേര്‍ന്ന് വെനിസുലയില്‍ ഓറിനോക്കോ പെട്രോളിയം ബെല്‍ട്ടിലെ എണ്ണ ഖനന നടപടികള്‍ നടത്തുന്ന കണ്‍സോര്‍ഷ്യത്തില്‍ ഒ.എന്‍.ജി.സി വിദേശ് ലിമിറ്റഡ് പ്രധാനപ്പെട്ട ചുമതല വഹിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഒ.എന്‍.ജി.സി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ബന്ധപ്പെട്ടു. കാരക്കാസില്‍ അവര്‍ക്ക് ഓഫീസുണ്ട്. അവിടത്തെ ഓപ്പറേഷന്‍സ് ഹെഡ് ലോകേഷ് ഗുപ്തയെ ഡല്‍ഹി ഓഫീസില്‍ നിന്ന് ബന്ധപ്പെടുത്തിത്തന്നു. അദ്ദേഹം രാത്രി തന്നെ ഗ്രാന്റ് മിലിയയിലെത്തി. ഇന്ത്യന്‍ എംബസ്സിയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പിറ്റേന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ചെയ്തുതന്നത് അദ്ദേഹമാണ്.


ഒ.എന്‍.ജി.സി.യിലെ മുപ്പതോളം ഉദ്യോഗസ്ഥരാണ് വെനിസുലയില്‍ പ്രവര്‍ത്തിക്കുന്നത്. എണ്ണ ഖനനത്തിന് രൂപപ്പെടുത്തിയ കണ്‍സോര്‍ഷ്യത്തിന്റെ 60% ഓഹരി പി.ഡി.വി.എസ്.എ.ക്ക് തന്നെയാണ്. ഒ.എന്‍.ജി.സി വിദേശിന് 11% ഓഹരിയാണുള്ളത്. കൂടാതെ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളായ ഓയില്‍ ഇന്ത്യാ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവക്ക് 3.5% ഓഹരി വീതമുണ്ട്. സ്പെയിനിലെ റെപ്സോള്‍, മലേഷ്യയിലെ പെട്രോനാസ് എന്നീ കമ്പനികള്‍ക്ക് 11% വീതം ഓഹരികളുണ്ട്. ഖനന നടപടികള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുവെന്നും പ്രതിദിനം നാലുലക്ഷം ബാരലോളം ക്രൂഡ് ഓയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗുപ്ത പറഞ്ഞു. (2013 ജനുവരി പകുതിയോടെ ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. മൂന്നുനാലുമാസം കൊണ്ട് പൂര്‍ണ്ണ ഉല്‍പാദനം നടക്കുമെന്ന് മനസ്സിലാക്കുന്നു).


വെനിസുലയില്‍ കണ്ടെത്തിയിട്ടുള്ള പ്രകൃതിവാതക നിക്ഷേപം ഒ.എന്‍.ജി.സി.യുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള സാദ്ധ്യത ഒരുക്കുന്നുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷക്ക് വെനിസുലയുമായുള്ള ബന്ധവും ഈ മേഖലയിലെ ഒ.എന്‍.ജി.സി.യുടെ ഇടപെടലുകളും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഗുപ്തയുമായുള്ള ആശയവിനിമയത്തില്‍ നിന്നും ബോധ്യമായി. ഇന്ത്യയെ പ്രധാനപ്പെട്ട ഒരു വ്യാപാരപങ്കാളിയായാണ് വെനിസുല കാണുന്നതെന്നും സര്‍ക്കാര്‍ തലങ്ങളില്‍ ആ നിലയിലുള്ള പരിഗണന കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യന്‍ എംബസ്സി


പിറ്റേന്ന് ഉച്ചക്ക് രണ്ടുമണിയോടെ ഡ്യുപ്ളിക്കേറ്റ് പാസ്പോര്‍ട്ടും മറ്റു രേഖകളും സംഘടിപ്പിക്കാനായി. ഇന്ത്യന്‍ അംബാസഡര്‍ ശ്രീമതി സ്മിതാ പുരുഷോത്തമവും മറ്റുദ്യോഗസ്ഥരും നല്ല സഹായമാണ് നല്‍കിയത്. കാരക്കാസിലും പരിസരങ്ങളിലുമായി നൂറോളം ഇന്ത്യക്കാരാണ് ഉള്ളതെന്ന് അവിടെ നിന്ന് മനസ്സിലായി. ഇതില്‍ മുപ്പതോളം പേര്‍ ഒ.എന്‍.ജി.സി ഉദ്യോഗസ്ഥരാണ്. ഇന്ത്യക്കാരുടെ പത്തോളം സ്വകാര്യ സ്ഥാപനങ്ങള്‍ കാരക്കാസിലുണ്ട്. മറ്റുള്ളവര്‍ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയിട്ടുള്ളത്. ആഴ്ചയില്‍ എട്ടുമുതല്‍ പത്തുവരെ വിസാ അപേക്ഷകളാണ് ഇന്ത്യന്‍ എംബസ്സിയില്‍ കിട്ടുന്നത്. വലിയ തോതിലുള്ള വ്യാപാര സാംസ്കാരിക ബന്ധങ്ങളൊന്നും ഇന്ത്യയും വെനിസുലയുമായി രൂപപ്പെട്ടുവന്നിട്ടില്ല എന്നതാണ് ബോധ്യപ്പെടുത്തുന്നത്. വെനിസുലയുടെ രാഷ്ട്രീയപ്രാധാന്യം വര്‍ദ്ധിച്ചുവരുന്നതും എണ്ണയും പ്രകൃതിവാതകവുമടങ്ങുന്ന വിഭവങ്ങളുടെ സാദ്ധ്യതയും ഇന്ത്യാ-വെനിസുലാ ബന്ധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാക്കുന്നുണ്ട്. ആ നിലയില്‍ വലിയ ഉത്തരവാദിത്തം വെനിസുലയിലെ ഇന്ത്യന്‍ എംബസ്സിക്കുണ്ട്.

സെമണ്‍ ബോളിവര്‍


നഗരത്തിലെ കാഴ്ചകള്‍ക്കപ്പുറത്തുള്ള യാത്രകള്‍ക്കൊന്നും സമയം ഇല്ല. സമ്മേളനത്തിന് ശേഷം ലഭ്യമായ ദിവസത്തില്‍ പകുതി തീര്‍ന്നുകഴിഞ്ഞു. എന്തായാലും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് സൈമണ്‍ ബോളിവര്‍ സ്മാരകം.


വെനിസുലയുടെ രാഷ്ട്രപിതാവാണ് സൈമണ്‍ ബോളിവര്‍. സ്പെയിനിന്റെ കോളനിയായിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളെ സ്വതന്ത്രമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഒരു വിപ്ളവകാരിയായിരുന്നു ബോളിവര്‍. 1783-ല്‍ കാരക്കാസിലെ പ്രധാനപ്പെട്ട ധനിക കുടുംബത്തില്‍ ജനിച്ച സൈമണ് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ചെറുപ്പത്തിലുണ്ടായ ഈ അനാഥത്വം അദ്ദേഹത്തില്‍ സാമൂഹ്യനന്മയുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ സംരക്ഷകനും ആദ്യകാല അദ്ധ്യാപകനുമായിരുന്ന സൈമണ്‍ ഡോണ്‍ഡ്രിഗസ് ഒരു സ്വതന്ത്ര പ്രവര്‍ത്തകനായിരുന്നതും അദ്ദേഹത്തെ നല്ലതോതില്‍ സ്വാധീനിച്ചു. പതിനാലാം വയസ്സില്‍ ഡോണ്‍ഡ്രിഗസ് നാടുകടത്തപ്പെട്ടു. പട്ടാള സ്കൂളില്‍ പഠനം തുടര്‍ന്ന ബോളിവര്‍ യുദ്ധതന്ത്രജ്ഞതയിലും മറ്റും വൈദഗ്ദ്ധ്യം നേടി. തുടര്‍ന്ന് യൂറോപ്പിലേക്ക് പോയ ബോളിവര്‍ 1807-ല്‍ വെനിസുലയില്‍ തിരികെയെത്തി. ഇതിനിടയില്‍ തെക്കനമേരിക്കന്‍ രാജ്യങ്ങളിലെ സ്വാതന്ത്യ്രപ്രവര്‍ത്തകര്‍ സ്വന്തമായി ഒരു ഭരണസംവിധാനവും സൈന്യവുമൊക്കെ രൂപപ്പെടുത്തുകയുണ്ടായി. 1811 ഓടെ യുണൈറ്റഡ് പ്രോവിന്‍സസ് ഓഫ് ന്യൂ ഗ്രാനഡ എന്ന പേരില്‍ ഒരു ഫെഡറല്‍ രാഷ്ട്രം രൂപീകരിച്ചുകൊണ്ട് തെക്കനമേരിക്കന്‍ രാജ്യങ്ങള്‍ സ്പെയിനില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഭരണം വിട്ടുകൊടുക്കാന്‍ സ്പാനിഷ് സാമ്രാജ്യം തയ്യാറായിരുന്നില്ല. കടുത്ത ആഭ്യന്തര യുദ്ധങ്ങളിലേക്കാണ് ഇത് നയിച്ചത്.


1883-ല്‍ വിപ്ളവസൈന്യത്തില്‍ ചേര്‍ന്ന ബോളിവര്‍ ഇന്നത്തെ കൊളമ്പിയയില്‍ പെടുന്ന ന്യൂഗ്രാനഡയിലെ തുഞ്ച കമാന്റിന്റെ ചുമതല ഏറ്റെടുത്തു. ബോളിവറിന്റെ യുദ്ധതന്ത്രജ്ഞത വലിയ വിജയങ്ങള്‍ നേടുന്നതാണ് പിന്നീട് കണ്ടത്. വെനിസുലയുടെ പ്രധാന നഗരങ്ങളെയെല്ലാം കീഴ്പ്പെടുത്തിയ ഈ നീക്കങ്ങളെ അഡ്മിറബിള്‍ കാമ്പയിന്‍ എന്നാണറിയപ്പെടുന്നത്. തുടര്‍ന്ന് സാമ്രാജ്യത്ത സൈന്യവുമായി നിരവധി യുദ്ധങ്ങള്‍ നടക്കുകയുണ്ടായി.

വിജയപരാജയങ്ങള്‍ മാറിമാറി വന്ന ഈ യുദ്ധങ്ങളിലൂടെ തെക്കനമേരിക്കന്‍ രാജ്യങ്ങളെ ഏകോപിപ്പിക്കാനും സംയോജിത രാജ്യത്തിന്റെ ഭരണാധികാരിയായി മാറാനും ബോളിവറിന് കഴിഞ്ഞു. എന്നാല്‍ പലതരത്തിലുള്ള ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ഭരണത്തെ അസ്ഥിരപ്പെടുത്തി. ഒടുവില്‍ 1830-ല്‍ അധികാരം ഒഴിയാന്‍ നിര്‍ബന്ധിതനായ ബോളിവര്‍ യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കും മുമ്പേ മരണമടഞ്ഞു.


ക്ഷയരോഗ ബാധിതനായാണ് അദ്ദേഹം മരിച്ചതെന്നാണ് രേഖകള്‍ പറയുന്നതെങ്കിലും ആര്‍സനിക്ക് വിഷപ്രയോഗത്തിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് വെനിസുലയിലെ ഭൂരിപക്ഷം ജനങ്ങളും. വിമോചകന്‍ (ലിബറേറ്റര്‍) എന്നറിയപ്പെടുന്ന ബോളിവര്‍ വെനിസുലയില്‍ മാത്രമല്ല തെക്കനമേരിക്കന്‍ ജനതകള്‍ക്കാകെ ആവേശകരമായ ഓര്‍മ്മയാണ്. ലോകത്ത് പലയിടത്തും സൈമണ്‍ ബോളിവറിന്റെ പ്രതിമകള്‍ കാണാവുന്നതാണ്. അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലാത്തിടങ്ങളില്‍പ്പോലും ഇത്തരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കഥകളില്‍ മാത്രം സാദ്ധ്യമാകുന്ന വീരപോരാളിയുടെ മൂര്‍ത്തരൂപമായിരുന്നു അദ്ദേഹം എന്നതായിരിക്കാം അതിന് കാരണം.


അദ്ദേഹം താമസിച്ചിരുന്ന വീട്, വീടിനോടനുബന്ധിച്ചുള്ള കുടുംബ ആരാധനാലയം തുടങ്ങിയവയൊക്കെ ഇന്ന് പ്രധാനപ്പെട്ട സന്ദര്‍ശനകേന്ദ്രങ്ങളാണ്. ബോളിവറുടെ പട്ടാള ഓഫീസും മറ്റും ഇപ്പോള്‍ മ്യൂസിയമാണ്. കാരക്കാസ് നഗരകേന്ദ്രമാണ് ബോളിവര്‍ സ്ക്വയര്‍. ഇവിടെ സ്ഥാപിച്ചിട്ടുള്ള അശ്വാരൂഡനായ ബോളിവറുടെ പ്രതിമക്കു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിന് സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹ്യൂഗോ ഷാവേസിനെ ബോളിവറുടെ മറ്റൊരവതാരമായി കാണുന്ന വെനിസുലന്‍ ജനതയുടെ വൈകാരികതയും ആ തിരക്കില്‍ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3383
mod_vvisit_counterYesterday4244
mod_vvisit_counterThis Month87468
mod_vvisit_counterLast Month143934

Online Visitors: 66
IP: 34.229.126.29
,
Time: 18 : 50 : 18