കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന മിന്നുന്ന നേട്ടത്തിനൊപ്പം തന്നെ വിവിധ കർമ്മ പരിപാടികളിലൂടെ ഊർജ്ജ നഷ്ടം കുറച്ചും ഓൺലൈൻ സേവനങ്ങളുൾപ്പെടെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കിയും ഇന്ത്യയിലെ മികച്ച വൈദ്യുതി സ്ഥാപനങ്ങളിലൊന്നായി തീരാൻ കെ.എസ്.ഇബിക്ക് ആയി. ഉത്പാദന പ്രസരണ വിതരണ മേഖലകൾ ശക്തിപ്പെടുത്തുന്നത് കൂടാതെ സോളാർ, വൈദ്യുതി വാഹന ചാർജിംഗ്, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും നൂതന പദ്ധതികൾ ആവിഷ്കരിച്ച് കേരളത്തിന്റെ വികസന അടിത്തറ ശക്തിപ്പെടുത്തി ദീർഘകാല അടിസ്ഥാനത്തിൽ നേട്ടം പകരാൻ കേരളത്തിലെ വൈദ്യുതി മേഖല ചലനാത്മകമാക്കുന്നതിന് നേതൃത്വം നൽകുകയാണ് സർക്കാർ.

ഇത്തരം പദ്ധതികളുടെ വിജയത്തിനായി ജനപങ്കാളിത്തം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. തെറ്റിദ്ധാരണ പരത്തിയും അടിസ്ഥാനമില്ലാത്ത പ്രാദേശിക വിഷയങ്ങൾ കുത്തിപ്പൊക്കിയും വികസന സ്വപ്നങ്ങളെ തച്ചുടക്കാൻ ചില കേന്ദ്രങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവ തള്ളിക്കളഞ്ഞ് ജനകീയ പരിപാടികളുമായി മുന്നോട്ട് പോയാലേ ഇരുട്ടിന്റെ ഭീഷണിയകറ്റി വെളിച്ചം സുസ്ഥിരമാക്കാനാവുള്ളൂ. പദ്ധതികളുടെ വിശദാംശങ്ങൾ ജനസമക്ഷം അവതരിപ്പിക്കാനുള്ള ഒരു പരിപാടിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റി രൂപം നൽകിയിരിക്കുന്നു.

ജനസൗഹൃദ പ്രവർത്തനങ്ങളിൽ അഭിപ്രായ രൂപീകരണം കൂടി ഉദ്ദേശിച്ചുള്ള സദസ്സുകളിൽ അവതരണത്തിന് നേതൃത്വം നൽകുന്നവർക്കുള്ള ശിൽപശാലകൾ മേഖലാ അടിസ്ഥാനത്തിൽ നടത്തി വരികയാണ്. ഉത്തരമേഖലയിൽ നിന്നുള്ള അസോസിയേഷൻ പ്രവർത്തകരുടെ ശിൽപശാല നവംബർ 13ന് കണ്ണൂർ കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഹൗസിൽ വെച്ച് നടന്നു.കണ്ണൂർ ജില്ല പ്രസിഡന്റ് പ്രീജ.പി അധ്യക്ഷ ആയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ലതീഷ് പി.വി ഉദ്ഘാടനം ചെയ്തു.

നോർത്ത് സോണൽ സെക്രട്ടറി ജയപ്രകാശൻ. പി, സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ഇ എന്നിവർ സംസാരിച്ചു. പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി സംഘടന ഏറ്റെടുക്കേണ്ട തുടർപ്രവർത്തനങ്ങളെ കുറിച്ച് മഹേഷ് കുമാർ.എം.ജി, മധുസൂദനൻ പിള്ള എന്നിവർ വിശദീകരിച്ചു.
കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ എസ് പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു. സജീവമായ ചർച്ചകളിലൂടെ അവതരണ രൂപത്തിന് സമഗ്രത പകരാൻ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പങ്കാളിത്തത്തിനായി.