ആവേശം വിതറി ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്

93
മത്സരങ്ങള്‍ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്കാരിക വേദിയായ സ്കോപ്പിന്റെ ആഭിമുഖ്യത്തിൽ ‘Let us play for powering unity’ എന്ന സന്ദേശവുമായി കെ എസ് ഇ ബി ഓഫീസർമാരുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച്ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. കഴിഞ്ഞവര്‍ഷം നടത്തിയ ക്രിക്കറ്റ് മത്സരങ്ങളുടെ തുടര്‍ച്ചയായി സംഘടനാംഗങ്ങളുടെ കലാ – കായിക മികവുകള്‍ പ്രോത്സാഹിപ്പിച്ച് അംഗങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുക എന്നതു കൂടി ആയിരുന്നു മത്സരങ്ങളുടെ ലക്ഷ്യം. വൈദ്യുതിരംഗത്തുള്ള ഓഫീസര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലയിലെ പ്രഥമ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ് എന്ന നിലയില്‍ സംഘടനാംഗങ്ങളില്‍ നിന്നും ഇതര സംഘടനാംഗങ്ങളില്‍ നിന്നും നല്ല പ്രതികരണമാണുണ്ടായത്. കണ്ണൂരില്‍ ലഭ്യമായ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ കോര്‍ട്ട് മത്സരത്തിനു ലഭിച്ചതും മത്സരങ്ങളുടെ തിളക്കം കൂട്ടി.

പുരുഷ, വനിത, മിക്സഡ് ഇനങ്ങളിലായി ഡബിള്‍സ് മല്‍സരങ്ങളാണ് നടത്തിയത്.ഒരേ സമയം നാലു മല്‍സരങ്ങള്‍ നടത്താനുള്ള സൗകര്യം സ്റ്റേഡിയത്തില്‍ ലഭ്യമായിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഇരുപത്തിരണ്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ശ്രീ ഇ മുഹമ്മദ് യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുരുഷ വിഭാഗം ഡബിള്‍സ് മത്സരം ആരംഭിച്ചു. സമാന്തരമായി തന്നെ മറ്റ് മത്സരങ്ങളും നടന്നു.
വനിതാ വിഭാഗത്തില്‍ പ്രീജ – ഷാന സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സ്മൃതി – നീലം സഖ്യം ജേതാക്കളായി. മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ നാലു ടീമുകളാണ് മത്സരിച്ചത്. ഫൈനല്‍ മല്‍സരത്തില്‍ രഞ്ജിത്ത് – ഷാന ടീമിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി രാജീവന്‍ – സ്മൃതി ടീം കപ്പ് നേടി.
ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ നടന്നത് പുരുഷ വിഭാഗത്തിലായിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറു ടീമുകളാണ് മത്സരത്തിനെത്തിയത്. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നവീഷ് – ഷിജു സഖ്യത്തെ തോല്‍പ്പിച്ച് രൂപേഷ് – ദിലീപ് കൂട്ടുകെട്ട് ജേതാക്കളായി. ശ്രീ.രത്നരാജ്, ശ്രീ.എബ്രഹാം, ശ്രീ.സുനില്‍ കുമാര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
മത്സര വിജയികള്‍ക്കുള്ള സമ്മാനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി ലതീഷ് വിതരണം ചെയ്തു. പി ജയപ്രകാശ്, എ എന്‍ ശ്രീലാകുമാരി, സി ജഗദീശന്‍, എം പി സുദീപ്, ടി പി സൂരജ് തുടങ്ങിവര്‍ സംസാരിച്ചു. സി കെ രതീഷ് നന്ദി പറഞ്ഞു.