സ്മൃതി

93

കളഞ്ഞു പോയതെന്തോ
തിരഞ്ഞു തിരഞ്ഞു ഞാനാ
ഒഴിഞ്ഞ ശവപ്പറമ്പിലേക്ക്‌ നടന്നു
അതിന്റെ ഇരുണ്ട കോണിൽ
ഞാൻ ആരും കാണാതെ
വെറുതെ ചിക്കിപ്പരതി നിന്നു

അവിടെയിടിഞ്ഞ സാമ്രാജ്യത്തിന്റെ
അരികു തട്ടിയെൻ പെരുവിരൽ
ആഴത്തിൽ മുറിഞ്ഞു
കിനിഞ്ഞ ചോര ഞാൻ
കുടഞ്ഞെറിഞ്ഞത്‌ ദൂരെ
സ്മൃതിമണ്ഡപത്തിൽ തട്ടിച്ചിതറി

അവിടെ വീശിയ തണുത്ത-
കാറ്റിപ്പോൾ മൃതിഗന്ധമല്ലാ-
അധിപന്റെ ഗതകാലപ്രണയം
മണത്തു

നിരന്ന സാമ്രാജ്യങ്ങൾ മുഴുവനും
അളന്നിട്ടും അവനുള്ളിൽ
ഒരു മഹാസാമ്രാജ്യം തീർത്തും
ഒഴിഞ്ഞു തന്നെ കിടന്നു.

തിരഞ്ഞു കിട്ടിയാൽ തരുമോയെന്ന്
അധിപൻ കനിഞ്ഞു തന്നെ ഇരന്നു
നിന്നിലെ ഒഴിഞ്ഞ സാമ്രാജ്യത്തിന്റെ
അതിരു തീർക്കുവാൻ അതിനു
കഴിയുകില്ലെന്നു ഞാൻ മൊഴിഞ്ഞു

തിരഞ്ഞതെന്തെന്നു പൊടുന്നനെ
മറന്നു പോയ ഞാൻ അറിയാതെ
ചുവന്ന ഓർമ്മപ്പൂക്കളിൽ ചവിട്ടി
ചതഞ്ഞ ഇതളിന്റെ നീരുതട്ടിയെൻ
പെരുവിരൽ ആഴത്തിൽ നീറി

ഡെയിസി.എന്‍.എസ്