പൊതുവിൽ മുഖ്യധാരാ തമിഴ് സിനിമയ്ക്ക് ഒരു പ്രശ്നം ഉള്ളത് അതെപ്പോഴും നായകന് മാത്രം വീരപരിവേഷം നൽകി,നായക താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ കൂടി ആവേശം കൊള്ളിച്ചു ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയെടുക്കുന്നു എന്നതാണ്.യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കി മാറ്റുമ്പോഴും പലപ്പോഴും നായക കേന്ദ്രീകൃതമായ ഒറ്റയാൾ പോരാട്ടങ്ങളായി അത് ചുരുങ്ങി പോകാറുണ്ട് .1968 ൽ തമിഴ്നാട്ടിലെ കീഴ്വെണ്മണി ഗ്രാമത്തിൽ CPM ന്റെ നേതൃത്വത്തിൽ കൂലിവർദ്ധനവിനും ജാതീയമായ അടിച്ചമർത്തലിനുമെതിരെ സംഘടിച്ച ദളിത് വിഭാഗത്തിൽ പെട്ട 44 പേരെ ജീവനോടെ ചുട്ടുകരിച്ച ദാരുണ സംഭവം 2019 ൽ വെട്രി മാരൻ ധനുഷിനെ നായകനാക്കി അസുരൻ എന്ന സിനിമയാക്കി. പക്ഷേ ചിത്രത്തിൽ നിന്നും ഇടതു പക്ഷ രാഷ്ട്രീയത്തെ പൂർണ്ണമായും ഒഴിവാക്കി നായകൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം എന്ന നിലയ്ക്കാണ് അവതരിപ്പിച്ചത്.
എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ജ്ഞാന വേൽ സംവിധാനം ചെയ്ത ജയ് ഭീമിൽ രാജാക്കണ്ണിന്റെ തിരോധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചന്ദ്രു കോടതിയിൽ നടത്തുന്ന പോരാട്ടത്തിന് ഒപ്പം തന്നെ തെരുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പാർവതിക്ക് വേണ്ടി നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെയും യഥാർത്ഥമായ ചിത്രീകരണം കാണാൻ കഴിയുന്നു. ചിത്രത്തിൽ പലയിടങ്ങളിലും അരിവാൾ ചുറ്റിക അലേഖനം ചെയ്ത ചെങ്കൊടിയും അവർ നടത്തുന്ന സമരങ്ങളും CPM ന്റെ പ്രാദേശിക നേതാക്കൾ പോലീസിനെതിരെ പൊരുതുന്നതും കാണാൻ കഴിയും.
ഇടതുപക്ഷക്കാരനായ ജസ്റ്റിസ് ചന്ദ്രുവിന്റെ വീട്ടിലും ഓഫീസിലും മാർക്സിന്റെയും അംബേദ്‌കറി ന്റെയും പെരിയാറിന്റെയും ചിത്രങ്ങളും ലെനിന്റെ പ്രതിമയും അടക്കമുള്ള ഇമേജറികൾ സംവിധായകൻ സൂക്ഷ്മമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.ചിത്രത്തിലെ നായകനായി വരുന്ന ചന്ദ്രു 1968 ലാണ് തന്റെ കോളേജ് പഠന കാലത്ത് മാർക്സിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുന്നത്.വിയറ്റ്നാം യുദ്ധവും കീഴ് വെണ്മണി കൂട്ടക്കൊലയിൽ ഉള്ള ഭരണകൂട നിസ്സംഗതയും അദ്ദേഹത്തെ ഇടത് പക്ഷത്തോട് അടുപ്പിച്ചു.1970 ൽ തിരുവനന്തപുരത്ത് വച്ചു നടന്ന SFI യുടെ സ്ഥാപക സമ്മേളനത്തിൽ തമിഴ്നാട് സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ചു അദ്ദേഹം പങ്കെടുത്തിരുന്നു. ചന്ദ്രുവിന്റെയും ഇപ്പോഴത്തെ ദി ഹിന്ദു പത്രാധിപർ എൻ. റാമിന്റെയും നേതൃത്വത്തിൽ അക്കാലത്ത് നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ തമിഴ്നാട്ടിൽ അരങ്ങേറി. വക്കീൽ ആയി മാറിയ കാലയളവിലും വിവിധ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കേസുകളിലും മറ്റും അദ്ദേഹം സൗജന്യമായി വാദി ച്ചിരുന്നു.ജാതിയെന്നത് നിലവിലെ മൂലധന ബന്ധിതമായ അധികാരത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണെന്നും അതിനെ വർഗ്ഗ സമരത്തിലൂടെ തന്നെ പൊരുതി തോൽപ്പിക്കേണ്ടതാണ് എന്ന രാഷ്ട്രീയമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്.ഒപ്പം തന്നെ ഏതെങ്കിലും ഒരു പോലീസുകാരന്റെ മാത്രം ക്രൂരത ആയല്ല മറിച്ചു സിസ്റ്റം മുഴുവനും ദളിത് ശരീരങ്ങൾ പീഡനം ഏറ്റുവാങ്ങാൻ വേണ്ടി ഉള്ളവയാണ് എന്ന പൊതുബോധം പങ്കു വയ്ക്കുന്നതായും സിനിമ കാണിച്ചു തരുന്നു.
1993 ഇൽ തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ കമ്മപുരം എന്ന സ്ഥലത്ത് നടന്ന രാജാക്കണ്ണ് തിരോധാന കേസാണ് സിനിമയ്ക്ക് ആധാരമായ കഥ.കമ്മപുരം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്യപ്പെട്ട ഒരു മോഷണ കേസിനെ തുടർന്ന് ഇരുളർ എന്ന ആദിവാസി വിഭാഗത്തിൽ പെട്ട രാജാക്കണ്ണിനെപോലീസ് കസ്റ്റഡിയിൽ എടുക്കുകയും, തുടർന്ന് ക്രൂര മർദ്ദനത്തിന് ഇരയായ അയാളെ കസ്റ്റഡിയിൽ കാണാതാവുകയും ചെയ്യുന്നു.തന്റെ ഭർത്താവ് നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന രാജാക്കണ്ണിന്റെ ഗർഭിണിയായ ഭാര്യ പാർവതി (സിനിമയിൽ സെങ്കനി ) അയാളെ തേടിയിറങ്ങുന്നു.വേണ്ടത്ര സാമ്പത്തികമോ ആൾബലമോ ഇല്ലാത്ത പാർവതി ചെന്നെത്തുന്നത് CPM ന്റെ കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായ ഗോവിന്ദന്റെ അരികിലാണ്. പിന്നീട് കമ്മപുരം പോലീസ് സ്റ്റേഷന് മുന്നിൽ കമ്മപുരം ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് രാജ്‌മോഹന്റെ നേതൃത്വത്തിൽ തുടർച്ചയായി സമരങ്ങൾ നടത്തി. തുടർന്ന് CPM ന്റെ തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി സമരം ഏറ്റെടുക്കുകയും അന്നത്തെ വിരുദാചലം ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആ കുടുംബത്തെ ചെന്നൈയിലേക്ക് കൊണ്ട് വരികയും ജസ്റ്റിസ് ചന്ദ്രുവിന്റെ സഹായത്താൽ നിയമപോരാട്ടം തുടരുകയും ചെയ്തു. സാമാന്യ നീതി നിഷേധിക്കപ്പെട്ട പാർവതിക്ക് വേണ്ടി രാജാക്കണ്ണിനെ വീണ്ടെടുക്കുവാൻ കോടതിക്കകത്ത് നിയമം ആയുധമാക്കിയും കോടതിക്ക് പുറത്ത് പാർട്ടിയുടെ സഹായത്തോടെയും നടക്കുന്ന വർഗ്ഗ സമരമാണ് ജയ് ഭീം എന്ന സിനിമ.
സിനിമയുടെ വൻ വിജയത്തിന് ശേഷം ന്യൂസ് മിനുട്ടിലെ സൗമ്യാ രാജേന്ദ്രനുമായി നടന്ന ഒരു അഭിമുഖത്തിൽ ജസ്റ്റിസ് ചന്ദ്രു പറഞ്ഞത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ചിത്രത്തിലെ പോലീസ് പീഡന രംഗങ്ങൾ മയപ്പെടുത്തിയാണ് കാണിച്ചിട്ടുള്ളത് എന്നാണ്. യഥാർത്ഥത്തിൽ നടന്ന പീഡനം സിനിമയിൽ കാണിക്കുന്നതിനേക്കാൾ ഭീകരമായിരുന്നു. ഒപ്പം തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളോട് ഒപ്പം നിൽക്കാൻ തനിക്ക് ധൈര്യം നൽകിയത് മാർക്സിസ്റ്റ് ഐഡിയോളജിയിലുള്ള വിശ്വാസമാണെന്ന് ജസ്റ്റിസ് ചന്ദ്രു പറയുന്നു. ഈ സംഭവം നടക്കുന്നതിനു 5 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിലെ സൈനിക ഇടപെടൽ വിഷയത്തിൽ ഉള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചന്ദ്രു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. അതിന് ശേഷവും പാർട്ടിക്ക് വേണ്ടിയും വിവിധ പുരോഗമന പ്രസ്ഥാനങ്ങൾക്ക് പ്രസ്ഥാനങ്ങൾക്ക് വേണ്ടിയും ട്രേഡ് യൂണിയനുകൾക്ക് വേണ്ടിയും ചന്ദ്രു പ്രതിഫലം വാങ്ങാതെ കേസുകൾ വാദിച്ചു. ജഡ്ജി ആയതിനു ശേഷം 96,000 കേസുകൾക്ക് ആണ് അദ്ദേഹം വേഗത്തിൽ തീർപ്പ് കല്പിച്ചത്.
നടൻ സൂര്യയുടെ അച്ഛൻ ശിവകുമാർ ആദ്യമായി നായക വേഷത്തിൽ അഭിനയിച്ച ‘അന്നക്കിളി’ എന്ന സിനിമ തമിഴ്നാട്ടിലെ ഒരു കൂട്ടം CPI M അനുഭാവികളുടെ സംഭാവനയാണ്. പാർട്ടിക്കുവേണ്ടി പൊതുയോഗങ്ങളിൽ പാടി നടന്ന ഇളയരാജ,ഗംഗൈ അമരൻ സഹോദരങ്ങൾക്ക് സിനിമയിൽ അവസരം കിട്ടിയതും ഈ സിനിമയിലൂടെയാണ്. ഇന്ന് നിർമ്മാതാവായും നായകനായും സൂര്യ ജയ് ഭീമുമായി എത്തുമ്പോൾ ആ നടന്റെ ധീരമായ നിലപാടുകൾ ആവേശം ജനിപ്പിക്കുന്നു. ചിത്രത്തിന്റെ വരുമാനത്തിൽ നിന്നും ഒരു കോടി രൂപയാണ് ഇരുളർ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി സൂര്യ തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഒപ്പം തന്നെ ഇപ്പോൾ ചെന്നൈക്ക് അടുത്ത് പൊരൂരിൽ മകളോടൊപ്പം താമസിക്കുന്ന പാർവതി രാജാക്കണ്ണിന് 15 ലക്ഷം രൂപയുടെ ധനസഹായം സൂര്യയുടെ സാന്നിധ്യത്തിൽ CPM സംസ്ഥാന സെക്രട്ടറി സഖാവ് കെ. ബാലകൃഷ്ണൻ കൈമാറി. തനിക്ക് ഇപ്പോൾ 46 വയസ്സ് ആയെന്നും സിനിമാഭിനയം തനിക്ക് ആവോളം പ്രശസ്തിയും പണവും നേടിത്തന്നു എന്നും ഇനി സമൂഹത്തോട് ഉള്ള കടപ്പാടുകൾ തീർക്കാനുള്ള സമയമാണ് എന്നും സൂര്യ അടുത്തിടെ ഒരു ആഭിമുഖത്തിൽ പറഞ്ഞു.
തമിഴ്നാട്ടിൽ വലിയൊരു പാർലമെന്ററി ശക്തി അല്ലാതിരുന്നിട്ടും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമര പോരാട്ട വീര്യവും ജാതി വിവേചനത്തോടും ഭരണകൂട ഭീകരതയോടും ഉള്ള പുരോഗമനപരമായ നിലപാടുകളും ഈ സിനിമയിൽ തുറന്നു കാട്ടപ്പെടുന്നുണ്ട്.ഇത്തരം പോരാട്ടങ്ങളെ നിരന്തരം അവഗണിക്കുന്ന വലതു പക്ഷ മാധ്യമങ്ങൾക്ക് നേരെയുള്ള കുറ്റവിചാരണ കൂടിയാണ് ചിത്രത്തിന്റെ വിജയം.ഇന്നും ഏറ്റവും കൂടുതൽ ജാതിവിവേചനം നിലനിൽക്കുന്ന ഒരു സ്ഥലമാണ് തമിഴ്നാട്.ജാതി അഭിമാനവും ഹിന്ദുത്വ ഭീകരതയും കൈകോർക്കുന്ന അവസ്ഥയാണ് ഇപ്പോൾ തമിഴ് നാട്ടിൽ ഉള്ളത്. അതിനെതിരായ പോരാട്ടം എന്നത് അംബേദ്ക്കറിസ്റ്റുകളും മാർക്സിസ്റ്റുകളും ഒരുമിച്ചു ചേർന്ന് നടത്തേണ്ട പോരാട്ടമാണ് എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്.
(2021 ബാച്ചിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് ലേഖകൻ)